അത് ആദ്യമുണ്ടാക്കിയത് ആർ?
അധ്യായം 12
അത് ആദ്യമുണ്ടാക്കിയത് ആർ?
1. മനുഷ്യ കണ്ടുപിടിത്തക്കാരെക്കുറിച്ച് ഒരു ജീവശാസ്ത്രജ്ഞൻ എന്താണു പറഞ്ഞത്?
“നമ്മുടെ വിചാരം നാം നൂതനരീതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവർ ആണെന്നാണ്; എന്നാൽ നാം കേവലം ആവർത്തിക്കുന്നവർ മാത്രമല്ലേ എന്നു ഞാൻ സംശയിക്കുന്നു,” ഒരു ജീവശാസ്ത്രജ്ഞൻ പറഞ്ഞു.1 മനുഷ്യ കണ്ടുപിടിത്തക്കാർ പലപ്പോഴും, സസ്യങ്ങളും ജന്തുക്കളും ആയിരക്കണക്കിനു വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ജീവികളെ അനുകരിക്കുന്ന ഈ രീതിക്കു തനതായ പേരു നൽകത്തക്കവിധം അത് അത്രത്തോളം വ്യാപകമാണ്—ബയോണിക്സ്.
2. മറ്റൊരു ശാസ്ത്രജ്ഞൻ മനുഷ്യന്റെയും പ്രകൃതിയുടെയും സാങ്കേതികവിദ്യകൾ തമ്മിൽ എന്തു താരതമ്യമാണു നടത്തിയത്?
2 സാങ്കേതികവിദ്യയുടെ മിക്കവാറും എല്ലാ അടിസ്ഥാന മേഖലകളുടെയും “പ്രവർത്തനരീതികളെ മനസ്സിലാക്കാനും അവയിൽ വൈദഗ്ധ്യം നേടാനും മനുഷ്യ മനസ്സ് പഠിക്കുന്നതിനു മുമ്പുതന്നെ . . . ജീവികൾ അവ ഉപയോഗിച്ചു തുടങ്ങുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്” എന്ന് മറ്റൊരു ശാസ്ത്രജ്ഞൻ പറയുന്നു. രസാവഹമായി അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അനേകം മേഖലകളിലും മാനുഷിക സാങ്കേതികവിദ്യ ഇപ്പോഴും പ്രകൃതിയെക്കാൾ വളരെ പിന്നിലാണ്.”2
3. ബയോണിക്സിന്റെ ഉദാഹരണങ്ങൾ പരിചിന്തിക്കുമ്പോൾ ഏതെല്ലാം ചോദ്യങ്ങളാണു മനസ്സിൽപിടിക്കേണ്ടത്?
3 മനുഷ്യ കണ്ടുപിടിത്തക്കാർ പകർത്താൻ ശ്രമിച്ചിരിക്കുന്ന ജീവികളുടെ ഈ സങ്കീർണ കഴിവുകളെക്കുറിച്ചു നിങ്ങൾ വിചിന്തനം ചെയ്യുമ്പോൾ അവ വെറും യാദൃച്ഛിക സംഭവത്താൽ ഉളവായതാണെന്നു വിശ്വസിക്കുന്നതു യുക്തിസഹമായി തോന്നുന്നുണ്ടോ? അതും വെറും ഒരിക്കലല്ല, അന്യോന്യബന്ധമില്ലാത്ത സൃഷ്ടികളിൽ പല തവണ? അനുഭവം തെളിയിക്കുന്നതുപോലെ, ഇത്തരം സങ്കീർണ രൂപമാതൃകകൾക്ക് തീർച്ചയായും ഒരു സമർഥനായ രൂപസംവിധായകൻ ഉണ്ടായിരിക്കേണ്ടതല്ലേ? പകർത്തുന്നതിന്, പിന്നീട് പ്രതിഭാസമ്പന്നരായ ആളുകൾ വേണ്ടിവന്ന സംഗതികൾ സൃഷ്ടിക്കാൻ കേവലം യാദൃച്ഛിക സംഭവത്തിനു കഴിഞ്ഞുവെന്ന് നിങ്ങൾ യഥാർഥത്തിൽ വിചാരിക്കുന്നുണ്ടോ? പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുമ്പോൾ ഈ ചോദ്യങ്ങൾ മനസ്സിൽ പിടിക്കുക:
4. (എ) ചിതലുകൾ അവയുടെ വീടുകൾ ശീതീകരിക്കുന്നത് എങ്ങനെ? (ബി) ശാസ്ത്രജ്ഞന്മാർക്ക് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമേത്?
4 എയർകണ്ടീഷനിങ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ അനേകം വീടുകൾ ശീതീകരിക്കപ്പെടുന്നു. എന്നാൽ ദീർഘനാൾ മുമ്പേ ചിതലുകൾ അവയുടെ വീടുകൾ ശീതീകരിച്ചിരുന്നു, അവ ഇപ്പോഴും അതു ചെയ്യുന്നു. അവയുടെ കൂട് ഒരു വലിയ മൺകൂനയുടെ നടുവിലാണ്. അതിൽനിന്ന് ചൂടുള്ള വായു ഉപരിതലത്തിനു സമീപമുള്ള വായുനാളികളുടെ ഒരു ശൃംഖലയിലേക്ക് ഉയരുന്നു. അവിടെനിന്ന് പഴയ വായു സുഷിരങ്ങളുള്ള വശങ്ങളിലൂടെ പുറത്തേക്കു വ്യാപിക്കുന്നു. തണുപ്പുള്ള ശുദ്ധവായു അകത്തേക്ക് അരിച്ചിറങ്ങി മൺകൂനയുടെ അടിയിലുള്ള ഒരു വായു അറയിലേക്കു ചെല്ലുന്നു. പിന്നെ അത് കൂടിനുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു. ചില മൺകൂനകൾക്ക് ശുദ്ധവായു കയറുന്നതിനായി അടിയിൽ വിടവുകളുണ്ട്. ഉഷ്ണ കാലാവസ്ഥയിൽ ഭൂമിക്കടിയിൽനിന്നു കൊണ്ടുവരുന്ന ജലം ബാഷ്പീകരിക്കപ്പെടുന്നു, അങ്ങനെ വായു തണുപ്പിക്കപ്പെടുന്നു. കുരുടരായ ദശലക്ഷക്കണക്കിനു ജോലിക്കാർ, വിദഗ്ധമായി രൂപകൽപ്പനചെയ്യപ്പെട്ട അത്തരം ഘടനകൾ നിർമിക്കുന്നതിനു തങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതെങ്ങനെ? ജീവശാസ്ത്രജ്ഞനായ ലൂയിസ് തോമസ് ഉത്തരം നൽകുന്നു: “അവ കൂട്ടായ ബുദ്ധിശക്തി പോലെയുള്ള ഒന്ന് പ്രദർശിപ്പിക്കുന്നു എന്ന നഗ്ന സത്യം ദുർജ്ഞേയമാണ്.”3
5-8. വിമാന രൂപകൽപ്പനാ വിദഗ്ധർ പക്ഷികളുടെ ചിറകുകളിൽനിന്ന് എന്താണു പഠിച്ചിരിക്കുന്നത്?
5 വിമാനങ്ങൾ. പക്ഷികളുടെ ചിറകുകളെക്കുറിച്ചുള്ള പഠനങ്ങൾ വർഷങ്ങളായി വിമാനത്തിന്റെ ചിറകുകളുടെ രൂപകൽപ്പനയിൽ സഹായകം ആയിരുന്നിട്ടുണ്ട്. പക്ഷിച്ചിറകിന്റെ വളവ് താഴോട്ടുള്ള ഗുരുത്വാകർഷണ വലിവിനെ തരണംചെയ്യുന്നതിനാവശ്യമായ ഉത്ഥാപകം (lift) പ്രദാനം ചെയ്യുന്നു. എന്നാൽ ചിറക് വളരെയധികം മുകളിലേക്കു ചെരിക്കുമ്പോൾ വീണുപോകുന്നതിനുള്ള സാധ്യതയുണ്ട്. വീണുപോകാതിരിക്കാൻ പക്ഷിയുടെ ചിറകുകളുടെ മുന്നരികുകളിൽ, ചിറകിന്റെ ചെരിവ് വർധിക്കുമ്പോൾ നിവർന്നു നിൽക്കുന്ന തൂവലുകളുടെ നിരകൾ അഥവാ ഫ്ളാപ്പുകൾ ഉണ്ട് (1, 2). ഈ ഫ്ളാപ്പുകൾ മുഖ്യ വായുധാരയെ പക്ഷപ്രതലത്തിൽനിന്നു വേർപെട്ടുപോകാതെ സൂക്ഷിച്ചുകൊണ്ട് ഉത്ഥാപകം നിലനിർത്തുന്നു.
6 വിക്ഷോഭം നിയന്ത്രിക്കുന്നതിനും “വീണുപോകുന്നത്” തടയുന്നതിനും സഹായിക്കുന്ന മറ്റൊരു സവിശേഷതയാണു പക്ഷിക (alula) (3). പക്ഷിക്ക് ഒരു പെരുവിരൽ പോലെ ഉയർത്താൻ കഴിയുന്ന തൂവലുകളുടെ ഒരു ചെറിയ കെട്ടാണ് അത്.
7 പക്ഷികളുടെയും വിമാനങ്ങളുടെയും പക്ഷാഗ്രങ്ങളിൽ ചുഴികൾ രൂപംകൊള്ളുന്നു. ഇതിന്റെ ഫലമായി വലിവ് (drag) ഉളവാകുന്നു. പക്ഷികൾ രണ്ടു വിധങ്ങളിലാണ് ഇതു ലഘൂകരിക്കുന്നത്. ചുഴികളിൽ അധികത്തെയും നീക്കംചെയ്യാൻ സഹായകമായ വിധത്തിൽ ചില പക്ഷികൾക്ക്—ശരപ്പക്ഷികളെയും ആൽബട്രോസുകളെയും പോലുള്ളവയ്ക്ക്—ചെറിയ അഗ്രങ്ങളോടു കൂടിയ നീളമുള്ള വീതികുറഞ്ഞ ചിറകുകളാണുള്ളത്. വലിയ പ്രാപ്പിടിയൻമാരെയും കഴുകൻമാരെയും പോലുള്ള മറ്റുചില പക്ഷികൾക്ക് വീതികൂടിയ ചിറകുകളാണുള്ളത്. ഇത് വലിയ ചുഴികൾ രൂപംകൊള്ളുന്നതിന് ഇടയാക്കുന്നു. എന്നാൽ ഈ പക്ഷികൾ അവയുടെ ചിറകുകളുടെ അറ്റത്തുള്ള പക്ഷാന്തങ്ങൾ വിരലുകൾപോലെ വിരിച്ചു പിടിക്കുമ്പോൾ ഇത് ഒഴിവാക്കപ്പെടുന്നു. കാരണം, ഇത് വീതിയുള്ള ഈ ചിറകറ്റങ്ങളെ ചുഴികളും വലിവും കുറയ്ക്കുന്ന വീതികുറഞ്ഞ പല അഗ്രങ്ങളാക്കി മാറ്റുന്നു (4).
8 വിമാന രൂപകൽപ്പനാ വിദഗ്ധർ ഈ സവിശേഷതകളിൽ പലതും അനുകരിച്ചിട്ടുണ്ട്. വിമാന ചിറകുകളുടെ വളവ് ഉത്ഥാപകം പ്രദാനം ചെയ്യുന്നു. വിവിധതരം ഫ്ളാപ്പുകളും തള്ളിനിൽക്കുന്ന ഭാഗങ്ങളും വായുപ്രവാഹം നിയന്ത്രിക്കുകയോ ബ്രേക്കു ചെയ്യുന്നതിനുള്ള ഉപകരണങ്ങളായി വർത്തിക്കുകയോ ചെയ്യുന്നു. പക്ഷാഗ്രത്തിലെ വലിവു കുറയ്ക്കാൻ തക്കവണ്ണം ചില ചെറിയ വിമാനങ്ങൾ പക്ഷപ്രതലത്തിൽ പരന്ന ലോഹഫലകങ്ങൾ സമകോണിൽ ഘടിപ്പിച്ചിരിക്കുന്നു. എന്നിട്ടും വിമാനത്തിന്റെ ചിറകുകൾ പക്ഷികളുടെ ചിറകുകളിൽ കാണുന്ന എൻജിനീയറിങ് അത്ഭുതങ്ങളോടു കിടപിടിക്കുന്നില്ല.
9. ഏതു ജന്തുക്കളും സസ്യങ്ങളുമാണ് മനുഷ്യനെക്കാൾ മുമ്പേ ആൻറിഫ്രീസ് ഉപയോഗിച്ചു തുടങ്ങിയത്, അത് എത്ര ഫലപ്രദമാണ്?
9 ആൻറിഫ്രീസ്. മനുഷ്യർ കാർ റേഡിയേറ്ററുകളിൽ ആൻറിഫ്രീസ് ആയി ഗ്ലൈക്കോൾ ഉപയോഗിക്കുന്നു. എന്നാൽ ചില അതിസൂക്ഷ്മ സസ്യങ്ങൾ അന്റാർട്ടിക് തടാകങ്ങളിൽ തണുത്തുറഞ്ഞുപോകാതിരിക്കാൻ രാസപരമായി ഗ്ലൈക്കോളിനോടു സമാനമായ ഗ്ലിസറോൾ ഉപയോഗിക്കുന്നു. പൂജ്യം സെൽഷ്യസിന് 20 ഡിഗ്രി താഴെയുള്ള താപനിലകളിൽ അതിജീവിക്കുന്ന പ്രാണികളിലും അതു കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ആൻറിഫ്രീസ് ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളുമുണ്ട്, ഇത് അന്റാർട്ടിക്കയിലെ തണുത്തു മരവിച്ച ജലത്തിൽ ജീവിക്കാൻ അവയെ പ്രാപ്തമാക്കുന്നു. ചില വൃക്ഷങ്ങൾ പൂജ്യം സെൽഷ്യസിനു 40 ഡിഗ്രി താഴെയുള്ള താപനിലകളിൽ അതിജീവിക്കുന്നു. കാരണം “ഐസ് പരലുകൾ രൂപംകൊള്ളാൻ ഇടയാക്കുന്ന പൊടിയുടെയോ ചെളിയുടെയോ കണികകളില്ലാത്ത വളരെ ശുദ്ധമായ ജല”മാണ് അവയിലുള്ളത്.4
10. ചില ജലവണ്ടുകൾ ജലാന്തർ ശ്വസനോപകരണങ്ങൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതെങ്ങനെ?
10 ജലാന്തർ ശ്വസനം. ആളുകൾക്ക് വായു ടാങ്കുകൾ പുറത്തുകെട്ടിവെച്ച് ഒരു മണിക്കൂർവരെ ജലത്തിനടിയിൽ കഴിയാൻ സാധിക്കും. എന്നാൽ, ചില ജലവണ്ടുകൾ അത് ഏറെ നിഷ്പ്രയാസം ചെയ്തുകൊണ്ട് അതിനെക്കാൾ കൂടുതൽ നേരം ജലത്തിനടിയിൽ കഴിയുന്നു. അവ ഒരു വായു കുമിളയും കൈക്കലാക്കിക്കൊണ്ട് മുങ്ങുന്നു. ഈ കുമിള ഒരു ശ്വാസകോശം പോലെ പ്രവർത്തിക്കുന്നു. അത് വണ്ടിൽനിന്നു കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച് വെള്ളത്തിൽ കലർത്തുകയും വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജൻ വണ്ടിന്റെ ഉപയോഗത്തിനായി സ്വീകരിക്കുകയും ചെയ്യുന്നു.
11. പ്രകൃതിയിലെ ജീവഘടികാരങ്ങൾ എത്ര വിപുലമാണ്, ചില ഉദാഹരണങ്ങളേവ?
11 ഘടികാരങ്ങൾ. ആളുകൾ സൂര്യഘടികാരങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നതിനു ദീർഘനാൾ മുമ്പുതന്നെ ജീവികളിലെ ഘടികാരങ്ങൾ കൃത്യസമയം പാലിച്ചിരുന്നു. വേലിയിറക്ക സമയത്ത് ഡയാറ്റങ്ങൾ എന്നു വിളിക്കപ്പെടുന്ന അതിസൂക്ഷ്മ സസ്യങ്ങൾ കടൽക്കരയിലെ ഈറനണിഞ്ഞ മണൽപ്പുറത്തേക്കു വരുന്നു. വേലിയേറ്റ സമയത്ത് അവ മണലിനടിയിലേക്കു തിരിച്ചുപോകുന്നു. എന്നാൽ പരീക്ഷണശാലയിലെ മണലിൽ വേലിയിറക്ക വേലിയേറ്റങ്ങളൊന്നും ഇല്ലാഞ്ഞിട്ടും ഡയാറ്റങ്ങളിലെ ഘടികാരങ്ങൾ ആ സമയങ്ങളിൽ അവയെ മണലിനു മുകളിലേക്കു വരുത്തുകയും അതിനടിയിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. വേലിയിറക്ക സമയത്ത് ഫിഡിൽക്കാരൻ ഞണ്ടുകൾ ഇരുണ്ട നിറമായി വെളിയിൽ വരുകയും വേലിയേറ്റ സമയത്തു വിളറിയ നിറമായി കുഴികളിലേക്കു മടങ്ങുകയും ചെയ്യുന്നു. സമുദ്രത്തിൽനിന്ന് അകലെയുള്ള പരീക്ഷണശാലയിലും, വേലിയിറക്ക വേലിയേറ്റങ്ങൾക്കനുസരിച്ച് ഇരുണ്ടനിറമോ ഇളംനിറമോ ഉള്ളവയായിത്തീർന്നുകൊണ്ട് അവ മാറിവരുന്ന വേലിയേറ്റ വേലിയിറക്കങ്ങൾക്കനുസരിച്ചു സമയം പാലിക്കുന്നു. സമയത്തിനനുസരിച്ചു സ്ഥാനം മാറുന്ന സൂര്യനക്ഷത്രാദികളെ ആധാരമാക്കി പക്ഷികൾക്കു പറക്കാൻ കഴിയുന്നു. ഈ മാറ്റങ്ങളുമായി അനുരൂപപ്പെടാൻ അവയ്ക്ക് ആന്തരിക ഘടികാരങ്ങൾ ഉണ്ടായിരുന്നേ പറ്റൂ. (യിരെമ്യാവു 8:7) അതിസൂക്ഷ്മ സസ്യങ്ങളിൽമുതൽ മനുഷ്യരിൽവരെ ദശലക്ഷക്കണക്കിന് ആന്തരിക ഘടികാരങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
12. മനുഷ്യർ പ്രാകൃതമായ ദിക്സൂചകങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് എപ്പോൾ, ഇതിനു ദീർഘനാൾ മുമ്പ് അവ ഉപയോഗിക്കപ്പെട്ടിരുന്നത് എങ്ങനെ?
12 ദിക്സൂചകങ്ങൾ. പൊ.യു. 13-ാം നൂറ്റാണ്ടോടുകൂടി മനുഷ്യർ ദിക്സൂചകത്തിന്റെ പ്രാകൃതമായ ഒരു രൂപം ഉപയോഗിച്ചു തുടങ്ങി, ഒരു കോപ്പയിലെ ജലത്തിൽ പൊന്തിക്കിടക്കുന്ന കാന്തസൂചി. എന്നാൽ അത് ആദ്യത്തെ ദിക്സൂചകം ആയിരുന്നില്ല. ബാക്ടീരിയകളിൽ ഒരു ദിക്സൂചകം നിർമിക്കുന്നതിനു പറ്റിയ വലുപ്പത്തിലുള്ള കാന്തശിലാ കണങ്ങളുടെ ചരടുകൾ ഉണ്ട്. ഈ ചരടുകൾ അവ ഇഷ്ടപ്പെടുന്ന പരിസ്ഥിതികളിലേക്ക് അവയെ വഴിനയിക്കുന്നു. പക്ഷികൾ, തേനീച്ചകൾ, ചിത്രശലഭങ്ങൾ, ഡോൾഫിനുകൾ, മൊളസ്കുകൾ എന്നിങ്ങനെയുള്ള മറ്റനവധി ജീവികളിലും കാന്തശില കണ്ടെത്തിയിട്ടുണ്ട്. അഞ്ചൽപ്രാവുകൾക്ക് ഭൂമിയുടെ കാന്തിക മണ്ഡലം മനസ്സിലാക്കി കൂട്ടിലേക്കു മടങ്ങിപ്പോകാൻ കഴിയുമെന്ന് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ദേശാടനപക്ഷികൾ വഴി കണ്ടുപിടിക്കുന്നതിനുള്ള ഒരു മാർഗമായി അവയുടെ തലയിലെ കാന്തദിക്സൂചകങ്ങൾ ഉപയോഗിക്കുന്നു എന്ന കാര്യം ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു വസ്തുതയാണ്.
13. (എ) കണ്ടൽവൃക്ഷങ്ങൾക്ക് ഉപ്പുവെള്ളത്തിൽ ജീവിക്കാൻ കഴിയുന്നതെങ്ങനെ? (ബി) ഏതു ജന്തുക്കൾക്ക് കടൽവെള്ളം കുടിക്കാൻ കഴിയും, ഇത് എങ്ങനെ സാധ്യമാകുന്നു?
13 ഉപ്പു നീക്കൽ. കടൽവെള്ളത്തിൽനിന്ന് ഉപ്പു നീക്കുന്നതിനു മനുഷ്യർ വലിയ ഫാക്ടറികൾ നിർമിക്കുന്നു. കണ്ടൽവൃക്ഷങ്ങൾക്കു കടൽവെള്ളം വലിച്ചെടുക്കുന്ന വേരുകളുണ്ട്. എന്നാൽ ഈ വെള്ളത്തിലെ ഉപ്പ് സ്തരങ്ങളിലൂടെ അവ അരിച്ചുനീക്കുന്നു. കണ്ടൽവൃക്ഷത്തിന്റെ ഒരു വർഗമായ അവിസീനിയ, ഇലകളുടെ അടിഭാഗത്തുള്ള ഗ്രന്ഥികൾ ഉപയോഗിച്ച് അധികമുള്ള ഉപ്പു നീക്കംചെയ്യുന്നു. കടൽപ്പാത്തകൾ, ഞാറകൾ, നീർക്കാക്കകൾ, ആൽബട്രോസുകൾ, പെട്രെലുകൾ തുടങ്ങിയ ഉപ്പുവെള്ളം കുടിക്കുന്ന കടൽപ്പക്ഷികൾ അവയുടെ രക്തത്തിലേക്കു കടക്കുന്ന അധികമുള്ള ഉപ്പ് തലയിലുള്ള ഗ്രന്ഥികൾ വഴി നീക്കംചെയ്യുന്നു. അതുപോലെതന്നെ, പെൻഗ്വിനുകളും കടലാമകളും കടൽ ഇഗ്വാനകളും അവ കുടിക്കുന്ന വെള്ളത്തിലെ അധികമുള്ള ഉപ്പു നീക്കംചെയ്യുന്നു.
14. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജീവികളുടെ ചില ഉദാഹരണങ്ങളേവ?
14 വൈദ്യുതി. ഏതാണ്ട് 500 ഇനം വൈദ്യുത മത്സ്യങ്ങൾക്ക് ബാറ്ററികളുണ്ട്. ആഫ്രിക്കയിലെ കാരിമീനിന് 350 വോൾട്ട് ഉത്പാദിപ്പിക്കാൻ കഴിയും. വടക്കൻ അറ്റ്ലാൻറിക്കിലെ അതികായനായ വൈദ്യുത തിരണ്ടി 60 വോൾട്ടിന്റെ 50 ആമ്പിയർ സ്പന്ദനങ്ങൾ പുറപ്പെടുവിക്കുന്നു. തെക്കേ അമേരിക്കൻ വൈദ്യുത മനിഞ്ഞിലിന് 886 വോൾട്ടിന്റെ വൈദ്യുതാഘാതങ്ങൾ ഏൽപ്പിക്കാൻ കഴിയുന്നതായി കണക്കാക്കപ്പെടുന്നു. “വൈദ്യുത അവയവങ്ങളുള്ള വർഗങ്ങൾ ഉൾപ്പെടുന്ന പതിനൊന്നു വ്യത്യസ്ത മത്സ്യകുലങ്ങൾ ഉള്ളതായിട്ട് അറിയാം” എന്ന് ഒരു രസതന്ത്രജ്ഞൻ പറയുന്നു.5
15. ജന്തുക്കൾ വ്യത്യസ്തങ്ങളായ ഏതെല്ലാം കാർഷിക വൃത്തികളിൽ ഏർപ്പെടുന്നു?
15 കൃഷി. മനുഷ്യർ യുഗങ്ങളായി നിലം ഉഴുകയും വളർത്തുമൃഗങ്ങളെ പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിനു ദീർഘനാൾ മുമ്പേ ഇലവെട്ടുന്ന ഉറുമ്പുകൾ തോട്ടക്കാരായിരുന്നു. ഈ ഉറുമ്പുകൾ തങ്ങളുടെ കാഷ്ഠവും ഇലകളും ഉപയോഗിച്ചു നിർമിച്ച ഒരു കമ്പോസ്റ്റിൽ ആഹാരത്തിനായി ഫംഗസുകളെ വളർത്തിയിരുന്നു. ചില ഉറുമ്പുകൾ സസ്യപ്പേനുകളെ (aphids) വളർത്തുമൃഗങ്ങളായി സൂക്ഷിക്കുകയും അവയിൽനിന്ന് മാധുര്യമൂറുന്ന മധുസ്രവം ‘കറന്നെടുക്കുകയും’ അവയെ പാർപ്പിക്കുന്നതിനായി തൊഴുത്തുകൾ പണിയുകയും ചെയ്യുന്നു. കൊയ്ത്തുകാരായ ഉറുമ്പുകൾ ഭൂഗർഭ ധാന്യപ്പുരകളിൽ വിത്തുകൾ സംഭരിക്കുന്നു. (സദൃശവാക്യങ്ങൾ 6:6-8) ഒരു തരം വണ്ട് മൈമോസാ മരങ്ങൾ കോതി വെടിപ്പാക്കുന്നു. മലയണ്ണാൻമാരും ഒരിനം വാലില്ലാമുയലും വൈക്കോൽ മുറിച്ചെടുത്ത് ഉണക്കിസൂക്ഷിക്കുന്നു.
16. (എ) കടലാമകളും ചില പക്ഷികളും മുതലകളും അവയുടെ മുട്ടകൾ വിരിയിക്കുന്നത് എങ്ങനെ? (ബി) ആൺ മാലി പക്ഷിയുടെ ജോലി ഏറ്റവും വെല്ലുവിളിപൂർവകമായ ഒന്നായിരിക്കുന്നത് എന്തുകൊണ്ട്, അവൻ അത് ചെയ്യുന്നത് എങ്ങനെ?
16 മുട്ടവിരിയിക്കൽ യന്ത്രങ്ങൾ. മനുഷ്യൻ മുട്ടവിരിയിക്കൽ യന്ത്രങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു. എന്നാൽ ഇതിൽ അവൻ പ്രകൃതിയെ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, കടലാമകളും ചില പക്ഷികളും മുട്ടവിരിയിക്കാൻവേണ്ടി ഇളംചൂടുള്ള മണലിൽ മുട്ടയിടുന്നു. മറ്റുചില പക്ഷികൾ ഇളംചൂടുള്ള അഗ്നിപർവത ചാരത്തിലാണ് മുട്ടയിടുന്നത്. ചൂട് ഉത്പാദിപ്പിക്കുന്നതിനുവേണ്ടി മുതലകൾ ചിലപ്പോൾ അഴുകിക്കൊണ്ടിരിക്കുന്ന സസ്യപദാർഥങ്ങൾകൊണ്ട് അവയുടെ മുട്ടകൾ മൂടുന്നു. എന്നാൽ ഇതിൽ വിദഗ്ധൻ ആൺ മാലി പക്ഷിയാണ്. അവൻ ഒരു വലിയ കുഴി കുഴിച്ച് അതിൽ സസ്യപദാർഥങ്ങൾ നിറയ്ക്കുന്നു, എന്നിട്ട് അതു മണലിട്ടു മൂടുന്നു. ചീഞ്ഞഴുകിക്കൊണ്ടിരിക്കുന്ന സസ്യപദാർഥങ്ങൾ മണൽകൂനയെ ചൂടുപിടിപ്പിക്കുന്നു. ആറു മാസത്തേക്ക് പെൺ മാലി പക്ഷി അതിൽ ആഴ്ചതോറും ഓരോ മുട്ടവീതം ഇടുന്നു. ആ കാലമത്രയും ആൺപക്ഷി മണൽക്കൂനയിലേക്ക് കൊക്ക് കുത്തിയിറക്കി താപനില പരിശോധിക്കുന്നു. മണൽ കൂടുതലായി ഇട്ടുകൊണ്ടോ നീക്കംചെയ്തുകൊണ്ടോ അവൻ ഏതു കാലാവസ്ഥയിലും—ഹിമാങ്കത്തിനു താഴെ താപനിലയുള്ള കാലാവസ്ഥയിൽമുതൽ അത്യുഷ്ണമുള്ള കാലാവസ്ഥയിൽവരെ—തന്റെ മുട്ടവിരിയിക്കൽ യന്ത്രത്തെ 33 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തുന്നു.
17. നീരാളിയും കൂന്തലും ജെറ്റ് പ്രേഷണം ഉപയോഗിക്കുന്നത് എങ്ങനെ, അന്യോന്യബന്ധമില്ലാത്ത ഏതു ജന്തുക്കളും അത് ഉപയോഗിക്കുന്നു?
17 ജെറ്റ് പ്രേഷണം. ഇന്നു നിങ്ങൾ ഒരു വിമാനത്തിൽ പറക്കുമ്പോൾ സാധ്യതയനുസരിച്ച് ജെറ്റ് പ്രേഷണത്താലാണു സഞ്ചരിക്കുന്നത്. സഹസ്രാബ്ദങ്ങളായി അനേകം ജന്തുക്കളും സഞ്ചരിക്കുന്നതിന് ഇതേ മാർഗം അവലംബിച്ചിരിക്കുന്നു. നീരാളിയും കൂന്തലും ഇതിൽ അതിവിദഗ്ധരാണ്. അവ ഒരു പ്രത്യേക അറയിലേക്കു ജലം വലിച്ചെടുത്തിട്ട് ശക്തിയേറിയ പേശികളുപയോഗിച്ച് അതു പുറന്തള്ളി സ്വയം മുന്നോട്ടു കുതിക്കുന്നു. അറകളുള്ള നോട്ടിലസ്, കരുക്കുവാച്ചിപ്പികൾ (scallops), ജെല്ലിമത്സ്യങ്ങൾ, ആനത്തുമ്പിയുടെ ലാർവകൾ എന്നിവയും ചില സമുദ്ര പ്ലവകങ്ങൾ പോലും ജെറ്റ് പ്രേഷണം ഉപയോഗിക്കുന്നു.
18. വിളക്കുകളുള്ള അനേകം സസ്യങ്ങളിലും ജന്തുക്കളിലും ചിലതേവ, അവയുടെ വിളക്കുകൾ മനുഷ്യനിർമിത വിളക്കുകളെക്കാൾ കാര്യക്ഷമം ആയിരിക്കുന്നത് ഏതു വിധത്തിൽ?
18 പ്രകാശോത്പാദനം. ബൾബ് കണ്ടുപിടിച്ചതിനുള്ള ബഹുമതി തോമസ് എഡിസനുള്ളതാണ്. എന്നാൽ അതിന് ഒരു കുറവുണ്ട്, അത് ചൂടിന്റെ രൂപത്തിൽ ഊർജം നഷ്ടപ്പെടുത്തുന്നു. മിന്നാമിനുങ്ങുകളുടെ വിളക്കുകൾ തെളിയുകയും കെടുകയും ചെയ്തുകൊണ്ട് മിന്നിമിന്നി പ്രകാശിക്കുമ്പോൾ അവ മനുഷ്യനിർമിത ബൾബുകളെ കടത്തിവെട്ടുന്നു. ഒട്ടും ഊർജം നഷ്ടപ്പെടുത്താത്ത തണുത്ത വെളിച്ചമാണ് അവ ഉത്പാദിപ്പിക്കുന്നത്. അനേകം സ്പോഞ്ജുകളും ഫംഗസുകളും ബാക്ടീരിയകളും പുഴുക്കളും ഉജ്ജ്വലമായി പ്രകാശിക്കുന്നു. ഉദാഹരണത്തിന്, റെയിൽവേപ്പുഴുവിനെ കണ്ടാൽ, ചെമന്ന “ഹെഡ്ലൈറ്റുകളും” വെള്ളയോ ഇളംപച്ചയോ നിറത്തിലുള്ള 11 ജോടി “ജനലുകളും” ഉള്ള നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു തീവണ്ടിയാണെന്നേ തോന്നൂ. അനേകം മത്സ്യങ്ങൾക്കും വിളക്കുകളുണ്ട്: ഫ്ളാഷ്ലൈറ്റ് മത്സ്യം, ചൂണ്ടൽമത്സ്യം, വിളക്കുമത്സ്യം, വൈപ്പർമത്സ്യം, കോൺസ്റ്റലേഷൻ മത്സ്യം എന്നിവ അവയിൽ ഏതാനും ചിലതാണ്. കരയിലെത്തി നുരയും പതയും ആയി പൊട്ടിച്ചിതറുന്ന കടൽത്തിരയിൽ ദശലക്ഷക്കണക്കിനു സൂക്ഷ്മാണുജീവികൾ പ്രകാശിക്കുകയും മിന്നിത്തിളങ്ങുകയും ചെയ്യുന്നു.
19. മനുഷ്യനെക്കാൾ വളരെ മുമ്പ് കടലാസ് ഉണ്ടാക്കിയതാര്, ഒരു കടലാസുനിർമാതാവ് അതിന്റെ വീടിനെ ചൂടിൽനിന്നും തണുപ്പിൽനിന്നും സംരക്ഷിക്കുന്നതെങ്ങനെ?
19 കടലാസ്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഈജിപ്തുകാർ അതുണ്ടാക്കി. എങ്കിലും അവർ കടന്നലുകളെക്കാളും വേട്ടാവളിയൻമാരെക്കാളും കുളവികളെക്കാളും വളരെ പിന്നിലായിരുന്നു. ചിറകുധാരികളായ ഈ ജോലിക്കാർ തങ്ങളുടെ കൂടുണ്ടാക്കുന്നതിനായി, വെയിലും മഴയും ഏറ്റ് ജീർണിച്ച തടി ചവച്ചരച്ച് ചാരനിറത്തിലുള്ള ഒരു കടലാസ് ഉത്പാദിപ്പിക്കുന്നു. കുളവികൾ അവയുടെ വൃത്താകൃതിയിലുള്ള വലിയ കൂടുകൾ ഒരു വൃക്ഷത്തിൽ തൂക്കിയിടുന്നു. വായു നിബദ്ധ അറകളാൽ വേർതിരിക്കപ്പെട്ട, കട്ടിക്കടലാസിന്റെ പല പാളികൾ ഉൾപ്പെട്ടതാണ് ബാഹ്യാവരണം. ഇത് 40 സെൻറിമീറ്റർ കനമുള്ള ഒരു ഇഷ്ടിക ഭിത്തിയുടെയത്രയും ഫലപ്രദമായി കൂടിനെ ചൂടിൽനിന്നും തണുപ്പിൽനിന്നും സംരക്ഷിക്കുന്നു.
20. ഒരിനം ബാക്ടീരിയം സഞ്ചരിക്കുന്നതെങ്ങനെ, ശാസ്ത്രജ്ഞന്മാർ ഇതിനോടു പ്രതികരിച്ചിരിക്കുന്നതെങ്ങനെ?
20 റോട്ടറി യന്ത്രം. റോട്ടറി യന്ത്രത്തിന്റെ നിർമാണത്തിൽ അതിസൂക്ഷ്മ ബാക്ടീരിയകൾ മനുഷ്യനെക്കാൾ ആയിരക്കണക്കിനു വർഷം മുമ്പിലായിരുന്നു. ഒരു ബാക്ടീരിയത്തിന്, രോമംപോലെയുള്ള ഘടനകൾ കൂടിപ്പിരിഞ്ഞ് ഉണ്ടായ സർപ്പിളാകൃതിയിലുള്ള ഒരു ഭാഗം ഉണ്ട്. ദൃഢമായ ഈ ഭാഗം കോർക്കൂരി പോലെയാണ് ഇരിക്കുന്നത്. ബാക്ടീരിയം ഈ കോർക്കൂരിയെ ഒരു കപ്പലിന്റെ പ്രൊപ്പല്ലർ പോലെ വട്ടത്തിൽ കറക്കുകയും അങ്ങനെ സ്വയം മുന്നോട്ടു ഗമിക്കുകയും ചെയ്യുന്നു. അതിന് അതിന്റെ യന്ത്രത്തെ പിറകോട്ടു ചലിപ്പിക്കാൻപോലും കഴിയും! എന്നാൽ അതിന്റെ പ്രവർത്തനവിധം പൂർണമായി മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ഈ ബാക്ടീരിയത്തിനു മണിക്കൂറിൽ 48 കിലോമീറ്ററിനു തുല്യമായ വേഗത്തിൽ പോകാൻ കഴിയുമെന്ന് ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. “വാസ്തവത്തിൽ പ്രകൃതി ചക്രം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു” എന്ന് അതു പറയുന്നു.6 ഒരു ഗവേഷകൻ ഇപ്രകാരം നിഗമനംചെയ്യുന്നു: “ജീവശാസ്ത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ആശയങ്ങളിലൊന്നു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു: യുഗ്മനവും (coupling) ഭ്രമണദണ്ഡും ബെയറിങ്ങുകളും ഭ്രമണശക്തി പ്രേഷണവും എല്ലാമുള്ള ഒരു റോട്ടറി യന്ത്രം വാസ്തവത്തിൽ പ്രകൃതി നിർമിച്ചിരിക്കുന്നു.”7
21. പരസ്പരം യാതൊരു ബന്ധവുമില്ലാത്ത പല ജന്തുക്കളും സോണാർ ഉപയോഗിക്കുന്നതെങ്ങനെ?
21 സോണാർ. മനുഷ്യൻ അതു പകർത്തിയിട്ടുണ്ടെങ്കിലും വവ്വാലുകളുടെയും ഡോൾഫിനുകളുടെയും സോണാറിനോട് അതിന് കിടപിടിക്കാനാവില്ല. നേർത്ത കമ്പികൾ കുറുകെ ബന്ധിച്ച ഇരുളടഞ്ഞ ഒരു മുറിയിൽ കമ്പികളിൽ ഒരിക്കൽപ്പോലും തട്ടാതെ വവ്വാലുകൾ പറക്കുന്നു. മനുഷ്യനു കേൾക്കാൻ കഴിയാത്ത വിധം ഉയർന്ന ആവൃത്തിയുള്ള അവയുടെ ശബ്ദസൂചനകൾ ഈ കമ്പികളിൽ ചെന്നു തട്ടിയിട്ട് വവ്വാലുകളിലേക്കു തിരിച്ചുചെല്ലുന്നു. അങ്ങനെ അവ പ്രതിധ്വനി സ്ഥാനനിർണയരീതി (echolocation) ഉപയോഗപ്പെടുത്തി അവയെ ഒഴിവാക്കുന്നു. കടൽപ്പന്നികളും തിമിംഗലങ്ങളും ജലത്തിൽ ഇതുതന്നെ ചെയ്യുന്നു. ഓയിൽബേർഡ്സ് അവ ചേക്കേറുന്ന ഇരുളടഞ്ഞ ഗുഹകളിലേക്കു കടക്കുമ്പോഴും അവയിൽനിന്നു പുറത്തിറങ്ങുമ്പോഴും അവയെ നയിക്കാനായി ഉച്ചസ്ഥായിയിലുള്ള ക്ളിക് ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ട് പ്രതിധ്വനി സ്ഥാനനിർണയരീതി ഉപയോഗിക്കുന്നു.
22. അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന സ്ഥിരകഭാര തത്ത്വം വ്യത്യസ്തവും പരസ്പരബന്ധമില്ലാത്തതുമായ പല ജന്തുക്കളിൽ പ്രവർത്തിക്കുന്നതെങ്ങനെ?
22 അന്തർവാഹിനികൾ. മനുഷ്യർ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ ഒട്ടേറെ അന്തർവാഹിനികൾ സ്ഥിതിചെയ്തിരുന്നു. അതിസൂക്ഷ്മങ്ങളായ റേഡിയോലേറിയനുകളുടെ ജീവദ്രവ്യത്തിൽ എണ്ണത്തുള്ളികൾ ഉണ്ട്. അതുപയോഗിച്ച് അവ അവയുടെ ഭാരം നിയന്ത്രിക്കുകയും അങ്ങനെ സമുദ്രത്തിൽ മേലോട്ടും കീഴോട്ടും സഞ്ചരിക്കുകയും ചെയ്യുന്നു. മത്സ്യങ്ങൾ അവയുടെ വാതാശയങ്ങൾക്കുള്ളിലേക്ക് (swim bladders) വായു എടുത്തുകൊണ്ടോ അവയിൽനിന്നു വായു പുറത്തുകളഞ്ഞുകൊണ്ടോ അവയുടെ പ്ലവനക്ഷമത വ്യത്യാസപ്പെടുത്തുന്നു. അറകളുള്ള നോട്ടിലസിന്റെ തോടിനുള്ളിൽ അറകൾ അല്ലെങ്കിൽ പ്ലവന ടാങ്കുകൾ ഉണ്ട്. ഈ ടാങ്കുകളിലുള്ള ജലത്തിന്റെയും വായുവിന്റെയും അനുപാതം വ്യത്യാസപ്പെടുത്തിക്കൊണ്ട് അത് അതിന്റെ ആഴം നിയന്ത്രിക്കുന്നു. കണവയുടെ കടൽനാക്കിൽ (കാൽസ്യനിക്ഷേപത്താൽ കട്ടിയുള്ളതായിത്തീർന്ന അകത്തെ തോട്) നിറയെ ദരങ്ങളുണ്ട് (cavities). പ്ലവനക്ഷമത നിയന്ത്രിക്കുന്നതിന് നീരാളിയെപോലുള്ള ഈ ജീവി അതിന്റെ അസ്ഥികൂടത്തിൽനിന്നു ജലം പമ്പുചെയ്തു കളയുകയും ഒഴിഞ്ഞ ദരത്തിൽ വായു നിറയാൻ അനുവദിക്കുകയും ചെയ്യുന്നു. അങ്ങനെ കടൽനാക്കിലെ ദരങ്ങൾ ഒരു അന്തർവാഹിനിയിലെ ജല ടാങ്കുകൾപോലെതന്നെ പ്രവർത്തിക്കുന്നു.
23. ഏതു ജന്തുക്കളാണ് താപസംവേദക അവയവങ്ങൾ ഉപയോഗിക്കുന്നത്, അവ എത്ര കൃത്യത ഉള്ളതാണ്?
23 തെർമോമീറ്റർ. 17-ാം നൂറ്റാണ്ടുമുതൽ മനുഷ്യർ തെർമോമീറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നു. എന്നാൽ പ്രകൃതിയിൽ കാണുന്ന ചിലതിനോടുള്ള താരതമ്യത്തിൽ അവ പ്രാകൃതങ്ങളാണ്. കൊതുകിന്റെ സ്പർശിനികൾക്ക് താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസിന്റെ 600-ൽ ഒരംശം വ്യത്യാസം വന്നാൽ അറിയാൻ കഴിയും. കിലുക്കപാമ്പിന് (rattlesnake) ആണെങ്കിൽ, അതിന്റെ തലയുടെ വശങ്ങളിലുള്ള കുഴികളുപയോഗിച്ച് താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസിന്റെ 1200-ൽ ഒരംശം വ്യത്യാസം വന്നാൽ പോലും അറിയാൻ കഴിയും. ഒരു തെക്കേ അമേരിക്കൻ പെരുമ്പാമ്പ് ഒരു ഡിഗ്രിയെക്കാൾ കുറഞ്ഞ താപവ്യതിയാനത്തോടുപോലും 35 മില്ലിസെക്കൻറുകൊണ്ട് പ്രതികരിക്കുന്നു. മാലി പക്ഷിയുടെയും ബ്രഷ് തുർക്കിയുടെയും കൊക്കുകൾക്ക് .5 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില അളക്കാൻ കഴിയും.
24. ഈ ഉദാഹരണങ്ങൾ ഏതു വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു?
24 ജന്തുക്കളിൽനിന്നുള്ള ഈ പകർത്തലെല്ലാം ബൈബിളിലെ പിൻവരുന്ന വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “മൃഗങ്ങളോടുതന്നെ ചോദിക്കുക, അവ നിങ്ങളെ പഠിപ്പിക്കും; കാട്ടുപക്ഷികളോടു ചോദിക്കുക—അവ നിങ്ങൾക്കു പറഞ്ഞുതരും; ഇഴജന്തുക്കൾ നിങ്ങളെ പ്രബോധിപ്പിക്കും, സമുദ്രത്തിലെ മത്സ്യം നിങ്ങൾക്ക് അറിവു പകർന്നുതരും.”—ഇയ്യോബ് 12:7, 8, മോഫറ്റ്.
[അധ്യയന ചോദ്യങ്ങൾ]
[152-ാം പേജിലെ ആകർഷകവാക്യം]
ജീവികളെ അനുകരിക്കുന്ന രീതിക്കു തനതായ പേരു നൽകത്തക്കവിധം അത് അത്രത്തോളം വ്യാപകമാണ്
[153-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ബാഷ്പീകരണത്തിലൂടെ കൂട് ശീതീകരിക്കപ്പെടുന്നു
ഉപയോഗിച്ച വായു
പുറത്തെ വായു
ഭൂഗർഭ ജലം
[154-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1 2 3 4
1 2 3
[155-ാം പേജിലെ ചിത്രം]
വായു കുമിള
[159-ാം പേജിലെ ചിത്രം]
അറകളുള്ള നോട്ടിലസിന്റെ കുറുകെയുള്ള ഛേദം