വിപത്തിന്റെ മുമ്പിൽജ്ഞാനപൂർവംപ്രവർത്തിക്കുക
അധ്യായം 7
വിപത്തിന്റെ മുമ്പിൽജ്ഞാനപൂർവംപ്രവർത്തിക്കുക
1. ആളുകൾ അനാവശ്യമായി നശിച്ചതെന്തുകൊണ്ടാണ് (എ) ടൈററാനിക്ക് മുങ്ങിയപ്പോൾ? (ബി) മൗണ്ട് പെലീ പൊട്ടിത്തെറിച്ചപ്പോൾ?
ഒരു അപകടം ആസന്നമാണ് എന്ന് ആശ്രയയോഗ്യമായ ഒരു ഉറവിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുമ്പോൾ ജ്ഞാനികൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നു. (സദൃശവാക്യങ്ങൾ 22:3) എന്നാൽ അസ്ഥാനത്ത് തങ്ങളുടെ ആശ്രയം വച്ചതിനാൽ അനേകായിരങ്ങൾ അനാവശ്യമായി നശിച്ചുപോയിട്ടുണ്ട്. രക്ഷാബോട്ടുകളിൽ കയറാനുളള മുന്നറിയിപ്പ് ലഭിച്ചിട്ടും നൂറുകണക്കിന് യാത്രികർ 1912-ൽ ടൈററാനിക് എന്ന കപ്പലിനോടൊപ്പം കടലിൽ താണു, കാരണം ആ കപ്പൽ മുക്കപ്പെടാനാവാത്തതാണ് എന്ന അവകാശവാദം അവർ വിശ്വസിച്ചു. 1902-ൽ മാർട്ടിനിക്കിലെ മൗണ്ട് പെലീ എന്ന അഗ്നിപർവ്വതം പുകയാനാരംഭിച്ചപ്പോൾ അടുത്തുണ്ടായിരുന്ന സെൻറ് പിയറിലെ ആളുകൾ ഭയവിഹ്വലരായി. എന്നാൽ സമൂഹത്തിലെ പ്രമാണിമാരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സ്ഥലത്തെ രാഷ്ട്രീയക്കാരും പത്രാധിപൻമാരും ആളുകൾ സ്ഥലം വിട്ടുപോകാതിരിക്കാൻ വേണ്ടി അവരെ സാന്ത്വനപ്പെടുത്തി. പെട്ടെന്ന് അഗ്നിപർവ്വതം പൊട്ടുകയും 30,000 പേർ മരണമടയുകയും ചെയ്തു.
2. (എ) നമ്മുടെ നാളിൽ ഏത് അടിയന്തിര മുന്നറിയിപ്പാണ് മുഴക്കപ്പെട്ടുകൊണ്ടിരിക്കുന്നത്? (ബി) സാഹചര്യം ഗുരുതരമായിരിക്കുന്നതെന്തുകൊണ്ട്?
2 നമ്മുടെ നാളുകളിൽ അതിലും അടിയന്തിരമായ ഒരു മുന്നറിയിപ്പ് മുഴക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്—ഏതെങ്കിലും പ്രാദേശികമായ അപകടത്തെക്കുറിച്ചല്ല മറിച്ച് അർമ്മഗെദ്ദോനിലെ, ദൈവത്തിന്റെ ആഗോള യുദ്ധത്തെക്കുറിച്ച്. (യെശയ്യാവ് 34:1, 2; യിരെമ്യാവ് 25:32, 33) തങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് ജ്ഞാനപൂർവം പ്രവർത്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ലോകവിസ്തൃതമായി യഹോവയുടെ സാക്ഷികൾ ആളുകളെ അവരുടെ വീടുകളിൽ സന്ദർശിച്ചിട്ടുണ്ട്. താമസം കൂടാതെ, ഉടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാൻമാത്രം, നിങ്ങൾ ജീവനെ സ്നേഹിക്കുന്നുണ്ടോ?
“ലോകം നീങ്ങിപ്പോവുകയാണ്”
3. ലോകത്തോടുളള നമ്മുടെ മനോഭാവം അതിജീവനത്തിനുളള നമ്മുടെ ഭാവി പ്രതീക്ഷയെ ബാധിക്കുന്നതെങ്ങനെ?
3 അതിജീവനത്തിനുളള നിങ്ങളുടെ സാദ്ധ്യതയിലെ ഒരു നിർണ്ണായക ഘടകം ലോകത്തോടുളള നിങ്ങളുടെ മനോഭാവമാണ്. നിങ്ങൾ ഒരു മനുഷ്യനായി ഇവിടെ ജീവിക്കുന്നിടത്തോളം കാലം നിങ്ങൾ ഈ ലോകത്തിലാണ്. എന്നാൽ അതിന്റെ തെററായ ആഗ്രഹങ്ങളിലും ദൈവവിരുദ്ധമായ നടപടികളിലും നിങ്ങൾ പങ്കുചേരേണ്ടതില്ല. ദൈവത്തിലും അവന്റെ ഉദ്ദേശ്യത്തിലും വിശ്വാസമർപ്പിക്കുന്നതിനു പകരം നിങ്ങൾ മനുഷ്യരിലും അവരുടെ പദ്ധതികളിലും വിശ്വാസമർപ്പിച്ചുകൊണ്ട് ഈ ലോകത്തോട് താദാത്മ്യം പ്രാപിക്കേണ്ടതില്ല. എന്നാൽ നിങ്ങൾ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു; നിങ്ങൾക്ക് ഇരുപക്ഷത്തും കൂടിയായിരിക്കാൻ കഴിയുകയില്ല. “ഈ ലോകത്തിന്റെ ഒരു സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്നവനെല്ലാം തന്നെത്തന്നെ ദൈവത്തിന്റെ ഒരു ശത്രുവാക്കിത്തീർക്കുന്നു.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ വചനം നമ്മോട് പറയും പ്രകാരം “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു.”—യാക്കോബ് 4:4; 1 യോഹന്നാൻ 5:19; സങ്കീർത്തനം 146:3-5.
4. (എ) ഏതു ആചാരങ്ങളും മനോഭാവങ്ങളും ദൈവരാജ്യത്തിൻകീഴിലെ ജീവനിൽനിന്ന് ആളുകളെ തടയും എന്ന് നിങ്ങളുടെ ബൈബിളുപയോഗിച്ച് വിശദീകരിക്കുക. (ബി) ഇത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുളളവർ പെട്ടെന്നു തന്നെ അവ ഉപേക്ഷിക്കേണ്ടതെന്തുകൊണ്ട്?
4 നമുക്ക് മനസ്സിലാക്കാവുന്നതുപോലെ തങ്ങളുടെ ജീവിതം ദൈവം കുററം വിധിക്കുന്ന കാര്യങ്ങളോട് പററി നിൽക്കുന്നു എന്ന് തെളിവ് നൽകുന്ന ആരെയും യഹോവ തന്റെ പുതിയ വ്യവസ്ഥിതിയിലേക്ക് ജീവനോടെ പരിരക്ഷിക്കുകയില്ല. അവയിൽ ചിലത് എന്തൊക്കെയാണ്? അവയിൽ അനേകവും ലോകം ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന പ്രവർത്തനങ്ങളും മനോഭാവങ്ങളുമാണ്. എന്നാൽ ഈ ദുഷ്ടലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ മററുളളവർ എന്തു ചെയ്യുന്നു, എന്തു വിചാരിക്കുന്നു, എന്നു പരിഗണിക്കാതെ പരസംഗക്കാർ, വ്യഭിചാരികൾ, സ്വവർഗ്ഗസംഭോഗികൾ, ധർമ്മവിരുദ്ധമായ അശുദ്ധിയിലും അഴിഞ്ഞ നടത്തയിലും ഉൾപ്പെടുന്നവർ ഇവർ ആരും അതിജീവകർക്കിടയിൽ ഉണ്ടായിരിക്കുകയില്ല എന്ന ബൈബിൾ മുന്നറിയിപ്പിന് നമ്മൾ ശ്രദ്ധ കൊടുക്കും. മററുളളവർ എത്ര കൂടെക്കൂടെ ഭോഷ്ക് പറയുകയോ മോഷ്ടിക്കുകയോ ചെയ്യുന്നു എന്നതു പരിഗണിക്കാതെ നമ്മൾ അത്തരം ഒരു ഗതി ഉപേക്ഷിക്കും. മാന്ത്രിക വിദ്യകളുടെ ജനസമ്മതി കണക്കാക്കാതെ നാം അവയെ ഒഴിവാക്കും. മററുളളവർ അസൂയാലുക്കളായിത്തീരുകയോ കുഴപ്പങ്ങൾ കുത്തിപ്പൊക്കുകയോ, കോപിക്കുകയോ നിരാശയിൽനിന്ന് രക്ഷപെടാനായി മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ അമിതമായി മദ്യപിക്കുകയോ ചെയ്താലും നാം അവരെ അനുകരിക്കുകയില്ല. നാം ഇത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാററം വരുത്തേണ്ടതിന്റെ ആവശ്യകത നമ്മൾ അംഗീകരിക്കും. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം കാര്യങ്ങൾ “സാധാരണയായി” നമുക്ക് തോന്നിയിട്ടുണ്ടെങ്കിലും നാം അവയെ ഉപേക്ഷിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം യഥാർത്ഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നു, നാം ജീവനെയും സ്നേഹിക്കുന്നു. കൂടാതെ “ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന് ദൈവവചനം മുന്നറിയിപ്പ് നൽകുന്നു.—ഗലാത്യർ 5:19-21; എഫേസ്യർ 5:3-7; 1 കൊരിന്ത്യർ 6:9, 10; 2 കൊരിന്ത്യർ 7:1; വെളിപ്പാട് 22:15.
5. (എ) ജീവൻ നമുക്ക് വിലപ്പെട്ടതാണെങ്കിൽ നാം എന്തു ചെയ്യാൻ പഠിക്കണം? (ബി) ഈ ഖണ്ഡികയുടെ അവസാനം കാണുന്ന തിരുവെഴുത്തുകളിൽ ഏതു നല്ല ഗുണങ്ങൾ പരാമർശിച്ചിരിക്കുന്നു? അവ എത്ര പ്രധാനമാണ്? നമുക്ക് അവ എങ്ങനെ വികസിപ്പിച്ചെടുക്കാം?
5 സന്തോഷത്തോടെ നിത്യകാലം ജീവിക്കാനുളള അവസരം നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമാണെങ്കിൽ ജീവദാതാവായ യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കേണ്ടതെങ്ങനെ എന്ന് നാം പഠിക്കേണ്ടതുണ്ട്. (പ്രവൃത്തികൾ 17:24-28; വെളിപ്പാട് 4:11) ക്രമാനുഗതമായി നമ്മുടെ ജീവിതത്തിന്റെ എല്ലാവശങ്ങളിലും നാം അവന്റെ വചനം ബാധകമാക്കണം. നാം അതു ചെയ്യുമ്പോൾ നാം പെട്ടെന്നു തന്നെ നമ്മോടും മററുളളവരോടും നമ്മുടെ വ്യക്തിപരമായ വസ്തുവകകളോടും നേട്ടങ്ങളോടുമുളള നമ്മുടെ മനോഭാവത്തെ ഗൗരവമായി പരിശോധിക്കുകയും ദൈവത്തിന്റെ മുമ്പാകെയുളള നമ്മുടെ നിലയെ അതു എങ്ങനെ ബാധിക്കും എന്ന് പരിഗണിക്കുകയും ചെയ്യും. നമ്മുടെ ചുററുമുളള ആളുകൾക്ക് അവരെപ്പററിത്തന്നെയും അവരുടെ ഗോത്രത്തെയോ ജാതിയെയോ രാജ്യത്തെയോ സംബന്ധിച്ചും വലിയ മതിപ്പ് ഉണ്ടായിരുന്നേക്കാം. എന്നാൽ “ദൈവം അഹങ്കാരികളോട് എതിർത്തു നിൽക്കുന്നു, എന്നാൽ താഴ്മയുളളവർക്ക് അവൻ അനർഹ ദയ നൽകുന്നു” എന്ന തിരുവെഴുത്തിന് നാം ഗൗരവമായ ചിന്ത നൽകും.—യാക്കോബ് 4:6; സെഫന്യാവ് 2:2, 3; സങ്കീർത്തനം 149:4.
6, 7. ഒന്ന് യോഹന്നാൻ 2:15-17-ന്റെ വെളിച്ചത്തിൽ നാം നമ്മുടെ സ്വന്തം ജീവിതത്തെ പരിശോധിക്കേണ്ടതെന്തുകൊണ്ട്?
6 മററുളളയാളുകൾ ഭൗതികത്വ ചിന്താഗതിയുളള സമൂഹത്താൽ ഉത്തേജിപ്പിക്കപ്പെടുന്ന ആഗ്രഹങ്ങൾക്ക് അടിമകളായിരിക്കാൻ തങ്ങളെത്തന്നെ അനുവദിക്കുന്നെങ്കിലും അതല്ലെങ്കിൽ വ്യക്തിപരമായ പ്രാമുഖ്യതക്കുവേണ്ടിയുളള ആഗ്രഹത്താൽ ഉത്തേജിപ്പിക്കപ്പെടുന്നുവെങ്കിലും 1 യോഹന്നാൻ 2:15-17-ൽ പറഞ്ഞിരിക്കുന്നതിന്റെ വെളിച്ചത്തിൽ നാം നമ്മുടെ ജീവിതത്തെ പരിശോധിക്കും. അവിടെ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ലോകത്തെയോ ലോകത്തിലുളളതിനെയോ സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ പിതാവിനോടുളള സ്നേഹം അവനിൽ ഇല്ല; എന്തുകൊണ്ടെന്നാൽ ലോകത്തിലുളളതൊക്കെയും—ജഡമോഹം, കൺമോഹം, ഒരുവന്റെ ജീവനത്തിന്റെ പ്രതാപ പ്രകടനം—പിതാവിൽനിന്നല്ല ഉത്ഭവിക്കുന്നത്, മറിച്ച് ലോകത്തിൽ നിന്നത്രേ. കൂടാതെ ഈ ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു, എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” നാം മാററങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതു ചെയ്യാനുളള സമയം ഇപ്പോഴാണ്.
7 ഈ ലോകവും അതിന്റെ ജീവിതരീതികളും എന്നേക്കും തുടരുകയില്ല. അത് “മുക്കപ്പെടാനാവാത്തത്” അല്ല. തങ്ങളുടെ ശ്രമങ്ങളാൽ ലോകത്തെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് തോന്നിപ്പിച്ചുകൊണ്ട് ലോകക്കാരായ ആളുകൾ തങ്ങളുടെ അനുയായികളെ തങ്ങളോടൊപ്പം പിടിച്ചു നിറുത്തിയേക്കാം. എന്നാൽ ആസന്നമായിരിക്കുന്ന നാശത്തിൽനിന്ന് രക്ഷപെടുന്നതിനുളള ഒരേ ഒരു മാർഗ്ഗം ദൈവത്തിന്റെ മുന്നറിയിപ്പിൻ ദൂതിന് ചെവികൊടുക്കുക എന്നതാണ്. ഇതിൽ യോനാപ്രവാചകന്റെ നാളിലെ നിനവേക്കാർ നാം മനസ്സിൽ പിടിക്കേണ്ട ഒരു മാതൃക വച്ചു.
“യോനായുടെ പ്രസംഗത്തിങ്കൽ അവർ അനുതപിച്ചു”
8. യോന ദൈവത്തിൽ നിന്നുളള മുന്നറിയിപ്പ് നൽകിയപ്പോൾ നിനവേക്കാർ എങ്ങനെയാണ് ജ്ഞാനം പ്രകടമാക്കിയത്, എന്തു ഫലങ്ങളോടെ?
8 പൊ. യു. മു. ഒൻപതാം നൂററാണ്ടിൽ അസ്സീറിയയുടെ തലസ്ഥാനമായ നിനവേയിലെ ആളുകളോട് അവരുടെ ദുഷ്ടത നിമിത്തം നിനവേ നശിപ്പിക്കപ്പെടാൻ പോകുന്നു എന്ന് പ്രഖ്യാപിക്കാൻ യഹോവ യോനായെ നിയോഗിച്ചു. നാൽപ്പതു ദിവസത്തിനകം അവർ നശിച്ചുപോകുമെന്ന് യോന മുന്നറിയിപ്പ് കൊടുത്തപ്പോൾ അവർ എങ്ങനെയാണ് പ്രതികരിച്ചത്? പരിഹസിക്കുന്നതിനു പകരം അവർ “ദൈവത്തിൽ വിശ്വസിക്കുകയും ഒരു ഉപവാസം പ്രഖ്യാപിക്കുകയും ചാക്കുവസ്ത്രം ധരിക്കുകയും ചെയ്തു.” രാജാവു പോലും അതിൽ പങ്കുചേരുകയും ദൈവത്തെ വിളിച്ചപേക്ഷിക്കാനും ദുർമ്മാർഗ്ഗവും അക്രമപ്രവർത്തനങ്ങളും വിട്ടകലാനും എല്ലാവരെയും ഉൽസാഹിപ്പിക്കുകയും ചെയ്തു. “നാം നശിപ്പിക്കപ്പെടാതിരിക്കാൻ തക്കവണ്ണം സത്യദൈവം അവന്റെ ജ്വലിക്കുന്ന കോപം വിട്ടകലുമോ എന്ന് ആർക്കറിയാം” എന്ന് അയാൾ ന്യായവാദം ചെയ്തു. അവർ തങ്ങളുടെ ദുർമ്മാർഗ്ഗം ഉപേക്ഷിച്ചതുകൊണ്ട് യഹോവ അവരോട് കരുണ കാണിച്ചു. അവരുടെ ജീവൻ സംരക്ഷിക്കപ്പെട്ടു.—യോന 3:2-10.
9, 10. (എ) എന്തിലാണ് നിനവേക്കാർ അനുകരിക്കാൻ കൊളളാവുന്ന മാതൃകയാണെന്ന് യേശു പറഞ്ഞത്? (ബി) ഇന്ന് ആരാണ് നിനവേക്കാരെപ്പോലെ ആയിരിക്കുന്നത്?
9 അവിശ്വാസികളായ യഹൂദൻമാർക്ക് ഒരു ശാസന എന്ന നിലയിൽ പൊ. യു. ഒന്നാം നൂററാണ്ടിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് ആ ചരിത്ര സംഭവത്തിലേക്ക് യേശു ശ്രദ്ധ ക്ഷണിച്ചു: “നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേററ് അതിനെ കുററം വിധിക്കും; എന്തുകൊണ്ടെന്നാൽ അവർ യോനായുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടു, എന്നാൽ നോക്കു! യോനായിലും വലിയവൻ ഇവിടെയുണ്ട്.”—മത്തായി 12:41.
10 നമ്മുടെ നാളിനെ സംബന്ധിച്ചെന്ത്? ആരെങ്കിലും അത്തരം അനുതാപം പ്രകടമാക്കുന്നുണ്ടോ? ഉവ്വ്; നിനവേക്കാരെപ്പോലെ ബൈബിളിലെ ദൈവത്തെ ആരാധിക്കുന്നതായി ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്തവരും എന്നാൽ ഇപ്പോൾ യഹോവയുടെ മുന്നറിയിപ്പിൻ ദൂതിന് ചെവികൊടുക്കുന്നവരുമായ അനേകായിരങ്ങൾ ഇന്ന് ലോകത്തിലെല്ലായിടത്തുമായിട്ടുണ്ട്. ഈ ലോകത്തിൻമേൽ എന്തുകൊണ്ടാണ് നാശം വരുന്നത് എന്ന് മനസ്സിലാക്കുമ്പോൾ അവർ ദൈവത്തിന്റെ കരുണ തേടുന്നു. തങ്ങളുടെ മുൻജീവിതഗതി സംബന്ധിച്ച് അവരുടെ മനസ്സിനും ഹൃദയത്തിനും യഥാർത്ഥ മാററമുണ്ട്; ഇപ്പോൾ അവർ “അനുതാപത്തിന് യോജ്യമായ പ്രവൃത്തികൾ” ചെയ്യുന്നു. (പ്രവൃത്തികൾ 26:20; റോമർ 2:4 കൂടെ കാണുക.) അവരിലൊരാളായിരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ ഒട്ടും താമസിക്കരുത്.
സമാധാനത്തിലാകാൻ അടിയന്തിരമായി ശ്രമിക്കുക
11. (എ) ഗിബെയോന്യരുടെ പശ്ചാത്തലം എന്തായിരുന്നു? (ബി) അവർ യിസ്രായേലുമായി സമാധാനത്തിന് അപേക്ഷിച്ചതെന്തുകൊണ്ട്?
11 തങ്ങളുടെ ജീവൻ സംരക്ഷിക്കപ്പെടേണ്ടതിന് യോശുവയുടെ നാളിലെ ഗിബെയോന്യരും ജ്ഞാനപൂർവം നടപടി സ്വീകരിച്ചു. കനാന്യരായിരുന്ന അവരുടെ ജീവിതഗതി അധാർമ്മികവും ഭൗതികത്വപരവും വിഗ്രഹാരാധനാപരവും ഭൂതസ്വാധീനത്തിലുളളതുമായിരുന്നു. അവരെ നശിപ്പിക്കാൻ യഹോവ കൽപ്പിച്ചിരുന്നു. നാൽപ്പതു വർഷം മുൻപ് യഹോവ യിസ്രായേല്യരെ ഈജിപ്ററിൽനിന്ന് വിടുവിച്ചതെങ്ങനെയെന്നും യോർദ്ദാനു കിഴക്കുളള ശക്തരായ അമോര്യ രാജാക്കൻമാർക്ക് അവർക്കെതിരെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും ഗിബെയോന്യർക്ക് അറിയാമായിരുന്നു. യന്ത്രമുട്ടികളുടെയൊന്നും സഹായം കൂടാതെ യെരീഹോയുടെ കനത്ത മതിലുകൾ യിസ്രായേല്യരുടെ മുമ്പിൽ നിലംപരിചായി എന്നും ഹായിപ്പട്ടണം ഒരു കുപ്പക്കുന്നായി എന്നും എല്ലാവർക്കും അറിയാമായിരുന്നു. (യോശുവ 9:3, 9, 10) ഗിബെയോൻ നഗരത്തിലെ നിവാസികൾ ജീവനോടിരിക്കാൻ ആഗ്രഹിച്ചു, എന്നാൽ യിസ്രായേലിന്റെ ദൈവത്തിനെതിരെ ഒരു യുദ്ധത്തിൽ തങ്ങൾക്ക് ജയിക്കാനാവില്ല എന്നും അവർ മനസ്സിലാക്കി. പെട്ടെന്നുതന്നെ എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. എന്നാൽ എന്ത്? തങ്ങളോട് ഒരു സന്ധി ചെയ്യാൻ യിസ്രായേലിനെ നിർബന്ധിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. എന്നാൽ എങ്ങനെയെങ്കിലും സന്ധിയിലാകാൻ ശ്രമിക്കേണ്ടതാണെന്ന് അവർ വിചാരിച്ചു. എങ്ങനെ?
12. (എ) വഞ്ചന പ്രയോഗിച്ചിട്ടും ഗിബെയോന്യർ നശിപ്പിക്കപ്പെടാഞ്ഞത് എന്തുകൊണ്ട്? (ബി) അവർക്ക് എന്തു മാററങ്ങൾ വരുത്തേണ്ടി വന്നു, അവർക്ക് എന്തു ജോലിയാണ് നൽകപ്പെട്ടത്?
12 പ്രത്യക്ഷത്തിൽ വളരെ ദീർഘദൂരം യാത്രചെയ്തു വന്നവരെന്ന് തോന്നിക്കുന്ന ആളുകളെ യോശുവയുടെ അടുക്കൽ അയച്ചുകൊണ്ട് അവർ ബുദ്ധിപൂർവം പ്രവർത്തിച്ചു. തങ്ങൾ വിദൂരദേശത്തുനിന്നുളളവരാണെന്നും യഹോവ ചെയ്ത വൻകാര്യങ്ങളെക്കുറിച്ച് തങ്ങൾ കേട്ടിരിക്കുന്നുവെന്നും ജനത്തിന്റെ പ്രതിനിധികളെന്നനിലയിൽ തങ്ങളോട് ഒരു സന്ധി ചെയ്യണമെന്നും തങ്ങൾ അടിമകളായിരിക്കാൻ ഒരുക്കമാണെന്നും അവർ യോശുവയെ സമീപിച്ചു പറഞ്ഞു. യോശുവയും യിസ്രായേലിലെ പ്രമാണിമാരും അതിനു സമ്മതിച്ചു. പിന്നീട് ഈ വഞ്ചന വെളിച്ചത്തായപ്പോൾ തങ്ങളുടെ പ്രാണൻ സംബന്ധിച്ച് ഭയപ്പെട്ടതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അവർ താഴ്മയോടെ ഏററു പറയുകയും തങ്ങളോട് ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ തങ്ങൾ ഒരുക്കമാണെന്ന് പ്രകടമാക്കുകയും ചെയ്തു. (യോശുവ 9:4-25) യഹോവ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവൻ വഞ്ചിക്കപ്പെട്ടില്ല. നേരത്തെ മോവാബ്യർ ചെയ്തതുപോലെ ഇവർ തന്റെ ജനത്തെ ദുഷിപ്പിക്കാൻ ശ്രമിക്കയില്ല എന്ന് അവന് കാണാൻ കഴിഞ്ഞു, തുടർന്ന് ജീവിച്ചിരിക്കാനുളള അവരുടെ അതിയായ ആഗ്രഹത്തെ അവൻ വിലമതിക്കുകയും ചെയ്തു. അതുകൊണ്ട് ലേവ്യരുടെ കീഴിൽ വിറകു ശേഖരിക്കുകയും വെളളം കോരുകയും ചെയ്യുന്നവരായി അങ്ങനെ സത്യാരാധനക്ക് പിന്തുണ കൊടുക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനുളള നിയോഗം അവർക്കു നൽകപ്പെടാൻ അവൻ അനുവദിച്ചു. അത്തരം സേവനത്തിന് യോഗ്യരായിരിക്കാൻ അവർ തീർച്ചയായും അവരുടെ മുമ്പേയുളള അശുദ്ധമായ ആചാരങ്ങൾ ഉപേക്ഷിക്കേണ്ടിയിരുന്നു.—യോശുവ 9:27; ലേവ്യാപുസ്തകം 18:26-30.
13. (എ) ഗിബെയോന്യരെ സംബന്ധിച്ച പ്രാവചനിക നാടകത്തിൽ നിന്ന് നമുക്ക് എങ്ങനെ പ്രയോജനം അനുഭവിക്കാം? (ബി) വലിപ്പമേറിയ യോശുവയാൽ സംരക്ഷിക്കപ്പെടുന്നതിന് ഇന്ന് ആളുകളുടെ ഭാഗത്ത് എന്താണ് ആവശ്യമായിരിക്കുന്നത്?
13 നാം അന്ത്യനാളുകളുടെ അവസാനത്തോട് അടുത്തു ജീവിക്കുന്നു എന്ന വസ്തുതയുടെ വീക്ഷണത്തിൽ അതിജീവിക്കാനാഗ്രഹിക്കുന്ന എല്ലാവരും ഒട്ടും വൈകാതെയും തികഞ്ഞ ആത്മാർത്ഥതയോടെയും നടപടി സ്വീകരിക്കുന്നത് ജീവൽപ്രധാനമാണ്. യോശുവയെ കബളിപ്പിച്ചതുപോലെ യഹോവയുടെ നീതിനിർവ്വാഹകനായ യേശുക്രിസ്തുവിനെ കബളിപ്പിക്കാനാവില്ല. അത്തരം ആളുകൾക്ക് നാശത്തിൽനിന്ന് രക്ഷപെടാൻ കഴിയത്തക്കവണ്ണം അവനുമായി ഒരു ക്രമീകരണത്തിൽ വരാൻ കഴിയുന്ന ഏക മാർഗ്ഗം സത്യദൈവമായ യഹോവയിലുളള അവരുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുക എന്നത് മാത്രമാണ്. (പ്രവൃത്തികൾ 2:17-21 താരതമ്യം ചെയ്യുക.) അവർ ദൈവം യേശുക്രിസ്തുവിന് നിയോഗിച്ചുകൊടുത്തിരിക്കുന്ന സ്ഥാനങ്ങളിൽ അവനെ അംഗീകരിക്കുകയും അതിനുശേഷം നാശത്തിനു വിധിക്കപ്പെട്ട ഈ ലോകത്തിന്റെ വഴികളെ സ്നേഹിക്കാത്തവരെന്ന നിലയിൽ ജീവിക്കുകയും വേണം. തുടർന്ന് ദൈവജനത്തിന്റെ സഭയോടുളള ബന്ധത്തിൽ ദൈവത്തിന് വിശുദ്ധ സേവനം അർപ്പിക്കുകയും അവന്റെ എളിയ ദാസരായിത്തീരുകയും വേണം.—യോഹന്നാൻ 17:16; വെളിപ്പാട് 7:14, 15.
14. യഹോവ ശത്രുസൈന്യങ്ങളിൽനിന്ന് ഗിബെയോന്യരെ രക്ഷിച്ചത് നമുക്ക് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
14 ഗിബെയോന്യർ യഹോവയുടെ ജനത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചയുടനെ അവർ വലിയ സമ്മർദ്ദത്തിൻ കീഴിൽ വന്നു. യിസ്രായേലിനെതിരെ ഗിബെയോന്യർ തങ്ങളുടെ പക്ഷത്തു നിലയുറപ്പിക്കാൻ അവരെ നിർബന്ധിക്കുന്നതിന് അഞ്ച് അമോര്യ രാജാക്കൻമാർ ഗിബെയോനെ ആക്രമിച്ചു. സഹായത്തിനുവേണ്ടി ഗിബെയോന്യർ അടിയന്തിരമായി യോശുവയുടെ അടുത്തേക്ക് ദൂതൻമാരെ അയച്ചു, അവർക്ക് അനുഭവവേദ്യമായ വിടുതൽ ലോകചരിത്രത്തിലെല്ലാം വച്ച് ഏററം രംഗപ്പകിട്ടാർന്ന ഒന്നായിരുന്നു. യഹോവ ശത്രുക്കളെ കുഴഞ്ഞ അവസ്ഥയിലാക്കുകയും ആകാശത്തുനിന്ന് അവരുടെമേൽ വലിയ ഹിമക്കട്ടകൾ വർഷിക്കുകയും യിസ്രായേല്യർ ശത്രുക്കളെ പൂർണ്ണമായി പരാജയപ്പെടുത്തുന്നതുവരെ അത്ഭുതകരമായി പകൽവെളിച്ചം ദീർഘിപ്പിച്ചുകൊടുക്കുകയും ചെയ്തു. (യോശുവ 10:1-14) ഗിബെയോന്യരുടെ വിടുതൽ ആഗോള യുദ്ധമായ അർമ്മഗെദ്ദോനിൽ സത്യദൈവത്തിന്റെ ആരാധകരുടെ ഒരു മഹാപുരുഷാരം അതിലും അത്ഭുതകരമായി വിടുവിക്കപ്പെടുന്നതിന്റെ ഒരു പ്രാവചനിക മാതൃകയായിരുന്നു. ആ രക്ഷയിൽനിന്ന് പ്രയോജനം അനുഭവിക്കുന്നതിനുളള അവസരം, ഇപ്പോൾ ജ്ഞാനപൂർവം പ്രവർത്തിക്കുന്നെങ്കിൽ, എല്ലാ ജനതയിലുംപെട്ട ആളുകൾക്കുണ്ട്. നിങ്ങൾ ആ അവസരത്തെ പ്രയോജനപ്പെടുത്തുന്നുണ്ടോ?—വെളിപ്പാട് 7:9, 10.
[അധ്യയന ചോദ്യങ്ങൾ]