വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശ്രദ്ധ നൽകിയത്‌ അവരുടെ ജീവൻ രക്ഷിച്ചു

ശ്രദ്ധ നൽകിയത്‌ അവരുടെ ജീവൻ രക്ഷിച്ചു

ശ്രദ്ധ നൽകിയത്‌ അവരുടെ ജീവൻ രക്ഷിച്ചു

യെരൂശലേമിലെ ആലയത്തെ കേന്ദ്രീകരിച്ച്‌ നിലകൊണ്ടിരുന്ന യഹൂദ വ്യവസ്ഥിതിയുടെ അന്ത്യത്തെ കുറിച്ച്‌ യേശുക്രിസ്‌തു നേരത്തേതന്നെ മുന്നറിയിപ്പു നൽകുകയുണ്ടായി. അതു കൃത്യമായി ഏതു ദിവസം സംഭവിക്കുമെന്ന്‌ അവൻ പറഞ്ഞില്ല. എന്നാൽ അതിലേക്കു നയിക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്‌ അവൻ വിശദീകരിച്ചു. സദാ ജാഗരൂകരായിരിക്കാനും അപകടമേഖല വിട്ടുപോകാനും അവൻ തന്റെ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിച്ചു.

യേശു ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.” കൂടാതെ അവൻ ഇങ്ങനെയും പറഞ്ഞു: “ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്‌ക്കുന്നതു നിങ്ങൾ കാണുമ്പോൾ . . . യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.” ഭൗതിക സമ്പത്ത്‌ സംരക്ഷിക്കാനായി തിരിച്ചു പോകരുതെന്ന്‌ യേശു തന്റെ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിച്ചു. ജീവൻ നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഓടിപ്പോകേണ്ടത്‌ അടിയന്തിരമായിരുന്നു.​—⁠ലൂക്കൊസ്‌ 21:20, 21; മത്തായി 24:15, 16.

വളരെക്കാലമായി തുടർന്നുവന്ന യഹൂദ കലാപം അടിച്ചമർത്താനായി പൊ.യു. 66-ൽ സെസ്റ്റ്യസ്‌ ഗാലസ്‌ റോമൻ സൈന്യവുമായി യെരൂശലേമിനു നേരെ വന്നു. അയാൾ നഗരത്തിൽ കടന്ന്‌ ആലയത്തിന്‌ ഉപരോധം ഏർപ്പെടുത്തുകപോലും ചെയ്‌തു. നഗരം പ്രക്ഷുബ്ധമായി. വിനാശം ആസന്നമാണെന്ന്‌ ജാഗരൂകരായിരുന്നവർക്കു കാണാൻ കഴിയുമായിരുന്നു. എന്നാൽ അവിടംവിട്ട്‌ ഓടിപ്പോകുക സാധ്യമായിരുന്നോ? അപ്രതീക്ഷിതമായി സെസ്റ്റ്യസ്‌ ഗാലസ്‌ തന്റെ സൈന്യത്തെ പിൻവലിച്ചു. യഹൂദ വിപ്ലവകാരികൾ അവരെ പിന്തുടർന്നു. യെരൂശലേമിൽനിന്നും മുഴു യെഹൂദ്യയിൽനിന്നും പലായനം ചെയ്യേണ്ട സമയമായിരുന്നു അത്‌!

പിന്നത്തെ വർഷം വെസ്‌പാസിയന്റെയും അയാളുടെ പുത്രൻ തീത്തൊസിന്റെയും നേതൃത്വത്തിൽ റോമൻ സൈന്യം തിരിച്ചെത്തി. മുഴുരാജ്യവും യുദ്ധത്തിന്റെ പിടിയിലമർന്നു. പൊ.യു. 70-ന്റെ ആദ്യഭാഗത്ത്‌ റോമാക്കാർ യെരൂശലേമിനുചുറ്റും കൂർത്ത പത്തലുകൾ നാട്ടി ഉപരോധം ഏർപ്പെടുത്തി. രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞു. (ലൂക്കൊസ്‌ 19:43, 44) നഗരത്തിനുള്ളിൽത്തന്നെയുള്ള എതിർച്ചേരികൾ അന്യോന്യം കൊന്നൊടുക്കി. ശേഷിച്ചവരെ റോമാക്കാർ കൊല്ലുകയോ അടിമത്തത്തിലേക്കു കൊണ്ടുപോകുകയോ ചെയ്‌തു. നഗരവും അതിലെ ആലയവും പരിപൂർണമായി നശിപ്പിക്കപ്പെട്ടു. ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ജോസീഫസ്‌ പറയുന്ന പ്രകാരം 10 ലക്ഷത്തിലധികം യഹൂദന്മാർ ദുരിതമനുഭവിച്ച്‌ മരിച്ചു. ആലയം പിന്നെ ഒരിക്കലും പുനർനിർമിക്കപ്പെടുകയുണ്ടായില്ല.

പൊ.യു. 70-ൽ ക്രിസ്‌ത്യാനികൾ യെരൂശലേമിൽ ഉണ്ടായിരുന്നെങ്കിൽ അവർ കൊല്ലപ്പെടുകയോ മറ്റുള്ളവരോടൊപ്പം അടിമകളായി പിടിക്കപ്പെടുകയോ ചെയ്യുമായിരുന്നു. എന്നാൽ, യെരൂശലേമിൽനിന്നും മുഴു യെഹൂദ്യയിൽനിന്നും ഉള്ള ക്രിസ്‌ത്യാനികൾ ദിവ്യമുന്നറിയിപ്പ്‌ കേട്ടനുസരിച്ച്‌

യോർദ്ദാൻ നദിക്കു കിഴക്കുള്ള മലകളിലേക്ക്‌ ഓടിപ്പോയിരുന്നു എന്ന്‌ പുരാതന ചരിത്രകാരന്മാർ റിപ്പോർട്ടു ചെയ്യുന്നു. ചിലർ പെരിയ എന്ന പ്രവിശ്യയിലുള്ള പെല്ലയിൽ പോയി താമസിച്ചു. യെഹൂദ്യ ഉപേക്ഷിച്ചുപോന്ന അവർ അങ്ങോട്ടു മടങ്ങിപ്പോയതേയില്ല. യേശുവിന്റെ മുന്നറിയിപ്പിനു ശ്രദ്ധ നൽകിയത്‌ അവരുടെ ജീവൻ രക്ഷിച്ചു.

ആദരണീയ ഉറവിടങ്ങളിൽനിന്നുള്ള മുന്നറിയിപ്പുകളെ നിങ്ങൾ ഗൗരവപൂർവം എടുക്കുന്നുണ്ടോ?

പല മുന്നറിയിപ്പുകൾക്കും ശേഷം, പറഞ്ഞതുപോലെയൊന്നും സംഭവിക്കാത്തതു നിമിത്തം അനേകരും മുന്നറിയിപ്പുകളെ ഒന്നടങ്കം ലാഘവത്തോടെ വീക്ഷിക്കുന്നു. എന്നിരുന്നാലും മുന്നറിയിപ്പു കേട്ടനുസരിക്കുന്നത്‌ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം.

ചൈനയിൽ 1975-ൽ, ഒരു ഭൂകമ്പം ഉണ്ടാകാൻ പോകുന്നുവെന്ന്‌ മുന്നറിയിപ്പു നൽകപ്പെട്ടു. ഉദ്യോഗസ്ഥർ വേണ്ട നടപടികൾ കൈക്കൊണ്ടു. ജനം നന്നായി പ്രതികരിച്ചു. അനേകായിരങ്ങളുടെ ജീവൻ രക്ഷപ്പെട്ടു.

ഫിലിപ്പീൻസിൽ 1991-ൽ, പിനെറ്റുബോ പർവതത്തിന്റെ താഴ്‌വാരങ്ങളിൽ താമസിക്കുന്ന ഗ്രാമീണർ പർവതത്തിൽനിന്ന്‌ പുകയും ചാരവും ഉയരുന്നതായി റിപ്പോർട്ടുചെയ്‌തു. രണ്ടു മാസത്തോളം സൂക്ഷ്‌മനിരീക്ഷണം നടത്തിയ ശേഷം ഫിലിപ്പീൻസിലെ അഗ്നിപർവത-ഭൂകമ്പ പഠനകേന്ദ്രം ആസന്നമായ അപകടത്തെ കുറിച്ച്‌ മുന്നറിയിപ്പു മുഴക്കി. ഉടനടി പതിനായിരക്കണക്കിന്‌ ആളുകളെ ആ പ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചു. ജൂൺ 15 പ്രഭാതത്തിൽ അത്യുഗ്രമായ ഒരു സ്‌ഫോടനത്തോടെ എട്ട്‌ ഘന കിലോമീറ്റർ ചാമ്പൽ ആകാശത്തേക്ക്‌ ഉയരുകയും തുടർന്ന്‌ ഗ്രാമത്തിന്മേൽ വന്നടിയുകയും ചെയ്‌തു. മുന്നറിയിപ്പിനു ശ്രദ്ധ നൽകിയത്‌ അനേകായിരങ്ങളുടെ ജീവൻ രക്ഷിച്ചു.

ബൈബിൾ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ കുറിച്ച്‌ മുന്നറിയിപ്പു നൽകുന്നു. നാം ഇപ്പോൾ ജീവിക്കുന്നത്‌ അതിന്റെ അന്ത്യനാളുകളിലാണ്‌. അന്ത്യം അടുത്തു വരവേ നിങ്ങൾ സദാ ജാഗരൂകരാണോ? അപകടമേഖലയിൽനിന്ന്‌ അകന്നുനിൽക്കാൻ നിങ്ങൾ ഇപ്പോൾ നടപടി കൈക്കൊള്ളുന്നുണ്ടോ? മറ്റുള്ളവരും അടിയന്തിരതാബോധത്തോടെ അപ്രകാരം ചെയ്യാൻ തക്കവണ്ണം നിങ്ങൾ അവർക്കു മുന്നറിയിപ്പു നൽകുന്നുണ്ടോ?

[20-ാം പേജിലെ ചിത്രം]

പിനെറ്റുബോ അഗ്നിപർവതത്തിൽനിന്ന്‌ ചാരവും പുകയും വമിച്ചപ്പോൾ മുന്നറിയിപ്പിനു ശ്രദ്ധ നൽകിയത്‌ അനേകരുടെ ജീവൻ രക്ഷിച്ചു

[21-ാം പേജിലെ ചിത്രം]

യേശുവിന്റെ മുന്നറിയിപ്പിനു ശ്രദ്ധ നൽകിയവർക്ക്‌, പൊ.യു. 70-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ തങ്ങളുടെ ജീവൻ രക്ഷിക്കാനായി