സകല ജനതകളിൽനിന്നുമുളള അതിജീവകർ
അധ്യായം 8
സകല ജനതകളിൽനിന്നുമുളള അതിജീവകർ
1. മനുഷ്യവർഗ്ഗത്തിലെ “സകല കുടുംബങ്ങൾക്കും” ദൈവത്തിന്റെ അംഗീകാരം ലഭിക്കുക സാദ്ധ്യമാണ് എന്ന് അബ്രഹാമിനോടുളള എന്തു വാഗ്ദത്തം പ്രകടമാക്കുന്നു?
യഹോവ സകല ജനതകളിലെയും വർഗ്ഗങ്ങളിലെയും ആളുകളിൽ സ്നേഹപൂർവ്വകമായ താൽപര്യമുളളവനാണ്. ഭൂമിയിലെ സകല കുടുംബങ്ങളും അവന്റെ അംഗീകാരവും അനുഗ്രഹവും ആസ്വദിക്കാൻ അവൻ കരുതൽ ചെയ്തിരിക്കുന്നു. നോഹയുടെ പുത്രനായ ശേമിന്റെ ഒരു വംശജനായിരുന്ന അബ്രാമിനോട് (അബ്രഹാം) യഹോവ പറഞ്ഞു: “നിന്റെ ദേശത്തെയും നിന്റെ ബന്ധുജനങ്ങളെയും നിന്റെ പിതൃഭവനത്തെയും വിട്ട് ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തേക്കു പോക; ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും, ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്റെ നാമം വലുതാക്കുകയും, നീ ഒരു അനുഗ്രഹമാണെന്ന് തെളിയുകയും ചെയ്യും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും, നീ നിമിത്തം ഭൂമിയിലെ സകല കുടുംബങ്ങളും തങ്ങളെത്തന്നെ അനുഗ്രഹിക്കും.” (ഉൽപ്പത്തി 12:1-3; പ്രവൃത്തികൾ 7:2-4) “ഭൂമിയിലെ സകല കുടുംബങ്ങളും”—നാം എവിടെ ജനിച്ചുവെന്നോ ഏതു ഭാഷ സംസാരിക്കുന്നുവെന്നോ കാര്യമാക്കാതെ ഇന്ന് നാമെല്ലാം അതിൽ ഉൾപ്പെടുന്നു.—സങ്കീർത്തനം 65:2.
2. (എ) അബ്രഹാമിനെപ്പോലെ ഏതു ഗുണം നമുക്കാവശ്യമാണ്? (ബി) എബ്രായർ 11:8-10-ൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന പ്രകാരം അബ്രഹാം എങ്ങനെയാണ് ഈ ഗുണത്തിന്റെ തെളിവ് നൽകിയത്?
2 ദൈവത്തിൽനിന്ന് ഇവിടെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ നാം പങ്കുപററുന്നതിന് നമുക്ക് വിശ്വാസമുണ്ടായിരിക്കേണ്ടതുപോലെ തന്നെ യഹോവ ഈ വാഗ്ദാനങ്ങൾ ആർക്കു നൽകിയോ ആ ഒരുവൻ വിശ്വാസമുളള ഒരു മനുഷ്യനായിരുന്നു. (യാക്കോബ് 2:23; എബ്രായർ 11:6) അബ്രഹാമിന്റെ വിശ്വാസം വെറുതെ നിഷ്ക്രിയമായ ഒരു വിശ്വാസമായിരുന്നില്ല മറിച്ച് അതോടൊപ്പം പ്രവൃത്തിയും ഉണ്ടായിരുന്നു. അത് മെസൊപ്പൊത്താമ്യയിൽ നിന്ന് അതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വിദൂരദേശത്തേക്ക് അവൻ മാറിപ്പാർക്കാൻ ഇടയാക്കി. ആ പ്രദേശത്തെ നഗര രാജ്യങ്ങളോടൊന്നും ബന്ധപ്പെടാതെ “വിശ്വാസത്താൽ അവൻ വാഗ്ദത്ത ദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ വസിച്ചു. എന്തുകൊണ്ടെന്നാൽ യഥാർത്ഥ അടിസ്ഥാനങ്ങളുളളതും ദൈവം ശിൽപ്പിയും നിർമ്മാതാവുമായിരിക്കുന്നതുമായ നഗരത്തിനായി [ദൈവരാജ്യം] അവൻ കാത്തിരിക്കുകയായിരുന്നു.”—എബ്രായർ 11:8-10.
3. ഇസഹാക്കിനോടുളള ബന്ധത്തിൽ അബ്രഹാം വിശ്വാസത്തിന്റെ ഏതു പരിശോധനയെയാണ് നേരിടേണ്ടിവന്നത്?
3 അബ്രഹാമിന് 100 വയസ്സും അവന്റെ ഭാര്യയായ സാറായ്ക്ക് 90 വയസ്സുമായപ്പോൾ യഹോവ അത്ഭുതകരമായി അവർക്ക് ഒരു പുത്രനെ, ഇസഹാക്കിനെ, നൽകി അനുഗ്രഹിച്ചു. ഈ പുത്രനോടുളള ബന്ധത്തിൽ അബ്രഹാം ദൈവത്തിലുളള തന്റെ വിശ്വാസത്തിന്റെയും അവനോടുളള അനുസരണത്തിന്റെയും അതികഠിനമായ ഒരു പരിശോധനയെ നേരിടേണ്ടിവന്നു. യുവാവായ തന്റെ മകനെ മോറിയ എന്ന ദേശത്തേക്ക് കൊണ്ടുപോയി അവിടെ ഒരു ദഹനയാഗമായി അർപ്പിക്കാൻ യഹോവ അബ്രഹാമിനോട് നിർദ്ദേശിച്ചു. പുനരുത്ഥാനത്തിലൂടെ തന്റെ പുത്രനെ തിരികെ തരാനുളള ദൈവത്തിന്റെ പ്രാപ്തിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് അബ്രഹാം ആ നിർദ്ദേശം അനുസരിക്കാൻ ഒരുമ്പെട്ടു. (എബ്രായർ 11:17-19) തന്റെ പിതാവിന് കീഴ്വഴങ്ങി ബന്ധിക്കപ്പെട്ട നിലയിൽ ഇസഹാക്ക് ബലിപീഠത്തിൽ കിടന്നു, അവനെ കൊല്ലുവാൻ അബ്രഹാം കത്തി കൈയ്യിലെടുത്തു, അപ്പോൾ യഹോവയുടെ ദൂതൻ ഇടപെട്ടു. അബ്രഹാം യാതൊന്നും ദൈവത്തിൽനിന്ന് പിടിച്ചുവയ്ക്കുകയില്ല എന്നു തെളിയിക്കാൻ അത്രത്തോളമുളള പരിശോധന മതിയായിരുന്നു. അതുകൊണ്ട് ബൈബിൾ പറയുംപ്രകാരം ദൈവം അബ്രഹാമുമായുളള തന്റെ ഉടമ്പടി ഉറപ്പിച്ചു:
4. ആ സന്ദർഭത്തിൽ സകല ജനതകളിലെയും ആളുകളെ സംബന്ധിച്ച് ദൈവം കൂടുതലായ എന്തു സുപ്രധാന വാഗ്ദത്തം നൽകി?
4 “‘നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ പുത്രനെ തരുവാൻ മടികാണിച്ചില്ല എന്ന കാരണത്താൽ ഞാൻ നിശ്ചയമായും നിന്നെ അനുഗ്രഹിക്കും, നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുളള സകല ജനതകളും തങ്ങളെ തന്നെ അനുഗ്രഹിക്കും’ എന്ന് ‘ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”—ഉൽപ്പത്തി 22:15-18.
5. (എ) അബ്രഹാം യിസഹാക്കിനെ ബലി ചെയ്യാൻ ശ്രമിച്ചതിനാൽ എന്തു മുൻനിഴലാക്കപ്പെട്ടു? (ബി) ഉൽപ്പത്തി 12:3-ന്റെ നിവൃത്തിയായി ആളുകൾ എങ്ങനെയാണ് വലിപ്പമേറിയ അബ്രഹാമിനെ ‘ശപിക്കുന്നത്’, എന്തു ഫലത്തോടെ? (സി) നമുക്ക് എങ്ങനെ അവനെ “സ്തുതിക്കാൻ” കഴിയും?
5 വലിപ്പമേറിയ അബ്രഹാം യഹോവയാണെന്നും ഇസഹാക്ക് യേശുക്രിസ്തുവിനെ മുൻനിഴലാക്കിയെന്നും നാം തിരിച്ചറിയുമ്പോൾ ഈ സംഭവങ്ങൾ നമുക്ക് വ്യക്തിപരമായി പ്രാധാന്യമുളളവയായിരിക്കുന്നതെങ്ങനെയെന്ന് നമുക്ക് വിലമതിക്കാൻ കഴിയും. വാസ്തവത്തിൽ യഹോവയാം ദൈവത്തോട് നാം എങ്ങനെ പെരുമാറുന്നു എന്നതാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്. അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാൻ തയ്യാറായതിനാൽ ചിത്രീകരിക്കപ്പെട്ട പ്രകാരം ദൈവം തന്റെ ഏകജാതപുത്രനെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു ബലിയായി അർപ്പിച്ചതിനാൽ നമുക്ക് നിത്യജീവന്റെ പ്രത്യാശ സാദ്ധ്യമാക്കിത്തീർത്തിരിക്കുന്നു. (യോഹന്നാൻ 3:16) ‘യഹോവയെ ശപിക്കുന്നതിൽ’ തുടരുകയോ അല്ലെങ്കിൽ അവന്റെ സ്നേഹപൂർവകമായ ഉദ്ദേശ്യങ്ങളെ നിസ്സാരീകരിക്കുകയോ ചെയ്യുന്ന ഏതൊരുവനും അവന്റെ നിത്യനാശത്തെ അർത്ഥമാക്കുന്ന ഒരു ശാപത്തിൻ കീഴിൽ വരും. (1 ശമുവേൽ 3:12-14; 2:12 താരതമ്യം ചെയ്യുക.) എന്നാൽ നാം വിലമതിപ്പുളളവരാണെങ്കിൽ നാം വലിപ്പമേറിയ അബ്രഹാമിനെ “സ്തുതിക്കും.” എങ്ങനെ? തന്റെ പുത്രനിലൂടെയുളള അനർഹദാനമായ ജീവൻ ഉൾപ്പെടെ എല്ലാ നൻമകളും യഹോവയിൽനിന്ന് വരുന്നു എന്ന് അംഗീകരിക്കുന്നതിനാൽ തന്നെ. കൂടാതെ യഹോവയുടെ നൻമയെക്കുറിച്ചും അവന്റെ രാജത്വത്തിന്റെ മഹൽഗുണങ്ങളെക്കുറിച്ചും നാം മററുളളവരോട് പറയും. (യാക്കോബ് 1:17; സങ്കീർത്തനം 145:7-13) അതുവഴി അവനിൽനിന്ന് എന്നന്നേക്കും അനുഗ്രഹങ്ങൾ പ്രാപിക്കാനുളള നിരയിൽ നാം നമ്മെത്തന്നെ ആക്കിവെക്കും.
അബ്രഹാമിന്റെ വാഗ്ദത്ത“സന്തതി”
6. (എ) അബ്രഹാമിന്റെ “സന്തതി”യിലെ മുഖ്യൻ ആരാണ്? (ബി) അവൻ മുഖാന്തരം വരുന്ന അനുഗ്രഹം നമുക്ക് എങ്ങനെ പ്രാപിക്കാൻ കഴിയും?
6 മനുഷ്യവർഗ്ഗത്തെ അനുഗ്രഹിക്കാനുളള തന്റെ ക്രമീകരണത്തിന്റെ ഭാഗമായി നീതിയുളള ഒരു സ്വർഗ്ഗീയ ഗവൺമെൻറ് സ്ഥാപിക്കാൻ യഹോവ ഉദ്ദേശിച്ചു. അബ്രഹാമിന്റെ ഒരു അനന്തരഗാമിയായി, അവന്റെ വംശത്തിലെ മുഖ്യൻ അല്ലെങ്കിൽ “സന്തതി”യായി യേശുക്രിസ്തു ജനിച്ചു; അവനാണ് യഹോവ രാജത്വം നൽകിയിരിക്കുന്നത്. (ഗലാത്യർ 3:16; മത്തായി 1:1) അബ്രഹാമിനോടുളള യഹോവയുടെ സ്വന്തം ആണയിട്ട വചനം സൂചിപ്പിച്ച പ്രകാരം യേശുക്രിസ്തുവിലൂടെയാണ് ഭൂമിയിലെ സകല ജനതകളിലെയും ആളുകൾ അനുഗ്രഹിക്കപ്പെടുന്നത്. നിങ്ങൾക്കുവേണ്ടി ആ അനുഗ്രഹം സമ്പാദിക്കാൻ ആവശ്യമായത് നിങ്ങൾ ചെയ്യുന്നുണ്ടോ? ഉദാഹരണത്തിന് യേശുക്രിസ്തുവിന്റെ ജീവൻ ബലിചെയ്യപ്പെട്ടത് നിങ്ങളെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമാണെന്ന് നിങ്ങൾ വിലമതിക്കുന്നുവെന്ന് നിങ്ങളുടെ ജീവിതഗതി പ്രകടമാക്കുന്നുണ്ടോ? രാജാവെന്ന നിലയിലുളള അവന്റെ അധികാരത്തിന് നിങ്ങൾ യഥാർത്ഥത്തിൽ കീഴടങ്ങുന്നുണ്ടോ?—യോഹന്നാൻ 3:36; പ്രവൃത്തികൾ 4:12.
7. (എ) “അബ്രഹാമിന്റെ സന്തതി”യിൽ മററ് ആരും കൂടെ ഉൾപ്പെട്ടിരിക്കുന്നു? (ബി) ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്ന എല്ലാവരും സ്വർഗ്ഗത്തിലേക്കു പോകുന്നില്ല എന്ന് നമുക്കെങ്ങനെ അറിയാം?
7 അപ്പോസ്തലനായ യോഹന്നാന് സ്വർഗ്ഗീയ സംഭവങ്ങളുടെ ഒരു പ്രാവചനിക പൂർവ്വവീക്ഷണം ലഭിച്ചു. അതിൽ യേശുവിനോട് ബന്ധപ്പെട്ട മററുളളവരെ സ്വർഗ്ഗീയ സീയോൻ മലയിൽ അവൻ കണ്ടു. അവരും “അബ്രഹാമിന്റെ സന്തതി”യുടെ ഭാഗമാണ്. വെളിപ്പാട് 14:1-5 പ്രസ്താവിച്ചിരിക്കുന്ന പ്രകാരം അവർ “മനുഷ്യവർഗ്ഗത്തിൽനിന്ന് വിലയ്ക്കു വാങ്ങപ്പെട്ടവരാണ്”, അവരുടെ എണ്ണം 1,44,000 ആണ്. (ഗലാത്യർ 3:26-29) അവരിൽ ആരെല്ലാം ഉൾപ്പെടുന്നു? നീതിമാൻമാരായ എല്ലാവരെയും സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവുകയെന്നത് ഒരിക്കലും ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നിട്ടില്ല എന്ന് ബൈബിൾ വളരെ വ്യക്തമായി പറയുന്നു. (മത്തായി 11:11; പ്രവൃത്തികൾ 2:34; സങ്കീർത്തനം 37:29) സ്വർഗ്ഗരാജ്യത്തിൽ ഓഹരിക്കാരാകുന്നതിനുളള മഹത്തായ പദവി അവനോടുകൂടെ രാജാക്കൻമാരും പുരോഹിതൻമാരുമായി ഒരു ആയിരം വർഷത്തേക്ക് ഭരിക്കുന്ന ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിന് പരിമിതപ്പെടുത്തിയിരിക്കുന്നു.—ലൂക്കോസ് 12:32; വെളിപ്പാട് 5:9, 10; 20:6.
8. “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ തെരഞ്ഞെടുപ്പ് എന്നാരംഭിച്ചു, അത് എത്ര കാലത്തേക്ക് തുടരുന്നു?
8 ഈ “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നത്? സ്വർഗ്ഗീയ ഗവൺമെൻറിൽ ഓഹരിക്കാരാകാനുളള ദയാപൂർവ്വകമായ ക്ഷണം ആദ്യം സ്വാഭാവിക യിസ്രായേലിനാണ് വച്ചുനീട്ടപ്പെട്ടത്. എന്നാൽ അവരുടെ വിശ്വാസരാഹിത്യം നിമിത്തം 1,44,000-ത്തെ മുഴുവൻ അവരിൽനിന്ന് ലഭിച്ചില്ല. അതുകൊണ്ട് ശമര്യരും പിന്നീട് സകല ജനതകളിൽ നിന്നുമുളള ആളുകളും ക്ഷണിക്കപ്പെട്ടു. (പ്രവൃത്തികൾ 1:8) യേശുവിന്റെ കൂട്ടവകാശികളിൽ ആദ്യത്തവർ പൊ. യു. 33-ലെ പെന്തെക്കൊസ്തു ദിവസം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു. ദൈവത്താൽ അംഗീകരിക്കപ്പെട്ട 1,44,000 പേരും മുദ്രയിടപ്പെട്ടു കഴിയുന്നതുവരെ ഈ കൂട്ടത്തിന്റെ തെരഞ്ഞെടുപ്പ് തുടരുന്നു. പിന്നീട് സ്വർഗ്ഗീയ ഗവൺമെൻറിന്റെ വിലമതിപ്പുളള പ്രജകളായി ഭൂമിയിൽ ജീവിക്കാനുളളവരുടെ കൂട്ടിച്ചേർക്കലിലേക്ക് ശ്രദ്ധ തിരിച്ചുവിടപ്പെടുന്നു.
9. (എ) ബൈബിളിലെ ഏതു പദപ്രയോഗങ്ങൾ ഈ സ്വർഗ്ഗീയ വർഗ്ഗത്തിന് ബാധകമാകുന്നു? (ബി) സ്വാഭാവിക യിസ്രായേലിനാൽ മുൻനിഴലാക്കപ്പെട്ടത് ആരായിരുന്നു?
9 ക്രിസ്തുവിനോടുകൂടി സ്വർഗ്ഗീയ ഗവൺമെൻറിൽ അവകാശികളായവരെ തിരുവെഴുത്തുകളിൽ “തെരഞ്ഞെടുക്കപ്പെട്ടവർ”, “വിശുദ്ധൻമാർ”, “ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവർ” എന്നൊക്കെ വിളിച്ചിരിക്കുന്നു. (2 തിമൊഥെയോസ് 2:10; 1 കൊരിന്ത്യർ 6:1, 2; 2 കൊരിന്ത്യർ 1:21) സംയുക്തമായി അവർ ക്രിസ്തുവിന്റെ “മണവാട്ടി” എന്ന നിലയിലും വർണ്ണിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാട് 21:2, 9; എഫേസ്യർ 5:22-32) മററു നിലപാടുകളിൽ നിന്ന് വീക്ഷിക്കപ്പെടുമ്പോൾ അവർ ക്രിസ്തുവിന്റെ “സഹോദരൻമാർ” എന്നും “ക്രിസ്തുവിന്റെ കൂട്ടവകാശികൾ” എന്നും “ദൈവത്തിന്റെ പുത്രൻമാർ” എന്നും വിളിക്കപ്പെടുന്നു. (എബ്രായർ 2:10, 11; റോമർ 8:15-17; എഫേസ്യർ 1:5) അവർ ഏതു ദേശത്തു നിന്നുളളവരാണ് എന്നതു പരിഗണിക്കാതെ, ആത്മീയമായി പറഞ്ഞാൽ അവർ “ദൈവത്തിന്റെ യിസ്രായേൽ” ആണ്. (ഗലാത്യർ 6:16; റോമർ 2:28, 29; 9:6-8) ജഡിക യിസ്രായേലുമായുളള തന്റെ ഉടമ്പടി യഹോവ അവസാനിപ്പിച്ചപ്പോൾ അവൻ ആത്മീയ യിസ്രായേലിനെ താനുമായി ഒരു പുതിയ ഉടമ്പടിയിലേക്ക് കൊണ്ടുവന്നു. എന്നാൽ ജഡിക യിസ്രായേൽ നിയമത്തിൻ കീഴിലായിരുന്നപ്പോഴത്തെ അവരോടുളള അവന്റെ ഇടപെടൽ വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു മാതൃക വച്ചു. (എബ്രായർ 10:1) അപ്പോൾ ഒരു “പ്രത്യേക സ്വത്തായി” ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജഡിക യിസ്രായേലിനാൽ മുൻനിഴലാക്കപ്പെട്ടത് ആരായിരുന്നു? സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൈവം തെരഞ്ഞെടുത്ത ആത്മീയ യിസ്രായേലിലേക്കാണ് വസ്തുതകൾ വിരൽ ചൂണ്ടുന്നത്. (പുറപ്പാട് 19:5, 6; 1 പത്രോസ് 1:3, 4; 2:9 എന്നിവയുമായി താരതമ്യം ചെയ്യുക.) മനുഷ്യവർഗ്ഗത്തിലെ അനുസരണമുളള ശേഷം പേർക്ക് അനുഗ്രഹം പ്രദാനം ചെയ്യാനുളള ഉപാധി അവരും ക്രിസ്തുവും കൂടെയായിരിക്കും. ഇതിനെ വിലമതിക്കുന്നത് ബൈബിൾ മനസ്സിലാക്കാനുളള ഒരു താക്കോലാണ്.
“സന്തതി” മുഖാന്തരം അനുഗ്രഹിക്കപ്പെടുന്നവർ
10. യഹോവയുടെ യിസ്രായേല്യേതര ആരാധകരാൽ ചിത്രീകരിക്കപ്പെട്ടത് ആരായിരുന്നു?
10 ദൈവം യിസ്രായേൽ ജനതയുമായി ഒരു പ്രത്യേക വിധത്തിൽ ഇടപെട്ടിരുന്ന കാലത്തും ആ ജനതയിൽപെടാത്തവർക്ക് യിസ്രായേലുമായി ബന്ധപ്പെട്ട് സത്യാരാധനയിൽ പങ്കുചേരാൻ ഹൃദ്പ്രേരണ ഉണ്ടായിരുന്നെങ്കിൽ അങ്ങനെയുളളവർക്കുവേണ്ടിയും യഹോവ സ്നേഹപൂർവം കരുതൽ ചെയ്തു. ബൈബിൾ രേഖയിൽ അവരെപ്പററി ശ്രദ്ധേയമായ പരാമർശനങ്ങൾ നടത്തിയിട്ടുണ്ട്. അവർക്കും ആധുനികകാല മറുഘടകങ്ങളുണ്ടോ? ഉവ്വ്, തീർച്ചയായും. ആത്മീയ യിസ്രായേലിന്റെ ഭാഗമല്ലാത്തവരും എന്നാൽ ദൈവരാജ്യത്തിന്റെ ഭൗമിക പ്രജകളെന്നനിലയിൽ നിത്യജീവൻ ആസ്വദിക്കാനുളള അത്ഭുതകരമായ പ്രതീക്ഷ വച്ചുപുലർത്തുന്നവരുമായവരെ അവർ അനേക വിധങ്ങളിൽ ചിത്രീകരിക്കുന്നു. “സന്തതി” മുഖാന്തരം “ഭൂമിയിലെ സകല ജനതകളിൽ”നിന്നുമുളളവർ തങ്ങളെത്തന്നെ അനുഗ്രഹിക്കുമെന്ന് ദൈവം അബ്രഹാമിനോട് ആരെപ്പററി പറഞ്ഞുവോ അവർ ഇവരാണ്.—ഉൽപ്പത്തി 22:18; ആവർത്തനം 32:43.
11. (എ) ശലോമോന്റെ ആലയം സമർപ്പിച്ച വേളയിൽ ഈ കൂട്ടത്തെപ്പററി എന്തു പരാമർശം നടത്തപ്പെട്ടു? (ബി) യെശയ്യാവ് 56:6, 7-ൽ മുൻകൂട്ടിപ്പറയപ്പെട്ടപ്രകാരം നമ്മുടെ നാളുകളിൽ “അന്യജാതിക്കാർ” എങ്ങനെയാണ് ‘യഹോവയോട് ചേരുന്നത്’?
11 മുഴുമനുഷ്യവർഗ്ഗവും സത്യാരാധനയിൽ ഏകീകൃതരായിരിക്കുക എന്നത് എല്ലാക്കാലത്തും ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നിട്ടുണ്ട്. ഉചിതമായി യെരൂശലേമിൽ ശലോമോൻ പണികഴിപ്പിച്ച ആലയത്തിന്റെ സമർപ്പണ വേളയിൽ, യിസ്രായേല്യരോടൊപ്പം സ്വീകാര്യമായ ആരാധന സമർപ്പിക്കാൻ അന്വേഷിച്ചുവരുന്ന അന്യജാതിക്കാരുടെ പ്രാർത്ഥന യഹോവ കേൾക്കണമേ എന്ന് രാജാവ് പ്രാർത്ഥിച്ചു. (2 ദിനവൃത്താന്തം 6:32, 33) കൂടാതെ യെശയ്യാവ് 56:6, 7 വാക്യങ്ങളിൽ ദൈവം ഇപ്രകാരം വാഗ്ദത്തം ചെയ്തു: “യഹോവയെ സേവിച്ച്, അവന്റെ നാമത്തെ സ്നേഹിച്ച്, അവന്റെ ദാസൻമാരായിരിക്കേണ്ടതിന് യഹോവയോട് ചേർന്നുവരുന്ന അന്യജാതിക്കാരെ . . . ഞാൻ എന്റെ വിശുദ്ധ പർവതത്തിലേക്കു കൊണ്ടുവരികയും അവർ എന്റെ പ്രാർത്ഥനാലയത്തിൽ സന്തോഷിക്കാനിടയാക്കുകയും ചെയ്യും . . . എന്തുകൊണ്ടെന്നാൽ എന്റെ ആലയം സകല ജനതകൾക്കുമുളള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.” ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ആത്മാവ് പ്രതിഫലിപ്പിച്ചുകൊണ്ട് ആധുനിക നാളിലെ “അന്യജാതിക്കാർ” വെറും നിരീക്ഷകരായിട്ടല്ല മറിച്ച് ‘യഹോവയോട് ചേരുന്ന’ വ്യക്തികളായിട്ട് സകല ജനതകളിൽനിന്നും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളുടെ ജീവിതത്തെ അവന് സമർപ്പിക്കുന്നതിനാലും അതു ജലസ്നാനത്താൽ ലക്ഷ്യപ്പെടുത്തുന്നതിനാലും തുടർന്ന് “യഹോവയുടെ നാമത്തോടും” അതു പ്രതിനിധാനം ചെയ്യുന്ന സകലത്തോടും ഉളള തങ്ങളുടെ സ്നേഹം പ്രകടമാക്കുന്ന ഒരു വിധത്തിൽ സേവിക്കുന്നതിനാലും അവർ അതു ചെയ്യുന്നു.—മത്തായി 28:19, 20.
12. ദൈവരാജ്യത്തിന്റെ ഭൗമിക പ്രജകളായിരിക്കാൻ പ്രതീക്ഷിക്കുന്നവർ ആത്മീയ യിസ്രായേലിനു ബാധകമാകുന്ന സമുന്നത നിലവാരങ്ങളോട് യോജിപ്പിൽ വരേണ്ടതുണ്ടോയെന്ന് മോശൈക നിയമം സൂചിപ്പിക്കുന്നതെങ്ങനെ?
12 ആത്മാഭിഷിക്ത ക്രിസ്ത്യാനികളിൽനിന്നുളളതിനേക്കാൾ ഒട്ടും കുറവല്ലാത്ത വിശ്വസ്തത അവരുടെ ഭാഗത്തും ആവശ്യമാണ്. മോശൈക നിയമത്തിൻ കീഴിൽ സത്യാരാധന ആചരിക്കുന്ന “വിദേശികൾ” യിസ്രായേല്യർക്കു ബാധകമായിരുന്ന അതേ നിയമം അനുസരിക്കണമെന്ന് യഹോവ ആവശ്യപ്പെട്ടു. (സംഖ്യാപുസ്തകം 15:15, 16) അവർക്കിടയിലുണ്ടായിരിക്കേണ്ട ബന്ധമാകട്ടെ വെറും സഹിഷ്ണുതയായിരുന്നില്ല മറിച്ച് യഥാർത്ഥ സ്നേഹമായിരുന്നു. (ലേവ്യാപുസ്തകം 19:34) അതുപോലെ യിസ്രായേല്യർക്കിടയിൽ പാർത്ത വിദേശികളാൽ മുൻനിഴലാക്കപ്പെട്ടവരും തങ്ങളുടെ ജീവിതത്തെ യഹോവയുടെ നിബന്ധനകളോട് പൂർണ്ണ യോജിപ്പിൽ കൊണ്ടുവരാനും ആത്മീയ യിസ്രായേലിന്റെ ശേഷിപ്പിനോടുളള സ്നേഹപൂർവ്വകമായ ഐക്യത്തിൽ സേവിക്കാനും ശ്രമിക്കുന്നു.—യെശയ്യാവ് 61:5.
13. “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ യെശയ്യാവ് 2:1-4-ലെ ഏതു വിശദാംശങ്ങൾ നാം മനസ്സിൽ പിടിക്കണം?
13 ഇന്ന് “സകല ജനതകളിൽ” നിന്നുമായി യഹോവയുടെ അഖിലാണ്ഡ ആരാധനാലയത്തിലേക്ക് താൽപ്പര്യപൂർവം കൂടിവരുന്ന ആളുകളെ യഹോവ തന്റെ പ്രവാചകനായ യെശയ്യാവ് മുഖാന്തരം വർണ്ണിച്ചു. അവൻ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “അനേക ജനതകളും തീർച്ചയായും ചെന്ന് ‘ജനങ്ങളെ വരുവിൻ നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്ക് തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും’ എന്നു പറയും.” അതിന്റെ ഫലമായി അവർ തങ്ങളുടെ ‘വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു.’ കൂടാതെ യുദ്ധത്താൽ ചീന്തപ്പെട്ട ഈ ലോകത്തു പോലും അവർ ‘മേലാൽ യുദ്ധം അഭ്യസിക്കുന്നില്ല.’ (യെശയ്യാവ് 2:1-4) നിങ്ങൾ ആ സന്തുഷ്ടകൂട്ടത്തോടൊപ്പം നിങ്ങളെത്തന്നെ കണ്ടെത്തുന്നുവോ? യഹോവയുടെ നിബന്ധനകൾ പഠിക്കുന്നതിനും അവ നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്നതിനും യുദ്ധായുധങ്ങളിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമുളള അവരുടെ ആഗ്രഹത്തിൽ നിങ്ങൾ പങ്കുചേരുന്നുണ്ടോ? ഈ ഗതി പിന്തുടരുന്ന ഒരു മഹാപുരുഷാരം സമാധാനപൂർണ്ണമായ “പുതിയ ഭൂമി”യിലേക്ക് “മഹോപദ്രവത്തിൽനിന്ന്” അതിജീവകരായി “കടന്നുവരുമെന്ന്” ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു.—വെളിപ്പാട് 7:9, 10, 14; സങ്കീർത്തനം 46:8, 9.
[അധ്യയന ചോദ്യങ്ങൾ]