വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉല്‌പത്തി എന്താണു പറയുന്നത്‌?

ഉല്‌പത്തി എന്താണു പറയുന്നത്‌?

അധ്യായം 3

ഉല്‌പത്തി എന്താണു പറയു​ന്നത്‌?

1. (എ) ഉല്‌പത്തി സംബന്ധിച്ച ഈ ചർച്ചയു​ടെ ഉദ്ദേശ്യ​മെ​ന്താണ്‌, എന്ത്‌ ഓർത്തി​രി​ക്കേ​ണ്ട​തുണ്ട്‌? (ബി) ഉല്‌പത്തി ഒന്നാം അധ്യാ​യ​ത്തിൽ സംഭവങ്ങൾ ചർച്ച​ചെ​യ്യ​പ്പെ​ടു​ന്നത്‌ എങ്ങനെ?

 വളച്ചൊ​ടി​ക്ക​പ്പെ​ടു​ക​യോ തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യോ ചെയ്യുന്ന മറ്റു സംഗതി​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ബൈബി​ളി​ന്റെ ഒന്നാമത്തെ അധ്യാ​യ​വും ചുരു​ങ്ങി​യ​പക്ഷം നിഷ്‌പ​ക്ഷ​മാ​യൊ​രു ശ്രദ്ധ​യെ​ങ്കി​ലും അർഹി​ക്കു​ന്നുണ്ട്‌. സൂക്ഷ്‌മ​പ​രി​ശോ​ധന നടത്തി അത്‌ അറിയ​പ്പെ​ടുന്ന വസ്‌തു​ത​ക​ളു​മാ​യി ഒത്തു​പോ​കു​ന്നു​വോ എന്നു നിർണ​യി​ക്കു​ക​യാണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌, അല്ലാതെ ഏതെങ്കി​ലും സൈദ്ധാ​ന്തിക ചട്ടക്കൂ​ടി​ലേക്ക്‌ അതിനെ ഞെക്കി​ക്കൊ​ള്ളി​ക്കു​കയല്ല. ഉല്‌പ​ത്തി​വി​വ​രണം എഴുത​പ്പെ​ട്ടത്‌ സൃഷ്ടി “എങ്ങനെ​യാണ്‌” നടന്ന​തെന്നു കാണി​ക്കാ​നല്ല എന്ന സംഗതി​യും ഓർമി​ക്കേ​ണ്ട​തുണ്ട്‌. പകരം, ഏതെല്ലാം സംഗതി​ക​ളാണ്‌ ഉളവാ​യത്‌, ഏതു ക്രമത്തി​ലാണ്‌ അവ ഉളവാ​യത്‌, ഓരോ​ന്നും ആദ്യമാ​യി പ്രത്യ​ക്ഷ​പ്പെ​ടാ​നെ​ടുത്ത സമയ​ദൈർഘ്യം അഥവാ “ദിവസം” എന്നിങ്ങ​നെ​യുള്ള കാര്യങ്ങൾ വിവരി​ച്ചു​കൊണ്ട്‌ അതു പ്രധാന സംഭവങ്ങൾ പടിപ​ടി​യാ​യി ചർച്ച​ചെ​യ്യു​ന്നു.

2. (എ) ഉല്‌പ​ത്തി​യി​ലെ സംഭവങ്ങൾ ആരുടെ വീക്ഷണ​ത്തി​ലാണ്‌ വർണി​ച്ചി​രി​ക്കു​ന്നത്‌? (ബി) പ്രകാ​ശ​ഗോ​ള​ങ്ങളെ കുറി​ച്ചുള്ള വർണന ഇതു സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

2 ഉല്‌പത്തിവിവരണം പരി​ശോ​ധി​ക്കു​മ്പോൾ, അത്‌ ഭൂമി​യി​ലെ ആളുക​ളു​ടെ വീക്ഷണ​ത്തി​ലാ​ണു കാര്യ​ങ്ങളെ സമീപി​ക്കു​ന്നത്‌ എന്ന കാര്യം മനസ്സിൽ പിടി​ക്കു​ന്നതു സഹായ​ക​മാണ്‌. അതു​കൊണ്ട്‌ മനുഷ്യ​രായ നിരീ​ക്ഷകർ ഹാജരു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അവർ എങ്ങനെ കാണു​മാ​യി​രു​ന്നോ ആ വിധത്തി​ലാണ്‌ അതു സംഭവ​ങ്ങളെ വർണി​ക്കു​ന്നത്‌. അതു നാലാം ഉല്‌പത്തി “ദിവസ”ത്തിലെ സംഭവങ്ങൾ വർണി​ക്കുന്ന വിധത്തിൽനിന്ന്‌ ഇതു കാണാൻ കഴിയും. അവിടെ സൂര്യ​നെ​യും ചന്ദ്ര​നെ​യും, നക്ഷത്ര​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ വലിയ പ്രകാ​ശ​ഗോ​ള​ങ്ങ​ളാ​യി വർണി​ച്ചി​രി​ക്കു​ന്നു. എന്നാൽ പല നക്ഷത്ര​ങ്ങ​ളും നമ്മുടെ സൂര്യ​നെ​ക്കാൾ വളരെ​യേറെ വലുതാണ്‌, ചന്ദ്രൻ അവയോ​ടുള്ള താരത​മ്യ​ത്തിൽ ഒന്നുമ​ല്ല​താ​നും. എന്നാൽ ഭൂമി​യിൽനിന്ന്‌ അവയെ നിരീ​ക്ഷി​ക്കുന്ന ഒരാൾക്ക്‌ അവ അങ്ങനെയല്ല കാണ​പ്പെ​ടു​ന്നത്‌. അതു​കൊണ്ട്‌, ഭൂമി​യിൽനി​ന്നു നോക്കു​മ്പോൾ സൂര്യൻ ‘പകൽ വാഴുന്ന വലിപ്പ​മേ​റിയ വെളി​ച്ച​വും’ ചന്ദ്രൻ ‘രാത്രി വാഴുന്ന വലിപ്പം കുറഞ്ഞ വെളി​ച്ച​വും’ ആയി കാണ​പ്പെ​ടു​ന്നു.—ഉല്‌പത്തി 1:14-18.

3. ഒന്നാം “ദിവസ”ത്തിനു മുമ്പത്തെ ഭൂമി​യു​ടെ അവസ്ഥയെ കുറിച്ച്‌ ഉല്‌പത്തി പുസ്‌തകം വിവരി​ക്കു​ന്നത്‌ എങ്ങനെ?

3 ഒന്നാം ഉല്‌പത്തി “ദിവസ”ത്തിന്‌ എത്രനാൾ മുമ്പാണ്‌ ഭൂമി അസ്‌തി​ത്വ​ത്തിൽ വന്നതെന്ന്‌ ഉല്‌പ​ത്തി​യു​ടെ ആദ്യ ഭാഗം പറയു​ന്നി​ല്ലെ​ങ്കി​ലും അതിനു ശതകോ​ടി​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പാ​യി​രി​ക്കാം അതു നിലവിൽ വന്നതെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. എന്നാൽ ഒന്നാം “ദിവസം” ആരംഭി​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ഭൂമി​യു​ടെ അവസ്ഥ എന്തായി​രു​ന്നു​വെന്ന്‌ അതു തീർച്ച​യാ​യും വിവരി​ക്കു​ന്നു: “ഭൂമി പാഴാ​യും ശൂന്യ​മാ​യും ഇരുന്നു; ആഴത്തി​ന്മീ​തെ ഇരുൾ ഉണ്ടായി​രു​ന്നു. ദൈവ​ത്തി​ന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തി​ച്ചു​കൊ​ണ്ടി​രു​ന്നു.”—ഉല്‌പത്തി 1:2.

ഒരു ഉല്‌പത്തി “ദിവസ”ത്തിന്‌ എന്തു ദൈർഘ്യ​മുണ്ട്‌?

4. “ദിവസം” എന്ന പദം വെറും 24 മണിക്കൂർ സമയത്തെ അർഥമാ​ക്കു​ന്നി​ല്ലെ​ന്നു​ള്ള​തി​നു സൃഷ്ടി​വി​വ​ര​ണ​ത്തിൽത്തന്നെ എന്തു സൂചന​യാ​ണു​ള്ളത്‌?

4 ഉല്‌പത്തി 1-ാം അധ്യാ​യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “ദിവസം” (day) എന്ന പദം കേവലം 24 മണിക്കൂർ അടങ്ങുന്ന ഒന്നാ​ണെന്നു പലരും കരുതു​ന്നു. എന്നാൽ, വെളി​ച്ച​മുള്ള ഭാഗത്തെ മാത്രം “പകൽ” (day) എന്നു വിളി​ച്ചു​കൊണ്ട്‌ ഉല്‌പത്തി 1:5-ൽ ദൈവം​തന്നെ ദിവസത്തെ കുറേ​ക്കൂ​ടെ ചെറിയ സമയഘ​ട്ട​മാ​യി തിരി​ക്കു​ന്നതു കാണാം. ഉല്‌പത്തി 2:4-ൽ മൊത്തം സൃഷ്ടി​പ്പിൻ കാലഘ​ട്ട​ങ്ങളെ ഒരു ‘നാൾ’ [‘ദിവസം,’ (day) NW] എന്നു വിളി​ക്കു​ന്നു: “യഹോ​വ​യായ ദൈവം ഭൂമി​യും ആകാശ​വും സൃഷ്ടിച്ച നാളിൽ [“ദിവസ​ത്തിൽ,” (day) NW] [മൊത്തം ആറു സൃഷ്ടി​പ്പിൻ കാലഘ​ട്ടങ്ങൾ] ആകാശ​വും ഭൂമി​യും സൃഷ്ടി​ച്ച​തി​ന്റെ ഉല്‌പ​ത്തി​വി​വരം.”—ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.

5. “ദിവസം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദത്തിന്റെ ഏത്‌ അർഥമാണ്‌ വിശേ​ഷി​ച്ചും ആ പദം ദീർഘ​മായ കാലഘ​ട്ട​ങ്ങളെ അർഥമാ​ക്കു​ന്നു​വെന്ന്‌ സൂചി​പ്പി​ക്കു​ന്നത്‌?

5 “ദിവസം” അല്ലെങ്കിൽ “പകൽ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യോഹം എന്ന എബ്രായ പദത്തിന്‌ വ്യത്യസ്‌ത സമയ ദൈർഘ്യ​ങ്ങളെ അർഥമാ​ക്കാൻ കഴിയും. ഈ പദത്തിന്‌ പിൻവ​രുന്ന അർഥങ്ങൾ വരാ​മെന്ന്‌, വില്യം വിൽസന്റെ പഴയനി​യമ പദ പഠനങ്ങൾ (ഇംഗ്ലീഷ്‌) പറയുന്നു: “ദിവസം; സമയത്തെ പൊതു​വെ​യോ ദീർഘ​സ​മ​യ​ത്തെ​യോ കുറി​ക്കാ​നും പരിചി​ന്ത​ന​വി​ധേ​യ​മായ മൊത്തം കാലഘ​ട്ടത്തെ കുറി​ക്കാ​നും കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. . . . അസാധാ​ര​ണ​മായ ഏതെങ്കി​ലും സംഭവം നടക്കുന്ന ഒരു പ്രത്യേക കാല​ത്തെ​യോ സമയ​ത്തെ​യോ കുറി​ക്കാ​നും ദിവസം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.”1 സൃഷ്ടി​പ്പിൻ “ദിവസ”ങ്ങളുടെ കാര്യ​ത്തിൽ ഈ അവസാ​നത്തെ അർഥം ചേരു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. എന്തെന്നാൽ ഈ കാലഘ​ട്ട​ങ്ങ​ളിൽ തീർച്ച​യാ​യും അസാധാ​രണ സംഭവങ്ങൾ നടന്നതാ​യി വർണി​ക്ക​പ്പെ​ടു​ന്നു. അത്‌ 24 മണിക്കൂ​റി​നെ​ക്കാൾ വളരെ ദീർഘ​മായ കാലഘ​ട്ട​ങ്ങ​ളെ​യും അർഥമാ​ക്കു​ന്നു.

6. “സന്ധ്യ,” ‘ഉഷസ്സ്‌’ എന്നീ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട്‌ “ദിവസം” 24 മണിക്കൂ​റി​നെ അർഥമാ​ക്ക​ണ​മെന്ന്‌ നിർബ​ന്ധ​മി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

6 ഉല്‌പത്തി 1-ാം അധ്യായം സൃഷ്ടി​പ്പിൻ കാലഘ​ട്ട​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ “സന്ധ്യ,” ‘ഉഷസ്സ്‌’ എന്നീ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്നു. അവ 24 മണിക്കൂർ ദൈർഘ്യ​മു​ള്ളവ ആയിരു​ന്നു​വെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നി​ല്ലേ? നിർബ​ന്ധ​മില്ല. ചില സ്ഥലങ്ങളിൽ ആളുകൾ ഒരാളു​ടെ ആയുഷ്‌കാ​ലത്തെ മിക്ക​പ്പോ​ഴും അദ്ദേഹ​ത്തി​ന്റെ “നാൾ” എന്നു പരാമർശി​ക്കാ​റുണ്ട്‌. “എന്റെ പിതാ​വി​ന്റെ നാൾ” എന്നോ “ഷേക്‌സ്‌പി​യ​റി​ന്റെ നാൾ” എന്നോ ഒക്കെ അവർ പറഞ്ഞേ​ക്കാം. “അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തി​ന്റെ ഉഷസ്സിൽ [അല്ലെങ്കിൽ പ്രഭാ​ത​ത്തിൽ]” എന്നോ “അദ്ദേഹ​ത്തി​ന്റെ ജീവിത സായാ​ഹ്ന​ത്തിൽ [അല്ലെങ്കിൽ പ്രദോ​ഷ​ത്തിൽ]” എന്നോ പറഞ്ഞു​കൊണ്ട്‌ അവർ ആയുഷ്‌കാ​ല​മാ​കുന്ന ആ ‘നാളി’നെ തന്നെ വിഭജി​ച്ചേ​ക്കാം. അതു​കൊണ്ട്‌ ഉല്‌പത്തി 1-ാം അധ്യാ​യ​ത്തി​ലെ ‘സന്ധ്യയും ഉഷസ്സും,’ സൃഷ്ടി​പ്പിൻ ദിവസ​ങ്ങ​ളിൽ ഓരോ​ന്നി​നും കേവലം 24 മണിക്കൂർ ദൈർഘ്യ​മേ ഉള്ളൂ എന്നു സൂചി​പ്പി​ക്കു​ന്നില്ല.

7. “ദിവസം” 24 മണിക്കൂ​റി​ലേറെ സമയത്തെ അർഥമാ​ക്കി​യേ​ക്കാം എന്ന്‌ അതിന്റെ മറ്റ്‌ ഏത്‌ ഉപയോ​ഗങ്ങൾ കാണി​ക്കു​ന്നു?

7 ബൈബിളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ‘നാൾ’ (day) എന്ന പദം ഉഷ്‌ണ​കാ​ല​ത്തെ​യും ശീതകാ​ല​ത്തെ​യും, അതായത്‌ ഋതുഭേദത്തെ അർഥമാ​ക്കു​ന്നു. (സെഖര്യാ​വു 14:8) ‘കൊയ്‌ത്തു​കാ​ലം’ [“കൊയ്‌ത്തു​നാൾ,” NW] അനേകം ദിവസങ്ങൾ ഉൾപ്പെ​ടു​ന്ന​താണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 25:13-ഉം ഉല്‌പത്തി 30:14-ഉം താരത​മ്യം ചെയ്യുക.) ആയിരം വർഷം ഒരു ദിവസം പോ​ലെ​യാ​ണെന്നു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (സങ്കീർത്തനം 90:4; 2 പത്രൊസ്‌ 3:8, 10) “ന്യായ​വി​ധി​ദി​വസ”ത്തിൽ അനേകം വർഷങ്ങൾ ഉൾപ്പെ​ടു​ന്നു. (മത്തായി 10:15; 11:22-24) അതു​കൊണ്ട്‌, ഉല്‌പ​ത്തി​യി​ലെ “ദിവസ”ങ്ങളിലും ദീർഘ​മായ കാലഘ​ട്ടങ്ങൾ, അതായത്‌ സഹസ്രാ​ബ്ദങ്ങൾ, ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാ​മെന്നു വിശ്വ​സി​ക്കു​ന്നത്‌ യുക്തി​സ​ഹ​മാ​യി തോന്നു​ന്നു. അങ്ങനെ​യെ​ങ്കിൽ ആ സൃഷ്ടി​പ്പിൻ യുഗങ്ങ​ളിൽ എന്താണു സംഭവി​ച്ചത്‌? അവയെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വിവരണം ശാസ്‌ത്രീയ വസ്‌തു​ത​ക​ളു​മാ​യി യോജി​പ്പി​ലാ​ണോ? സൃഷ്ടി​പ്പിൻ “ദിവസ”ങ്ങളിലെ സംഭവ​വി​കാ​സ​ങ്ങളെ കുറി​ച്ചുള്ള ഉല്‌പ​ത്തി​യി​ലെ വിവരണം നമുക്ക്‌ ഒന്നു പുനര​വ​ലോ​കനം ചെയ്യാം.

ഒന്നാം “ദിവസം”

8, 9. ഒന്നാം “ദിവസം” എന്തു സംഭവി​ച്ചു, സൂര്യ​നും ചന്ദ്രനും ആ സമയത്തു സൃഷ്ടി​ക്ക​പ്പെ​ട്ടു​വെന്ന്‌ ഉല്‌പത്തി പറയു​ന്നു​ണ്ടോ?

8 “വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്‌പി​ച്ചു; വെളിച്ചം ഉണ്ടായി. ദൈവം വെളി​ച്ച​ത്തി​ന്നു പകൽ എന്നും ഇരുളി​ന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയാ​യി ഉഷസ്സു​മാ​യി, ഒന്നാം ദിവസം.”—ഉല്‌പത്തി 1:3, 5.

9 തീർച്ചയായും, ഈ ഒന്നാം “ദിവസ”ത്തിനു ദീർഘ​നാൾ മുമ്പു​തന്നെ സൂര്യ​ച​ന്ദ്ര​ന്മാർ ബാഹ്യാ​കാ​ശ​ത്തിൽ ഉണ്ടായി​രു​ന്നു, എന്നാൽ ഭൂമി​യി​ലെ ഒരു നിരീ​ക്ഷ​കനു കാണാൻ കഴിയ​ത്ത​ക്ക​വണ്ണം അവയുടെ വെളിച്ചം ഭൗമോ​പ​രി​ത​ല​ത്തിൽ എത്തിയി​ട്ടി​ല്ലാ​യി​രു​ന്നു. സ്‌പഷ്ട​മാ​യും ഇപ്പോൾ ഈ ഒന്നാം “ദിവസം” വെളിച്ചം ഭൂമി​യിൽ ദൃശ്യ​മാ​യി​ത്തീ​രു​ക​യും ഭ്രമണം​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കുന്ന ഭൂമിക്കു ദിനരാ​ത്രങ്ങൾ മാറി​മാ​റി​വ​രു​ക​യും ചെയ്‌തു.

10. ഈ വെളിച്ചം ഏതു വിധത്തിൽ വന്നിരി​ക്കാം, ഏതു തരത്തി​ലുള്ള വെളി​ച്ച​ത്തെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌?

10 വെളിച്ചത്തിന്റെ വരവ്‌ ദീർഘ സമയഘ​ട്ടം​കൊ​ണ്ടു സംഭവിച്ച, ക്രമാ​നു​ഗ​ത​മായ ഒരു പ്രക്രിയ ആയിരു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു, ഒരു വൈദ്യു​ത ബൾബ്‌ ഓൺ ചെയ്യു​മ്പോ​ഴ​ത്തെ​പ്പോ​ലെ തത്‌ക്ഷണം സംഭവിച്ച ഒന്നായി​രു​ന്നില്ല. വിവർത്ത​ക​നായ ജെ. ഡബ്ലിയു. വാട്‌സ്‌ ഉല്‌പ​ത്തി​യി​ലെ പ്രസ്‌തുത ഭാഗം പിൻവ​രു​ന്ന​പ്ര​കാ​രം പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾ ഈ ആശയം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു: “ക്രമേണ വെളിച്ചം ഉണ്ടായി.” (ഉല്‌പ​ത്തി​യു​ടെ ഒരു വ്യതി​രിക്ത പരിഭാഷ, ഇംഗ്ലീഷ്‌) സൂര്യ​നിൽനി​ന്നു​ള്ള​താ​യി​രു​ന്നു ഈ വെളിച്ചം, എന്നാൽ സൂര്യനെ മേഘാ​വ​ര​ണ​ത്തി​ലൂ​ടെ കാണാൻ കഴിയു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌, റോതർഹാ​മി​ന്റെ എംഫ​സൈ​സ്‌ഡ്‌ ബൈബിൾ, 3-ാം വാക്യ​ത്തെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നതു പോലെ ഭൂമി​യിൽ എത്തിയി​രുന്ന വെളിച്ചം “വികീർണനം സംഭവിച്ച വെളിച്ച”മായി​രു​ന്നു.—14-ാം വാക്യ​ത്തി​ന്റെ ബി അടിക്കു​റി​പ്പു കാണുക.

രണ്ടാം “ദിവസം”

11, 12. (എ) രണ്ടാം “ദിവസ”ത്തിൽ എന്തു സംഭവി​ച്ച​താ​യി വർണി​ക്ക​പ്പെ​ടു​ന്നു? (ബി) ഈ സംഭവ​വി​കാ​സത്തെ കുറി​ക്കുന്ന എബ്രായ പദം ചില​പ്പോൾ ഏതു വിധത്തിൽ തെറ്റായി പരിഭാ​ഷ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു, എന്നാൽ അതിന്റെ ശരിയായ അർഥം എന്താണ്‌?

11 “വെള്ളങ്ങ​ളു​ടെ മദ്ധ്യേ ഒരു വിതാനം [“വിരിവ്‌,” NW] ഉണ്ടാകട്ടെ; അതു വെള്ളത്തി​ന്നും വെള്ളത്തി​ന്നും തമ്മിൽ വേർപി​രി​വാ​യി​രി​ക്കട്ടെ . . . വിതാനം [“വിരിവ്‌,” NW] ഉണ്ടാക്കീ​ട്ടു ദൈവം വിതാ​ന​ത്തിൻ [“വിരി​വിൻ,” NW] കീഴുള്ള വെള്ളവും വിതാ​ന​ത്തിൻ [“വിരി​വിൻ,” NW] മീതെ​യുള്ള വെള്ളവും തമ്മിൽ വേർപി​രി​ച്ചു; അങ്ങനെ സംഭവി​ച്ചു. ദൈവം വിതാ​ന​ത്തി​ന്നു [“വിരി​വി​നു,” NW] ആകാശം എന്നു പേരിട്ടു.”—ഉല്‌പത്തി 1:6-8.

12 ചില വിവർത്ത​നങ്ങൾ ‘വിരി​വി​നു’ പകരം “കമാനം” (ഫേർമ​മെന്റ്‌) എന്ന പദം ഉപയോ​ഗി​ക്കു​ന്നു. ഈ ഉപയോ​ഗ​ത്തിൽനിന്ന്‌, “കമാന”ത്തെ ലോഹം​കൊ​ണ്ടുള്ള ഒരു താഴി​ക​ക്കു​ട​മാ​യി ചിത്രീ​ക​രി​ക്കുന്ന സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള കെട്ടു​ക​ഥ​ക​ളിൽനിന്ന്‌ ഉല്‌പ​ത്തി​വി​വ​രണം കടമെ​ടു​ത്ത​താണ്‌ എന്ന വാദം ഉടലെ​ടു​ത്തി​ട്ടുണ്ട്‌. എന്നാൽ “ഫേർമ​മെന്റ്‌” എന്ന്‌ ഉപയോ​ഗി​ക്കുന്ന ജയിംസ്‌ രാജാ​വി​ന്റെ ബൈബിൾ പരിഭാ​ഷ​യിൽപോ​ലും മാർജി​നിൽ “വിരിവ്‌” (expansion) എന്നു കൊടു​ക്കു​ന്നുണ്ട്‌. “വിരിവ്‌” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന റേക്വിയ എന്ന എബ്രായ പദത്തിന്റെ അർഥം നിവർത്തുക, വിരി​ക്കുക അല്ലെങ്കിൽ വിസ്‌തൃ​ത​മാ​ക്കുക എന്നാ​ണെ​ന്നു​ള്ള​താണ്‌ ഇതിനു കാരണം.

13. വിരിവ്‌ എങ്ങനെ കാണ​പ്പെ​ട്ടി​രു​ന്നി​രി​ക്കാം?

13 വെള്ളത്തെയും വെള്ള​ത്തെ​യും തമ്മിൽ വേർപി​രി​ച്ചത്‌ ദൈവ​മാണ്‌ എന്ന്‌ ഉല്‌പ​ത്തി​വി​വ​രണം പറയുന്നു, എന്നാൽ എങ്ങനെ​യാ​ണെന്ന്‌ അതു പറയു​ന്നില്ല. വേർപി​രി​ക്കൽ എങ്ങനെ സംഭവി​ച്ചാ​ലും ‘മീതെ​യുള്ള വെള്ളം’ ഭൂമി​യിൽനിന്ന്‌ ഉയർത്ത​പ്പെ​ട്ട​തു​പോ​ലെ കാണ​പ്പെ​ടു​മാ​യി​രു​ന്നു. ഉല്‌പത്തി 1:20-ൽ (NW) പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന പ്രകാരം, പക്ഷികൾ ‘ആകാശ​വി​രി​വിൽ’ പറക്കു​ന്ന​താ​യി പിന്നീടു പറയാൻ കഴിയു​മാ​യി​രു​ന്നു.

മൂന്നാം “ദിവസം”

14. മൂന്നാം “ദിവസ”ത്തെ സംഭവ​വി​കാ​സ​ങ്ങളെ കുറിച്ച്‌ ഉല്‌പത്തി പുസ്‌തകം വർണി​ക്കു​ന്നത്‌ എങ്ങനെ?

14 “ആകാശ​ത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ . . .; അങ്ങനെ സംഭവി​ച്ചു. ഉണങ്ങിയ നിലത്തി​ന്നു ദൈവം ഭൂമി എന്നും വെള്ളത്തി​ന്റെ കൂട്ടത്തി​ന്നു സമുദ്രം എന്നും പേരിട്ടു.” (ഉല്‌പത്തി 1:9, 10) മുമ്പ​ത്തെ​പ്പോ​ലെ തന്നെ, ഇത്‌ എങ്ങനെ​യാ​ണു സംഭവി​ച്ച​തെന്നു വിവരണം വർണി​ക്കു​ന്നില്ല. കരപ്ര​ദേ​ശങ്ങൾ രൂപീ​കൃ​ത​മാ​യ​പ്പോൾ ഉഗ്രമായ ഭൗമിക ചലനങ്ങൾ സംഭവി​ച്ചി​രി​ക്കു​മെ​ന്ന​തി​നു സംശയ​മില്ല. ഈ ഉഗ്രമാ​റ്റങ്ങൾ യാദൃ​ച്ഛി​ക​മാ​യി സംഭവി​ച്ച​വ​യാ​ണെന്നു ഭൂവി​ജ്ഞാ​നി​കൾ വാദി​ക്കു​ന്നു. എന്നാൽ ഉല്‌പത്തി ഒരു സ്രഷ്ടാ​വി​ന്റെ മാർഗ​നിർദേ​ശ​ത്തെ​യും നിയ​ന്ത്ര​ണ​ത്തെ​യും കുറിച്ചു സൂചി​പ്പി​ക്കു​ന്നു.

15, 16. (എ) ഭൂമിയെ സംബന്ധിച്ച എന്ത്‌ ആശയങ്ങ​ളാണ്‌ ഇയ്യോ​ബി​നോ​ടു ചോദി​ച്ചത്‌? (ബി) ഭൂഖണ്ഡ​ങ്ങ​ളു​ടെ​യും പർവത​ങ്ങ​ളു​ടെ​യും വേരുകൾ എത്ര​ത്തോ​ളം ആഴത്തി​ലെ​ത്തു​ന്നു, ഭൂമി​യു​ടെ ‘മൂലക്കല്ല്‌’ ആയി പരാമർശി​ച്ചി​രി​ക്കു​ന്നത്‌ എന്തി​നെ​യാണ്‌?

15 ഭൂമിയെ സംബന്ധിച്ച്‌ ദൈവം ഇയ്യോ​ബി​നോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​താ​യി കാണുന്ന ബൈബിൾ ഭാഗത്ത്‌ ഭൂമി​യു​ടെ ചരി​ത്ര​വു​മാ​യി ബന്ധപ്പെട്ട വിവിധ വികാ​സ​ങ്ങളെ കുറിച്ചു വിവരി​ക്കു​ന്നുണ്ട്‌: ഭൂമി​യു​ടെ അളവുകൾ, മേഘക്കൂ​ട്ടങ്ങൾ, സമു​ദ്രങ്ങൾ, ഉണങ്ങിയ നിലം അവയിലെ തിരമാ​ല​കൾക്ക്‌ അതിരു കൽപ്പിച്ച വിധം എന്നിങ്ങനെ ദീർഘ കാലഘ​ട്ടങ്ങൾ കൊണ്ടു സംഭവിച്ച, സൃഷ്ടി സംബന്ധ​മായ അനേകം പൊതു കാര്യങ്ങൾ. ഇക്കൂട്ട​ത്തിൽ ഭൂമിയെ ഒരു കെട്ടി​ട​ത്തോട്‌ ഉപമി​ച്ചു​കൊണ്ട്‌ ദൈവം ഇയ്യോ​ബി​നോട്‌ ഇങ്ങനെ ചോദി​ച്ച​താ​യി ബൈബിൾ പറയുന്നു: “അതിന്റെ പൊഴി​യുള്ള ആധാരങ്ങൾ [“socket pedestals”] ഏതിന്മേൽ ഉറപ്പി​ച്ചി​രി​ക്കു​ന്നു? അല്ല, അതിന്റെ മൂലക്ക​ല്ലി​ട്ടവൻ ആരാണ്‌?”—ഇയ്യോബ്‌ 38:6, NW.

16 രസാവഹമെന്നു പറയട്ടെ, ഭൂഖണ്ഡ​ങ്ങ​ളു​ടെ കീഴിൽ വളരെ കനമു​ള്ള​തും പർവത​നി​ര​ക​ളു​ടെ കീഴിൽ അതി​ലേറെ കനമു​ള്ള​തു​മായ ഭൂവൽക്കം “പൊഴി”യിലേ​ക്കെ​ന്ന​തു​പോ​ലെ കീഴ്‌ഭാ​ഗ​ത്തുള്ള മാന്റി​ലി​ലേക്ക്‌ ആഴത്തിൽ ഇറങ്ങി​ച്ചെ​ല്ലു​ന്നു, ഇത്‌ വൃക്ഷ​വേ​രു​കൾ മണ്ണി​ലേക്ക്‌ ആഴ്‌ന്നി​റ​ങ്ങു​ന്ന​തു​പോ​ലെ​യാണ്‌. “പർവത​ങ്ങൾക്കും ഭൂഖണ്ഡ​ങ്ങൾക്കും വേരുകൾ ഉണ്ടെന്നുള്ള ആശയം വീണ്ടും വീണ്ടും പരി​ശോ​ധി​ക്ക​പ്പെ​ടു​ക​യും ശരിയാ​ണെന്നു കണ്ടെത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ പുട്‌നാംസ്‌ ജിയോ​ളജി പറയുന്നു.2 സമു​ദ്ര​വൽക്ക​ത്തിന്‌ ഏതാണ്ട്‌ 8 കിലോ​മീ​റ്റർ കനമേ​യു​ള്ളൂ. എന്നാൽ ഭൂഖണ്ഡ​വേ​രു​കൾ ഏതാണ്ട്‌ 32 കിലോ​മീ​റ്റർ ആഴത്തി​ലെ​ത്തു​ന്നു, പർവത​വേ​രു​കൾ അതിന്റെ ഇരട്ടി​ദൂ​ര​ത്തോ​ളം ഇറങ്ങി​ച്ചെ​ല്ലു​ന്നു. ഭൂമി​യു​ടെ എല്ലാ പാളി​ക​ളും സകല ദിശക​ളിൽനി​ന്നും ഭൂമി​യു​ടെ കാമ്പിൻമേൽ അകത്തേക്കു സമ്മർദം ചെലു​ത്തു​ന്നു. അങ്ങനെ അതിനെ താങ്ങായി വർത്തി​ക്കുന്ന ഒരു വലിയ ‘മൂലക്കല്ലു’പോലെ ആക്കിത്തീർക്കു​ന്നു.

17. ഉണങ്ങിയ നിലം രൂപം​കൊ​ണ്ട​തി​നോ​ടുള്ള ബന്ധത്തിൽ പ്രധാ​ന​പ്പെട്ട സംഗതി എന്താണ്‌?

17 ഉണങ്ങിയ നിലം ഉയർത്ത​പ്പെ​ട്ടത്‌ ഏതു രീതി​യിൽ ആയാലും അതിനെ ഭൂമി​യു​ടെ രൂപം​കൊ​ള്ള​ലി​ലെ ഒരു ഘട്ടമായി ബൈബി​ളും ശാസ്‌ത്ര​വും അംഗീ​ക​രി​ക്കു​ന്നു എന്നതാണു പ്രധാ​ന​പ്പെട്ട സംഗതി.

മൂന്നാം “ദിവസം” ഭൂസസ്യ​ങ്ങൾ

18, 19. (എ) ഉണങ്ങിയ നിലം കൂടാതെ മറ്റെന്തും കൂടെ മൂന്നാം “ദിവസം” ഉളവായി? (ബി) ഉല്‌പ​ത്തി​വി​വ​രണം പറയാ​ത്തത്‌ എന്തി​നെ​ക്കു​റി​ച്ചാണ്‌?

18 ബൈബിൾ വിവരണം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “‘ഭൂമി പുല്ലും വിത്തുള്ള സസ്യങ്ങ​ളും ഉള്ളിൽ വിത്തുള്ള ഫലം കായ്‌ക്കുന്ന ഫലവൃ​ക്ഷ​ങ്ങ​ളും അതതു വർഗമ​നു​സ​രി​ച്ചു നിലത്തു മുളപ്പി​ക്കട്ടെ.’ അങ്ങനെ സംഭവി​ച്ചു.”—ഉല്‌പത്തി 1:11, NW.

19 അങ്ങനെ ഈ മൂന്നാം സൃഷ്ടി​പ്പിൻ കാലഘ​ട്ട​ത്തി​ന്റെ ഒടുവിൽ ഭൂസസ്യ​ങ്ങ​ളു​ടെ വലിയ മൂന്നു വിഭാ​ഗങ്ങൾ സൃഷ്ടി​ക്ക​പ്പെട്ടു. വികീർണ വെളിച്ചം അപ്പോ​ഴേ​ക്കും വളരെ ശക്തി​പ്പെ​ട്ടി​രു​ന്നി​രി​ക്കും. അങ്ങനെ ഹരിത സസ്യങ്ങ​ളു​ടെ നിലനിൽപ്പി​നു വളരെ മർമ​പ്ര​ധാ​ന​മായ പ്രകാ​ശ​സം​ശ്ലേഷണ പ്രക്രി​യ​യ്‌ക്കു മതിയായ അളവിൽ പ്രകാശം ലഭ്യമാ​യി​രു​ന്നി​രി​ക്കും. രംഗത്തു​വന്ന ഓരോ ‘വർഗം’ സസ്യത്തെ കുറി​ച്ചും വിവരണം പറയു​ന്നില്ല. അതിസൂക്ഷ്‌മ സസ്യങ്ങൾ, ജലസസ്യ​ങ്ങൾ തുടങ്ങി​യ​വയെ പ്രത്യേ​കം പേരെ​ടു​ത്തു പറയു​ന്നി​ല്ലെ​ങ്കി​ലും അവ സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ “ദിവസം” തന്നെയാ​ണു സൃഷ്ടി​ക്ക​പ്പെ​ട്ടത്‌.

നാലാം “ദിവസം”

20. വിരി​വിൽ പ്രകാ​ശ​ഗോ​ളങ്ങൾ പ്രത്യ​ക്ഷ​മാ​യ​തോ​ടെ സമയത്തി​ലെ ഏതു വിഭജ​നങ്ങൾ സാധ്യ​മാ​യി​ത്തീർന്നു?

20 “പകലും രാവും തമ്മിൽ വേർപി​രി​വാൻ ആകാശ​വി​താ​ന​ത്തിൽ [“ആകാശ​വി​രി​വിൽ,” NW] വെളി​ച്ചങ്ങൾ [“പ്രകാ​ശ​ഗോ​ളങ്ങൾ,” NW] ഉണ്ടാകട്ടെ; അവ അടയാ​ള​ങ്ങ​ളാ​യും കാലം [“ഋതു,” NW], ദിവസം, സംവത്സരം എന്നിവ തിരി​ച്ച​റി​വാ​നാ​യും ഉതകട്ടെ; ഭൂമിയെ പ്രകാ​ശി​പ്പി​പ്പാൻ ആകാശ​വി​താ​ന​ത്തിൽ [“ആകാശ​വി​രി​വിൽ,” NW] അവ വെളി​ച്ച​ങ്ങ​ളാ​യി​രി​ക്കട്ടെ [“പ്രകാ​ശ​ഗോ​ള​ങ്ങ​ളാ​യി​രി​ക്കട്ടെ,” NW] . . . ; അങ്ങനെ സംഭവി​ച്ചു. പകൽ വാഴേ​ണ്ട​തി​ന്നു വലിപ്പ​മേ​റിയ വെളി​ച്ച​വും [“പ്രകാ​ശ​ഗോ​ള​വും,” NW] രാത്രി വാഴേ​ണ്ട​തി​ന്നു വലിപ്പം കുറഞ്ഞ വെളി​ച്ച​വും [“പ്രകാ​ശ​ഗോ​ള​വും,” NW] ആയി രണ്ടു വലിയ വെളി​ച്ച​ങ്ങളെ [“പ്രകാ​ശ​ഗോ​ള​ങ്ങളെ,” NW] ദൈവം ഉണ്ടാക്കി, നക്ഷത്ര​ങ്ങ​ളെ​യും ഉണ്ടാക്കി.”—ഉല്‌പത്തി 1:14-16; സങ്കീർത്തനം 136:7-9.

21. നാലാം “ദിവസ”ത്തെ വെളിച്ചം ഒന്നാം ദിവസ​ത്തേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

21 നേരത്തേ, ഒന്നാം “ദിവസം” “വെളിച്ചം ഉണ്ടാകട്ടെ” എന്നാണ്‌ ദൈവം കൽപ്പി​ക്കു​ന്നത്‌. അവിടെ “വെളിച്ചം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദം ’ഓഹ്‌ർ ആണ്‌. അതു വെളി​ച്ചത്തെ പൊതു​വാ​യി അർഥമാ​ക്കു​ന്നു. എന്നാൽ നാലാം “ദിവസ”ത്തിലെ സംഭവ​വി​കാ​സത്തെ പരാമർശി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ പദം മാ’ഓഹ്‌ർ ആണ്‌. അതിന്റെ അർഥം വെളി​ച്ച​ത്തി​ന്റെ ഉറവ്‌ എന്നാണ്‌. എംഫ​സൈ​സ്‌ഡ്‌ ബൈബി​ളിൽ ‘പ്രകാ​ശ​ഗോ​ള​ങ്ങളെ’ക്കുറി​ച്ചുള്ള ഒരു അടിക്കു​റി​പ്പിൽ റോതർഹാം പറയുന്നു: “3-ാം വാക്യ​ത്തിൽ, ’ഓർ [’ഓഹ്‌ർ], വികീർണ വെളിച്ചം.” 14-ാം വാക്യ​ത്തി​ലെ മാ’ഓഹ്‌ർ എന്ന എബ്രായ പദം “വെളിച്ചം പ്രദാ​നം​ചെ​യ്യുന്ന” ഒന്നിനെ അർഥമാ​ക്കു​ന്നു​വെന്ന്‌ അദ്ദേഹം തുടർന്നു പ്രകട​മാ​ക്കു​ന്നു. ഒന്നാം “ദിവസം” വികീർണ വെളിച്ചം ചുറ്റാ​ടകൾ തുളച്ചു​ക​ട​ന്നു​വെ​ന്നു​ള്ളതു വ്യക്തമാണ്‌. എന്നാൽ മേഘപാ​ളി​കൾ അപ്പോ​ഴും ഭൂമിയെ ആവരണം ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ ഒരു ഭൗമിക നിരീ​ക്ഷ​കന്‌ ആ വെളി​ച്ച​ത്തി​ന്റെ ഉറവുകൾ കാണാൻ കഴിയു​മാ​യി​രു​ന്നില്ല. എന്നാൽ, നാലാം “ദിവസം” സംഗതി​കൾക്കു മാറ്റം​വ​ന്ന​താ​യി കാണുന്നു.

22. നാലാം “ദിവസ”ത്തെ ഏതു സംഭവ​വി​കാ​സ​ത്തിന്‌ ജന്തുജാ​ല​ങ്ങ​ളു​ടെ ആഗമന​ത്തി​നു സഹായ​ക​മാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു?

22 അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌​സൈ​ഡി​ന്റെ അളവ്‌ ആരംഭ​ത്തിൽ വളരെ കൂടുതൽ ആയിരു​ന്ന​തി​നാൽ ഭൂമി​യി​ലെ​ങ്ങും നല്ല ചൂടാ​യി​രു​ന്നി​രി​ക്കണം. എന്നാൽ മൂന്നും നാലും സൃഷ്ടി​പ്പിൻ കാലഘ​ട്ട​ങ്ങ​ളിൽ സസ്യങ്ങൾ തഴച്ചു​വ​ള​രവേ, അവ കാർബൺ ഡൈ ഓക്‌​സൈഡ്‌ എന്ന താപ​ഗ്രാ​ഹി​യായ പുതപ്പി​ന്റെ കുറേ ഭാഗം ആഗിരണം ചെയ്‌തു. കൂടാതെ, സസ്യങ്ങൾ ജന്തുജാ​ല​ങ്ങൾക്ക്‌ അനിവാ​ര്യ​മായ ഓക്‌സി​ജൻ പുറത്തു​വി​ടു​ക​യും ചെയ്‌തു.

23. ഈ കാലയ​ള​വിൽ ഏതു വലിയ മാറ്റങ്ങൾ സംഭവി​ച്ച​താ​യി വർണി​ക്ക​പ്പെ​ടു​ന്നു?

23 ഇപ്പോൾ, ഒരു ഭൗമിക നിരീ​ക്ഷകൻ ഉണ്ടായി​രു​ന്നെ​ങ്കിൽ അയാൾക്ക്‌ “അടയാ​ള​ങ്ങ​ളാ​യും കാലം [“ഋതു,” NW], ദിവസം, സംവത്സരം എന്നിവ തിരി​ച്ച​റി​വാ​നാ​യും ഉത”കുന്ന സൂര്യ​ച​ന്ദ്ര​ന​ക്ഷ​ത്രാ​ദി​കളെ വ്യക്തമാ​യി കാണാൻ കഴിയു​മാ​യി​രു​ന്നു. (ഉല്‌പത്തി 1:14) ചാന്ദ്ര​മാ​സങ്ങൾ കണക്കു​കൂ​ട്ടു​ന്ന​തി​നു ചന്ദ്രനും സൗരവർഷങ്ങൾ കണക്കു​കൂ​ട്ടു​ന്ന​തി​നു സൂര്യ​നും ഉപയോ​ഗ​പ്പെ​ടു​മാ​യി​രു​ന്നു. ഇപ്പോൾ ഈ നാലാം “ദിവസം” “സംഭവിച്ച” ഋതുക്കൾ തീർച്ച​യാ​യും ഇന്നത്തെ​ക്കാൾ ഒക്കെ കാഠി​ന്യം കുറഞ്ഞവ ആയിരു​ന്നു.—ഉല്‌പത്തി 1:15; 8:20-22.

അഞ്ചാം “ദിവസം”

24. അഞ്ചാം “ദിവസം” ഏതു വർഗം ജീവികൾ ഉളവാ​യ​താ​യി പറയ​പ്പെ​ടു​ന്നു, അവ ഏതു വർഗം ജീവി​കളെ മാത്രമേ ഉത്‌പാ​ദി​പ്പി​ക്കു​മാ​യി​രു​ന്നു​ള്ളൂ?

24 “വെള്ളത്തിൽ ജലജന്തു​ക്കൾ കൂട്ടമാ​യി ജനിക്കട്ടെ; ഭൂമി​യു​ടെ മീതെ ആകാശ​വി​താ​ന​ത്തിൽ [“ആകാശ​വി​രി​വിൽ,” NW] പറവജാ​തി പറക്കട്ടെ എന്നു ദൈവം കല്‌പി​ച്ചു. ദൈവം വലിയ തിമിം​ഗ​ല​ങ്ങ​ളെ​യും വെള്ളത്തിൽ കൂട്ടമാ​യി ജനിച്ചു ചരിക്കുന്ന അതതു​തരം [‘അതതു വർഗം,’ NW] ജീവജ​ന്തു​ക്ക​ളെ​യും അതതു തരം [‘വർഗം,’ NW] പറവജാ​തി​യെ​യും സൃഷ്ടിച്ചു.”—ഉല്‌പത്തി 1:20, 21.

25. “ജീവജന്തു” എന്ന പദം ഏതെല്ലാം ജീവി​കളെ അർഥമാ​ക്കു​മാ​യി​രു​ന്നു?

25 “ജീവജന്തു” എന്ന പദം ‘ഭൂമി​യു​ടെ മീതെ ആകാശ​വി​രി​വിൽ പറക്കുന്ന പറവകൾക്കും’ ബാധക​മാ​കു​ന്നു. കൂടാതെ, വായു​വി​ലെ ജീവരൂ​പ​ങ്ങ​ളും ഭീമാ​കാ​ര​മായ കടൽജ​ന്തു​ക്കൾ ഉൾപ്പെ​ടെ​യുള്ള സമുദ്ര ജീവി​ക​ളും അതിൽ പെടും. ശാസ്‌ത്ര​ജ്ഞ​ന്മാർ അടുത്ത​കാ​ലത്ത്‌ ഇവയുടെ ഫോസിൽ അവശി​ഷ്ടങ്ങൾ കണ്ടെത്തി​യി​ട്ടുണ്ട്‌.

ആറാം “ദിവസം”

26-28. ആറാം “ദിവസം” എന്തു സംഭവി​ച്ചു, അവസാ​നത്തെ സൃഷ്ടി​ക്രിയ ശ്രദ്ധേ​യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

26 “അതതു​തരം [“അതതു വർഗം,” NW] കന്നുകാ​ലി [“വളർത്തു​മൃ​ഗം,” NW], ഇഴജാതി, കാട്ടു​മൃ​ഗം ഇങ്ങനെ അതതു തരം [“വർഗം,” NW] ജീവജ​ന്തു​ക്കൾ ഭൂമി​യിൽനി​ന്നു ഉളവാ​കട്ടെ എന്നു ദൈവം കല്‌പി​ച്ചു; അങ്ങനെ സംഭവി​ച്ചു.”—ഉല്‌പത്തി 1:24.

27 അങ്ങനെ ആറാം “ദിവസം” കരയിൽ വസിക്കുന്ന ജീവി​ക​ളായ കാട്ടു​മൃ​ഗ​ങ്ങ​ളും വളർത്തു​മൃ​ഗ​ങ്ങ​ളും പ്രത്യ​ക്ഷ​പ്പെട്ടു. എന്നാൽ ഈ അവസാന “ദിവസം” സമാപി​ച്ചി​രു​ന്നില്ല. അവസാ​ന​മാ​യി ഒരു വിശിഷ്ട ‘വർഗം’ ഉണ്ടാ​കേ​ണ്ടി​യി​രു​ന്നു:

28 “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂ​പ​ത്തിൽ നമ്മുടെ സാദൃ​ശ്യ​പ്ര​കാ​രം മനുഷ്യ​നെ ഉണ്ടാക്കുക; അവർ സമു​ദ്ര​ത്തി​ലുള്ള മത്സ്യത്തി​ന്മേ​ലും ആകാശ​ത്തി​ലുള്ള പറവജാ​തി​യി​ന്മേ​ലും മൃഗങ്ങ​ളി​ന്മേ​ലും സർവ്വഭൂ​മി​യി​ന്മേ​ലും ഭൂമി​യിൽ ഇഴയുന്ന എല്ലാ ഇഴജാ​തി​യി​ന്മേ​ലും വാഴട്ടെ എന്നു കല്‌പി​ച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂ​പ​ത്തിൽ മനുഷ്യ​നെ സൃഷ്ടിച്ചു, ദൈവ​ത്തി​ന്റെ സ്വരൂ​പ​ത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണു​മാ​യി അവരെ സൃഷ്ടിച്ചു.”—ഉല്‌പത്തി 1:26, 27.

29, 30. ഉല്‌പത്തി 2-ാം അധ്യാ​യ​വും 1-ാം അധ്യാ​യ​വും തമ്മിലുള്ള അന്തരം എങ്ങനെ മനസ്സി​ലാ​ക്കാം?

29 ഉല്‌പത്തി 2-ാം അധ്യായം ആദ്യത്തെ അധ്യാ​യ​ത്തിൽ ഇല്ലാത്ത ചില കാര്യങ്ങൾ പരാമർശി​ക്കു​ന്ന​താ​യി കാണുന്നു. എന്നിരു​ന്നാ​ലും, ചിലർ നിഗമനം ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ, അത്‌ 1-ാം അധ്യാ​യ​ത്തി​ലെ വിവര​ണ​ത്തി​നു വിരു​ദ്ധ​മായ മറ്റൊരു സൃഷ്ടി​വി​വ​ര​ണമല്ല. പകരം, അത്‌ മൂന്നാം “ദിവസ”ത്തിലെ ഒരു പ്രത്യേക ഘട്ടത്തെ—ഉണങ്ങിയ നിലം രൂപം​കൊ​ണ്ട​തി​നു ശേഷവും എന്നാൽ ഭൂസസ്യ​ങ്ങൾ സൃഷ്ടി​ക്ക​പ്പെ​ട്ട​തി​നു മുമ്പും ഉള്ള കാലയ​ള​വി​നെ—കുറിച്ചു ചർച്ച​ചെ​യ്‌തു​കൊണ്ട്‌ വിവരണം തുടങ്ങു​ന്നു എന്നേ ഉള്ളൂ. ആദാം ജീവനുള്ള മനുഷ്യ​നാ​യി​ത്തീർന്ന വിധത്തെ കുറി​ച്ചും അവന്റെ പറുദീ​സാ ഭവനമായ ഏദെനെ കുറി​ച്ചും അവന്റെ ഭാര്യ​യായ ഹവ്വായെ കുറി​ച്ചു​മൊ​ക്കെ ചർച്ച​ചെ​യ്‌തു​കൊണ്ട്‌ അത്‌ മനുഷ്യ​രു​ടെ ആഗമനം സംബന്ധിച്ച വിശദാം​ശങ്ങൾ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു.—ഉല്‌പത്തി 2:4ബി-9, 15-18, 21, 22.

30 ഉല്‌പത്തി വിവരണം മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ മേൽപ്പറഞ്ഞ കാര്യങ്ങൾ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. സൃഷ്ടി​പ്ര​ക്രി​യ​യ്‌ക്ക്‌, വെറും 144 മണിക്കൂ​റ​ട​ങ്ങുന്ന (6 × 24) ഒരു കാലയ​ളവല്ല, പിന്നെ​യോ അനേകം സഹസ്രാ​ബ്ദങ്ങൾ എടുത്തു​വെന്ന്‌ തികച്ചും വാസ്‌ത​വി​ക​മായ ഈ വിവരണം സൂചി​പ്പി​ക്കു​ന്നു.

ഉല്‌പത്തി ഇത്‌ എങ്ങനെ അറിഞ്ഞു?

31. (എ) ഉല്‌പ​ത്തി​വി​വ​ര​ണത്തെ ചിലർ തെറ്റായി വ്യാഖ്യാ​നി​ക്കു​ന്നത്‌ എങ്ങനെ? (ബി) അവരുടെ വാദങ്ങൾ ശരിയ​ല്ലെന്ന്‌ എന്തു കാണി​ക്കു​ന്നു?

31 ഈ സൃഷ്ടി​വി​വ​രണം അംഗീ​ക​രി​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടു തോന്നു​ന്നു. പുരാതന ജനങ്ങളു​ടെ, മുഖ്യ​മാ​യും പുരാതന ബാബി​ലോ​ന്യ​രു​ടെ, സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള കെട്ടു​ക​ഥ​ക​ളിൽനി​ന്നു കടമെ​ടു​ത്ത​താണ്‌ അതെന്ന്‌ അവർ വാദി​ക്കു​ന്നു. എന്നാൽ, അടുത്ത​കാ​ലത്തെ ഒരു ബൈബിൾ നിഘണ്ടു ഇങ്ങനെ പറഞ്ഞു: “പ്രപഞ്ച​ത്തി​ന്റെ സൃഷ്ടിയെ വ്യക്തമാ​യി പരാമർശി​ക്കുന്ന യാതൊ​രു കെട്ടു​ക​ഥ​യും ഇതുവരെ കണ്ടെത്തി​യി​ട്ടില്ല. നിരവധി ദൈവ​ങ്ങ​ളും പരമാ​ധി​കാ​ര​ത്തി​നു വേണ്ടി​യുള്ള അവരുടെ പോരാ​ട്ട​ങ്ങ​ളും” കെട്ടു​ക​ഥ​ക​ളു​ടെ “മുഖമു​ദ്ര​യാണ്‌. ഇവയാ​കട്ടെ [ഉല്‌പത്തി] 1-ഉം 2-ഉം അധ്യാ​യ​ങ്ങ​ളിൽ കാണുന്ന, ഏക​ദൈ​വത്തെ കുറി​ച്ചുള്ള എബ്രാ[യ] പഠിപ്പി​ക്ക​ലിൽനി​ന്നു പാടേ വ്യത്യ​സ്‌ത​മാണ്‌.”3 സൃഷ്ടി സംബന്ധിച്ച ബാബി​ലോ​ന്യ ഐതി​ഹ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ബ്രിട്ടീഷ്‌ മ്യൂസി​യ​ത്തി​ന്റെ ട്രസ്റ്റികൾ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ബാബി​ലോ​ന്യ വിവര​ണ​ങ്ങ​ളു​ടെ​യും എബ്രായ വിവര​ണ​ങ്ങ​ളു​ടെ​യും മൂല ആശയങ്ങൾ അടിസ്ഥാ​ന​പ​ര​മാ​യി ഭിന്നമാണ്‌.”4

32. ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​വി​വ​രണം ശാസ്‌ത്രീ​യ​മാ​യി ഈടു​റ്റ​താ​ണെന്നു പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

32 നാം ഇത്രയും നേരം പരിചി​ന്തിച്ച കാര്യങ്ങൾ ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​വി​വ​രണം ശാസ്‌ത്രീ​യ​മാ​യി ഒരു ഈടുറ്റ രേഖയാ​ണെന്നു തെളി​യി​ക്കു​ന്നു. അത്‌ “അതതു വർഗമ​നു​സ​രി​ച്ചു” മാത്രം പുനരു​ത്‌പാ​ദനം നടത്തുന്ന വലിയ സസ്യ-ജന്തു വിഭാ​ഗ​ങ്ങ​ളെ​യും അവയുടെ അനേകം വൈവി​ധ്യ​ങ്ങ​ളെ​യും വെളി​പ്പെ​ടു​ത്തു​ന്നു. ഫോസിൽ രേഖ ഇതിനെ സ്ഥിരീ​ക​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, ഓരോ “വർഗ”വും പെട്ടെന്നു പ്രത്യ​ക്ഷ​പ്പെ​ട്ടെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു; പരിണാ​മ​സി​ദ്ധാ​ന്തം തെളി​യി​ക്കാൻ ആവശ്യ​മാ​യ​തു​പോ​ലെ, ഏതെങ്കി​ലും ഒരു മുൻ “വർഗ”വുമായി അതിനെ ബന്ധിപ്പി​ക്കുന്ന യഥാർഥ പരിവർത്തന രൂപങ്ങൾ ഇല്ല.

33. ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​വി​വ​രണം സംബന്ധിച്ച വിവരങ്ങൾ എവി​ടെ​നി​ന്നു മാത്രമേ അറിയാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ?

33 ഈജിപ്‌തിലെ സകല ജ്ഞാനത്തി​നും ഉല്‌പ​ത്തി​യു​ടെ എഴുത്തു​കാ​ര​നായ മോ​ശെ​യ്‌ക്ക്‌ സൃഷ്ടി​പ്ര​ക്രിയ സംബന്ധിച്ച്‌ യാതൊ​രു തുമ്പും നൽകാൻ കഴിയു​മാ​യി​രു​ന്നില്ല. സൃഷ്ടി സംബന്ധിച്ച പുരാതന ജനങ്ങളു​ടെ കെട്ടു​ക​ഥ​കൾക്ക്‌ ഉല്‌പ​ത്തി​യിൽ മോശെ എഴുതി​യ​തി​നോ​ടു യാതൊ​രു സാദൃ​ശ്യ​വും ഉണ്ടായി​രു​ന്നില്ല. അങ്ങനെ​യെ​ങ്കിൽ, മോശെ ഈ കാര്യ​ങ്ങ​ളെ​ല്ലാം എവി​ടെ​നി​ന്നാ​ണു മനസ്സി​ലാ​ക്കി​യത്‌? അവി​ടെ​യു​ണ്ടാ​യി​രുന്ന ആരിൽ നിന്നെ​ങ്കി​ലും ആയിരി​ക്കാ​നാ​ണു സാധ്യത.

34. സംഭവ​വി​കാ​സ​ങ്ങളെ സംബന്ധിച്ച ഉല്‌പത്തി വിവരണം ആശ്രയ​യോ​ഗ്യ​മാ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

34 ഉല്‌പത്തിയിലെ സൃഷ്ടി​വി​വ​രണം, സംഭവ​ങ്ങളെ കുറിച്ച്‌ അറിയാ​മാ​യി​രുന്ന ഒരു ഉറവിൽനി​ന്നു വന്നിരി​ക്കണം എന്നതിനു ഗണിത സംഭവ്യ​താ ശാസ്‌ത്രം ശ്രദ്ധേ​യ​മായ തെളിവു നൽകുന്നു. സൃഷ്ടി​വി​വ​രണം പിൻവ​രുന്ന ക്രമത്തിൽ 10 പ്രധാന ഘട്ടങ്ങൾ പട്ടിക​പ്പെ​ടു​ത്തു​ന്നു: (1) ഒരു തുടക്കം; (2) അന്ധകാര നിബി​ഡ​മായ, ഘന വാതക​ങ്ങ​ളാ​ലും ജലത്താ​ലും മൂട​പ്പെ​ട്ടി​രുന്ന ഒരു ആദിമ ഭൂമി; (3) വെളിച്ചം; (4) ആകാശ​വി​രിവ്‌ അല്ലെങ്കിൽ അന്തരീക്ഷം; (5) വിസ്‌തൃ​ത​മായ ഉണങ്ങിയ നിലം; (6) ഭൂസസ്യ​ങ്ങൾ; (7) ആകാശ​വി​രി​വിൽ വ്യക്തമാ​യി കാണാ​വുന്ന സൂര്യ​ച​ന്ദ്ര​ന​ക്ഷ​ത്രാ​ദി​കൾ, ഋതുക്കളുടെ ആരംഭം; (8) ഭീമാ​കാ​ര​മായ കടൽ ജന്തുക്ക​ളും പറവക​ളും; (9) കാട്ടു​മൃ​ഗ​ങ്ങ​ളും ഇണക്കമുള്ള മൃഗങ്ങ​ളും സസ്‌ത​ന​ങ്ങ​ളും; (10) മനുഷ്യൻ. ഈ ഘട്ടങ്ങൾ പൊതു​വെ ഈ ക്രമത്തിൽ സംഭവി​ച്ചു​വെന്നു ശാസ്‌ത്രം സമ്മതി​ക്കു​ന്നു. ഉല്‌പ​ത്തി​യു​ടെ ലേഖകൻ ഈ ക്രമം കേവലം ഊഹി​ച്ചെ​ടു​ക്കാൻ എത്ര​ത്തോ​ളം സാധ്യ​ത​യുണ്ട്‌? നിങ്ങൾ കണ്ണു മൂടി​ക്കെ​ട്ടി​യിട്ട്‌ 1 മുതൽ 10 വരെയുള്ള സംഖ്യകൾ ഒരു പെട്ടി​യിൽ നിന്നെ​ടുത്ത്‌ ക്രമത്തിൽ വെക്കു​ന്ന​തി​നുള്ള സാധ്യ​ത​യ്‌ക്കു തുല്യ​മാണ്‌ അത്‌. നിങ്ങൾ ഇത്‌ ആദ്യ ശ്രമത്തിൽ ചെയ്യാ​നുള്ള സാധ്യത 36,28,800-ൽ 1 ആണ്‌! അതു​കൊണ്ട്‌, ഒരിട​ത്തു​നി​ന്നും അറിവു ലഭിക്കാ​തെ എഴുത്തു​കാ​രൻ മേൽപ്പറഞ്ഞ സംഭവങ്ങൾ ശരിയായ ക്രമത്തിൽ പട്ടിക​പ്പെ​ടു​ത്തി​യ​താണ്‌ എന്നു പറയു​ന്നതു വസ്‌തു​ത​കൾക്കു നിരക്കു​ന്നതല്ല.

35. ഏതു ചോദ്യ​ങ്ങൾ ഉയർന്നു വരുന്നു, ഉത്തരങ്ങൾ എവിടെ ചർച്ച ചെയ്യ​പ്പെ​ടും?

35 എന്നാൽ പരിണാ​മ​സി​ദ്ധാ​ന്തം, വസ്‌തു​തകൾ അറിഞ്ഞി​രു​ന്ന​വ​നും മനുഷ്യർക്ക്‌ അവ വെളി​പ്പെ​ടു​ത്താൻ കഴിവു​ണ്ടാ​യി​രു​ന്ന​വ​നു​മായ ഒരു സ്രഷ്ടാവ്‌ അവിടെ ഉണ്ടായി​രു​ന്നെന്നു സമ്മതി​ക്കു​ന്നില്ല. പകരം, നിർജീവ രാസവ​സ്‌തു​ക്ക​ളിൽ നിന്നുള്ള ജീവി​ക​ളു​ടെ സ്വതഃ​ജ​നനം വഴിയാണ്‌ ഭൂമി​യിൽ ജീവൻ ആവിർഭ​വി​ച്ച​തെന്ന്‌ അതു പറയുന്നു. എന്നാൽ കേവലം യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കുന്ന, ആരു​ടെ​യും മാർഗ​നിർദേശം കൂടാതെ നടക്കുന്ന രാസ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ ജീവൻ ഉളവാ​ക്കാൻ കഴിയു​മോ? ഇപ്രകാ​രം സംഭവി​ക്കു​മെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർക്കു തന്നെ ഉറപ്പു​ണ്ടോ? ദയവായി അടുത്ത അധ്യായം കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]

[25-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഉല്‌പത്തിവിവരണം ഭൂമി​യി​ലെ ഒരു നിരീ​ക്ഷ​കന്റെ വീക്ഷണ​ത്തി​ലാണ്‌ കാര്യ​ങ്ങളെ സമീപി​ക്കു​ന്നത്‌

[36-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഫോസിൽ രേഖ “അതതു വർഗമ​നു​സ​രി​ച്ചു”ള്ള പുനരു​ത്‌പാ​ദ​നത്തെ മാത്രമേ സ്ഥിരീ​ക​രി​ക്കു​ന്നു​ള്ളൂ

[35-ാം പേജിലെ ചതുരം]

ഉല്‌പത്തിയിലെ സൃഷ്ടി​വി​വ​രണം അടിസ്ഥാ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യി ചിലർ അവകാ​ശ​പ്പെ​ടുന്ന സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള ഒരു ബാബി​ലോ​ന്യ കെട്ടുകഥ:

അപ്‌സു എന്ന ദേവനും റ്റയാമറ്റ്‌ എന്ന ദേവി​യും മറ്റു ദൈവ​ങ്ങളെ ഉണ്ടാക്കി.

പിന്നീട്‌ ഈ ദൈവ​ങ്ങ​ളെ​ക്കൊ​ണ്ടു സഹികെട്ട അപ്‌സു അവരെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ ഇയ എന്ന ദേവൻ അദ്ദേഹത്തെ കൊന്നു.

റ്റയാമറ്റ്‌ പ്രതി​കാ​ര​ബു​ദ്ധി​യോ​ടെ ഇടപെ​ടു​ക​യും ഇയയെ കൊല്ലാൻ ശ്രമി​ക്കു​ക​യും ചെയ്‌തു, എന്നാൽ ഇയയുടെ പുത്ര​നായ മർദൂക്‌ റ്റയാമ​റ്റി​നെ കൊന്നു.

മർദൂക്‌ അവരുടെ ശരീരം രണ്ടായി പിളർന്ന്‌ ഒരു പകുതി​യിൽനിന്ന്‌ ആകാശ​വും മറ്റേ പകുതി​യിൽനി​ന്നു ഭൂമി​യും ഉണ്ടാക്കി.

പിന്നെ മർദൂക്‌ ഇയയുടെ സഹായ​ത്തോ​ടെ മറ്റൊരു ദേവനായ കിങ്കു​വി​ന്റെ രക്തത്തിൽനി​ന്നു മനുഷ്യ​വർഗത്തെ ഉളവാക്കി.a

ഇത്തരമൊരു കഥയ്‌ക്ക്‌ ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​വി​വ​ര​ണ​ത്തോട്‌ എന്തെങ്കി​ലും സാദൃ​ശ്യ​മു​ണ്ടെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

[36-ാം പേജിലെ ചതുരം]

വിഖ്യാതനായ ഒരു ഭൂവി​ജ്ഞാ​നി ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​വി​വ​ര​ണ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു:

“ഭൂമി​യു​ടെ ഉത്‌പ​ത്തി​യെ കുറി​ച്ചും അതിലെ ജീവന്റെ വികാ​സത്തെ കുറി​ച്ചു​മുള്ള നമ്മുടെ ആധുനിക ആശയങ്ങൾ, എളിയ​വ​രായ ഇടയജ​ന​ങ്ങൾക്ക്‌—ഉല്‌പത്തി പുസ്‌തകം സംബോ​ധ​ന​ചെയ്‌ത ഗോ​ത്ര​ക്കാ​രെ​പ്പോ​ലെ ഉള്ളവർക്ക്‌—ചുരു​ക്ക​മാ​യി വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ ഒരു ഭൂവി​ജ്ഞാ​നി എന്ന നിലയിൽ എന്നോട്‌ ആവശ്യ​പ്പെ​ട്ടാൽ, ഉല്‌പത്തി ഒന്നാം അധ്യാ​യ​ത്തി​ന്റെ ഭാഷാ​ശൈലി മിക്കവാ​റും അടുത്തു പിൻപ​റ്റു​ന്ന​തി​ലും മെച്ചമാ​യി മറ്റൊ​ന്നും ചെയ്യാൻ എനിക്കു സാധി​ക്കു​മെന്നു തോന്നുന്നില്ല.”b കൂടാതെ, സംഭവ​ങ്ങ​ളു​ടെ ക്രമം—സമു​ദ്രോ​ത്‌പത്തി മുതൽ കരയുടെ രൂപം​കൊ​ള്ളൽ, സമു​ദ്ര​ജീ​വി​ക​ളു​ടെ ആവിർഭാ​വം, പക്ഷിക​ളു​ടെ​യും സസ്‌ത​നി​ക​ളു​ടെ​യും ആഗമനം എന്നിവ​വരെ—തത്ത്വത്തിൽ ഭൂവി​ജ്ഞാ​നീയ രേഖ വെളി​പ്പെ​ടു​ത്തുന്ന മുഖ്യ വിഭാ​ഗ​ങ്ങ​ളു​ടെ ക്രമം​ത​ന്നെ​യാ​ണെ​ന്നും വാലസ്‌ പ്രാറ്റ്‌ എന്ന ഈ ഭൂവി​ജ്ഞാ​നി പറഞ്ഞു.

[27-ാം പേജിലെ ചിത്രം]

1-ാം ദിവസം: “വെളിച്ചം ഉണ്ടാകട്ടെ”

[28-ാം പേജിലെ ചിത്രം]

2-ാം ദിവസം: “ഒരു വിതാനം [“വിരിവ്‌,” NW] ഉണ്ടാകട്ടെ”

[29-ാം പേജിലെ ചിത്രം]

3-ാം ദിവസം: “ഉണങ്ങിയ നിലം കാണട്ടെ”

[30-ാം പേജിലെ ചിത്രം]

3-ാം ദിവസം: ‘ഭൂമി​യിൽനി​ന്നു പുല്ലു മുളെ​ച്ചു​വ​രട്ടെ’

[31-ാം പേജിലെ ചിത്രങ്ങൾ]

4-ാം ദിവസം: ‘വിതാ​ന​ത്തിൽ [“വിരി​വിൽ,” NW] പകൽ വാഴേ​ണ്ട​തി​ന്നു വലിപ്പ​മേ​റി​യ​തും രാത്രി വാഴേ​ണ്ട​തി​ന്നു വലിപ്പം കുറഞ്ഞ​തു​മായ വെളി​ച്ചങ്ങൾ [“പ്രകാ​ശ​ഗോ​ളങ്ങൾ,” NW] ഉണ്ടാകട്ടെ’

[32-ാം പേജിലെ ചിത്രം]

5-ാം ദിവസം: ‘വെള്ളത്തിൽ ജലജന്തു​ക്കൾ കൂട്ടമാ​യി ജനിക്കട്ടെ; ഭൂമി​യു​ടെ മീതെ പറവജാ​തി പറക്കട്ടെ’

[33-ാം പേജിലെ ചിത്രം]

6-ാം ദിവസം: ‘അതതു വർഗം വളർത്തു​മൃ​ഗ​ങ്ങ​ളും കാട്ടു​മൃ​ഗ​ങ്ങ​ളും’

[34-ാം പേജിലെ ചിത്രം]

6-ാം ദിവസം: “ആണും പെണ്ണു​മാ​യി അവരെ സൃഷ്ടിച്ചു”

[37-ാം പേജിലെ ചിത്രം]

ഇത്‌ ആദ്യ ശ്രമത്തിൽ ചെയ്യാ​നുള്ള സാധ്യത 36,28,800-ൽ 1 ആണ്‌