വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ജീവിതം നീങ്ങുന്നത്‌ എങ്ങോട്ട്‌?

നിങ്ങളുടെ ജീവിതം നീങ്ങുന്നത്‌ എങ്ങോട്ട്‌?

നിങ്ങളുടെ ജീവിതം നീങ്ങുന്നത്‌ എങ്ങോട്ട്‌?

• അനുദിന ജീവിതകാര്യാദികളിൽ മുഴുകിയിരിക്കുന്നതു നിമിത്തം അനേകരും തങ്ങളുടെ ജീവിതത്തിന്റെ പോക്ക്‌ എങ്ങോട്ടാണ്‌ എന്നതിനെ കുറിച്ച്‌ ഒട്ടുംതന്നെ ചിന്തിക്കാറില്ല.

• അടുത്തുതന്നെ അരങ്ങേറാൻപോകുന്ന വിസ്‌മയാവഹമായ സംഭവങ്ങൾ സംബന്ധിച്ച്‌ ബൈബിൾ നമ്മെ ജാഗരൂകരാക്കുന്നു. ആഗോളതലത്തിൽ മാനുഷ സംഘടനകൾക്കു സംഭവിക്കാൻ പോകുന്ന നാടകീയ മാറ്റങ്ങളെ കുറിച്ച്‌ അതു മുന്നറിയിപ്പു മുഴക്കുകയും ചെയ്യുന്നു. ഈ അറിവിൽനിന്നു പ്രയോജനം നേടിക്കൊണ്ട്‌, ദുരന്തം ഒഴിവാക്കുന്നതിന്‌ നാം നിർണായക നടപടി കൈക്കൊള്ളേണ്ടത്‌ അടിയന്തിരമാണ്‌.

• ചില ആളുകൾ, ബൈബിൾ പറയുന്നത്‌ എന്താണെന്ന്‌ അറിയാവുന്നവരും അതു ബാധകമാക്കാൻ ശ്രമിക്കുന്നവരും ആണ്‌. എങ്കിലും ജീവിതോത്‌കണ്‌ഠകൾക്കു വഴിപ്പെട്ട്‌ അവർ ശരിയായ ഗതിയിൽനിന്നു വ്യതിചലിച്ചുപോകുന്നു.

• നിങ്ങളുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ ഗതിയിൽ നിങ്ങൾ സന്തുഷ്ടനാണോ? കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ, ജീവിതത്തിലെ നിങ്ങളുടെ ദീർഘകാല-അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളെ അത്‌ എങ്ങനെ ബാധിച്ചേക്കാം എന്നു നിങ്ങൾ പരിചിന്തിക്കാറുണ്ടോ?

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

എന്താണ്‌ നിങ്ങൾക്കു പരമപ്രധാനം?

താഴെപ്പറയുന്ന കാര്യങ്ങളെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? മുൻഗണനാക്രമത്തിൽ അവയ്‌ക്ക്‌ അക്കമിടുക.

ഇവയിൽ പലതിനും ജീവിതത്തിൽ ഉചിതമായ സ്ഥാനമുണ്ട്‌, എന്നാൽ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുള്ളപ്പോൾ ഏത്‌ ഒന്നാമതു വരുന്നു, ഏതു രണ്ടാമതു വരുന്നു, എന്നിങ്ങനെ.

․․․ വിനോദം/ഉല്ലാസം

․․․ എന്റെ തൊഴിൽ അഥവാ ജീവിതവൃത്തി

․․․ എന്റെ ആരോഗ്യം

․․․ എന്റെ സന്തോഷം

․․․ എന്റെ വിവാഹ ഇണ

․․․ എന്റെ മാതാപിതാക്കൾ

․․․ എന്റെ മക്കൾ

․․․ ഒരു നല്ല ഭവനം, ഭംഗിയുള്ള വസ്‌ത്രങ്ങൾ

․․․ എല്ലാറ്റിലും മികച്ചു നിൽക്കാനുള്ള എന്റെ ആഗ്രഹം

․․․ ദൈവാരാധന

[10, 11 പേജുകളിലെ ചതുരം]

നിങ്ങൾ ആഗ്രഹിക്കുന്ന ദിശയിൽത്തന്നെയാണോ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ നിങ്ങളെ നയിക്കുന്നത്‌?

പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുക:

വിനോദം/ഉല്ലാസം: ഞാൻ തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ എനിക്ക്‌ ഉന്മേഷം പകരുന്നുണ്ടോ? എന്റെ ആരോഗ്യത്തെ അപകടത്തിലാക്കുകയോ ആജീവനാന്ത വൈകല്യം വരുത്തിവെക്കുകയോ ചെയ്‌തേക്കാവുന്ന, ഹരംകൊള്ളിക്കുന്ന സാഹസങ്ങൾ അതിൽ ഉൾപ്പെടുന്നുണ്ടോ? ഏതാനും മണിക്കൂർ നേരത്തെ ആഹ്ലാദത്തിമിർപ്പിനു ശേഷം ജീവപര്യന്തം ഹൃദയവ്യഥ സമ്മാനിച്ചേക്കാവുന്ന എന്തെങ്കിലും ഒരു “രസം” ആണോ അത്‌? ഞാൻ തിരഞ്ഞെടുക്കുന്ന വിനോദം ആരോഗ്യാവഹം ആയിരുന്നേക്കാമെങ്കിലും കൂടുതൽ പ്രാധാന്യമുള്ള സംഗതികളെ മൂടിക്കളയും വിധം ഞാൻ അവയ്‌ക്കായി വളരെയധികം സമയം പാഴാക്കുന്നുണ്ടോ?

എന്റെ തൊഴിൽ അഥവാ ജീവിതവൃത്തി: അതൊരു ഉപജീവനമാർഗം മാത്രമാണോ അതോ ഞാൻ അതിന്‌ അടിമ ആയിത്തീർന്നിരിക്കുകയാണോ? എന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുംവിധം അത്‌ എന്നെ ചൂഷണം ചെയ്യുന്നുണ്ടോ? ഓവർടൈം ചെയ്യുന്നതിനാണോ അതോ എന്റെ വിവാഹ ഇണയോടും മക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നതിനാണോ ഞാൻ കൂടുതൽ താത്‌പര്യപ്പെടുന്നത്‌? എന്റെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന അല്ലെങ്കിൽ മിക്കപ്പോഴും ആത്മീയ താത്‌പര്യങ്ങൾക്ക്‌ ഇടം നൽകാത്തവിധം എന്നെ തിരക്കിലാക്കുന്ന തരത്തിലുള്ള വേല ചെയ്യാൻ തൊഴിലുടമ എന്നെ നിർബന്ധിക്കുന്നെങ്കിൽ ജോലി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഞാൻ അതിനു വഴങ്ങുമോ?

എന്റെ ആരോഗ്യം: ഞാൻ അതിനെ ലാഘവത്തോടെ എടുത്തിരിക്കുകയാണോ അതോ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ ഞാൻ സദാ ശ്രദ്ധിക്കുന്നുണ്ടോ? ഇനി, എന്റെ സംഭാഷണങ്ങളിൽ ആധിപത്യം പുലർത്തുന്നത്‌ ഈ വിഷയമാണോ? എന്റെ ആരോഗ്യ കാര്യത്തിൽ ഞാൻ കാണിക്കുന്ന ശ്രദ്ധ കുടുംബത്തോടുള്ള എന്റെ താത്‌പര്യം പ്രകടമാക്കുന്നുണ്ടോ?

എന്റെ സന്തോഷം: ഇതാണോ എന്റെ മുഖ്യ താത്‌പര്യം? എന്റെ ഇണയുടെയോ കുടുംബത്തിന്റെയോ സന്തുഷ്ടിക്കു മീതെ ഞാൻ അതിനെ പ്രതിഷ്‌ഠിക്കുന്നുണ്ടോ? ഞാൻ സന്തുഷ്ടി അന്വേഷിക്കുന്നത്‌ സത്യദൈവത്തിന്റെ ഒരു ആരാധകനു ചേരുന്ന വിധത്തിലാണോ?

എന്റെ വിവാഹ ഇണ: എനിക്ക്‌ തോന്നുമ്പോൾ മാത്രമാണോ ഞാൻ എന്റെ ഇണയെ കൂട്ടാളിയായി കാണുന്നത്‌? വ്യക്തിപരമായ മാന്യത അർഹിക്കുന്ന ഒരാളായി വീക്ഷിച്ചുകൊണ്ട്‌ ഞാൻ എന്റെ ഇണയെ ആദരിക്കുന്നുണ്ടോ? ദൈവത്തിലുള്ള എന്റെ വിശ്വാസം ഞാൻ എന്റെ ഇണയെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കുന്നുണ്ടോ?

എന്റെ മാതാപിതാക്കൾ: പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിയെന്ന നിലയിൽ, മാതാപിതാക്കളോട്‌ ആദരവോടെ മറുപടി പറഞ്ഞുകൊണ്ടും അവർ നൽകുന്ന ജോലികൾ ചെയ്‌തുകൊണ്ടും അവർ പറയുന്ന സമയത്ത്‌ വീട്ടിൽ തിരിച്ചെത്തിക്കൊണ്ടും അവർ മുന്നറിയിപ്പു തന്നിട്ടുള്ള സഹവാസവും പ്രവർത്തനങ്ങളും ഒഴിവാക്കിക്കൊണ്ടും ഞാൻ എന്റെ മാതാപിതാക്കളോട്‌ അനുസരണം കാണിക്കുന്നുണ്ടോ? ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ, ഞാൻ മാതാപിതാക്കളെ ആദരവോടെ ശ്രദ്ധിക്കാറുണ്ടോ, ആവശ്യമായിരിക്കുമ്പോൾ അവർക്ക്‌ ഉചിതമായ സഹായം നൽകാറുണ്ടോ? എന്റെ സുഖവും സൗകര്യവും അനുസരിച്ചാണോ ഞാൻ അവരോട്‌ ഇടപെടുന്നത്‌ അതോ ദൈവവചനത്തിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിലാണോ?

എന്റെ മക്കൾ: എന്റെ മക്കളെ ശരിയായ ധാർമിക മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം എനിക്കു തോന്നുന്നുണ്ടോ, അതോ അവർ അതൊക്കെ സ്‌കൂളിൽനിന്നു പഠിക്കട്ടെ എന്നാണോ ഞാൻ കരുതുന്നത്‌? ഞാൻ എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നുണ്ടോ, അതോ കളിപ്പാട്ടങ്ങളോ ടിവിയോ കമ്പ്യൂട്ടറോ ഒക്കെയായി അവർ കഴിഞ്ഞുകൊള്ളും എന്നു കരുതിയിരിക്കുകയാണോ? എന്റെ കുട്ടികൾ ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അവഗണിക്കുമ്പോഴെല്ലാം ഞാൻ അവർക്കു ശിക്ഷണം നൽകുന്നുണ്ടോ? അതോ എനിക്ക്‌ അരിശം വരുമ്പോൾ മാത്രമാണോ ഞാൻ അങ്ങനെ ചെയ്യുന്നത്‌?

ഒരു നല്ല ഭവനം, ഭംഗിയുള്ള വസ്‌ത്രങ്ങൾ: എന്റെ വസ്‌ത്രധാരണത്തിനും ചമയത്തിനും എന്റെ വസ്‌തുവകകൾക്കും ഞാൻ കൊടുക്കുന്ന ശ്രദ്ധയെ നിയന്ത്രിക്കുന്നത്‌ എന്താണ്‌? അയൽക്കാരിൽ മതിപ്പുളവാക്കാനുള്ള എന്റെ ആഗ്രഹമാണോ? കുടുംബത്തിന്റെ ക്ഷേമത്തിലുള്ള എന്റെ താത്‌പര്യമാണോ? ഞാൻ ദൈവത്തിന്റെ ഒരു ആരാധകനാണ്‌ എന്നുള്ള വസ്‌തുതയാണോ?

എല്ലാറ്റിലും മികച്ചു നിൽക്കാനുള്ള എന്റെ ആഗ്രഹം: കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നത്‌ പ്രധാനമാണ്‌ എന്നു ഞാൻ കരുതുന്നുണ്ടോ? എവിടെയും മികച്ചുനിൽക്കാനായി ഞാൻ പാടുപെടാറുണ്ടോ? മറ്റാരെങ്കിലും ഒരു കാര്യം കുറെക്കൂടി മെച്ചമായി ചെയ്യുമ്പോൾ എനിക്ക്‌ അസ്വസ്ഥത തോന്നാറുണ്ടോ?

ദൈവാരാധന: എന്റെ ഇണയുടെയോ മക്കളുടെയോ മാതാപിതാക്കളുടെയോ തൊഴിലുടമയുടെയോ അംഗീകാരത്തെക്കാൾ ദൈവത്തിൽനിന്നുള്ള അംഗീകാരത്തിന്‌ ഞാൻ പ്രാധാന്യം കൽപ്പിക്കുന്നുണ്ടോ? സുഖസൗകര്യങ്ങൾ നിറഞ്ഞ ഒരു ജീവിതം നയിക്കാനായി ദൈവസേവനത്തെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളാൻ ഞാൻ തയ്യാറായേക്കുമോ?

ബൈബിളിന്റെ ബുദ്ധിയുപദേശം ശ്രദ്ധാപൂർവം പരിചിന്തിക്കുക

ദൈവത്തിന്‌ നിങ്ങളുടെ ജീവിതത്തിൽ ഏതു സ്ഥാനമാണുള്ളത്‌?

സഭാപ്രസംഗി 12:13: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്‌.”

നിങ്ങളോടുതന്നെ ചോദിക്കുക: ഞാൻ കാര്യങ്ങളെ അപ്രകാരം വീക്ഷിക്കുന്നുവെന്ന്‌ എന്റെ ജീവിതം പ്രകടമാക്കുന്നുണ്ടോ? വീട്ടിലോ ജോലിസ്ഥലത്തോ സ്‌കൂളിലോ ഉള്ള എന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റുന്ന വിധത്തെ സ്വാധീനിക്കുന്നത്‌ ദൈവകൽപ്പനകളോടുള്ള അനുസരണമാണോ? അതോ ഞാൻ ദൈവത്തിനായി സമയം മാറ്റിവെക്കുന്നുണ്ടോ എന്നത്‌ മറ്റു താത്‌പര്യങ്ങളെയോ ജീവിത സമ്മർദങ്ങളെയോ ആശ്രയിച്ചാണോ ഇരിക്കുന്നത്‌?

ദൈവവുമായി നിങ്ങൾക്ക്‌ ഏതുതരം ബന്ധമാണ്‌ ഉള്ളത്‌?

സദൃശവാക്യങ്ങൾ 3:5, 6: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”

മത്തായി 4:10: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” “വിശുദ്ധ സത്യവേദപുസ്‌തകം, മോഡേൺ മലയാളം വേർഷൻ (MMV)] നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു.”

നിങ്ങളോടുതന്നെ ചോദിക്കുക: ദൈവത്തെ കുറിച്ച്‌ ഞാൻ അങ്ങനെയാണോ കരുതുന്നത്‌? എന്റെ അനുദിന പ്രവർത്തനങ്ങളും ക്ലേശ സാഹചര്യങ്ങളെ ഞാൻ കൈകാര്യം ചെയ്യുന്ന വിധവും അത്തരം ആശ്രയവും ഭക്തിയും പ്രകടമാക്കുന്നുണ്ടോ?

ബൈബിൾ വായനയും പഠനവും നിങ്ങൾക്ക്‌ എത്ര പ്രധാനമാണ്‌?

യോഹന്നാൻ 17:3: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”

നിങ്ങളോടുതന്നെ ചോദിക്കുക: ദൈവവചനം വായിക്കുന്നതിലും അതിനെ കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുന്നതിലും ഞാൻ കാണിക്കുന്ന താത്‌പര്യം, ഞാൻ അത്‌ യഥാർഥത്തിൽ വിശ്വസിക്കുന്നുവെന്ന്‌ പ്രകടമാക്കുന്നുണ്ടോ?

ക്രിസ്‌തീയ സഭയുടെ യോഗങ്ങൾക്കു ഹാജരാകുന്നത്‌ നിങ്ങൾക്ക്‌ എത്ര പ്രധാനമാണ്‌?

എബ്രായർ 10:24, 25: “നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.”

സങ്കീർത്തനം 122:1: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.”

നിങ്ങളോടുതന്നെ ചോദിക്കുക: ദൈവവചനത്തിൽ നൽകിയിരിക്കുന്ന ഈ മാർഗനിർദേശത്തോടു വിലമതിപ്പു പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതാണോ എന്റെ ജീവിതരീതി? മറ്റെന്തെങ്കിലും കാര്യത്തിനു മുൻതൂക്കം നൽകിയതു നിമിത്തം കഴിഞ്ഞ മാസം ഞാൻ ഏതെങ്കിലും ക്രിസ്‌തീയ യോഗത്തിന്‌ ഹാജരാകാതെ പോയോ?

ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ മറ്റുള്ളവരോടു പറയുന്നതിൽ നിങ്ങൾക്ക്‌ തീക്ഷ്‌ണമായ ഒരു പങ്കുണ്ടോ?

മത്തായി 24:14: “രാജ്യത്തിന്റെ ഈ സുവിശേഷം . . . സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”

മത്തായി 28:19, 20: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”

സങ്കീർത്തനം 96:2: “യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്‌ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.”

നിങ്ങളോടുതന്നെ ചോദിക്കുക: ഈ പ്രവർത്തനത്തിന്‌ ഞാൻ എന്റെ ജീവിതത്തിൽ അർഹമായ പ്രാധാന്യം നൽകുന്നുണ്ടോ? ആ വേലയിലെ എന്റെ പങ്കുപറ്റൽ നാം ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത സംബന്ധിച്ചുള്ള എന്റെ ബോധ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ?