“കുരങ്ങു-മനുഷ്യർ”—അവ എന്തായിരുന്നു?
അധ്യായം 7
“കുരങ്ങു-മനുഷ്യർ”—അവ എന്തായിരുന്നു?
1, 2. നമ്മുടെ പൂർവികർ എന്തായിരുന്നുവെന്നാണു പരിണാമസിദ്ധാന്തം തറപ്പിച്ചു പറയുന്നത്?
ആൾക്കുരങ്ങിനെപ്പോലുള്ള മനുഷ്യരുടെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. അത്തരം ജീവികളെക്കുറിച്ചുള്ള കലാകാരൻമാരുടെ ചിത്രങ്ങൾകൊണ്ട് ശാസ്ത്ര സാഹിത്യം നിറഞ്ഞിരിക്കുന്നു. ഇവ മൃഗത്തിനും മനുഷ്യനും ഇടയിലുള്ള പരിണാമ കണ്ണികളാണോ? “കുരങ്ങു-മനുഷ്യർ” നമ്മുടെ പൂർവികരാണോ? ആണെന്നാണു പരിണാമ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. അതുകൊണ്ടാണ് ഒരു ശാസ്ത്ര മാസികയിൽ വന്ന ഈ ലേഖന തലക്കെട്ടുപോലുള്ള പ്രയോഗങ്ങൾ നാം പലപ്പോഴും വായിക്കാറുള്ളത്: “ആൾക്കുരങ്ങ് മനുഷ്യനായിത്തീർന്ന വിധം.”1
2 മനുഷ്യരുടെ ഈ സൈദ്ധാന്തിക പൂർവികരെ “ആൾക്കുരങ്ങുകൾ” എന്നു വിളിക്കുന്നതു ശരിയല്ലെന്നു ചില പരിണാമവാദികൾക്കു തോന്നുന്നുവെന്നതു സത്യമാണ്. എങ്കിലും അവരുടെ ചില സഹപ്രവർത്തകർക്ക് അങ്ങനെ തോന്നുന്നില്ല.2 “ആളുകൾ . . . ആൾക്കുരങ്ങിനെപ്പോലുള്ള പൂർവികരിൽനിന്നു പരിണമിച്ചുവന്നെ”ന്ന് സ്റ്റീവൻ ജേ ഗൂൾഡ് പറയുന്നു.3 ജോർജ് ഗെയ്ലോർഡ് സിംപ്സൺ ഇപ്രകാരം പ്രസ്താവിച്ചു: “ആർക്കെങ്കിലും പൊതു പൂർവികനെ കാണാൻ കഴിഞ്ഞാൽ അയാൾ തീർച്ചയായും സാധാരണ സംഭാഷണത്തിൽ അതിനെ ആൾക്കുരങ്ങെന്നോ കുരങ്ങെന്നോ വിളിക്കും. ആൾക്കുരങ്ങുകളുടെയും കുരങ്ങുകളുടെയും സാധാരണ നിർവചനം വെച്ചുനോക്കുമ്പോൾ മനുഷ്യന്റെ പൂർവികർ ആൾക്കുരങ്ങുകളോ കുരങ്ങുകളോ ആയിരുന്നു.”4
3. മനുഷ്യന്റെ വംശപരമ്പര നിർണയിക്കുന്നതിൽ ഫോസിൽ രേഖയെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നത് എന്തുകൊണ്ട്?
3 ആൾക്കുരങ്ങിനെപ്പോലുള്ള, മനുഷ്യവർഗത്തിന്റെ പൂർവികരുടെ അസ്തിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ, ഫോസിൽ രേഖ വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം, ഇപ്പോഴത്തെ ജീവലോകത്തിൽ ആ ആശയത്തെ പിന്താങ്ങുന്നതായി യാതൊന്നുമില്ല. 6-ാം അധ്യായത്തിൽ കണ്ടതുപോലെ, മനുഷ്യർക്കും ആൾക്കുരങ്ങു വർഗം ഉൾപ്പെടുന്ന ഇന്നത്തെ ജന്തുലോകത്തിനുമിടയിൽ ഒരു വൻ വിടവു തന്നെയുണ്ട്. ജീവലോകം മനുഷ്യനും ആൾക്കുരങ്ങിനും ഇടയ്ക്ക് ഒരു കണ്ണി പ്രദാനം ചെയ്യുന്നില്ല. അതുകൊണ്ട്, ഫോസിൽ രേഖ അതു നൽകുമെന്നു പ്രതീക്ഷിച്ചിരുന്നു.
4. പരിണാമത്തോടുള്ള ബന്ധത്തിൽ, ജീവിച്ചിരിക്കുന്ന “കുരങ്ങു-മനുഷ്യ”രുടെ അഭാവം ഇത്ര വിചിത്രമായിരിക്കുന്നത് എന്തുകൊണ്ട്?
4 ഇന്ന്, മനുഷ്യനും ആൾക്കുരങ്ങിനും ഇടയിൽ കാണപ്പെടുന്ന സ്പഷ്ടമായ വിടവ് പരിണാമസിദ്ധാന്തത്തെ സംബന്ധിച്ചിടത്തോളം വിചിത്രമാണ്. ജന്തുക്കൾ പരിണാമ പടികൾ കയറി വരുന്തോറും അതിജീവിക്കാൻ കൂടുതൽ കഴിവുള്ളവ ആയിത്തീർന്നുവെന്ന് പരിണാമസിദ്ധാന്തം പറയുന്നു. അങ്ങനെയെങ്കിൽ “താഴത്തെ പടിയിലുള്ള” ആൾക്കുരങ്ങു കുടുംബം ഇപ്പോഴും ജീവിച്ചിരിക്കുകയും എന്നാൽ ഇടയ്ക്കത്തെ പടിയിലുള്ളതായി അനുമാനിക്കപ്പെടുന്ന രൂപങ്ങൾ, അതായത് പരിണാമത്തിൽ കൂടുതൽ മേലേക്കിടയിൽ ആയിരിക്കേണ്ടവ ഒറ്റയെണ്ണംപോലും ഇല്ലാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? ചിമ്പാൻസികളെയും ഗൊറില്ലകളെയും ഒറാങ് ഉട്ടാൻമാരെയും നാമിന്നു കാണുന്നു, എന്നാൽ “കുരങ്ങു-മനുഷ്യ”രെ കാണുന്നില്ല. ആൾക്കുരങ്ങുകൾക്കും ആധുനിക മനുഷ്യനും ഇടയിലുള്ള കൂടുതൽ അടുത്തകാലത്തേതും മേലേക്കിടയിലുള്ളതെന്നു കരുതപ്പെടുന്നവയുമായ ‘കണ്ണികളി’ൽപ്പെട്ട എല്ലാത്തിനും വംശനാശം സംഭവിക്കാനും എന്നാൽ താഴേക്കിടയിലുള്ള ആൾക്കുരങ്ങുകൾക്ക് അതു സംഭവിക്കാതിരിക്കാനും സാധ്യതയുള്ളതായി തോന്നുന്നുണ്ടോ?
എത്രത്തോളം ഫോസിൽ തെളിവുകളുണ്ട്?
5. മനുഷ്യപരിണാമം സംബന്ധിച്ച ഫോസിൽ തെളിവിനെക്കുറിച്ച് വിവരണങ്ങളും മറ്റും എന്തു ധാരണയാണ് ഉളവാക്കുന്നത്?
5 ശാസ്ത്ര സാഹിത്യം, ടെലിവിഷൻ എന്നിവയിലെ വിവരണങ്ങളും കാഴ്ചബംഗ്ലാവിലെ പ്രദർശനങ്ങളുമൊക്കെ കാണുമ്പോൾ ആൾക്കുരങ്ങിനെപ്പോലുള്ള ജീവികളിൽനിന്നു മനുഷ്യർ പരിണമിച്ചുവന്നു എന്നതിനു സുലഭമായ തെളിവുകൾ ഉണ്ടെന്നു തോന്നിപ്പോകും. എന്നാൽ വാസ്തവം അതാണോ? ഉദാഹരണത്തിന്, ഡാർവിന്റെ നാളിൽ ഇതു സംബന്ധിച്ച് എന്തു ഫോസിൽ തെളിവാണ് ഉണ്ടായിരുന്നത്? തന്റെ സിദ്ധാന്തം ആവിഷ്കരിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത് ആ തെളിവുകളായിരുന്നോ?
6. (എ) മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ആദിമ സിദ്ധാന്തങ്ങൾ ഫോസിൽ തെളിവിൽ അധിഷ്ഠിതമായിരുന്നോ? (ബി) ഈടുറ്റ തെളിവില്ലാഞ്ഞിട്ടും പരിണാമത്തിന് അംഗീകാരം നേടാൻ കഴിഞ്ഞതെന്തുകൊണ്ട്?
6 ദ ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് നമ്മോട് ഇങ്ങനെ പറയുന്നു: “മനുഷ്യപരിണാമത്തെ കുറിച്ചുള്ള ആദിമ സിദ്ധാന്തങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ വാസ്തവത്തിൽ അവ വളരെ വിചിത്രങ്ങളാണെന്നു കാണാം. ഡേവിഡ് പിൽബീം ആദിമ സിദ്ധാന്തങ്ങളെ ‘ഫോസിൽ-വിമുക്ത’മെന്നു വർണിച്ചു. അതായത്, കുറെയൊക്കെ ഫോസിൽ തെളിവ് ആവശ്യമാണെന്ന് ആർക്കും തോന്നിപ്പോകുന്ന തരത്തിലുള്ളവ ആയിരുന്നു ആ മനുഷ്യപരിണാമസിദ്ധാന്തങ്ങൾ എങ്കിലും അവയെ യാതൊരു വിധത്തിലും സ്വാധീനിക്കാഞ്ഞ തീരെ കുറച്ചു ഫോസിലുകളേ അന്നുണ്ടായിരുന്നുള്ളൂ, അല്ലെങ്കിൽ ഫോസിലുകൾ ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. അതുകൊണ്ട് മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളെന്നു കരുതപ്പെടുന്നവയ്ക്കും ആദിമ മനുഷ്യ ഫോസിലുകൾക്കുമിടയിലെ വിടവു നികത്താൻ പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞരുടെ ഭാവനമാത്രമാണ് ഉണ്ടായിരുന്നത്.” ഭാവനയുടെ തേരിലേറാൻ അവരെ പ്രേരിപ്പിച്ചത് എന്താണെന്ന് ഈ ശാസ്ത്ര പ്രസിദ്ധീകരണം പറയുന്നു: “ആളുകൾ പരിണാമത്തിൽ, മനുഷ്യ പരിണാമത്തിൽ, വിശ്വസിക്കാനാഗ്രഹിച്ചു. ഇത് അവരുടെ പ്രവർത്തന ഫലങ്ങളെ സ്വാധീനിച്ചു.”5
7-9. മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട് ഇപ്പോൾ എത്രത്തോളം ഫോസിൽ തെളിവുകളുണ്ട്?
7 ഒരു നൂറ്റാണ്ടിലേറെക്കാലത്തെ തിരച്ചിലിനുശേഷം ‘കുരങ്ങു-മനുഷ്യരെ’ക്കുറിച്ച് എത്രത്തോളം ഫോസിൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്? റിച്ചർഡ് ലീക്കി ഇപ്രകാരം പ്രസ്താവിച്ചു: “ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്താൻ തുലോം തുച്ഛമായ തെളിവുകളേ ഉള്ളൂ, അതുകൊണ്ട് അവർക്കു തങ്ങളുടെ നിഗമനങ്ങൾ കൂടെക്കൂടെ മാറ്റിപ്പറയേണ്ടിവരുന്നു.”6ന്യൂ സയന്റിസ്റ്റ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഫോസിൽ മനുഷ്യനെക്കുറിച്ചുള്ള പഠനത്തിന്റെ ആധാരബിന്ദുവായ തെളിവുകളുടെ അളവു കണക്കിലെടുക്കുമ്പോൾ അതിനെ പുരാജീവിശാസ്ത്രത്തിന്റെയോ നരവംശശാസ്ത്രത്തിന്റെയോ ഒരു ഉപശാഖ ആയി മാത്രമേ കണക്കാക്കാനാകൂ. . . . ഫോസിൽ ശേഖരം ആശാഭംഗത്തിന് ഇടയാക്കുംവിധം അങ്ങേയറ്റം അപൂർണമാണ്. ഉള്ള സാമ്പിളുകൾ ആണെങ്കിൽ മിക്കപ്പോഴും വല്ലാതെ ശകലിതവും ബോധ്യംവരുത്താത്തവയുമാണ്.”7
8 സമാനമായി, ഉത്ഭവങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം സമ്മതിച്ചു പറയുന്നു: “നാം പരിണാമ പാതയിലൂടെ മനുഷ്യനെ ലക്ഷ്യമാക്കി മുന്നോട്ടു പോകുന്തോറും യാത്ര ശരിക്കും വഴിമുട്ടുകയാണ്. കാരണം വീണ്ടും ഫോസിൽ തെളിവിന്റെ ദൗർലഭ്യംതന്നെ.”8ശാസ്ത്രം എന്ന മാസിക ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവായി ഉള്ളത് അസ്ഥികളുടെ ദയനീയമായ ഒരു കൊച്ചു നിരയാണ്. അതിൽനിന്നു വേണം മനുഷ്യന്റെ പരിണാമ ചരിത്രം നിർമിക്കാൻ. ഒരു നരവംശശാസ്ത്രജ്ഞൻ ഈ കൃത്യത്തെ അവിടുന്നും ഇവിടുന്നും തിരഞ്ഞെടുത്ത 13 പേജുകൾകൊണ്ടു യുദ്ധവും സമാധാനവും എന്ന പുസ്തകത്തിന്റെ ഇതിവൃത്തം പുനഃനിർമിക്കുന്നതിനോടു താരതമ്യപ്പെടുത്തി.”9
9 “കുരങ്ങു-മനുഷ്യ”രെക്കുറിച്ചുള്ള ഫോസിൽ തെളിവുകൾ എത്രമാത്രം വിരളമാണ്? പിൻവരുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക, ന്യൂസ്വീക്ക്: “‘എല്ലാ ഫോസിലുകളുംകൂടി ഒരൊറ്റ ഡെസ്കിന്റെ പുറത്തു വെക്കാൻ കഴിയു’മെന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ എൽവിൻ സൈമൺസ് പറഞ്ഞു.”10ദ ന്യൂയോർക്ക് ടൈംസ്: “മനുഷ്യന്റെ പൂർവികരുടെ അറിയപ്പെടുന്ന ഫോസിൽ അവശിഷ്ടങ്ങളെ ഒരു ബില്യാർഡ് മേശയിൽ കൊള്ളിക്കാം. മഞ്ഞുമൂടിക്കിടക്കുന്ന കഴിഞ്ഞ ഏതാനും ദശലക്ഷം വർഷങ്ങളിലേക്ക് ഉറ്റുനോക്കാൻ പറ്റിയ ഒരു വേദിയല്ല അത്.”11സയൻസ് ഡൈജസ്റ്റ്: “മനുഷ്യ പരിണാമം സംബന്ധിച്ച് നമുക്കുള്ള എല്ലാ ഭൗതിക തെളിവുകളും ഇപ്പോഴും ഒരു ശവപ്പെട്ടിയിൽ കൊള്ളാൻമാത്രം ഇല്ല എന്നതാണു ശ്രദ്ധേയമായ വസ്തുത! . . . ഉദാഹരണത്തിന്, ആധുനിക ആൾക്കുരങ്ങുകൾ എവിടെനിന്നെന്നില്ലാതെ ഉത്ഭവിച്ചതായി തോന്നുന്നു. അവയ്ക്കു പൂർവചരിത്രവുമില്ല, ഫോസിൽ രേഖയുമില്ല. ആധുനിക മനുഷ്യരുടെ—നിവർന്നുനിൽക്കുന്നവരും നഗ്നരും പണിയായുധം നിർമിക്കുന്നവരും വലുപ്പമാർന്ന തലച്ചോറുള്ളവരുമായ ജീവികളുടെ—യഥാർഥ ഉത്ഭവവും അതുപോലെതന്നെ നിഗൂഢമാണെന്ന് സ്വയം വഞ്ചിക്കാതിരിക്കുന്നപക്ഷം നമുക്കു പറയാൻ കഴിയും.”12
10. ആധുനിക മാതൃകയിലുള്ള മനുഷ്യരുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് തെളിവ് എന്താണു കാണിക്കുന്നത്?
10 ന്യായവാദം ചെയ്യാനും കണ്ടുപിടിത്തങ്ങൾ നടത്താനും ആസൂത്രണം ചെയ്യാനും അറിവു വർധിപ്പിക്കാനും സങ്കീർണമായ ഭാഷകൾ ഉപയോഗിക്കാനും കഴിവുള്ള ആധുനിക മാതൃകയിലുള്ള മനുഷ്യർ ഫോസിൽ രേഖയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. ദ മിസ്മെഷർ ഓഫ് മാൻ എന്ന തന്റെ പുസ്തകത്തിൽ ഗൂൾഡ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഹോമോ സാപ്പിയൻസ് ഏതാണ്ട് അമ്പതിനായിരം വർഷം മുമ്പ് ഫോസിൽ രേഖയിൽ പ്രത്യക്ഷപ്പെട്ടതിൽപ്പിന്നെ മസ്തിഷ്കത്തിന്റെ വലുപ്പത്തിലോ ഘടനയിലോ ജീവശാസ്ത്രപരമായ മാറ്റം സംഭവിച്ചതായുള്ള യാതൊരു തെളിവും ഞങ്ങൾക്കില്ല.”13 അങ്ങനെ, ആന്തരിക പ്രപഞ്ചം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം ചോദിക്കുന്നു: “അതിവിശിഷ്ടമായ തലച്ചോറോടുകൂടിയ ആധുനിക മാതൃകയിലുള്ള മനുഷ്യരെ രായ്ക്കുരാമാനമെന്നപോലെ ഉളവാക്കാൻ . . . പരിണാമത്തെ പ്രേരിപ്പിച്ചത് എന്താണ്?”14 പരിണാമത്തിന് ഉത്തരമില്ല. എന്നാൽ, വളരെ സങ്കീർണവും വിഭിന്നവുമായ ഒരു ജീവിയെ സൃഷ്ടിച്ചു എന്നതായിരിക്കുമോ ഉത്തരം?
“കണ്ണികൾ” എവിടെ?
11. ഫോസിൽ രേഖയിലെ “പതിവ്” എന്താണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു?
11 എന്നിരുന്നാലും, ആൾക്കുരങ്ങിനെപ്പോലുള്ള ജന്തുക്കൾക്കും മനുഷ്യനും ഇടയിൽ ആവശ്യമായിരിക്കുന്ന “കണ്ണികൾ” ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടില്ലേ? തെളിവുകൾ പ്രകടമാക്കുന്നതനുസരിച്ച് ഇല്ല. “ആധുനിക മനുഷ്യന്റെ താരതമ്യേന പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലിനെ വിശദീകരിക്കാൻ സഹായകമായ വിട്ടുപോയ കണ്ണിയുടെ അഭാവ”ത്തെക്കുറിച്ചു സയൻസ് ഡൈജസ്റ്റ് സംസാരിക്കുന്നു.15ന്യൂസ്വീക്ക് ഇപ്രകാരം പ്രസ്താവിച്ചു: “മനുഷ്യനും ആൾക്കുരങ്ങിനും ഇടയിലെ വിട്ടുപോയ കണ്ണി . . . സാങ്കൽപ്പിക ജീവികളുടെ മുഴു ശ്രേണിയിലും വെച്ച് ഏറ്റവും മോഹിപ്പിക്കുന്നതാണ്. ഫോസിൽ രേഖയിൽ വിട്ടുപോയ കണ്ണികൾ പതിവാണ്.”16
12. കണ്ണികളുടെ അഭാവം എന്തിൽ കലാശിച്ചിരിക്കുന്നു?
12 കണ്ണികൾ ഇല്ലാത്തതു കാരണം വളരെ തുച്ഛമായ തെളിവുകളിൽനിന്ന് “സാങ്കൽപ്പിക ജീവികളെ” കെട്ടിച്ചമച്ചിട്ട് അവ യഥാർഥത്തിൽ അസ്തിത്വത്തിൽ ഉണ്ടായിരുന്നുവെന്ന വ്യാജേന അവതരിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു ശാസ്ത്ര മാസിക റിപ്പോർട്ടുചെയ്ത പിൻവരുന്ന വൈരുദ്ധ്യം എന്തുകൊണ്ടു സംഭവിക്കാമെന്ന് അതു വിശദീകരിക്കുന്നു: “മനുഷ്യർ ആൾക്കുരങ്ങിനെപ്പോലുള്ള അവരുടെ പൂർവികരിൽനിന്നു ക്രമാനുഗതമായ പടികളിലൂടെയാണു പരിണമിച്ചുവന്നത്, അല്ലാതെ ചില ശാസ്ത്രജ്ഞന്മാർ വാദിക്കുന്നതുപോലെ ഒരു രൂപത്തിൽനിന്നു മറ്റൊന്നിലേക്ക് എടുത്തുചാടിക്കൊണ്ടല്ല. . . . എന്നാൽ മിക്കവാറും അതേ ഡേറ്റാതന്നെ ഉപയോഗിക്കുന്ന മറ്റു നരവംശശാസ്ത്രജ്ഞന്മാർ നേരേ വിപരീതമായ നിഗമനത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ടു കാണിക്കുന്നു.”17
13. “വിട്ടുപോയ കണ്ണികൾ” കണ്ടെത്താൻ കഴിയാത്തത് എന്തിന് ഇടയാക്കിയിരിക്കുന്നു?
13 അങ്ങനെ നമുക്ക് ബഹുമാന്യനായ ശരീരഘടനാശാസ്ത്രജ്ഞൻ സോളി സുക്കർമാന്റെ പ്രസ്താവന മെച്ചമായി മനസ്സിലാക്കാൻ കഴിയുന്നു. ജേർണൽ ഓഫ് ദ റോയൽ കോളെജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗിൽ അദ്ദേഹം ഇങ്ങനെ എഴുതി: “മനുഷ്യപരിണാമത്തിലെ, പഴഞ്ചൊല്ലായിത്തീർന്ന ‘വിട്ടുപോയ കണ്ണി’ക്കു വേണ്ടിയുളള—ശരീരഘടനാശാസ്ത്രജ്ഞന്മാരും ജീവശാസ്ത്രജ്ഞന്മാരും എക്കാലത്തും വ്യാപകമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആ ‘കാണാപ്പൊന്നിനു’ വേണ്ടിയുള്ള—തിരച്ചിൽ, അമ്പതോ അതിലധികമോ വർഷം മുമ്പ് ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പെരുപ്പത്തിന് ഇടയാക്കിയതുപോലെ ഇന്നും ഇടയാക്കുന്നു.”18 ഒട്ടുമിക്കപ്പോഴും, വസ്തുതകൾ അവഗണിക്കപ്പെടുകയും വിപരീത തെളിവുകൾ ഉണ്ടായിട്ടും അപ്പപ്പോൾ ജനസമ്മതിയുള്ള കാര്യങ്ങൾക്കു പിന്തുണ ലഭിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ “കുടുംബ വൃക്ഷം”
14, 15. തെളിവുകൾ മനുഷ്യന്റെ പരിണാമ “കുടുംബ വൃക്ഷ”ത്തിന്മേൽ എന്തു ഫലം ഉളവാക്കിയിരിക്കുന്നു?
14 അതിന്റെ ഫലമായി, താണ ജന്തുക്കളിൽനിന്നു മനുഷ്യൻ പരിണമിച്ചുവന്നു എന്നുള്ള അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ മിക്കപ്പോഴും വരയ്ക്കാറുള്ള “കുടുംബ വൃക്ഷം” സദാ പുതിയ രൂപം കൈക്കൊള്ളുന്നു. ഉദാഹരണത്തിന്, ഏറെയടുത്ത കാലത്തെ ഒരു ഫോസിൽ കണ്ടുപിടിത്തം, “എല്ലാ ആദിമ ഫോസിലുകളെയും പരിണാമപരമായ മാറ്റത്തിന്റെ കൃത്യമായ ക്രമത്തിൽ അടുക്കിവെക്കാൻ കഴിയുമെന്ന ആശയത്തെ കുപ്പയിൽ തള്ളുന്നു”വെന്ന് റിച്ചർഡ് ലീക്കി പ്രസ്താവിച്ചു.19 ആ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള ഒരു പത്ര റിപ്പോർട്ട് ഇങ്ങനെ പ്രഖ്യാപിച്ചു: “നരവംശശാസ്ത്രത്തെ കുറിച്ചുള്ള സകല പുസ്തകങ്ങളും മനുഷ്യ പരിണാമത്തെ കുറിച്ചുള്ള സകല ലേഖനങ്ങളും മനുഷ്യന്റെ കുടുംബ വൃക്ഷത്തിന്റെ സകല ചിത്രങ്ങളും ചവറ്റുകൊട്ടയിൽ തള്ളിയേ പറ്റൂ. അവ തെറ്റാണെന്നുള്ളതു വ്യക്തമാണ്.”20
15 മനുഷ്യപരിണാമം ചിത്രീകരിക്കുന്ന സൈദ്ധാന്തിക കുടുംബ വൃക്ഷം ഉപേക്ഷിക്കപ്പെട്ട മുന്നംഗീകൃത “കണ്ണികൾ”കൊണ്ട് അലങ്കോലപ്പെട്ടിരിക്കുന്നു. “മനുഷ്യൻ എങ്ങനെയുണ്ടായി എന്നതു സംബന്ധിച്ച സിദ്ധാന്തങ്ങൾ അവയുടെ വിഷയത്തെക്കാളുപരി ആവിഷ്കർത്താവിനെക്കുറിച്ചു പറയാൻ ചായ്വുകാണിക്കുന്നതുകൊണ്ട്” പരിണാമ ശാസ്ത്രത്തിൽ “ഊഹാപോഹത്തിനു ധാരാളം ഇടമുണ്ട് . . . മിക്കപ്പോഴും ഒരു പുതിയ തലയോടു കണ്ടെത്തുന്നയാൾ തന്റെ കണ്ടുപിടിത്തത്തെ മനുഷ്യനിലേക്കു നയിക്കുന്ന മധ്യ രേഖയിലും മറ്റുള്ളവർ കണ്ടെത്തിയ തലയോടുകൾ എങ്ങുംകൊണ്ടെത്തിക്കാത്ത പാർശ്വരേഖകളിലും വരത്തക്കവിധത്തിൽ മനുഷ്യന്റെ കുടുംബ വൃക്ഷത്തെ മാറ്റിവരയ്ക്കുന്നതായി തോന്നുന്നു”വെന്ന് ദ ന്യൂയോർക്ക് ടൈംസിലെ ഒരു മുഖപ്രസംഗം പ്രസ്താവിച്ചു.21
16. രണ്ടു ശാസ്ത്രജ്ഞന്മാർ അവരുടെ പുസ്തകത്തിൽ പരിണാമത്തിന്റെ കുടുംബ വൃക്ഷത്തെ ഒഴിവാക്കിയിരിക്കുന്നത് എന്തുകൊണ്ട്?
16 നൈൽസ് എൽഡ്രെഡ്ജ്, ഇയാൻ റ്റാറ്റെർസോൾ എന്നീ പരിണാമവാദികൾ എഴുതിയ മനുഷ്യപരിണാമ കെട്ടുകഥകൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തെ കുറിച്ച് നിരൂപണം നടത്തവെ, ഗ്രന്ഥകർത്താക്കൾ ഏതൊരു പരിണാമ കുടുംബ വൃക്ഷത്തെയും ഒഴിവാക്കിയിരിക്കുന്നതായി ഡിസ്കവർ മാസിക പ്രസ്താവിച്ചു. എന്തുകൊണ്ട്? “മനുഷ്യവർഗത്തിന്റെ വംശപരമ്പരയിലുൾപ്പെടുന്ന കണ്ണികളെ ഊഹിച്ചെടുക്കാനേ പറ്റൂ” എന്നു സൂചിപ്പിച്ചശേഷം മാസിക ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യൻ തന്റെ വംശപരമ്പരയ്ക്കുവേണ്ടി തിരയുന്നത് വെറുതെയാണെന്ന് എൽഡ്രെഡ്ജും റ്റാറ്റെർസോളും ഊന്നിപ്പറയുന്നു. . . . തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ ‘മനുഷ്യപൂർവികരും മനുഷ്യനും അടങ്ങുന്ന ജീവിവർഗത്തിന്റെ കൂടുതൽ ഫോസിലുകൾ കണ്ടെത്തുന്നതോടെ മനുഷ്യ പരിണാമത്തിന്റെ കഥ കൂടുതൽ വ്യക്തമായിത്തീരുമെന്ന് ഒരുവന് ഉറപ്പായി പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഏതെങ്കിലും തെളിവുകൾ ലഭിച്ചെങ്കിൽത്തന്നെ വിപരീതമാണു സംഭവിച്ചിരിക്കുന്നത്’ എന്ന് അവർ വാദിക്കുന്നു.”
17, 18. (എ) “നഷ്ടമായി” എന്നു ചില പരിണാമവാദികൾ കരുതുന്നതിനെ എങ്ങനെ ‘കണ്ടെത്താ’ൻ കഴിയും? (ബി) ഫോസിൽ രേഖ ഇതിനെ സ്ഥിരീകരിക്കുന്നതെങ്ങനെ?
17 ഡിസ്കവർ ഇങ്ങനെ നിഗമനം ചെയ്തു: “മനുഷ്യവർഗവും എല്ലാ ജീവിവർഗങ്ങളും ഒരു തരത്തിൽ അനാഥരായി നിലകൊള്ളും, അവരുടെ മാതാപിതാക്കൾ എങ്ങനെയിരുന്നു എന്നതിന്റെ എല്ലാ തെളിവുകളും ഭൂതകാലത്തിന്റെ ശവക്കുഴിയിൽ നഷ്ടമായി.”22 ഒരുപക്ഷേ പരിണാമസിദ്ധാന്തത്തിന്റെ വീക്ഷണത്തിൽ “നഷ്ടമായി”രിക്കാം. എന്നാൽ, ഉല്പത്തിയിലെ വിവരണം നമ്മുടെ മാതാപിതാക്കളെ അവർ ഫോസിൽ രേഖയിൽ ആയിരിക്കുന്നതുപോലെതന്നെ—നമ്മെപ്പോലെ തന്നെ മുഴു മനുഷ്യരായി—‘കണ്ടെത്തി’യിട്ടില്ലേ?
18 ഫോസിൽ രേഖ, ആൾക്കുരങ്ങുകൾക്കും മനുഷ്യർക്കും വ്യതിരിക്തവും വേറിട്ടതുമായ ഉത്ഭവമാണുള്ളതെന്നു വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് ആൾക്കുരങ്ങിനെപ്പോലുള്ള മൃഗങ്ങളുമായുള്ള മനുഷ്യന്റെ ബന്ധം കാണിക്കുന്ന ഫോസിൽ തെളിവുകളൊന്നും ഇല്ലാത്തത്. വാസ്തവത്തിൽ, കണ്ണികൾ അവിടെ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല.
അവ എങ്ങനെ കാണപ്പെട്ടു?
19, 20. “കുരങ്ങു-മനുഷ്യ”രുടെ ചിത്രങ്ങൾ എന്തിനെ അടിസ്ഥാനമാക്കിയുള്ളവയാണ്?
19 മനുഷ്യന്റെ പൂർവികർ ആൾക്കുരങ്ങിനെപ്പോലെ അല്ലായിരുന്നെങ്കിൽപ്പിന്നെ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും കാഴ്ചബംഗ്ലാവുകളിലും “കുരങ്ങു-മനുഷ്യ”രുടെ ചിത്രങ്ങളുടെയും പകർപ്പുകളുടെയും ഒരു പ്രളയംതന്നെ ഉള്ളതെന്തുകൊണ്ട്? ഇവ എന്തിനെ അടിസ്ഥാനമാക്കിയുള്ളവയാണ്? വർഗജീവശാസ്ത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം ഉത്തരം നൽകുന്നു: “അത്തരം പുനഃനിർമിതികൾക്ക് മാംസവും രോമവുമെല്ലാം ഭാവനയെ ആശ്രയിച്ചു നൽകേണ്ടിയിരിക്കുന്നു.” അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ത്വക്കിന്റെ നിറം; രോമത്തിന്റെ നിറം, ഘടന, അത് എവിടെയെല്ലാം കാണപ്പെടുന്നു എന്നത്; അവയവങ്ങളുടെ രൂപം; മുഖത്തിന്റെ ആകാരസവിശേഷത—ഈ പ്രത്യേകതകൾ സംബന്ധിച്ച് ഏതു ചരിത്രാതീത മനുഷ്യരുടെയും കാര്യത്തിൽ നമുക്കു യാതൊന്നും അറിഞ്ഞുകൂടാ.”23
20 സയൻസ് ഡൈജസ്റ്റും ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബഹുഭൂരിപക്ഷം കലാകാരൻമാരുടെയും ആശയങ്ങൾ തെളിവുകളെക്കാൾ അധികമായി ഭാവനയെ അടിസ്ഥാനമാക്കിയുള്ളവയാണ്. . . . കലാകാരൻമാർ ആൾക്കുരങ്ങിനും മനുഷ്യനും ഇടയിലുള്ള ഒരു ജീവിയെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു; സാമ്പിൾ എത്രയേറെ പഴക്കമുള്ളതാണെന്നു പറയപ്പെടുന്നുവോ അത്രയേറെ അവർ അതിനെ ആൾക്കുരങ്ങിന്റെ സാദൃശ്യത്തിൽ നിർമിക്കുന്നു.”24 ഫോസിൽ വേട്ടക്കാരനായ ഡൊണാൾഡ് യൊഹാൻസൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “മനുഷ്യപൂർവികരും മനുഷ്യനും അടങ്ങുന്ന ജീവിവർഗത്തിൽ വംശനാശം സംഭവിച്ചുപോയവയൊന്നും കേവലം എങ്ങനെയാണിരുന്നതെന്ന് ആർക്കും തീർച്ചയുണ്ടായിരിക്കാനാവില്ല.”25
21. “കുരങ്ങു-മനുഷ്യ”രുടെ ചിത്രങ്ങൾ വാസ്തവത്തിൽ എന്താണ്?
21 വാസ്തവത്തിൽ, “നമ്മുടെ സിദ്ധാന്തത്തെ ഭാവനാലോകത്തിനു വെളിയിൽ കൊണ്ടുവരുന്നതിനു മതിയായ തെളിവ് ഫോസിലുകൾ” നൽകുന്നില്ലെന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്തു.26 അതുകൊണ്ട് “കുരങ്ങു-മനുഷ്യ”രുടെ ചിത്രങ്ങൾ, ഒരു പരിണാമവാദി സമ്മതിച്ചതുപോലെ, “മിക്ക വിശദാംശങ്ങളിലും തനി സങ്കൽപ്പം . . . വെറും കണ്ടുപിടിത്തം” ആണ്.27 അതിനാൽ മനുഷ്യനും ദൈവവും മന്ത്രവാദവും (ഇംഗ്ലീഷ്) എന്നതിൽ ഇവാർ ലിസ്നെർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പ്രാകൃത മനുഷ്യർ അവശ്യം വന്യജീവികളല്ലായിരുന്നുവെന്ന് നാം സാവകാശം മനസ്സിലാക്കി വരുന്നതുപോലെ ഹിമയുഗത്തിലെ ആദ്യമനുഷ്യർ വന്യമൃഗങ്ങളോ അർധ കുരങ്ങൻമാരോ മന്ദബുദ്ധികളോ ആയിരുന്നില്ല എന്ന് തിരിച്ചറിയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് നിയാണ്ടർത്താൽ മനുഷ്യനെയോ പീക്കിംഗ് മനുഷ്യനെയോ പുനഃനിർമിക്കാനുള്ള എല്ലാ ശ്രമങ്ങളും അനിർവചനീയമാംവണ്ണം മൗഢ്യമാണ്.”28
22. പരിണാമത്തിന്റെ പല അനുകൂലികളും കബളിപ്പിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
22 “കുരങ്ങു-മനുഷ്യ”രെക്കുറിച്ചുള്ള തെളിവു കണ്ടെത്താനുള്ള അഭിലാഷം നിമിത്തം ചില ശാസ്ത്രജ്ഞന്മാർ തനി വഞ്ചനയിൽ അകപ്പെട്ടുപോയിട്ടുണ്ട്, 1912-ലെ പിൽറ്റ്ഡൗൺ മനുഷ്യന്റെ കാര്യമെടുക്കാം. പരിണാമ സമുദായത്തിലെ മിക്കവരും ഏതാണ്ട് 40 വർഷത്തോളം അതിനെ യഥാർഥമാണെന്നു കരുതി അംഗീകരിച്ചു. ഒടുവിൽ, മനുഷ്യന്റെയും ആൾക്കുരങ്ങിന്റെയും അസ്ഥികൾ കൂട്ടിച്ചേർത്ത് കൃത്രിമമായി പഴക്കം തോന്നിപ്പിച്ചതായിരുന്നുവെന്ന് 1953-ൽ ആധുനിക സാങ്കേതികവിദ്യകൾ വെളിപ്പെടുത്തിയപ്പോൾ കള്ളി വെളിച്ചത്തായി. മറ്റൊരു സന്ദർഭത്തിൽ ആൾക്കുരങ്ങിനെപ്പോലുള്ള ഒരു “വിട്ടുപോയ കണ്ണി” വരച്ച് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അവതരിപ്പിച്ചു. എന്നാൽ വംശനാശം സംഭവിച്ച ഒരു പന്നി വർഗത്തിന്റെ ഒരു പല്ലു മാത്രമേ ‘തെളിവാ’യി ഉണ്ടായിരുന്നുള്ളൂവെന്നു പിന്നീടു സമ്മതിച്ചു.29
അവ എന്തായിരുന്നു?
23. മനുഷ്യരുടെ പൂർവികരുടേതെന്ന് അനുമാനിക്കപ്പെട്ടിരുന്ന ചില ഫോസിലുകൾ വാസ്തവത്തിൽ എന്തായിരുന്നു?
23 “കുരങ്ങു-മനുഷ്യ”ന്റെ പുനഃനിർമിതികൾ അടിസ്ഥാനരഹിതമാണെങ്കിൽ, കണ്ടെത്തപ്പെട്ടിട്ടുള്ള ആ ഫോസിൽ അസ്ഥികൾ ഏതു പുരാതന ജീവികളുടേത് ആയിരുന്നു? മനുഷ്യന്റെ വംശപരമ്പരയിൽ ഉൾപ്പെടുന്നതായി അവകാശപ്പെടുന്ന ഈ ഏറ്റവും ആദിമ സസ്തനങ്ങളിലൊന്ന്, ഏതാണ്ട് 7 കോടി വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നതായി പറയപ്പെടുന്ന കരണ്ടുതീനിയെപ്പോലുള്ള ഒരു ചെറിയ ജന്തുവാണ്. ലൂസി: മനുഷ്യവർഗത്തിന്റെ തുടക്കങ്ങൾ (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്തകത്തിൽ ഡൊണാൾഡ് യൊഹാൻസനും മെയ്റ്റ്ലൻഡ് എഡിയും ഇങ്ങനെ എഴുതി: “ഏതാണ്ട് അണ്ണാന്റെ വലുപ്പവും ആകൃതിയുമുള്ള കീടഭോജികളായ നാൽക്കാലികളായിരുന്നു അവ.”30 റിച്ചർഡ് ലീക്കി ആ സസ്തനത്തെ “എലിയെപ്പോലുള്ള പ്രൈമേറ്റ്” എന്നു വിളിച്ചു.31 എന്നാൽ ഈ ചെറു ജന്തുക്കൾ മനുഷ്യരുടെ പൂർവികരായിരുന്നു എന്നതിന് ഏതെങ്കിലും ഈടുറ്റ തെളിവുണ്ടോ? ഇല്ല, മറിച്ച് അതു വെറും സങ്കൽപ്പമാണ്. യാതൊരു പരിവർത്തന ഘട്ടങ്ങളും അവയെ അവയായിരുന്ന കരണ്ടുതീനിയെപ്പോലുള്ള ചെറിയ സസ്തനങ്ങളോടല്ലാതെ മറ്റെന്തിനോടെങ്കിലും ഒരിക്കലും ബന്ധിപ്പിച്ചിട്ടില്ല.
24. ഇജിപ്റ്റോപിത്തിക്കസിനെ മനുഷ്യരുടെ ഒരു പൂർവികനായി സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ എന്തു പ്രശ്നങ്ങളാണ് ഉയർന്നുവരുന്നത്?
24 പൊതുവേ അംഗീകരിക്കപ്പെടുന്ന ലിസ്റ്റിൽ അടുത്തതായി, ഏതാണ്ട് 4 കോടി വർഷത്തെ അംഗീകൃത വിടവിനുശേഷം ഈജിപ്തിൽ കണ്ടെത്തുകയും ഇജിപ്റ്റോപിത്തിക്കസ്—ഈജിപ്ത് ആൾക്കുരങ്ങ്—എന്നു പേരിടുകയും ചെയ്ത ഫോസിലുകളാണുള്ളത്. ഈ ജീവി ഏതാണ്ട് 3 കോടി വർഷത്തിനു മുമ്പ് ജീവിച്ചിരുന്നതായി പറയപ്പെടുന്നു. മാസികകളും പത്രങ്ങളും പുസ്തകങ്ങളും പിൻവരുന്നതുപോലുള്ള തലക്കെട്ടുകളോടുകൂടി ഈ കൊച്ചു ജീവിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു: “നമ്മുടെ പൂർവികൻ കുരങ്ങിനെപ്പോലുള്ള ജീവിയായിരുന്നു.” (ടൈം)32 “മനുഷ്യന്റെയും ആൾക്കുരങ്ങുകളുടെയും പൊതു പൂർവികൻ എന്നു വിളിക്കപ്പെട്ട കുരങ്ങിനെപ്പോലുള്ള ആഫ്രിക്കൻ പ്രൈമേറ്റ്.” (ദ ന്യൂയോർക്ക് ടൈംസ്)33 “നമ്മുടെയും ജീവിച്ചിരിക്കുന്ന ആൾക്കുരങ്ങുകളുടെയും ഒരു പൂർവികനാണ് ഇജിപ്റ്റോപിത്തിക്കസ്.” (ഉത്ഭവങ്ങൾ)34 എന്നാൽ അതിനും അതിനു മുമ്പുള്ള കരണ്ടുതീനിക്കും ഇടയിലുള്ള കണ്ണികളെവിടെ? പരിണാമ ശ്രേണിയിൽ അതിനു ശേഷം പ്രതിഷ്ഠിച്ചിരിക്കുന്നതുമായി അതിനെ ബന്ധിപ്പിക്കുന്ന കണ്ണികളെവിടെ? ഒന്നും കണ്ടെത്തിയിട്ടില്ല.
“കുരങ്ങു-മനുഷ്യ”രുടെ ഉദയവും പതനവും
25, 26. (എ) രാമാപിത്തിക്കസിനെക്കുറിച്ച് എന്ത് അവകാശവാദമാണുള്ളത്? (ബി) ഏതു ഫോസിൽ തെളിവിന്റെ അടിസ്ഥാനത്തിലാണ് അതിനെ ഒരു “കുരങ്ങുമനുഷ്യ”ന്റെ രൂപത്തിൽ പുനഃനിർമിച്ചത്?
25 ഫോസിൽ രേഖയിലെ മറ്റൊരു അംഗീകൃത വൻ വിടവിനുശേഷം മനുഷ്യനോടു സാദൃശ്യമുള്ള ആദ്യത്തെ ആൾക്കുരങ്ങെന്ന നിലയിൽ മറ്റൊരു ഫോസിൽ ജീവിയെ അവതരിപ്പിക്കുകയുണ്ടായി. അത് ഏതാണ്ട് 1 കോടി 40 ലക്ഷം വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്നതായി പറയപ്പെട്ടു, അതിനെ രാമാപിത്തിക്കസ്—രാമന്റെ ആൾക്കുരങ്ങ് (രാമൻ ഭാരതീയ പുരാണത്തിലെ ഒരു രാജകുമാരനായിരുന്നു)—എന്നു വിളിച്ചു. അതിന്റെ ഫോസിലുകൾ ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ് ഭാരതത്തിൽ കണ്ടെത്തപ്പെട്ടു. ഈ ഫോസിലുകളിൽനിന്ന് ഇരുകാലിൽ നിവർന്നു നിൽക്കുന്ന, ആൾക്കുരങ്ങിനെപ്പോലുള്ള ഒരു ജീവിയെ നിർമിച്ചു. അതിനെക്കുറിച്ച് ഉത്ഭവങ്ങൾ ഇപ്രകാരം പ്രസ്താവിച്ചു: “ഒരുവന് ഇപ്പോൾ പറയാൻ കഴിയുന്നിടത്തോളം, അത് മനുഷ്യ കുടുംബത്തിലെ ആദ്യ പ്രതിനിധിയാണ്.”35
26 ഈ നിഗമനത്തിലെത്തുന്നതിനുള്ള ഫോസിൽ തെളിവ് എന്തായിരുന്നു? അതേ പ്രസിദ്ധീകരണം ഇങ്ങനെ അഭിപ്രായപ്പെട്ടു: “രാമാപിത്തിക്കസിനെക്കുറിച്ച് ഗണ്യമായ തെളിവുണ്ട്—എങ്കിലും വാസ്തവത്തിൽ അത് നിരാശപ്പെടുത്തുംവിധം കുറവായിത്തന്നെയിരിക്കുന്നു: മേൽത്താടിയുടെയും കീഴ്ത്താടിയുടെയും ശകലങ്ങളും പിന്നെ കുറെ പല്ലുകളും.”36 മനുഷ്യന്റെ പൂർവികനായ നിവർന്നുനിൽക്കുന്ന “കുരങ്ങു-മനുഷ്യ”നെ പുനഃനിർമിക്കാൻ പോന്നവിധം ‘ഗണ്യമായ തെളിവാ’യിരുന്നു അതെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? എങ്കിലും മിക്കവാറും സാങ്കൽപ്പികമായ ഈ ജീവിയെ കലാകാരൻമാർ ഒരു “കുരങ്ങു-മനുഷ്യ”നായി വരച്ചു. പരിണാമ സാഹിത്യത്തിൽ അതിന്റെ ചിത്രങ്ങളുടെ ഒരു പ്രളയം തന്നെ സൃഷ്ടിക്കപ്പെട്ടു—എല്ലാം ആ താടിയെല്ലുകളുടെ ശകലങ്ങളെയും പല്ലുകളെയും ആധാരമാക്കിയുള്ളവ! എന്നിട്ടും, ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തതുപോലെ രാമാപിത്തിക്കസ് പതിറ്റാണ്ടുകളോളം “മനുഷ്യപരിണാമ വൃക്ഷച്ചുവട്ടിൽ മറ്റെന്തിനെയും പോലെ സുരക്ഷിതമായി ഇരിപ്പുറപ്പിച്ചു.”37
27. പിന്നീടു ലഭിച്ച തെളിവ് രാമാപിത്തിക്കസിനെക്കുറിച്ച് എന്തു തെളിയിച്ചു?
27 എന്നാൽ, ഇപ്പോൾ സ്ഥിതിഗതികൾ വളരെയേറെ മാറിയിരിക്കുന്നു. അടുത്തകാലത്തെ കൂടുതൽ പൂർണമായ ഫോസിൽ കണ്ടുപിടിത്തങ്ങൾ രാമാപിത്തിക്കസിന് ഇന്നത്തെ ആൾക്കുരങ്ങു കുടുംബത്തോട് അടുത്ത സാദൃശ്യമുള്ളതായി വെളിപ്പെടുത്തി. അതുകൊണ്ട് ന്യൂ സയന്റിസ്റ്റ് ഇപ്പോൾ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “രാമാപിത്തിക്കസ് മനുഷ്യന്റെ വംശപരമ്പരയിലെ ആദ്യത്തെ അംഗം ആയിരുന്നിരിക്കാൻ യാതൊരു സാധ്യതയുമില്ല.”38 അത്തരം പുതിയ വിവരങ്ങൾ നാച്ച്വറൽ ഹിസ്റ്ററി മാഗസിനെ പിൻവരുന്ന ചോദ്യം തൊടുത്തുവിടാൻ പ്രേരിപ്പിച്ചു: “അറിയപ്പെടുന്ന ഒരു ശ്രോണിയോ കൈകാലുകളുടെ അസ്ഥികളോ തലയോടോ ഇല്ലാതെ പല്ലുകളിൽനിന്നും താടിയെല്ലുകളിൽനിന്നും മാത്രം പുനഃനിർമിക്കപ്പെട്ട രാമാപിത്തിക്കസ് . . . ഈ മനുഷ്യപരിണാമ പ്രയാണത്തിലേക്കു പതുങ്ങി കടന്നതെങ്ങനെ?”39 വാസ്തവത്തിൽ തെളിവില്ലാത്ത ഒരു കാര്യത്തിന് തെളിവുണ്ട് എന്നു സ്ഥാപിക്കാനുള്ള അത്തരമൊരു ശ്രമം വെറും സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമാണ്.
28, 29. ആസ്ട്രലോപിത്തിക്കസിനെക്കുറിച്ച് എന്ത് അവകാശവാദമാണ് നടത്തിയത്?
28 മറ്റൊരു വൻ വിടവുള്ളത് ആ ജീവിക്കും “കുരങ്ങു-മനുഷ്യ” പൂർവികനെന്ന നിലയിൽ അടുത്തതായി പട്ടികപ്പെടുത്തിയിരുന്നതിനും ഇടയിലാണ്. ഇതിനെ ആസ്ട്രലോപിത്തിക്കസ്—തെക്കൻ ആൾക്കുരങ്ങ്—എന്നു വിളിക്കുന്നു. അതിന്റെ ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത് 1920-കളിൽ ആഫ്രിക്കയുടെ തെക്കുഭാഗത്താണ്. അതിന് ആൾക്കുരങ്ങിന്റേതുപോലുള്ള ഒരു ചെറിയ തലയോടും ഭാരിച്ച താടിയെല്ലും ഉണ്ടായിരുന്നു. ഇരുകാലിൽ നടക്കുന്ന, കൂനുള്ള, രോമാവൃതമായ, ആൾക്കുരങ്ങിനെപ്പോലിരിക്കുന്ന ഒരു ജീവിയായി അതു ചിത്രീകരിക്കപ്പെട്ടു. ഏതാണ്ട് മുപ്പതോ നാൽപ്പതോ ലക്ഷം വർഷങ്ങൾക്കു മുമ്പുമുതൽ അത് അസ്തിത്വത്തിൽ ഉണ്ടായിരുന്നതായി പറയപ്പെട്ടു. കാലക്രമത്തിൽ, മിക്കവാറുമെല്ലാ പരിണാമവാദികളും അതിനെ മനുഷ്യന്റെ പൂർവികനായി അംഗീകരിച്ചു.
29 ഉദാഹരണത്തിന്, ദ സോഷ്യൽ കോൺട്രാക്റ്റ് എന്ന പുസ്തകം ഇപ്രകാരം സൂചിപ്പിച്ചു: “ഒന്നോ രണ്ടോ പേരൊഴിച്ച് ഈ മേഖലയിലെ സമർഥരായ എല്ലാ അന്വേഷകരും ആസ്ട്രലോപിത്തസൈനുകൾ . . . മനുഷ്യന്റെ യഥാർഥ പൂർവികരാണെന്ന് ഇപ്പോൾ സമ്മതിക്കുന്നു.”40ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം പ്രഖ്യാപിച്ചു: “ആസ്ട്രലോപിത്തിക്കസ് ആണ് . . . ക്രമേണ ഹോമോ സാപ്പിയൻസ് അഥവാ ആധുനിക മനുഷ്യൻ ആയി പരിണമിച്ചത്.”41മനുഷ്യൻ, കാലം, ഫോസിലുകൾ (ഇംഗ്ലീഷ്) എന്നതിൽ രൂത്ത് മോർ ഇപ്രകാരം പറഞ്ഞു: “ദീർഘനാളായി അറിയാൻപാടില്ലാതിരുന്ന തങ്ങളുടെ ആദിമ പൂർവികരെ മനുഷ്യർ ഒടുവിൽ കണ്ടുമുട്ടി എന്ന് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നു.” അവർ ഇങ്ങനെ ഉറപ്പിച്ചു പറഞ്ഞു: “തെളിവുകൾ ധാരാളമുണ്ടായിരുന്നു . . . ദീർഘനാളുകൾക്കു ശേഷം വിട്ടുപോയ കണ്ണി കണ്ടെത്തി.”42
30, 31. പിന്നീടു ലഭിച്ച തെളിവ് ആസ്ട്രലോപിത്തിക്കസിനെക്കുറിച്ച് എന്തു പ്രകടമാക്കുന്നു?
30 എന്നാൽ ഏതൊരു അവകാശവാദത്തിന്റെ കാര്യത്തിലും തെളിവ് യഥാർഥത്തിൽ ദുർബലമോ നിലവിലില്ലാത്തതോ തനി വഞ്ചനയിൽ അടിസ്ഥാനപ്പെട്ടതോ ആയിരിക്കുമ്പോൾ ഇന്നല്ലെങ്കിൽ നാളെ ആ അവകാശവാദം പൊട്ടിപ്പൊളിയുന്നു. സാങ്കൽപ്പിക “കുരങ്ങു-മനുഷ്യ”രുടെ പഴയ പല ഉദാഹരണങ്ങളുടെയും കാര്യത്തിൽ ഇതാണു സംഭവിച്ചത്.
31 ആസ്ട്രലോപിത്തിക്കസിന്റെ സംഗതിയിലും അതുതന്നെ സംഭവിച്ചു. “കുറഞ്ഞ മസ്തിഷ്ക പ്രാപ്തിയുടെ കാര്യത്തിൽ മാത്രമല്ല മറ്റു പല വിധങ്ങളിലും” അതിന്റെ തലയോട് “മനുഷ്യരുടേതിൽനിന്നു വ്യത്യസ്തമായിരുന്നു” എന്ന് കൂടുതലായ ഗവേഷണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.43 ശരീരഘടനാശാസ്ത്രജ്ഞനായ സുക്കർമാൻ എഴുതി: “മനുഷ്യന്റെയും ആൾക്കുരങ്ങിന്റെയും തലയോടുകളുമായി താരതമ്യംചെയ്യുമ്പോൾ ആസ്ട്രലോപിത്തസൈന്റെ തലയോട് തികച്ചും ആൾക്കുരങ്ങിന്റേതു പോലെയാണ്—മനുഷ്യന്റേതുപോലെയല്ല. മറിച്ചുള്ള ഏതൊരു വാദവും കറുപ്പ് വെളുപ്പാണെന്ന് തറപ്പിച്ചു പറയുന്നതിനു തുല്യമാണ്.”44 അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “ആസ്ട്രലോപിത്തിക്കസിന് ഹോമോ സാപ്പിയൻസിനോടല്ല, പിന്നെയോ ജീവിച്ചിരിക്കുന്ന കുരങ്ങുകളോടും ആൾക്കുരങ്ങുകളോടുമാണു സാദൃശ്യം എന്ന് . . . ഞങ്ങളുടെ കണ്ടുപിടിത്തങ്ങൾ സംശയലേശമെന്യേ തെളിയിച്ചിരിക്കുന്നു.”45 ഡൊണാൾഡ് യൊഹാൻസനും ഇപ്രകാരം പറഞ്ഞു: “ആസ്ട്രലോപിത്തസൈനുകൾ . . . മനുഷ്യർ ആയിരുന്നില്ല.”46 സമാനമായി, “നമ്മുടെ നേരിട്ടുള്ള പൂർവികർ ആസ്ട്രലോപിത്തസൈനുകളുടെ പരിണാമ പിൻഗാമികളായിരിക്കാൻ സാധ്യതയില്ലെ”ന്ന് റിച്ചർഡ് ലീക്കി പറഞ്ഞു.47
32. അത്തരം ജീവികൾ ഇപ്പോഴും ജീവിച്ചിരിക്കുന്നെങ്കിൽ അവയെ എങ്ങനെ കണക്കാക്കും?
32 ആസ്ട്രലോപിത്തസൈനുകളിൽ ഏതിനെയെങ്കിലും ഇന്നു ജീവനോടെ കണ്ടെത്തുകയാണെങ്കിൽ അതിനെ മറ്റ് ആൾക്കുരങ്ങുകളുടെ കൂടെ മൃഗശാലകളിൽ ആക്കും. ആരും അവയെ “കുരങ്ങു-മനുഷ്യർ” എന്നു വിളിക്കുകയില്ല. അതിനോടു സാദൃശ്യമുള്ള മറ്റു ഫോസിൽ “ബന്ധുക്കളു”ടെ കാര്യത്തിലും ഇതുതന്നെ സത്യമാണ്. അത്തരത്തിലുള്ള ഒന്നാണ് “ലൂസി” എന്നു വിളിക്കപ്പെടുന്ന വലിപ്പം കുറഞ്ഞ ഒരിനം ആസ്ട്രലോപിത്തസൈൻ. അതിനെക്കുറിച്ച് റോബർട്ട് ജാസ്റ്റ്രോ പറയുന്നു: “മനുഷ്യ മസ്തിഷ്കവുമായി താരതമ്യം ചെയ്യുമ്പോൾ ഈ മസ്തിഷ്കം അത്ര വലുതായിരുന്നില്ല; വാസ്തവത്തിൽ അതിന് മനുഷ്യ മസ്തിഷ്കത്തിന്റെ മൂന്നിലൊന്നു വലുപ്പമേ ഉണ്ടായിരുന്നുള്ളൂ.”48 സ്പഷ്ടമായും അതും വെറുമൊരു “ആൾക്കുരങ്ങ്” ആയിരുന്നു. വാസ്തവത്തിൽ, “ലൂസി”ക്ക് “ചിമ്പാൻസിയുടേതിനോടു വളരെ സാമ്യമുള്ള” ഒരു തലയോടാണ് ഉണ്ടായിരുന്നതെന്ന് ന്യൂ സയന്റിസ്റ്റ് പറഞ്ഞു.49
33. ഏതു ഫോസിൽ ഇനം മനുഷ്യന്റേതായിരുന്നിരിക്കാം, അല്ലെങ്കിൽ അല്ലായിരുന്നിരിക്കാം?
33 മറ്റൊരു ഫോസിൽ ഇനത്തെ ഹോമോ ഇറക്റ്റസ്—നിവർന്നുനിൽക്കുന്ന മനുഷ്യൻ—എന്നു വിളിക്കുന്നു. അതിന്റെ മസ്തിഷ്കത്തിന്റെ വലുപ്പവും ആകൃതിയും ആധുനിക മനുഷ്യരുടെ ഇടയിലെ വലുപ്പം കുറഞ്ഞ മസ്തിഷ്കത്തിന്റേതിനോടു സമാനമാണ്. കൂടാതെ, “ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള കൈകാലുകളുടെ അസ്ഥികൾ ഹോ[മോ] സാപ്പിയൻസിന്റേതിൽനിന്നു വേർതിരിച്ചറിയാൻ കഴിയാത്തവയായിരുന്നിട്ടുണ്ടെ”ന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിച്ചു.”50 എന്നിരുന്നാലും, അത് മനുഷ്യനായിരുന്നോ അല്ലയോ എന്നതു വ്യക്തമല്ല. ആയിരുന്നെങ്കിൽത്തന്നെ അത് മനുഷ്യകുടുംബത്തിന്റെ ഒരു ശാഖ മാത്രം ആയിരുന്നു. കാലക്രമേണ അന്യംനിന്നുപോയ ഒരു ശാഖ.
മനുഷ്യകുടുംബം
34. നിയാണ്ടർത്താൽ മനുഷ്യനെക്കുറിച്ചുള്ള ആശയങ്ങൾക്കു മാറ്റംവന്നിരിക്കുന്നതെങ്ങനെ?
34 നിയാണ്ടർത്താൽ മനുഷ്യൻ (ആദ്യ ഫോസിൽ കണ്ടെത്തിയ ജർമനിയിലെ നിയാണ്ടർ ജില്ലയുടെ പേരാണ് ഇതിനിട്ടിരിക്കുന്നത്) മനുഷ്യനായിരുന്നു എന്നതിനു സംശയമില്ല. ആദ്യമൊക്കെ അവൻ കൂനുള്ളവനും മൗഢ്യലക്ഷണമുള്ളവനും രോമാവൃതനും ആൾക്കുരങ്ങിനെപ്പോലുള്ളവനും ആയി ചിത്രീകരിക്കപ്പെട്ടു. ഈ തെറ്റായ പുനഃനിർമിതി, രോഗംബാധിച്ച് വല്ലാതെ വികൃതമായ ഒരു ഫോസിൽ അസ്ഥികൂടത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നുവെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ആ മനുഷ്യർ ആധുനിക മനുഷ്യരിൽനിന്നു വളരെയേറെ വ്യത്യസ്തർ ആയിരുന്നില്ലെന്നു സ്ഥിരീകരിക്കുന്ന അനേകം നിയാണ്ടർത്താൽ ഫോസിലുകൾ അതിനുശേഷം കണ്ടെത്തിയിട്ടുണ്ട്. ഹിമം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഫ്രെഡ് ഹോയ്ൽ പ്രസ്താവിച്ചു: “നിയാണ്ടർത്താൽ മനുഷ്യൻ ഏതെങ്കിലും പ്രകാരത്തിൽ നമ്മെക്കാൾ തരംതാണവൻ ആയിരുന്നുവെന്നതിനു യാതൊരു തെളിവുമില്ല.”51 അതിന്റെ ഫലമായി നിയാണ്ടർത്താലുകളുടെ അടുത്തകാലത്തെ ചിത്രങ്ങൾ കൂടുതൽ ആധുനിക ഭാവം കൈവരിച്ചിട്ടുണ്ട്.
35. ക്രോമാഗ്നൺ ഇനങ്ങൾ എന്തായിരുന്നു?
35 ശാസ്ത്ര സാഹിത്യത്തിൽ കൂടെക്കൂടെ കാണാറുള്ള മറ്റൊരു ഫോസിൽ ഇനമാണ് ക്രോമാഗ്നൺ മനുഷ്യൻ. അവന്റെ അസ്ഥികൾ ആദ്യമായി കുഴിച്ചെടുക്കപ്പെട്ട, ഫ്രാൻസിന്റെ തെക്കുഭാഗത്തുള്ള സ്ഥലത്തിന്റെ പേരാണ് അവനിട്ടിരിക്കുന്നത്. “ഏറ്റവും വലിയ സന്ദേഹവാദിക്കുപോലും അവർ മനുഷ്യരായിരുന്നുവെന്നു സമ്മതിക്കേണ്ടിവരത്തക്കവിധം” പ്രസ്തുത സാമ്പിളുകൾ “ഇന്നത്തേവയിൽനിന്ന് ഒട്ടും വേർതിരിച്ചറിയാൻ കഴിയാത്തവയായിരുന്നു”വെന്ന് ലൂസി എന്ന പുസ്തകം പറഞ്ഞു.52
36. ആൾക്കുരങ്ങിനോടു സമാനമായ കഴിഞ്ഞകാല ഫോസിലുകളെയും മനുഷ്യനോടു സമാനമായ ഫോസിലുകളെയും സംബന്ധിച്ച വസ്തുതകൾ എന്താണ്?
36 അങ്ങനെ, “കുരങ്ങു-മനുഷ്യ”രിലുള്ള വിശ്വാസം അടിസ്ഥാനരഹിതം ആണെന്നുള്ളതിനു വ്യക്തമായ തെളിവുണ്ട്. എന്നാൽ, ഏതൊരു മൃഗത്തിൽനിന്നും വേറിട്ടതും വ്യതിരിക്തവുമായ രീതിയിൽ സൃഷ്ടിക്കപ്പെട്ടതാണ് മനുഷ്യർ എന്നതിനുള്ള എല്ലാ തിരിച്ചറിയിക്കൽ അടയാളങ്ങളും അവർക്കുണ്ട്. മനുഷ്യർ അവരുടെ വർഗം അനുസരിച്ചു മാത്രം പ്രത്യുത്പാദനം നടത്തുന്നു. അവർ ഇന്ന് അങ്ങനെയാണു ചെയ്യുന്നത്, മുൻകാലങ്ങളിലും എല്ലായ്പോഴും അങ്ങനെയാണു ചെയ്തിട്ടുള്ളത്. കഴിഞ്ഞകാലത്തു ജീവിച്ചിരുന്ന ആൾക്കുരങ്ങിനെപ്പോലുള്ള ഏതു ജീവിയും വാസ്തവത്തിൽ അതുതന്നെ—ആൾക്കുരങ്ങുകളോ കുരങ്ങൻമാരോ—ആയിരുന്നു, മനുഷ്യരായിരുന്നില്ല. ഇന്നത്തെ മനുഷ്യരിൽനിന്നു ചെറിയ വ്യത്യാസമുള്ള പുരാതന മനുഷ്യരുടെ ഫോസിലുകൾ മനുഷ്യകുടുംബത്തിനുള്ളിലെ വൈവിധ്യത്തെ മാത്രമാണു പ്രകടമാക്കുന്നത്, തോളോടു തോളുരുമ്മി ജീവിക്കുന്ന വൈവിധ്യമാർന്ന അനേകം ആളുകൾ ഇന്നു നമ്മുടെയിടയിൽ ഉള്ളതുപോലെതന്നെ. വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള അസ്ഥികൂടങ്ങളോടെ ഏഴടി പൊക്കമുള്ളവരും കുറിയവരും നമ്മുടെയിടയിലുണ്ട്. എന്നാൽ എല്ലാവരും ഒരേ മനുഷ്യ“വർഗ”ത്തിൽ പെടുന്നു, മൃഗ“വർഗ”ത്തിലല്ല.
തീയതികൾ സംബന്ധിച്ചെന്ത്?
37. മനുഷ്യർ ഭൂമിയിൽ വന്നിട്ട് എത്ര നാളായെന്നാണു ബൈബിൾ കാലഗണന സൂചിപ്പിക്കുന്നത്?
37 മനുഷ്യരെ സൃഷ്ടിച്ചിട്ട് ഏതാണ്ട് 6,000 വർഷം പിന്നിട്ടിരിക്കുന്നുവെന്ന് ബൈബിൾ കാലഗണന സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, അംഗീകൃത മനുഷ്യഫോസിൽ ഇനങ്ങൾ പ്രത്യക്ഷമായിട്ട് വളരെ ദീർഘകാലഘട്ടങ്ങളായതായി നാം പലപ്പോഴും വായിക്കുന്നതെന്തുകൊണ്ട്?
38. റേഡിയോആക്ടീവ് ജീർണനം വഴി നിർണയിക്കപ്പെടുന്നതും ബൈബിൾ കാലഗണനയോടു ചേർച്ചയിലല്ലാത്തതുമായ തീയതികൾ ബൈബിൾ തെറ്റാണെന്നു തെളിയിക്കുന്നുണ്ടോ?
38 ബൈബിൾ കാലഗണന തെറ്റാണെന്നു നിഗമനം ചെയ്യുന്നതിനുമുമ്പ് റേഡിയോആക്ടീവ് കാലനിർണയ രീതികളെ ചില ശാസ്ത്രജ്ഞൻമാർ ശക്തമായി വിമർശിച്ചിരിക്കുന്നുവെന്ന കാര്യം പരിചിന്തിക്കുക. “റേഡിയോആക്ടീവ് ജീർണനം വഴി നിർണയിക്കപ്പെടുന്ന തീയതികൾ ഏതാനും വർഷങ്ങളുടെ വ്യത്യാസം മാത്രമല്ല, പിന്നെയോ നൂറായിരക്കണക്കിനു വർഷങ്ങളുടെ വ്യത്യാസം കാണിച്ചേക്കാ”മെന്നു പ്രകടമാക്കുന്ന പഠനങ്ങളെക്കുറിച്ച് ഒരു ശാസ്ത്ര ആനുകാലിക പ്രസിദ്ധീകരണം റിപ്പോർട്ടു ചെയ്തു. അതിങ്ങനെ പറഞ്ഞു: “മനുഷ്യൻ ഭൂമിയിൽ ചരിക്കാൻ തുടങ്ങിയിട്ട് 36 ലക്ഷം വർഷം ആയിരിക്കുന്നതിനുപകരം ഏതാനും ആയിരം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നു വരാം.”53
39. റേഡിയോകാർബൺ “ഘടികാരം” എല്ലായ്പോഴും ആശ്രയയോഗ്യമാണോ?
39 ഉദാഹരണത്തിന്, റേഡിയോകാർബൺ “ഘടികാരം”തന്നെ എടുക്കാം. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാർ രണ്ടു പതിറ്റാണ്ടു കാലഘട്ടംകൊണ്ട് വികസിപ്പിച്ചെടുത്തതാണ് ഈ റേഡിയോകാർബൺ കാലനിർണയരീതി. പുരാതന മനുഷ്യചരിത്രത്തിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പഴക്കം കൃത്യമായി നിർണയിക്കുന്നതിന് അതു പരക്കെ കൈയടി വാങ്ങി. അങ്ങനെയിരിക്കെ, കുറിപ്പുകൾ താരതമ്യംചെയ്യുന്നതിനുവേണ്ടി റേഡിയോരസതന്ത്രജ്ഞന്മാരും പുരാവസ്തുശാസ്ത്രജ്ഞന്മാരും ഭൂവിജ്ഞാനികളും ഉൾപ്പെടുന്ന ലോക വിദഗ്ധരുടെ ഒരു സമ്മേളനം സ്വീഡനിലെ അപ്പ്സലായിൽ വെച്ചു നടന്നു. അളവുകൾ അടിസ്ഥാനപ്പെട്ടിരുന്നത് ഏത് അടിസ്ഥാന അനുമാനങ്ങളിലാണോ ആ അനുമാനങ്ങൾ—കൂടിയതോ കുറഞ്ഞതോ ആയ അളവിൽ—ആശ്രയയോഗ്യമല്ലാത്തവയായി കണ്ടെത്തപ്പെട്ടുവെന്ന് അവരുടെ സമ്മേളന റിപ്പോർട്ടു കാണിച്ചു. ഉദാഹരണത്തിന്, കഴിഞ്ഞകാലത്ത് അന്തരീക്ഷത്തിലെ റേഡിയോആക്ടീവ് കാർബൺ രൂപീകരണ നിരക്ക് സ്ഥിരമല്ലായിരുന്നുവെന്നും പൊ.യു.മു. ഏതാണ്ട് 2,000-ത്തിനോ അതിനു മുമ്പോ ഉള്ള വസ്തുക്കളുടെ പഴക്കം നിർണയിക്കുന്നതിൽ ഈ രീതി ആശ്രയയോഗ്യമല്ലെന്നും കണ്ടെത്തപ്പെട്ടു.54
40. മനുഷ്യവർഗത്തിന്റെ പ്രായം സംബന്ധിച്ച് ചരിത്രരേഖകൾ ബൈബിൾ കാലഗണനയെ പിന്താങ്ങുന്നതെങ്ങനെ?
40 ഭൂമിയിലെ മനുഷ്യപ്രവർത്തനത്തിന്റെ യഥാർഥത്തിൽ ആശ്രയയോഗ്യമായ തെളിവ് മനുഷ്യചരിത്രത്തിന് ദശലക്ഷക്കണക്കിനു വർഷത്തെ പഴക്കമുള്ളതായിട്ടല്ല, പകരം ആയിരക്കണക്കിനു വർഷത്തെ പഴക്കമുള്ളതായിട്ടാണു സൂചിപ്പിക്കുന്നത് എന്ന കാര്യം മനസ്സിൽ പിടിക്കുക. ഉദാഹരണത്തിന്, ഭൂമിയുടെ വിധി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “ഒരു മനുഷ്യലോകം പടുത്തുയർത്താൻ നമ്മെ പ്രാപ്തരാക്കിത്തീർത്തുകൊണ്ട് വെറും ആറായിരമോ ഏഴായിരമോ വർഷം മുമ്പ് . . . നാഗരികത ഉദയംകൊണ്ടു.”55കഴിഞ്ഞ ഇരുപതുലക്ഷം വർഷങ്ങൾ (ഇംഗ്ലീഷ്) ഇപ്രകാരം പറയുന്നു: “പൂർവാർധഗോളത്തിൽ കാർഷിക വിപ്ലവത്തിലെ നിർണായക പടികളിൽ മിക്കതും സ്വീകരിച്ചത് ബിസി 10,000-ത്തിനും 5,000-ത്തിനും ഇടയ്ക്കാണ്.” അത് ഇങ്ങനെയും പറയുന്നു: “മനുഷ്യന്റെ ലിഖിതരേഖകൾക്ക് 5,000 വർഷത്തെ പഴക്കമേയുള്ളൂ.”56 ഫോസിൽ രേഖ, ആധുനിക മനുഷ്യൻ ഭൂമിയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നതായി കാണിക്കുന്നുവെന്നും ആശ്രയയോഗ്യമായ ചരിത്ര രേഖകൾ അടുത്തകാലത്തുള്ളവയായി അംഗീകരിക്കപ്പെടുന്നുവെന്നുമുള്ള വസ്തുത ഭൂമിയിലെ മനുഷ്യജീവനെ സംബന്ധിച്ച ബൈബിൾ കാലഗണനയോടു ചേർച്ചയിലാണ്.
41. റേഡിയോകാർബൺ കാലനിർണയത്തിന്റെ മേഖലയിലെ ഒരു മുന്നണിപ്രവർത്തകൻ “ചരിത്രാതീത” തീയതികളെക്കുറിച്ച് എന്താണു പറഞ്ഞത്?
41 ഇതേക്കുറിച്ച്, റേഡിയോകാർബൺ കാലനിർണയത്തിലെ മുന്നണിപ്രവർത്തകരിലൊരാളും നോബൽ സമ്മാന ജേതാവുമായ ആണവ ഭൗതികശാസ്ത്രജ്ഞൻ ഡബ്ലിയു. എഫ്. ലിബി ശാസ്ത്രത്തിൽ എന്താണു പ്രസ്താവിച്ചതെന്നു ശ്രദ്ധിക്കുക: “കാലനിർണയ സമ്പ്രദായത്തിൽ രണ്ടു സംഗതികൾ ഉൾപ്പെടുന്നു—ചരിത്രയുഗത്തിലെയും അതുപോലെതന്നെ ചരിത്രാതീതയുഗത്തിലെയും സാമ്പിളുകൾ യഥാക്രമം കാലനിർണയം നടത്തുന്നത്. ചരിത്രം 5,000 വർഷം മാത്രമേ പുറകോട്ടു പോകുന്നുള്ളുവെന്ന് ഞങ്ങളുടെ ഉപദേശകർ ഞങ്ങളെ അറിയിച്ചപ്പോഴാണ് അർനോൾഡും [ഒരു സഹപ്രവർത്തകൻ] ഞാനും ആദ്യമായി ഞെട്ടിയത്. . . . ഇന്നിന്ന സമൂഹമോ പുരാവസ്തുഗവേഷകർ കണ്ടെത്തിയ സ്ഥലമോ 20,000 വർഷം പഴക്കമുള്ളതാണെന്നു പറയുന്ന പ്രസ്താവനകളാണു നിങ്ങൾ വായിക്കാറുള്ളത്. ഈ സംഖ്യകൾ, ഈ പുരാതന യുഗങ്ങൾ, ശരിയായ വിധമല്ല അറിയപ്പെടുന്നതെന്നു ഞങ്ങൾ തികച്ചും ആകസ്മികമായാണു മനസ്സിലാക്കിയത്.”57
42. പരിണാമ വിവരണങ്ങളും ഉല്പത്തിവിവരണവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരു ഇംഗ്ലീഷ് ഗ്രന്ഥകാരൻ എന്താണ് അഭിപ്രായപ്പെട്ടത്?
42 ഒരു പരിണാമ ഗ്രന്ഥം പുനരവലോകനം ചെയ്യവേ ഇംഗ്ലീഷ് ഗ്രന്ഥകാരനായ മാൽകം മുഗെറിഡ്ജ് പരിണാമത്തിനാവശ്യമായ തെളിവുകളുടെ അഭാവത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. എങ്കിലും കാടുകയറിയ ഊഹാപോഹങ്ങളുടെ പെരുപ്പമുള്ളതായി അദ്ദേഹം ശ്രദ്ധിച്ചു. പിന്നെ അദ്ദേഹം പറഞ്ഞു: “ഉല്പത്തിവിവരണം താരതമ്യേന സമചിത്തതയുള്ളതായി തോന്നുന്നു, മനുഷ്യരെക്കുറിച്ചും അവരുടെ പെരുമാറ്റത്തെക്കുറിച്ചും നമുക്കറിയാവുന്ന കാര്യങ്ങളുമായി സയുക്തികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന ബഹുമതിയെങ്കിലും അതിനുണ്ട്.” മനുഷ്യപരിണാമം നടക്കാൻ ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്തിട്ടുണ്ടെന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും “തലയോടിൽനിന്നു തലയോടിലേക്കുള്ള കുതിച്ചുചാട്ടങ്ങളും, [പരിണാമ] കെട്ടുകഥകളാൽ വശീകരിക്കപ്പെട്ടു പോയിട്ടില്ലാത്ത ഏതൊരാളിലും ഇതൊക്കെ വെറും വിചിത്രഭാവനയാണെന്ന ധാരണ ഉളവാക്കാതിരിക്കില്ലെ”ന്ന് അദ്ദേഹം പറഞ്ഞു. മുഗെറിഡ്ജ് ഇങ്ങനെ നിഗമനം ചെയ്തു: “അശ്രദ്ധവും ബോധ്യംവരുത്താത്തതുമായ അത്തരം ഒരു സിദ്ധാന്തം ഇരുപതാം നൂറ്റാണ്ടിലെ മനസ്സുകളെ ഇത്ര എളുപ്പത്തിൽ വശീകരിച്ചിരിക്കുന്നതിലും അത് ഇത്ര വ്യാപകമായും വീണ്ടുവിചാരം കൂടാതെയും പ്രയോഗിക്കുന്നതിലും ഭാവിതലമുറകൾ തീർച്ചയായും അത്ഭുതംകൂറും, അവർക്ക് അത് അങ്ങേയറ്റം തമാശയായി തോന്നുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”58
[അധ്യയന ചോദ്യങ്ങൾ]
[84-ാം പേജിലെ ആകർഷകവാക്യം]
“തരംതാണ” ആൾക്കുരങ്ങുകളും കുരങ്ങൻമാരും അതിജീവിച്ചപ്പോൾ “ശ്രേഷ്ഠനായ” ഒറ്റയൊരു “കുരങ്ങു-മനുഷ്യൻ”പോലും അതിജീവിക്കാഞ്ഞത് എന്തുകൊണ്ട്?
[85-ാം പേജിലെ ആകർഷകവാക്യം]
മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ആദിമ സിദ്ധാന്തങ്ങൾ “പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞരുടെ ഭാവന”യായിരുന്നു
[85-ാം പേജിലെ ആകർഷകവാക്യം]
“പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവായി ഉള്ളത് അസ്ഥികളുടെ ദയനീയമായ ഒരു കൊച്ചു നിരയാണ്”
[87-ാം പേജിലെ ആകർഷകവാക്യം]
“പഴഞ്ചൊല്ലായിത്തീർന്ന ‘വിട്ടുപോയ കണ്ണി’ക്കുവേണ്ടിയുള്ള . . . തിരച്ചിൽ . . . ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പെരുപ്പത്തിന് . . . ഇടയാ”ക്കുന്നു
[88-ാം പേജിലെ ആകർഷകവാക്യം]
“മനുഷ്യന്റെ കുടുംബ വൃക്ഷത്തിന്റെ സകല ചിത്രങ്ങളും ചവറ്റുകൊട്ടയിൽ തള്ളിയേ പറ്റൂ”
[90-ാം പേജിലെ ആകർഷകവാക്യം]
“നമ്മുടെ സിദ്ധാന്തത്തെ ഭാവനാലോകത്തിനു വെളിയിൽ കൊണ്ടുവരുന്നതിനു മതിയായ തെളിവ് ഫോസിലുകൾ” നൽകുന്നില്ല
[93-ാം പേജിലെ ആകർഷകവാക്യം]
“രാമാപിത്തിക്കസ മനുഷ്യന്റെ വംശപരമ്പരയിലെ ആദ്യത്തെ അംഗം ആയിരുന്നിരിക്കാൻ യാതൊരു സാധ്യതയുമില്ല”
[95-ാം പേജിലെ ആകർഷകവാക്യം]
“നിയാണ്ടർത്താൽ മനുഷ്യൻ ഏതെങ്കിലും പ്രകാരത്തിൽ നമ്മെക്കാൾ തരംതാണവൻ ആയിരുന്നുവെന്നതിനു യാതൊരു തെളിവുമില്ല”
[98-ാം പേജിലെ ആകർഷകവാക്യം]
“അശ്രദ്ധവും ബോധ്യംവരുത്താത്തതുമായ അത്തരം ഒരു സിദ്ധാന്തം ഇരുപതാം നൂറ്റാണ്ടിലെ മനസ്സുകളെ ഇത്ര എളുപ്പത്തിൽ വശീകരിച്ചിരിക്കുന്നതിൽ . . . ഭാവിതലമുറകൾ തീർച്ചയായും അത്ഭുതംകൂറും”
[94-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആസ്ട്രലോപിത്തിക്കസിനെ ഒരുകാലത്ത് മനുഷ്യന്റെ ഒരു പൂർവികനായി, “വിട്ടുപോയ കണ്ണി”യായി, അംഗീകരിച്ചിരുന്നു. അതിന്റെ തലയോട് “തികച്ചും ആൾക്കുരങ്ങിന്റേതു പോലെ” ആയിരുന്നു, “മനുഷ്യന്റേതുപോലെ” അല്ലായിരുന്നെന്ന് ഇപ്പോൾ ചില ശാസ്ത്രജ്ഞൻമാർ സമ്മതിക്കുന്നു
[ചിത്രങ്ങൾ]
ആസ്ട്രലോപിത്തിക്കസിന്റെ തലയോട്
ചിമ്പാൻസിയുടെ തലയോട്
മനുഷ്യന്റെ തലയോട്
[84-ാം പേജിലെ ചിത്രം]
ജീവലോകം മനുഷ്യനും മൃഗത്തിനും ഇടയ്ക്ക് യാതൊരു കണ്ണിയും പ്രദാനം ചെയ്യാത്തതിനാൽ ഫോസിലുകൾ അതു നൽകുമെന്നു പരിണാമവാദികൾ പ്രതീക്ഷിച്ചിരുന്നു
[86-ാം പേജിലെ ചിത്രം]
ഒരു പരിണാമവാദി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ഹോമോ സാപ്പിയൻസ് . . . ഫോസിൽ രേഖയിൽ പ്രത്യക്ഷപ്പെട്ടതിൽപ്പിന്നെ മസ്തിഷ്കത്തിന്റെ വലുപ്പത്തിലോ ഘടനയിലോ ജീവശാസ്ത്രപരമായ മാറ്റം സംഭവിച്ചതായുള്ള യാതൊരു തെളിവും ഞങ്ങൾക്കില്ല”
[89-ാം പേജിലെ ചിത്രം]
“കുരങ്ങു-മനുഷ്യ”രുടെ ചിത്രങ്ങൾ എന്തിനെ അടിസ്ഥാനമാക്കി ഉള്ളവയാണ്? “ഭാവന”യെ, “മിക്ക വിശദാംശങ്ങളിലും തനി സങ്കൽപ്പ”ത്തെ, “വെറും കണ്ടുപിടിത്ത”ത്തെ എന്ന് പരിണാമവാദികൾതന്നെ പറയുന്നു
[91-ാം പേജിലെ ചിത്രങ്ങൾ]
നച്ചെലിയെപ്പോലുള്ള ഒരു കരണ്ടുതീനി മനുഷ്യന്റെ പൂർവികനാണെന്നു പറയപ്പെടുന്നു. എന്നാൽ അത്തരമൊരു ബന്ധത്തിന്റെ യാതൊരു ഫോസിൽ തെളിവുമില്ല
കുരങ്ങിനെപ്പോലുള്ള ഈ ജീവിയെ നമ്മുടെ പൂർവികരിലൊരാളെന്നു വിളിച്ചിരിക്കുന്നു. ഈ അവകാശവാദത്തെ സമർഥിക്കുന്ന യാതൊരു ഫോസിൽ തെളിവുമില്ല
[92-ാം പേജിലെ ചിത്രങ്ങൾ]
പല്ലുകളെയും താടിയെല്ലുകളുടെ ഭാഗങ്ങളെയും മാത്രം ആധാരമാക്കി, രാമാപിത്തിക്കസിനെ “മനുഷ്യ കുടുംബത്തിലെ ആദ്യ പ്രതിനിധി” എന്നു വിളിച്ചു. അത് അങ്ങനെ ആയിരുന്നില്ലെന്നു കൂടുതലായ തെളിവുകൾ പ്രകടമാക്കി
[96-ാം പേജിലെ ചിത്രം]
ഫോസിൽ രേഖയിൽ കാണുന്നതുപോലെ, ഇന്നു മനുഷ്യരിൽ അസ്ഥിഘടനയുടെ വലുപ്പത്തിലും ആകൃതിയിലും വലിയ വൈവിധ്യമുണ്ട്. എന്നാൽ എല്ലാവരും മനുഷ്യ“വർഗ”ത്തിൽപ്പെടുന്നു
[97-ാം പേജിലെ ചിത്രം]
ആൾക്കുരങ്ങുകളിൽനിന്നു വേറിട്ടതും വ്യതിരിക്തവുമായ രീതിയിൽ സൃഷ്ടിക്കപ്പെട്ടതാണ് മനുഷ്യർ എന്നതിനുള്ള എല്ലാ തിരിച്ചറിയിക്കൽ അടയാളങ്ങളും അവർക്കുണ്ട്
[90-ാം പേജിലെ രേഖാചിത്രം/ചിത്രം]
വഞ്ചനയാണെന്നു കണ്ടുപിടിക്കപ്പെടുന്നതുവരെ പിൽറ്റ്ഡൗൺ മനുഷ്യനെ ഒരു “വിട്ടുപോയ കണ്ണി”യായി 40 വർഷത്തോളം അംഗീകരിച്ചിരുന്നു. ഒരു ഒറാങ് ഉട്ടാന്റെ താടിയെല്ലിന്റെയും പല്ലുകളുടെയും ഭാഗങ്ങൾ മനുഷ്യന്റെ തലയോടിന്റെ ഭാഗങ്ങളുമായി കൂട്ടിയിണക്കപ്പെടുകയാണ് ഉണ്ടായത്
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഇരുണ്ട ഭാഗങ്ങൾ മനുഷ്യ തലയോടിന്റെ ശകലങ്ങളാണ്
വെളുത്ത ഭാഗം മുഴുവനും പ്ലാസ്റ്റർ ഓഫ് പാരീസുകൊണ്ട് ഉണ്ടാക്കിയതാണ്
ഇരുണ്ട ഭാഗങ്ങൾ ഒറാങ് ഉട്ടാന്റെ താടിയെല്ലിന്റെയും പല്ലുകളുടെയും ശകലങ്ങളാണ്