വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവൻ—അത്‌ എങ്ങനെ ആരംഭിച്ചു?

ജീവൻ—അത്‌ എങ്ങനെ ആരംഭിച്ചു?

അധ്യായം 1

ജീവൻ—അത്‌ എങ്ങനെ ആരംഭി​ച്ചു?

1. ഭൗമ​ഗ്ര​ഹ​ത്തിൽ ജീവൻ എത്ര വ്യാപ​ക​മാണ്‌?

 ജീവൻ നമുക്കു ചുറ്റും എല്ലായി​ട​ത്തു​മുണ്ട്‌. പ്രാണി​ക​ളു​ടെ മൂളലും പക്ഷിക​ളു​ടെ പാട്ടും കുറു​ങ്കാ​ട്ടി​നു​ള്ളി​ലെ കൊച്ചു മൃഗങ്ങ​ളു​ടെ ചലനത്താൽ ഉണ്ടാകുന്ന ഇലയന​ക്ക​ങ്ങ​ളു​മെ​ല്ലാം അതിനു തെളി​വാണ്‌. മഞ്ഞുറഞ്ഞ ധ്രുവ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചുട്ടു​പൊ​ള്ളുന്ന മണലാ​ര​ണ്യ​ങ്ങ​ളി​ലും അതുണ്ട്‌. ആഴിയു​ടെ സൂര്യ​പ്ര​കാ​ശ​മേറ്റു കിടക്കുന്ന ഉപരി​ത​ലം​മു​തൽ അതിന്റെ ഏറ്റവും ഇരുൾമൂ​ടിയ ആഴങ്ങൾവരെ അതിന്റെ കേളീ​രം​ഗ​മാണ്‌. അന്തരീ​ക്ഷ​ത്തി​ന്റെ ഉയരങ്ങ​ളിൽ ചെറു ജീവികൾ ഒഴുകി​ന​ട​ക്കു​ന്നു. മണ്ണിൽ, നമ്മുടെ പാദങ്ങൾക്കു കീഴിൽ, ശതസഹ​സ്ര​കോ​ടി​ക്ക​ണ​ക്കി​നു സൂക്ഷ്‌മ​ജീ​വി​കൾ പണി​യെ​ടു​ക്കു​ന്നു. മറ്റു ജീവരൂ​പ​ങ്ങളെ നിലനിർത്തുന്ന ഹരിത സസ്യങ്ങ​ളു​ടെ വളർച്ച​യ്‌ക്കാ​യി മണ്ണിനെ ഫലഭൂ​യി​ഷ്‌ഠ​മാ​ക്കുന്ന തിരക്കി​ലാ​ണവ.

2. ദീർഘ​നാ​ളാ​യി അനേക​രു​ടെ​യും മനസ്സി​ലുള്ള ചോദ്യ​ങ്ങ​ളേവ?

2 ഭാവനയിൽ പോലും കാണാൻ കഴിയാ​ത്തത്ര സമൃദ്ധ​വും വൈവി​ധ്യ​മാർന്ന​തും ആയ ജീവരൂ​പ​ങ്ങൾകൊ​ണ്ടു ഭൂമി നിറഞ്ഞി​രി​ക്കു​ന്നു. ഇതെല്ലാം ആരംഭി​ച്ചത്‌ എങ്ങനെ? നമ്മുടെ ഈ ഗ്രഹവും അതിലെ സകല നിവാ​സി​ക​ളും ഇവിടെ വന്നത്‌ എങ്ങനെ? അതിലും പ്രധാ​ന​മാ​യി, മനുഷ്യ​വർഗ​ത്തി​ന്റെ ഉത്ഭവം എങ്ങനെ​യാ​യി​രു​ന്നു? കുരങ്ങു​സ​മാന ജന്തുക്ക​ളിൽനി​ന്നു നാം പരിണ​മി​ച്ചു​വ​ന്ന​താ​ണോ? അതോ നാം സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണോ? നാം ഇവിടെ എങ്ങനെ വന്നു? ഉത്തരം, ഭാവിയെ സംബന്ധിച്ച്‌ എന്തു സൂചി​പ്പി​ക്കു​ന്നു? ഇതു​പോ​ലെ​യുള്ള ചോദ്യ​ങ്ങൾ ദീർഘ​നാ​ളാ​യി നിലനിൽക്കു​ന്നു. അനേക​രു​ടെ​യും മനസ്സിൽ അവ ഇപ്പോ​ഴും ചോദ്യ ചിഹ്നങ്ങ​ളാ​യി അവശേ​ഷി​ക്കു​ന്നു.

3. ഈ ചോദ്യ​ങ്ങൾ സംബന്ധിച്ച്‌ ചിലർക്ക്‌ എങ്ങനെ​യാ​ണു തോന്നു​ന്നത്‌, എന്നാൽ എല്ലാവ​രും അവ പരിചി​ന്തി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ഈ ചോദ്യ​ങ്ങൾ യഥാർഥ​ത്തിൽ നിങ്ങളെ ബാധി​ക്കു​ന്നി​ല്ലെന്ന്‌ ഒരുപക്ഷേ നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​യി​രി​ക്കാം. നിങ്ങൾ ഇങ്ങനെ വിചാ​രി​ച്ചേ​ക്കാം: ‘ഞാൻ ഇവിടെ എങ്ങനെ വന്നു എന്നതിൽ കാര്യ​മില്ല—ഞാൻ ഇവി​ടെ​യുണ്ട്‌. ഞാൻ 60-ഓ 70-ഓ ഒരുപക്ഷേ 80-ഓ വർഷം ജീവി​ച്ചി​രു​ന്നേ​ക്കാം—ആർക്കറി​യാം? നാം സൃഷ്ടി​ക്ക​പ്പെ​ട്ട​താ​യാ​ലും പരിണ​മി​ച്ചു വന്നതാ​യാ​ലും ഇപ്പോൾ അത്‌ എന്നെ സംബന്ധിച്ച്‌ അത്ര വലിയ കാര്യ​മൊ​ന്നു​മല്ല.’ എന്നാൽ അതൊരു വലിയ കാര്യം​ത​ന്നെ​യാണ്‌—നിങ്ങൾ എത്രനാൾ ജീവി​ക്കും, എങ്ങനെ ജീവി​ക്കും, ഏതു സാഹച​ര്യ​ങ്ങ​ളിൽ ജീവി​ക്കും എന്നിവയെ അതു ബാധി​ക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ജീവന്റെ ഉത്ഭവം സംബന്ധിച്ച നമ്മുടെ വീക്ഷണ​ഗതി ജീവ​നെ​യും ഭാവി​യെ​യും സംബന്ധിച്ച നമ്മുടെ മുഴു മനോ​ഭാ​വ​ത്തെ​യും സ്വാധീ​നി​ക്കു​ന്നു. ജീവൻ ഉത്ഭവിച്ച വിധം ചരി​ത്ര​ത്തി​ന്റെ ഭാവി ഗതി​യെ​യും അതിലെ നമ്മുടെ സ്ഥാന​ത്തെ​യും നിശ്ചയ​മാ​യും ബാധി​ക്കും.

ഭിന്ന വീക്ഷണങ്ങൾ

4. ഭൂമി​യി​ലെ ജീവജാ​ല​ങ്ങ​ളു​ടെ ഭാവിയെ കുറിച്ച്‌ അനേക​രും എന്തു വിചാ​രി​ക്കു​ന്നു?

4 പരിണാമസിദ്ധാന്തം അംഗീ​ക​രി​ക്കുന്ന പലരു​ടെ​യും വീക്ഷണം ജീവിതം എല്ലായ്‌പോ​ഴും തീവ്ര​മ​ത്സരം, കലഹം, വിദ്വേ​ഷം, യുദ്ധങ്ങൾ, മരണം എന്നിവ​യൊ​ക്കെ ഉൾപ്പെ​ട്ട​താ​യി​രി​ക്കും എന്നാണ്‌. സമീപ​ഭാ​വി​യിൽ മനുഷ്യൻ തന്നേത്തന്നെ നശിപ്പി​ച്ചേ​ക്കാ​മെ​ന്നു​പോ​ലും ചിലർ വിചാ​രി​ക്കു​ന്നു. ഒരു പ്രമുഖ ശാസ്‌ത്രജ്ഞൻ ഇപ്രകാ​രം പറഞ്ഞു: “അന്ത്യവി​നാശ ദിനത്തിന്‌ ഒരുപക്ഷേ ഏതാനും പതിറ്റാ​ണ്ടു​കൾകൂ​ടി​യേ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. . . . അണ്വാ​യു​ധ​ങ്ങ​ളു​ടെ​യും അവയുടെ പ്രയോഗ സംവി​ധാ​ന​ങ്ങ​ളു​ടെ​യും വികസനം ഇപ്പോൾ അല്ലെങ്കിൽ എന്നെങ്കി​ലു​മൊ​രി​ക്കൽ ആഗോള ദുരന്ത​ത്തി​നി​ട​യാ​ക്കും.”1 ഇത്‌ ഉടനെ സംഭവി​ച്ചി​ല്ലെ​ങ്കിൽപ്പോ​ലും ഒരാൾ മരണമ​ട​യു​ന്ന​തോ​ടെ അയാൾ എന്നേക്കും അസ്‌തി​ത്വ​ര​ഹി​തൻ ആയിത്തീ​രു​ന്നു​വെന്നു പലരും വിശ്വ​സി​ക്കു​ന്നു. ഭാവി​യിൽ ഭൂമി​യി​ലെ മുഴു ജീവജാ​ല​ങ്ങ​ളും നശിക്കു​മെന്നു മറ്റുചി​ലർ വിചാ​രി​ക്കു​ന്നു. സൂര്യൻ ഒരു ചെമന്ന ഭീമൻ നക്ഷത്ര​മാ​യി വികസി​ക്കു​മെ​ന്നും അതിന്റെ ഫലമായി “സമു​ദ്രങ്ങൾ തിളയ്‌ക്കു​ക​യും അന്തരീക്ഷം ബഹിരാ​കാ​ശ​ത്തി​ലേക്കു ബാഷ്‌പീ​ക​രി​ക്ക​പ്പെ​ടു​ക​യും സങ്കൽപ്പി​ക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും ബൃഹത്തായ ഒരു വിപത്ത്‌ നമ്മുടെ ഗ്രഹത്തെ ഗ്രസി​ക്കു​ക​യും ചെയ്യു”മെന്ന്‌ അവർ സിദ്ധാ​ന്തി​ക്കു​ന്നു.2

5. (എ) “ശാസ്‌ത്രീയ സൃഷ്ടി​വാ​ദി​കൾ” ഭൂമിയെ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഈ വീക്ഷണ​ഗതി എന്തു ചോദ്യ​ങ്ങൾ ഉയർത്തു​ന്നു?

5 ഈ നിഗമ​ന​ങ്ങ​ളൊ​ന്നും അംഗീ​ക​രി​ക്കാത്ത ഒരു കൂട്ടരാണ്‌, “ശാസ്‌ത്രീയ സൃഷ്ടി​വാ​ദി​കൾ.” പക്ഷേ, ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​വി​വ​ര​ണത്തെ കുറി​ച്ചുള്ള അവരുടെ വ്യാഖ്യാ​നം, ഭൂമിക്ക്‌ 6,000 വർഷത്തെ പഴക്കമേ ഉള്ളൂ​വെ​ന്നും സൃഷ്ടി​ക്കു​വേണ്ടി ഉല്‌പ​ത്തി​യിൽ അനുവ​ദി​ച്ചി​രി​ക്കുന്ന ആറു “ദിവസ”ത്തിലോ​രോ​ന്നി​നും 24 മണിക്കൂർ ദൈർഘ്യം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളു​വെ​ന്നും വാദി​ക്കു​ന്ന​തി​ലേക്ക്‌ അവരെ നയിച്ചി​രി​ക്കു​ന്നു. എന്നാൽ അത്തര​മൊ​രു ആശയം ബൈബിൾ പറയു​ന്ന​തി​നോ​ടു പൂർണ ചേർച്ച​യി​ലാ​ണോ? ഭൂമി​യും അതിലെ എല്ലാ ജീവരൂ​പ​ങ്ങ​ളും അക്ഷരീ​യ​മായ വെറും ആറു ദിവസം​കൊ​ണ്ടു സൃഷ്ടി​ക്ക​പ്പെ​ട്ട​വ​യാ​ണോ? അതോ യുക്തിക്കു നിരക്കുന്ന മറ്റെ​ന്തെ​ങ്കി​ലു​മാ​ണോ സംഭവി​ച്ചത്‌?

6. ഭൂമി​യി​ലെ ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ നിഗമ​നങ്ങൾ നാം എന്തിൽ അടിസ്ഥാ​ന​പ്പെ​ടു​ത്തേ​ണ്ട​തുണ്ട്‌, ഈ വിഷയം പരി​ശോ​ധന അർഹി​ക്കുന്ന ഒന്നാ​ണെന്നു ഡാർവിൻ സൂചി​പ്പി​ച്ചത്‌ എങ്ങനെ?

6 ജീവോത്‌പത്തിയുമായി ബന്ധപ്പെട്ട ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​മ്പോൾ പൊതു അഭി​പ്രാ​യ​മോ വികാ​ര​മോ പലരെ​യും സ്വാധീ​നി​ക്കു​ന്നു. ഇത്‌ ഒഴിവാ​ക്കാ​നും കൃത്യ​മായ നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നും നാം തെളി​വു​കൾ തുറന്ന മനസ്സോ​ടെ വിശക​ലനം ചെയ്യേ​ണ്ട​തുണ്ട്‌. പരിണാ​മ​ത്തി​ന്റെ ഏറ്റവും വിഖ്യാത വക്താവായ ചാൾസ്‌ ഡാർവിൻ പോലും തന്റെ സിദ്ധാ​ന്ത​ത്തി​ന്റെ പരിമി​തി​ക​ളെ​ക്കു​റി​ച്ചുള്ള അവബോ​ധം സൂചി​പ്പി​ച്ചതു കാണുക രസാവ​ഹ​മാണ്‌. “സ്രഷ്ടാവ്‌ ആരംഭ​ത്തിൽ ഒന്നോ അതില​ധി​ക​മോ ജീവരൂ​പ​ങ്ങ​ളി​ലേക്ക്‌ ഊതി​ക്കൊ​ടുത്ത പല പ്രാപ്‌തി​കൾ സഹിത​മുള്ള ജീവനെ സംബന്ധിച്ച വീക്ഷണ​ത്തി​ന്റെ” മാഹാ​ത്മ്യ​ത്തെ​ക്കു​റിച്ച്‌ വർഗോ​ത്‌പത്തി (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തി​ന്റെ ഉപസം​ഹാ​ര​ത്തിൽ അദ്ദേഹം എഴുതു​ക​യു​ണ്ടാ​യി.3 അങ്ങനെ ഉത്‌പത്തി എന്ന വിഷയം കൂടു​ത​ലായ പരി​ശോ​ധന അർഹി​ക്കുന്ന ഒന്നാ​ണെന്ന്‌ അദ്ദേഹം വ്യക്തമാ​ക്കി.

ശാസ്‌ത്രം വിവാ​ദ​വി​ഷ​യ​മല്ല

7. ശാസ്‌ത്ര​ത്തെ​യും അതി​നോ​ടുള്ള വിലമ​തി​പ്പി​നെ​യും സംബന്ധിച്ച്‌ ഏതു കാര്യം വ്യക്തമാ​ക്കി​യി​രി​ക്കു​ന്നു?

7 ചർച്ച കൂടുതൽ മുന്നോ​ട്ടു കൊണ്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ ഒരു കാര്യം വ്യക്തമാ​ക്കാൻ ആഗ്രഹി​ക്കു​ന്നു. ശാസ്‌ത്രം കൈവ​രി​ച്ചി​ട്ടുള്ള നേട്ടങ്ങൾ ഇവിടെ വിവാ​ദ​വി​ഷ​യമല്ല. ശാസ്‌ത്രജ്ഞർ പല മേഖല​ക​ളി​ലും കൈവ​രി​ച്ചി​ട്ടുള്ള വിസ്‌മ​യാ​വ​ഹ​മായ നേട്ടങ്ങ​ളെ​ക്കു​റിച്ച്‌ ഏതൊ​രാ​ളും ബോധ​വാ​നാണ്‌. ശാസ്‌ത്ര പഠനത്തി​ലൂ​ടെ പ്രപഞ്ചം, ഭൂമി, ജീവജാ​ലങ്ങൾ എന്നിവയെ കുറി​ച്ചുള്ള നമ്മുടെ അറിവ്‌ അതിശ​യ​ക​ര​മാം​വി​ധം വർധി​ച്ചി​രി​ക്കു​ന്നു. മനുഷ്യ​ശ​രീ​രത്തെ കുറി​ച്ചുള്ള പഠനങ്ങൾ രോഗ​ങ്ങ​ളും പരിക്കു​ക​ളും ചികി​ത്സി​ക്കു​ന്ന​തി​നുള്ള മെച്ചപ്പെട്ട രീതി​കൾക്കു വഴിതു​റ​ന്നി​രി​ക്കു​ന്നു. ഇലക്‌​ട്രോ​ണി​ക്‌സ്‌ രംഗത്തെ ശീഘ്ര പുരോ​ഗ​തി​കൾ നമ്മുടെ ജീവി​തത്തെ മാറ്റി​മ​റി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കമ്പ്യൂട്ടർ യുഗത്തെ ആനയി​ച്ചി​രി​ക്കു​ന്നു. മനുഷ്യ​രെ ചന്ദ്രനി​ലേ​ക്കും തിരി​ച്ചും അയയ്‌ക്കു​ന്ന​തു​പോ​ലും ഉൾപ്പെട്ട അമ്പരപ്പി​ക്കുന്ന സാഹസങ്ങൾ ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ വൻനേ​ട്ട​ങ്ങ​ളു​ടെ പട്ടിക​യിൽ പെടുന്നു. ലോക​ത്തി​ലെ കാര്യ​ങ്ങളെ—അതിസൂ​ക്ഷ്‌മ​മാ​യവ മുതൽ അതിബൃ​ഹ​ത്താ​യവ വരെ—സംബന്ധിച്ച നമ്മുടെ അറിവി​ന്റെ ചക്രവാ​ളം വളരെ​യ​ധി​കം വികസി​പ്പി​ച്ചി​രി​ക്കുന്ന അത്തരം വൈദ​ഗ്‌ധ്യ​ങ്ങളെ വിലമ​തി​ക്കു​ന്നത്‌ ഉചിതം മാത്ര​മാണ്‌.

8. ഈ പുസ്‌ത​ക​ത്തിൽ പരിണാ​മം എന്ന പദം ഏത്‌ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, സൃഷ്ടി എന്തിനെ പരാമർശി​ക്കു​ന്നു?

8 ഈ ഘട്ടത്തിൽ, ഇതിൽ ഉപയോ​ഗി​ക്കാൻ പോകുന്ന വാക്കു​ക​ളു​ടെ നിർവ​ച​നങ്ങൾ വ്യക്തമാ​ക്കു​ന്ന​തും പ്രയോ​ജ​ന​കരം ആയിരു​ന്നേ​ക്കാം: ഈ പുസ്‌ത​ക​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പരിണാ​മം ജൈവ​പ​രി​ണാ​മ​ത്തെ​യാ​ണു പരാമർശി​ക്കു​ന്നത്‌—ആദ്യ ജീവി ജീവനി​ല്ലാത്ത വസ്‌തു​വിൽനി​ന്നു വികാസം പ്രാപി​ച്ചു​വെന്ന സിദ്ധാ​ന്തത്തെ. പിന്നീട്‌ അതു പുനരു​ത്‌പാ​ദനം നടത്തി​യ​പ്പോൾ വ്യത്യസ്‌ത തരത്തി​ലുള്ള ജീവി​ക​ളാ​യി മാറി എന്നും അവസാനം മനുഷ്യൻ ഉൾപ്പെടെ ഭൂമി​യിൽ ഇന്നോളം സ്ഥിതി​ചെ​യ്‌തി​ട്ടുള്ള എല്ലാ ജീവരൂ​പ​ങ്ങ​ളും ഉയിർക്കൊ​ണ്ടു എന്നും പറയ​പ്പെ​ടു​ന്നു. ബുദ്ധി​പ​ര​മായ മാർഗ​നിർദേ​ശ​മോ പ്രകൃ​ത്യ​തീ​ത​മായ ഇടപെ​ട​ലോ കൂടാതെ ഇതെല്ലാം നടന്നതാ​യി വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. അതേസ​മയം, പ്രപഞ്ച​ത്തെ​യും ഭൂമി​യി​ലെ എല്ലാ അടിസ്ഥാന ജീവി വർഗങ്ങ​ളെ​യും രൂപസം​വി​ധാ​നം ചെയ്യു​ക​യും നിർമി​ക്കു​ക​യും ചെയ്‌ത സർവശ​ക്ത​നായ ഒരു ദൈവ​മുണ്ട്‌ എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ മാത്രമേ ജീവജാ​ല​ങ്ങ​ളു​ടെ ആവിർഭാ​വത്തെ വിശദീ​ക​രി​ക്കാ​നാ​കൂ എന്ന നിഗമ​ന​മാണ്‌ സൃഷ്ടി.

മർമ​പ്ര​ധാ​ന​മായ ചില ചോദ്യ​ങ്ങൾ

9. പരിണാ​മത്തെ അംഗീ​ക​രി​ക്കു​ന്നവർ സൃഷ്ടി​യെ​ക്കു​റിച്ച്‌ എന്തു വാദം ഉന്നയി​ക്കു​ന്നു, എന്നാൽ പരിണാ​മ​ത്തെ​യും സൃഷ്ടി​യെ​യും കുറിച്ച്‌ എന്തെല്ലാം ചോദ്യ​ങ്ങൾ മനസ്സി​ലേക്കു വന്നേക്കാം?

9 സ്‌പഷ്ടമായും, പരിണാ​മ​സി​ദ്ധാ​ന്ത​വും ഉല്‌പ​ത്തി​യി​ലെ സൃഷ്ടി​വി​വ​ര​ണ​വും തമ്മിൽ വലിയ വ്യത്യാ​സ​മുണ്ട്‌. സൃഷ്ടി ശാസ്‌ത്രീയ വസ്‌തു​ത​കൾക്കു നിരക്കു​ന്ന​ത​ല്ലെന്നു പരിണാ​മം അംഗീ​ക​രി​ക്കു​ന്നവർ വാദി​ക്കു​ന്നു. എന്നാൽ, ന്യായ​മാ​യി ഇങ്ങനെ​യും ചോദി​ക്കാൻ കഴിയും: പരിണാ​മ​സി​ദ്ധാ​ന്തം തന്നെ വാസ്‌ത​വ​ത്തിൽ ശാസ്‌ത്രീയ വസ്‌തു​ത​കൾക്കു നിരക്കു​ന്ന​താ​ണോ? ഇനി, പലരും വാദി​ക്കു​ന്ന​തു​പോ​ലെ ഉല്‌പത്തി, സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള മറ്റൊരു പുരാതന കെട്ടുകഥ മാത്ര​മാ​ണോ? അതോ അത്‌ ആധുനിക ശാസ്‌ത്ര​ത്തി​ന്റെ കണ്ടുപി​ടി​ത്ത​ങ്ങ​ളോ​ടു യോജി​പ്പി​ലാ​ണോ? ഒട്ടനവധി ആളുകളെ അലട്ടുന്ന മറ്റു ചോദ്യ​ങ്ങൾ സംബന്ധി​ച്ചെന്ത്‌: സർവശ​ക്ത​നായ ഒരു സ്രഷ്ടാ​വു​ണ്ടെ​ങ്കിൽ, ദശലക്ഷ​ങ്ങ​ളു​ടെ അകാല​മ​ര​ണ​ത്തിന്‌ ഇടയാ​ക്കുന്ന യുദ്ധവും ക്ഷാമവും രോഗ​വും ഇത്രമാ​ത്രം ഉള്ളതെ​ന്തു​കൊണ്ട്‌? അവൻ ഇത്ര​യേറെ കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? മാത്രമല്ല, ഒരു സ്രഷ്ടാ​വു​ണ്ടെ​ങ്കിൽ ഭാവി​യിൽ അവസ്ഥ എന്തായി​രി​ക്കു​മെന്ന്‌ അവൻ വെളി​പ്പെ​ടു​ത്തു​ന്നു​ണ്ടോ?

10. (എ) ഈ പുസ്‌ത​ക​ത്തി​ന്റെ ലക്ഷ്യവും പ്രസാ​ധ​ക​രു​ടെ പ്രത്യാ​ശ​യും എന്താണ്‌? (ബി) ഈ സംഗതി​കൾ പരിചി​ന്തി​ക്കു​ന്നതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 അത്തരം ചോദ്യ​ങ്ങ​ളും ബന്ധപ്പെട്ട വിവാ​ദ​വി​ഷ​യ​ങ്ങ​ളും പരി​ശോ​ധി​ക്കുക എന്നതാണ്‌ ഈ പുസ്‌ത​ക​ത്തി​ന്റെ ലക്ഷ്യം. നിങ്ങൾ ഇതിന്റെ ഉള്ളടക്കം ഒരു തുറന്ന മനസ്സോ​ടെ പരിചി​ന്തി​ക്കു​മെന്നു പുസ്‌ത​ക​ത്തി​ന്റെ പ്രസാ​ധകർ പ്രത്യാ​ശി​ക്കു​ന്നു. ഇതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഈ വിവരങ്ങൾ നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ മൂല്യ​വ​ത്താ​ണെന്നു തെളി​യും.

[അധ്യയന ചോദ്യ​ങ്ങൾ]

[7-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ജീവൻ പരിണ​മി​ച്ചു​ണ്ടാ​യ​തോ സൃഷ്ടി​ക്ക​പ്പെ​ട്ട​തോ?

[8-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ജീവന്റെ ഉത്ഭവം സംബന്ധിച്ച നമ്മുടെ വീക്ഷണ​ഗതി ജീവ​നെ​യും ഭാവി​യെ​യും സംബന്ധിച്ച നമ്മുടെ മുഴു മനോ​ഭാ​വ​ത്തെ​യും സ്വാധീ​നി​ക്കു​ന്നു

[10-ാം പേജിലെ ആകർഷ​ക​വാ​ക്യം]

സൃഷ്ടി ശാസ്‌ത്രീയ വസ്‌തു​ത​കൾക്കു നിരക്കു​ന്ന​ത​ല്ലെന്നു പരിണാ​മം അംഗീ​ക​രി​ക്കു​ന്നവർ വാദി​ക്കു​ന്നു; എന്നാൽ പരിണാ​മ​സി​ദ്ധാ​ന്തം തന്നെ വാസ്‌ത​വ​ത്തിൽ ശാസ്‌ത്രീയ വസ്‌തു​ത​കൾക്കു നിരക്കു​ന്ന​താ​ണെന്നു ന്യായ​മാ​യി പറയാൻ കഴിയു​മോ?

[11-ാം പേജിലെ ചിത്രം]

നമ്മുടെ അറിവി​ന്റെ ചക്രവാ​ളം വളരെ​യ​ധി​കം വികസി​പ്പി​ച്ചി​രി​ക്കുന്ന ശാസ്‌ത്ര വൈദ​ഗ്‌ധ്യ​ങ്ങളെ വിലമ​തി​ക്കു​ന്നത്‌ ഉചിത​മാണ്‌

[12, 13 പേജു​ക​ളി​ലെ ചതുരം/ചിത്രം]

ചിന്ത അർഹി​ക്കുന്ന ചില കാര്യങ്ങൾ

നമ്മുടെ ലോകം അത്ഭുത​ക​ര​മായ ഒട്ടേറെ കാര്യ​ങ്ങ​ളാൽ നിറഞ്ഞി​രി​ക്കു​ന്നു:

വലിയ കാര്യങ്ങൾ: പടിഞ്ഞാ​റൻ ചക്രവാ​ളത്തെ വർണോ​ജ്ജ്വ​ല​മാ​ക്കുന്ന അസ്‌തമയ സൂര്യൻ. നക്ഷത്ര​നി​ബി​ഡ​മായ നിശാ​ന​ഭസ്സ്‌. പ്രകാശ കിരണങ്ങൾ അരിച്ചി​റ​ങ്ങുന്ന, തലയെ​ടു​പ്പുള്ള വൃക്ഷങ്ങൾ നിറഞ്ഞ വനം. ചെങ്കു​ത്തായ പർവത​നി​രകൾ, പകലോ​ന്റെ വെളി​ച്ച​ത്തിൽ വെട്ടി​ത്തി​ള​ങ്ങുന്ന അവയുടെ മഞ്ഞുപു​തച്ച കൊടു​മു​ടി​കൾ. കാറ്റടിച്ച്‌ ഇരമ്പി​മ​റി​യുന്ന ആഴികൾ. ഇവ നമ്മെ ഹർഷപു​ള​കി​ത​രാ​ക്കു​ന്നു, നമ്മിൽ ഭയാദ​രവ്‌ ഉളവാ​ക്കു​ന്നു.

ചെറിയ കാര്യങ്ങൾ: തെക്കേ അമേരി​ക്ക​യ്‌ക്കുള്ള യാത്ര​യ്‌ക്കി​ട​യിൽ അറ്റ്‌ലാ​ന്റി​ക്കി​നു മുകളി​ലൂ​ടെ ഉയർന്നു പറന്ന്‌ ആഫ്രി​ക്ക​യ്‌ക്കു പോകുന്ന വാർബ്ലർ എന്ന ഒരു കൊച്ചു പക്ഷി. ഏതാണ്ട്‌ 6,100 മീറ്റർ മുകളി​ലെ​ത്തു​മ്പോൾ, അത്‌ അവിടെ വീശി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു കാറ്റിനെ വാഹന​മാ​ക്കി തെക്കേ അമേരി​ക്ക​യി​ലേക്കു തിരി​ക്കു​ന്നു. ദേശാന്തര പറക്കലി​നുള്ള നൈസർഗിക വാസന​യാൽ നയിക്ക​പ്പെട്ട്‌ അതു പല ദിവസ​ങ്ങൾകൊണ്ട്‌ 3,900-ത്തോളം കിലോ​മീ​റ്റർ താണ്ടുന്നു—വെറും 21 ഗ്രാം മാത്ര​മുള്ള ഒരു പക്ഷിയു​ടെ ധൈര്യം! അതു നമ്മെ അത്ഭുത​സ്‌ത​ബ്ധ​രാ​ക്കു​ന്നു.

വിദഗ്‌ധ കാര്യങ്ങൾ: സോണാർ ഉപയോ​ഗി​ക്കുന്ന വവ്വാലു​കൾ. വൈദ്യു​തി ഉത്‌പാ​ദി​പ്പി​ക്കുന്ന മനിഞ്ഞി​ലു​കൾ (eels). കടൽവെ​ള്ള​ത്തി​ന്റെ ഉപ്പുനീ​ക്കുന്ന കടൽപ്പാ​ത്തകൾ. കടലാ​സു​ണ്ടാ​ക്കുന്ന കടന്നലു​കൾ. എയർ കണ്ടീഷ​ണ​റു​കൾ പിടി​പ്പി​ക്കുന്ന ചിതലു​കൾ. ജെറ്റ്‌ പ്രേഷ​ണ​ത്താൽ (jet propulsion) സഞ്ചരി​ക്കുന്ന നീരാ​ളി​കൾ. നെയ്യു​ക​യോ ബഹുശാ​ലാ ഭവനങ്ങൾ പണിയു​ക​യോ ചെയ്യുന്ന പക്ഷികൾ. തോട്ട​മു​ണ്ടാ​ക്കു​ക​യോ തുന്നു​ക​യോ വളർത്തു​ജ​ന്തു​ക്കളെ പരിപാ​ലി​ക്കു​ക​യോ ചെയ്യുന്ന ഉറുമ്പു​കൾ. മിന്നും​വി​ള​ക്കു​കൾ സ്വന്തം ശരീര​ത്തിൽ കൊണ്ടു​ന​ട​ക്കുന്ന മിന്നാ​മി​നു​ങ്ങു​കൾ. അത്തരം വൈദ​ഗ്‌ധ്യ​ങ്ങ​ളിൽ നാം അത്ഭുതം​കൂ​റു​ന്നു.

ലളിതമായ കാര്യങ്ങൾ: ഒരു പുഞ്ചിരി. ഒരു തലോടൽ. ഒരു ദയാ വാക്ക്‌. ഒരു ചെറു​പു​ഷ്‌പം. ഇളവെ​യിൽ. കളകൂ​ജനം. മുമ്പൊ​ന്നും അത്ര കാര്യ​മാ​യി എടുക്കാ​തി​രുന്ന ഇത്തരം ചെറിയ കാര്യ​ങ്ങളെ നാം പലപ്പോ​ഴും ജീവിത സായാ​ഹ്ന​ത്തിൽ അങ്ങേയറ്റം വിലമ​തി​ക്കും.

നമ്മെ അത്ഭുത​പ​ര​ത​ന്ത്ര​രാ​ക്കുന്ന ആ വലിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മിൽ ആശ്ചര്യ​മു​ണർത്തുന്ന ചെറിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മുടെ മനംക​വ​രുന്ന വിദഗ്‌ധ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വൈകി മാത്രം വിലമ​തി​ക്ക​പ്പെ​ടുന്ന ലളിത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കു​മ്പോൾ നാം അവയ്‌ക്കുള്ള ബഹുമതി എന്തിനു കൊടു​ക്കും? അത്തരം കാര്യ​ങ്ങളെ എങ്ങനെ വിശദീ​ക​രി​ക്കാ​നാ​വും? അവയുടെ ഉത്ഭവം എവി​ടെ​നി​ന്നാ​യി​രു​ന്നു?

[6-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[9-ാം പേജിലെ ചിത്രം]

6,000 വർഷത്തെ പഴക്കമേ ഉള്ളോ?