വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിനാറ്‌

നിങ്ങളുടെ കുടുംബത്തിനു നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുക

നിങ്ങളുടെ കുടുംബത്തിനു നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുക

1. കുടുംബക്രമീകരണം സംബന്ധിച്ചു യഹോവയുടെ ഉദ്ദേശ്യമെന്തായിരുന്നു?

 യഹോവ ആദാമിനെയും ഹവ്വായെയും വിവാഹത്തിൽ ഒരുമിപ്പിച്ചപ്പോൾ, രേഖപ്പെടുത്തപ്പെട്ട ഏറ്റവും ആദ്യത്തെ എബ്രായ കവിത ഉച്ചരിച്ചുകൊണ്ട്‌ ആദാം തന്റെ സന്തോഷം പ്രകടിപ്പിച്ചു. (ഉല്‌പത്തി 2:22, 23) എന്നിരുന്നാലും, മനുഷ്യമക്കൾക്കു കേവലം സന്തുഷ്ടി കൈവരുത്തുക മാത്രമായിരുന്നില്ല സ്രഷ്ടാവിന്റെ ഉദ്ദേശ്യം. വിവാഹിത ദമ്പതികളും കുടുംബങ്ങളും തന്റെ ഇഷ്ടം ചെയ്യണമെന്ന്‌ അവൻ ആഗ്രഹിച്ചു. അവൻ ആദ്യ ജോഡിയോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്‌പത്തി 1:28) എത്ര മഹത്തായ, പ്രതിഫലദായകമായ നിയമനമായിരുന്നു അത്‌! യഹോവയുടെ ഹിതം നിവർത്തിക്കുന്നതിൽ ആദാമും ഹവ്വായും സമ്പൂർണ അനുസരണം കാട്ടിയിരുന്നെങ്കിൽ, അവരും അവരുടെ ഭാവി മക്കളും എത്ര സന്തുഷ്ടരാകുമായിരുന്നു!

2, 3. ഇന്നു കുടുംബങ്ങൾക്ക്‌ ഏറ്റവും വലിയ സന്തുഷ്ടി കണ്ടെത്താൻ കഴിയുന്നതെങ്ങനെ?

2 ഒരുമിച്ചു ദൈവേഷ്ടം ചെയ്യുമ്പോൾ ഇന്നും കുടുംബങ്ങളിൽ അങ്ങേയറ്റം സന്തുഷ്ടിയുണ്ട്‌. പൗലോസ്‌ അപ്പോസ്‌തലൻ എഴുതി: “ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും [“ജീവിതത്തിന്റെയും,” NW] വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” (1 തിമൊഥെയൊസ്‌ 4:8) ദൈവിക ഭക്തിയോടെ ജീവിക്കുകയും ബൈബിളിൽ ഉൾക്കൊണ്ടിരിക്കുന്നപ്രകാരമുള്ള യഹോവയുടെ മാർഗനിർദേശം പിൻപറ്റുകയും ചെയ്യുന്ന കുടുംബം ‘ഇപ്പോഴത്തെ ജീവി’തത്തിൽ സന്തുഷ്ടി കണ്ടെത്തും. (സങ്കീർത്തനം 1:1-3; 119:105; 2 തിമൊഥെയൊസ്‌ 3:16) കുടുംബത്തിലെ ഒരംഗം മാത്രമാണു ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതെങ്കിൽപ്പോലും, ആരും ബാധകമാക്കാത്തതിനെക്കാളും മെച്ചമായിരിക്കും സ്ഥിതിവിശേഷം.

3 കുടുംബസന്തുഷ്ടിക്ക്‌ ആക്കം കൂട്ടുന്ന അനേകം ബൈബിൾ തത്ത്വങ്ങൾ ഈ പുസ്‌തകം ചർച്ചചെയ്‌തിട്ടുണ്ട്‌. അവയിൽ ചില തത്ത്വങ്ങൾ പുസ്‌തകത്തിലുടനീളം ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എന്തുകൊണ്ട്‌? കുടുംബജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങളിൽ എല്ലാവർക്കും മെച്ചം കൈവരുത്തുന്ന ശക്തമായ സത്യങ്ങൾ അവ പ്രതിനിധാനം ചെയ്യുന്നുവെന്നതാണ്‌ അതിന്റെ കാരണം. ദൈവിക ഭക്തി വാസ്‌തവത്തിൽ ‘ഇപ്പോഴത്തെ ജീവിതത്തിന്റെ വാഗ്‌ദത്തമുള്ള’താണെന്ന്‌ ഈ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ കഠിനമായി ശ്രമിക്കുന്ന ഒരു കുടുംബം തിരിച്ചറിയുന്നു. ഈ പ്രധാനപ്പെട്ട തത്ത്വങ്ങളിൽ നാലെണ്ണം നമുക്കു വീണ്ടും പരിചിന്തിക്കാം.

ആത്മനിയന്ത്രണത്തിന്റെ മൂല്യം

4. വിവാഹത്തിൽ ആത്മനിയന്ത്രണം മർമപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 ശലോമോൻ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ആത്മസംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.” (സദൃശവാക്യങ്ങൾ 25:28; 29:11) ‘ആത്മസംയമനം ഉണ്ടായിരിക്കൽ,’ ആത്മനിയന്ത്രണം പാലിക്കൽ, സന്തുഷ്ട വിവാഹം ആഗ്രഹിക്കുന്നവർക്കു മർമപ്രധാനമാണ്‌. രോഷമോ അധാർമിക കാമമോ പോലുള്ള നാശകരമായ വികാരങ്ങൾക്കു വഴങ്ങുന്നതു ചേതം വരുത്തും, പിന്നെ അതൊക്കെ നേരെയാക്കണമെങ്കിൽ—നേരെയാക്കാൻ സാധിക്കുന്നതാണെങ്കിൽ—വർഷങ്ങൾ വേണ്ടിവരും.

5. ഒരു അപൂർണ മനുഷ്യന്‌ ആത്മനിയന്ത്രണം നട്ടുവളർത്താൻ കഴിയുന്നതെങ്ങനെ, പ്രയോജനങ്ങൾ എന്തെല്ലാം?

5 ആദാമിന്റെ യാതൊരു പിൻഗാമിക്കും തന്റെ അപൂർണ ജഡത്തെ പൂർണമായി നിയന്ത്രിക്കാനാവില്ല. (റോമർ 7:21, 22) എങ്കിലും, ആത്മനിയന്ത്രണം ആത്മാവിന്റെ ഫലമാണ്‌. (ഗലാത്യർ 5:22, 23) അതുകൊണ്ട്‌, നാം ഈ ഗുണത്തിനുവേണ്ടി പ്രാർഥിക്കുന്നെങ്കിൽ, തിരുവെഴുത്തുകളിൽ കാണുന്ന അനുയോജ്യമായ ബുദ്ധ്യുപദേശം നാം ബാധകമാക്കുന്നെങ്കിൽ, അതു പ്രകടമാക്കുന്നവരുമായി നാം സഹവസിക്കുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്നെങ്കിൽ, ദൈവാത്മാവു നമ്മിൽ ആത്മനിയന്ത്രണം ഉളവാക്കും. (സങ്കീർത്തനം 119:100, 101, 130; സദൃശവാക്യങ്ങൾ 13:20; 1 പത്രൊസ്‌ 4:7) നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾപ്പോലും, അത്തരമൊരു ഗതി “ദുർന്നടപ്പു വിട്ടു ഓടു”വാൻ നമ്മെ സഹായിക്കും. (1 കൊരിന്ത്യർ 6:18) നാം അക്രമത്തെ നിരാകരിക്കുകയും മദ്യാസക്തിയെ ഒഴിവാക്കുകയും അല്ലെങ്കിൽ കീഴടക്കുകയും ചെയ്യും. കൂടാതെ പ്രകോപനങ്ങളിലും പ്രയാസകരമായ സാഹചര്യങ്ങളിലും നാം കൂടുതൽ സംയമനത്തോടെ ഇടപെടുന്നതായിരിക്കും. കുട്ടികൾ ഉൾപ്പെടെ എല്ലാവരും ആത്മാവിന്റെ ഈ മർമപ്രധാന ഗുണം നട്ടുവളർത്താൻ പഠിക്കട്ടെ.—സങ്കീർത്തനം 119:1, 2.

ശിരഃസ്ഥാനത്തെക്കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാട്‌

6. (എ) ശിരഃസ്ഥാന ക്രമീകരണത്തിന്റെ ദിവ്യമായി സ്ഥാപിതമായിരിക്കുന്ന ക്രമം എന്ത്‌? (ബി) ശിരഃസ്ഥാനം തന്റെ കുടുംബത്തിനു സന്തുഷ്ടി കൈവരുത്തണമെങ്കിൽ പുരുഷൻ എന്ത്‌ ഓർക്കേണ്ടതുണ്ട്‌?

6 ശിരഃസ്ഥാനത്തെ അംഗീകരിക്കലാണു പ്രധാനപ്പെട്ട തത്ത്വങ്ങളിൽ രണ്ടാമത്തേത്‌. “ഏതു പുരുഷന്റെയും തല ക്രിസ്‌തു, സ്‌ത്രീയുടെ തല പുരുഷൻ, ക്രിസ്‌തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ പൗലോസ്‌ സംഗതികളുടെ ഉചിത ക്രമം വർണിച്ചു. (1 കൊരിന്ത്യർ 11:3) കുടുംബത്തിൽ പുരുഷൻ നേതൃത്വമെടുക്കുന്നുവെന്നും ഭാര്യ അതിനെ വിശ്വസ്‌തതയോടെ പിന്തുണയ്‌ക്കുന്നുവെന്നും കുട്ടികൾ മാതാപിതാക്കളോട്‌ അനുസരണമുള്ളവരാണെന്നുമാണ്‌ അതിനർഥം. (എഫെസ്യർ 5:22-25, 28-33; 6:1-4) എന്നിരുന്നാലും, ഉചിതമായ വിധത്തിൽ കൈകാര്യം ചെയ്യപ്പെടുന്നെങ്കിലേ ശിരഃസ്ഥാനം സന്തുഷ്ടിയിൽ കലാശിക്കുകയുള്ളൂവെന്ന കാര്യം ശ്രദ്ധിക്കുക. ശിരഃസ്ഥാനം ഏകാധിപത്യമല്ലെന്നു ദൈവിക ഭക്തിയോടെ ജീവിക്കുന്ന ഭർത്താക്കന്മാർക്ക്‌ അറിയാം. അവർ തങ്ങളുടെ ശിരസ്സായ യേശുവിനെ അനുകരിക്കുന്നു. “സർവ്വത്തിന്നും മീതെ തലയാ”യിരിക്കേണ്ടവനായിരുന്നിട്ടും യേശു “ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാ”നാണു “വന്നതു.” (എഫെസ്യർ 1:22; മത്തായി 20:28) സമാനമായ ഒരു വിധത്തിൽ, ഒരു ക്രിസ്‌തീയ പുരുഷൻ ശിരഃസ്ഥാനം പ്രയോഗിക്കുന്നത്‌, സ്വന്തം പ്രയോജനത്തിനായിട്ടല്ല മറിച്ച്‌, തന്റെ ഭാര്യയുടെയും മക്കളുടെയും താത്‌പര്യങ്ങളുടെ സംരക്ഷണത്തിനായിട്ടാണ്‌.—1 കൊരിന്ത്യർ 13:4, 5.

7. കുടുംബത്തിലെ തന്റെ ദൈവനിയമിത ഉത്തരവാദിത്വം നിവർത്തിക്കുന്നതിന്‌ ഏതു തിരുവെഴുത്തു തത്ത്വങ്ങൾ ഭാര്യയെ സഹായിക്കും?

7 ഭാര്യയെ സംബന്ധിച്ചിടത്തോളം, ദൈവിക ഭക്തിയോടെ ജീവിക്കുന്നവൾ ഭർത്താവിനോടു മത്സരിക്കുകയോ അദ്ദേഹത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യുകയില്ല. അദ്ദേഹത്തെ പിന്തുണയ്‌ക്കാനും അദ്ദേഹത്തോടൊപ്പം വേലചെയ്യാനും അവൾക്കു സന്തോഷമായിരിക്കും. ഭർത്താവു ഭാര്യയുടെ ശിരസ്സാണെന്നു വ്യക്തമാക്കിക്കൊണ്ട്‌, അവളെ “സ്വന്തമാക്കിയിരിക്കുന്ന” ഒരുവൻ എന്നു ബൈബിൾ ചിലപ്പോഴെല്ലാം പറയുന്നു. (ഉൽപത്തി 20:3, പി.ഒ.സി. ബൈ.) വിവാഹത്തിലൂടെ അവൾ “ഭർത്താവുമായി തന്നെ ബന്ധിപ്പിക്കുന്ന നിയമ”ത്തിൻ കീഴിലായിത്തീരുന്നു. (റോമർ 7:2, പി.ഒ.സി. ബൈ.) അതേസമയം, ബൈബിൾ അവളെ “സഹായി” എന്നും “പൂരകം” എന്നും വിളിക്കുന്നു. (ഉൽപ്പത്തി 2:20, NW) ഭർത്താവിന്‌ ഇല്ലാത്ത ഗുണങ്ങളും പ്രാപ്‌തികളും അവൾ പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്‌ ആവശ്യമായ പിന്തുണ കൊടുക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 31:10-31) ഭാര്യ ഭർത്താവിനോടൊപ്പം പ്രവർത്തിക്കുന്ന ഒരു “പങ്കാളി”യാണെന്നും ബൈബിൾ പറയുന്നു. (മലാഖി 2:14, NW) ഈ തിരുവെഴുത്തു തത്ത്വങ്ങൾ ഓരോരുത്തരുടെയും സ്ഥാനം മനസ്സിലാക്കാനും ഉചിതമായ ആദരവോടും മാന്യതയോടുംകൂടെ പരസ്‌പരം ഇടപെടാനും ഭാര്യയെയും ഭർത്താവിനെയും സഹായിക്കുന്നു.

‘കേൾപ്പാൻ വേഗതയുള്ളവരായിരിക്കുക’

8, 9. തങ്ങളുടെ ആശയവിനിമയ വൈദഗ്‌ധ്യങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ കുടുംബത്തിലെ എല്ലാവരെയും സഹായിക്കുന്ന ചില തത്ത്വങ്ങൾ വിശദീകരിക്കുക.

8 ആശയവിനിമയത്തിന്റെ ആവശ്യം ഈ പുസ്‌തകത്തിൽ കൂടെക്കൂടെ എടുത്തുകാട്ടുന്നുണ്ട്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ആളുകൾ സംസാരിക്കുകയും വാസ്‌തവത്തിൽ പരസ്‌പരം ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ പ്രശ്‌നങ്ങൾ പരിഹരിക്കുക എളുപ്പമാണ്‌. ആശയവിനിമയത്തിൽ രണ്ടു വ്യക്തികളും പരസ്‌പരം ആശയങ്ങൾ കൈമാറുന്നുവെന്നതിന്‌ ആവർത്തിച്ച്‌ ഊന്നൽ കൊടുക്കപ്പെട്ടു. ശിഷ്യനായ യാക്കോബ്‌ അതിങ്ങനെ പ്രകടമാക്കി: ‘കേൾപ്പാൻ വേഗതയും പറവാൻ താമസവുമുള്ളവൻ ആയിരിക്കട്ടെ.’—യാക്കോബ്‌ 1:19.

9 നാം സംസാരിക്കുന്നത്‌ എങ്ങനെ എന്നതു സംബന്ധിച്ചു ശ്രദ്ധാലുക്കളായിരിക്കണമെന്നതും പ്രധാനമാണ്‌. വീണ്ടുവിചാരമില്ലാത്തതും ശണ്‌ഠകൂടുന്നതും, അല്ലെങ്കിൽ രൂക്ഷമായവിധത്തിൽ വിമർശിക്കുന്നതുമായ വാക്കുകൾ വിജയപ്രദമായ ആശയവിനിമയത്തിന്‌ ഉതകുന്നതല്ല. (സദൃശവാക്യങ്ങൾ 15:1; 21:9; 29:11, 20) നമ്മൾ പറയുന്നതു ശരിയായിരിക്കുമ്പോൾപ്പോലും, അതു ക്രൂരമായ, ഗർവിഷ്‌ഠമായ, അല്ലെങ്കിൽ ഔചിത്യബോധമില്ലാത്ത വിധത്തിൽ പ്രകടിപ്പിക്കുന്നെങ്കിൽ, അതു പ്രയോജനത്തെക്കാൾ കൂടുതൽ ദോഷം ചെയ്യാനാണു സാധ്യത. നമ്മുടെ സംസാരം രുചികരമായിരിക്കണം, “ഉപ്പിനാൽ രുചിവരുത്തിയ”തായിരിക്കണം. (കൊലൊസ്സ്യർ 4:6) നമ്മുടെ വാക്കുകൾ “വെള്ളിത്താലത്തിൽ വച്ച സ്വർണ ആപ്പിൾപ്പഴങ്ങൾ പോലെയാ”യിരിക്കണം. (സുഭാഷിതങ്ങൾ 25:11, ഓശാന ബൈബിൾ) നന്നായി ആശയവിനിയമം ചെയ്യാൻ പഠിച്ചിരിക്കുന്ന കുടുംബങ്ങൾ സന്തുഷ്ടി കൈവരിക്കുന്നതിൽ മുന്നേറിയിരിക്കുന്നു.

സ്‌നേഹത്തിന്റെ മർമപ്രധാന പങ്ക്‌

10. വിവാഹത്തിൽ സ്‌നേഹത്തിന്റെ ഏതു രൂപം മർമപ്രധാനമാണ്‌?

10 ഈ പുസ്‌തകത്തിലുടനീളം “സ്‌നേഹം” എന്ന പദം ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്‌. പ്രാഥമികമായി പരാമർശിച്ചിരിക്കുന്ന സ്‌നേഹത്തിന്റെ രൂപം നിങ്ങൾ ഓർക്കുന്നുവോ? പ്രേമാത്മക സ്‌നേഹത്തിനു (ഗ്രീക്കിൽ ഈറോസ്‌) വിവാഹത്തിൽ പ്രധാന പങ്കുണ്ടെന്നതു സത്യംതന്നെ. വിജയപ്രദമായ വിവാഹങ്ങളിൽ ഭാര്യക്കും ഭർത്താവിനും ഇടയിൽ ആർദ്ര പ്രീതിയും സൗഹൃദവും (ഗ്രീക്കിൽ ഫീലിയ) വളരുന്നു. എന്നാൽ അതിലും പ്രധാനമാണ്‌ അഗാപെ എന്ന ഗ്രീക്കു പദം പ്രതിനിധാനം ചെയ്യുന്ന സ്‌നേഹം. ഈ സ്‌നേഹമാണു നാം യഹോവയോടും യേശുവിനോടും നമ്മുടെ അയൽക്കാരനോടും നട്ടുവളർത്തുന്നത്‌. (മത്തായി 22:37-39) യഹോവ മനുഷ്യവർഗത്തിനു നേരേ പ്രകടമാക്കുന്നതും ഈ സ്‌നേഹംതന്നെ. (യോഹന്നാൻ 3:16) സ്‌നേഹത്തിന്റെ അതേ രൂപംതന്നെ നമ്മുടെ വിവാഹിത ഇണയോടു നമുക്കു പ്രകടിപ്പിക്കാൻ കഴിയുന്നത്‌ എത്ര മഹത്താണ്‌!—1 യോഹന്നാൻ 4:19.

11. സ്‌നേഹം വിവാഹനന്മയ്‌ക്ക്‌ ഉതകുന്നതെങ്ങനെ?

11 വിവാഹത്തിൽ സ്‌നേഹത്തിന്റെ ഈ ഉത്‌കൃഷ്ട രൂപം സത്യമായും “ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധ”മാണ്‌. (കൊലോസ്യർ 3:14, NW) അതു ദമ്പതികളെ ഒരുമിച്ചു ബന്ധിപ്പിക്കുകയും അന്യോന്യവും കുട്ടികൾക്കുവേണ്ടിയും ഏറ്റവും നല്ലതു ചെയ്യുവാൻ അവർ ആഗ്രഹിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. കുടുംബങ്ങൾ പ്രയാസകരമായ സ്ഥിതിവിശേഷങ്ങൾ അഭിമുഖീകരിക്കുമ്പോൾ, കാര്യങ്ങൾ ഐക്യത്തിൽ ചെയ്യാൻ സ്‌നേഹം അവരെ സഹായിക്കുന്നു. ദമ്പതികൾക്കു പ്രായമേറുന്തോറും, പരസ്‌പരം പിന്തുണയ്‌ക്കാനും വിലമതിക്കുന്നതിൽ തുടരാനും സ്‌നേഹം അവരെ സഹായിക്കുന്നു. “സ്‌നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല, . . . എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരുനാളും ഉതിർന്നുപോകയില്ല.”—1 കൊരിന്ത്യർ 13:4-8.

12. വിവാഹിത ദമ്പതികളുടെ ഭാഗത്തെ ദൈവസ്‌നേഹം അവരുടെ വിവാഹത്തെ ബലിഷ്‌ഠമാക്കുന്നതെന്തുകൊണ്ട്‌?

12 വിവാഹ ഐക്യം, കേവലം വിവാഹിത ഇണകൾക്കിടയിലെ സ്‌നേഹത്താൽ മാത്രമല്ല, മുഖ്യമായും യഹോവയോടുള്ള സ്‌നേഹത്താൽ കൂട്ടിയോജിപ്പിച്ചുനിർത്തപ്പെടുമ്പോൾ, അതു വിശേഷാൽ ശക്തമായിരിക്കും. (സഭാപ്രസംഗി 4:9-12) എന്തുകൊണ്ട്‌? യോഹന്നാൻ അപ്പോസ്‌തലൻ ഇങ്ങനെ എഴുതി: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.” (1 യോഹന്നാൻ 5:3) അങ്ങനെ, ഒരു ദമ്പതികൾ തങ്ങളുടെ കുട്ടികളെ ദൈവിക ഭക്തിയിൽ പരിശീലിപ്പിക്കണം. അത്‌ അവർ തങ്ങളുടെ കുട്ടികളെ ആഴത്തിൽ സ്‌നേഹിക്കുന്നതുകൊണ്ടുമാത്രമല്ല, യഹോവയുടെ കൽപ്പന ആയിരിക്കുന്നതുകൊണ്ടുകൂടിയാണ്‌. (ആവർത്തനപുസ്‌തകം 6:6, 7) അവർ അധാർമികതയെ നിരാകരിക്കണം. അത്‌ അവർ പരസ്‌പരം സ്‌നേഹിക്കുന്നതുകൊണ്ടുമാത്രമല്ല, മുഖ്യമായും അവർ യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌. യഹോവ “ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും . . . വിധിക്കും.” (എബ്രായർ 13:4) ഒരു പങ്കാളി വിവാഹത്തിൽ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചാൽപ്പോലും, ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതു തുടരാൻ യഹോവയോടുള്ള സ്‌നേഹം മറ്റേയാളെ പ്രേരിപ്പിക്കും. പരസ്‌പര സ്‌നേഹം യഹോവയോടുള്ള സ്‌നേഹത്താൽ കൂട്ടിയോജിപ്പിച്ചുനിർത്തപ്പെടുന്ന കുടുംബങ്ങൾ വാസ്‌തവത്തിൽ സന്തുഷ്ട കുടുംബങ്ങളാണ്‌!

ദൈവേഷ്ടം ചെയ്യുന്ന കുടുംബം

13. ദൈവേഷ്ടം ചെയ്യാനുള്ള ദൃഢനിശ്ചയം വാസ്‌തവത്തിൽ പ്രാധാന്യമുള്ള സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വ്യക്തികളെ സഹായിക്കുന്നതെങ്ങനെ?

13 ഒരു ക്രിസ്‌ത്യാനിയുടെ മുഴുജീവിതവും കേന്ദ്രീകരിച്ചിരിക്കുന്നതു ദൈവേഷ്ടം ചെയ്യുന്നതിലാണ്‌. (സങ്കീർത്തനം 143:10) ഇതാണു ദൈവിക ഭക്തി യഥാർഥത്തിൽ അർഥമാക്കുന്നത്‌. ദൈവേഷ്ടം ചെയ്യുന്നത്‌ യഥാർഥത്തിൽ പ്രാധാന്യമുള്ള സംഗതികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുടുംബങ്ങളെ സഹായിക്കുന്നു. (ഫിലിപ്പിയർ 1:9, 10) ഉദാഹരണത്തിന്‌, യേശുക്രിസ്‌തു ഈ മുന്നറിയിപ്പു നൽകുകയുണ്ടായി: “മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.” (മത്തായി 10:35, 36) യേശുവിന്റെ മുന്നറിയിപ്പു സത്യമായി ഭവിച്ചു. അവന്റെ അനുഗാമികളിൽ അനേകരും കുടുംബാംഗങ്ങളാൽ പീഡിപ്പിക്കപ്പെട്ടു. എത്ര സങ്കടകരവും വേദനാജനകവുമായ സ്ഥിതിവിശേഷം! എന്നിരുന്നാലും, നമുക്കു യഹോവയാം ദൈവത്തോടും യേശുക്രിസ്‌തുവിനോടുമുള്ള സ്‌നേഹത്തെക്കാൾ മുൻതൂക്കം കുടുംബബന്ധങ്ങൾക്കു നൽകരുത്‌. (മത്തായി 10:37-39) കുടുംബത്തിൽനിന്നുള്ള എതിർപ്പിലും ഒരു വ്യക്തി സഹിച്ചുനിൽക്കുന്നെങ്കിൽ, ദൈവിക ഭക്തിയുടെ സദ്‌ഫലങ്ങൾ കാണുമ്പോൾ എതിർക്കുന്നവർക്കു പരിവർത്തനമുണ്ടാവാം. (1 കൊരിന്ത്യർ 7:12-16; 1 പത്രൊസ്‌ 3:1, 2) അതു സംഭവിക്കുന്നില്ലെങ്കിൽപ്പോലും, എതിർപ്പുമൂലം ദൈവത്തെ സേവിക്കുന്നതു നിർത്തുന്നതിനാൽ നിലനിൽക്കുന്ന യാതൊരു മെച്ചവുമുണ്ടാകുന്നില്ല.

14. ദൈവേഷ്ടം ചെയ്യാനുള്ള ആഗ്രഹം തങ്ങളുടെ കുട്ടികളുടെ ഏറ്റവും നല്ല പ്രയോജനത്തിനുവേണ്ടി പ്രവർത്തിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതെങ്ങനെ?

14 ദൈവേഷ്ടം ചെയ്യുന്നതു ശരിയായ തീരുമാനങ്ങളെടുക്കാൻ മാതാപിതാക്കളെ സഹായിക്കും. ഉദാഹരണത്തിന്‌, ചില സമുദായങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ ഒരു നിക്ഷേപമായി വീക്ഷിക്കാൻ പ്രവണത കാട്ടുന്നു. തങ്ങളുടെ വാർധക്യത്തിൽ സ്വന്തം സംരക്ഷണത്തിന്‌ അവർ കുട്ടികളെ ആശ്രയിക്കുന്നു. വൃദ്ധരായ മാതാപിതാക്കൾക്കുവേണ്ടി കരുതുന്നതു ശരിയും ഉചിതവുമാണെങ്കിലും, അത്തരം ലക്ഷ്യത്തിൽ മാതാപിതാക്കൾ അവരെ ഭൗതികത്വ ജീവിതരീതിയിലേക്കു തിരിച്ചുവിടരുത്‌. ആത്മീയ കാര്യങ്ങളെക്കാൾ ഭൗതിക സ്വത്തുക്കളെ വിലമതിക്കാൻപാകത്തിൽ മക്കളെ വളർത്തിക്കൊണ്ടുവരുന്നതിലൂടെ മാതാപിതാക്കൾ അവർക്കു യാതൊരു പ്രയോജനവും വരുത്തുന്നില്ല.—1 തിമൊഥെയൊസ്‌ 6:9.

15. തിമോത്തിയുടെ അമ്മയായ യൂനീക്ക ദൈവേഷ്ടം ചെയ്‌ത ഒരു മാതാവെന്ന നിലയിൽ ഒരു ഉത്‌കൃഷ്ട ദൃഷ്ടാന്തമായിരുന്നതെങ്ങനെ?

15 പൗലോസിന്റെ യുവസുഹൃത്തായ തിമോത്തിയുടെ അമ്മ യൂനീക്ക ഈ സംഗതിയിൽ ഒരു ഉത്തമ ദൃഷ്ടാന്തമാണ്‌. (2 തിമൊഥെയൊസ്‌ 1:5) ഒരു അവിശ്വാസിയെ വിവാഹം കഴിച്ചിരുന്നെങ്കിലും, തിമോത്തിയുടെ വല്യമ്മയായ ലോവീസിനോടൊപ്പം യൂനീക്ക തിമോത്തിയെ ദൈവിക ഭക്തി പിന്തുടരാൻപാകത്തിൽ വിജയകരമായി വളർത്തിക്കൊണ്ടുവന്നു. (2 തിമൊഥെയൊസ്‌ 3:14, 15) തിമോത്തിക്ക്‌ ആവശ്യത്തിനു പ്രായമായപ്പോൾ യൂനീക്ക അവനെ വീടുവിട്ടുപോകാനും പൗലോസിന്റെ മിഷനറി സഹകാരിയെന്ന നിലയിൽ രാജ്യപ്രസംഗവേല ഏറ്റെടുക്കാനും അനുവദിച്ചു. (പ്രവൃത്തികൾ 16:1-5) തന്റെ മകൻ ഒരു പ്രമുഖ മിഷനറി ആയിത്തീർന്നപ്പോൾ അവൾ എത്ര പുളകപ്രദയായിരുന്നിരിക്കാം! പ്രായപൂർത്തിയായ ഒരുവനെന്ന നിലയിലുള്ള അവന്റെ ദൈവിക ഭക്തി അവന്റെ ആദ്യകാല പരിശീലനത്തെ ഉചിതമായി എടുത്തുകാട്ടുന്നു. തീർച്ചയായും, തന്നോടൊപ്പമില്ലാഞ്ഞതിൽ വിഷമമുണ്ടായിരുന്നിരിക്കാമെങ്കിലും തിമോത്തിയുടെ വിശ്വസ്‌ത ശുശ്രൂഷയെക്കുറിച്ചുള്ള വിവരം കേട്ടതിൽ യൂനീക്കയ്‌ക്കു തൃപ്‌തിയും സന്തോഷവും തോന്നി.—ഫിലിപ്പിയർ 2:19, 20.

കുടുംബവും നിങ്ങളുടെ ഭാവിയും

16. ഒരു പുത്രനെന്ന നിലയിൽ, യേശു ഏത്‌ ഉചിത താത്‌പര്യം പ്രകടമാക്കി, എന്നാൽ അവന്റെ പ്രഥമ ലക്ഷ്യം എന്തായിരുന്നു?

16 യേശു വളർന്നുവന്നതു ദൈവിക ഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു. പ്രായപൂർത്തിയെത്തിയ ഒരുവനെന്ന നിലയിൽ, അവൻ തന്റെ മാതാവിനോട്‌ ഉചിതമായ, പുത്രതുല്യ താത്‌പര്യം പ്രകടമാക്കി. (ലൂക്കൊസ്‌ 2:51, 52; യോഹന്നാൻ 19:26) എന്നിരുന്നാലും, യേശുവിന്റെ പ്രഥമ ലക്ഷ്യം ദൈവേഷ്ടം നിവർത്തിക്കുക എന്നതായിരുന്നു. അവന്റെ കാര്യത്തിൽ, മനുഷ്യർക്കു നിത്യജീവൻ ആസ്വദിക്കുന്നതിനു വഴി തുറന്നുകൊടുക്കലും അതിലുൾപ്പെട്ടിരുന്നു. തന്റെ പൂർണ മനുഷ്യജീവൻ പാപികളായ മനുഷ്യവർഗത്തിനുവേണ്ടി മറുവിലയായി സമർപ്പിച്ചപ്പോൾ അവൻ അതു ചെയ്‌തു.—മർക്കൊസ്‌ 10:45; യോഹന്നാൻ 5:28, 29.

17. യേശുവിന്റെ വിശ്വസ്‌ത ഗതി ദൈവേഷ്ടം ചെയ്യുന്നവർക്ക്‌ ഏതു മഹത്തായ പ്രതീക്ഷകൾക്കു വഴി തുറന്നു?

17 യേശുവിന്റെ മരണശേഷം, യഹോവ അവനെ സ്വർഗീയ ജീവനിലേക്ക്‌ ഉയിർപ്പിച്ച്‌ അവനു വലിയ അധികാരം നൽകി. അവസാനം യഹോവ അവനെ സ്വർഗീയ രാജ്യത്തിൽ രാജാവായി വാഴിക്കുകയും ചെയ്‌തു. (മത്തായി 28:18; റോമർ 14:9; വെളിപ്പാടു 11:15) യേശുവിന്റെ ബലി ആ രാജ്യത്തിൽ അവനോടൊപ്പം ഭരിക്കാൻ ചില മനുഷ്യർ തിരഞ്ഞെടുക്കപ്പെടുന്നതു സാധ്യമാക്കി. സദ്‌ഹൃദയരായ മനുഷ്യവർഗത്തിലെ ശേഷിക്കുന്നവർക്കു പറുദീസാ അവസ്ഥകളിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്ന ഭൂമിയിൽ പൂർണജീവൻ ആസ്വദിക്കുന്നതിന്‌ അതു വഴി തുറക്കുകയും ചെയ്‌തു. (വെളിപ്പാടു 5:9, 10; 14:1, 4; 21:3-5; 22:1-4) ഈ മഹത്ത്വമുള്ള സുവാർത്ത മറ്റുള്ളവരോടു പറയുകയെന്നത്‌ ഇന്നു നമുക്കുള്ള ഏറ്റവും വലിയ പദവികളിലൊന്നാണ്‌.—മത്തായി 24:14.

18. കുടുംബങ്ങൾക്കും വ്യക്തികൾക്കും ഏത്‌ ഓർമിപ്പിക്കലും പ്രോത്സാഹനവും ലഭിക്കുന്നു?

18 പൗലോസ്‌ അപ്പോസ്‌തലൻ പ്രകടമാക്കിയതുപോലെ, ദൈവിക ഭക്തിയുള്ള ഒരു ജീവിതം നയിക്കുന്നത്‌ ആളുകൾക്ക്‌ “വരുവാനിരിക്കുന്ന” ജീവിതത്തിലെ ആ അനുഗ്രഹങ്ങൾ അവകാശമാക്കാനാവുമെന്നുള്ള വാഗ്‌ദത്തം വെച്ചുനീട്ടുന്നു. തീർച്ചയായും, സന്തുഷ്ടി കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്‌! ഓർമിക്കുക, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) അതുകൊണ്ട്‌, നിങ്ങൾ ഒരു കുട്ടിയോ മാതാവോ പിതാവോ ഭർത്താവോ ഭാര്യയോ കുട്ടികളില്ലാത്തതോ കുട്ടികളുള്ളതോ ആയ പ്രായപൂർത്തിയെത്തിയ ഏകാകിയോ ആയാലും ദൈവേഷ്ടം ചെയ്യാൻ കഠിനമായി യത്‌നിക്കുക. നിങ്ങൾ സമ്മർദത്തിൻകീഴിലോ അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുകയോ ആണെങ്കിൽപ്പോലും, ജീവനുള്ള ദൈവത്തിന്റെ ഒരു ദാസനോ ദാസിയോ ആണു നിങ്ങളെന്ന കാര്യം ഒരിക്കലും വിസ്‌മരിക്കരുത്‌. അങ്ങനെ, നിങ്ങളുടെ പ്രവൃത്തി യഹോവയെ സന്തോഷിപ്പിക്കട്ടെ. (സദൃശവാക്യങ്ങൾ 27:11) കൂടാതെ, നിങ്ങളുടെ നടത്ത ഇപ്പോഴത്തെ സന്തുഷ്ടിയിലും വരുവാനുള്ള പുതിയ ലോകത്തിലെ നിത്യജീവനിലും കലാശിക്കട്ടെ!