ഉടൻതന്നെ വരാൻ പോകുന്ന ഭൗമിക പറുദീസ
അധ്യായം 19
ഉടൻതന്നെ വരാൻ പോകുന്ന ഭൗമിക പറുദീസ
1, 2. (എ) മനുഷ്യന്റെ സ്വാഭാവിക ആഗ്രഹമെന്താണ്, ഏതു സംഗതികളാണ് അതിന്റെ സാക്ഷാത്കാരത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നത്? (ബി) ഉത്തമമായ പരിതഃസ്ഥിതികൾ ഏവയായിരിക്കും?
നിങ്ങളുടെ ജീവിതം എന്നെന്നും—തികവാർന്നതും സംതൃപ്തിദായകവുമായി—തുടരാൻ നിങ്ങൾ ആഗ്രഹിക്കുമോ? സാധ്യതയനുസരിച്ച് നിങ്ങളുടെ ഉത്തരം ഉവ്വ് എന്നായിരിക്കും. രസകരമായ വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, വശ്യസുന്ദരമായ സ്ഥലങ്ങൾ കാണാനുണ്ട്, പുതിയ കാര്യങ്ങൾ പഠിക്കാനുണ്ട്.
2 എന്നാൽ, അപരിഹാര്യമെന്നു തോന്നുന്ന പ്രശ്നങ്ങൾ നമ്മുടെ ജീവിതാസ്വാദനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, നമ്മുടെ ഇപ്പോഴത്തെ ആയുസ്സ് താരതമ്യേന ഹ്രസ്വമാണ്. ഉള്ള ആയുസ്സുതന്നെ മിക്കപ്പോഴും രോഗവും ദുഃഖവും കഷ്ടപ്പാടും ഒക്കെ നിറഞ്ഞതാണ്. അതുകൊണ്ട് ആളുകൾക്കു ജീവിതം പൂർണമായി, അതിന്റെ എല്ലാ മാനങ്ങളിലും ആസ്വദിക്കുന്നതിന് (1) പറുദീസാ സമാനമായ ചുറ്റുപാടുകൾ, (2) സമ്പൂർണ സുരക്ഷിതത്വം, (3) സംതൃപ്തിദായകമായ ജോലി, (4) തുടിക്കുന്ന ആരോഗ്യം, (5) അനന്തമായ ജീവൻ എന്നിവയൊക്കെ ആവശ്യമാണ്.
3. അത്തരം ഉത്തമമായ അവസ്ഥകൾ ആർക്കു മാത്രമേ കൊണ്ടുവരാൻ കഴിയൂ?
3 എന്നാൽ ആ ആഗ്രഹം അതിരുകടന്നതാണോ? മനുഷ്യന്റെ വീക്ഷണത്തിൽ അത് തീർച്ചയായും ആണ്. മനുഷ്യർക്കു സ്വയം അത്തരം ഉത്തമമായ അവസ്ഥകൾ കൊണ്ടുവരാൻ കഴിയില്ലെന്നു ചരിത്രം പ്രകടമാക്കിയിരിക്കുന്നു. എന്നാൽ നമ്മുടെ സ്രഷ്ടാവിന്റെ വീക്ഷണത്തിൽ ആ കാര്യങ്ങൾ സാധ്യമാണെന്നു മാത്രമല്ല അനിവാര്യവുമാണ്! എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത്തരം അഭികാമ്യമായ അവസ്ഥകൾ ഈ ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നു.—സങ്കീർത്തനം 127:1; മത്തായി 19:26.
പറുദീസ പുനഃസ്ഥാപിക്കപ്പെടും
4. ഈ ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമോദ്ദേശ്യം എന്തായിരുന്നു?
4 നാം മുൻ അധ്യായങ്ങളിൽ കണ്ടതുപോലെ ആദ്യ മനുഷ്യ ജോഡി ജന്തുക്കളെപ്പോലെയുള്ളവർ ആയിരുന്നില്ല. പകരം, പൂർണമായും മനുഷ്യരായിട്ടാണ് അവരെ സൃഷ്ടിച്ചത്. അവരുടെ ആദ്യ ഭവനമായ ഏദെൻ “ഉല്ലാസത്തിന്റെ ഒരു പറുദീസ” ആയിരുന്നു. (ഉല്പത്തി 2:8, ഡുവേ ഭാഷാന്തരം) അവർ അതിൽ ‘വേല ചെയ്യുകയും അതിനെ കാക്കുകയും’ ചെയ്യണമായിരുന്നു. (ഉല്പത്തി 2:15) കൂടാതെ, തികച്ചും മാനുഷികമായ ഈ കാര്യനിർവഹണ നിയോഗവും അവർക്ക് ഈ ഭൂമിയിൽ നിർവഹിക്കേണ്ടതുണ്ടായിരുന്നു. “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അട”ക്കുക. (ഉല്പത്തി 1:28) അവരുടെ സന്താനങ്ങളുടെ എണ്ണം വർധിക്കവേ ഈ സുന്ദരമായ പൂങ്കാവനത്തിന്റെ അതിർത്തികൾ വ്യാപിപ്പിച്ചുകൊണ്ട് മുഴു ഭൂമിയെയും ഒരു പറുദീസയാക്കി മാറ്റുന്ന ജോലി അവർക്ക് ഉണ്ടായിരിക്കുമായിരുന്നു. അത് എത്രനാൾ നിൽക്കണമായിരുന്നു? ഭൂമി ‘ഒരിക്കലും ഇളകിപ്പോകുകയില്ലെ’ന്നും “എന്നേക്കും” നിലനിൽക്കുമെന്നും ബൈബിൾ പലയിടത്തും സൂചിപ്പിക്കുന്നു. (സങ്കീർത്തനം 104:5; സഭാപ്രസംഗി 1:4) അതുകൊണ്ട് പറുദീസാ ഭൂമി അതിൽ എന്നേക്കും ജീവിക്കുന്ന പൂർണ മനുഷ്യർക്കുള്ള ആനന്ദകരമായ ഒരു ഭവനമായി എന്നെന്നും ഉതകാൻവേണ്ടി ഉദ്ദേശിക്കപ്പെട്ടതായിരുന്നു.—യെശയ്യാവു 45:11, 12, 18.
5. ദൈവോദ്ദേശ്യം സാക്ഷാത്കരിക്കപ്പെടുമെന്ന് നമുക്ക് ദൃഢവിശ്വാസമുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
5 ഏദെനിലെ മത്സരം ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയെ താത്കാലികമായി വിഘ്നപ്പെടുത്തിയെങ്കിലും അത് അവന്റെ ഉദ്ദേശ്യത്തിനു മാറ്റംവരുത്തിയിട്ടില്ല. ഭൂമിക്കു നേരിടുന്ന നാശത്തിന് അറുതി വരുത്താനും പറുദീസ പുനഃസ്ഥാപിക്കാനുമുള്ള മാർഗം ദൈവം ഏർപ്പെടുത്തിയിരിക്കുന്നു. അവൻ ഇതു നിർവഹിക്കുന്നത് ദൈവരാജ്യം മുഖേന ആയിരിക്കും. യേശു മനുഷ്യവർഗത്തിനുള്ള തന്റെ സന്ദേശത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാക്കിയ സ്വർഗീയ ഗവൺമെന്റ് ആണിത്. (മത്തായി 6:10, 33) ദൈവത്തിന്റെ ആദിമോദ്ദേശ്യം നിവർത്തിക്കപ്പെടുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. കാരണം ആ ഉദ്ദേശ്യത്തിനു പിന്നിലെ സർവശക്തനായ സ്രഷ്ടാവ് നമുക്ക് ഇങ്ങനെ ഉറപ്പുതരുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വാക്ക് അപ്രകാരം തന്നെയെന്നു തെളിയും. അതു ഫലം കൂടാതെ എന്നിലേക്കു മടങ്ങുകയില്ല, എന്നാൽ അത് എനിക്കു പ്രീതിയുള്ള കാര്യം തീർച്ചയായും ചെയ്യും, ഞാൻ അതിനെ അയച്ചിരിക്കുന്ന കാര്യത്തിൽ അതു സുനിശ്ചിതമായി വിജയിക്കുകയും ചെയ്യും.”—യെശയ്യാവു 55:11, NW.
6, 7. (എ) നാം പറുദീസയുടെ പുനഃസ്ഥാപനത്തോട് അടുത്തുവരികയാണെന്ന് നമുക്കെങ്ങനെ അറിയാം? (ബി) ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിൽ ആർ സംരക്ഷിക്കപ്പെടും, ആർ സംരക്ഷിക്കപ്പെടുകയില്ല?
6 നമ്മുടെ നാളിൽ ലോകസംഭവങ്ങൾ “അന്ത്യകാല”ത്തിന്റെ “അടയാള”ത്തെ നിവർത്തിക്കുന്നതു കാണുന്നത് പ്രോത്സാഹജനകമാണ്. (2 തിമൊഥെയൊസ് 3:1-5; മത്തായി 24:3-14) ഇത് ദൈവത്തിന്റെ “വാക്ക്” “സുനിശ്ചിതമായി വിജയിക്കു”ന്ന സമയം സമീപമാണെന്നു സൂചിപ്പിക്കുന്നു. ഈ വിജയം സുനിശ്ചിതമാണ്, എന്തുകൊണ്ടെന്നാൽ തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കപ്പെടുന്നതിൽ ശ്രദ്ധിക്കുന്നതിന് സർവശക്തനായ ദൈവം മാനുഷിക കാര്യങ്ങളിൽ ഇടപെടും. (യിരെമ്യാവു 25:31-33) പിൻവരുന്നപ്രകാരം പറയുന്ന പ്രാവചനിക സങ്കീർത്തനത്തിന്റെ നിവൃത്തി നാം വളരെ പെട്ടെന്നു കാണുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയും: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—സങ്കീർത്തനം 37:9-11, 29; മത്തായി 5:5.
7 അതുകൊണ്ട്, സ്രഷ്ടാവിൽനിന്നു സ്വതന്ത്രരാകാൻ തീരുമാനിക്കുന്നവർ “ഛേദിക്കപ്പെടും.” ‘യഹോവയെ പ്രത്യാശിക്കുന്നവർ’ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുകയും പറുദീസയുടെ പുനഃസ്ഥാപനം തുടങ്ങുകയും ചെയ്യും. അതു ക്രമേണ വ്യാപിക്കുകയും ഒടുവിൽ മുഴു ഭൂമിയിലും നിറയുകയും ചെയ്യും. ഈ പറുദീസ വരുമെന്നുള്ളത് ഉറപ്പാണ്. കാരണം, യേശുവിന് തന്നോടൊപ്പം വധിക്കപ്പെട്ട കള്ളനോടു പൂർണ ഉറപ്പോടെ പിൻവരുന്നപ്രകാരം വാഗ്ദാനംചെയ്യാൻ കഴിഞ്ഞു: “സത്യമായും ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.”—ലൂക്കൊസ് 23:43, NW.
ഭൂമി രൂപാന്തരപ്പെടുന്നു
8, 9. അക്ഷരീയ ഭൂമിയിലെ അവസ്ഥകൾക്ക് എന്തു മാറ്റം സംഭവിക്കും?
8 പറുദീസയെക്കുറിച്ചുള്ള ബൈബിളിന്റെ വർണന വാസ്തവത്തിൽ വിസ്മയാവഹമാണ്. ഉദാഹരണത്തിന്, ഭൂമിയുടെ അവസ്ഥതന്നെ പാടേ മാറുമെന്ന് അതു പറയുന്നു. ഏദെനിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ മുള്ളും പറക്കാരയും നിലത്തുനിന്നു മുളയ്ക്കുമെന്നും അവരുടെ മുഖത്തെ വിയർപ്പുകൊണ്ടേ അവർക്കു ഭൂമിയിൽനിന്ന് ആഹാരം വിളയിക്കാൻ കഴിയുകയുള്ളൂവെന്നും ആദ്യ മനുഷ്യരോടു പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടാകും. (ഉല്പത്തി 3:17-19) അന്നുമുതൽ ഇന്നുവരെ മനുഷ്യന് വിസ്തൃതിയേറിവരുന്ന മരുഭൂമികൾ, മോശമായ മണ്ണ്, വരൾച്ച, കളകൾ, കീടങ്ങൾ, സസ്യരോഗങ്ങൾ, വിളനാശങ്ങൾ എന്നിവയോട് നിരന്തരം പോരാടേണ്ടി വന്നിട്ടുണ്ട്. ഒട്ടുമിക്കപ്പോഴും ക്ഷാമം തന്നെ ഈ പോരാട്ടത്തിൽ ജയിച്ചിരിക്കുന്നു.
9 എന്നിരുന്നാലും ഈ സ്ഥിതിവിശേഷത്തിനു പാടേ മാറ്റം സംഭവിക്കാൻ പോകുകയാണ്: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. . . . മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും.” “മുള്ളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്തു മുളെക്കും.” (യെശയ്യാവു 35:1, 6, 7; 55:13) അതുകൊണ്ട് ദൈവോദ്ദേശ്യത്തിന്റെ നിവൃത്തി, ഭൂമിയെ അതിന്റെ നിവാസികൾക്ക് എന്നെന്നും ആനന്ദം കൈവരുത്തുന്ന സുന്ദരമായ ഒരു സ്ഥലമാക്കി മാറ്റുന്ന വളരെ ആസ്വാദ്യമായ ജോലി മനുഷ്യവർഗത്തിന് ഉണ്ടായിരിക്കുമെന്ന് അർഥമാക്കുന്നു. എന്നാൽ ഭൂമി കേവലം സുന്ദരമായ ഒരു ഗോളം ആയിത്തീരുക മാത്രമല്ല ചെയ്യുന്നത്.
ദാരിദ്ര്യത്തിന് ഒരു അന്ത്യം
10, 11. യഹോവ പട്ടിണി എങ്ങനെ നീക്കം ചെയ്യും?
10 വിസ്തൃതമായ മരുഭൂമികൾക്കും വരൾച്ചബാധിത പ്രദേശങ്ങൾക്കും രൂപമാറ്റം സംഭവിക്കുമ്പോൾ ഫലഭൂയിഷ്ഠമായ ഭൂപ്രദേശത്തിന്റെ അളവ് വൻതോതിൽ വർധിക്കും. സ്രഷ്ടാവിന്റെ മേൽവിചാരണയിൽ, ഭൂമിയെ ഫലപ്രദമാക്കുന്നതിനുള്ള മനുഷ്യ ശ്രമങ്ങൾ മുമ്പെന്നത്തെക്കാളും വിജയംവരിക്കും: “യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.” (സങ്കീർത്തനം 85:12) ആ “വിള”വു നിമിത്തം “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) ദശലക്ഷങ്ങൾ മേലാൽ ഒരിക്കലും പട്ടിണി കിടക്കുകയില്ല.—യെശയ്യാവു 25:6.
11 കൂടാതെ, തൊഴിലില്ലായ്മ കഴിഞ്ഞകാല സംഗതിയായിത്തീരും, അത് എന്നെന്നേക്കുമായി നിർമാർജനം ചെയ്യപ്പെടും. എല്ലാവരും തങ്ങളുടെ സ്വന്തം അദ്ധ്വാനഫലം ആസ്വദിക്കും: “അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. . . . അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.” (യെശയ്യാവു 65:21, 22) ഇതെല്ലാം യെഹെസ്കേൽ 34:27-ൽ വർണിച്ചിരിക്കുന്ന തരത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വം കൈവരുത്തും: “വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി [“സുരക്ഷിതമായി,” NW] വസിക്കയും . . . ചെ”യ്യും.—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
12. പറുദീസയിൽ നല്ല പാർപ്പിട സൗകര്യം ആര് ആസ്വദിക്കുന്നതായിരിക്കും?
12 ഇനി, നല്ലൊരു വീടും പുഷ്പങ്ങൾ, മരങ്ങൾ, തോട്ടങ്ങൾ എന്നിവ നട്ടുപിടിപ്പിക്കാനായി കുറച്ചു നിലവും ഉണ്ടായിരിക്കാൻ മനുഷ്യർ സഹജമായി ആഗ്രഹിക്കുന്നു. ദശലക്ഷക്കണക്കിനാളുകൾ വലിയ ബഹുശാലാ കെട്ടിടങ്ങളിലും വൃത്തിഹീനമായ ചേരിപ്രദേശങ്ങളിലും തിങ്ങിഞെരുങ്ങി പാർക്കുകയോ തെരുവുകളിൽ കഴിഞ്ഞുകൂടുകയോ ചെയ്യുമ്പോൾ അവർക്കു നല്ല പാർപ്പിട സൗകര്യമാണ് ഉള്ളതെന്നു പറയാൻ കഴിയുമോ? അവയൊന്നും വരാൻപോകുന്ന പറുദീസയിൽ കാണുകയില്ല, എന്തുകൊണ്ടെന്നാൽ ദൈവം ഇപ്രകാരം ഉദ്ദേശിച്ചിരിക്കുന്നു: “അവർ വീടുകളെ പണിതു പാർക്കും; . . . അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല.” ആ ലോകവ്യാപക നിർമാണ പരിപാടി പൂർണമായി വിജയിക്കുകയും നിലനിൽക്കുകയും ചെയ്യും: “എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല.” (യെശയ്യാവു 65:21-23) അങ്ങനെ, നല്ല പാർപ്പിട സൗകര്യം ധനിക ന്യൂനപക്ഷത്തിനു മാത്രം അവകാശപ്പെട്ട ഒന്നായിരിക്കില്ല, മറിച്ച് ദൈവ ഭരണത്തിനു കീഴ്പെടുന്ന സകലർക്കും അതു ലഭിക്കും.
മേലാൽ രോഗമോ മരണമോ ഇല്ല
13, 14. രോഗത്തിനും വൈകല്യങ്ങൾക്കും മാത്രമല്ല, മരണത്തിനു പോലും എന്തു സംഭവിക്കും?
13 വൈകല്യങ്ങളോ രോഗമോ പറുദീസയിലെ സംതൃപ്തികരമായ അവസ്ഥകളുടെ ആസ്വാദനത്തിനു തടസ്സമാകുകയോ മരണം അവ ആസ്വദിക്കുന്നതിനുള്ള സമയം വെട്ടിക്കുറക്കുകയോ ചെയ്യുകയില്ലെന്നും ദൈവവചനം നമുക്ക് ഉറപ്പു തരുന്നു: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.
14 സകല രോഗങ്ങളും വൈകല്യങ്ങളും ഭേദമാകുന്ന ഒരു ലോകത്തെക്കുറിച്ചു സങ്കൽപ്പിക്കുക! ദൈവവചനം ഇങ്ങനെ പറയുന്നു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശയ്യാവു 35:5, 6) എന്തൊരു അത്ഭുതകരമായ പരിവർത്തനം! അന്നുമുതൽ, ദൈവമുള്ളിടത്തോളം കാലം—അനന്തമായി—ജീവിക്കുന്നതിനുള്ള വിസ്മയാവഹമായ പ്രതീക്ഷയെക്കുറിച്ചും സങ്കൽപ്പിക്കുക! മരണം മേലാൽ ഒരിക്കലും മനുഷ്യവർഗത്തിന്റെ ശാപമായിരിക്കുകയില്ല, കാരണം ദൈവം “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—യെശയ്യാവു 25:8.
15. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്ന പ്രായംചെന്ന ആളുകൾക്ക് എന്തു സംഭവിക്കും?
15 എന്നാൽ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്ന, ഇപ്പോൾത്തന്നെ പ്രായമായിരിക്കുന്നവരുടെ കാര്യമോ? നല്ല ആരോഗ്യത്തോടെ വാർധക്യ അവസ്ഥയിൽ അവർ എന്നേക്കും ജീവിക്കുകയേ ഉള്ളോ? അല്ല, എന്തുകൊണ്ടെന്നാൽ വൃദ്ധരെ യൗവ്വനത്തിലേക്കു തിരികെ വരുത്താനുള്ള പ്രാപ്തി ദൈവത്തിനുണ്ട്, അവൻ അത് ഉപയോഗിക്കുകയും ചെയ്യും. ബൈബിൾ അതിനെ കുറിച്ച് ഇപ്രകാരം വർണിക്കുന്നു: “അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.” (ഇയ്യോബ് 33:25) ആദാമും ഹവ്വായും ഏദെനിൽ ആസ്വദിച്ചതുപോലുള്ള പൂർണ പുരുഷത്വത്തിലേക്കും സ്ത്രീത്വത്തിലേക്കും വൃദ്ധർ ക്രമേണ മടങ്ങിവരും. ഈ പ്രക്രിയ യേശു പറഞ്ഞ “പുനഃസൃഷ്ടി”യുടെ ഫലങ്ങളിൽ ഒന്നായിരിക്കും.—മത്തായി 19:28, NW.
നിലനിൽക്കുന്ന ആഗോള സമാധാനം
16, 17. യുദ്ധമോ അക്രമമോ പറുദീസയിലെ സമാധാനത്തിനു ഭംഗംവരുത്തുകയില്ലാത്തത് എന്തുകൊണ്ട്?
16 യുദ്ധമോ അക്രമമോ എപ്പോഴെങ്കിലും പറുദീസയിലെ സമാധാനത്തിനു ഭംഗംവരുത്തുമോ? “നേരുള്ളവർ ദേശത്തു വസിക്കു”കയും “നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കു”കയും “ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടു”കയും “ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകു”കയും ചെയ്യുമ്പോൾ അതു സംഭവിക്കുകയില്ല. (സദൃശവാക്യങ്ങൾ 2:21, 22) സമാധാനഭഞ്ജകർ മേലാൽ ഇല്ലാത്തതിനാൽ യുദ്ധമോ അക്രമമോ ഉണ്ടായിരിക്കുകയില്ല.
17 ദൈവം ദുഷ്ടന്മാരെയും ദ്രോഹികളെയും ഛേദിച്ചുകഴിയുമ്പോൾ “ശേഷിച്ചിരിക്കു”ന്നവരെ “നേരുള്ളവർ” എന്നും “നിഷ്കളങ്കന്മാർ” എന്നും വിളിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സമാധാനപൂർണമായ ജീവിതത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ നിലവാരങ്ങളെക്കുറിച്ച് അവർ അതിനോടകം പഠിപ്പിക്കപ്പെട്ടിരുന്നു, അവർ ആ നിലവാരങ്ങൾക്കു ചേർച്ചയിൽ വന്നിരുന്നു. ദൈവത്തെക്കുറിച്ചുള്ള ആ അറിവും അവന്റെ നിയമങ്ങളോടുള്ള കീഴ്പെടലുമാണ് പറുദീസയിലെ സമാധാനത്തിനുള്ള താക്കോൽ. എന്തെന്നാൽ ബൈബിൾ ഇപ്രകാരം പറയുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ . . . ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യെശയ്യാവു 11:9) “എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ [“പഠിപ്പിക്കപ്പെട്ടവർ,” NW] ആകു”മെന്നും ഈ പഠിപ്പിക്കലിനെ അംഗീകരിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർക്ക് “നിത്യജീവൻ” ലഭിക്കുമെന്നും യേശു പറഞ്ഞു.—യോഹന്നാൻ 6:45-47.
18. പറുദീസയിലെ സമാധാനപൂർണമായ ജീവിതത്തിനുവേണ്ടി ഇപ്പോൾത്തന്നെ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ആരാണ്?
18 സന്തോഷകരമെന്നു പറയട്ടെ, ദൈവത്തെ കേന്ദ്രീകരിച്ചുള്ള ഈ ആഗോള വിദ്യാഭ്യാസം കുറ്റകൃത്യം, മുൻവിധി, വിദ്വേഷം, രാഷ്ട്രീയ ചേരിതിരിവുകൾ, യുദ്ധം എന്നിവയിൽനിന്നു സ്വതന്ത്രമായ, തികച്ചും സമാധാനപൂർണവും യോജിപ്പുള്ളതുമായ ഒരു ലോകം ആനയിക്കും. ഇപ്പോൾത്തന്നെ ഈ വിദ്യാഭ്യാസത്തിന്റെ മൂല്യം ഭൂമിയിലെമ്പാടുമുള്ള ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളുടെ ഇടയിൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. സ്നേഹത്തിലും പരസ്പര ആദരവിലും അധിഷ്ഠിതമായ ഒരു അന്തർദേശീയ സഹോദരവർഗമാണവർ. (യോഹന്നാൻ 13:34, 35) അവരുടെ ആഗോള സമാധാനവും ഐക്യവും അഭേദ്യമാണ്. പീഡനത്തിനോ ലോകയുദ്ധങ്ങൾക്കോ പോലും ലോകത്തിലെവിടെയുമുള്ള തങ്ങളുടെ അയൽക്കാർക്കെതിരെ ആയുധങ്ങളെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കാൻ കഴിയില്ല. ഇന്നത്തെ വിഭജിത ലോകത്തിൽപോലും അത്തരം ആഗോള സമാധാനവും ഐക്യവും നിലവിലിരിക്കുന്നുവെന്നിരിക്കെ പറുദീസയിലെ ദൈവഭരണത്തിൻകീഴിൽ ഈ മാതൃക തുടർന്നുകൊണ്ടുപോകുന്നതു തീർച്ചയായും വളരെയധികം എളുപ്പമായിരിക്കും.—മത്തായി 26:52; 1 യോഹന്നാൻ 3:10-12.
19. ഇപ്പോഴുള്ള ഏതു പ്രവചനനിവൃത്തി പറുദീസയിലും തുടരും?
19 അപ്പോൾ, പറുദീസ പുനഃസ്ഥാപിക്കപ്പെട്ടു തുടങ്ങുമ്പോൾത്തന്നെ ഭൂവ്യാപകമായി സമാധാനം കളിയാടും. ദൈവത്തിന്റെ ആഗോള യുദ്ധമായ അർമഗെദോനെ അതിജീവിക്കുന്നവർ തങ്ങൾ ഇപ്പോൾത്തന്നെ നിവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവചനത്തിന്റെ വാക്കുകൾ അനുസരിക്കുന്നതിൽ തുടരും: “ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) അതുകൊണ്ടാണ് പ്രവചനത്തിനു തുടർന്ന് ഇങ്ങനെ പറയാൻ കഴിയുന്നത്: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മീഖാ 4:3, 4) ഇത് എത്രനാൾ തുടരും? ഹൃദയോദ്ദീപകമായ വാഗ്ദാനം ഇതാണ്: ‘സമാധാനത്തിനു അവസാനം ഉണ്ടാകയില്ല.’—യെശയ്യാവു 9:7.
20. യഹോവ രാഷ്ട്രങ്ങളെയും അവയുടെ സൈനിക ഉപകരണങ്ങളെയും എങ്ങനെ കൈകാര്യംചെയ്യും?
20 സൈന്യവത്കൃത രാഷ്ട്രങ്ങൾ ഇന്ന് എന്നത്തേതിലുമധികമായി തങ്ങളുടെ യുദ്ധായുധങ്ങൾ കുന്നുകൂട്ടിയിരിക്കുന്നുവെന്നതു സത്യമാണ്. എന്നാൽ പ്രപഞ്ചത്തെ തന്റെ ശക്തിയാൽ സൃഷ്ടിച്ചവന് അതൊന്നും ഏതുമല്ല. താൻ രാഷ്ട്രങ്ങളുടെ സൈനികായുധങ്ങളെ ഉടൻതന്നെ എന്തു ചെയ്യുമെന്ന് അവൻ നമ്മോടു പറയുന്നു: “വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.” (സങ്കീർത്തനം 46:8, 9) രാഷ്ട്രങ്ങളുടെയും അവയുടെ സൈനിക ബലത്തിന്റെയും തച്ചുടയ്ക്കൽ പറുദീസയിലെ നിലനിൽക്കുന്ന ആഗോള സമാധാനത്തിനു വഴിതെളിക്കും.—ദാനീയേൽ 2:44; വെളിപ്പാടു 19:11-21.
ജന്തുലോകവുമായി സമാധാനം
21, 22. മനുഷ്യരുടെയും ജന്തുക്കളുടെയും ഇടയിൽ ഏതു ബന്ധം പുനഃസ്ഥാപിക്കപ്പെടും?
21 ഏദെനിൽ മനുഷ്യരുടെയും ജന്തുക്കളുടെയും ഇടയിൽ ഉണ്ടായിരുന്ന യോജിപ്പ് പുനഃസ്ഥാപിക്കപ്പെടുന്നതോടെ പറുദീസയിലെ ആഗോള സമാധാനം പൂർണമാകും. (ഉല്പത്തി 1:26-31) ഇന്ന് മനുഷ്യൻ അനേകം ജന്തുക്കളെ ഭയപ്പെടുന്നു, അതേസമയംതന്നെ അവൻ അവയ്ക്ക് ഒരു ഭീഷണിയുമാണ്. എന്നാൽ പറുദീസയിൽ വാസ്തവം അതായിരിക്കയില്ല. ദൈവം ഏദെനിൽ മനുഷ്യനും മൃഗത്തിനും ഇടയിലുള്ള യോജിപ്പു നിലനിർത്തിയത് ഏതു വിധത്തിലാണോ അതേ വിധത്തിൽ അവൻ അത് പറുദീസയിലും ചെയ്യും. അങ്ങനെ ജന്തുക്കളുടെമേലുള്ള മനുഷ്യന്റെ സ്നേഹപുരസ്സരമായ ആധിപത്യം വീണ്ടുമൊരു യാഥാർഥ്യമായിത്തീരും.
22 ഇതിനെക്കുറിച്ച് സ്രഷ്ടാവ് ഇപ്രകാരം പ്രഖ്യാപിക്കുന്നു: “അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും.” (ഹോശേയ 2:18) ഇത് എന്തു ഫലം കൈവരുത്തും? “ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—യെഹെസ്കേൽ 34:25.
23. ജന്തുലോകത്തിൽ ഏതു ഗംഭീര മാറ്റം സംഭവിക്കുമെന്നാണ് യെശയ്യാവു മുൻകൂട്ടി പറയുന്നത്?
23 മനുഷ്യരുടെ ഇടയിലും മനുഷ്യരുടെയും ജന്തുക്കളുടെയും ഇടയിലും സ്ഥിതിചെയ്യുന്ന സമാധാനം ജന്തുലോകത്തിലും പ്രതിഫലിപ്പിക്കപ്പെടും: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. . . . എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:6-9.
24. പറുദീസയിൽ ഉണ്ടായിരിക്കുന്ന സമാധാനത്തെ 37-ാം സങ്കീർത്തനം വർണിക്കുന്നത് എങ്ങനെ?
24 പറുദീസയിൽ കളിയാടാൻ പോകുന്ന സമ്പൂർണ സമാധാനത്തെ ബൈബിൾ എത്ര ഭംഗിയായാണു വർണിക്കുന്നത്! ആ പുതിയ വ്യവസ്ഥിതിയിലെ ജീവിതത്തെക്കുറിച്ച് സങ്കീർത്തനം 37:11 പിൻവരുന്നപ്രകാരം പറയുന്നത് അതിശയമല്ല: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
മരിച്ചവർ തിരികെവരുന്നു
25, 26. (എ) മരിച്ചവരെക്കുറിച്ച് ദൈവവചനം എന്താണു വാഗ്ദാനം ചെയ്യുന്നത്? (ബി) മരിച്ചുപോയിട്ടുള്ള എല്ലാവരെയും ഓർത്തിരിക്കുന്നത് സ്രഷ്ടാവിന് ഒരു പ്രശ്നമല്ലാത്തത് എന്തുകൊണ്ട്?
25 പറുദീസയിലെ അനുഗ്രഹങ്ങൾ ഈ ഏതൽക്കാല വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നവർക്കു മാത്രമല്ല ലഭ്യമാകുന്നത്. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ഭരണത്തിൻകീഴിൽ അതിവിസ്മയാവഹമായ ഒരു ജയം സാധ്യമായിത്തീരും—മരണത്തിൻമേലുള്ള പൂർണ ജയം. പാരമ്പര്യസിദ്ധ പാപത്തിന്റെ ഫലമായുള്ള മരണത്തിൻമേൽ ജയംനേടാൻ കഴിയുമെന്നു മാത്രമല്ല, ഇപ്പോൾ മരിച്ചുപോയിരിക്കുന്നവർ ജീവനിലേക്കു തിരികെവരുകയും പറുദീസയിൽ ജീവിക്കുന്നതിനുള്ള അവസരം അവർക്കു ലഭിക്കുകയും ചെയ്യും! ദൈവവചനം ഇങ്ങനെ ഉറപ്പുതരുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) പ്രിയപ്പെട്ടവരുടെ തലമുറകൾ ഒന്നിനു പുറകെ ഒന്നായി ശവക്കുഴിയിൽനിന്നു തിരികെ വരുത്തപ്പെടുമ്പോൾ അത് എത്ര സന്തോഷകരമായ വേളയായിരിക്കും!—ലൂക്കൊസ് 7:11-16; 8:40-56; യോഹന്നാൻ 11:38-45.
26 യേശു ഇപ്രകാരം പറഞ്ഞു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) അതേ, ദൈവത്തിന്റെ ഓർമയിലുള്ളവർ ജീവനിലേക്കു തിരികെവരുത്തപ്പെടും. ഇത് ദൈവത്തെ സംബന്ധിച്ചിടത്തോളം അസാധ്യകാര്യമാണെന്നു നാം ചിന്തിക്കരുത്. അവൻ സഹസ്രകോടിക്കണക്കിന് അതേ ശതസഹസ്രകോടിക്കണക്കിനു നക്ഷത്രങ്ങളെ സൃഷ്ടിച്ചുവെന്ന് ഓർമിക്കുക. അവൻ അവയെയെല്ലാം “പേർ ചൊല്ലി” വിളിക്കുന്നുവെന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 40:26) ഇതുവരെ മരിച്ചുപോയിട്ടുള്ള ആളുകളുടെ എണ്ണം അതിന്റെ ഒരു അംശം മാത്രമേ ആകുന്നുള്ളൂ. അതുകൊണ്ട് അവരെയും അവരുടെ ജീവിതരീതിയെയും കുറിച്ചു ദൈവത്തിന് അനായാസം ഓർത്തിരിക്കാൻ കഴിയും.
27. പറുദീസയിൽ എല്ലാവർക്കും എന്തിനുള്ള അവസരം ഉണ്ടായിരിക്കും?
27 പുനരുത്ഥാനം പ്രാപിക്കുന്നവരെല്ലാം പറുദീസാ ചുറ്റുപാടിൽ ദൈവത്തിന്റെ നീതിപൂർവകമായ പ്രമാണങ്ങളെക്കുറിച്ചു പഠിപ്പിക്കപ്പെടും. കഴിഞ്ഞകാല ജീവിതത്തിലെപ്പോലെ ദുഷ്ടതയോ കഷ്ടപ്പാടോ അനീതിയോ അവർക്കു തടസ്സമാകില്ല. അവർ ദൈവഭരണത്തെ അംഗീകരിക്കുകയും അതിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്നപക്ഷം അവർ തുടർന്നു ജീവിക്കുന്നതിനു യോഗ്യതയുള്ളവരായി വിധിക്കപ്പെടും. (എഫെസ്യർ 4:22-24) അതുകൊണ്ട്, യേശുവിനോടൊപ്പം സ്തംഭത്തിൽ തറയ്ക്കപ്പെട്ട കള്ളൻ പറുദീസയിൽ ജീവിച്ചിരിക്കണമെങ്കിൽ അവൻ കള്ളനായിരിക്കുന്നതു നിർത്തി സത്യസന്ധനായിത്തീരണം. എന്നാൽ ദൈവത്തിന്റെ നീതിപൂർവകമായ ഭരണത്തിനെതിരെ മത്സരിക്കുന്നവരെ, മറ്റുള്ളവരുടെ സമാധാനവും സന്തോഷവും കെടുത്തുന്നതിനായി തുടർന്നു ജീവിക്കാൻ അനുവദിക്കുകയില്ല. അവർക്ക് പ്രതികൂലമായ ന്യായവിധി ലഭിക്കും. അങ്ങനെ, “നീതി വസിക്കുന്ന” പറുദീസാ ഭൂമിയിലെ ജീവിതത്തെ താൻ യഥാർഥത്തിൽ വിലമതിക്കുന്നുവോ എന്നു പ്രകടമാക്കുന്നതിനുള്ള പൂർണമായ, മതിയായ അവസരം ഓരോ വ്യക്തിക്കും ലഭിക്കും.—2 പത്രൊസ് 3:13.
28. അതുകൊണ്ട് നമ്മുടെ തൊട്ടുമുമ്പിൽ എന്താണുള്ളത്?
28 അപ്പോൾ, അർമഗെദോനെ അതിജീവിക്കുന്നവരും പുനരുത്ഥാനംപ്രാപിച്ച മരിച്ചവരും എന്നെന്നും രസകരമായ ഒരു ജീവിതം ആസ്വദിക്കും. അറിവു സംഭരിക്കാനുള്ള വമ്പിച്ച പ്രാപ്തിയോടുകൂടിയ പൂർണതയുള്ള മനുഷ്യമസ്തിഷ്കത്തിന് എല്ലാക്കാലത്തും വിവരങ്ങൾ ഉൾക്കൊള്ളാൻ കഴിയും. ഭൂമിയെക്കുറിച്ചും ഭയഗംഭീര പ്രപഞ്ചത്തെക്കുറിച്ചും അതിലെ ശതകോടിക്കണക്കിനു ഗാലക്സികളെക്കുറിച്ചും നാമെന്താണു പഠിക്കാൻ പോകുന്നതെന്നു ചിന്തിക്കുക! നിർമാണം, പരിസരം മോടിപിടിപ്പിക്കൽ, തോട്ടനിർമാണം, അധ്യാപനം, കല, സംഗീതം എന്നിവയിലും മറ്റു മേഖലകളിലും നാം ചെയ്യാൻപോകുന്ന വെല്ലുവിളിപരവും സംതൃപ്തിദായകവുമായ ജോലിയെക്കുറിച്ചു പരിചിന്തിക്കുക! അതുകൊണ്ട് ജീവിതം വിരസമോ നിഷ്ഫലമോ ആയിരിക്കുകയില്ല. പകരം ബൈബിൾ മുൻകൂട്ടി പറയുന്നതുപോലെ പറുദീസയിലെ ഓരോ ദിവസവും “ആനന്ദ”കരമായിരിക്കും. (സങ്കീർത്തനം 37:11) അങ്ങനെ, നാം അത്ഭുതകരമായ ഒരു പുതിയ യുഗത്തിന്റെ പടിവാതിൽക്കലാണ്.
[അധ്യയന ചോദ്യങ്ങൾ]
[232-ാം പേജിലെ ആകർഷകവാക്യം]
മനുഷ്യർക്ക് ഉത്തമമായ അവസ്ഥകൾ കൊണ്ടുവരാൻ കഴിയുകയില്ല, എന്നാൽ ദൈവത്തിനു കഴിയും
[236-ാം പേജിലെ ആകർഷകവാക്യം]
ഭൂമിയിൽത്തന്നെ നാടകീയമായ മാറ്റം സംഭവിക്കും
[242-ാം പേജിലെ ആകർഷകവാക്യം]
രാഷ്ട്രങ്ങളുടെയും അവയുടെ സൈനിക ബലത്തിന്റെയും തച്ചുടയ്ക്കൽ ആഗോള സമാധാനത്തിനു വഴിതെളിക്കും
[244-ാം പേജിലെ ആകർഷകവാക്യം]
അവർ “സമാധാനസമൃദ്ധിയിൽ ആനന്ദിക്കും”
[246-ാം പേജിലെ ആകർഷകവാക്യം]
അത്ഭുതകരമായ ഒരു പുതിയ യുഗം നമ്മുടെ തൊട്ടുമുമ്പിലുണ്ട്
[233-ാം പേജിലെ ചിത്രം]
അത്തരം ഉത്തമമായ അവസ്ഥകൾ ജീവിതം പൂർണമായി ആസ്വദിക്കാൻ നമ്മെ പ്രാപ്തരാക്കും
പറുദീസാ ചുറ്റുപാടുകൾ
സമ്പൂർണ സുരക്ഷിതത്വം
സംതൃപ്തിദായകമായ ജോലി
തുടിക്കുന്ന ആരോഗ്യം
അനന്തമായ ജീവൻ
[234-ാം പേജിലെ ചിത്രം]
സ്രഷ്ടാവിൽനിന്നു സ്വതന്ത്രരാകാൻ തീരുമാനിക്കുന്നവർ ഛേദിക്കപ്പെടും
[235-ാം പേജിലെ ചിത്രം]
‘യഹോവയെ പ്രത്യാശിക്കുന്നവർ’ അതിജീവിക്കും
[236, 237 പേജുകളിലെ ചിത്രങ്ങൾ]
ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്ന ആസ്വാദ്യമായ ജോലി മനുഷ്യവർഗത്തിന് ഉണ്ടായിരിക്കും
[238-ാം പേജിലെ ചിത്രം]
എല്ലാവർക്കും സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരിക്കും
[239-ാം പേജിലെ ചിത്രങ്ങൾ]
വൈകല്യങ്ങളോ രോഗമോ മരണമോ പറുദീസയിലെ ജീവിതത്തിനു കളങ്കമേൽപ്പിക്കുകയില്ല
[240-ാം പേജിലെ ചിത്രം]
“അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.” —ഇയ്യോബ് 33:25
[241-ാം പേജിലെ ചിത്രം]
പറുദീസയിൽ യുദ്ധമോ അക്രമമോ ഉണ്ടായിരിക്കുകയില്ല. സകല ആയുധങ്ങളും നശിപ്പിക്കപ്പെടും.—യെഹെസ്കേൽ 39:9, 10
[243-ാം പേജിലെ ചിത്രം]
മനുഷ്യർക്കും ജന്തുക്കൾക്കും ഇടയിലുള്ള യോജിപ്പ് പുനഃസ്ഥാപിക്കപ്പെടും
[245-ാം പേജിലെ ചിത്രം]
മരിച്ചവർ ജീവനിലേക്കു തിരികെവരുകയും പറുദീസയിൽ ജീവിക്കുന്നതിനുള്ള അവസരം അവർക്കു ലഭിക്കുകയും ചെയ്യും! ദൈവവചനം ഇങ്ങനെ ഉറപ്പുതരുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും”