ദൈവജനം സ്വദേശത്തേക്കു മടങ്ങുന്നു
ഇന്നത്തെ ഇറാനിലെ പീഠഭൂമിയോടു ചേർന്ന് വലിയ രണ്ടു പർവതനിരകൾ സ്ഥിതി ചെയ്യുന്നുണ്ട്—എൽബേർസ് പർവതനിരയും (കാസ്പിയൻ കടലിന്റെ തെക്കുവശത്ത്) സാഗ്രോസ് പർവതനിരയും (പേർഷ്യൻ ഉൾക്കടലിന്റെ ദിശയിൽ തെക്കുകിഴക്കോട്ട്). പർവതങ്ങൾക്ക് ഇടയിലായി ഇടയ്ക്കിടയ്ക്ക് വൃക്ഷനിബിഡമായ ചെരുവുകളോടു കൂടിയ നീണ്ട ഫലഭൂയിഷ്ഠമായ താഴ്വരകൾ കാണാം. താഴ്വാരങ്ങളിൽ മിതോഷ്ണ കാലാവസ്ഥ ആണെങ്കിലും സദാ കാറ്റു വീശിക്കൊണ്ടിരിക്കുന്ന കുറെക്കൂടെ ഉയരത്തിലുള്ള വരണ്ട സമതലങ്ങളിൽ ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്നു. ഇവയ്ക്കടുത്ത് പീഠഭൂമിയിൽ ജനവാസം തീരെ കുറഞ്ഞ മരുഭൂമി സ്ഥിതിചെയ്യുന്നു. മെസൊപ്പൊത്താമ്യക്കു കിഴക്കുള്ള മേൽവിവരിച്ച പ്രദേശത്തായിരുന്നു മേദോ-പേർഷ്യൻ സാമ്രാജ്യത്തിന്റെ ഉദയം.
പിന്നീട് അർമേനിയയിലേക്കും കിലിക്യയിലേക്കുമൊക്കെ വ്യാപിച്ചെങ്കിലും മേദ്യർ മുഖ്യമായും വസിച്ചിരുന്നത് പീഠഭൂമിയുടെ വടക്കു ഭാഗത്താണ്. എന്നാൽ ടൈഗ്രിസ് താഴ്വരയുടെ കിഴക്കായി, പീഠഭൂമിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് പേർഷ്യക്കാർ പ്രധാനമായും പാർത്തിരുന്നത്. പൊ.യു.മു. ആറാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് കോരെശിന്റെ (സൈറസ്) ഭരണകാലത്ത് ഈ രണ്ടു ജനതകളുടെയും രാജ്യങ്ങൾ ഒന്നിക്കുകയും മേദോ-പേർഷ്യൻ ലോകശക്തി രൂപംകൊള്ളുകയും ചെയ്തു.
പൊ.യു.മു 539-ൽ കോരെശ് ബാബിലോണിനെ പിടിച്ചടക്കി. അവന്റെ സാമ്രാജ്യം കിഴക്ക് ഇന്ത്യവരെ വ്യാപിച്ചു. പടിഞ്ഞാറ് ഈജിപ്തും ഇപ്പോൾ ടർക്കി സ്ഥിതിചെയ്യുന്ന പ്രദേശവും ആ സാമ്രാജ്യത്തിൻ കീഴിലായി. ഉചിതമായിത്തന്നെ ദാനീയേൽ മേദോ-പേർഷ്യൻ സാമ്രാജ്യത്തെ ‘ധാരാളം മാംസം തിന്ന’ ആർത്തിപൂണ്ട ഒരു ‘കരടിയായി’ ചിത്രീകരിച്ചു. (ദാനീ 7:5) കോരെശ് മനുഷ്യത്വവും സഹിഷ്ണുതയും പ്രകടമാക്കിയ ഒരു ഭരണാധികാരി ആയിരുന്നു. അവൻ തന്റെ സാമ്രാജ്യത്തെ പ്രവിശ്യകളായി തിരിച്ചു. ഓരോ പ്രവിശ്യയും ഭരിച്ചിരുന്നത് ഒരു ഗവർണർ ആണ്. സാധാരണഗതിയിൽ അത് ഒരു പേർഷ്യക്കാരനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കീഴിൽ ഒരളവിലുള്ള അധികാരം ഉണ്ടായിരുന്ന ഒരു പ്രാദേശിക ഭരണാധികാരിയെ നിയമിച്ചിരുന്നു. സാമ്രാജ്യത്തിലെ ജനതതികളെ സ്വന്തം ആചാരങ്ങളും മതവുംതന്നെ പിൻപറ്റാൻ പ്രോത്സാഹിപ്പിച്ചിരുന്നു.
ഈ നയത്തിനു ചേർച്ചയിൽ എസ്രായും നെഹെമ്യാവും പറഞ്ഞിരിക്കുന്നതുപോലെ സത്യാരാധന പുനഃസ്ഥാപിക്കാനും യെരൂശലേം പുതുക്കിപ്പണിയാനുമായി സ്വദേശത്തേക്കു മടങ്ങാൻ കോരെശ് യെഹൂദന്മാരെ അനുവദിച്ചു. യൂഫ്രട്ടീസ് തീരത്തുകൂടെ വടക്കോട്ട് അബ്രാഹാം പോയ വഴിയിലൂടെ കർക്കെമീശിലേക്ക് ആയിരിക്കുമോ ഈ വലിയ കൂട്ടം സഞ്ചരിച്ചത്? അതോ ഒരുപക്ഷേ തദ്മോറിലൂടെയും ദമസ്കൊസിലൂടെയുമുള്ള താരതമ്യേന ദൈർഘ്യം കുറഞ്ഞ മാർഗമായിരിക്കുമോ അവർ സ്വീകരിച്ചിരിക്കുക? ബൈബിൾ അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. (6, 7 പേജുകൾ കാണുക.) കാലാന്തരത്തിൽ നൈൽ നദീമുഖതുരുത്തും കൂടുതൽ തെക്കോട്ടുള്ള പ്രദേശങ്ങളും ഉൾപ്പെടെയുള്ള സാമ്രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും യെഹൂദന്മാർ പാർക്കാൻ തുടങ്ങി. യെഹൂദന്മാരുടെ സാമാന്യം വലിയ ഒരു കൂട്ടം ബാബിലോണിൽത്തന്നെ തുടർന്നു. നൂറ്റാണ്ടുകൾക്കു ശേഷം അപ്പൊസ്തലനായ പത്രൊസ് ബാബിലോൺ സന്ദർശിച്ചതിനു പിന്നിലെ കാരണം ഇതായിരിക്കാം. (1 പത്രൊ 5:13) അതേ, തുടർന്നുവന്ന ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങളുടെ കാലത്ത് യെഹൂദന്മാർ പല പ്രദേശങ്ങളിൽ കാണപ്പെടാൻ ഇടയായതിനു പിന്നിൽ മേദോ-പേർഷ്യൻ സാമ്രാജ്യത്തിന് ഒരു പങ്കുണ്ടായിരുന്നു.
ബാബിലോണിനെ കീഴടക്കിയ ശേഷം മേദോ-പേർഷ്യക്കാർ അത്യുഷ്ണ വേനൽക്കാലങ്ങളുള്ള ആ നഗരത്തെ തങ്ങളുടെ ഒരു ഭരണകേന്ദ്രമാക്കി. മുൻ ഏലാമ്യ തലസ്ഥാനമായിരുന്ന ശൂശൻ രാജനഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടു. പിന്നീട് അവിടെ വെച്ചാണ് പേർഷ്യൻ രാജാവായ അഹശ്വേരോശ് (തെളിവനുസരിച്ച് സെർക്സിസ് ഒന്നാമൻ) എസ്ഥേറിനെ തന്റെ രാജ്ഞിയാക്കിയതും വൻ സാമ്രാജ്യത്തിൽ ഉടനീളമുള്ള ദൈവജനത്തെ ഉന്മൂലനം ചെയ്യാനുള്ള ഒരു ഗൂഢപദ്ധതി വിഫലമാക്കിയതും. അഹ്മെഥാ (ഉല്ലാസകരമായ വേനൽക്കാലങ്ങളുള്ള ഈ നഗരം 1,900-ത്തിലേറെ മീറ്റർ ഉയരത്തിലായിരുന്നു), പസാർഗഡി (അതേ ഉയരത്തിൽ ഏതാണ്ട് 650 കിലോമീറ്റർ തെക്കുകിഴക്ക് മാറിയായിരുന്നു അതിന്റെ സ്ഥാനം) എന്നീ നഗരങ്ങളും മേദോ-പേർഷ്യൻ തലസ്ഥാനങ്ങളായിരുന്നു.
ഈ ലോകശക്തിയുടെ അന്ത്യം എങ്ങനെയായിരുന്നു? മേദോ-പേർഷ്യ അധികാരത്തിന്റെ കൊടുമുടിയിൽ ഇരിക്കുമ്പോൾ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശത്ത് ഗ്രീക്കുകാർക്കിടയിൽ പ്രക്ഷോഭം തലപൊക്കി. തമ്മിലടിച്ചുകൊണ്ടിരുന്ന നഗരരാഷ്ട്രങ്ങളായി ഗ്രീസ് അപ്പോൾ ഭിന്നിച്ചിരിക്കുകയായിരുന്നെങ്കിലും തങ്ങളെ അടിച്ചമർത്താൻ എത്തിയ മേദോ-പേർഷ്യക്കാരെ അവർ ഒറ്റക്കെട്ടായി നേരിട്ടു. മാരത്തോണിലും സലമീസിലും വെച്ചു നടന്ന നിർണായക പോരാട്ടങ്ങളിൽ ഗ്രീസ് പേർഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഇത് ഏകീകരിക്കപ്പെട്ട ഗ്രീസ് മേദോ-പേർഷ്യയുടെമേൽ മേൽക്കോയ്മ നേടുന്നതിലേക്കു നയിച്ചു.
[24-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മേദോ-പേർഷ്യൻ സാമ്രാജ്യം
A2 മക്കെദോന്യ
A2 ത്രേസ്
A4 കുറേന
A4 ലിബിയ
B2 ബൈസന്റിയം
B2 ലുദിയാ
B2 സർദ്ദിസ്
B4 മോഫ് (നോഫ്)
B4 ഈജിപ്ത്
B5 നോ-അമ്മോൻ (തിബ്സ്)
B5 സെവേനെ
C3 കിലിക്യ
C3 തർസൊസ്
C3 ഇസ്സുസ്
C3 കർക്കെമീശ്
C3 തദ്മോർ
C3 സിറിയ
C3 സീദോൻ
C3 ദമസ്കൊസ്
C3 സോർ
C4 യെരൂശലേം
D2 ഫേസിസ്
D2 അർമേനിയ
D3 അസീറിയ
D3 നീനെവേ
D4 ബാബിലോൺ
E3 മേദ്യ
E3 അഹ്മെഥാ
E3 ഹിർകേനിയ
E4 ശൂശൻ
E4 ഏലാം
E4 പസാർഗഡി
E4 പെർസെപൊലിസ്
E4 പേർഷ്യ
F3 പാർത്ത്യ
F4 ഡ്രാൻജിയേന
G2 മാറകാൻഡ (സാമർകാണ്ട്)
G3 സോഗ്ഡിയാന
G3 ബാക്ട്രിയ
G3 ആരിയ
G4 ആരകോഷ
G4 ജെഡ്രോഷ
H5 ഇന്ത്യ
[മറ്റു സ്ഥലങ്ങൾ]
A2 ഗ്രീസ്
A3 മാരത്തോൺ
A3 അഥേന
A3 സലമീസ്
C1 ശകദേശം (സിഥിയ)
C4 ഏലത്ത് (ഏലോത്ത്)
C4 തേമാ
D4 അറബിദേശം
[പർവതങ്ങൾ]
E3 എൽബേർസ് പർവതനിര
E4 സാഗ്രോസ് പർവതനിര
[ജലാശയങ്ങൾ]
B3 മധ്യധരണ്യാഴി (മഹാസമുദ്രം)
C2 കരിങ്കടൽ
C5 ചെങ്കടൽ
E2 കാസ്പിയൻ കടൽ
E4 പേർഷ്യൻ ഉൾക്കടൽ
[നദികൾ]
B4 നൈൽ
C3 യൂഫ്രട്ടീസ്
D3 ടൈഗ്രിസ്
H4 സിന്ധു
[24-ാം പേജിലെ ചിത്രം]
ബാബിലോണിൽ എത്താൻ കോരെശിന്റെ സൈന്യത്തിന് സാഗ്രോസ് പർവതനിര കടക്കേണ്ടിയിരുന്നു
[25-ാം പേജിലെ ചിത്രം]
മുകളിൽ: പെർസെപൊലിസിലെ ‘സകല ജനതകളുടെയും കവാടം’
[25-ാം പേജിലെ ചിത്രം]
ഉൾച്ചിത്രം: പസാർഗഡിയിലെ കോരെശിന്റെ ശവകുടീരം