വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 4

എല്ലാ ജീവി​ക​ളും ഒരു പൊതു പൂർവി​ക​നിൽനി​ന്നാ​ണോ വന്നത്‌?

എല്ലാ ജീവി​ക​ളും ഒരു പൊതു പൂർവി​ക​നിൽനി​ന്നാ​ണോ വന്നത്‌?

എല്ലാ ജീവരൂ​പ​ങ്ങ​ളും ഒരു പൊതു പൂർവി​ക​നിൽനി​ന്നു വന്നതാ​യി​രി​ക്കാ​മെന്ന്‌ ഡാർവിൻ കരുതി. ഭൂമി​യി​ലെ ജീവപ​രി​ണാ​മത്തെ ഒരു വൻവൃ​ക്ഷ​ത്തോട്‌ അദ്ദേഹം ഉപമിച്ചു. ആദ്യത്തെ ലഘു​കോ​ശങ്ങൾ അതിന്റെ തായ്‌ത്തടി ആയിരു​ന്നെ​ന്നും അതിൽനി​ന്നാണ്‌ ‘ജീവന്റെ ഈ വൃക്ഷം’ ശാഖോ​പ​ശാ​ഖ​ക​ളാ​യി പിരി​ഞ്ഞ​തെ​ന്നും പിന്നീട്‌ മറ്റുചി​ലർ അഭി​പ്രാ​യ​പ്പെട്ടു. തായ്‌ത്ത​ടി​യിൽനിന്ന്‌ സ്‌പീ​ഷീ​സു​ക​ളാ​കുന്ന ശാഖക​ളും അവയിൽനിന്ന്‌ ജന്തു-സസ്യങ്ങ​ളു​ടെ കുടും​ബ​ങ്ങ​ളാ​കുന്ന ഉപശാ​ഖ​ക​ളും അവയിൽനിന്ന്‌ ഇന്നു കാണുന്ന വർഗങ്ങ​ളാ​കുന്ന ചില്ലക​ളും ഉണ്ടായ​ത്രേ. എന്നാൽ അതാണോ വാസ്‌ത​വ​ത്തിൽ സംഭവി​ച്ചത്‌?

പല ശാസ്‌ത്ര​ജ്ഞ​രും പറയു​ന്നത്‌: ജീവി​ക​ളു​ടെ പൊതു​പൂർവിക സിദ്ധാ​ന്തത്തെ ഫോസിൽരേഖ പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടെന്ന ധാരണ​യാണ്‌ അനേക​രും നൽകു​ന്നത്‌. എല്ലാ ജീവി​ക​ളി​ലും ഏതാണ്ട്‌ സമാന​മായ ഡിഎൻഎ കാണ​പ്പെ​ടു​ന്ന​തി​നാൽ അവയെ​ല്ലാം ഒരു പൊതു പൂർവി​ക​നിൽനി​ന്നു പരിണ​മി​ച്ചു​വ​ന്ന​താ​യി​രി​ക്ക​ണ​മെ​ന്നും അവർ അവകാ​ശ​പ്പെ​ടു​ന്നു.

ബൈബിൾ പറയു​ന്നത്‌: സസ്യങ്ങൾ, സമു​ദ്ര​ജീ​വി​കൾ, ഭൂചര​ജ​ന്തു​ക്കൾ, പക്ഷികൾ എന്നിവ​യെ​ല്ലാം “അതതുതര”മായി സൃഷ്ടി​ക്ക​പ്പെ​ട്ടു​വെന്ന്‌ ബൈബിൾരേഖ പറയുന്നു. (ഉല്‌പത്തി 1:12, 20-25) ആ വിവരണം, ഒരു “തര”ത്തിനു​ള്ളിൽത്തന്നെ വൈവി​ധ്യ​ങ്ങൾ അനുവ​ദി​ക്കു​ന്നു; അതേസ​മയം, വ്യത്യസ്‌ത “തര”ങ്ങൾക്കി​ട​യിൽ വ്യക്തമായ അതിർവ​ര​മ്പു​കൾ ഉണ്ടായി​രി​ക്കു​മെ​ന്നും സൂചി​പ്പി​ക്കു​ന്നു. ബൈബി​ളി​ലെ സൃഷ്ടി​പ്പിൻ വിവര​ണ​മ​നു​സ​രിച്ച്‌ പുതിയ ജീവരൂ​പങ്ങൾ ഫോസിൽരേ​ഖ​യിൽ പൂർണ വികാ​സം​പ്രാ​പി​ച്ച​നി​ല​യിൽ പെട്ടെന്നു പ്രത്യ​ക്ഷ​പ്പെ​ടു​ക​യാ​ണു വേണ്ടത്‌.

തെളിവുകൾ വെളി​പ്പെ​ടു​ത്തു​ന്നത്‌: തെളി​വു​കൾ എന്തി​നെ​യാണ്‌ പിന്താ​ങ്ങു​ന്നത്‌? ബൈബിൾ വിവര​ണ​ത്തെ​യോ, അതോ ഡാർവി​ന്റെ സിദ്ധാ​ന്ത​ത്തെ​യോ? കഴിഞ്ഞ 150-ലധികം വർഷത്തെ കണ്ടെത്ത​ലു​കൾ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?

ഡാർവി​ന്റെ വൃക്ഷം വെട്ടി​യി​ട​പ്പെ​ടു​ന്നു

സമീപ​വർഷ​ങ്ങ​ളിൽ ശാസ്‌ത്രജ്ഞർ വ്യത്യ​സ്‌ത​തരം ഏകകോ​ശ​ജീ​വി​കൾ, ജന്തുക്കൾ, സസ്യങ്ങൾ എന്നിവ​യു​ടെ ജനിത​ക​രേ​ഖകൾ ഒരു താരത​മ്യ​പ​ഠ​ന​ത്തി​നു വിധേ​യ​മാ​ക്കി. അത്തരം പഠനങ്ങൾ ഡാർവി​ന്റെ ‘പരിണാ​മ​വൃ​ക്ഷം’ എന്ന ആശയത്തെ ശരി​വെ​ക്കു​മെന്ന്‌ അവർ വിചാ​രി​ച്ചു. എന്നാൽ മറിച്ചാ​ണു സംഭവി​ച്ചത്‌.

ഗവേഷ​ണ​ങ്ങ​ളു​ടെ ഫലം എന്തായി​രു​ന്നു​വെന്ന്‌ നമുക്കു നോക്കാം. ജീവശാ​സ്‌ത്ര​ജ്ഞ​നായ മാൽക്കം എസ്‌. ഗോർഡൻ 1999-ൽ ഇപ്രകാ​രം എഴുതി: “ജീവനു പല ഉത്ഭവങ്ങൾ ഉണ്ടായി​രു​ന്നി​രി​ക്കാ​നാണ്‌ സാധ്യത. ജീവന്റെ പ്രാപ​ഞ്ചിക വൃക്ഷത്തിന്‌ ഒന്നില​ധി​കം തായ്‌വേ​രു​കൾ ഉണ്ടായി​രു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു.” ഡാർവിൻ വിശ്വ​സി​ച്ചി​രു​ന്ന​തു​പോ​ലെ, ജീവരൂ​പ​ങ്ങ​ളു​ടെ പ്രധാന ശാഖക​ളെ​ല്ലാം ഒരൊറ്റ തായ്‌ത്ത​ടി​യിൽനി​ന്നു വന്നതാണ്‌ എന്നതിനു തെളി​വു​ക​ളു​ണ്ടോ? ഗോർഡൻ തുടരു​ന്നു: “പണ്ടുമു​തൽ അംഗീ​ക​രി​ച്ചു​വ​രുന്ന പൊതു​പൂർവിക സിദ്ധാന്തം, ഇന്നു പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുള്ള ജന്തു-സസ്യ ലോക​ങ്ങ​ളു​ടെ വർഗീ​ക​ര​ണ​വു​മാ​യി യോജി​ക്കു​ന്നില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ അതു പല ഫൈല​ങ്ങൾക്കും (ഒരുപക്ഷേ, എല്ലാ ഫൈല​ങ്ങൾക്കു​ത​ന്നെ​യും) ഫൈല​ത്തി​ലെ പല ക്ലാസ്സു​കൾക്കും ബാധക​മാ​ക്കാ​നാ​വില്ല.”29 *

ഡാർവി​ന്റെ പൊതു​പൂർവിക സിദ്ധാ​ന്ത​ത്തോട്‌ സമീപ​കാല ഗവേഷ​ണ​ങ്ങ​ളും യോജി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌ ന്യൂ സയന്റിസ്റ്റ്‌ മാസി​ക​യിൽ 2009-ൽ വന്ന ഒരു ലേഖനം പരിണാമ ശാസ്‌ത്ര​ജ്ഞ​നായ എറിക്‌ ബാപ്‌റ്റി​സ്റ്റെ​യു​ടെ പിൻവ​രുന്ന വാക്കുകൾ ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി: “പരിണാ​മ​വൃ​ക്ഷം യാഥാർഥ്യ​മാ​ണെ​ന്ന​തിന്‌ നമുക്ക്‌ തെളി​വു​ക​ളൊ​ന്നു​മില്ല.”30 പരിണാമ ജീവശാ​സ്‌ത്ര​ജ്ഞ​നായ മൈക്കിൾ റോസി​ന്റെ വാക്കു​ക​ളും അതേ ലേഖന​ത്തിൽ ഉദ്ധരി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു: “പരിണാ​മ​വൃ​ക്ഷം മാന്യ​മാ​യി കുഴി​ച്ചു​മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നത്‌ നമു​ക്കെ​ല്ലാം അറിയാം. എന്നിട്ടും, അതിൽ വേരൂ​ന്നിയ ജീവശാ​സ്‌ത്ര​പ​ര​മായ ധാരണകൾ തിരു​ത്തേ​ണ്ട​തു​ണ്ടെന്ന വസ്‌തുത അംഗീ​ക​രി​ക്കാൻ ആരും​തന്നെ തയ്യാറാ​കു​ന്നില്ല.”31 *

ഫോസിൽരേഖ വെളി​പ്പെ​ടു​ത്തു​ന്നത്‌

ജീവജാ​ലങ്ങൾ ഒരു പൊതു പൂർവി​ക​നിൽനിന്ന്‌ ഉരുത്തി​രി​ഞ്ഞു​വ​ന്നു​വെന്ന ആശയത്തിന്‌ ഫോസിൽരേ​ഖ​ക​ളു​ടെ പിന്തു​ണ​യു​ണ്ടെന്നു പല ശാസ്‌ത്ര​ജ്ഞ​രും പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌ മത്സ്യങ്ങ​ളിൽനിന്ന്‌ ഉഭയജീ​വി​ക​ളും ഉരഗങ്ങ​ളിൽനിന്ന്‌ സസ്‌ത​ന​ങ്ങ​ളും ഉളവാ​യെന്ന ആശയത്തിന്‌ ഫോസിൽരേ​ഖകൾ തെളി​വു​നൽകു​ന്ന​താ​യി അവർ സമർഥി​ക്കു​ന്നു. എന്നാൽ അവ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?

“വാസ്‌ത​വ​ത്തിൽ, പടിപ​ടി​യാ​യുള്ള പരിണാ​മ​ത്തി​ന്റെ തെളി​വു​ക​ളൊ​ന്നും ഡാർവി​ന്റെ കാല​ത്തെ​യും ഇക്കാല​ത്തെ​യും ഭൂഗർഭ​ശാ​സ്‌ത്ര​ജ്ഞർക്കു കണ്ടെത്താ​നാ​യി​ട്ടില്ല; ക്രമര​ഹി​ത​മായ, ഇടമു​റിഞ്ഞ രേഖക​ളാണ്‌ അവർക്കു ലഭിച്ചി​ട്ടു​ള്ളത്‌; അതായത്‌ ജീവി​വർഗങ്ങൾ പെട്ടെന്നു പ്രത്യ​ക്ഷ​മാ​കു​ക​യും മാറ്റ​മൊ​ന്നു​മി​ല്ലാ​തെ തുടരു​ക​യും പിന്നീട്‌ രേഖക​ളിൽനിന്ന്‌ ഒറ്റയടിക്ക്‌ അപ്രത്യ​ക്ഷ​മാ​കു​ക​യും ചെയ്യു​ന്ന​താ​യി കാണുന്നു,” പരിണാമ-പുരാ​ജീ​വി​ശാ​സ്‌ത്ര​ജ്ഞ​നായ ഡേവിഡ്‌ എം. റൗപ്‌ പറയുന്നു.32

ബഹുഭൂ​രി​പ​ക്ഷം ഫോസിൽരേ​ഖ​ക​ളും കാണി​ക്കു​ന്നത്‌ സുദീർഘ​മായ കാലം​കൊ​ണ്ടു​പോ​ലും ജീവി​വർഗ​ങ്ങൾക്കു മാറ്റ​മൊ​ന്നും ഉണ്ടായി​ട്ടി​ല്ലെ​ന്നാണ്‌. ഒരു വർഗം മറ്റൊ​ന്നാ​യി പരിണ​മി​ച്ചു​വെ​ന്ന​തിന്‌ തെളി​വു​ക​ളൊ​ന്നു​മില്ല. ശരീര​ഘ​ട​ന​യി​ലെ തനതു സവി​ശേ​ഷ​ത​ക​ളോ​ടെ ജീവജാ​ലങ്ങൾ പെട്ടെന്നു പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ സൂചന​ക​ളാണ്‌ അവ നൽകു​ന്നത്‌. അതു​പോ​ലെ​ത​ന്നെ​യാണ്‌ മറ്റു സവി​ശേ​ഷ​ത​ക​ളു​ടെ കാര്യ​വും. വവ്വാലി​ലെ സോണാർ സംവി​ധാ​നം അഥവാ പ്രതി​ധ്വ​നി സ്ഥാനനിർണ​യ​രീ​തി​തന്നെ ഉദാഹ​ര​ണ​മാ​യി എടുക്കുക. ഈ സവി​ശേഷത പൂർവി​ക​രിൽനി​ന്നു പരിണ​മി​ച്ചു​വ​ന്ന​താ​ണെന്നു കാണി​ക്കുന്ന ഫോസിൽരേ​ഖ​ക​ളൊ​ന്നും കണ്ടെത്താ​നാ​യി​ട്ടില്ല.

ജന്തു​ലോ​ക​ത്തി​ലെ പ്രമുഖ വിഭാ​ഗ​ങ്ങ​ളിൽ പകുതി​യി​ലേ​റെ​യും താരത​മ്യേന ചുരു​ങ്ങിയ സമയം​കൊണ്ട്‌ പ്രത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി കാണ​പ്പെ​ടു​ന്നു. പുതി​യ​തും തനതു സവി​ശേ​ഷ​ത​ക​ളോ​ടു കൂടി​യ​തു​മായ അനേകം ജീവി​വർഗങ്ങൾ ഫോസിൽരേ​ഖ​ക​ളിൽ വളരെ​പ്പെ​ട്ടെന്നു രംഗ​പ്ര​വേശം ചെയ്യു​ന്ന​തി​നാൽ അതിനെ ‘കേം​ബ്രി​യൻ സ്‌ഫോ​ടനം’ എന്നാണ്‌ പുരാ​ജീ​വി​ശാ​സ്‌ത്രജ്ഞർ പരാമർശി​ക്കു​ന്നത്‌. ഏതാണ്‌ കേം​ബ്രി​യൻ കാലഘട്ടം?

ഭൂമി​യു​ടെ ഉൽപ്പത്തി​സം​ബ​ന്ധിച്ച ഗവേഷ​ക​രു​ടെ കാലഗണന ശരിയാ​ണെ​ന്നു​ത​ന്നെ​യി​രി​ക്കട്ടെ. അതനു​സ​രിച്ച്‌ ആ ഭൗമച​രി​ത്രത്തെ പ്രതി​നി​ധീ​ക​രി​ക്കു​ന്ന​തി​നാ​യി ഒരു ഫുട്‌ബോൾ ഗ്രൗണ്ടി​ന്റെ അത്രയും നീളമുള്ള ഒരു സമയരേഖ നമുക്ക്‌ ഉപയോ​ഗി​ക്കാം (1). കേം​ബ്രി​യൻ കാലഘട്ടം എന്നു വിളി​ക്ക​പ്പെ​ടുന്ന ഭാഗത്ത്‌ എത്താൻ സമയ​രേ​ഖ​യു​ടെ ഏതാണ്ട്‌ എട്ടിൽ ഏഴുഭാ​ഗം പിന്നി​ടേ​ണ്ട​തുണ്ട്‌ (2). ആ കാലഘ​ട്ട​ത്തി​ലെ ഒരു ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ പ്രമുഖ ജീവി​വർഗങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​താ​യി ഫോസിൽരേ​ഖകൾ കാണി​ക്കു​ന്നു. ആ ഫുട്‌ബോൾ ഗ്രൗണ്ടി​ലൂ​ടെ നിങ്ങൾ നടന്നു നീങ്ങവെ, വെറും ഒരു ചുവടു​വെ​പ്പി​നു​ള്ളിൽത്ത​ന്നെ​യാണ്‌ ആ വ്യത്യസ്‌ത ജീവി​വർഗ​ങ്ങ​ളെ​ല്ലാം ഒറ്റയടിക്ക്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌!

വൈവി​ധ്യ​മാർന്ന ഈ ജീവരൂ​പങ്ങൾ താരത​മ്യേന പെട്ടെന്ന്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നാൽ ഡാർവി​ന്റെ പരമ്പരാ​ഗത സിദ്ധാ​ന്തത്തെ ചോദ്യം​ചെ​യ്യാൻ പരിണാമ ഗവേഷകർ തുനി​ഞ്ഞി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പരിണാമ ജീവശാ​സ്‌ത്ര​ജ്ഞ​നായ സ്റ്റുവർട്ട്‌ ന്യൂമൻ 2008-ൽ ഒരു അഭിമു​ഖ​ത്തിൽ പങ്കെടു​ക്കവെ, പുതിയ ജീവരൂ​പ​ങ്ങ​ളു​ടെ പെട്ടെ​ന്നുള്ള പ്രത്യ​ക്ഷ​പ്പെ​ട​ലി​നു വിശദീ​ക​രണം നൽകാ​നാ​കുന്ന ഒരു നവീന പരിണാ​മ​സി​ദ്ധാ​ന്ത​ത്തി​ന്റെ ആവശ്യകത ഊന്നി​പ്പ​റ​യു​ക​യു​ണ്ടാ​യി. അദ്ദേഹം പറഞ്ഞു: “പരിണാ​മ​പ​ര​മായ എല്ലാ മാറ്റങ്ങൾക്കും വിശദീ​ക​രണം നൽകാൻ ഒരു ആധാര​മാ​യി ഉപയോ​ഗി​ച്ചി​രുന്ന ഡാർവി​ന്റെ സിദ്ധാ​ന്ത​ത്തി​ന്റെ പ്രസക്തി നഷ്ടപ്പെട്ട്‌ അത്‌ മറ്റു പല സിദ്ധാ​ന്ത​ങ്ങ​ളിൽ ഒന്നുമാ​ത്ര​മാ​യി തരംതാ​ഴ്‌ത്ത​പ്പെ​ടു​മെന്നു തോന്നു​ന്നു​—ശാരീ​രിക ഘടനയി​ലെ വലിയ മാറ്റങ്ങ​ളെ​ക്കു​റി​ക്കുന്ന സ്ഥൂലപ​രി​ണാ​മ​ത്തി​ന്റെ (macroevolution) കാര്യ​ത്തിൽപ്പോ​ലും അതിനു കാര്യ​മായ സ്ഥാനം ഉണ്ടെന്നു തോന്നു​ന്നില്ല.”33

‘തെളിവി’ലെ ന്യൂന​ത​കൾ

ചില പാഠപു​സ്‌ത​കങ്ങൾ ഫോസി​ലു​ക​ളു​ടെ വലുപ്പം വ്യത്യാ​സ​പ്പെ​ടു​ത്തി അവയെ ഒരു പ്രത്യേക ക്രമത്തിൽ ചിത്രീ​ക​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

മുകളിൽ ഇടത്‌: ചില പാഠപുസ്‌ത​കങ്ങളിൽ കാണി​ച്ചിരിക്കുന്നത്‌

മുകളിൽ വലത്‌: ശരിക്കുള്ള ആപേക്ഷിക വലുപ്പം

മത്സ്യങ്ങൾ ഉഭയജീ​വി​ക​ളാ​യും ഉരഗങ്ങൾ സസ്‌ത​ന​ങ്ങ​ളാ​യും രൂപാ​ന്ത​ര​പ്പെട്ടു എന്നതിനു തെളി​വാ​യി ഉയർത്തി​ക്കാ​ണി​ക്കുന്ന ഫോസിൽരേ​ഖ​ക​ളു​ടെ കാര്യ​മോ? പരിണാ​മം നടന്നു​വെ​ന്ന​തിന്‌ അവ ഈടുറ്റ തെളിവു നൽകു​ന്നു​ണ്ടോ? ഫോസിൽരേ​ഖകൾ അടുത്തു പരി​ശോ​ധി​ക്കു​ന്നെ​ങ്കിൽ പല ന്യൂന​ത​ക​ളും വ്യക്തമാ​കും.

ആദ്യം​ത​ന്നെ, പാഠപു​സ്‌ത​ക​ങ്ങ​ളിൽ ഉരഗങ്ങൾമു​തൽ സസ്‌ത​ന​ങ്ങൾവ​രെ​യുള്ള ജീവി​ക​ളു​ടെ ശ്രേണി ചിത്രീ​ക​രി​ക്കു​മ്പോൾ പലപ്പോ​ഴും വലുപ്പ​ത്തിൽ വ്യത്യാ​സം വരുത്തി, ഏതാണ്ട്‌ തുല്യ വലുപ്പ​മു​ള്ള​വ​യാ​യി കാണി​ക്കാ​റുണ്ട്‌. എന്നാൽ യഥാർഥ​ത്തിൽ അവയ്‌ക്ക്‌ ഒരേ വലുപ്പമല്ല ഉള്ളത്‌, ചിലത്‌ വളരെ വലുതും മറ്റു ചിലത്‌ ചെറു​തു​മാണ്‌.

രണ്ടാമ​താ​യി, ആ ജീവികൾ ഏതെങ്കി​ലും വിധത്തിൽ പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നതി​നുള്ള തെളി​വി​ന്റെ അഭാവ​മാണ്‌ ഏറെ വലിയ വെല്ലു​വി​ളി. ഫോസിൽ ശ്രേണി​യി​ലെ ജീവി​കൾക്കി​ട​യിൽ, മിക്ക​പ്പോ​ഴും ദശലക്ഷ​ക്ക​ണ​ക്കി​നു വർഷങ്ങ​ളു​ടെ അന്തരം ഉള്ളതായി ഗവേഷകർ കണക്കാ​ക്കു​ന്നു. അതു സംബന്ധിച്ച്‌ ജന്തുശാ​സ്‌ത്ര​ജ്ഞ​നായ ഹെൻട്രി ജീ പറയുന്നു: “ഫോസി​ലു​കൾക്കി​ട​യി​ലുള്ള കാലഘ​ട്ടങ്ങൾ വളരെ ദൈർഘ്യ​മേ​റി​യ​വ​യാണ്‌. അതു​കൊ​ണ്ടു​തന്നെ അവ തമ്മിലുള്ള ബന്ധം കൃത്യ​മാ​യി നിർണ​യി​ക്കുക സാധ്യമല്ല.”34 *

മത്സ്യങ്ങ​ളു​ടെ​യും ഉഭയജീ​വി​ക​ളു​ടെ​യും ഫോസി​ലു​ക​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കവെ, ജീവശാ​സ്‌ത്ര​ജ്ഞ​നായ മാൽക്കം എസ്‌. ഗോർഡൻ പ്രസ്‌താ​വി​ച്ചത്‌ ഈ ഫോസി​ലു​കൾ, “പ്രസ്‌തുത ഗണങ്ങളിൽ അന്നുണ്ടാ​യി​രുന്ന ജൈവ​വൈ​വി​ധ്യ​ത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെ​ന്നു​പോ​ലും പറയാൻ പറ്റാത്തത്ര” നിസ്സാ​ര​മായ സാമ്പി​ളു​ക​ളാ​ണെ​ന്നാണ്‌. “ആ ജീവികൾ പിന്നീട്‌ മാറ്റങ്ങൾക്കു വിധേ​യ​മാ​യി​ട്ടു​ണ്ടെ​ങ്കിൽത്തന്നെ അത്‌ എത്ര​ത്തോ​ള​മാ​ണെ​ന്നും അതു​പോ​ലെ അവ തമ്മിലുള്ള ബന്ധം എന്തായി​രു​ന്നി​രി​ക്കാ​മെ​ന്നും അറിയാൻ ഒരു മാർഗ​വു​മില്ല” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു.35 *

വാസ്‌ത​വ​ത്തിൽ കഥ എന്താണ്‌?

2004-ൽ നാഷണൽ ജിയോ​ഗ്ര​ഫി​ക്കിൽ പ്രസി​ദ്ധീ​ക​രിച്ച ഒരു ലേഖനം ഫോസിൽ രേഖകളെ, “ഓരോ 1,000 ഫ്രെയി​മു​ക​ളി​ലും 999 എണ്ണം കട്ടിങ്‌ റൂമിൽവെച്ച്‌ നഷ്ടപ്പെ​ട്ടു​പോയ, . . . ഒരു സിനിമ”യോട്‌ ഉപമി​ക്കു​ക​യു​ണ്ടാ​യി.36 ഇവിടെ ഇതിന്റെ പ്രസക്തി എന്താണ്‌?

ജീവികൾ ഒരു വർഗത്തിൽനിന്ന്‌ മറ്റൊ​ന്നാ​യി പരിണ​മി​ക്കു​ന്നി​ല്ലെന്ന്‌ ഫോസിൽരേ​ഖ​യു​ടെ “95 ഫ്രെയി​മു​ക​ളും” കാണി​ക്കു​മ്പോൾ എന്തിനാണ്‌ പുരാ​ജീ​വി​ശാ​സ്‌ത്രജ്ഞർ ബാക്കി “5 ഫ്രെയി​മു​കൾ” അങ്ങനെ സംഭവി​ച്ചു എന്നു വരുത്തി​ത്തീർക്കും​വി​ധം നിരത്തു​ന്നത്‌?

1,00,000 ഫ്രെയി​മു​ക​ളുള്ള ഒരു സിനി​മ​യു​ടെ 100 ഫ്രെയി​മു​കൾമാ​ത്രം നിങ്ങൾക്കു കിട്ടു​ന്നു​വെ​ന്നി​രി​ക്കട്ടെ. ആ സിനി​മ​യു​ടെ കഥ നിങ്ങൾ എങ്ങനെ മനസ്സി​ലാ​ക്കും? ഊഹി​ച്ചെ​ടുത്ത ഒരു കഥ നിങ്ങളു​ടെ മനസ്സി​ലു​ണ്ടാ​യി​രി​ക്കാം. എന്നാൽ കണ്ടെത്തിയ 100 ഫ്രെയി​മു​ക​ളിൽ 5 എണ്ണം മാത്രമേ നിങ്ങളു​ടെ മനസ്സി​ലുള്ള കഥയ്‌ക്കു ചേർച്ച​യിൽ കൊണ്ടു​വ​രാ​നാ​കു​ന്നു​ള്ളൂ. ബാക്കി 95 എണ്ണവും തികച്ചും വ്യത്യ​സ്‌ത​മായ ഒരു കഥയാണ്‌ പറയു​ന്നത്‌. വെറും അഞ്ചു ഫ്രെയി​മു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ, നിങ്ങളു​ടെ മനസ്സി​ലുള്ള കഥയാണ്‌ പ്രസ്‌തുത സിനി​മ​യു​ടെ കഥ എന്നു സ്ഥാപി​ക്കാൻ ശ്രമി​ക്കു​ന്നത്‌ ന്യായ​മാ​യി​രി​ക്കു​മോ? ആ അഞ്ചു ഫ്രെയി​മു​കൾ സ്വന്തം മനസ്സിലെ കഥയെ പിന്താ​ങ്ങും​വി​ധം നിങ്ങൾ ക്രമീ​ക​രി​ച്ച​താ​യി​രി​ക്കാ​നല്ലേ സാധ്യത? വാസ്‌ത​വ​ത്തിൽ, ബാക്കി 95 ഫ്രെയി​മു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നിങ്ങളു​ടെ അഭി​പ്രാ​യ​ത്തി​നു മാറ്റം​വ​രു​ത്തു​ന്ന​താ​യി​രി​ക്കി​ല്ലേ ന്യായ​മായ സംഗതി?

പരിണാ​മ​വാ​ദി​കൾ ഫോസിൽരേ​ഖയെ വീക്ഷി​ക്കുന്ന വിധവു​മാ​യി ഈ ദൃഷ്ടാന്തം എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌? വർഷങ്ങൾ പിന്നി​ട്ട​ശേ​ഷ​വും ജീവി​വർഗ​ങ്ങൾക്ക്‌ കാര്യ​മായ മാറ്റ​മൊ​ന്നും സംഭവി​ച്ചി​ട്ടി​ല്ലെ​ന്നാണ്‌ ബഹുഭൂ​രി​പക്ഷം ഫോസിലുകളും​—സിനിമയുടെ 95 ഫ്രെയിമുകളും​—കാണിക്കുന്നത്‌. എന്നാൽ വർഷങ്ങ​ളോ​ളം, ആ വസ്‌തുത അംഗീ​ക​രി​ക്കാൻ ഗവേഷകർ തയ്യാറാ​യി​രു​ന്നില്ല. ആ സുപ്ര​ധാന തെളി​വി​നു​നേരെ അവർ കണ്ണടച്ചത്‌ എന്തു​കൊ​ണ്ടാണ്‌? റിച്ചാർഡ്‌ മോറിസ്‌ എന്ന ഗ്രന്ഥകാ​രൻ പറയുന്നു: “ജീവി​വർഗ​ങ്ങൾക്ക്‌ ക്രമേണ മാറ്റം സംഭവി​ച്ചു എന്ന പരമ്പരാ​ഗത വിശ്വാ​സ​ത്തി​നു വിരു​ദ്ധ​മായ തെളി​വു​കൾ കണ്ടെത്തി​യി​ട്ടു​പോ​ലും പുരാ​ജീ​വി​ശാ​സ്‌ത്രജ്ഞർ തങ്ങളുടെ വിശ്വാ​സ​ത്തിൽനിന്ന്‌ അണുവിട വ്യതി​ച​ലി​ക്കാൻ തയ്യാറാ​യി​ട്ടില്ല. പരിണാ​മ​ത്തെ​ക്കു​റി​ച്ചു പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുള്ള ആശയങ്ങൾക്ക്‌ അനുസൃ​ത​മാ​യി ഫോസിൽരേ​ഖ​കളെ വ്യാഖ്യാ​നി​ക്കാ​നാണ്‌ അവർ ശ്രമി​ച്ചി​ട്ടു​ള്ളത്‌.”37

“ഫോസി​ലു​ക​ളു​ടെ ഒരു ശ്രേണി കാണി​ച്ചിട്ട്‌ അവ ജീവി​ക​ളു​ടെ വംശപ​ര​മ്പ​രയെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു​വെന്നു പറയു​ന്നത്‌ വെറു​മൊ​രു അവകാ​ശ​വാ​ദ​മാണ്‌; അത്‌ പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ തെളി​യി​ക്കാ​നാ​കുന്ന ഒരു ശാസ്‌ത്രീയ പരികൽപ്പ​നയല്ല. ഒരു മുത്തശ്ശി​ക്ക​ഥ​യു​ടെ മൂല്യമേ അതിനു​ള്ളൂ. അത്‌ രസകര​വും അറിവു പകരു​ന്ന​തു​പോ​ലും ആയിരി​ക്കാം, എന്നാൽ ശാസ്‌ത്രീയ വസ്‌തു​തയല്ല.”​—ഹെൻട്രി ജീയുടെ കാലത്തി​ന്റെ ആഴങ്ങളി​ലേക്ക്‌ ഒരു ഊളി​യി​ടൽ​—ഫോസിൽരേ​ഖ​കൾക്കും അതീത​മാ​യി ജീവന്റെ ഒരു പുതിയ അധ്യായം, (ഇംഗ്ലീഷ്‌) പേ. 116-117

പരിണാ​മ​വാ​ദി​ക​ളു​ടെ ഇപ്പോ​ഴത്തെ നിലപാട്‌ എന്താണ്‌? ജനിതക തെളി​വു​ക​ളു​ടെ​യും ഭൂരി​പക്ഷം ഫോസി​ലു​ക​ളു​ടെ​യും പിൻബലം ഇല്ലാതി​രു​ന്നി​ട്ടും അവർ ഇന്നും ഫോസിൽരേ​ഖ​കളെ ഒരു പ്രത്യേക ക്രമത്തിൽ നിരത്താ​നാണ്‌ ശ്രമി​ക്കു​ന്നത്‌. എന്തു​കൊ​ണ്ടാ​യി​രി​ക്കും അത്‌? ഇന്നു പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുള്ള പരിണാമ ആശയങ്ങളെ അവ പിന്താ​ങ്ങും എന്നതു​കൊ​ണ്ടാ​യി​രി​ക്കു​മോ? *

നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? തെളി​വു​ക​ളു​മാ​യി ഏറ്റവും യോജി​പ്പി​ലാ​യി​രി​ക്കു​ന്നത്‌ ഏതു നിഗമ​ന​മാണ്‌? നാം ഇതുവരെ ചർച്ച​ചെയ്‌ത വസ്‌തു​ത​ക​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക.

  • ഭൂമി​യി​ലെ ആദ്യ ജീവരൂ​പം ‘ലഘു’വായി​രു​ന്നില്ല.

  • ഒരു കോശ​ത്തി​ലെ ഘടകങ്ങൾപോ​ലും യാദൃ​ച്ഛി​ക​മാ​യി ഉണ്ടാകുക അങ്ങേയറ്റം അസംഭ​വ്യ​മാണ്‌.

  • കോശ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങളെ നിയ​ന്ത്രി​ക്കുന്ന ‘കമ്പ്യൂട്ടർ പ്രോ​ഗ്രാ’മായ ഡിഎൻഎ അതിസ​ങ്കീർണ​മാണ്‌. കൂടാതെ അത്‌ മനുഷ്യൻ ഇന്നുവരെ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടുള്ള ഏതൊരു പ്രോ​ഗ്രാ​മി​നെ​യും വിവര​സം​ഭരണ സംവി​ധാ​ന​ത്തെ​യും വെല്ലുന്ന ഉത്‌കൃ​ഷ്ട​ബു​ദ്ധിക്ക്‌ തെളിവു നൽകു​ക​യും ചെയ്യുന്നു.

  • ജീവരൂ​പങ്ങൾ ഉത്ഭവി​ച്ചത്‌ ഒരു പൊതു പൂർവി​ക​നിൽനിന്ന്‌ അല്ലെന്ന്‌ ജനിതക ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നു. കൂടാതെ, പ്രമുഖ ജീവി​വർഗങ്ങൾ പെട്ടെന്നു പ്രത്യ​ക്ഷ​പ്പെ​ട്ട​താ​യി ഫോസിൽരേ​ഖ​ക​ളും സൂചി​പ്പി​ക്കു​ന്നു.

ഈ വസ്‌തു​ത​ക​ളു​ടെ വെളി​ച്ച​ത്തിൽ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? ജീവോ​ത്‌പ​ത്തി​യെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ത്തിന്‌ തെളി​വു​ക​ളു​ടെ പിന്തു​ണ​യു​ണ്ടെന്ന്‌ നിഗമനം ചെയ്യു​ന്നതു ന്യായ​മാ​ണെന്നു തോന്നു​ന്നു​ണ്ടോ? എന്നാൽ സൃഷ്ടി​യെ​ക്കു​റി​ച്ചു ബൈബിൾ പറയുന്ന മിക്ക കാര്യ​ങ്ങ​ളും ശാസ്‌ത്രീയ വസ്‌തു​ത​കൾക്കു നിരക്കു​ന്ന​ത​ല്ലെ​ന്നാണ്‌ അനേക​രു​ടെ​യും വാദം. അതു ശരിയാ​ണോ? ബൈബിൾ യഥാർഥ​ത്തിൽ എന്താണു പറയു​ന്നത്‌?

^ ശരീരഘടനയിൽ സാമ്യ​മുള്ള മൃഗങ്ങ​ളു​ടെ വലി​യൊ​രു കൂട്ട​ത്തെ​യാണ്‌ ശാസ്‌ത്ര​പ​ദ​മായ ഫൈല (ഏകവച​ന​രൂ​പം, ഫൈലം) സൂചി​പ്പി​ക്കു​ന്നത്‌. ജീവജാ​ല​ങ്ങളെ തരംതി​രി​ക്കു​ന്ന​തി​നാ​യി ശാസ്‌ത്രജ്ഞർ ഏഴു തട്ടുക​ളുള്ള ഒരു വർഗീ​ക​ര​ണ​സം​വി​ധാ​നം ഉപയോ​ഗി​ക്കു​ന്നു. അതിൽ ഓരോ​ന്നും തൊട്ടു​മു​മ്പു​ള്ള​തി​നെ​ക്കാൾ കൂടുതൽ സൂക്ഷ്‌മ​ത​യോ​ടെ തരംതി​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. വർഗീ​ക​ര​ണ​ത്തി​ലെ ഏറ്റവും ഉയർന്ന തലം ജന്തു-സസ്യങ്ങ​ളു​ടെ ലോകം (kingdom) ആണ്‌. അതാണ്‌ ഏറ്റവും വിപു​ല​മായ വിഭാഗം. തുടർന്ന്‌ ഫൈലം, ക്ലാസ്സ്‌, ഓർഡർ, കുടും​ബം, ജീനസ്‌, വർഗം എന്നിവ വരുന്നു. ഉദാഹ​ര​ണ​ത്തിന്‌ കുതി​രയെ പിൻവ​രു​ന്ന​പ്ര​കാ​രം വർഗീ​ക​രി​ച്ചി​രി​ക്കു​ന്നു: ലോകം, ആനി​മേ​ലിയ; ഫൈലം, കോർഡേറ്റാ; ക്ലാസ്സ്‌, മമേലിയ; ഓർഡർ, പെരി​സോ​ഡ​ക്‌റ്റൈല; കുടും​ബം, ഇക്വിഡെ; ജീനസ്‌, ഇക്വസ്‌; വർഗം, കാബല്ലസ്‌.

^ ന്യൂ സയന്റി​സ്റ്റി​ലെ ലേഖന​വും ബാപ്‌റ്റി​സ്റ്റെ, റോസ്‌ എന്നീ ജീവശാ​സ്‌ത്ര​ജ്ഞ​രും പരിണാ​മ​സി​ദ്ധാ​ന്തം തെറ്റാ​ണെന്നു സമർഥി​ക്കാ​നല്ല ഇക്കാര്യം പറഞ്ഞത്‌. പകരം, ഡാർവി​ന്റെ സിദ്ധാ​ന്ത​ത്തി​ന്റെ നെടും​തൂ​ണായ പരിണാ​മ​വൃ​ക്ഷം എന്ന ആശയത്തിന്‌ തെളി​വു​ക​ളു​ടെ പിൻബ​ല​മില്ല എന്നു മാത്രമേ അവർ പറയു​ന്നു​ള്ളൂ. ഇവരെ​പ്പോ​ലുള്ള ശാസ്‌ത്രജ്ഞർ ഇപ്പോ​ഴും പരിണാ​മ​ത്തി​നു പിൻബ​ല​മേ​കുന്ന വിശദീ​ക​ര​ണങ്ങൾ തേടു​ക​യാണ്‌.

^ പരിണാമസിദ്ധാന്തം തെറ്റാ​ണെന്ന്‌ സമർഥി​ക്കാ​നല്ല ഹെൻട്രി ജീ ഇപ്രകാ​രം പറഞ്ഞത്‌. ഫോസിൽരേ​ഖ​ക​ളിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​വു​ന്ന​തിന്‌ പരിമി​തി​ക​ളു​ണ്ടെന്ന്‌ അഭി​പ്രാ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു അദ്ദേഹം.

^ പരിണാമവാദത്തെ പിന്താ​ങ്ങുന്ന വ്യക്തി​യാണ്‌ മാൽക്കം എസ്‌. ഗോർഡൻ.

^ ഉദാഹരണത്തിന്‌ “ മനുഷ്യ പരിണാ​മ​ത്തെ​ക്കു​റിച്ച്‌ എന്തു പറയാം?” എന്ന ചതുരം കാണുക.

^ കുറിപ്പ്‌: ഈ ചതുര​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന ഗവേഷ​ക​രിൽ ആരും ബൈബി​ളി​ന്റെ സൃഷ്ടി​വി​വ​ര​ണ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വരല്ല. എല്ലാവ​രും പരിണാ​മ​വാ​ദത്തെ പിന്താ​ങ്ങു​ന്ന​വ​രാണ്‌.

^ ‘ഹോമി​നിഡ്‌’ എന്ന പദം​കൊണ്ട്‌ പരിണാമ ഗവേഷകർ ഉദ്ദേശി​ക്കു​ന്നത്‌ മനുഷ്യ കുടും​ബ​ത്തെ​യും അതിനു തൊട്ടു​മു​മ്പുള്ള മനുഷ്യ​സ​മാന വർഗങ്ങ​ളെ​യും ആണ്‌.