ചോദ്യം 2
ഏതെങ്കിലും ജീവരൂപത്തെ ലഘുലവെന്നു വിശേഷിപ്പിക്കാനാകുമോ?
നമ്മുടെ ശരീരത്തെ ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ ഘടനകളിൽ ഒന്ന് എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഏതാണ്ട് നൂറുലക്ഷംകോടി അതിസൂക്ഷ്മ കോശങ്ങളാലാണ് അതു നിർമിതമായിരിക്കുന്നത്. വാസ്തവത്തിൽ, 200-ലധികം വ്യത്യസ്തതരം കോശങ്ങൾ നമ്മുടെ ശരീരത്തിലുണ്ട്.7 അസ്ഥിയിലും രക്തത്തിലും മസ്തിഷ്കത്തിലും മറ്റുമുള്ള കോശങ്ങൾ അവയിൽ ചിലതാണ്.8
ആകൃതിയിലും ധർമത്തിലും ഒക്കെ അതിശയകരമായ വൈവിധ്യം പുലർത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ കോശങ്ങൾ അതിസങ്കീർണമായ വിധത്തിൽ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നു. ത്വരിതഗതിയിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള, കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ ആഗോള ശൃംഖലയായ ഇന്റർനെറ്റുപോലും ഇതിനോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. ഏറ്റവും ലളിതമായ കോശങ്ങളിൽപ്പോലും കാണുന്ന സാങ്കേതിക മികവിനോടു കിടപിടിക്കാൻ, മനുഷ്യന്റെ ഒരു കണ്ടുപിടിത്തത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അങ്ങനെയെങ്കിൽ, നമ്മുടെ ശരീരത്തിന്റെ അടിസ്ഥാനഘടകമായ കോശങ്ങൾ എങ്ങനെയാണ് ഉണ്ടായത്?
പല ശാസ്ത്രജ്ഞരും പറയുന്നത്: അടിസ്ഥാനപരമായി ജീവകോശങ്ങളെ രണ്ടായി തിരിക്കാം—കോശമർമം ഉള്ളവയും ഇല്ലാത്തവയും. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും കോശങ്ങളിൽ മർമം ഉണ്ട്. എന്നാൽ ബാക്ടീരിയ-കോശങ്ങളിൽ മർമം ഇല്ല. മർമം ഉള്ള കോശങ്ങളെ യൂകാരിയോട്ടിക് (സമർമക കോശം) എന്നും മർമം ഇല്ലാത്തവയെ പ്രോകാരിയോട്ടിക് (അമർമക കോശം) എന്നും വിളിക്കുന്നു. യൂകാരിയോട്ടിക് കോശങ്ങൾ, പ്രോകാരിയോട്ടിക് കോശങ്ങളോടുള്ള താരതമ്യത്തിൽ ഏറെ സങ്കീർണമായതിനാൽ ജന്തു-സസ്യ കോശങ്ങൾ ബാക്ടീരിയ-കോശങ്ങളിൽനിന്നും പരിണമിച്ചു വന്നതായിരിക്കണമെന്ന് പലരും കരുതുന്നു.
‘ലഘു’വായ ചില പ്രോകാരിയോട്ടിക് കോശങ്ങൾ മറ്റു കോശങ്ങളെ വിഴുങ്ങുകയും കോടിക്കണക്കിനു വർഷങ്ങളോളം അവയെ ദഹിപ്പിക്കാൻ കഴിയാതെവരുകയും ചെയ്തു എന്നാണ് ചിലരുടെ വാദം. ‘ആതിഥേയ’ കോശങ്ങൾക്കുള്ളിൽ ദഹിക്കാതെ കിടന്നിരുന്ന കോശങ്ങളുടെ 9 *
ധർമത്തിൽ സമൂലമായ മാറ്റം വരുത്താനും പ്രസ്തുത കോശങ്ങൾസഹിതം ‘ആതിഥേയ’ കോശങ്ങൾ വിഭജിക്കാനും ഇടയാക്കിക്കൊണ്ട് ബുദ്ധിവൈഭവമൊന്നും ഇല്ലാത്ത ‘പ്രകൃതി’ അതിനൊരു പോംവഴി കണ്ടുപിടിച്ചുവെന്ന് പ്രസ്തുത സിദ്ധാന്തം തുടരുന്നു.ബൈബിൾ പറയുന്നത്: ജീവൻ ഉളവായതിനു പിന്നിൽ ഒരു ബുദ്ധിശക്തി പ്രവർത്തിച്ചിട്ടുണ്ടെന്ന് ബൈബിൾ പറയുന്നു. അതിന് ബൈബിൾ നൽകുന്ന ന്യായം ശ്രദ്ധിക്കുക: “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ.” (എബ്രായർ 3:4) മറ്റൊരു ബൈബിൾഭാഗം ഇങ്ങനെയും പറയുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു. . . . അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.”—സങ്കീർത്തനം 104:24, 25.
തെളിവുകൾ വെളിപ്പെടുത്തുന്നത്: മൈക്രോബയോളജി എന്ന ശാസ്ത്രശാഖയുടെ വളർച്ച, അറിയപ്പെടുന്നതിലേക്കും ഏറ്റവും ലളിതമായ പ്രോകാരിയോട്ടിക് കോശങ്ങളുടെ വിസ്മയാവഹമായ ഉള്ളറകൾ അടുത്തു നിരീക്ഷിക്കുക സാധ്യമാക്കിയിരിക്കുന്നു. ഏതാണ്ട് ഈ കോശങ്ങൾപോലെയൊക്കെ ആയിരുന്നിരിക്കണം ആദ്യ ജീവകോശങ്ങൾ എന്ന് പരിണാമവാദികളായ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.10
പരിണാമസിദ്ധാന്തം ശരിയാണെങ്കിൽ, ആദ്യത്തെ ‘ലഘു’കോശം ആകസ്മികമായി ഉണ്ടായത് എങ്ങനെയെന്നതിന് വസ്തുനിഷ്ഠമായ ഒരു വിശദീകരണം നൽകാൻ അതിനു കഴിയണം. എന്നാൽ ജീവൻ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, ഒരു അതിസൂക്ഷ്മ ജീവിയിൽപ്പോലും ജ്ഞാനപൂർവകമായ രൂപരചനയുടെ തെളിവുകൾ ദൃശ്യമായിരിക്കണം. ഇപ്പോൾ നമുക്ക് ഒരു പ്രോകാരിയോട്ടിക് കോശത്തിലൂടെ ഒരു പര്യടനം നടത്തിയാലോ? അങ്ങനെ ചെയ്യവെ, ഇടയ്ക്കിടെ ചോദിക്കുക: ഇത്തരമൊരു കോശത്തിന് ആകസ്മികമായി ഉണ്ടാകാനാകുമോ?
കോശത്തിന്റെ സുരക്ഷാമതിൽ
ഒരു പ്രോകാരിയോട്ടിക് കോശത്തിലൂടെ പര്യടനം നടത്തുന്നതിന് നിങ്ങൾ ചുരുങ്ങിച്ചുരുങ്ങി ഈ വാചകത്തിന്റെ ഒടുവിലുള്ള പൂർണവിരാമത്തെക്കാൾ വളരെയേറെ ചെറുതാകേണ്ടതുണ്ട്. ബലിഷ്ഠവും വഴക്കമുള്ളതുമായ ഒരു സ്തരം, അതായത് കോശസ്തരം, കടന്നാൽ മാത്രമേ നിങ്ങൾക്ക് കോശത്തിനുള്ളിൽ പ്രവേശിക്കാനാവൂ. ഇത് ഒരു ഫാക്ടറിയുടെ, ഇഷ്ടികയും സിമന്റും ഒക്കെ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ചുറ്റുമതിൽപോലെയാണെന്നു പറയാം. ഒരു കടലാസിന്റെ ഏതാണ്ട് പതിനായിരത്തിൽ ഒന്നു കനം മാത്രമേ ഈ സ്തരത്തിനുള്ളൂ. എന്നാൽ കോശത്തിന്റെ ഈ സ്തരം ഇഷ്ടിക കെട്ടിയുണ്ടാക്കിയ ഒരു മതിലിനെക്കാൾ വളരെ സങ്കീർണമാണ്. ഏതു വിധത്തിൽ?
ഒരു ഫാക്ടറിയുടെ ചുറ്റുമതിൽപോലെ, കോശസ്തരം പ്രതികൂല ചുറ്റുപാടുകളിൽനിന്ന് കോശത്തിനുള്ളിലെ ഘടകങ്ങളെ സംരക്ഷിക്കുന്നു. എന്നാൽ ഈ സ്തരത്തിൽ സുഷിരങ്ങളുണ്ട്; ഓക്സിജൻപോലുള്ള ചെറിയ തന്മാത്രകളെ അകത്തേക്കും പുറത്തേക്കും കടത്തിവിട്ടുകൊണ്ട് അത് കോശത്തിനു ‘ശ്വസനം’ സാധ്യമാക്കുന്നു. അതേസമയം കോശത്തിന്റെ അനുമതിയില്ലാത്ത, അപകടകാരികളായ സങ്കീർണ തന്മാത്രകളുടെ പ്രവേശനത്തെ അത് തടയുകയും ചെയ്യുന്നു. കൂടാതെ, ഉപയോഗപ്രദമായ തന്മാത്രകൾ കോശത്തിൽനിന്നു പുറത്തുപോകുന്നതിനെയും അതു തടയും. ഈ സ്തരത്തിന് ഇത്ര ക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുന്നത് എങ്ങനെയാണ്?
ഫാക്ടറിയുടെ കാര്യംതന്നെ വീണ്ടും ചിന്തിക്കുക. സാധനങ്ങൾ പരിശോധിച്ച് അകത്തേക്കും പുറത്തേക്കും കടത്തിവിടുന്ന കാവൽക്കാർ കവാടത്തിങ്കൽ ഉണ്ടായിരുന്നേക്കാം. സമാനമായൊരു ധർമം നിർവഹിക്കുന്ന ചില പ്രത്യേക പ്രോട്ടീൻ തന്മാത്രകൾ കോശസ്തരത്തിലുമുണ്ട്. അവ വാതിലുകളും കാവൽക്കാരുമൊക്കെയായി വർത്തിക്കുന്നു.
ഈ പ്രോട്ടീനുകളിൽ ചിലത് (1) നടുവിലൂടെ
ദ്വാരമുള്ളവയാണ്. ചില പ്രത്യേകതരം തന്മാത്രകളെ മാത്രമേ അവ അകത്തേക്കും പുറത്തേക്കും കടത്തിവിടുകയുള്ളൂ. മറ്റു ചില പ്രോട്ടീനുകളുടെ ഒരു വശം തുറന്നും (2) മറുവശം അടഞ്ഞുമിരിക്കും. അവയ്ക്കൊരു ഡോക്കിങ് സൈറ്റ് ഉണ്ട് (3). ആ സൈറ്റിന്റെ അതേ ആകൃതിയുള്ള വസ്തുവിന്റെ പ്രവേശനം മാത്രമേ അത് അനുവദിക്കുകയുള്ളൂ. പ്രസ്തുത വസ്തു പ്രോട്ടീന്റെ ഒരു വശത്തു പ്രവേശിക്കുന്നതോടെ പ്രോട്ടീന്റെ മറുവശം തുറക്കുകയും അങ്ങനെ ആ വസ്തു കോശസ്തരത്തിലൂടെ അകത്തേക്കോ പുറത്തേക്കോ കടക്കുകയും ചെയ്യുന്നു (4). ഈ പ്രവർത്തനങ്ങളെല്ലാം ഒരു സാധാരണ കോശത്തിൽപ്പോലും നടക്കുന്നുണ്ട്.ഫാക്ടറിക്കുള്ളിൽ
‘കാവൽക്കാരു’ടെ അനുവാദത്തോടെ നിങ്ങളിപ്പോൾ പ്രോകാരിയോട്ടിക് കോശത്തിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്. അതിനുള്ളിൽ പോഷകങ്ങളും ലവണങ്ങളും മറ്റും അടങ്ങിയ ഒരു ദ്രാവകം നിറഞ്ഞിരിക്കുന്നു. ദ്രാവകത്തിലെ ഈ പദാർഥങ്ങൾ ഉപയോഗിച്ചാണ് കോശം അതിന് ആവശ്യമായ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നത്. എന്നാൽ ക്രമവും ചിട്ടയുമില്ലാതെ നടക്കുന്ന ഒരു പ്രക്രിയയല്ല ഇത്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ഫാക്ടറിപോലെ, കോശം ആയിരക്കണക്കിനു രാസപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും അങ്ങനെ, നിയതമായ ക്രമത്തിലും നിർദിഷ്ട സമയമനുസരിച്ചും ഈ രാസപ്രവർത്തനങ്ങൾ നടക്കാനിടയാകുകയും ചെയ്യുന്നു.
ഒരു കോശത്തിന്റെ മുഖ്യ ധർമങ്ങളിലൊന്നാണ് പ്രോട്ടീൻ നിർമാണം. എങ്ങനെയാണ് കോശം അതു ചെയ്യുന്നത്? ആദ്യ പടിയായി, കോശം അടിസ്ഥാന നിർമാണ ഘടകങ്ങളായ ഏതാണ്ട് 20 തരം അമിനോ ആസിഡുകൾ നിർമിക്കുന്നു. തുടർന്ന് അവയെ റൈബോസോമുകൾക്ക് (5) കൈമാറുന്നു. ഏതു പ്രോട്ടീനാണോ നിർമിക്കപ്പെടേണ്ടത് അതിനനുസൃതമായി ഈ റൈബോസോമുകൾ, ഒരു ഓട്ടോമാറ്റിക് മെഷീൻപോലെ, അമിനോ ആസിഡുകളെ ഒരു പ്രത്യേക ക്രമത്തിൽ കൂട്ടിയിണക്കുന്നു. ഒരു കേന്ദ്രീകൃത കമ്പ്യൂട്ടർ പ്രോഗ്രാം ഒരു ഫാക്ടറിയിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതുപോലെ, ഒരു കോശത്തിന്റെ ധർമങ്ങളിൽ പലതിനെയും നിയന്ത്രിക്കുന്നത് ഒരു ‘കമ്പ്യൂട്ടർ പ്രോഗ്രാം’ അഥവാ കോഡ് ഭാഷയിലുള്ള ഡിഎൻഎ ആണ് (6). ഏതു പ്രോട്ടീൻ, എങ്ങനെ നിർമിക്കണം എന്നതു സംബന്ധിച്ചുള്ള വിശദമായ നിർദേശങ്ങളുടെ ഒരു പകർപ്പ് (7) ഡിഎൻഎ-യിൽനിന്ന് റൈബോസോമിനു ലഭിക്കുന്നു.
പ്രോട്ടീൻ നിർമാണത്തിൽ അടുത്തതായി സംഭവിക്കുന്നതിനെ വിസ്മയാവഹം എന്നേ വിശേഷിപ്പിക്കാനാവൂ! ഓരോ പ്രോട്ടീനും ഒരു നിശ്ചിതരീതിയിൽ മടങ്ങി തനതായ ത്രിമാനരൂപം കൈവരിക്കുന്നു (8). ഈ രൂപത്തിനനുസൃതമായാണ് ഓരോ പ്രോട്ടീന്റെയും ധർമം നിർണയിക്കപ്പെടുന്നത്. * ഒരു യന്ത്രത്തിന്റെ ഭാഗങ്ങൾ ഒന്നൊന്നായി കൂട്ടിയിണക്കുന്ന ഒരു പ്രൊഡക്ഷൻ ലൈൻ ഭാവനയിൽ കാണുക. യന്ത്രത്തിന്റെ ഓരോ ഭാഗവും കൃത്യമായി കൂട്ടിച്ചേർക്കപ്പെട്ടെങ്കിൽ മാത്രമേ അതു ശരിയായി പ്രവർത്തിക്കുകയുള്ളൂ. അതുപോലെതന്നെയാണ് പ്രോട്ടീന്റെ കാര്യവും. ഒരു പ്രോട്ടീന്റെ ഘടകങ്ങൾ നിയതമായി ക്രമീകരിക്കപ്പെടാതിരിക്കുകയോ അതു മടങ്ങി നിശ്ചിത രൂപം കൈവരിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ അതിന് അതിന്റെ ധർമം ശരിയായി നിർവഹിക്കാനാവില്ല. മാത്രമല്ല, അവ കോശത്തിനു ഹാനിവരുത്തുകപോലും ചെയ്തേക്കാം.
പ്രോട്ടീൻ എങ്ങനെയാണ് നിർമാണസ്ഥലത്തുനിന്ന് അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്? കോശം ഓരോ പ്രോട്ടീനും നിർമിക്കുന്നത് ഒരു ‘മേൽവിലാസം’ (address tag) സഹിതമാണ്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഈ ‘വിലാസം’ പ്രോട്ടീനെ സഹായിക്കുന്നു. ഓരോ മിനിട്ടിലും ആയിരക്കണക്കിനു പ്രോട്ടീനുകൾ നിർമിച്ച് അയയ്ക്കുന്നുണ്ടെങ്കിലും അവയെല്ലാം കൃത്യമായി അവയുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നു.
ഈ വസ്തുതകളുടെ പ്രസക്തി എന്ത്? ഏറ്റവും ലളിതമായ ജീവരൂപങ്ങളിലെപോലും സങ്കീർണ തന്മാത്രകൾക്ക് സമാനമായ മറ്റു തന്മാത്രകൾ തനിയെ ഉത്പാദിപ്പിക്കാനാവില്ല. കോശത്തിനു പുറത്ത് അവ വിഘടിക്കും. കോശത്തിനുള്ളിൽ മറ്റു സങ്കീർണ തന്മാത്രകളുടെ സഹായമില്ലാതെ അവയ്ക്ക് സമാനമായ വേറെ തന്മാത്രകൾ ഉത്പാദിപ്പിക്കാനുമാവില്ല. ഉദാഹരണത്തിന്, അഡിനോസിൻ ട്രൈഫോസ്ഫേറ്റ് (എറ്റിപി) എന്നറിയപ്പെടുന്ന പ്രത്യേകതരം ഊർജസംഭരണ തന്മാത്രകൾ നിർമിക്കുന്നതിന് എൻസൈമുകൾ ആവശ്യമാണ്. എന്നാൽ എറ്റിപി-യിൽനിന്നുള്ള ഊർജം ഉണ്ടെങ്കിലേ എൻസൈമുകൾ നിർമിക്കാനാവൂ. സമാനമായി, എൻസൈമുകളുടെ നിർമാണത്തിന് ഡിഎൻഎ (ഡിഎൻഎ-യെക്കുറിച്ച് 3-ാം ഭാഗത്ത് ചർച്ചചെയ്യുന്നതായിരിക്കും) ആവശ്യമാണ്. ഡിഎൻഎ നിർമിക്കണമെങ്കിലോ, എൻസൈമുകളും വേണം. ഇനി, മറ്റ് പ്രോട്ടീനുകളുടെ കാര്യമെടുത്താലും, അവയുടെ നിർമാണത്തിന് കോശം വേണം. അതേസമയം പ്രോട്ടീൻ ഉണ്ടെങ്കിലേ കോശങ്ങൾ നിർമിക്കപ്പെടുകയുള്ളൂ. *
മൈക്രോബയോളജിസ്റ്റ് ആയ റാഡൂ പോപാ ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണത്തോട് യോജിക്കുന്നില്ല. എന്നിട്ടും 2004-ൽ അദ്ദേഹം ഇങ്ങനെ ചോദിച്ചു: “പരീക്ഷണശാലയിലെ നിയന്ത്രിതവും ക്രമീകൃതവുമായ പരിതസ്ഥിതിയിൽപ്പോലും ജീവൻ ഉളവാക്കാൻ നാം പരാജയപ്പെട്ടിടത്ത് പ്രകൃതിക്ക് അത് എങ്ങനെ സാധ്യമാകാനാണ്?”13 “ഒരു ജീവകോശത്തിലെ സങ്കീർണമായ പ്രവർത്തനങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, അവയെല്ലാം ഒരേ സമയത്ത് ആകസ്മികമായി ആരംഭിച്ചു എന്നത് ഏതാണ്ട് അസാധ്യമെന്നു പറയേണ്ടിയിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.14
നിങ്ങൾ എന്തു വിചാരിക്കുന്നു? ഭൂമിയിൽ ജീവൻ ഉളവാകുന്നതിന് ദൈവിക ഇടപെടലൊന്നും ആവശ്യമില്ല എന്നാണ് പരിണാമസിദ്ധാന്തം പറയുന്നത്. എന്നാൽ ജീവനെക്കുറിച്ച് ശാസ്ത്രലോകം പുതിയ കണ്ടെത്തലുകൾ നടത്തുന്തോറും അത് യാദൃച്ഛികമായി ഉളവാകാനുള്ള സാധ്യതയ്ക്കു മങ്ങലേൽക്കുന്നതായി കണ്ടുവരുന്നു. ഈ വിഷമസന്ധിയിൽനിന്നു കരകയറാൻ, പരിണാമത്തെക്കുറിച്ചുള്ള സിദ്ധാന്തത്തെയും ജീവോത്പത്തിയെക്കുറിച്ചുള്ള സമസ്യയെയും രണ്ടുതട്ടിൽ കാണാൻ പരിണാമവാദികളായ ചില ശാസ്ത്രജ്ഞർ ശ്രമിക്കുന്നു. എന്നാൽ അതു ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
ഭാഗ്യം തുണച്ച ആകസ്മികമായ ചില സംഭവപരമ്പരകളിലൂടെ ജീവൻ ഉളവായി എന്ന ആശയമാണ് പരിണാമസിദ്ധാന്തത്തിന് ആധാരം. ഇന്ന് ജീവലോകത്തു കാണുന്ന വിസ്മയാവഹമായ വൈവിധ്യങ്ങളും സങ്കീർണതയുമെല്ലാം ആകസ്മികമായ മറ്റൊരു സംഭവപരമ്പരയിലൂടെ കൈവന്നതാണെന്നും അത് പറയുന്നു. ഒരു സിദ്ധാന്തത്തിന് അടിത്തറയില്ലെങ്കിൽ, അതിന്മേൽ പണിതുയർത്തിയിരിക്കുന്ന മറ്റു സിദ്ധാന്തങ്ങളുടെ സ്ഥിതി എന്താകും? ജീവൻ എങ്ങനെ ഉത്ഭവിച്ചുവെന്ന അടിസ്ഥാന വസ്തുത വിശദീകരിക്കാനാവാത്ത പരിണാമസിദ്ധാന്തം തകർന്നടിയുമെന്നതിനു സംശയമില്ല, അടിത്തറയിടാതെ പണിതുയർത്തുന്ന ഒരു അംബരചുംബി നിലംപൊത്തുന്നതുപോലെ.
ഒരു ‘ലഘു’ കോശത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ചു നടത്തിയ ഹ്രസ്വമായ ഈ അവലോകനം എന്താണ് വ്യക്തമാക്കുന്നത്? തെളിവുകൾ എന്താണ് സൂചിപ്പിക്കുന്നത്? കോശങ്ങൾ ആകസ്മികമായി ഉണ്ടായെന്നോ, അതോ ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ ഫലമായി ഉണ്ടായെന്നോ? നിങ്ങൾക്ക് ഇപ്പോഴും സംശയം ബാക്കിയാണെങ്കിൽ കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ‘മാസ്റ്റർ പ്രോഗ്രാം’ നമുക്കൊന്ന് അടുത്തു നിരീക്ഷിക്കാം.
^ ഇതു സാധ്യമാണെന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കാനായിട്ടില്ല.
^ കോശത്തിൽ നിർമിക്കപ്പെടുന്ന ഒരുതരം പ്രോട്ടീനാണ് എൻസൈമുകൾ. ഒരു പ്രത്യേക രാസപ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നതിന് അതൊരു നിശ്ചിത വിധത്തിൽ മടങ്ങേണ്ടതുണ്ട്. നൂറുകണക്കിന് എൻസൈമുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് കോശപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.