ചോദ്യം 1
ജീവൻ എങ്ങനെ ഉത്ഭവിച്ചു?
‘എങ്ങനെയാ ഞാൻ ഉണ്ടായത്?’ കുട്ടിയായിരുന്നപ്പോൾ നിങ്ങൾ അമ്മയോടോ അച്ഛനോടോ അങ്ങനെ ചോദിച്ചിട്ടുണ്ടായിരിക്കാം. എന്തായിരുന്നു അപ്പോൾ അവരുടെ പ്രതികരണം? ഒന്നുകിൽ അവർ ആ ചോദ്യം കേട്ടില്ലെന്നു നടിച്ചിരിക്കും; അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറിയിരിക്കും. അതുമല്ലെങ്കിൽ വിചിത്രമായ ചില കഥകളൊക്കെ പറഞ്ഞുകേൾപ്പിച്ചിരിക്കും. എന്നാൽ പിന്നീട് നിങ്ങൾക്കു മനസ്സിലായി അതിലൊന്നും വാസ്തവമില്ലായിരുന്നുവെന്ന്. അതെ, മുതിർന്നുവരുന്നതോടെ ഏതൊരു കുട്ടിയും ലൈംഗികപ്രത്യുത്പാദനത്തിൽ ഉൾപ്പെട്ടിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചു മനസ്സിലാക്കും.
കുഞ്ഞുങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നതെന്നു വിശദീകരിച്ചുകൊടുക്കാൻ വിമുഖത കാണിക്കുന്ന മാതാപിതാക്കളെപ്പോലെതന്നെയാണ് ഇന്നത്തെ പല ശാസ്ത്രജ്ഞരും. അതിലും പ്രാധാന്യമേറിയ ഒരു വിഷയത്തെക്കുറിച്ച്, അതായത് ജീവൻ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ അവർക്കു മടിയാണ്. എന്നാൽ ആ ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം ലഭിക്കുന്നതു വളരെ പ്രധാനമാണ്; കാരണം, ഒരുവന്റെ ജീവിതവീക്ഷണത്തെത്തന്നെ അതിനു ശക്തമായി സ്വാധീനിക്കാനാകും. അങ്ങനെയെങ്കിൽ, ജീവൻ ഉത്ഭവിച്ചത് എങ്ങനെയാണ്?
പല ശാസ്ത്രജ്ഞരും പറയുന്നത്: കോടാനുകോടി വർഷങ്ങൾക്കുമുമ്പ്, സമുദ്രത്തിന്റെ അഗാധങ്ങളിൽ എവിടെയെങ്കിലും അല്ലെങ്കിൽ വേലിയേറ്റത്തിന്റെ ഫലമായി സമുദ്രജലം വന്നുനിറഞ്ഞ ഒരു കുഴിയിൽ (tidal pool) ജീവൻ ആവിർഭവിച്ചു എന്നാണ് പരിണാമത്തിൽ വിശ്വസിക്കുന്ന പലരും പറയുന്നത്. അത്തരമൊരു സ്ഥലത്ത് രാസപദാർഥങ്ങൾ ആകസ്മികമായി കൂടിച്ചേർന്ന് കുമിളരൂപംപ്രാപിച്ച്, സങ്കീർണമായ തന്മാത്രകൾ ഉണ്ടാകുകയും അവ സ്വയം ഇരട്ടിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് അവർ കരുതുന്നു. അങ്ങനെ ആദ്യമായി രൂപംകൊണ്ട ഒന്നോ അതിലധികമോ ‘ലഘു’ കോശങ്ങളിൽനിന്നാണ് ഇന്നു ഭൂമിയിൽ കാണുന്ന ജീവജാലങ്ങളെല്ലാം ഉണ്ടായതെന്ന് അവർ വിശ്വസിക്കുന്നു.
എന്നാൽ പരിണാമത്തെ പിന്താങ്ങുന്ന മറ്റുചില ശാസ്ത്രജ്ഞർ ഈ വാദത്തോട് വിയോജിക്കുന്നു. ആദിമ കോശങ്ങൾ അല്ലെങ്കിൽ അവയുടെ മുഖ്യഘടകങ്ങളെങ്കിലും ബഹിരാകാശത്തുനിന്നു ഭൂമിയിൽ എത്തിച്ചേർന്നതായിരിക്കാമെന്ന് അവർ അനുമാനിക്കുന്നു. അജൈവ തന്മാത്രകളിൽനിന്ന് ജീവൻ ഉത്ഭവിക്കുമെന്നു തെളിയിക്കാൻ എത്ര ശ്രമിച്ചിട്ടും ശാസ്ത്രജ്ഞർക്കു കഴിഞ്ഞിട്ടില്ല എന്നതാണ് അതിന് അവർ പറയുന്ന കാരണം. അവരുടെ ഈ വിഷമസന്ധിയെ വെളിപ്പെടുത്തുന്നതാണ് ജീവശാസ്ത്ര പ്രൊഫസറായ അലക്സാണ്ട്രെ മെനെഷ് 2008-ൽ നടത്തിയ ഒരു പ്രസ്താവന. കഴിഞ്ഞ 50-ലധികം വർഷത്തെ കാര്യമെടുത്താൽ, “ഒരു തന്മാത്രീയ സൂപ്പിൽനിന്ന് ജീവൻ തനിയെ ഉരുത്തിരിഞ്ഞുവെന്ന അനുമാനത്തെ പിന്താങ്ങുന്ന വസ്തുനിഷ്ഠമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അങ്ങനെയൊരു നിഗമനത്തിലേക്കു നയിക്കുന്ന എടുത്തുപറയത്തക്ക ശാസ്ത്രീയ മുന്നേറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും” അദ്ദേഹം പറയുകയുണ്ടായി.1
തെളിവുകൾ വെളിപ്പെടുത്തുന്നത്: കുഞ്ഞുങ്ങൾ
എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതു സംബന്ധിച്ച് ആളുകൾക്ക് വ്യക്തമായ ഒരു ധാരണയുണ്ട്. അസ്തിത്വത്തിൽ ഉള്ള ഒരു ജീവനിൽനിന്നു മാത്രമേ പുതിയൊരു ജീവൻ നാമ്പെടുക്കുകയുള്ളൂ. എന്നാൽ യുഗങ്ങൾക്കുമുമ്പ് എന്നോ ഒരിക്കൽ, ഈ അടിസ്ഥാനതത്ത്വം ലംഘിക്കപ്പെടുകയും അങ്ങനെ അജൈവ രാസപദാർഥങ്ങളിൽനിന്ന് ജീവൻ ആകസ്മികമായി ഉളവാകുകയും ചെയ്തിരിക്കുമോ? അങ്ങനെ സംഭവിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്?ഒരു കോശത്തിന്റെ നിലനിൽപ്പിന് സങ്കീർണമായ മൂന്നുതരം തന്മാത്രകളെങ്കിലും—ഡിഎൻഎ (ഡീഓക്സിറൈബോ ന്യൂക്ലിക് ആസിഡ്), ആർഎൻഎ (റൈബോ ന്യൂക്ലിക് ആസിഡ്), പ്രോട്ടീൻ—ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. രാസപദാർഥങ്ങളുടെ ഒരു മിശ്രിതത്തിൽനിന്ന് ഒരു സമ്പൂർണ ജൈവകോശം പെട്ടെന്ന് യാദൃച്ഛികമായി രൂപപ്പെട്ടുവെന്ന് ശാസ്ത്രജ്ഞരിൽ അധികമാരും ഇന്നു വിശ്വസിക്കുന്നില്ല. ഇനി, ആർഎൻഎ-യോ പ്രോട്ടീനോ യാദൃച്ഛികമായി ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ട്? *
1953-ൽ സ്റ്റാൻലി എൽ. മില്ലർ നടത്തിയ ഒരു പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്, ജീവൻ ആകസ്മികമായി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. ആദ്യകാല ഭൗമാന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നതായി കരുതപ്പെട്ട ഒരു വാതകമിശ്രിതത്തിലൂടെ വൈദ്യുതസ്ഫുലിംഗം കടത്തിവിട്ടുകൊണ്ട് പ്രോട്ടീന്റെ നിർമാണഘടകങ്ങളായ അമിനോ ആസിഡുകൾ ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് ഉൽക്കാശിലകളിലും അമിനോ ആസിഡുകൾ കണ്ടെത്തുകയുണ്ടായി. എന്നാൽ ജീവന്റെ അടിസ്ഥാന നിർമാണഘടകങ്ങളെല്ലാം ആകസ്മികമായി ഉണ്ടായതാണെന്ന് ഈ കണ്ടെത്തലുകൾ തെളിയിക്കുന്നുണ്ടോ?
“മില്ലർ നടത്തിയതുപോലുള്ള പരീക്ഷണങ്ങളിലൂടെ ജീവന്റെ എല്ലാ നിർമാണഘടകങ്ങളും നിഷ്പ്രയാസം ഉത്പാദിപ്പിക്കാമെന്നും അവ എല്ലാം ഉൽക്കാശിലകളിൽ കാണപ്പെടുന്നുണ്ടെന്നും ആണ് ചില എഴുത്തുകാർ കരുതുന്നത്. എന്നാൽ വാസ്തവം അതല്ല” എന്ന് ന്യൂയോർക്ക് സർവകലാശാലയിൽനിന്നു വിരമിച്ച രസതന്ത്ര പ്രൊഫസറായ റോബർട്ട് ഷാപിറോ പറയുന്നു.2 *
ആർഎൻഎ തന്മാത്രയുടെ കാര്യം എടുക്കുക. ന്യൂക്ലിയോടൈഡുകൾ എന്നറിയപ്പെടുന്ന, താരതമ്യേന ചെറിയ തന്മാത്രകളാലാണ് അതു നിർമിതമായിരിക്കുന്നത്. അമിനോ ആസിഡിൽനിന്ന് വ്യത്യസ്തവും അതിനെക്കാൾ അൽപ്പംകൂടെമാത്രം സങ്കീർണവുമായ തന്മാത്രയാണ് ന്യൂക്ലിയോടൈഡ്. “ഏതെങ്കിലും തരത്തിലുള്ള ന്യൂക്ലിയോടൈഡുകൾ സ്ഫുലിംഗം കടത്തിവിട്ടുകൊണ്ടുള്ള പരീക്ഷണങ്ങളിലൂടെ നിർമിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല; അതുപോലെ ഉൽക്കാശിലകളിൽ അവയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല,” എന്ന് ഷാപിറോ പറയുന്നു.3 രാസഘടകങ്ങൾ എങ്ങനെയൊക്കെയോ കൂടിച്ചേർന്ന്, സ്വയം വിഘടിക്കാൻ ശേഷിയുള്ള ആർഎൻഎ തന്മാത്ര രൂപംകൊള്ളാനുള്ള സാധ്യത “ഒട്ടും ഇല്ലെന്നുതന്നെ പറയാം; ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരിക്കലെങ്കിലും അങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ അപൂർവങ്ങളിൽ അപൂർവമായ ഭാഗ്യം എന്നേ പറയാനാവൂ” എന്നാണ് അദ്ദേഹം പറയുന്നത്.4
ഇനി, പ്രോട്ടീൻ തന്മാത്രയുടെ കാര്യമോ? 50 മുതൽ ആയിരക്കണക്കിനുവരെ അമിനോ ആസിഡുകൾ അങ്ങേയറ്റം നിയതമായ ക്രമത്തിൽ കൂടിച്ചേർന്നാണ് അവ രൂപംകൊള്ളുന്നത്. ‘ലഘു’വെന്നു പറയപ്പെടുന്ന ഒരു കോശത്തിലെ ഒരു സാധാരണ നിർവാഹക പ്രോട്ടീനിൽ 200 അമിനോ ആസിഡുകളാണുള്ളത്. വെറും 100 അമിനോ ആസിഡുകളുള്ള ഒരു പ്രോട്ടീൻ തന്മാത്രപോലും ആകസ്മികമായി രൂപപ്പെടാനുള്ള സാധ്യത ഏതാണ്ട് സഹസ്രലക്ഷംകോടിയിൽ ഒന്നുമാത്രമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ‘ലഘു’വെന്നു വിശേഷിപ്പിക്കുന്ന കോശങ്ങളിൽപ്പോലും ആയിരക്കണക്കിന് വ്യത്യസ്തതരം പ്രോട്ടീനുകളാണ് ഉള്ളതെന്ന് ഓർക്കുക!
പരീക്ഷണശാലയിൽ സങ്കീർണമായ തന്മാത്രകൾ നിർമിക്കാൻ വിദഗ്ധനായ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരിക്കണമെങ്കിൽ, അവയെക്കാൾ അനേക മടങ്ങ് സങ്കീർണമായ കോശങ്ങളിലെ തന്മാത്രകൾ ആകസ്മികമായി ഉണ്ടാകുക സാധ്യമാണോ?
5 പ്രോട്ടീന്റെ നിർമാണത്തിന് ആർഎൻഎ ആവശ്യമാണ്; ആർഎൻഎ ഉണ്ടാകണമെങ്കിൽ പ്രോട്ടീനും വേണം. ഒരേ സ്ഥലത്ത് ഒരേ സമയത്ത് പ്രോട്ടീൻ തന്മാത്രകളും ആർഎൻഎ തന്മാത്രകളും ആകസ്മികമായി ഉണ്ടാകാനുള്ള സാധ്യത ഒട്ടും ഇല്ലെങ്കിലും അവ അങ്ങനെ ഉണ്ടായെന്നുതന്നെയിരിക്കട്ടെ, അവ സഹകരിച്ചു പ്രവർത്തിച്ച് സ്വയം വിഘടിക്കാൻ കഴിയുന്ന, സ്വന്തമായി നിലനിൽപ്പുള്ള ഒരു ജൈവരൂപം ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ട്? അതേക്കുറിച്ച് നാസയുടെ അസ്ട്രോബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കാരൾ ക്ലീലൻഡ് പറയുന്നു: “ആകസ്മികമായി (കുറെ പ്രോട്ടീൻ തന്മാത്രകളും ആർഎൻഎ തന്മാത്രകളും സഹകരിച്ചു പ്രവർത്തിച്ച്) അങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെയില്ലെന്നുതന്നെ പറയാം.” * “എന്നിട്ടും, ആദിമകാലത്ത് ആർഎൻഎ-യും പ്രോട്ടീനും ഒറ്റയ്ക്കൊറ്റയ്ക്ക് എങ്ങനെ ഉണ്ടായി എന്നതിന് ഒരു വിശദീകരണം ലഭിച്ചാൽ അവ സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത് എങ്ങനെയെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് മിക്ക ഗവേഷകരും അനുമാനിക്കുന്നതായി തോന്നുന്നു” എന്ന് അവർ തുടരുന്നു. ജീവന്റെ അടിസ്ഥാനഘടകങ്ങളായ ഈ തന്മാത്രകൾ ആകസ്മികമായി ഉണ്ടായതു സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ടെങ്കിലും അവയെക്കുറിച്ച് ഡോ. കാരൾ പറയുന്നത് ഇങ്ങനെയാണ്: “അത് എങ്ങനെ സംഭവിച്ചു എന്നതിന് തൃപ്തികരമായ വിശദീകരണം തരാൻ അവയിൽ ഒന്നിനുപോലും കഴിഞ്ഞിട്ടില്ല.”6
പരിണാമസിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന ഗവേഷകനായ ഹ്യൂബർട്ട് പി. യോക്കി ഒരു പടികൂടി കടന്ന് ഇങ്ങനെ പ്രസ്താവിക്കുന്നു: “ജീവൻ ആവിർഭവിച്ച പ്രക്രിയയിൽ ‘പ്രോട്ടീനുകൾ ആദ്യം’ ഉണ്ടാകുകയെന്നത് തികച്ചും അസംഭവ്യമാണ്.”ഈ വസ്തുതകളുടെ പ്രസക്തി എന്ത്? ജീവൻ ആവിർഭവിച്ചത് ആകസ്മികമായാണെന്നു കരുതുന്ന ഗവേഷകർ നേരിടുന്ന വിഷമസന്ധിയെക്കുറിച്ചു ചിന്തിക്കുക: ജീവകോശങ്ങളിലുള്ള ചില അമിനോ ആസിഡുകൾ അവർ ഉൽക്കാശിലകളിൽ കണ്ടെത്തി. ഇനി, അവയെക്കാളേറെ സങ്കീർണമായ മറ്റു തന്മാത്രകൾ പരീക്ഷണശാലകളിൽ ആസൂത്രിതമായ പരീക്ഷണങ്ങളിലൂടെ നിർമിക്കാനുമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു കോശം നിർമിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ആത്യന്തികമായി ഉണ്ടാക്കിയെടുക്കാനാകും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അവർ ഈ ചെയ്യുന്നതിനെ, ഒരു ശാസ്ത്രജ്ഞൻ പ്രകൃതിയിലെ ചില മൂലകങ്ങൾ എടുത്ത് അവയെ സ്റ്റീൽ, പ്ലാസ്റ്റിക്, വയർ, സിലിക്കൺ എന്നിവയൊക്കെയാക്കി മാറ്റി ഒരു യന്ത്രമനുഷ്യനെ നിർമിക്കുന്നതിനോട് ഉപമിക്കാവുന്നതാണ്. സ്വന്തം പകർപ്പുകൾ ഉണ്ടാക്കാനാകുംവിധം അദ്ദേഹം അതിനെ പ്രോഗ്രാംചെയ്യുന്നു. എന്നാൽ അതിലൂടെ അദ്ദേഹം എന്തായിരിക്കും തെളിയിക്കുന്നത്? ബുദ്ധിമാനായ ഒരു വ്യക്തിക്ക് അതിവിദഗ്ധമായി പ്രവർത്തിക്കുന്ന ഒരു യന്ത്രം നിർമിക്കാനാകും എന്നുമാത്രം.
സമാനമായി, ശാസ്ത്രജ്ഞർക്ക് എന്നെങ്കിലും ഒരു കോശം നിർമിക്കാനായാൽ അത് വലിയൊരു നേട്ടംതന്നെയായിരിക്കുമെങ്കിലും എന്തായിരിക്കും അതിലൂടെ തെളിയിക്കപ്പെടുന്നത്? ഒരു കോശത്തിന് ആകസ്മികമായി ഉണ്ടാകാനാകും എന്നായിരിക്കുമോ? അതോ നേർവിപരീതമായ ഒരു വസ്തുതയായിരിക്കുമോ?
നിങ്ങൾ എന്തു വിചാരിക്കുന്നു? ഇന്നുവരെയുള്ള ശാസ്ത്രീയ തെളിവുകളെല്ലാം സൂചിപ്പിക്കുന്നത്
അസ്തിത്വത്തിൽ ഉള്ള ജീവനിൽനിന്നുമാത്രമേ പുതിയൊരു ജീവന് ഉളവാകാനാകൂ എന്നാണ്. അജൈവ രാസപദാർഥങ്ങളിൽനിന്ന് ഒരു ‘ലഘു’ ജീവകോശംപോലും ആകസ്മികമായി ഉളവായി എന്നു വിശ്വസിക്കുന്നെങ്കിൽ, അത് തെളിവുകളുടെ പിൻബലമില്ലാത്ത ഒരുകാര്യം കണ്ണുമടച്ച് വിശ്വസിക്കുന്നതുപോലെയായിരിക്കും.മേൽപ്പറഞ്ഞ വസ്തുതകളെല്ലാം പരിചിന്തിച്ചശേഷം, ജീവൻ ആകസ്മികമായി ഉണ്ടായി എന്ന് വെറുതെ കണ്ണുമടച്ചു വിശ്വസിക്കാൻ നിങ്ങൾ തയ്യാറാകുമോ? എന്നാൽ അതിന് ഉത്തരം പറയുന്നതിനുമുമ്പ് ഒരു കോശത്തെ നമുക്കൊന്ന് അടുത്തു പരിശോധിക്കാം. അങ്ങനെ ചെയ്യുന്നത്, ജീവന്റെ ഉത്ഭവം സംബന്ധിച്ച് ചില ശാസ്ത്രജ്ഞർ മുമ്പോട്ടുവെച്ചിരിക്കുന്ന സിദ്ധാന്തങ്ങൾ യുക്തിസഹമാണോ, അതോ ഒരു കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് ചില മാതാപിതാക്കൾ പറയാറുള്ള കഥകൾപോലെ കഴമ്പില്ലാത്തവയാണോ എന്നു വിവേചിച്ചറിയാൻ നിങ്ങളെ സഹായിക്കും.
^ ഡിഎൻഎ ആകസ്മികമായി ഉണ്ടാകാനുള്ള സാധ്യത എത്രമാത്രമുണ്ട് എന്നതിനെക്കുറിച്ച് “നിർദേശങ്ങൾ എവിടെനിന്നു വന്നു?” എന്ന 3-ാം ഭാഗത്ത് ചർച്ചചെയ്യുന്നതായിരിക്കും.
^ ജീവൻ സൃഷ്ടിക്കപ്പെട്ടതാണ് എന്നതിനോട് പ്രൊഫസർ ഷാപിറോ യോജിക്കുന്നില്ല. ഇന്നും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ചില പ്രക്രിയകളിലൂടെ ജീവൻ ആകസ്മികമായി ആവിർഭവിച്ചുവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരീക്ഷണശാലയിൽ ചില ന്യൂക്ലിയോടൈഡുകൾ ഉണ്ടാക്കിയതായി 2009-ൽ റിപ്പോർട്ടു ചെയ്യപ്പെട്ടു. എന്നാൽ “ആർഎൻഎ ഉണ്ടാകുന്നതിന് ന്യായമായും ആവശ്യമെന്ന് ഞാൻ കരുതുന്ന ഒരു വിധത്തിലല്ല” ഈ ന്യൂക്ലിയോടൈഡുകൾ ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഷാപിറോ പറയുന്നു.
^ ഡോ. ക്ലീലൻഡ് ഒരു സൃഷ്ടിവാദിയല്ല. ഇന്നും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ചില പ്രക്രിയകളിലൂടെ ജീവൻ ആകസ്മികമായി ആവിർഭവിച്ചതാണെന്നാണ് അവർ വിശ്വസിക്കുന്നത്.