കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും
കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും
1. അനേകരുടെയും സ്വാഭാവികവാഞ്‌ഛ എന്താണ്, എന്നാൽ അതു നേടുന്നതു പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
മുഴുഭൂമിയിലും യഥാർത്ഥനീതി നടക്കുമ്പോൾ സന്തോഷത്തോടും സമാധാനത്തോടുംകൂടെ ജീവിക്കാൻ നിങ്ങൾ ഇഷ്‌ടപ്പെടുന്നുവോ? ഉവ്വ്! എന്ന് തീർച്ചയായും നിങ്ങൾ ഉത്തരം പറയും. മനുഷ്യചരിത്രത്തിലുടനീളം നീതിസ്‌നേഹികളായ എല്ലാവരുടെയും സ്വാഭാവിക വാഞ്‌ഛ ഇതായിരുന്നു. എന്നിരുന്നാലും ദുഷ്ടൻമാരും നീതികെട്ടവരുമായ ആളുകൾ ഉളളടത്തോളം കാലം നിലനിൽക്കുന്ന മാനസിക സമാധാനവും സന്തുഷ്ടിയും നിങ്ങൾക്കോ മററാർക്കെങ്കിലുമോ ഉണ്ടായിരിക്കുക സാദ്ധ്യമല്ല.
2. കഷ്ടപ്പാടും അനീതിയും നീക്കം ചെയ്യുന്നതിന് മനുഷ്യൻ എപ്രകാരം പ്രയത്‌നിച്ചിരിക്കുന്നു?
2 ഈ കാരണത്താൽ, അനീതി നീക്കി നീതിമാൻമാർക്ക് സന്തോഷം സ്ഥാപിക്കുന്നതിനുളള മമനുഷ്യന്റെ ശ്രമഫലമായുളള യുദ്ധങ്ങൾ, മനുഷ്യചരിത്രത്തെ കളങ്കപ്പെടുത്തിയിരിക്കുന്നതു സങ്കടകരംതന്നെയാണ്. പ്രത്യക്ഷത്തിൽ, പുരാതന ഇൻഡ്യയിലെ കുരുക്ഷേത്ര പോർക്കളത്തിൽ അത്തരത്തിലുളള യുദ്ധങ്ങളിലൊന്ന് നടന്നു. ദൈവത്തിന്റെ നൻമ, തിൻമക്കെതിരെ വിജയം വരിക്കണമെന്നുളള മമനുഷ്യന്റെ ആഗ്രഹം ഹേതുവായി കാലക്രമത്തിൽ കുരുക്ഷേത്ര യുദ്ധക്കളം ഇൻഡ്യയിലെ പ്രസിദ്ധ മതേതിഹാസമായ മഹാഭാരതത്തിന്റെയും, വിശേഷിച്ച് ആ ഇതിഹാസത്തിന്റെ കേന്ദ്രമായ ഭഗവദ്‌ഗീതയുടെയും പശ്ചാത്തലമായിത്തീർന്നു. ഗീതയുടെ രചന നടന്നതായി പറയുന്ന തീയതികൾ ഗണ്യമായി വ്യത്യസ്‌തങ്ങളാണ് എന്ന് ഹൈന്ദവ എഴുത്തുകാരനായ കെ. എം. സെൻ എഴുതുന്നു, പലരും ക്രി. മു. 400-നും 200-നും മദ്ധ്യേ ഏതെങ്കിലും തീയതി ആയിരിക്കുമെന്ന് ഊഹിക്കുന്നു.
3-6. (എ) പ്രത്യക്ഷത്തിൽ, പുരാതന ഇന്ത്യയിലെ അത്തരത്തിലുളള ഒരു ഉദ്യമം ഏതായിരുന്നു? (ബി) ഒരു സ്ഥിരമായ പരിഹാരം നേടിയില്ലെന്ന് നാം എങ്ങനെ അറിയുന്നു?
3 സഖ്യകക്ഷികളുടെ ഒരു നേതാവായിരുന്ന അർജ്ജുനൻ പടയണികളെ വീക്ഷിച്ചപ്പോൾ അടുത്ത ചാർച്ചക്കാർ എതിർപക്ഷങ്ങളിൽ അണിനിരന്നിരിക്കുന്നതു കണ്ട് അമ്പരന്നുപോയെന്ന് അനേകരും വിശ്വസിക്കുന്നു. ഭഗവദ്‌ഗീത ഒന്നാം അദ്ധ്യായം 26-29, 47 വാക്യങ്ങൾ വായിക്കുന്നത് ഇപ്രകാരമാണ്: “പിതാക്കൻമാരും പിതാമഹൻമാരും ഗുരുക്കൻമാരും മാതുലൻമാരും സഹോദരൻമാരും പുത്രൻമാരും പൗത്രൻമാരും ചങ്ങാതിമാരും നിൽക്കുന്നത് അർജ്ജുനൻ കണ്ടു. കൂടാതെ അമ്മായിഅപ്പൻമാരെയും സ്‌നേഹിതൻമാരെയും ഇരു സൈന്യങ്ങളിലും കണ്ടു. കുന്തീപുത്രൻ (അർജ്ജുനൻ) ഈ ബന്ധുജനങ്ങളെല്ലാം ഇങ്ങനെ അണിനിരന്നിരിക്കുന്നതു കണ്ടപ്പോൾ വലിയ കരുണാർദ്രതയാൽ ദുഃഖത്തോടെ ഇപ്രകാരം പറഞ്ഞു; അല്ലയോ കൃഷ്‌ണാ, എന്റെ സ്വജനങ്ങൾ യുദ്ധാവേശം പൂണ്ട് അണിനിരന്നിരിക്കുന്നതു കാണുമ്പോൾ എന്റെ ചുണ്ടുകൾ വിറയ്‌ക്കുന്നു, എന്റെ വായ് വരളുന്നു, എന്റെ ശരീരം വിറയ്‌ക്കുന്നു, എന്റെ രോമം എഴുന്നു നിൽക്കുന്നു. യുദ്ധ(കള)ത്തിൽ ഇങ്ങനെ സംസാരിച്ചശേഷം അർജ്ജുനൻ തന്റെ അമ്പും വില്ലും എറിഞ്ഞുകളഞ്ഞിട്ട് തന്റെ രഥത്തിലെ ഇരിപ്പിടത്തിൽ ആകുലചിത്തനായി വീണു.”
4 തന്റെ സൈനികധർമ്മം നിർവ്വഹിക്കുന്നതിന് അർജ്ജുനനെ നിർബന്ധിച്ചുകൊണ്ടും ആഭ്യന്തരയുദ്ധത്തെ ന്യായീകരിച്ചുകൊണ്ടും അർജ്ജുനന്റെ തേരാളിയായ കൃഷ്‌ണന്റെ റോളിൽ വിഷ്‌ണു എന്ന ദൈവം ഇപ്രകാരം പറയുന്നതായി പ്രസ്‌താവിക്കപ്പെടുന്നു: “നീ ഈ ധർമ്മയുദ്ധം ചെയ്‌തില്ലെങ്കിൽ നീ നിന്റെ കർത്തവ്യത്തിലും മഹത്വത്തിലും പരാജയപ്പെടുകയും പാപം വരുത്തിക്കൂട്ടുകയും ചെയ്യും. സുഖത്തെയും വേദനയെയും, നേട്ടത്തെയും കോട്ടത്തെയും, വിജയത്തെയും പരാജയത്തെയും, ഒരുപോലെ കണക്കാക്കി യുദ്ധത്തിന് ഒരുങ്ങുക. അങ്ങനെ നീ പാപം വരുത്തിക്കൂട്ടാതിരിക്കും.”—ഗീത 2:33, 38.
5 പ്രധാന തലവൻമാരിൽ അർജ്ജുനൻ മാത്രം അദ്ദേഹത്തിന്റെ നാലു സഹോദരൻമാരോടും കൃഷ്‌ണനോടുംകൂടെ ജീവനോടെ അവശേഷിച്ചതുവരെ 18 ദിവസം യുദ്ധം ഉഗ്രമായി നടന്നു എന്ന് അനേകർ വിശ്വസിക്കുന്നു. അങ്ങനെ, ധർമ്മത്തിന്റെ പക്ഷത്തായിരുന്നവർ കുരുക്ഷേത്ര യുദ്ധത്തെ അതിജീവിച്ചു എന്നും നീതിക്കു തൃപ്‌തി വന്നു എന്നും അവർ നിഗമനം ചെയ്യുന്നു. പിന്നീട് കുറെ കാലത്തേക്ക് സമാധാനം നിലനിന്നു. എന്നാൽ എത്ര കാലത്തേക്ക്?
6 സങ്കടകരമെന്നു പറയട്ടെ, ഇന്ന്, ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം വർദ്ധിച്ച തോതിലും കൂടുതൽ ശക്തമായും അനീതിയും ദുരിതവും മുഴു മനുഷ്യവർഗ്ഗത്തെയും ക്ലേശിപ്പിക്കുകയാണ്. അതുകൊണ്ട് വളരെയധികം ദുഷ്ടതക്കിടയാക്കിയിട്ടുളള മാനുഷ ഭരണസമ്പ്രദായങ്ങളും ദൈവത്തിന്റെ ആധിപത്യവും തമ്മിലുളള വിവാദവിഷയത്തിന് ചരിത്രത്തിലെ യാതൊരു യുദ്ധവും സ്ഥിരമായ ഒരു പരിഹാരം കൈവരുത്തിയിട്ടില്ലെന്നു സമ്മതിച്ചേ തീരൂ. നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും തുടർച്ചയായി മനുഷ്യവർഗ്ഗത്തിൽനിന്ന് തെന്നിമാറുകയാണ്. അതുകൊണ്ട് ഇന്ന് യഥാർത്ഥ നീതിയുടെ പക്ഷത്തിന് ഇനിയും തൃപ്‌തി വരേണ്ടിയിരിക്കുന്നു. എന്നാൽ എങ്ങനെ?
7. ഒരു സ്ഥിരമായ പരിഹാരം എങ്ങനെ സാധിക്കും?
7 കുരുക്ഷേത്രത്തിൽ ശ്രമിച്ചുനോക്കിയതെന്നു വിശ്വസിക്കുന്നതിൽനിന്നു വിഭിന്നമായ ഒരു വിധത്തിലല്ല. അതു ഒരു നിർണ്ണായക യുദ്ധം, എന്നാൽ യഥാർത്ഥത്തിൽ സ്ഥിരമായ ഫലങ്ങൾ ഉളവാക്കുന്ന വിപുലമായ തോതിലുളള യുദ്ധം, ആവശ്യമാക്കിത്തീർക്കുന്നു. എന്നിരുന്നാലും, അതിജീവിക്കുന്ന നീതിമാൻമാർ മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപിന് ഉറപ്പുവരുത്തുന്ന ഒരു യുദ്ധമാണ് അത് ആവശ്യമാക്കിത്തീർക്കുന്നത്. അത്തരത്തിൽതന്നെയുളള ഒരു യുദ്ധം മുൻകൂട്ടി പറയപ്പെട്ടിട്ടുണ്ട്. ഏതു സമയത്തും അത് പൊട്ടിപ്പുറപ്പെടാമെന്ന് ദശലക്ഷങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യവർഗ്ഗത്തിലെ അവസ്ഥകൾ അത്തരത്തിലുളള ഒരു യുദ്ധത്തിന് അനുയോജ്യം തന്നെയാണ്. അതു സംബന്ധിച്ച് ബൈബിളിൽ വെളിപ്പാട് 16:14, 16-ൽ ഇപ്രകാരം വായിക്കുന്നു: “അവ യഥാർത്ഥത്തിൽ ഭൂതനിശ്വസ്‌ത മൊഴികളാകുന്നു. അവ സർവ്വ നിവസിത ഭൂമിയിലുമുളള രാജാക്കൻമാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കാൻ അത്ഭുതങ്ങൾ ചെയ്‌തുകൊണ്ട് അവരുടെ അടുക്കലേയ്‌ക്കു പുറപ്പെടുന്നു. അവ അവരെ എബ്രായയിൽ ഹാർ-മെഗെദ്ദോൻ എന്നു പേരുളള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.”
8. അർമ്മഗെദ്ദോൻ എന്താണ്? അത് എത്ര വിപുലമായിരിക്കും?
8 അത് ഒരു ആഗോള, ലോക വ്യാപക യുദ്ധമായിരിക്കത്തക്കവണ്ണം മുഴു നിവസിത ഭൂമിയിലെയും രാജാക്കൻമാരുടെ സംയുക്ത സൈന്യങ്ങൾ അതിൽ ഉൾപ്പെടുമെന്ന് ബൈബിളിൽനിന്ന് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് ഹാർ-മെഗെദ്ദോൻ അഥവാ അർമ്മഗെദ്ദോൻ എന്ന സ്ഥലം കുരുക്ഷേത്രത്തെപ്പോലെ ഒരു പ്രാദേശിക യുദ്ധക്കളമല്ല. ഈ കാരണത്താൽ അർമ്മഗെദ്ദോൻ എന്ന പേര് ഒരു അക്ഷരീയ സ്ഥലത്തെ കുറിക്കുന്നതിനു പകരം മാനുഷ രാജ്യതന്ത്രജ്ഞൻമാർ യഹോവ എന്നു നാമമുളള ദൈവത്തിന്റെ വിശുദ്ധ താല്‌പര്യങ്ങളോട് സംഘടിതമായി ഏററുമുട്ടുന്ന മേഖല എന്ന ആലങ്കാരിക അർത്ഥം കൈക്കൊളളുന്നു.—സങ്കീർത്തനം 83:18, വിശുദ്ധ ബൈബിൾ.
9, 10. അർമ്മഗെദ്ദോൻ ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്, ആർ നശിപ്പിക്കപ്പെടും?
9 സത്യവും നീതിയും പരിരക്ഷിക്കുന്നതിനുവേണ്ടിയാണ് അർമ്മഗെദ്ദോൻ യുദ്ധം നടത്തപ്പെടുന്നത്. ക്രിസ്‌ത്യാനിത്വത്തിനു മുമ്പുളള ഒരു പുരാതന ദൈവികഗീതം ദൈവത്തിന്റെ മുഖ്യ യോദ്ധാവിനെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞുകൊണ്ട് നമുക്ക് ഇതിന് ഉറപ്പു നൽകുന്നു: “നിന്റെ മഹിമയിൽ വിജയത്തിലേക്കു മുന്നേറുക; സത്യത്തിന്റെയും സൗമ്യതയുടെയും നീതിയുടെയും പക്ഷത്ത് വാഹനമേറി പുറപ്പെടുക, നിന്റെ വലങ്കൈ നിനക്കു ഭയങ്കര കാര്യങ്ങളെ ഉപദേശിച്ചുതരും.” (സങ്കീർത്തനം 45:4) കുരുക്ഷേത്ര യുദ്ധത്തിലെന്നപോലെ കൂട്ട സംഹാരം ഉണ്ടായിരിക്കും. അർമ്മഗെദ്ദോൻ യുദ്ധത്തിനുശേഷമുളള “യുദ്ധക്കള”ത്തെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു:
10 “‘ഒരു ആരവം ഭൂമിയുടെ അതിവിദൂരഭാഗത്തോളം നിശ്ചയമായും എത്തും, എന്തുകൊണ്ടെന്നാൽ യഹോവക്കു ജനതകളോട് ഒരു വിവാദമുണ്ട്. അവൻ സകല ജഡത്തെയും വ്യക്തിപരമായി ന്യായം വിധിക്കേണ്ടതാണ്. ദുഷ്ടൻമാരെ സംബന്ധിച്ചടത്തോളം താൻ അവരെ വാളിന്നു ഏല്‌പിക്കേണ്ടതാണ്’ എന്നാണ് യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നതിതാണ്, ‘നോക്കു! ഒരു അനർത്ഥം ജനതയിൽനിന്ന് ജനതയിലേക്ക് പുറപ്പെടുന്നു; ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഒരു വലിയ കൊടുങ്കാററ് ഇളകി വരും. അന്നാളിൽ യഹോവയാൽ നിഗ്രഹിക്കപ്പെട്ടവർ തീർച്ചയായും ഭൂമിയുടെ ഒരററംമുതൽ മറെറയററംവരെ ഉണ്ടായിരിക്കും. അവരെക്കുറിച്ച് വിലപിക്കയില്ല, അവരെ കൂട്ടിച്ചേർത്ത് കുഴിച്ചിടുകയുമില്ല. അവർ നിലത്തെ വളമെന്നപോലെയായിത്തീരും.’”—യിരെമ്യാവ് 25:31-33.
11. ആർ അർമ്മഗെദ്ദോൻ യുദ്ധത്തെ അതിജീവിക്കും?
11 എന്നാൽ സന്തോഷത്തിന് വകയുണ്ട്, കുരുക്ഷേത്രത്തിൽ സംഭവിച്ചു എന്ന് ചില ആളുകൾ വിശ്വസിക്കുന്നതുപോലെ അതിജീവകരുണ്ടായിരിക്കും. അർമ്മഗെദ്ദോൻ യുദ്ധത്തെ അതിജീവിക്കുന്നവർ നമ്മുടെ മനുഷ്യവർഗ്ഗത്തെ ജീവനോടെ നിലനിർത്താൻ അർഹതയുളളവരെന്ന് നമ്മുടെ സ്രഷ്ടാവിനാൽ തീർപ്പുകല്‌പ്പിക്കപ്പെട്ട നീതിയുളള ആളുകളായിരിക്കും. എന്നിരുന്നാലും, ഈ നീതിയുളള അതിജീവകർ പോരാട്ടത്തിൽ പങ്കുകൊളളുകയില്ല. ഇത് എങ്ങനെ സാദ്ധ്യമായിത്തീരുമെന്ന് യഹോവയുടെ പുരാതന ദാസനായ യെശയ്യാവ് തന്റെ പ്രവചനത്തിൽ കാണിക്കുന്നു: “എന്റെ ജനമേ, പോയി നിന്റെ ഉൾമുറികളിൽ കടന്നു വാതിലുകൾ അടയ്‌ക്കുക. ഭീഷണി കടന്നുപോകുവോളം അല്‌പനേരത്തേക്കു ഒളിച്ചിരിക്കുക. എന്തുകൊണ്ടെന്നാൽ, നോക്കു! തനിക്കെതിരായി ദേശനിവാസിയുടെ അകൃത്യത്തിനു കണക്കു ചോദിക്കാൻ യഹോവ തന്റെ സ്ഥലത്തുനിന്നു വരുന്നു. ദേശം തീർച്ചയായും തന്റെ രക്തച്ചൊരിച്ചിൽ വെളിപ്പെടുത്തും, അവളുടെ ഹതൻമാരെ ഇനി മൂടിവെക്കയുമില്ല.” (യെശയ്യാവ് 26:20, 21) അപ്പോൾ, സ്‌പഷ്ടമായും അർമ്മഗെദ്ദോൻ മനുഷ്യരുടെ ഇടയിലെ വെറുമൊരു യുദ്ധമോ വെറുമൊരു “ലോകയുദ്ധ”മോ ആയിരിക്കയില്ല, പകരം ദൈവത്തിന്റെ അദൃശ്യസൈന്യങ്ങൾ പങ്കെടുക്കുന്ന ഒരു യുദ്ധമായിരിക്കും.
അർമ്മഗെദ്ദോന്റെ സമയം
12, 13. ദീർഘകാലം മുമ്പ് ഏതു ചോദ്യം ഉന്നയിച്ചു, സത്യാന്വേഷികൾ യഥാർത്ഥത്തിൽ എന്ത് അറിയാൻ ആഗ്രഹിച്ചു?
12 ദൈവത്തിന്റെ യുദ്ധമായ അർമ്മഗെദ്ദോൻ നടക്കുന്നതെപ്പോഴായിരിക്കും? അതിന്റെ വരവിന്റെ അടയാളമെന്തായിരിക്കും? വളരെക്കാലംമുമ്പ് ആത്മാർത്ഥതയുളള അന്വേഷകർ ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചു. അവർക്കു ലഭിച്ച ഉത്തരം പരിശോധിക്കുന്നതു നമ്മെ സംബന്ധിച്ച് മർമ്മപ്രധാനമാണ്. അവരുടെ ചോദ്യമിതായിരുന്നു: “ഈ കാര്യങ്ങൾ എപ്പോൾ സംഭവിക്കുമെന്നും നിന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയൂ.” (മത്തായി 24:3) “വ്യവസ്ഥിതി എന്ന പ്രയോഗം ഏയോൻ എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ്, അതു ചിലപ്പോൾ “യുഗം” എന്ന് വിവർത്തനം ചെയ്യപ്പെടുന്നു. എംഫാററിക്ക് ഡയഗ്‌ളട്ട് മത്തായി 24:3 പിൻവരുന്ന പ്രകാരം വിവർത്തനം ചെയ്യുന്നു: “ഈ കാര്യങ്ങൾ എപ്പോൾ സംഭവിക്കുമെന്നും നിന്റെ സാന്നിദ്ധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയൂ.” സംസ്‌കൃത ബൈബിൾ, മത്തായി 24:3-ൽ ഏയോൻ “യുഗം” എന്നാണ് വിവർത്തനം ചെയ്‌തിരിക്കുന്നത്. യുഗം എന്നതിനെ “ലോകത്തിന്റെ ഒരു യുഗം,” എന്നാണ് നിർവ്വചിച്ചിരിക്കുന്നത്, അല്ലെങ്കിൽ “വർഷങ്ങളുടെ ഒരു നീണ്ട ലൗകിക കാലയളവ്, അവ നാലുണ്ട്, അവയിൽ ആദ്യത്തെ മൂന്നും കഴിഞ്ഞു. നാം ജീവിക്കുന്നത് കലി യുഗത്തിലാണ്.” അങ്ങനെ, 1978-ലെ ന്യൂ ഹിന്ദി ബൈബിൾ, മത്തായി 24:3-ൽ യുഗാന്ത് എന്ന പദം ഉപയോഗിക്കുന്നു. അതിന്റെ അർത്ഥം “യുഗത്തിന്റെ അവസാനം” എന്നാണ്.
13 അതുകൊണ്ട് ആ സത്യാന്വേഷികൾ ‘ഇപ്പോഴത്തെ യുഗത്തിന്റെ അവസാനത്തിന്റെ അടയാളം എന്തായിരിക്കും?’ എന്നു ചോദിക്കുകയായിരുന്നു. ഇതിനെയാണ് ചിലയാളുകൾ കലി യുഗം എന്നു പരാമർശിക്കുന്നത്.
14. ഹൈന്ദവ പാരമ്പര്യമനുസരിച്ച്, ഈ യുഗാവസാനത്തിന്റെ ഒരു അടയാളം എന്താണ്?
14 ഇതിനുത്തരമായി വിഷ്‌ണുപുരാണം എന്ന ഹൈന്ദവ കൃതി പറയുന്നു: “ജാതിയുടെയും ക്രമത്തിന്റെയും പദവിയുടെയും ഉപയോഗങ്ങളും സ്ഥാപനങ്ങളും നിലനിൽക്കയില്ല. . . . മതം സമ്പത്ത് ദുർവിനിയോഗം ചെയ്യുന്നതിൽ ഉൾപ്പെട്ടിരിക്കും. . . . രാജാക്കൻമാർ തങ്ങളുടെ പ്രജകളെ സംരക്ഷിക്കുന്നതിനു പകരം അവരെ കൊളളയടിക്കും, നികുതി വർദ്ധനയെന്ന ഒഴികഴിവിൽ വ്യാപാരികളുടെ സമ്പത്ത് അപഹരിച്ചെടുക്കുകയും ചെയ്യും. അനന്തരം ലോകത്തിന്റെ അവസാനയുഗത്തിൽ മമനുഷ്യന്റെ അവകാശങ്ങൾ വ്യാമിശ്രമാക്കപ്പെടും, യാതൊരു വസ്‌തുവും സുരക്ഷിതമായിരിക്കയില്ല.” എഴുത്തുകാരനായ എ. എൽ. ബഷാം പറയുന്നു: “പല ഇതിഹാസഭാഗങ്ങളനുസരിച്ച് കലിയുഗത്തിന്റെ അവസാനത്തിൽ വർഗ്ഗങ്ങളുടെ വ്യാമിശ്രതയും സ്ഥാപിത നിലവാരങ്ങളുടെ ധ്വംസനവും എല്ലാ മതാനുഷ്‌ഠാനങ്ങളുടെയും നീക്കവും ക്രൂരൻമാരും അന്യരുമായ രാജാക്കൻമാരുടെ ഭരണവും ഉണ്ടായിരിക്കും.” ഈ വിവരങ്ങൾ നമ്മുടെ 20-ാം നൂററാണ്ടിലെ അവസ്ഥകൾ സംബന്ധിച്ച് ഏറെക്കുറെ സത്യമല്ലയോ? നിരീശ്വര പ്രത്യയശാസ്‌ത്രങ്ങളുടെ വ്യാപനത്തോടെ സമൂല പരിഷ്‌കാരപരവും അനാത്മീയവുമായ സ്വാധീനങ്ങൾ മാനുഷഭരണങ്ങളെ അധികമധികം ദുഷിപ്പിക്കുന്നുണ്ട്. ഗർഭച്ഛിദ്രത്തിനും സ്വവർഗ്ഗസംഭോഗത്തിനും നിയമപരമായ അംഗീകാരം ലഭിക്കുമ്പോൾ സ്ഥാപിത നിലവാരങ്ങൾ മറിച്ചിടപ്പെടുകയാണ്. അതേസമയം നിഷ്‌കരുണമായ ഭീകരപ്രസ്ഥാനങ്ങളും ധാർമ്മികാധഃപതനവും ലോകവിസ്‌തൃതമായി വ്യാപിക്കുകയും ആക്കം വർദ്ധിക്കുകയുമാണ്.
15. ഇപ്പോഴത്തെ അവസ്ഥകൾ പാരമ്പര്യ പ്രതീക്ഷകളെ നിവൃത്തിക്കുന്നുണ്ടോ?
15 കൂടാതെ, വ്യവസായവും സാങ്കേതികവിദ്യയും പരമ്പരാഗത മാനുഷ്യസമുദായവർഗ്ഗങ്ങളുടെ ഒരു വ്യാമിശ്രത ഉളവാക്കുന്നു. വ്യവസായശാലകളും ആശുപത്രികളും ചികിൽസാവൃത്തിയും സമൂഹവിദ്യാഭ്യാസസ്ഥാപനങ്ങളും ആധുനിക പൊതുഗതാഗതമാർഗ്ഗവും എല്ലാത്തരം ആളുകളും കൂടിക്കലരുന്നതിനിടയാക്കുകയും അങ്ങനെ സമുദായത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന വേർതിരിവുകളെ തുടച്ചുമാററുകയും ചെയ്യുന്നു. ഈ വ്യാവസായിക ലോകത്തിന്റെ തളളലും തിരക്കുപിടിച്ച കടന്നാക്രമണവും മൂലം ദശലക്ഷക്കണക്കിനാളുകൾ സമയമെടുക്കുന്ന അനേകം മതാനുഷ്‌ഠാനങ്ങളുടെയും ആചാരങ്ങളുടെയും നിർത്തലിനു വഴങ്ങി അംഗീകാരം പ്രകടമാക്കിയിരിക്കുന്നു. ഈ അവസ്ഥകൾ ഈ യുഗത്തിന്റെ സത്വരം സമീപിച്ചുവരുന്ന അവസാനത്തെ സൂചിപ്പിക്കുന്നു. തീർച്ചയായും കാലക്കണക്കുമാത്രമല്ല ഏക നിർണ്ണായകഘടകം. പകരം, ദൈവം തന്റെ അർമ്മഗെദ്ദോൻ യുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലിനു വഴിമരുന്നിടുന്നതിനുളള മുന്തിയ കാരണം പിമ്പോട്ടടിക്കാൻ കഴിയാത്ത ഇപ്പോഴത്തെ മാനുഷ ക്രമത്തിന്റെ തകർച്ചയിലേക്കുളള സത്വരഗമനമാണ്!
16. (എ) ഈ യുഗത്തിന്റെ “അന്ത്യനാളുക”ളെ ബൈബിൾ വിവരിക്കുന്നതെങ്ങനെ? (ബി) കുടുംബജീവിതത്തെ ബാധിക്കുന്നതെങ്ങനെ?
16 ഇപ്പോഴത്തെ യുഗത്തിന്റെ “അന്ത്യനാളുകളും” അവയെ തിരിച്ചറിയിക്കുന്ന അവസ്ഥകളും ബൈബിളിൽ 2 തിമൊഥെയോസ് 3:1-5ൽ കൃത്യമായി പ്രസ്‌താവിച്ചിട്ടുണ്ട്. നാം ഈ ഭാഗം വായിക്കുമ്പോൾ ദയവായി അധർമ്മവും കുടുംബത്തകർച്ചയും ശ്രദ്ധിക്കുക. “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ നിർണ്ണായക സമയങ്ങൾ ഉണ്ടായിരിക്കുമെന്നറിയുക. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്‌നേഹികളും പണസ്‌നേഹികളും അഹംഭാവികളും ധിക്കാരികളും ദൂഷകൻമാരും മാതാപിതാക്കൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അഭക്തൻമാരും സ്വഭാവികപ്രിയമില്ലാത്തവരും യാതൊരു യോജിപ്പിനും വിധേയരല്ലാത്തവരും ഏഷണിപറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ഭീകരൻമാരും നൻമപ്രിയമില്ലാത്തവരും ഒററിക്കൊടുക്കുന്നവരും തന്റേടികളും അഹങ്കാരത്താൽ ചീർത്തവരും ദൈവപ്രിയരായിരിക്കുന്നതിനുപകരം ഉല്ലാസപ്രിയരും ദൈവഭക്തിയുടെ ഒരു രൂപം മാത്രം ഉളളവരും എന്നാൽ അതിന്റെ ശക്തി ഇല്ലാത്തവരെന്നു തെളിയിക്കുന്നവരുമായിരിക്കും; ഇവരിൽനിന്നു വിട്ടുമാറുക.” അങ്ങനെ “അന്ത്യനാളുകൾ”ക്ക് മററു ക്രൂരതകളുടെ, സ്വാഭാവികപ്രിയത്തിന്റെ അഥവാ കുടുംബപ്രിയത്തിന്റെ നഷ്‌ടവും മാതാപിതാക്കൻമാരെ അനുസരിക്കാത്ത കുട്ടികളും അടയാളമാണ്. സമുദായത്തിന്റെ അടിസ്ഥാനഘടകം എന്ന നിലയിൽ കുടുംബം തകരുമ്പോൾ സമുദായത്തിൽ അതിനൊരു അസുഖകരമായ ഫലമുണ്ട്. അധികാരങ്ങളോടുളള അനാദരവ് വികാസം പ്രാപിക്കയും അധർമ്മം വർദ്ധിക്കുകയും ചെയ്യുന്നു. ദിവ്യനിയമങ്ങൾ അവഗണിക്കപ്പെടുകയും മുഴുകുടുംബങ്ങളും അധർമ്മത്തിനു വഴങ്ങുകയും ചെയ്യുന്നു.
17. ഏതവസ്ഥകൾ അർമ്മഗെദ്ദോൻ സമീപിച്ചിരിക്കുന്നു എന്നതിന്റെ അടയാളമായിരിക്കുന്നു?
17 സമാനമായ ഒരു ചിന്തയിൽ ഗീത ഇപ്രകാരം പ്രകടമാക്കുന്നു: “ഒരു കുടുംബത്തിന്റെ തകർച്ചയിൽ അതിന്റെ പുരാതന നിയമങ്ങൾ നശിപ്പിക്കപ്പെടുന്നു: നിയമങ്ങൾ നശിക്കുമ്പോൾ മുഴുകുടുംബവും അധർമ്മത്തിനു വഴങ്ങുന്നു.” (1:40) പ്രത്യക്ഷത്തിൽ ഈ അവസ്ഥകളാണ് കുരുക്ഷേത്രയുദ്ധത്തിന് പ്രേരിപ്പിച്ചത്. അത്തരം അവസ്ഥകൾ നമ്മുടെ നാളിൽ അനിയന്ത്രിതമായി വർദ്ധിച്ചിരിക്കുന്നത് ഏറെ പ്രധാനമാണ്. അവ ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യനാളുക”ളെ അടയാളപ്പെടുത്തുന്നു. അവ അർമ്മഗെദ്ദോന്റെ സാമീപ്യത്തിനുളള അടയാളമാണ്. ദുഷ്ടൻമാരെ നീക്കംചെയ്യുകയും അതിജീവകർക്ക് സമാധാനവും സുരക്ഷിതത്വവും കൈവരുത്തുകയും ചെയ്യുന്ന ദിവ്യ ഇടപെടലിനെ ഇന്നത്തെ നീതിസ്‌നേഹികൾ സ്വാഗതം ചെയ്യും.
18. “അന്ത്യനാളുകൾ” സംബന്ധിച്ച് ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
18 നമ്മുടെ 20-ാം നൂററാണ്ടിൽ “അന്ത്യനാളുകൾ” വന്നെത്തിയിരിക്കുന്നതുകൊണ്ട്, അവ എപ്പോൾ ആരംഭിച്ചു? എന്ന് നിങ്ങൾ ഉചിതമായി ചോദിച്ചേക്കാം. മാത്രവുമല്ല “അന്ത്യനാളുകൾ” എത്രത്തോളം തുടരും? യോഗ്യതയുണ്ടെങ്കിൽ ഒരുവന് അതിജീവിക്കാൻ കഴിയത്തക്കവണ്ണം നമ്മുടെ ജീവിതകാലത്തുതന്നെ അർമ്മഗെദ്ദോൻ യുദ്ധം നടക്കുമെന്ന് ഒരുവൻ എങ്ങനെ അറിയുന്നു? ബൈബിളിലെ മത്തായി 24-ാം അദ്ധ്യായത്തിന്റെ പരിചിന്തനം തുടരുന്നതിനാൽ നമുക്ക് പ്രകാശനം ലഭിക്കുന്നു. “ഈ കാര്യങ്ങൾ എപ്പോഴായിരിക്കും എന്നും നിന്റെ സാന്നിദ്ധ്യത്തിന്റെയും ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും എന്നും ഞങ്ങളോടു പറയൂ” എന്ന ചോദ്യം നിങ്ങൾ ഓർക്കുമല്ലോ.
19, 20. (എ) “കൊടുംവിപത്തിന്റെ യാതനകളുടെ ആരംഭ”മായി ഏതു സംഭവങ്ങൾ ബൈബിൾ മുൻകൂട്ടിപറയുന്നു? (ബി) നമ്മുടെ ഇപ്പോഴത്തെ യുഗത്തിന്റെ “അന്ത്യനാളുകൾ” ക്രി. വ. 1914-ാം ആണ്ടിൽ ആരംഭിച്ചു എന്ന് എന്തുകൊണ്ടു പറയാൻ കഴിയും?
19 ഉത്തരമായി പ്രവചനം ഇങ്ങനെ തുടരുന്നു: “ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും, ഭക്ഷ്യക്ഷാമവും ഭൂകമ്പങ്ങളും ഓരോ സ്ഥലങ്ങളിൽ മാറിമാറി ഉണ്ടാകും. ഈ കാര്യങ്ങളെല്ലാം കൊടുംവിപത്തിന്റെ യാതനകളുടെ ആരംഭമാണ്. നിയമരാഹിത്യത്തിന്റെ വർദ്ധനവുനിമിത്തം അധികംപേരുടെയും സ്‌നേഹം തണുത്തുപോകും.” (മത്തായി 24:7, 8, 12) ഈ 20-ാം നൂററാണ്ടിലെ ഏതു വർഷം നിങ്ങൾ “കൊടും വിപത്തിന്റെ യാതനകളുടെ ആരംഭ”മായി എടുത്തു കാണിക്കും? 1914-ൽ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധം, അന്നുമുതൽ വിപുലപ്പെട്ട അതുല്യമായ കൊടിയ ദുരിതങ്ങളുടെ ഒരു പരമ്പരക്കു തുടക്കമിട്ടു എന്നതു സത്യമല്ലയോ? 1914 മുതൽ യുദ്ധങ്ങൾമൂലം മുമ്പെന്നത്തേതിലുമധികം ദുരിതവും വേദനയും ദശലക്ഷങ്ങൾക്കു മരണവും ഉണ്ടായിട്ടുണ്ട്. യുദ്ധങ്ങൾ മൂലമല്ലെങ്കിൽ ദശലക്ഷങ്ങൾ ഭക്ഷ്യദൗർല്ലഭ്യം മൂലം മരിച്ചിട്ടുണ്ട്, ഭക്ഷ്യദൗർല്ലഭ്യംകൊണ്ടല്ലെങ്കിൽ ഭൂകമ്പങ്ങൾകൊണ്ടും പകർച്ചവ്യാധികൾകൊണ്ടും നിയമരാഹിത്യംകൊണ്ടും കിരാതമായ ഭീകരപ്രവർത്തനങ്ങൾകൊണ്ടും മരിച്ചിട്ടുണ്ട്. ഇന്ന്, ദൈവത്തോടും അയൽക്കാരോടുമുളള സ്‌നേഹത്തിന്റെ കാഴ്‌ചപ്പാട് ഭൂരിപക്ഷംപേർക്കും നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യചരിത്രത്തിലൊരിക്കലും ഇത്ര ചുരുങ്ങിയ കാലംകൊണ്ട് മാനുഷദുരിതത്തിന്റെയും നിരീശ്വരത്വത്തിന്റെയും ഇത്ര ഊററമായ കേന്ദ്രീകരണം ഉണ്ടായിട്ടില്ല!
20 തീർച്ചയായും 1914 എന്ന വർഷം ചരിത്രത്തിലെ ഏററവും വലിയ വഴിത്തിരിവായിരുന്നു! അടുത്തകാലത്ത് ഒരു വാർത്താ മുഖപ്രസംഗം ഇങ്ങനെ പറഞ്ഞു: “1914-നു മുമ്പത്തെ ലോകത്തിലെ സൂര്യപ്രകാശത്തിൽ ജീവിച്ചിരുന്നവരുടെ കുറഞ്ഞുവരുന്ന അണികളിൽപ്പെട്ടവരല്ലാത്ത ആർക്കും ആ നാളുകളും ഇപ്പോഴത്തെ നാളുകളും തമ്മിലുളള സങ്കടകരമായ വ്യത്യാസം കാട്ടിത്തരാൻ കഴിയുകയില്ല.” അതുകൊണ്ട്, ഇപ്പോഴത്തെ യുഗത്തിന്റെ “അന്ത്യനാളുകൾ” ക്രി. വ. 1914 എന്ന വർഷത്തിൽ ആരംഭിച്ചു.
21. ഈ “അന്ത്യനാളുകൾ” എത്ര ദീർഘമായി തുടരും, അർമ്മഗെദ്ദോൻ യുദ്ധം അപകടകരമാംവണ്ണം സമീപിച്ചിരിക്കുന്നതെന്തുകൊണ്ട്?
21 ഈ “അന്ത്യനാളുകൾ” എത്രകാലത്തേക്കു തുടരും? ബൈബിൾ ഉത്തരം നൽകുന്നു: “അങ്ങനെ നിങ്ങൾ ഇവയെല്ലാം കാണുമ്പോൾ അവൻ അടുക്കൽ വാതിൽക്കൽതന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊളളുക. ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 24:33, 34) മററു വാക്കുകളിൽ പറഞ്ഞാൽ ഈ അരിഷ്ടാവസ്ഥകളുടെ ആരംഭം കണ്ടവരും ഇപ്പോൾ ‘എണ്ണം കുറഞ്ഞുവരുന്നതു’മായ 1914–ലെ തലമുറ ദൈവത്തിന്റെ അർമ്മഗെദ്ദോൻ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ജീവനോടെ ഉണ്ടായിരിക്കും. അതുകൊണ്ട് “അന്ത്യനാളുകളു”ടെ ദൈർഘ്യം 1914-ൽ ജീവിച്ചിരുന്ന ഒരു മാനുഷ തലമുറക്കുളളിൽ പരിമിതപ്പെട്ടിരിക്കുന്നു. ദൃക്‌സാക്ഷികളുടെ ആ തലമുറക്ക് ഇപ്പോൾ പ്രായംകൂടിവരുകയാണ്—അവരുടെ 70-കളിലും 80-കളിലുമാണവർ. അതുകൊണ്ട് അർമ്മഗെദ്ദോന്റെ പൊട്ടിപ്പുറപ്പെടൽ അപകടകരമാംവണ്ണം സമീപിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെമ്പാടുമുളള നീതിസ്‌നേഹികളായ അനേകർ ഒഴിവാക്കാൻ വയ്യാത്ത ദൈവത്തിന്റെ യുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
22. ദുഷ്ടൻമാരെ നശിപ്പിക്കുന്ന സമയം സംബന്ധിച്ച് ബൈബിളും ഗീതയും എന്തു സൂചിപ്പിക്കുന്നു?
22 അർമ്മഗെദ്ദോൻ സംഭവിക്കുന്ന കൃത്യവർഷം മുൻകൂട്ടിപ്പറയാൻ സാധിക്കുമോ? ഇല്ല. ബൈബിൾ ലളിതമായി പറയുന്നു: “ആ ദിവസവും മണിക്കൂറും സംബന്ധിച്ച് പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതൻമാരോ പുത്രനൊ, അറിയുന്നില്ല.” (മത്തായി 24:36) ഗീതയും വർഷം പറയുന്നില്ല. ഗീത ഇങ്ങനെ മാത്രം പറയുന്നു: “അല്ലയോ ഭരതാ (അർജ്ജുനാ) എപ്പോൾ ധർമ്മം ക്ഷയിക്കയും അധർമ്മം വർദ്ധിക്കുകയും ചെയ്യുന്നുവോ അപ്പോൾ ഞാൻ എന്നേത്തന്നെ അയയ്‌ക്കുന്നു. സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദുഷ്ടൻമാരെ നശിപ്പിക്കുന്നതിനും ധർമ്മം സ്ഥാപിക്കുന്നതിനും ഞാൻ യുഗംതോറും (യുഗേയുഗേ) അവതരിക്കുന്നു.” (4:7, 8) അതുകൊണ്ട് ധർമ്മം അധഃപതിച്ചുകൊണ്ടിരിക്കയും അധർമ്മം പ്രാബല്യം പ്രാപിച്ചുകൊണ്ടിരിക്കയും ചെയ്യുമ്പോൾ ദിവ്യ ഇടപെടൽ പ്രതീക്ഷിക്കേണ്ടതാണെന്ന് അനേകർ വിശ്വസിക്കുന്നു. ദുഷ്ടൻമാരുടെമേൽ ദൈവത്തിന്റെ ന്യായ തീർപ്പ് നടപ്പിലാക്കുന്നതിനുളള സമയം ആഗതമായിരിക്കുന്നു.
അർമ്മഗെദ്ദോന്റെ ചരിത്രപരമായ പൂർവ്വവീക്ഷണം
23. ചരിത്രപരമായ ഏതു സംഭവം അർമ്മഗെദ്ദോന്റെ ഒരു പൂർവ്വവീക്ഷണം നൽകുന്നു?
23 ചരിത്രം നമുക്ക് അർമ്മഗെദ്ദോനിൽ എന്തു പ്രതീക്ഷിക്കണമെന്നുളളതിന്റെ ഒരു പൂർവ്വവീക്ഷണം നൽകുന്നു. സമീപിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ യുദ്ധത്തിന്റെ ഈ പൂർവ്വവീക്ഷണം നോഹയുടെ യുഗത്തിലെ വലിയ ജലപ്രളയം ആയിരുന്നു. ലോകത്തുടനീളം ഒരു ചരിത്രപരമായ ആഗോള പ്രളയത്തെക്കുറിച്ച് 90-ൽ പരം വ്യത്യസ്‌ത കഥകൾ ഉണ്ട്. ഹിന്ദുക്കളുടെ ഇടയിൽ ജലപ്രളയം എന്നാണ് ഇത് അറിയപ്പെടുന്നത്. ജലം എന്നാൽ “വെളളം” എന്നാണർത്ഥം, പ്രളയം “നാശ”ത്തെയും അർത്ഥമാക്കുന്നു—അതുകൊണ്ട് “വെളളത്താലുളള നാശം” എന്നർത്ഥം. ജലപ്രളയത്തിൽ ജീവനുളള എല്ലാ സൃഷ്ടികളും നശിച്ചു എന്നു വിശ്വസിക്കപ്പെടന്നു. എന്നാൽ മനുവിനു തന്റെ ദൈവത്തിന്റെ പ്രീതി ലഭിച്ചു, തന്നെത്തന്നേയും മററ് എഴ് ഋഷിമാരെ (മഹിർഷിമാരെ)യും—മൊത്തം എട്ടുപേരെ—രക്ഷിക്കുന്നതിന് ഒരു കപ്പൽ പണിയാൻ അയാൾക്കു ദിവ്യ മുന്നറിയിപ്പു ലഭിച്ചു. വടക്കുളള ഒരു പർവ്വതത്തിൽ അയാളുടെ കപ്പൽ ഉറച്ചശേഷം പ്രളയം ശമിച്ചു. മനു വെളിയിൽ വരികയും ഈ ആധുനിക യുഗത്തിൽ തന്റെ ദൈവത്തിന് ആദ്യത്തെ യാഗം കഴിക്കയും ചെയ്‌തു. മനുഷ്യവർഗ്ഗത്തിന്റെ ആദ്യത്തെ നിയമദാതാവും മനുവാണെന്ന് വിശ്വസിക്കപ്പെടുന്നു. യഥാർത്ഥത്തിൽ വിവിധ ഹൈന്ദവ ഐതിഹ്യങ്ങൾ തുടർന്നു വന്ന മനുഷ്യരുടെ ഓരോ വർഗ്ഗങ്ങളുടെയും ജനയിതാവിനെ മനു എന്നു വിളിച്ചിരുന്നതായി അവകാശപ്പെടുന്നു.
24, 25. ബൈബിളിലെ ജലപ്രളയവും പ്രളയം സംബന്ധിച്ച ഹൈന്ദവ പാരമ്പര്യവും തമ്മിൽ ഏതു സാമ്യങ്ങൾ ഉണ്ട്?
24 മനുവിനു മുന്നറിയിപ്പു കൊടുത്തതും അയാളെ സംരക്ഷിച്ചതും വിഷ്‌ണു എന്ന ദൈവമായിരുന്നു എന്നാണ് ഒരു ഹൈന്ദവ ഭാഷ്യം പറയുന്നത്. രസകരമായി, വിഷ്‌ണു എന്ന പേരിന്റെ ആദ്യവ്യഞ്‌ജനം വിട്ടാൽ ഇഷ്‌ണു എന്നാണ്, കൽദയയിൽ അതിന്റെ അർത്ഥം “മനുഷ്യനാം നോഹ” അല്ലെങ്കിൽ “വിശ്രമത്തിന്റെ മനുഷ്യൻ” എന്നാണ്. വിഷ്‌ണു, ഒരു സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ശേഷൻ എന്നു പേരുളള ചുരുണ്ടുകിടക്കുന്ന സർപ്പത്തിന്റെ മുകളിൽ ‘വിശ്രമിക്കുന്നു’ അഥവാ ഉറങ്ങുന്നു എന്ന് ഹൈന്ദവ പാരമ്പര്യം പറയുന്നു. ശേഷം എന്നാൽ “ശിഷ്ടം” എന്നാണർത്ഥം. സൂക്ഷ്‌മ ഗവേഷകരുടെ അഭിപ്രായത്തിൽ ശേഷൻ ഒരു യുഗത്തിന്റെ അവസാനത്തിലെ അഖിലാണ്ഡത്തിന്റെ നാശത്തിനുശേഷമുളള ‘അവശിഷ്ട’ത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ ഐതിഹ്യം ബൈബിളിലെ ജലപ്രളയത്തെയും സംരക്ഷണത്തിന്റെ പെട്ടകത്തെയും അതിൽ പ്രവേശിച്ചിരുന്നവരെയും സംബന്ധിച്ചുളള ചരിത്രപരമായ രേഖയെ പരാമർശിക്കുന്നുവെന്ന് വ്യക്തമാണ്.
25 ഇതിഹാസ പുരുഷൻമാരുടെ മൂർത്തീകരണമായ മനു ജലപ്രളയത്തെ അതിജീവിക്കുന്നതും ഇപ്പോഴത്തെ വർഗ്ഗത്തിന്റെ ജനയിതാവും ആദ്യ നിയമദാതാവും ആയിരിക്കുന്നതും പ്രളയശേഷം ആദ്യത്തെ മതപരമായ യാഗമർപ്പിക്കുന്നതും ബൈബിളിലെ നോഹയുടെ ജീവിതത്തിലെ ചില സംഭവങ്ങളുടെ സയുക്തിക സ്ഥിരീകരണമാണ്. (ഉല്‌പത്തി 6:8, 13-22; 8:4, ഉല്‌പത്തി 8:18–9:7; 10:32 ഇവ താരതമ്യപ്പെടുത്തുക.) കൂടാതെ, (1) ചുരുക്കം ചില അതിജീവകർക്കായുളള ഒരു സങ്കേതം (2) അവരൊഴിച്ച് വെളളത്താലുളള ആഗോള ജീവനാശം (3) മനുഷ്യവർഗ്ഗത്തിലെ ഒരു സന്തതിയുടെ സംരക്ഷണം എന്നിങ്ങനെയുളള നിശ്വസ്‌ത തിരുവെഴുത്തുരേഖയിലെ ചില മുഖ്യ സവിശേഷതകളോട് ജലപ്രളയത്തെക്കുറിച്ചുളള ഹൈന്ദവ വിവരണം യോജിക്കുന്നു.
26. (എ) ജലപ്രളയത്തിനു മുമ്പുളള ഭൂമിയിലെ അവസ്ഥകളെ ബൈബിൾ വിവരിക്കുന്നതെങ്ങനെ? (ബി) ചരിത്രത്തിലെ വലിയ ജലപ്രളയവും ദൈവത്തിന്റെ യുദ്ധമായ അർമ്മഗെദ്ദോനും സംബന്ധിച്ച് ഏതു സാഹചര്യങ്ങൾ സമാനമാണ്?
26 അർമ്മഗെദ്ദോന്റെ ഈ ചരിത്രപരമായ പൂർവ്വവീക്ഷണത്തെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “നോഹയുടെ നാളുകൾ പോലെതന്നെ മനുഷ്യപുത്രന്റെ സാന്നിദ്ധ്യവും ആകും. എന്തെന്നാൽ പ്രളയത്തിനു മുൻപത്തെ ആ നാളുകളിൽ നോഹ പെട്ടകത്തിൽ കയറിയ ദിവസം വരെ അവർ തിന്നുകയും കുടിക്കുകയും പുരുഷൻമാർ വിവാഹം കഴിക്കുകയും സ്‌ത്രീകൾ വിവാഹത്തിനു കൊടുക്കപ്പെടുകയും ചെയ്‌തിരുന്നു; പ്രളയം വന്ന് അവരെയെല്ലാം അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നതുവരെ അവർ ഗൗനിച്ചില്ല; മനുഷ്യപുത്രന്റെ സാന്നിദ്ധ്യവും അതുപോലെയാകും.” (മത്തായി 24:37-39) അതുകൊണ്ട് അർമ്മഗെദ്ദോനിലെ നമ്മുടെ ലോകക്രമത്തിന്റെ അവസാനത്തോട് ബന്ധപ്പെട്ട സാഹചര്യങ്ങൾ പുരാതന ജലപ്രളയത്തോട് ബന്ധപ്പെട്ട സാഹചര്യങ്ങളോട് സമാനമായിരിക്കും. അവ താഴെ പറയുന്നു; (1) ഭൂഗ്രഹവും അതിലെ മൃഗജാലങ്ങളും അതിജീവിക്കും; (2) ജീവിതത്തിലെ സാധാരണ നടപടികളിൽ മുഴുശ്രദ്ധയും കൊടുത്തുകൊണ്ട് മിക്ക ആളുകളും നമ്മുടെ കാലത്തിന്റെ പ്രാധാന്യം കാണാതിരിക്കും; (3) മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷവും അർമ്മഗെദ്ദോനെ സംബന്ധിച്ചുളള മുന്നറിയിപ്പ് ഗൗനിക്കയില്ല; (4) അതുകൊണ്ട് മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷവും അർമ്മഗെദ്ദോനിൽ നശിപ്പിക്കപ്പെടും; (5) മനുഷ്യവർഗ്ഗത്തിന്റെ ഒരു ചെറിയ ന്യൂനപക്ഷം മാത്രം ദൈവപ്രീതി കണ്ടെത്തുകയും “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തെ അതിജീവിക്കയും ചെയ്യും. (വെളിപ്പാട് 16:14) തൽഫലമായി ബുദ്ധിയുളളവർ ദൈവത്തിന്റെ യുദ്ധത്തെയും അതിജീവനത്തെയും കുറിച്ചുളള ഈ സന്ദേശം പരിശോധിക്കുന്നതിൽ തുടരുന്നത് ഏററവും ഉചിതമായിരിക്കും.
അതിജീവകർ ആരായിരിക്കും?
27. അർമ്മഗെദ്ദോൻ യുദ്ധത്തെ അതിജീവിക്കുന്നതിന് നമുക്ക് എന്തിനെക്കുറിച്ച് അറിവു ലഭിച്ചിരിക്കണം?
27 വിജയത്തിനും ബുദ്ധിപൂർവ്വകമായ പ്രവർത്തനത്തിനും വേണ്ടി യഥാർത്ഥ പരിജ്ഞാനം സമ്പാദിക്കാൻ അർജ്ജുനൻ ബുദ്ധിയുപദേശിക്കപ്പെട്ടു. ഗീത ഇപ്രകാരം പറയുന്നു: “വിനീതമായ ബഹുമാനത്തോടെയും അന്വേഷണം നടത്തിക്കൊണ്ടും സേവനത്താലും പഠിക്കുക. സത്യം കണ്ടെത്തിയിട്ടുളള ജ്ഞാനികൾ നിന്നെ പരിജ്ഞാനം പഠിപ്പിക്കും.” (4:34) ബൈബിൾ നേരത്തെ സെഫന്യാവ് 2:3–ൽ സ്വീകരിക്കേണ്ട ബുദ്ധിപൂർവ്വകമായ ഏകഗതി പ്രകടമാക്കി: “യഹോവയുടെ ന്യായത്തീർപ്പുകൾ പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യൻമാരുമായവരേ, അവനെ അന്വേഷിക്കുക, നീതി അന്വേഷിക്കുക, സൗമ്യത അന്വേഷിക്കുക; നിങ്ങൾ യഹോവയുടെ കോപദിവസത്തിൽ മറയ്‌ക്കപ്പെട്ടേക്കാനിടയുണ്ട്.” അർമ്മഗെദ്ദോൻ യഹോവയുടെ യുദ്ധമാണെന്ന് വ്യക്തമാണ്. അതുകൊണ്ട് അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ സൗമ്യതയോടെ യഹോവയെയും അവന്റെ നീതിയേയും കുറിച്ച് അറിയുന്നവരായിരിക്കും. എന്നാൽ യഹോവ ആരാകുന്നു? നമുക്ക് അവനെക്കുറിച്ച് എങ്ങനെ അറിവു സമ്പാദിക്കാം?
28. ദൈവത്തെ തിരിച്ചറിയുന്നതു സംബന്ധിച്ച് ഋഗ്വേദത്തിൽ ഏതു ചോദ്യം ഉന്നയിച്ചിരിക്കുന്നു?
28 മുകളിൽ കണ്ടപ്രകാരം ഗീതയിൽ പരിജ്ഞാനത്തിന്റെ പ്രാധാന്യം കാണിച്ചിരിക്കുന്നു. ഹിന്ദുക്കൾ എല്ലായ്‌പ്പോഴും മതപരമായ അറിവിനെ അതിയായി വിലമതിച്ചിട്ടുണ്ട്. വേദം എന്നതിന്റെ അർത്ഥംതന്നെ പരിജ്ഞാനം എന്നാണ്. അങ്ങനെ നാലു വേദങ്ങൾ ദിവ്യപരിജ്ഞാനം ഉൾക്കൊളളുന്നവയാണെന്ന് അവകാശപ്പെടുന്നു. ഹൈന്ദവ പരിജ്ഞാനത്തിന്റെ ഏററവും പുരാതനമായ ശേഖരം ഋഗ്വേദം ആണ്. അതിന്റെ അധികപങ്കും ഒരുപക്ഷേ ക്രി. മു. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യപകുതിയിൽ സമാഹരിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. അതിന്റെ സമാഹരണത്തിന്റെ പിൽക്കാലഘട്ടങ്ങളിൽ ഋഗ്വേദ കവികൾ ദൈവം ആരെന്നുളളതിൽ സംശയം പ്രകടിപ്പിക്കാൻ തുടങ്ങി. അതുകൊണ്ട് ഋഗ്വേദ സ്‌തുതിഗീതം 10. 121, “അജ്‌ഞാത ദേവന്” എന്ന ശീർഷകം വഹിക്കുന്നു. അതിലെ ഓരോ വരിയും, “ഞങ്ങൾ ബലികൾ അർപ്പിക്കേണ്ട ദൈവം ആരാണ്?” എന്ന ചോദ്യത്തോടെയാണ് ഉപസംഹരിക്കുന്നത്. ദൃഷ്ടാന്തത്തിന് 9-ാം വരി പറയുന്നു: “ഭൂമിയുടെ സ്രഷ്ടാവും നീതിമാനും സ്വർഗ്ഗങ്ങളെ സൃഷ്ടിച്ചവനും സ്വച്ഛവും ഗംഭീരവുമായ ജലാശയങ്ങൾ ഉളവാക്കിയവനുമായവൻ നമ്മെ ഉപദ്രവിക്കാതിരിക്കട്ടെ;—ഞങ്ങൾ ബലിയർപ്പിക്കേണ്ട ദൈവം ആരാണ്?“
29. ചില പുരാതന ഹിന്ദുക്കൾ ദൈവത്തെക്കുറിച്ച് എന്തു തിരിച്ചറിഞ്ഞിരുന്നു?
29 ഋഗ്വേദത്തിലെ ഈ ചോദ്യത്തിനുളള സത്യസന്ധമായ ഉത്തരം എന്താണ്? വേദകവികൾ അറിയാതെ ഭക്തിയർപ്പിച്ച സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവാരാണ്? ഉത്തരം പറയാൻ ശ്രമിക്കവെ, ശതക്കണക്കിനു വർഷം സ്ഥിതിചെയ്‌തിരുന്ന ഒരു മതപരമായ വികാസം ഭഗവദ്‌ഗീതയിൽ വെളിപ്പെടുത്തപ്പെട്ടു: “നീ പരമോന്നത ബ്രഹ്‌മനും പരമോന്നത വാസസ്ഥലവും പരമോന്നത ശുദ്ധികർത്താവും നിത്യനും ദിവ്യവ്യക്തിയും ദൈവങ്ങളിൽ ആദ്യനും ജനിക്കാത്തവനും സർവ്വവ്യാപിയും ദൈവങ്ങളുടെ ദൈവവും ആകുന്നു.” (10:12, 15) അതുകൊണ്ട് ചില പുരാതന ഹിന്ദുക്കൾ ദൈവങ്ങളിൽ ആദ്യനും ദൈവങ്ങളുടെ ദൈവവുമായ നിത്യനായ ഒരു പരമോന്നത ദൈവം മാത്രമേ ഉളളു എന്ന് തിരിച്ചറിഞ്ഞിരുന്നു.
30-32. (എ) എസ്. രാധാകൃഷ്‌ണൻ ദൈവത്തിന്റെ അനന്തതയെ ഏതു പദപ്രയോഗത്താൽ വിവരിക്കുന്നു? (ബി) ഈ പദപ്രയോഗത്താൽ ബൈബിൾ ആരെ തിരിച്ചറിയിക്കുന്നു?
30 പ്രശസ്‌ത ഹൈന്ദവ തത്വചിന്തകനായ എസ്. രാധാകൃഷ്‌ണൻ ബ്രഹ്മന്റെ അനന്ത സ്വഭാവത്തെ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ഇപ്രകാരം പറഞ്ഞു: “‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നു മാത്രമേ നമുക്കു പറയാൻ കഴിയുകയുളളു.” ഡോ. രാധാകൃഷ്‌ണൻ ഇങ്ങനെ ബ്രഹ്‌മന്റെ അനന്തഗുണത്തെ ബൈബിളിൽ പുറപ്പാട് 3:13, 14-ലെ ദൈവത്തിന്റെ നാമമായ യഹോവയുടെ നിർവ്വചനത്തോട് ബന്ധിപ്പിക്കുകയായിരുന്നു. അതിപ്രകാരം പറയുന്നു: “മോശെ ദൈവത്തോട്, ഞാൻ യിസ്രായേൽ മക്കളുടെ അടുക്കൽ ചെന്ന്, നിങ്ങളുടെ പിതാക്കൻമാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അവരോടു പറയുമ്പോൾ, അവന്റെ നാമം എന്തെന്ന് അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോട് എന്തു പറയേണം എന്നു ചോദിച്ചു. അതിനു ദൈവം മോശയോട്, ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്നു പറഞ്ഞു: ഞാൻ ആകുന്നു എന്നുളളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നും നീ യിസ്രായേൽ മക്കളോട് പറയേണം എന്ന് അവൻ പറഞ്ഞു.”—അധികൃതഭാഷാന്തരം.
31 കൂടുതൽ കൃത്യതയുളള ആധുനിക ഇംഗ്ലീഷ് വിശുദ്ധതിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തരം പുറപ്പാട് 3:14, 15 താഴെ പറയുന്നപ്രകാരം വിവർത്തനം ചെയ്‌തിരിക്കുന്നു: “അതിനു ദൈവം മോശെയോട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്താണെന്നു തെളിയുമോ അതാണെന്നു തെളിയും.’” അവൻ കൂട്ടിച്ചേർത്തു: ‘നീ യിസ്രായേൽ പുത്രൻമാരോട് പറയേണ്ടത് ഇതാണ്, “ഞാൻ തെളിയുമെന്നുളളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’” ദൈവം പിന്നീട് ഒരിക്കൽക്കൂടി മോശയോട് ഇങ്ങനെ പറഞ്ഞു:
32 “‘നീ യിസ്രായേൽ പുത്രൻമാരോട് പറയേണ്ടത് ഇതാണ്, “അബ്രഹാമിന്റെ ദൈവവും, യിസ്‌ഹാക്കിന്റെ ദൈവവും, യാക്കോബിന്റെ ദൈവവുമായി, നിങ്ങളുടെ പൂർവ്വപിതാക്കൻമാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.” ഇത് അനിശ്ചിത കാലത്തോളം എന്റെ നാമവും തലമുറ തലമുറയായി എന്റെ സ്‌മാരകവുമാകുന്നു.’”
33. യഹോവയാം ദൈവത്തിന് ഏതു ഗുണങ്ങൾ ഉളളതായി പറയപ്പെടുന്നു?
33 അതുകൊണ്ട് ഡോക്ടർ രാധാകൃഷ്‌ണൻ അനന്തബ്രഹ്‌മനെ വിവരിക്കാൻ, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്ന പദപ്രയോഗം ഉപയോഗിച്ചപ്പോൾ പരമോന്നത ബ്രഹ്‌മനെ ബൈബിളിലെ ദൈവമായ യഹോവയോട് തുലനം ചെയ്യുന്നതിന് ശ്രമിക്കുകയായിരുന്നു എന്നു തോന്നുന്നു. ബ്രഹ്‌മന് ഉളളതായി പറയുന്ന ഗുണങ്ങളിൽ ചിലത് ബൈബിളിലെ ദൈവമായ യഹോവയ്‌ക്കുളളവ തന്നെയാണ് എന്നതു സത്യമാണ്. ദൃഷ്ടാന്തത്തിന്, ക്രി. മു. 5-ാം നൂററാണ്ടിനും 3-ാം നൂററാണ്ടിനും ഇടയിൽ രേഖപ്പെടുത്തിയത് എന്നു വിചാരിക്കുന്ന ഗീതയിലെ ബ്രഹ്മനെ സംബന്ധിച്ചുളള “ദൈവങ്ങളുടെ ദൈവം” എന്ന പരാമർശം 15-ാം നൂററാണ്ടിൽ ക്രി. മു. 1473-ൽ ബൈബിളിൽ ആവർത്തനം 10:17-ൽ താഴെ പറയുംപ്രകാരം രേഖപ്പെടുത്തിയിട്ടുളളതിന്റെ ഒരു പ്രതിധ്വനിയാണ്: “നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താക്കൻമാരുടെ കർത്താവും മഹാദൈവവും ഭയാനകനും ആരോടും പക്ഷഭേദം കാണിക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആകുന്നു.”
34. സ്വർഗ്ഗങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണ്?
34 അതുകൊണ്ട് യഹോവ എന്നത് ദൈവത്തിന്റെ സ്വയം സ്വീകരിച്ചിട്ടുളള പേരാണ്. അക്കാരണത്താൽ, “യഹോവയായ ദൈവം ഭൂമിയും സ്വർഗ്ഗവും സൃഷ്ടിച്ച നാളിൽ, അവ സൃഷ്ടിക്കപ്പെട്ട സമയത്തെ സ്വർഗ്ഗങ്ങളുടെയും ഭൂമിയുടെയും ചരിത്രമാണ് ഇത്” (ഉല്‌പത്തി 2:4) എന്നു പ്രസ്‌താവിച്ചുകൊണ്ട് ബൈബിൾ സൃഷ്ടിപ്പിൻവേല യഹോവയാം ദൈവം നടത്തിയതാണെന്നു പറയുന്നു. അപ്പോൾ, യഹോവ ‘സ്വർഗ്ഗങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാ’ണ്.
35. (എ) നമ്മുടെ പൂർവ്വീകരായ പ്രളയ അതിജീവകർ യാഗം കഴിച്ചത് ഏതു ദൈവത്തിനായിരുന്നു? (ബി) അതുകൊണ്ട് ഋഗ്വേദത്തിലെ ആ പുരാതന ചോദ്യത്തിനുളള ഉത്തരമെന്താണ്?
35 പുരാതന ജലപ്രളയം വരുത്തിയതും ഭക്തികെട്ടവരെ നശിപ്പിച്ചതും നീതിയുളള എട്ടു ദേഹികളെ ജീവനോടെ സംരക്ഷിച്ചതും യഹോവ ആയിരുന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “അനന്തരം യഹോവ നോഹയോട് ഇങ്ങനെ പറഞ്ഞു: ‘നീയും നിന്റെ സർവ്വ കുടുംബവും പെട്ടകത്തിൽ പ്രവേശിക്ക, എന്തുകൊണ്ടെന്നാൽ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്ന ഏകൻ നീയാണ്. കൃത്യം ഏഴു ദിവസവും കൂടെ കഴിഞ്ഞ് ഞാൻ ഭൂമിയിൽ നാല്‌പതു പകലും നാല്‌പതു രാവും മഴ പെയ്യിക്കുകയാണ്; ഞാൻ ഉണ്ടാക്കിയിട്ടുളളതായി അസ്‌തിത്വമുളള എല്ലാററിനേയും ഞാൻ ഭൂതലത്തിൽനിന്ന് തുടച്ചുനീക്കും.’ യഹോവ തന്നോട് കല്‌പ്പിച്ചപ്രകാരമെല്ലാം ചെയ്യാൻ നോഹ പുറപ്പെട്ടു.” (ഉല്‌പത്തി 7:1, 4, 5) ഇപ്പോഴത്തെ മനുഷ്യവർഗ്ഗം ആ നീതിയുളള എട്ട് അതിജീവകരിൽനിന്ന് ഉത്ഭവിച്ചവരാകയാൽ നാം ഇന്ന് നന്ദിയുളളവരായിരിക്കയും തദനുസരണം നമ്മുടെ പൂർവ്വ പിതാക്കൻമാരുടെ നല്ല മാതൃക അനുകരിക്കുകയും വേണം. ആ പ്രളയത്തെ അതിജീവിച്ചവർ തങ്ങളുടെ രക്ഷയുടെ പെട്ടകത്തിൽ നിന്ന് പുറത്തു കടന്ന ശേഷം കൃതജ്ഞതാപൂർവ്വം യാഗം കഴിച്ചത് യഹോവക്കായിരുന്നു എന്നും ദയവായി ശ്രദ്ധിക്കുക. വിവരണം ഇങ്ങനെ പറയുന്നു: “നോഹ യഹോവയ്‌ക്കൊരു യാഗപീഠം പണിയാനും ശുദ്ധിയുളള സകല മൃഗങ്ങളിലും ശുദ്ധിയുളള സകല പക്ഷികളിലും ചിലത് എടുത്ത് യാഗപീഠത്തിൻമേൽ ഹോമയാഗം അർപ്പിക്കാനും തുടങ്ങി. യഹോവ സൗരഭ്യവാസന മണക്കാൻ തുടങ്ങി.” (ഉല്‌പത്തി 8:20, 21) അതുകൊണ്ട്, “ഞങ്ങൾ യാഗം കഴിക്കേണ്ട ദൈവം ആരാണ്?” എന്ന ഋഗ്വേദത്തിലെ ചോദ്യത്തിനുളള സത്യസന്ധമായ ഉത്തരം ഇവിടെയുണ്ട്.
36. (എ) അർമ്മഗെദ്ദോൻ യുദ്ധത്തിൽ ആർ മാത്രമേ രക്ഷിക്കപ്പെടുകയുളളു? (ബി) അവർ എങ്ങനെ അറിയിക്കപ്പെടും?
36 മഹായുദ്ധമായ അർമ്മഗെദ്ദോൻ മുഖേന ഈ ദുഷ്ടയുഗത്തിന്റെ അന്ത്യം വരുത്തുന്നത് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ദൈവമായ യഹോവ ആയിരിക്കും. യഹോവയാം ദൈവത്തെ സത്യസന്ധമായി അറിയുന്നവരും യഹോവയുടെ നാമത്തിലും അസാധാരണ വ്യക്തിത്വത്തിലും ഭക്തിപൂർവ്വം ഇടപെടുന്നവരുമായ എല്ലാവരും അർമ്മഗെദ്ദോനെ അതിജീവിച്ച് ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിലേക്ക് അതിനുശേഷം കടക്കും. ബൈബിൾ പറയുന്നു: “‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.’ എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ അവർ എങ്ങനെ കേൾക്കും? ആരും അയക്കാതെ അവർ എങ്ങനെ പ്രസംഗിക്കും? ‘നല്ല കാര്യങ്ങളുടെ സുവാർത്ത പ്രഖ്യാപിക്കുന്നവരുടെ പാദങ്ങൾ എത്ര മനോഹരം!’ എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. (റോമർ 10:13-15) സ്വർഗ്ഗത്തിലെ ദൈവമായ യഹോവയെയും മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള അവന്റെ സ്‌നേഹപൂർവ്വകമായ ഉദ്ദേശ്യങ്ങളെയും കുറിച്ച് നാം അറിയുന്നത് ജീവൽപ്രധാനമാണ്.
37. (എ) “അന്ത്യം” വരുന്നതിനു മുമ്പ് എന്തു നടന്നിരിക്കണം? (ബി) അത് ഇപ്പോൾ നിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെങ്ങനെ?
37 അതുകൊണ്ടാണ് ഇന്ന് യഹോവയുടെ സാക്ഷികൾ അർമ്മഗെദ്ദോൻ യുദ്ധത്തെക്കുറിച്ചുളള മുന്നറിയിപ്പിൻ ദൂതും സാദ്ധ്യതയുളള അതിജീവനത്തെക്കുറിച്ചുളള സുവാർത്തയും ഭൂവിസ്‌തൃതമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, ആസന്നമായിരിക്കുന്ന അർമ്മഗെദ്ദോന്റെ അടയാളത്തിന്റെ ഭാഗമായി ഈ യുഗാവസാനത്തിനു തൊട്ടുമുമ്പ് ലോകവിസ്‌തൃതമായ ഒരു പ്രസംഗപ്രവർത്തനം നടക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. മത്തായി 24:14-ലെ ബൈബിൾ പ്രവചനത്തിലേക്കു തിരിഞ്ഞാൽ നാം ഇങ്ങനെ വായിക്കുന്നു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” ഇപ്പോൾ യഹോവയുടെ സാക്ഷികൾ ലോകത്തിലെ 200-ൽ പരം രാജ്യങ്ങളിലും 160-ൽ പരം വ്യത്യസ്‌ത ഭാഷകളിലും ഈ സർവ്വപ്രധാനമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ ഈ ജീവരക്താകരമായ വേല നിങ്ങളുടെ തന്നെ സ്വന്തം ഭവനത്തിലും വന്നെത്തിയിരിക്കുന്നു!
അർമ്മഗെദ്ദോനുശേഷം—എന്ത്?
38. പാരമ്പര്യമനുസരിച്ച് കലിയുഗത്തെ തുടർന്നു വരുന്നതെന്ത്?
38 കലിയുഗത്തെ തുടർന്ന് കൃതായുഗം വരുമെന്നാണ് പ്രചുരമായ ഒരു വിശ്വാസം. കൃതായുഗം “സുവർണ്ണയുഗം” ആണെന്നു പറയപ്പെടുന്നു. ദുഷ്ടത ലോകത്തുനിന്ന് പൊയ്‌പ്പോയിരിക്കുന്നു, മുഴുമനുഷ്യവർഗ്ഗവും ഒരു ദൈവത്തെ മാത്രം ആരാധിക്കുന്നു. ഈ യുഗം സത്യയുഗം—വ്യാജം ഇല്ലാത്തകാലം—എന്നും അറിയപ്പെടുന്നു.
39. (എ) നൂതനക്രമത്തിന് ഒരു നല്ല തുടക്കം കുറിക്കുവാൻ സഹായകമായി അതിജീവകർക്ക് എന്തുണ്ടായിരിക്കും? (ബി) ലോകവിസ്‌തൃതമായ നീതി ഏതവസ്ഥകൾ കൈവരുത്തും?
39 ഒരു നൂതന മാനുഷക്രമത്തിന്റെ സ്ഥാപക അംഗങ്ങൾ എന്ന നിലയിൽ അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ നീതിയോട് അഭഞ്‌ജമായ ഭക്തിയുളള ജനമായിരിക്കും. അർമ്മഗെദ്ദോൻ സകല അനീതിയും നീക്കി ഭൂമിയെ ശുദ്ധീകരിച്ചിരിക്കും. മനുഷ്യവർഗ്ഗത്തിന് ഒരു പുതിയ തുടക്കം ലഭിക്കും. അതുകൊണ്ട് ദൈവവചനം ഇങ്ങനെ പറയുന്നു: “നാം അവന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കാനിരിക്കുന്ന പുതിയ ആകാശങ്ങൾക്കും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.” (2 പത്രോസ് 3:13) യഹോവയാം ദൈവം ഭൂമിയിലെ നിവാസികളുടെ പാപങ്ങളും മാനസികവും ശാരീരികവുമായ അപൂർണ്ണതകളും വൈകല്യങ്ങളും സൗഖ്യമാക്കുന്നതിനു തന്റെ യാഗകരുതലിന്റെ പ്രയോജനങ്ങൾ പ്രയോഗിക്കും. അവസാനമായി ഒരു പരദീസാ ഭൂമിയിലെ ജീവിതത്തിനുളള അവകാശം പരിപൂർണ്ണമായി പുനഃസ്ഥാപിക്കും. മേലാൽ ദാരിദ്ര്യവും ഉയർന്ന വിലകളും പട്ടിണിയും ഭവനരാഹിത്യവും തിങ്ങിഞെരുങ്ങിയ ചേരികളും വികൃതമാക്കുന്ന കുഷ്‌ഠവും ക്ഷയിപ്പിക്കുന്ന രോഗങ്ങളും യാതൊരു ശിശുമരണവും ആശുപത്രികളുടെ ആവശ്യവും ഉണ്ടായിരിക്കയില്ല. അടിമപ്പണിയോ കൂലിക്കാരോ തൊഴിലില്ലായ്‌മയോ ഭിക്ഷക്കാരോ ജാതിവ്യവസ്ഥയോ ജീവിതാസമത്വങ്ങളോ ഉണ്ടായിരിക്കയില്ല. പകരം ഉജ്ജ്വലമായ ആരോഗ്യവും നിത്യ യൗവനവും മെച്ചപ്പെട്ട ആഹാരത്തിന്റെ സമൃദ്ധിയും തൃപ്‌തികരമായ വേലയും സുരക്ഷിതമായ ചുററുപാടുകളും ഉണ്ടായിരിക്കും.
40-42. പുതിയ യുഗത്തിൽ (എ) ആഹാരം (ബി) രോഗവും മരണവും (സി) പാർപ്പിടം (ഡി) തൊഴിൽ (ഇ) വന്യമൃഗങ്ങൾ എന്നിവ സംബന്ധിച്ച് ഏത് അവസ്ഥകൾ നിലവിൽ വരും?
40 ബൈബിൾ പ്രവാചകനായ യെശയ്യാവിന്റെ ഹൃദയോദ്ദീപകമായ ചില സുനിശ്ചിത വാഗ്‌ദാനങ്ങൾ നിങ്ങൾ തന്നെ വായിക്കുക. അവൻ ഇപ്രകാരം എഴുതി: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകല ജനതകൾക്കും വേണ്ടി നന്നായി എണ്ണചേർത്ത ഭോജനങ്ങൾകൊണ്ട് ഒരു വിരുന്ന്. . .മട്ടുനീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടുളള ഒരു വിരുന്നു കഴിക്കും. സകല ജനങ്ങളെയും ആവരണം ചെയ്‌തുകൊണ്ടിരിക്കുന്ന ആവരണത്തിന്റെ മുഖത്തെയും സകല ജാതികളുടെയും മേൽ പിന്നിനെയ്‌തിരിക്കുന്ന നെയ്‌ത്തുപണിയെയും അവൻ ഈ പർവ്വതത്തിൽ വെച്ച് നീക്കിക്കളയും. അവൻ യഥാർത്ഥത്തിൽ മരണത്തെ എന്നേയ്‌ക്കുമായി വിഴുങ്ങിക്കളയും. പരമാധീശ കർത്താവായ യഹോവ തീർച്ചയായും സകല മുഖങ്ങളിലുംനിന്നു കണ്ണുനീർ തുടച്ചുകളയും. തന്റെ ജനത്തിന്റെ നിന്ദ മുഴുഭൂമിയിലുംനിന്ന് അവൻ നീക്കിക്കളയും, എന്തുകൊണ്ടെന്നാൽ യഹോവതന്നേ ഇതു പ്രസ്‌താവിച്ചിരിക്കുന്നു.” “അന്നാളിൽ കുരുടൻമാരുടെ കണ്ണ് തുറക്കപ്പെടും, ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെതന്നെ കയറുകയും ഊമന്റെ നാവു ഉല്ലസിച്ചുഘോഷിക്കയും ചെയ്യും.”—യെശയ്യാവ് 25:6–8; 35:5, 6.
41 യെശയ്യാവ് ഇപ്രകാരവും എഴുതി: “ഇതാ ഞാൻ (യഹോവ) പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ഓർക്കുകയില്ല, അവ ഹൃദയത്തിലേക്ക് വരികയുമില്ല. അവർ തീർച്ചയായും വീടുകളെ പണിതു പാർക്കും; അവർ തീർച്ചയായും മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക മറെറാരുത്തൻ തിന്നുകയെന്നും വരികയില്ല. എന്തുകൊണ്ടെന്നാൽ എന്റെ ജനത്തിന്റെ നാളുകൾ വൃക്ഷത്തിന്റെ നാളുകൾപോലെ ആയിരിക്കും, എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ തന്നെ തങ്ങളുടെ സ്വന്തം കൈവേലയെ പൂർണ്ണമായും ഉപയോഗിക്കും. അവർ വൃഥാ കഠിനാദ്ധ്വാനം ചെയ്യുകയില്ല, ഉൽക്കണ്‌ഠക്കായി പ്രസവിക്കയുമില്ല; എന്തുകൊണ്ടെന്നാൽ അവർ യഹോവയാൽ തെരഞ്ഞെടുക്കപ്പെട്ടവർ ചേർന്നുളള സന്തതിയായിരിക്കും, അവരുടെ വംശജർ അവരോടുകൂടെയിരിക്കും. അവർ വിളിക്കുന്നതിനു മുമ്പെ ഞാൻതന്നെ ഉത്തരമരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ തന്നെ കേൾക്കും.”—യെശയ്യാവ് 65:17, 21-24.
42 “‘ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും, സിംഹം കാള എന്നപോലെതന്നെ വൈക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും. അവ എന്റെ വിശുദ്ധപർവ്വതത്തിലെങ്ങും ഒരു ദോഷമോ നാശമോ ചെയ്‌കയില്ല’ എന്ന് യഹോവ പറഞ്ഞിരിക്കുന്നു.”—യെശയ്യാവ് 65:25.
43, 44. (എ) മരിച്ചുപോയ നമ്മുടെ പൂർവ്വികർക്കും മുൻഗാമികൾക്കും എന്ത് സംഭവിക്കും, എന്തു മുഖാന്തരത്താൽ? (ബി) ഈ അത്‌ഭുതകരങ്ങളായ അനുഗ്രഹങ്ങളിൽ ആർ പങ്കു പററും?
43 മരിച്ചവരെപ്പോലും ഓർക്കും. എല്ലാ വർഗ്ഗത്തിലും മതത്തിലും പെട്ട എണ്ണമില്ലാത്ത ദശലക്ഷക്കണക്കിനു മനുഷ്യരെ അവരുടെ മരണനിദ്രയിൽനിന്ന് തിരികെ കൊണ്ടുവരും. ഇത് ഒരു പുനർജ്ജനനമോ ദേഹിയുടെ ദേഹാന്തര പ്രാപ്‌തിയോ അല്ല. പകരം, സർവ്വശക്തനായ ദൈവം മാനുഷശരീരങ്ങളെ പുനഃസൃഷ്ടിക്കും, അവന്റെ പിഴക്കാത്ത ഓർമ്മയിൽ നിന്ന് അവൻ അവരുടെ മുൻജീവിതമാതൃകകളും വ്യക്തിത്വങ്ങളും അവർക്കു പ്രദാനം ചെയ്യുകയും ചെയ്യും. തന്നിമിത്തം തങ്ങളുടെ പ്രിയപ്പെട്ടവരാൽ അവർ തിരിച്ചറിയപ്പെടുകയും ചെയ്യും. എന്ത് സന്തോഷം! മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവർക്ക് നിത്യമായ ദിവ്യ ഉദ്ദേശ്യത്തിനുളളിൽ പൂർണ്ണമായി പുനരധിവസിക്കപ്പെടുന്നതിന് അവസരം നൽകും. ബൈബിൾ ദൃഢവിശ്വാസത്തോടെ രേഖപ്പെടുത്തുന്നു: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്‌മാരകക്കല്ലറകളിൽ ഉളള എല്ലാവരും അവന്റെ (ദൈവപുത്രന്റെ) ശബ്ദം കേൾക്കുകയും നല്ല കാര്യങ്ങൾ ചെയ്‌തവർ ഒരു ജീവന്റെ പുനരുത്ഥാനത്തിലേക്കും, ഹീനകാര്യങ്ങൾ പതിവായി ചെയ്‌തവർ ഒരു ന്യായവിധിയുടെ പുനരുത്ഥാനത്തിലേക്കും പുറത്തുവരുകയും ചെയ്യുന്ന നാഴിക വരുന്നു.”–യോഹന്നാൻ 5:28, 29.
44 ഈ അത്ഭുതങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്നവയല്ലയോ? അവ നിങ്ങളുടെ ഹൃദയംഗമമായ ആഗ്രഹങ്ങൾ അല്ലയോ? ഈ സന്തോഷങ്ങളിലും ദാനങ്ങളിലും നിങ്ങൾക്കു വ്യക്തിപരമായി പങ്കുപററാൻ കഴിയും. ഇവ സത്വരം സമീപിച്ചുകൊണ്ടിരിക്കുന്ന അർമ്മഗെദ്ദോൻ യുദ്ധത്തെ അതിജീവിക്കുന്നവർക്കായി കരുതിവെച്ചിട്ടുളള അനുഗ്രഹങ്ങൾ ആണ്.
45, 46. ഈ വാഗ്‌ദാനങ്ങൾ വിശ്വാസയോഗ്യമാണെന്ന് നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
45 അർമ്മഗെദ്ദോനുശേഷമുളള ഒരു ലോകത്തെ സംബന്ധിച്ച ഈ വാഗ്‌ദാനങ്ങൾ വിശ്വാസയോഗ്യമാണോ? അർമ്മഗെദ്ദോൻ ഒരു കെട്ടുകഥയല്ലെന്നു നമുക്കെങ്ങനെ ഉറപ്പുളളവരായിരിക്കാൻ കഴിയും? പുരാതന ജലപ്രളയം ഒരു കെട്ടുകഥയല്ലാത്തതിനാൽ. മനുഷ്യൻ കെട്ടുകഥയല്ല. മമനുഷ്യന്റെ നിർമ്മാതാവായ ദൈവം കെട്ടുകഥയല്ല! നമുക്ക് ഈ വാഗ്‌ദാനങ്ങളിൽ ഉറപ്പുളളവരായിരിക്കാനും കഴിയും, എന്തുകൊണ്ടെന്നാൽ ദൈവത്തിനു ഭോഷ്‌ക്കു പറയാൻ അസാദ്ധ്യമാകുന്നു. (തീത്തോസ് 1:2) ചിന്തിക്കുക! കൊച്ചുകുട്ടികൾ ദയയും സ്‌നേഹവുമുളള മാതാപിതാക്കളെ വിശ്വസിക്കുന്നതെന്തുകൊണ്ട്? പൊതുവെ, തങ്ങളുടെ മാതാപിതാക്കൾക്ക് തങ്ങളോടുളള സ്‌നേഹപൂർവ്വകമായ പരിഗണനയെ സംശയിക്കത്തക്കവണ്ണം കൊച്ചുകുട്ടികളുടെമേൽ തങ്ങളുടെ സഹപാഠികൾക്ക് സമ്മർദ്ദം ചെലുത്താൻ കഴിയുകയില്ല. കൊച്ചുകുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ വാഗ്‌ദാനങ്ങളെ അവിശ്വസിക്കാൻ കാരണമില്ല. അവർ തങ്ങളുടെ മാതാപിതാക്കളുടെ കരുതലിനാലല്ലയോ ജീവിതത്തിൽ അത്രത്തോളം വന്നെത്തിയത്. അതുകൊണ്ട് മനുഷ്യവർഗ്ഗത്തോടുളള ദൈവത്തിന്റെ സ്‌നേഹപൂർവ്വകമായ കരുതലിൽ വിശ്വസിക്കുന്നതിനുളള നിങ്ങളുടെ മനസ്സൊരുക്കത്തെ നശിപ്പിക്കാൻ മാനുഷ തത്വശാസ്‌ത്രങ്ങളുടെ പരാജയങ്ങളെയും നിരാശകളെയും അനുവദിക്കരുത്. ദയവായി ലഭ്യമായ തെളിവുകൾ പരിശോധിക്കുക. ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുളള പ്രത്യാശ അസ്ഥാനത്താകുന്നില്ലെന്നു ഉറപ്പുവരുത്തുക. അർമ്മഗെദ്ദോൻ യുദ്ധം നടത്തുന്നതിനും ഒരു നൂതനക്രമം സൃഷ്ടിക്കുന്നതിനും ആവശ്യമായ ജ്ഞാനവും ശക്തിയും തീരുമാനശേഷിയും യഹോവയ്‌ക്കു മാത്രമേ ഉളളു. യഹോവ ആശ്വാസകരമായി ഈ ഉറപ്പു നൽകുന്നു:
46 “‘ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുന്നതല്ല, വിലാപമോ മുറവിളിയോ വേദനയോ മേലാൽ ഉണ്ടായിരിക്കയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു. സിംഹാസനത്തിലിരിക്കുന്നവൻ പറഞ്ഞു: ‘നോക്കു! ഞാൻ സകലവും പുതുതാക്കുന്നു.’ കൂടാതെ, ‘എഴുതുക, എന്തുകൊണ്ടെന്നാൽ ഈ വാക്കുകൾ വിശ്വസ്‌തവും സത്യവുമാകുന്നു’ എന്നും അവൻ പറയുന്നു.”—വെളിപ്പാട് 21:3-5; എബ്രായർ 6:18 താരതമ്യപ്പെടുത്തുക.
47. ദൈവത്തിന്റെ നൂതനക്രമത്തിന്റെ സ്ഥിരതയെ നശിപ്പിക്കയില്ലാത്ത എന്താണ് “സമയം” സംബന്ധിച്ചുളളത്?
47 എന്നിരുന്നാലും, ഈ നല്ല കാര്യങ്ങൾ എത്രകാലത്തേക്കുനിലനിൽക്കും? അതു ചിലർ പറയുന്നതുപോലെ മറെറാരു യുഗകാലത്തേക്കോ കാലചക്രത്തിലേക്കോ ആയിരിക്കുമോ? അങ്ങനെയായിരിക്കുന്നതെന്തിന്? സമയം ചാക്രികമായി സഞ്ചരിക്കുന്നില്ല. സമയം ഒരു ദിശയിലേക്ക്—മുന്നോട്ടു മാത്രം പോകുന്നു. സമയം അതിൽതന്നെ വെറുമൊരു അമൂർത്തപദമാണ്. സമയത്തിന് അതിനുളളിൽതന്നെ പ്രവർത്തിക്കുന്ന അസ്‌തിത്വങ്ങളുടെമേൽ സ്വാധീനം ചെലുത്താൻ സാധ്യമല്ല. ഒരു പ്രത്യേക യുഗത്തെ അഥവാ കാലത്തെ അടയാളപ്പെടുത്തുന്ന സവിശേഷതകൾ പുറമെയുളള ബുദ്ധിപ്രഭാവങ്ങളിൽനിന്ന് ഉത്‌ഭവിക്കുന്നവയാണ്. അതുകൊണ്ട് തിൻമയുടെ എല്ലാ ശക്തികളും സ്വാധീനങ്ങളും എന്നേക്കുമായി നശിപ്പിക്കപ്പെടുമ്പോൾ നിത്യത നൻമയുടെ ഒരു സ്വാധീനത്താൽ മാത്രം നിറഞ്ഞിരിക്കും.
48. സുപ്രധാനമായി പുതിയ വ്യവസ്ഥിതിയുടെ ദൈർഘ്യം തീരുമാനിക്കുന്നതെന്ത്?
48 എന്നിരുന്നാലും, സുപ്രധാനമായ ഒരു വസ്‌തുത ഇതാണ്: വരാൻ പോകുന്ന വ്യവസ്ഥിതിയുടെ കാലദൈർഘ്യം തീരുമാനിക്കുന്നത് ഏതെങ്കിലുംതരത്തിലുളള സ്വയം പ്രവർത്തകപ്രപഞ്ചഘടികാരമല്ല, പിന്നെയോ ദൈവത്തിന്റെ ഇഷ്ടമാണ്. അതിനാൽ, ഈ നല്ലകാര്യങ്ങൾ എത്രകാലത്തേക്കു നിലനിൽക്കും എന്നു നാം യഥാർത്ഥത്തിൽ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നാം യഥാർത്ഥത്തിൽ ചോദിക്കുന്നത്, ‘ഭൂമിക്കും മനുഷ്യവർഗ്ഗത്തിനുംവേണ്ടിയുളള ദൈവത്തിന്റെ ഇഷ്ടം എന്താണ്?’ എന്നാണ്.
49. ഭാവിക്കുവേണ്ടിയുളള ദൈവോദ്ദേശ്യം എന്തായിരിക്കുമെന്ന് എവിടെ നിന്നു മാത്രമേ ഗ്രഹിക്കാൻ കഴിയു? മററ് എന്തു വിവരം ഈ ഉറവു മാത്രം നമുക്ക് നൽകുന്നു?
49 വിശുദ്ധഗ്രന്ഥങ്ങളിൽ ഏതിലെങ്കിലും നമുക്ക് ആ ചോദ്യത്തിനുളള ഉത്തരം കണ്ടെത്താൻ കഴിയുമോ? നമുക്ക് എവിടെയെങ്കിലും അത് കണ്ടെത്താൻ കഴിയുമോ? ഉവ്വ്, എന്നാൽ ബൈബിളിൽ മാത്രം. ഋഗ്വേദത്തിൽ ഉന്നയിച്ചിട്ടുളള, “നാം യാഗം അർപ്പിക്കേണ്ട ദൈവം ആരാണ്?” എന്ന ചോദ്യത്തിന് ബൈബിളിലാണ് ദൈവം ഉത്തരം നൽകുന്നത്. സകലത്തിന്റെയും സ്രഷ്ടാവിന്റെ നാമം യഹോവ എന്നാണ് എന്നു നമ്മോടു പറയുന്നത് ബൈബിൾ ആണ്. നമുക്കു ബൈബിളിൽ മാത്രമേ ചരിത്രത്തിലുടനീളം ദൈവത്തിനു മനുഷ്യവർഗ്ഗത്തോടുണ്ടായിരുന്നിട്ടുളള ഇടപെടലുകൾ സംബന്ധിച്ച ഒരു വ്യക്തമായ വിവരണം ഉളളു. കൂടാതെ, ബൈബിൾ മാത്രമാണ് അന്ത്യനാളുകളിലെ—നമ്മുടെ നാളിലെ—സ്ഥിതിഗതികളെക്കുറിച്ച് യഥാർത്ഥവും വ്യക്തവുമായ ഒരു ചരിത്രം പ്രദാനം ചെയ്യുന്ന വിശുദ്ധഗ്രന്ഥം. ഭാവിയെ സംബന്ധിച്ച ദൈവത്തിന്റെ ഇഷ്ടം എന്തെന്നും ബൈബിൾ നമുക്കു വിശദീകരണം നൽകുന്നു.
50. ദൈവേഷ്ടം സംബന്ധിച്ചുളള ഒരു അറിവ് ഭാവിയെക്കുറിച്ച് ഏത് അത്ഭുതകരമായ വീക്ഷണം നമുക്കു നൽകുന്നു?
50 യഹോവയാം ദൈവം ഉദ്ദേശിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ ആശ്ചര്യകരമാണ്. ബൈബിളനുസരിച്ചു നീതിയുളള ഒരു വ്യവസ്ഥിതി സ്ഥാപിക്കാൻ അവൻ ഉദ്ദേശിച്ചിരിക്കുന്നു. അത് വെറും ഒരു കാലഘട്ടത്തിൽ അഥവാ യുഗത്തിൽ മാത്രം നിലനിൽക്കുന്നതല്ല, പിന്നെയോ നിത്യമായിട്ടുളളതാണ്. നമുക്ക് ഓരോരുത്തർക്കും ആ ക്രമീകരണത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനുളള അവസരം നൽകുകയും ചെയ്‌തിരിക്കുന്നു. (സങ്കീർത്തനം 37:10, 11, 27-29) ദൈവത്തോടുളള തങ്ങളുടെ വിശ്വസ്‌തത നിമിത്തം കുടുംബങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ചിലരെക്കുറിച്ച്, “അവർക്ക് ഈ കാലഘട്ടത്തിൽതന്നെ അനേകമടങ്ങും വരുവാനുളള വ്യവസ്ഥിതിയിൽ (ഒരു പരദീസാഭൂമിയിൽ) നിത്യജീവനും ലഭിക്കു”മെന്ന് ബൈബിൾ പറയുന്നു.—ലൂക്കോസ് 18:29, 30; ഹബക്കൂക്ക് 2:14.
51. യഥാർത്ഥ നീതിയും സംതൃപ്‌തിയും എങ്ങനെ മാത്രമേ മനുഷ്യവർഗ്ഗത്തിന് അനുഭവിക്കാൻ കഴിയുകയുളളു?
51 ഇതിഹാസം അനുസരിച്ച്, കുരുക്ഷേത്രത്തിൽ ഒരു വലിയ യുദ്ധം നടന്ന സമയത്തിനുശേഷം തീർച്ചയായും വളരെയധികം ചരിത്രം കഴിഞ്ഞുപോയിരിക്കുന്നു. ആ കാലഘട്ടത്തിൽ അനേകം യുദ്ധങ്ങൾ മമനുഷ്യന്റെ സന്തോഷത്തെ താറുമാറാക്കിയിരിക്കുന്നു. അനീതി നീക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുളള അവന്റെ പരിശ്രമങ്ങൾ ഏറിയ പങ്കും പരാജയപ്പെട്ടിരിക്കുന്നു. ദുഃഖകരമെന്നുതന്നെ പറയട്ടെ, മാനുഷയത്‌നങ്ങളാൽ നിലനിൽക്കുന്ന സമാധാനവും സന്തുഷ്ടിയും കൈവന്നിട്ടില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത്തരം അനുഗ്രഹങ്ങൾ ആ അതുല്യഗ്രന്ഥമായ വിശുദ്ധ ബൈബിളിൽ കാണപ്പെടുന്ന യഹോവയാം ദൈവത്തിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതിനാൽ മാത്രമേ വരുകയുളളു. അതുകൊണ്ട് ഇപ്പോൾ നിങ്ങൾ എന്തു ചെയ്യും?
52. ഇപ്പോൾ എന്തു ചെയ്യുന്നതിനാൽ യഹോവയുടെ അർമ്മഗെദ്ദോൻ യുദ്ധനാളിൽ നിങ്ങൾ മറയ്‌ക്കപ്പെട്ടേക്കാം?
52 “യഹോവയെ അന്വേഷിക്കുന്ന”തിനും “നീതിയും സൗമ്യതയും അന്വേഷിക്കുന്ന”തിനും ഉളള ദിവ്യക്ഷണം നിങ്ങൾ സ്വീകരിക്കുമോ? നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ, “നിങ്ങൾ യഹോവയുടെ കോപദിവസത്തിൽ മറയ്‌ക്കപ്പെടാനിടയുണ്ട്.” നിങ്ങൾ അങ്ങനെ ചെയ്യണമെന്നും “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തെ—അർമ്മഗെദ്ദോനെ—അതിജീവിക്കുന്നവരിൽ ഉൾപ്പെടണമെന്നുമാണ് ഞങ്ങളുടെ പ്രാർത്ഥന.—സെഫന്യാവ് 2:3; വെളിപ്പാട് 16:14, 16.
[അധ്യയന ചോദ്യങ്ങൾ]
[14-ാം പേജിലെ ചതുരം/ചിത്രം]
സകലവും ഒരു തലമുറയിൽ
1914
ലോകയുദ്ധങ്ങൾ
കൊടിയ കുററകൃത്യങ്ങൾ
വ്യാപകമായ ക്ഷാമം
പകർച്ചവ്യാധികൾ
ആഗോള മലിനീകരണം
ഈ വ്യവസ്ഥിതിയുടെ അന്ത്യം
[6-ാം പേജിലെ ചിത്രം]
അർമ്മഗെദ്ദോൻ, ഭൂമിയെ തുടച്ചു ശുദ്ധീകരിക്കുന്ന ഒരു ആഗോള യുദ്ധമായിരിക്കും
[8-ാം പേജിലെ ചിത്രം]
അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ മനുഷ്യവർഗ്ഗത്തെ ജീവനോടെ നിലനിർത്താൻ അർഹതയുളളവരെന്ന് നമ്മുടെ സ്രഷ്ടാവിനാൽ വിധിക്കപ്പെട്ടവരായിരിക്കും
[13-ാം പേജിലെ ചിത്രം]
അർമ്മഗെദ്ദോൻ യുദ്ധത്തിന്റെ അടയാളം 1914 മുതൽ പ്രകടമാണ്
[18-ാം പേജിലെ ചിത്രം]
വിഷ്‌ണു ശേഷന്റെ മുകളിൽ ഉറങ്ങുന്നു—ഹൈന്ദവ പാര മ്പര്യത്തിൽ സംരക്ഷണ ത്തിന്റെ മാദ്ധ്യമം
[19-ാം പേജിലെ ചിത്രം]
ബൈബിളിലെ ജലപ്രളയം—അർമ്മഗെദ്ദോന്റെ പൂർവ്വവീക്ഷണം
[25-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളാലുളള ലോകവിസ്‌തൃതമായ ജീവരക്താകരമായ പ്രസംഗവേല ഈ യുഗത്തിന്റെ അന്ത്യത്തെ മുന്നറിയിക്കുന്നു