വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിന്നാല്‌

ഒരുമിച്ചു വൃദ്ധരാകൽ

ഒരുമിച്ചു വൃദ്ധരാകൽ

1, 2. (എ) വാർധക്യത്തോട്‌ അടുക്കുമ്പോൾ എന്തു മാറ്റങ്ങൾ സംഭവിക്കുന്നു? (ബി) ബൈബിൾ കാലങ്ങളിലെ ദൈവഭക്തരായ മനുഷ്യർ വാർധക്യത്തിൽ സന്തുഷ്ടി കണ്ടെത്തിയതെങ്ങനെ?

 നമുക്കു പ്രായം ചെല്ലുന്തോറും അനേകം മാറ്റങ്ങൾ സംഭവിക്കുന്നു. ശാരീരിക ബലക്ഷയം നമ്മുടെ ഊർജസ്വലതയെ കെടുത്തുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ പുതിയ ചുളിവുകളും തലമുടിക്കു ക്രമേണ നിറവ്യത്യാസം സംഭവിക്കുന്നതും തലമുടി കൊഴിയുന്നതുമെല്ലാം മനസ്സിലാവുന്നു. നമുക്കു കുറച്ചൊക്കെ ഓർമക്കുറവും സംഭവിച്ചേക്കാം. കുട്ടികൾ വിവാഹം കഴിക്കുമ്പോഴും പിന്നീട്‌ അവർക്കു കുട്ടികളുണ്ടാവുമ്പോഴും പുതിയ ബന്ധങ്ങൾ വികാസം പ്രാപിക്കുന്നു. ചിലരെ സംബന്ധിച്ചിടത്തോളം ലൗകിക ജോലിയിൽനിന്നു വിരമിക്കുന്നതു ജീവിതത്തിൽ വ്യത്യസ്‌ത ദിനചര്യക്കു കാരണമാകുന്നു.

2 വാസ്‌തവത്തിൽ, പ്രായാധിക്യം ക്ലേശകരമായിരിക്കാവുന്നതാണ്‌. (സഭാപ്രസംഗി 12:1-8) എന്നാലും, ബൈബിൾ കാലങ്ങളിലെ ദൈവദാസരുടെ കാര്യം പരിചിന്തിക്കുക. അവർ അവസാനം മരണത്തിന്‌ ഇരയായെങ്കിലും, അവർക്കു വാർധക്യത്തിൽ വലിയ സംതൃപ്‌തി നേടിക്കൊടുത്ത ജ്ഞാനവും ഗ്രാഹ്യവും അവർ നേടി. (ഉല്‌പത്തി 25:8; 35:29; ഇയ്യോബ്‌ 12:12; 42:17) സന്തുഷ്ടിയോടെ വൃദ്ധരായിത്തീരുന്നതിൽ അവർ വിജയിച്ചതെങ്ങനെ? തീർച്ചയായും അതു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതായി നാം ഇന്നു കാണുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിച്ചതിനാലായിരുന്നു.—സങ്കീർത്തനം 119:105; 2 തിമൊഥെയൊസ്‌ 3:16, 17.

3. വൃദ്ധന്മാർക്കും വൃദ്ധമാർക്കും പൗലോസ്‌ എന്തു ബുദ്ധ്യുപദേശം നൽകി?

3 തീത്തൊസിനുള്ള തന്റെ ലേഖനത്തിൽ, വൃദ്ധരായിത്തീരുന്നവർക്കു പൗലോസ്‌ അപ്പോസ്‌തലൻ ഈടുറ്റ മാർഗനിർദേശം കൊടുത്തു. അവൻ ഇപ്രകാരം എഴുതി: “വൃദ്ധന്മാർ നിർമ്മദവും [“മിതശീലരും,” NW] ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്‌നേഹത്തിലും സഹിഷ്‌ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം . . . വൃദ്ധമാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം.” (തീത്തൊസ്‌ 2:2, 3) ഈ വാക്കുകൾക്കു ചെവികൊടുക്കുന്നതു വൃദ്ധരാകുന്നതിലെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനു നിങ്ങളെ സഹായിക്കാനാവും.

നിങ്ങളുടെ കുട്ടികളുടെ സ്വാതന്ത്ര്യത്തോട്‌ അനുരൂപപ്പെടുക

4, 5. കുട്ടികൾ വീടുവിട്ടുപോകുമ്പോൾ, അനേകം മാതാപിതാക്കളും പ്രതികരിക്കുന്നതെങ്ങനെ, പുതിയ സ്ഥിതിവിശേഷത്തോടു ചിലർ പൊരുത്തപ്പെടുന്നതെങ്ങനെ?

4 നിലകളിൽ മാറ്റംവരുമ്പോൾ അനുരൂപപ്പെടൽ ആവശ്യമാണ്‌. പ്രായപൂർത്തിയെത്തിയ കുട്ടികൾ വിവാഹിതരായി വീടുവിട്ടുപോകുമ്പോൾ ഇത്‌ എത്ര ശരിയാണെന്നു തെളിയുന്നു! അനേകം മാതാപിതാക്കൾക്കും തങ്ങൾ വൃദ്ധരാകുകയാണ്‌ എന്നതു സംബന്ധിച്ചുള്ള ആദ്യത്തെ ഓർമിപ്പിക്കലാണത്‌. തങ്ങളുടെ കുട്ടി പ്രായപൂർത്തിയെത്തിയതിൽ സന്തുഷ്ടരെങ്കിലും, സ്വതന്ത്രരായി നിലനിൽക്കുന്നതിനു കുട്ടികളെ സജ്ജരാക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്‌തോ എന്നോർത്തു മാതാപിതാക്കൾ പലപ്പോഴും വിഷമിക്കുന്നു. അവർ വീട്ടിലില്ലാത്തതിലും അവർക്കു വിഷമം തോന്നാം.

5 മക്കൾ വീടുവിട്ടതിനുശേഷംപോലും, മാതാപിതാക്കൾ മക്കളുടെ ക്ഷേമത്തിൽ തുടർന്നും താത്‌പര്യം കാട്ടുന്നതു മനസ്സിലാക്കാവുന്നതാണ്‌. “അവർ സുഖമായിരിക്കുന്നുവെന്ന്‌ എനിക്കൊരു ഉറപ്പുണ്ടാകാൻ ഇടയ്‌ക്കിടെ അവരിൽനിന്നുള്ള വിവരം ലഭിച്ചിരുന്നെങ്കിൽ—അത്‌ എന്നെ സന്തുഷ്ടയാക്കുമായിരുന്നു,” ഒരു അമ്മ പറഞ്ഞു. ഒരു പിതാവ്‌ ഇങ്ങനെ വിവരിക്കുന്നു: “ഞങ്ങളുടെ മകൾ വീടുവിട്ടുപോയപ്പോൾ, അതു വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ അതു വലിയൊരു വിടവുണ്ടാക്കി. കാരണം ഞങ്ങൾ ഒരുമിച്ചായിരുന്നു എല്ലായ്‌പോഴും എല്ലാം ചെയ്‌തിരുന്നത്‌.” തങ്ങളുടെ കുട്ടികളുടെ അസാന്നിധ്യത്തെ ഈ മാതാപിതാക്കൾ നേരിട്ടത്‌ എങ്ങനെയായിരുന്നു? അനേകരുടെയും കാര്യത്തിൽ, മറ്റുള്ളവരിൽ താത്‌പര്യം കാട്ടിയും അവരെ സഹായിച്ചുമായിരുന്നു.

6. കുടുംബബന്ധങ്ങളെ അവയുടെ ഉചിതമായ കാഴ്‌ചപ്പാടിൽ നിർത്താൻ സഹായിക്കുന്നതെന്ത്‌?

6 കുട്ടികൾ വിവാഹിതരാകുമ്പോൾ, മാതാപിതാക്കളുടെ നിലയ്‌ക്കു മാറ്റം വരുന്നു. ഉല്‌പത്തി 2:24 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്‌.) ശിരഃസ്ഥാനത്തിന്റെയും നല്ല ക്രമത്തിന്റെയും ദൈവിക തത്ത്വങ്ങൾ അംഗീകരിക്കുന്നത്‌ സംഗതികൾ അവയുടെ ഉചിതമായ കാഴ്‌ചപ്പാടിൽ കാണാൻ മാതാപിതാക്കളെ സഹായിക്കും.—1 കൊരിന്ത്യർ 11:3; 14:33, 40.

7. പെൺമക്കൾ വിവാഹിതരായി മാറിത്താമസിച്ചപ്പോൾ ഒരു പിതാവ്‌ ഏത്‌ ഉത്തമ മനോഭാവം നട്ടുവളർത്തി?

7 ഒരു ദമ്പതികളുടെ രണ്ടു പെൺകുട്ടികൾ വിവാഹിതരായി വേറെ സ്ഥലത്തേക്കു പോയതിനുശേഷം, പ്രസ്‌തുത ദമ്പതികൾക്ക്‌ തങ്ങളുടെ ജീവിതത്തിൽ ഒരു ശൂന്യത അനുഭവപ്പെട്ടു. ആദ്യമൊക്കെ, ഭർത്താവിനു മരുമക്കളോട്‌ അമർഷം തോന്നി. എന്നാൽ ശിരഃസ്ഥാന തത്ത്വത്തെക്കുറിച്ച്‌ അദ്ദേഹം വിചിന്തനം ചെയ്‌തപ്പോൾ, പുത്രിമാരുടെ ഭർത്താക്കന്മാർക്ക്‌ ഇപ്പോൾ അവരവരുടെ കുടുംബകാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട്‌, തന്റെ പുത്രിമാർ ഉപദേശം ആവശ്യപ്പെട്ടപ്പോൾ, അവരുടെ ഭർത്താക്കന്മാർ എന്തു വിചാരിക്കുന്നുവെന്ന്‌ അദ്ദേഹം അവരോടു ചോദിച്ചതിനുശേഷമാണ്‌ താൻ കഴിയുന്നത്ര പിന്തുണയ്‌ക്കാമെന്ന്‌ ഉറപ്പുകൊടുത്തത്‌. അദ്ദേഹത്തിന്റെ മരുമക്കൾ ഇപ്പോൾ അദ്ദേഹത്തെ ഒരു സുഹൃത്തായി വീക്ഷിച്ച്‌ അദ്ദേഹത്തിന്റെ ഉപദേശം സ്വാഗതം ചെയ്യുന്നു.

8, 9. പ്രായപൂർത്തിയായ കുട്ടികളുടെ സ്വാതന്ത്ര്യത്തോടു ചില മാതാപിതാക്കൾ പൊരുത്തപ്പെട്ടിരിക്കുന്നതെങ്ങനെ?

8 നവദമ്പതികൾ തിരുവെഴുത്തുവിരുദ്ധമായ യാതൊന്നും ചെയ്യുന്നില്ലെങ്കിലും, മാതാപിതാക്കൾ ഏറ്റവും ഉചിതമെന്നു വിചാരിക്കുന്നതു ചെയ്യാൻ പരാജയപ്പെടുന്നെങ്കിലോ? “യഹോവയുടെ കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കാൻ ഞങ്ങൾ അവരെ എല്ലായ്‌പോഴും സഹായിക്കുന്നു. എന്നാൽ അവരുടെ ഒരു തീരുമാനത്തോടു ഞങ്ങൾ യോജിക്കുന്നില്ലെങ്കിൽ, ഞങ്ങൾ അത്‌ അംഗീകരിക്കുകയും അവർക്കു ഞങ്ങളുടെ പിന്തുണയും പ്രോത്സാഹനവും കൊടുക്കുകയും ചെയ്യുന്നു,” വിവാഹിതരായ കുട്ടികളുള്ള ഒരു ദമ്പതികൾ വിശദീകരിക്കുന്നു.

9 ചില ഏഷ്യൻ രാജ്യങ്ങളിൽ, ആൺമക്കളുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കാൻ ചില അമ്മമാർക്കു വിശേഷാൽ ബുദ്ധിമുട്ടുതോന്നുന്നു. എന്നിരുന്നാലും, അവർ ക്രിസ്‌തീയ ക്രമവും ശിരഃസ്ഥാനവും ആദരിക്കുന്നെങ്കിൽ, മക്കളുടെ ഭാര്യമാരുമായുള്ള ഉരസ്സൽ കുറഞ്ഞുവരുന്നതായി അവർ കണ്ടെത്തും. കുടുംബത്തിൽനിന്നുള്ള ആൺമക്കളുടെ വേർപാട്‌ “വർധിച്ചുകൊണ്ടിരിക്കുന്ന കൃതജ്ഞതയുടെ ഉറവാ”യിരിക്കുകയാണെന്ന്‌ ഒരു ക്രിസ്‌തീയ സ്‌ത്രീ മനസ്സിലാക്കുന്നു. തങ്ങളുടെ പുതുഭവനങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള അവരുടെ പ്രാപ്‌തി കാണുന്നതിൽ അവൾ പുളകമണിയുന്നു. ക്രമത്തിൽ, ഇതു വൃദ്ധരാകുന്നതോടെ അവരും ഭർത്താവും പേറേണ്ടിവരുന്ന ശാരീരികവും മാനസികവുമായ ഭാരം കുറഞ്ഞുവരുന്നതിനെ അർഥമാക്കിയിട്ടുണ്ട്‌.

നിങ്ങളുടെ വിവാഹബന്ധത്തെ കരുത്തുറ്റതാക്കൽ

10, 11. മധ്യവയസ്‌കർക്കു നേരിടുന്ന കെണികളിൽ ചിലത്‌ ഒഴിവാക്കാൻ ഏതു തിരുവെഴുത്തു ബുദ്ധ്യുപദേശം സഹായിക്കും?

10 മധ്യവയ്‌സകരാകുന്നതിനോടുള്ള ആളുകളുടെ പ്രതികരണം വ്യത്യസ്‌ത വിധങ്ങളിലായിരിക്കും. യുവത്വം തോന്നിപ്പിക്കാൻ ചില പുരുഷന്മാർ വ്യത്യസ്‌തമായി വസ്‌ത്രധാരണം ചെയ്യുന്നു. ആർത്തവവിരാമത്താൽ ഉളവാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ അനേകം സ്‌ത്രീകളും വിഷമിക്കുന്നു. വിപരീത ലിംഗവർഗത്തിൽപ്പെട്ട യുവപ്രായക്കാരുമായി കൊഞ്ചിക്കുഴഞ്ഞുകൊണ്ട്‌, ചില മധ്യവയസ്‌കർ തങ്ങളുടെ ഇണകൾക്ക്‌ അമർഷവും അസൂയയും വരുത്തുന്നുവെന്നതു സങ്കടകരംതന്നെ. എന്നിരുന്നാലും, ദൈവികരായ പ്രായംചെന്ന പുരുഷന്മാർ “സുബോധമുള്ള”വരായി അനുചിത മോഹങ്ങളെ നിയന്ത്രിക്കുന്നു. (1 പത്രൊസ്‌ 4:7) അതുപോലെതന്നെ, പക്വതയുള്ള സ്‌ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരോടുള്ള സ്‌നേഹത്തെയും യഹോവയെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹത്തെയുംപ്രതി വിവാഹത്തിന്റെ സ്ഥിരത നിലനിർത്താൻ ശ്രമിക്കുന്നു.

11 നിശ്വസ്‌തതയിൽ, ലെമുവേൽ രാജാവ്‌ “തന്റെ ആയുഷ്‌ക്കാലമൊക്കെയും” ഭർത്താവിനു “തിന്മയല്ല നന്മ തന്നെ ചെയ്യുന്ന” “സാമർത്ഥ്യമുള്ള ഭാര്യ”യ്‌ക്കുള്ള പ്രശംസ രേഖപ്പെടുത്തുകയുണ്ടായി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്‌.) മധ്യവയസ്‌കയാവുന്ന വർഷങ്ങളിൽ ഭാര്യ അനുഭവിക്കുന്ന വൈകാരിക പിരിമുറുക്കങ്ങൾ നേരിടാൻ അവൾ എങ്ങനെ പാടുപെടുന്നുവെന്നു മനസ്സിലാക്കാൻ ഒരു ക്രിസ്‌തീയ ഭർത്താവു പരാജയപ്പെടുകയില്ല. അയാളുടെ സ്‌നേഹം ‘അവളെ പ്രശംസിക്കാ’ൻ അയാൾക്കു പ്രേരണയേകും.—സദൃശവാക്യങ്ങൾ 31:10, 12, 28.

12. വർഷങ്ങൾ കടന്നുപോകുന്നതനുസരിച്ച്‌ ദമ്പതികൾക്കു കൂടുതൽ അടുക്കാൻ കഴിയുന്നതെങ്ങനെ?

12 കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന തിരക്കുപിടിച്ച വർഷങ്ങളിൽ, കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു നിങ്ങൾ രണ്ടുപേരും നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾ സന്തോഷപൂർവം മാറ്റിവെച്ചിരിക്കാം. അവർ വേർപെട്ടുപോയതിനുശേഷം, ഇപ്പോൾ നിങ്ങളുടെ വിവാഹജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയമാണ്‌. “എന്റെ പുത്രിമാർ വീടുവിട്ടുപോയപ്പോൾ, ഞാൻ എന്റെ ഭാര്യയുമായി കോർട്ടിങ്‌ വീണ്ടും തുടങ്ങി,” ഒരു ഭർത്താവു പറയുന്നു. “ഞങ്ങൾ പരസ്‌പരം ഇരുവരുടെയും ആരോഗ്യത്തിനു ശ്രദ്ധകൊടുക്കുകയും വ്യായാമം ആവശ്യമാണെന്ന്‌ പരസ്‌പരം ഓർപ്പിക്കുകയും ചെയ്യുന്നു” എന്നു മറ്റൊരു ഭർത്താവ്‌ പറയുന്നു. ഏകാന്തത തോന്നാതിരിക്കാൻ അദ്ദേഹവും ഭാര്യയും സഭയിലെ മറ്റ്‌ അംഗങ്ങളോട്‌ അതിഥിപ്രിയം കാട്ടുന്നു. അതേ, മറ്റുള്ളവരിൽ താത്‌പര്യം പ്രകടമാക്കുന്നത്‌ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. അതിലുപരി, അതു യഹോവയെ പ്രീതിപ്പെടുത്തുന്നു.—ഫിലിപ്പിയർ 2:4; എബ്രായർ 13:2, 16.

13. ദമ്പതികൾക്കു പ്രായമേറുന്നതനുസരിച്ച്‌ തുറന്ന മനഃസ്ഥിതിയും സത്യസന്ധതയും എന്തു പങ്കു വഹിക്കുന്നു?

13 നിങ്ങൾക്കും ഇണയ്‌ക്കുമിടയിൽ ഒരു ആശയവിനിമയ വിടവു വികാസം പ്രാപിക്കാൻ അനുവദിക്കരുത്‌. പരസ്‌പരം തുറന്നു സംസാരിക്കുക. (സദൃശവാക്യങ്ങൾ 17:27) “പരിപാലനമേകിക്കൊണ്ടും പരിഗണനയുള്ളവരായിരുന്നുംകൊണ്ട്‌ ഞങ്ങൾ പരസ്‌പര ധാരണ ആഴത്തിലുള്ളതാക്കുന്നു,” ഒരു ഭർത്താവ്‌ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തോടു യോജിച്ചുകൊണ്ടു ഭാര്യ പറയുന്നു: “ഞങ്ങൾ വൃദ്ധരായതോടെ, ഒരുമിച്ചു ചായ കുടിക്കുന്നതും സംഭാഷണത്തിലേർപ്പെടുന്നതും ആസ്വദിക്കാനിടയായിരിക്കുന്നു, കൂടാതെ പരസ്‌പരം സഹകരിക്കുകയും ചെയ്യുന്നു.” നിങ്ങൾ തുറന്നിടപെടുന്നതും സത്യസന്ധരായിരിക്കുന്നതും, വിവാഹത്തെ തകർക്കുന്നവനായ സാത്താന്റെ ആക്രമണങ്ങളെ വിഫലമാക്കുന്ന, പൂർവസ്ഥിതിപ്രാപ്‌തി നൽകി, വിവാഹബന്ധത്തെ കൂട്ടിയുറപ്പിക്കുന്നതിനു സഹായിക്കാനാവും.

നിങ്ങളുടെ കൊച്ചുമക്കളെ ആസ്വദിക്കുവിൻ

14. തിമോത്തി ഒരു ക്രിസ്‌ത്യാനിയായി വളർന്നുവരുന്നതിൽ അവന്റെ വല്യമ്മ വഹിച്ച പങ്ക്‌ എന്ത്‌?

14 കൊച്ചുമക്കൾ വൃദ്ധർക്കു “കിരീട”മാകുന്നു. (സദൃശവാക്യങ്ങൾ 17:6) കൊച്ചുമക്കളുടെ സൗഹൃദം സത്യമായും സജീവവും നവോന്മേഷപ്രദവുമായ ഒരു ആനന്ദമായിരിക്കാൻ കഴിയും. പുത്രി യൂനീക്കയോടൊപ്പം തന്റെ വിശ്വാസങ്ങൾ കൊച്ചുമകൻ തിമോത്തിയുമായി പങ്കുവെച്ച ഒരു വല്യമ്മയായിരുന്ന ലോവീസിനെക്കുറിച്ചു ബൈബിൾ യഥോചിതം സംസാരിക്കുന്നു. തന്റെ അമ്മയും വല്യമ്മയും ബൈബിൾ സത്യത്തെ വിലമതിച്ചിരുന്നുവെന്ന അറിവോടെയാണ്‌ ഈ യുവാവു വളർന്നുവന്നത്‌.—2 തിമൊഥെയൊസ്‌ 1:5; 3:14, 15.

15. കൊച്ചുമക്കളുടെ കാര്യത്തിൽ വല്യമ്മവല്യപ്പന്മാർക്കു മൂല്യവത്തായ എന്തു സംഭാവന ചെയ്യാനാവും, എന്നാൽ അവർ എന്ത്‌ ഒഴിവാക്കണം?

15 അപ്പോൾ, വല്യമ്മവല്യപ്പന്മാർക്ക്‌ ഏറ്റവും മൂല്യവത്തായ ഒരു സംഭാവന ചെയ്യാൻ കഴിയുന്ന ഒരു പ്രത്യേക മേഖലയിതാ. വല്യമ്മവല്യപ്പന്മാരേ, യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവു നിങ്ങളുടെ മക്കളുമായി ഇതിനോടകംതന്നെ പങ്കുവെച്ചിട്ടുണ്ടല്ലോ. ഇപ്പോൾ നിങ്ങൾക്കു മറ്റൊരു തലമുറയോടും അങ്ങനെതന്നെ ചെയ്യാൻ കഴിയും! വല്യമ്മവല്യപ്പന്മാർ ബൈബിൾ കഥകൾ പറഞ്ഞുകൊടുക്കുന്നതു കേട്ട്‌ ഇളംപ്രായക്കാരായ അനേകം കുട്ടികളും പുളകംകൊള്ളുന്നു. തീർച്ചയായും, കുട്ടികളിൽ ബൈബിൾ സത്യങ്ങൾ ഉൾനടുന്നതിനുള്ള പിതാവിന്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുന്നില്ല. (ആവർത്തനപുസ്‌തകം 6:7) മറിച്ച്‌, നിങ്ങൾ അതിലേക്കു കൂടുതലായ സംഭാവന ചെയ്യുകയാണ്‌. നിങ്ങളുടെ പ്രാർഥന സങ്കീർത്തനക്കാരന്റേതുപോലെയാകട്ടെ: “ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യ പ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”—സങ്കീർത്തനം 71:18; 78:5, 6.

16. കുടുംബത്തിൽ സമ്മർദമുണ്ടാകാൻ കാരണക്കാരായിത്തീരുന്നത്‌ ഒഴിവാക്കാൻ വല്യമ്മവല്യപ്പന്മാർക്ക്‌ എങ്ങനെ കഴിയും?

16 സങ്കടകരമെന്നു പറയട്ടെ, ചില വല്യമ്മവല്യപ്പന്മാർ കൊച്ചുമക്കളെ അങ്ങേയറ്റം ലാളിക്കുന്നു. തുടർന്നു വല്യമ്മവല്യപ്പന്മാർക്കും അവരുടെ മുതിർന്ന മക്കൾക്കുമിടയിൽ സംഘർഷം വികാസംപ്രാപിക്കുന്നു. നിങ്ങളുടെ ആത്മാർഥതയോടെയുള്ള ദയാവായ്‌പ്‌ കൊച്ചുമക്കൾ നിങ്ങളോടു സ്വകാര്യം പറയുന്നത്‌ ഒരുപക്ഷേ എളുപ്പമാക്കിത്തീർത്തേക്കാം. അതേസമയം സ്വന്തം മാതാപിതാക്കളോട്‌ അവ വെളിപ്പെടുത്താൻ അവർക്കൊട്ടു ചായ്‌വു തോന്നുകയുമില്ല. തങ്ങളോട്‌ അനുഭാവം കാട്ടുന്ന വല്യമ്മവല്യപ്പന്മാർ മാതാപിതാക്കൾക്കെതിരെ തങ്ങളെ പിന്തുണയ്‌ക്കുമെന്നു ചിലപ്പോൾ കൊച്ചുമക്കൾ പ്രത്യാശിക്കുന്നു. അപ്പോഴോ? ജ്ഞാനപൂർവം ഇടപെടുകയും അവരുടെ മാതാപിതാക്കളുമായി തുറന്നിടപെടാൻ നിങ്ങളുടെ കൊച്ചുമക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇതു യഹോവയെ പ്രീതിപ്പെടുത്തുമെന്നു നിങ്ങൾക്കു വിശദമാക്കാൻ കഴിയും. (എഫെസ്യർ 6:1-3) അത്യാവശ്യമെങ്കിൽ, തങ്ങളുടെ മാതാപിതാക്കളെ സമീപിക്കുന്നതിനു കൊച്ചുമക്കൾക്കു വേണ്ടി വഴിയൊരുക്കുന്നതിന്‌ അവരുടെ മാതാപിതാക്കളുമായി സംസാരിക്കാൻ നിങ്ങൾക്കു മനസ്സുകാട്ടാവുന്നതാണ്‌. നിങ്ങൾ വർഷങ്ങൾകൊണ്ടു പഠിച്ച സംഗതികളെക്കുറിച്ച്‌ അവരോടു തുറന്നു സംസാരിക്കുക. നിങ്ങളുടെ സത്യസന്ധതയ്‌ക്കും നിഷ്‌കപടതയ്‌ക്കും അവർക്കു പ്രയോജനം ചെയ്യാൻ കഴിയും.

വയസ്സാകുന്നതനുസരിച്ച്‌ പൊരുത്തപ്പെടുക

17. വൃദ്ധരായിക്കൊണ്ടിരിക്കുന്ന ക്രിസ്‌ത്യാനികൾ സങ്കീർത്തനക്കാരന്റെ ഏതു ദൃഢനിശ്ചയം അനുകരിക്കണം?

17 വർഷങ്ങൾ കടന്നുപോകുന്നതോടെ, നിങ്ങൾ പതിവായി ചെയ്‌തിരുന്നതോ നിങ്ങൾ ആഗ്രഹിക്കുന്നതോ ആയ സകല സംഗതികളും നിങ്ങൾക്കു ചെയ്യാൻ കഴിയുന്നില്ലെന്നു നിങ്ങൾ മനസ്സിലാക്കും. വാർധക്യപ്രക്രിയയുമായി ഒരാൾ എങ്ങനെ പൊരുത്തപ്പെടും? നിങ്ങൾക്കു 30 വയസ്സേയുള്ളൂ എന്നാവാം നിങ്ങൾക്കു മനസ്സിൽ തോന്നുക. എന്നാൽ കണ്ണാടിയിൽ നോക്കുമ്പോൾ യാഥാർഥ്യം മറ്റൊന്നാണെന്നു വെളിപ്പെടും. നിരുത്സാഹിതരാകരുത്‌. സങ്കീർത്തനക്കാരൻ യഹോവയോട്‌ ഇങ്ങനെ അഭ്യർഥിക്കുകയുണ്ടായി: “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.” സങ്കീർത്തനക്കാരന്റെ നിശ്ചയദാർഢ്യത്തെ അനുകരിക്കുവാൻ നിങ്ങൾ നിശ്ചയിച്ചുറയ്‌ക്കുവിൻ. അവൻ ഇങ്ങനെ പറഞ്ഞു: “ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേൽക്കുമേൽ നിന്നെ സ്‌തുതിക്കും.”—സങ്കീർത്തനം 71:9, 14.

18. പക്വതയുള്ള ഒരു ക്രിസ്‌ത്യാനിക്കു ജോലിയിൽനിന്നു വിരമിച്ചിരിക്കുന്ന അവസ്ഥയെ മൂല്യവത്തായി ഉപയോഗിക്കാൻ കഴിയുന്നതെങ്ങനെ?

18 ലൗകിക ജോലിയിൽനിന്നു വിരമിച്ചശേഷം യഹോവയ്‌ക്കുള്ള തങ്ങളുടെ സ്‌തുതി വർധിപ്പിക്കാൻ അനേകരും നേരത്തെതന്നെ ഒരുങ്ങിയിട്ടുണ്ട്‌. ഇപ്പോൾ, ജോലിയിൽനിന്നു വിരമിച്ച ഒരു പിതാവ്‌ ഇങ്ങനെ വിശദമാക്കുന്നു: “ഞങ്ങളുടെ മകൾ സ്‌കൂൾപഠനം പൂർത്തിയാക്കിക്കഴിയുമ്പോൾ ഞാൻ എന്തു ചെയ്യണമെന്നു ഞാൻ നേരത്തെതന്നെ ആസൂത്രണം ചെയ്‌തു. മുഴുസമയ പ്രസംഗശുശ്രൂഷ തുടങ്ങുമെന്നു ഞാൻ നിശ്ചയിച്ചുറച്ചു. യഹോവയെ കൂടുതൽ തികവിൽ സേവിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതിന്‌ ഞാൻ എന്റെ ബിസിനസ്‌ വിറ്റു. ദൈവത്തിന്റെ മാർഗനിർദേശത്തിനായി ഞാൻ പ്രാർഥിച്ചു.” നിങ്ങൾക്കു ജോലിയിൽനിന്നു വിരമിക്കാനുള്ള പ്രായം അടുത്തുകൊണ്ടിരിക്കുകയാണെങ്കിൽ, നമ്മുടെ മഹദ്‌സ്രഷ്ടാവിന്റെ ഈ പ്രഖ്യാപനത്തിൽ ആശ്വാസം കൊള്ളുക: “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻതന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും.”—യെശയ്യാവു 46:4.

19. വൃദ്ധരായിത്തീരുന്നവർക്ക്‌ എന്തു ബുദ്ധ്യുപദേശം നൽകപ്പെടുന്നു?

19 ലൗകിക ജോലിയിൽനിന്നു വിരമിച്ച അവസ്ഥയുമായി ഇണങ്ങുന്നത്‌ എളുപ്പമല്ല. വൃദ്ധന്മാർ “മിതശീല”രായിരിക്കണമെന്നു പൗലോസ്‌ അപ്പോസ്‌തലൻ ബുദ്ധ്യുപദേശിക്കുകയുണ്ടായി. ആയാസരഹിതമായ ഒരു ജീവിതം അന്വേഷിക്കാനുള്ള ചായ്‌വിനു വഴങ്ങാത്ത സാമാന്യ സംയമനം ഇതിന്‌ ആവശ്യമാണ്‌. ജോലിയിൽനിന്നു വിരമിച്ചശേഷം ദിനചര്യക്കും ആത്മശിക്ഷണത്തിനും മുമ്പത്തെക്കാൾ കൂടുതലായ ആവശ്യമുണ്ടായേക്കാം. “നിങ്ങളുടെ പ്രയത്‌നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്ന”വരായി, നിങ്ങൾക്കു പ്രാപ്‌തിയുള്ളതുപോലെ, തിരക്കുള്ളവരായിരിക്കുക. (1 കൊരിന്ത്യർ 15:58) മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള നിങ്ങളുടെ പ്രവൃത്തികൾ വിപുലീകരിക്കുവിൻ. (2 കൊരിന്ത്യർ 6:13) തങ്ങളുടെ പ്രായത്തിനൊത്തപോലെ സതീക്ഷ്‌ണം സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ അനേകം ക്രിസ്‌ത്യാനികളും ഇതു ചെയ്യുന്നുണ്ട്‌. നിങ്ങൾ വാർധക്യം പ്രാപിക്കുന്നതനുസരിച്ച്‌, “വിശ്വാസത്തിലും സ്‌നേഹത്തിലും സഹിഷ്‌ണുതയിലും ആരോഗ്യമുള്ളവരാ”യിരിക്കുവിൻ.—തീത്തൊസ്‌ 2:2.

നിങ്ങളുടെ ഇണയുടെ നഷ്ടം നേരിടൽ

20, 21. (എ) ഈ വ്യവസ്ഥിതിയിൽ, വിവാഹിത ദമ്പതികളെ അവസാനം എന്തു വേർപിരിക്കും? (ബി) വിയോഗം നേരിട്ട ഇണകൾക്കു ഹന്നാ ഒരു ഉത്തമ മാതൃക പ്രദാനം ചെയ്യുന്നതെങ്ങനെ?

20 ഈ വ്യവസ്ഥിതിയിൽ, മരണം വിവാഹ ദമ്പതികളെ അവസാനം വേർപിരിക്കുമെന്നതു സങ്കടകരമെങ്കിലും സത്യമായ ഒരു വസ്‌തുതയാണ്‌. തങ്ങളുടെ പ്രിയപ്പെട്ടവർ ഇപ്പോൾ നിദ്രയിലാണെന്നു വിയോഗം നേരിട്ട ക്രിസ്‌തീയ ഇണകൾക്ക്‌ അറിയാം. മാത്രവുമല്ല, അവരെ വീണ്ടും കാണുമെന്ന്‌ അവർക്ക്‌ ഉറപ്പുമുണ്ട്‌. (യോഹന്നാൻ 11:11, 25) എന്നാൽ നഷ്ടം അപ്പോഴും വ്യസനകരമാണ്‌. അതിജീവിക്കുന്ന ഇണയ്‌ക്ക്‌ അതിനെ എങ്ങനെ നേരിടാം? *

21 ചില ബൈബിൾ കഥാപാത്രങ്ങൾ ചെയ്‌തതെന്താണെന്ന്‌ അനുസ്‌മരിക്കുന്നതു സഹായകമാണ്‌. ഹന്നാ വിവാഹിതയായി കേവലം ഏഴു വർഷം കഴിഞ്ഞപ്പോഴേക്കും വിധവയായി. നാം അവരെക്കുറിച്ചു വായിക്കുമ്പോൾ, അവർക്ക്‌ 84 വയസ്സായിരുന്നു. ഭർത്താവിന്റെ നഷ്ടത്തിൽ അവർ അത്യധികം ദുഃഖിച്ചുവെന്നതിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവർ അതിനെ തരണം ചെയ്‌തതെങ്ങനെ? അവൾ ആലയത്തിൽ യഹോവയാം ദൈവത്തിനു രാപകൽ വിശുദ്ധസേവനം അർപ്പിച്ചു. (ലൂക്കൊസ്‌ 2:36-38) ഹന്നായുടെ പ്രാർഥനാനിർഭരമായ, സേവനത്തിന്റേതായ ജീവിതം നിസ്സംശയമായും വിധവ എന്നനിലയിൽ അവൾ അനുഭവിച്ച ദുഃഖത്തിനും ഏകാന്തതയ്‌ക്കുമുള്ള ഒരു വലിയ പ്രത്യൗഷധമായിരുന്നു.

22. ചില വിധവമാരും വിഭാര്യരും ഏകാന്തതയെ നേരിട്ടിരിക്കുന്നതെങ്ങനെ?

22 പത്തുവർഷംമുമ്പു വിധവയായിത്തീർന്ന ഒരു 72-വയസ്സുകാരി ഇങ്ങനെ വിശദമാക്കുന്നു: “സംസാരിക്കാൻ ഒരു പങ്കാളിയില്ലാത്തതാണ്‌ എന്റെ ഏറ്റവും വലിയ വെല്ലുവിളി. എന്റെ ഭർത്താവു നല്ലൊരു ശ്രോതാവായിരുന്നു. സഭയെക്കുറിച്ചും ക്രിസ്‌തീയ ശുശ്രൂഷയിൽ ഞങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കുമായിരുന്നു.” മറ്റൊരു വിധവ പറയുന്നു: “സമയം എല്ലാം സുഖപ്പെടുത്തുമെങ്കിലും, സുഖമാകാൻ ഒരുവനെ സഹായിക്കുന്നത്‌ ഒരുവൻ തന്റെ സമയംകൊണ്ട്‌ എന്തു ചെയ്യുന്നു എന്നതാണെന്നു പറയുന്നതാവും കൂടുതൽ ശരി എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മെച്ചപ്പെട്ട ഒരു സ്ഥാനത്താണു നിങ്ങൾ.” 67 വയസ്സുള്ള ഒരു വിഭാര്യൻ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യോജിപ്പുപ്രകടമാക്കുന്നു: “വിയോഗത്തെ നേരിടാനുള്ള ഒരു അത്ഭുതകരമായ വിധം മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ഇറങ്ങിത്തിരിക്കുക എന്നതാണ്‌.”

വാർധക്യത്തിൽ ദൈവത്താൽ വിലമതിക്കപ്പെടുന്നു

23, 24. വൃദ്ധർക്ക്‌, വിശേഷിച്ച്‌ വിധവമാർക്ക്‌, ബൈബിൾ എന്തു വലിയ ആശ്വാസം പ്രദാനം ചെയ്യുന്നു?

23 പ്രിയപ്പെട്ട ഒരു ഇണയെ മരണം വേർപിരിക്കുന്നുവെങ്കിലും, യഹോവ എന്നും വിശ്വസ്‌തനായി, എന്നും ഉറപ്പുള്ളവനായി, നിലകൊള്ളുകയാണ്‌. പുരാതന നാളിലെ ദാവീദ്‌ രാജാവ്‌ പാടി: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്‌കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.”—സങ്കീർത്തനം 27:4.

24 “സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക,” പൗലോസ്‌ അപ്പോസ്‌തലൻ ഉദ്‌ബോധിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 5:3) അടുത്ത ബന്ധുക്കളില്ലാത്ത യോഗ്യരായ വിധവമാർക്കു സഭയിൽനിന്നുള്ള ഭൗതിക സഹായം ആവശ്യമുണ്ടായിരുന്നിരിക്കാമെന്ന്‌ ഈ പ്രബോധനത്തെത്തുടർന്നുള്ള ബുദ്ധ്യുപദേശം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, “മാനിക്ക” എന്ന പ്രബോധനത്തിന്റെ അർഥത്തിൽ അവരെ വിലമതിക്കുന്നതിന്റെ ആശയം ഉൾപ്പെടുന്നുണ്ട്‌. യഹോവ തങ്ങളെ വിലമതിക്കുന്നുവെന്നും താങ്ങുമെന്നുമുള്ള അറിവിൽനിന്നു ദൈവഭക്തരായ വിധവമാർക്കും വിഭാര്യർക്കും എന്തൊരാശ്വാസമാണു ലഭിക്കുന്നത്‌!—യാക്കോബ്‌ 1:27.

25. വൃദ്ധർക്കായി എന്തു ലക്ഷ്യം ഇപ്പോഴും നിലനിൽക്കുന്നു?

25 “വൃദ്ധരുടെ നര അവരുടെ ഭൂഷണം” എന്നു ദൈവത്തിന്റെ നിശ്വസ്‌ത വചനം പ്രഖ്യാപിക്കുന്നു. അത്‌ “നീതിമാർഗത്തിൽ കാണപ്പെടുമ്പോൾ സൗന്ദര്യത്തിന്റെ ഒരു കിരീടമാകുന്നു.” (സദൃശവാക്യങ്ങൾ 16:31, NW; 20:29) അതിനാൽ, വീണ്ടും വിവാഹിതരോ ഏകാകികളോ ആയിത്തീർന്നാലും, നിങ്ങളുടെ ജീവിതത്തിൽ യഹോവയുടെ സേവനം ഒന്നാമതുവെക്കുന്നതിൽ തുടരുക. അങ്ങനെ ഇപ്പോൾ ദൈവവുമായി നിങ്ങൾക്ക്‌ ഒരു നല്ല പേരും വാർധക്യത്തിന്റെ വേദനകൾ മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത ഒരു ലോകത്തിലെ നിത്യജീവന്റെ പ്രത്യാശയും ഉണ്ടായിരിക്കും.—സങ്കീർത്തനം 37:3-5; യെശയ്യാവു 65:20.

^ ഈ വിഷയത്തെക്കുറിച്ച്‌ കൂടുതൽ വിശദമായ ഒരു ചർച്ചയ്‌ക്ക്‌, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ച നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക കാണുക.