ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 16
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
1. സ്രഷ്ടാവ് ഉണ്ടോ എന്നു സംശയിക്കുന്നതിനുള്ള ഒരു കാരണമായി അനേകമാളുകളും സാധാരണ പറയാറുള്ളത് എന്താണ്?
ഒരു സ്രഷ്ടാവ് ഉണ്ടോ എന്ന് സംശയിക്കുന്നതിനുള്ള ഒരു കാരണമായി അനേകമാളുകളും സാധാരണ പറയാറുള്ളത് ലോകത്തിൽ കഷ്ടപ്പാടു നിലനിൽക്കുന്നു എന്നതാണ്. നിർദോഷികളായ ദശലക്ഷക്കണക്കിന് ആളുകളെ ഏറെ കഷ്ടപ്പെടുത്തിക്കൊണ്ട് വളരെയധികം ക്രൂരതയും രക്തച്ചൊരിച്ചിലും കൊടും ദുഷ്ടതയും നൂറ്റാണ്ടുകളിൽ ഉടനീളം തേർവാഴ്ച നടത്തിയിരിക്കുന്നു. അതുകൊണ്ട് അനേകരും ഇങ്ങനെ ചോദിക്കുന്നു: ‘ഒരു ദൈവമുണ്ടെങ്കിൽ അവൻ എന്തുകൊണ്ടാണ് ഇതെല്ലാം അനുവദിക്കുന്നത്?’ ബൈബിളിന്റെ വിവരണം സൃഷ്ടിയെക്കുറിച്ചുള്ള വസ്തുതകളോട് അങ്ങേയറ്റം യോജിക്കുന്നതായി നാം കണ്ടുകഴിഞ്ഞു. ആ സ്ഥിതിക്ക് ഒരു ശക്തനായ സ്രഷ്ടാവ് വളരെയധികം കഷ്ടപ്പാട് ഇത്ര ദീർഘനാൾ അനുവദിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാനും ബൈബിളിനു നമ്മെ സഹായിക്കാൻ കഴിയുമോ?
2. ആദ്യ മനുഷ്യജോടിയെ ആക്കിവെച്ച ചുറ്റുപാടിനെ ബൈബിൾ എങ്ങനെ വർണിക്കുന്നു?
2 ഉല്പത്തിയുടെ ആദ്യ അധ്യായങ്ങൾ ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുന്നതിനുള്ള പശ്ചാത്തലം പ്രദാനംചെയ്യുന്നു. കഷ്ടപ്പാടില്ലാത്ത ഒരു ലോകത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ചുള്ള വർണനയാണ് നാം ആ അധ്യായങ്ങളിൽ കാണുന്നത്. ആദ്യ മനുഷ്യനെയും സ്ത്രീയെയും ഒരു പറുദീസാ ചുറ്റുപാടിൽ, ഏദെൻ എന്നു വിളിക്കപ്പെട്ട മനോഹരമായ ഒരു ഉദ്യാനതുല്യ ഭവനത്തിൽ ആക്കിവെക്കുകയും അവർക്ക് ഉല്ലാസപ്രദവും രസകരവും ആയ ജോലി നൽകുകയും ചെയ്തു. അവരോട് ഭൂമിയിൽ “വേല ചെയ്വാനും അതിനെ കാപ്പാനും” കൽപ്പിച്ചു. അവർ “സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും” മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടിയിരുന്നു.—ഉല്പത്തി 1:28; 2:15.
3. ആദാമിന്റെയും ഹവ്വായുടെയും മുമ്പിൽ എന്തു പ്രതീക്ഷയാണു വെക്കപ്പെട്ടത്?
3 കൂടാതെ, ആദ്യ മനുഷ്യരെ പൂർണ ശരീരത്തോടും പൂർണ മനസ്സോടും കൂടെ സൃഷ്ടിച്ചതിനാൽ അവർ യാതൊരു വിധത്തിലും കുറവുള്ളവർ ആയിരുന്നില്ല. അതുകൊണ്ട്, എപ്പോഴെങ്കിലും രോഗത്താലോ പ്രായാധിക്യത്താലോ കഷ്ടപ്പാട് അനുഭവിക്കുന്നതിനോ മരിക്കുന്നതിനോ ഉള്ള യാതൊരു കാരണവും അവർക്ക് ഉണ്ടായിരുന്നില്ല. പകരം, ഒരു ഭൗമിക പറുദീസയിൽ അനന്തമായി ജീവിക്കുന്നതിനുള്ള പ്രതീക്ഷ അവർക്ക് ഉണ്ടായിരുന്നു.—ആവർത്തനപുസ്തകം 32:4.
4. മനുഷ്യരെയും ഭൂമിയെയും സംബന്ധിച്ച ദൈവോദ്ദേശ്യം എന്തായിരുന്നു?
4 “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറ”യാനും ആദ്യ ജോടിയോടു പറഞ്ഞു. അവർക്കു കുട്ടികൾ ഉണ്ടാകുമ്പോൾ മനുഷ്യ കുടുംബം വലുതാകുകയും പറുദീസയുടെ അതിരുകൾ വികസിപ്പിക്കുകയും ചെയ്യുമായിരുന്നു, അങ്ങനെ ഒടുവിൽ മുഴു ഭൂമിയും ഒരു പറുദീസ ആയിത്തീരുമായിരുന്നു. അപ്രകാരം എല്ലാവരും ഒരു പറുദീസാ ഭൂമിയിൽ പൂർണ ആരോഗ്യത്തിൽ ജീവിച്ചുകൊണ്ട് മനുഷ്യവർഗം ഒരു ഏകീകൃത കുടുംബം ആയിരിക്കുമായിരുന്നു.
ദൈവത്തിന്റെ ഭരണത്തെ അംഗീകരിക്കേണ്ടതിന്റെ ആവശ്യം
5. ദൈവത്തിന്റെ ഭരണത്തെ അംഗീകരിക്കാൻ മനുഷ്യരോട് ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
5 എന്നാൽ ഈ ഐക്യം നിലനിൽക്കുന്നതിന് ആദ്യ മനുഷ്യജോടി മനുഷ്യ കാര്യാദികളെ നിയന്ത്രിക്കുന്നതിനുള്ള തങ്ങളുടെ സ്രഷ്ടാവിന്റെ അവകാശത്തെ അംഗീകരിക്കേണ്ടതുണ്ടായിരുന്നു. അതായത്, അവർ അവന്റെ പരമാധികാരത്തെ അംഗീകരിക്കേണ്ടതുണ്ടായിരുന്നു. എന്തുകൊണ്ട്? അത് ഉചിതമായിരുന്നു എന്നതാണ് ഒന്നാമത്തെ കാരണം. ഏതൊന്നിന്റെയും നിർമാതാവിന് താനുണ്ടാക്കിയ വസ്തുവിന്മേൽ ഒരളവുവരെ നിയന്ത്രണം പ്രയോഗിക്കാനുള്ള അവകാശം തീർച്ചയായും ഉണ്ട്. ഈ തത്ത്വം നൂറ്റാണ്ടുകളായി ഉടമസ്ഥാവകാശ നിയമങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്. കൂടാതെ, പിൻവരുന്ന അതിപ്രധാന വസ്തുത നിമിത്തവും മനുഷ്യർ തങ്ങളുടെ നിർമാതാവിന്റെ മാർഗനിർദേശം സ്വീകരിക്കേണ്ടത് ആവശ്യമായിരുന്നു: ഭക്ഷിക്കുകയും പാനംചെയ്യുകയും ശ്വസിക്കുകയും ചെയ്തില്ലെങ്കിൽ ജീവിച്ചിരിക്കാൻ കഴിയാഞ്ഞതുപോലെതന്നെ തങ്ങളുടെ സ്രഷ്ടാവിൽനിന്നു വിട്ടുനിന്നുകൊണ്ട് തങ്ങളെത്തന്നെ വിജയകരമായി ഭരിക്കാനുള്ള പ്രാപ്തിയോടുകൂടിയുമല്ല അവർ രൂപകൽപ്പന ചെയ്യപ്പെട്ടത്. ബൈബിളിന്റെ പിൻവരുന്ന പ്രസ്താവന ശരിയാണെന്നു ചരിത്രം തെളിയിച്ചിരിക്കുന്നു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (യിരെമ്യാവു 10:23) സ്രഷ്ടാവ് മനുഷ്യർക്കുവേണ്ടി വെച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് അവർ ജീവിക്കുന്നിടത്തോളം കാലം അവരുടെ ജീവിതം നിലനിൽക്കുന്നതും വിജയപ്രദവും സന്തുഷ്ടവും ആയിരിക്കുമായിരുന്നു.
6, 7. (എ) ഏതു തരം സ്വാതന്ത്ര്യമാണ് ദൈവം മനുഷ്യർക്ക് അനുവദിച്ചത്, എന്തുകൊണ്ട്? (ബി) ആദ്യ മനുഷ്യർ എന്തു മോശമായ തിരഞ്ഞെടുപ്പാണു നടത്തിയത്?
6 കൂടാതെ, ധാർമിക കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യത്തോടുകൂടിയാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്. യന്ത്രമനുഷ്യരെപ്പോലെ പ്രതികരിക്കാൻ വേണ്ടിയല്ല അവരെ ഉണ്ടാക്കിയത്, ജന്തുക്കളെയോ പ്രാണികളെയോ പോലെ, മുഖ്യമായും സഹജജ്ഞാനത്താൽ ചില കാര്യങ്ങൾ ചെയ്യാൻ അവർ നിർബന്ധിതരാക്കപ്പെട്ടുമില്ല. എന്നാൽ ഈ സ്വാതന്ത്ര്യം ആപേക്ഷികം ആയിരിക്കേണ്ടിയിരുന്നു, സമ്പൂർണമല്ല. പൊതു നന്മയ്ക്ക് ഉതകിയ ദൈവനിയമങ്ങളുടെ അതിരുകൾക്കുള്ളിൽ അത് ഉത്തരവാദിത്വത്തോടെ പ്രയോഗിക്കേണ്ടിയിരുന്നു. ബൈബിൾ ഈ തത്ത്വം വിവരിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക: “സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.” (1 പത്രൊസ് 2:16) മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ ഭരിക്കാൻ നിയമം ഇല്ലെങ്കിൽ അരാജകത്വം ഉണ്ടാകുകയും സകലരുടെയും ജീവിതം പ്രതികൂലമായി ബാധിക്കപ്പെടുകയും ചെയ്യും.
7 അതുകൊണ്ട്, ആപേക്ഷിക സ്വാതന്ത്ര്യം നല്ലതാണ്, എന്നാൽ അമിത സ്വാതന്ത്ര്യം നല്ലതല്ല. നിങ്ങൾ ഒരു കുട്ടിക്ക് അമിത സ്വാതന്ത്ര്യം നൽകിയാൽ അവൻ തിരക്കുള്ള ഒരു തെരുവിൽ കളിക്കുകയോ ചൂടായിരിക്കുന്ന ഒരു സ്റ്റോവിൽ കൈ വെക്കുകയോ ചെയ്തേക്കാം. നമ്മുടെ നിർമാതാവിന്റെ മാർഗനിർദേശം കണക്കിലെടുക്കാതെ എല്ലാ തീരുമാനങ്ങളും സ്വന്തമായി എടുക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം സകലവിധ പ്രശ്നങ്ങൾക്കും ഇടയാക്കും. ആദ്യ മനുഷ്യർക്ക് അതാണു സംഭവിച്ചത്. അവർ സ്വാതന്ത്ര്യമെന്ന തങ്ങളുടെ വരം ദുരുപയോഗപ്പെടുത്താൻ തീരുമാനിച്ചു. തങ്ങളുടെ സ്രഷ്ടാവിൽനിന്നു സ്വാതന്ത്ര്യം തട്ടിയെടുക്കുന്നതിനും അങ്ങനെ ‘ദൈവത്തെപ്പോലെ ആകുന്നതിനും’ തീരുമാനിച്ചുകൊണ്ട് അവർ തെറ്റു ചെയ്തു. ശരിയെന്ത്, തെറ്റെന്ത് എന്ന് തങ്ങൾക്കു സ്വയം തീരുമാനിക്കാൻ കഴിയുമെന്ന് അവർ വിചാരിച്ചു.—ഉല്പത്തി 3:5.
8. ആദാമും ഹവ്വായും ദൈവത്തിന്റെ ഭരണത്തിൽനിന്ന് അകന്നുമാറിയപ്പോൾ എന്തു സംഭവിച്ചു?
8 ആദ്യ മനുഷ്യർ സ്രഷ്ടാവിന്റെ മാർഗനിർദേശത്തിൽനിന്ന് അകന്നുമാറിയപ്പോൾ അവർക്കു സംഭവിച്ചത് ഒരു വൈദ്യുത ഫാനിന്റെ പ്ലഗ് ഊരുമ്പോൾ സംഭവിക്കുന്നതുപോലെയാണ്. ഫാനിന്റെ പ്ലഗ് ഒരു വൈദ്യുത സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുന്നിടത്തോളം സമയം അതു കറങ്ങുന്നു. എന്നാൽ ബന്ധം വേർപെടുത്തുമ്പോൾ അതിന്റെ കറക്കം സാവധാനത്തിലാകുകയും ഒടുവിൽ പൂർണമായി നിലയ്ക്കുകയും ചെയ്യുന്നു. ആദാമും ഹവ്വായും ‘ജീവന്റെ ഉറവായ’ തങ്ങളുടെ സ്രഷ്ടാവിൽനിന്ന് അകന്നുമാറിയപ്പോൾ അതാണു സംഭവിച്ചത്. (സങ്കീർത്തനം 36:9) അവർ തങ്ങളുടെ നിർമാതാവിനെ വിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ ഒരു ഗതി മനഃപൂർവം തിരഞ്ഞെടുത്തതിനാൽ അവരെ തനിയെ വിട്ടുകൊണ്ട് തങ്ങളുടെ തിരഞ്ഞെടുപ്പ് എന്തർഥമാക്കുന്നു എന്ന് പൂർണമായി മനസ്സിലാക്കാൻ അവൻ അവരെ അനുവദിച്ചു. ഒരു ബൈബിൾ തത്ത്വം പിൻവരുന്നപ്രകാരം പറയുന്നു: “[ദൈവത്തെ] ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” (2 ദിനവൃത്താന്തം ) സ്രഷ്ടാവിന്റെ സംരക്ഷകശക്തി ഇല്ലാതായപ്പോൾ അവരുടെ മനസ്സും ശരീരവും ക്രമേണ ക്ഷയിക്കാൻ തുടങ്ങി. ക്രമേണ അവർ പ്രായംചെന്നു മരിച്ചു.— 15:2ഉല്പത്തി 3:19; 5:5.
9. ആദ്യ മനുഷ്യരുടെ മോശമായ തിരഞ്ഞെടുപ്പു നിമിത്തം മുഴു മനുഷ്യവർഗവും ബാധിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
9 ആദാമും ഹവ്വായും തങ്ങളുടെ സ്രഷ്ടാവിൽനിന്നു സ്വതന്ത്രരാകാൻ തീരുമാനിച്ചപ്പോൾ അവർക്കു പൂർണത നഷ്ടമായി. ഇതു സംഭവിച്ചത് അവർക്കു കുട്ടികൾ ഉണ്ടാകുന്നതിനു മുമ്പായിരുന്നു. അതിന്റെ ഫലമായി, അവർക്കു പിന്നീടു കുട്ടികൾ ഉണ്ടായപ്പോൾ മാതാപിതാക്കളുടെ അപൂർണതതന്നെ അവരും പ്രതിഫലിപ്പിച്ചു. അതുകൊണ്ട് ആദ്യ മനുഷ്യർ വികലമായ ഒരു അച്ചുപോലെ ആയിത്തീർന്നു. അവരിൽനിന്ന് ഉളവായതെല്ലാം വികലമായിരുന്നു. അതുകൊണ്ട്, നാമെല്ലാം അപൂർണരായി ജനിക്കുന്നു, വാർധക്യം, രോഗം, മരണം തുടങ്ങിയവ നമ്മിലേക്കു കൈമാറപ്പെടുകയും ചെയ്യുന്നു. ഈ അപൂർണതയും അതോടൊപ്പം സ്രഷ്ടാവിൽനിന്നും അവന്റെ നിയമങ്ങളിൽനിന്നുമുള്ള അകൽച്ചയും കൂടിയായപ്പോൾ മനുഷ്യ ബുദ്ധിശൂന്യത കെട്ടഴിച്ചുവിടപ്പെട്ടു. അങ്ങനെ, മനുഷ്യവർഗചരിത്രത്തിന്റെ ഏടുകൾ ദുരിതം, ദുഃഖം, രോഗം, മരണം എന്നിവയാൽ നിറഞ്ഞിരിക്കുന്നു.—സങ്കീർത്തനം 51:5; റോമർ 5:12.
10. (എ) ആത്മമണ്ഡലത്തിൽ എന്തു മത്സരമാണു നടന്നത്? (ബി) അത്തരമൊരു സംഗതി സംഭവിക്കാൻ കഴിയുമായിരുന്നത് എങ്ങനെ?
10 ദുഷ്ടതയ്ക്കു തുടക്കംകുറിച്ചത് മനുഷ്യർ മാത്രമായിരുന്നുവെന്നാണോ ഈ പറഞ്ഞുവരുന്നത്? അല്ല, അവർ മാത്രമായിരുന്നില്ല. ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികളായിട്ട് മനുഷ്യർ മാത്രമല്ല ഉണ്ടായിരുന്നത്. മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം സ്വർഗത്തിൽ അസംഖ്യം ആത്മജീവികളെ സൃഷ്ടിച്ചിരുന്നു. (ഇയ്യോബ് 38:4, 6) അവരും ധാർമിക കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യം ഉള്ളവർ ആയിരുന്നു, തങ്ങളുടെ സ്രഷ്ടാവിന്റെ മാർഗനിർദേശം അംഗീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശവും അവർക്ക് ഉണ്ടായിരുന്നു. ആ ആത്മജീവികളിൽ ഒരാൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്റെ ആഗ്രഹത്തെ മനസ്സിൽ താലോലിക്കാൻ തീരുമാനിച്ചു. ദൈവത്തിന്റെ അധികാരത്തെ വെല്ലുവിളിക്കാൻ അവനെ പ്രേരിപ്പിക്കുന്ന അളവോളം അവന്റെ അധികാരകാംക്ഷ വളർന്നുവന്നു. ദൈവനിയമം ലംഘിച്ചാലും “നിങ്ങൾ മരിക്കയില്ല നിശ്ചയം” എന്ന് അവൻ ആദാമിന്റെ ഭാര്യയായ ഹവ്വായ്ക്ക് ഉറപ്പുകൊടുത്തു. (ഉല്പത്തി 3:4; യാക്കോബ് 1:13-15) നിലനിൽക്കുന്ന ജീവനും സന്തുഷ്ടിയും ഉണ്ടായിരിക്കുന്നതിന് അവർക്ക് സ്രഷ്ടാവിന്റെ ആവശ്യമില്ലെന്ന് അവന്റെ പ്രസ്താവനകൾ സൂചിപ്പിച്ചു. വാസ്തവത്തിൽ, ദൈവനിയമം ലംഘിച്ചാൽ ദൈവത്തെപ്പോലെ ആയിത്തീരാൻ കഴിയുമെന്നും അങ്ങനെ അവരുടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നും ആണ് അവൻ പറഞ്ഞത്. അങ്ങനെ അവൻ ദൈവനിയമങ്ങളുടെ ന്യായത്തെ ചോദ്യംചെയ്യുകയും അവരുടെമേലുള്ള ദൈവത്തിന്റെ ഭരണവിധം സംബന്ധിച്ച് സംശയത്തിന്റെ കരിനിഴൽ പരത്തുകയും ചെയ്തു. വാസ്തവത്തിൽ, ഭരിക്കുന്നതിനുളള സ്രഷ്ടാവിന്റെ അവകാശം സംബന്ധിച്ചുതന്നെ അവൻ സംശയത്തിന്റെ നിഴൽ വീഴ്ത്തി. ഇങ്ങനെ ദൈവത്തെ തെറ്റായി ചിത്രീകരിച്ചതു നിമിത്തം അവൻ “എതിരാളി” എന്നർഥമുള്ള സാത്താൻ എന്നും “ദൂഷകൻ” എന്നർഥമുള്ള പിശാച് എന്നും വിളിക്കപ്പെടാനിടയായി. ‘ഭരിക്കുക അല്ലെങ്കിൽ മുടിക്കുക’ എന്ന നയത്തിലൂടെ സാത്താൻ തന്റെ ഈ മനോഭാവം കഴിഞ്ഞ 6,000 വർഷമായി മനുഷ്യവർഗത്തെ സ്വാധീനിക്കാൻ അനുവദിച്ചിരിക്കുന്നു.—ലൂക്കൊസ് 4:1-8; 1 യോഹന്നാൻ 5:19; വെളിപ്പാടു 12:9.
11. ദൈവം മത്സരികളെ തുടക്കത്തിൽത്തന്നെ തുടച്ചുനീക്കാഞ്ഞത് എന്തുകൊണ്ട്?
11 എന്നാൽ ദൈവം ഈ മനുഷ്യ നിയമലംഘികളെയും ആത്മ നിയമലംഘിയെയും തുടക്കത്തിൽത്തന്നെ നശിപ്പിക്കാഞ്ഞത് എന്തുകൊണ്ടാണ്? ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളുടെയും മുമ്പാകെ ആഴമേറിയ വിവാദപ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു എന്നതായിരുന്നു കാരണം. ഒരു വിവാദപ്രശ്നത്തിൽ പിൻവരുന്ന ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നു: ദൈവത്തിന്റെ പരമാധികാരത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എപ്പോഴെങ്കിലും നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുമോ? മനുഷ്യനെ ദൈവം വഴിനയിക്കുന്നതാണോ അവനു മെച്ചം, അതോ മനുഷ്യൻ മനുഷ്യനെത്തന്നെ വഴിനയിക്കുന്നതാണോ? തങ്ങളുടെ സ്രഷ്ടാവിന്റെ സഹായം കൂടാതെ മനുഷ്യർക്ക് ഈ ലോകത്തെ വിജയപ്രദമായി ഭരിക്കാൻ കഴിയുമോ? ചുരുക്കത്തിൽ, മനുഷ്യർക്ക് ദൈവത്തിന്റെ മാർഗനിർദേശം യഥാർഥത്തിൽ ആവശ്യമായിരുന്നോ? സമയം അനുവദിക്കാത്തപക്ഷം ഈ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ കഴിയില്ലായിരുന്നു.
ഇത്രയധികം സമയം കടന്നുപോകാൻ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
12. ദൈവം ആരംഭത്തിൽതന്നെ ഇടപെട്ടിരുന്നെങ്കിൽ അവനെതിരെ എന്തു പരാതി ആരോപിക്കപ്പെടുമായിരുന്നു?
12 എന്നാൽ വിവാദപ്രശ്നങ്ങൾക്കു തീർപ്പു കൽപ്പിക്കുന്നതിന് ഇത്രയധികം സമയം—ഇപ്പോൾ ഏതാണ്ട് 6,000 വർഷം—കടന്നുപോകാൻ ദൈവം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്? ദീർഘനാൾ മുമ്പുതന്നെ അവയ്ക്കു തൃപ്തികരമായി തീർപ്പു കൽപ്പിക്കാൻ കഴിയുമായിരുന്നില്ലേ? കൊള്ളാം, ദൈവം ദീർഘനാൾ മുമ്പ് ഇടപെട്ടിരുന്നെങ്കിൽ, എല്ലാവർക്കും സമാധാനവും ഐശ്വര്യവും കൈവരുത്തുന്നതിനുള്ള പ്രയോഗക്ഷമമായ ഒരു ഭരണകൂടവും ആവശ്യമായ സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കുന്നതിനുള്ള വേണ്ടത്ര സമയം മനുഷ്യർക്കു കൊടുത്തില്ലെന്ന പരാതി ഉണ്ടാകുമായിരുന്നു. അതുകൊണ്ട്, ഉന്നയിക്കപ്പെട്ട വിവാദപ്രശ്നങ്ങൾക്കു തീർപ്പു കൽപ്പിക്കുന്നതിനു സമയം വേണ്ടിവരുമെന്ന് ജ്ഞാനിയായ ദൈവം മനസ്സിലാക്കി. അവൻ ആ സമയം അനുവദിച്ചു.
13, 14. ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ അനന്തരഫലങ്ങൾ എന്തെല്ലാം?
13 നൂറ്റാണ്ടുകളിൽ ഉടനീളം മനുഷ്യർ എല്ലാത്തരത്തിലുള്ള ഭരണകൂടങ്ങളും സാമൂഹിക വ്യവസ്ഥിതികളും സാമ്പത്തിക വ്യവസ്ഥിതികളും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. കൂടാതെ, ആറ്റത്തെ ഉപയുക്തമാക്കുക, ചന്ദ്രനിലേക്കു യാത്രചെയ്യുക തുടങ്ങിയ അനേകം സാങ്കേതിക പുരോഗതികൾ വരുത്തുന്നതിന് ആവശ്യമായ സമയവും മനുഷ്യർക്കു ലഭിച്ചിട്ടുണ്ട്. എന്നിട്ടോ? ഇതെല്ലാം മുഴു മനുഷ്യകുടുംബത്തിനും യഥാർഥ അനുഗ്രഹം കൈവരുത്തുന്ന തരത്തിലുള്ള ലോകത്തെ ആനയിച്ചിട്ടുണ്ടോ?
14 ഒരിക്കലുമില്ല. മനുഷ്യർ പരീക്ഷിച്ചുനോക്കിയിട്ടുള്ളതൊന്നും എല്ലാവർക്കും യഥാർഥ സമാധാനവും സന്തുഷ്ടിയും കൈവരുത്തിയിട്ടില്ല. മറിച്ച്, കാലം ഇത്രയും പിന്നിട്ടിട്ടും അവസ്ഥകൾ എന്നത്തേതിലുമധികം അസ്ഥിരമാണ്. കുറ്റകൃത്യവും യുദ്ധവും കുടുംബത്തകർച്ചയും ദാരിദ്ര്യവും പട്ടിണിയും രാജ്യങ്ങൾതോറും തേർവാഴ്ച നടത്തുകയാണ്. മനുഷ്യവർഗത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയിരിക്കുകയാണ്. ഭയങ്കര വിനാശക ശക്തിയുള്ള ന്യൂക്ലിയർ മിസൈലുകൾക്ക് മനുഷ്യരാശിയെ ഒന്നടങ്കമല്ലെങ്കിലും അതിന്റെ ഭൂരിഭാഗത്തെയും നിർമൂലമാക്കാൻ കഴിയും. അതുകൊണ്ട്, ആയിരക്കണക്കിനു വർഷത്തെ ശ്രമമുണ്ടായിട്ടും കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമായി അനേകം നൂറ്റാണ്ടുകളിലെ മാനുഷിക അനുഭവപരിചയം ഉണ്ടായിട്ടും സാങ്കേതിക പുരോഗതിയുടെ പുതിയ അത്യുച്ചങ്ങൾ പ്രാപിച്ചിട്ടും മനുഷ്യവർഗം ഇപ്പോഴും അതിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളുമായി വ്യർഥമായി മല്ലിടുകയാണ്.
15. മനുഷ്യന്റെ മത്സരത്തിന്റെ ഫലമായി ഭൂമിക്ക് എന്തു സംഭവിച്ചിരിക്കുന്നു?
15 മനുഷ്യന്റെ പ്രവർത്തനം ഭൂമിക്കും ദോഷം ചെയ്തിരിക്കുന്നു. സംരക്ഷക വനങ്ങൾ വെട്ടിനശിപ്പിച്ചുകൊണ്ട് മനുഷ്യന്റെ അത്യാർത്തിയും അവഗണനയും ചില പ്രദേശങ്ങളെ മരുഭൂമികളാക്കി മാറ്റിയിരിക്കുന്നു. രാസവസ്തുക്കളും മറ്റു പാഴ്വസ്തുക്കളും കരയെയും കടലിനെയും വായുവിനെയും മലീമസമാക്കിയിരിക്കുന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള 2,000 വർഷം മുമ്പത്തെ ബൈബിൾ വിവരണം ഇന്നു കൂടുതൽ കൃത്യമാണ്: “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.”—റോമർ 8:22.
എന്താണു തെളിയിക്കപ്പെട്ടിരിക്കുന്നത്?
16, 17. ഇത്രയധികം കാലം കടന്നുപോയതിന്റെ ഫലമായി എന്തു തെളിയിക്കപ്പെട്ടിരിക്കുന്നു?
16 ഇത്രയും കാലത്തെ സംഭവങ്ങൾ എന്താണു സംശയാതീതമായി തെളിയിച്ചിരിക്കുന്നത്? സ്രഷ്ടാവിനെ കൂടാതെയുള്ള മാനുഷ ഭരണം അതൃപ്തികരമാണെന്ന്. നിർമാതാവിൽനിന്നു വിട്ടുനിന്നുകൊണ്ട് മനുഷ്യനു ഭൂമിയിലെ കാര്യാദികളെ വിജയകരമായി കൈകാര്യംചെയ്യാൻ സാധിക്കുകയില്ലെന്നു വ്യക്തമായി തെളിഞ്ഞിരിക്കുന്നു. ഭരിക്കുന്നതിനുള്ള മനുഷ്യന്റെ ശ്രമങ്ങളെക്കുറിച്ചുള്ള ബൈബിളിന്റെ വിലയിരുത്തൽ പൂർണമായും ശരിയാണെന്നു ചരിത്രം തുടർന്നും സ്ഥിരീകരിക്കുന്നു: “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു.”—സഭാപ്രസംഗി 8:9, NW.
17 സ്രഷ്ടാവിന്റെ നിയമങ്ങളാൽ നയിക്കപ്പെടുന്ന പ്രപഞ്ചത്തിൽ കാര്യങ്ങൾ ക്രമത്തോടും കൃത്യതയോടും കൂടെ നടക്കുമ്പോൾ മനുഷ്യന്റെ ശ്രമങ്ങൾ എത്ര വിപത്കരമായി പരിണമിച്ചിരിക്കുന്നു! വ്യക്തമായും, തങ്ങളുടെ കാര്യാദികളെ ഭരിക്കുന്നതിന് മനുഷ്യർക്കും ഇത്തരം മാർഗനിർദേശം ആവശ്യമാണ്, കാരണം ദൈവത്തിന്റെ മേൽനോട്ടത്തെ അവഗണിക്കുന്നതു വിപത്കരമായിരുന്നിട്ടേയുള്ളൂ. നമുക്ക് വായുവും വെള്ളവും ഭക്ഷണവും അനിവാര്യമായിരിക്കുന്നതുപോലെതന്നെ ദൈവത്തിന്റെ മാർഗനിർദേശവും അനിവാര്യമാണെന്ന് എക്കാലത്തേക്കുമായി തെളിയിക്കപ്പെട്ടിരിക്കുന്നു.—മത്തായി 4:4.
18. പ്രശ്നങ്ങൾക്കു തീർപ്പുകൽപ്പിക്കുന്നതിനു സമയം അനുവദിച്ചത് ഭാവിയിലേക്ക് ഒരു സ്ഥിരമായ കീഴ്വഴക്കം പ്രദാനം ചെയ്തിരിക്കുന്നത് എങ്ങനെ?
18 മാത്രമല്ല, മനുഷ്യന്റെ ഭരണത്തെ സംബന്ധിച്ച വിവാദപ്രശ്നങ്ങൾക്കു തീർപ്പുകൽപ്പിക്കുന്നതിനു മതിയായ സമയം അനുവദിക്കുകവഴി ദൈവം ഭാവിക്കുവേണ്ടി ഒരു സ്ഥിരമായ കീഴ്വഴക്കം സ്ഥാപിച്ചിരിക്കുന്നു. അതിനെ സുപ്രീംകോടതിയിലെ ഒരു മൗലിക കേസിനോട് ഉപമിക്കാൻ കഴിയും. വിവാദപ്രശ്നത്തിന് എന്നെന്നേക്കുമായി തീർപ്പു കൽപ്പിക്കപ്പെട്ടിരിക്കുന്നു. അതായത് ദൈവത്തിൽനിന്നു വിട്ടുനിന്നുകൊണ്ടുള്ള മനുഷ്യഭരണത്തിനു ഭൂമിയിൽ ഒരു നല്ല അവസ്ഥ കൊണ്ടുവരാൻ കഴിയുകയില്ല എന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഭാവിയിൽ, തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുള്ള ദൈവത്തിന്റെ സൃഷ്ടികളിൽ ആരെങ്കിലും ദൈവം കാര്യങ്ങൾ ചെയ്യുന്ന വിധത്തെ വെല്ലുവിളിക്കുന്നെങ്കിൽ അവന്റെ വാദം തെളിയിക്കുന്നതിനുവേണ്ടി കൂടുതലായ ആയിരക്കണക്കിനു വർഷങ്ങൾ അനുവദിക്കേണ്ട ആവശ്യമുണ്ടായിരിക്കയില്ല. തെളിയിക്കപ്പെടേണ്ടതെല്ലാം ദൈവം അനുവദിച്ചിരിക്കുന്ന ഏതാണ്ട് 6,000 വർഷത്തെ ഈ കാലയളവിൽ തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് വരുവാനുള്ള നിത്യതയിലെങ്ങും, ഭൂമിയിലെ സമാധാനവും സന്തുഷ്ടിയും കെടുത്താനോ അഖിലാണ്ഡത്തിൽ മറ്റെവിടെയെങ്കിലും ദൈവത്തിന്റെ പരമാധികാരത്തിൽ കൈകടത്താനോ യാതൊരു മത്സരിയെയും വീണ്ടുമൊരിക്കലും അനുവദിക്കുകയില്ല. ബൈബിൾ ഇങ്ങനെ ഉറപ്പിച്ചു പറയുന്നു: “കഷ്ടത രണ്ടുപ്രാവശ്യം [“രണ്ടാമതൊരിക്കൽക്കൂടി,” NW] പൊങ്ങിവരികയില്ല.”—നഹൂം 1:9.
ദൈവത്തിന്റെ പരിഹാര മാർഗം
19. ദുഷ്ടതയ്ക്കുള്ള ദൈവത്തിന്റെ പരിഹാരമെന്താണ്?
19 അങ്ങനെ, ദൈവം സൃഷ്ടിച്ച ലോകത്തിൽ കഷ്ടപ്പാട് ഉണ്ടായിരിക്കുന്നതിന്റെ ന്യായയുക്തമായ വിശദീകരണം ബൈബിൾ നൽകുന്നു. കൂടാതെ, കഷ്ടപ്പാടിന് ഇടയാക്കുന്നവരെ നീക്കംചെയ്യുന്നതിന് ദൈവം തന്റെ സർവശക്തി ഉപയോഗിക്കുന്ന സമയം സമീപമാണെന്നും ബൈബിൾ വ്യക്തമായി കാണിച്ചുതരുന്നു. സദൃശവാക്യങ്ങൾ 2:21, 22 ഇപ്രകാരം പ്രസ്താവിക്കുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” അതേ, ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കും. (വെളിപ്പാടു 11:18) ഒടുവിൽ പിശാചായ സാത്താനെയും നീക്കംചെയ്യും. (റോമർ 16:20) തന്റെ മനോഹര സൃഷ്ടിയായ ഭൂമിയുടെ സൗന്ദര്യം കെടുത്താൻ ദൈവം ദുഷ്ടന്മാരെ ഇനിയും ദീർഘകാലംകൂടെ അനുവദിക്കുകയില്ല. അവന്റെ നിയമങ്ങൾ അനുസരിക്കാത്ത ഏതൊരാളും നിർമൂലമാക്കപ്പെടും. ദൈവത്തിന്റെ ഹിതം ചെയ്യുന്നവർ മാത്രം തുടർന്നു ജീവിക്കും. (1 യോഹന്നാൻ 2:15-17) കളകൾ നിറഞ്ഞു വളരുന്നിടത്ത് നിങ്ങൾ ഒരു പൂന്തോട്ടം നട്ടുപിടിപ്പിക്കുകയില്ല, കോഴികളെയും കുറുക്കന്മാരെയും ഒരേ കൂട്ടിൽ ഇടുകയുമില്ല. നീതിമാന്മാരായ മനുഷ്യർക്കുവേണ്ടി ദൈവം പറുദീസ പുനഃസ്ഥാപിക്കുമ്പോഴും അങ്ങനെതന്നെ ആയിരിക്കും, നശീകരണ പ്രവണതയുള്ളവർ ആ സമയത്ത് അഴിഞ്ഞാടാൻ അവൻ അനുവദിക്കുകയില്ല.
20. ഗതകാല കഷ്ടപ്പാട് തുടച്ചുനീക്കപ്പെടുന്നത് എങ്ങനെ?
20 നൂറ്റാണ്ടുകളിലെ കഷ്ടപ്പാട് വളരെയധികം നൊമ്പരത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും അത് ഒരു നല്ല ഉദ്ദേശ്യം സാധിച്ചു. വലിയ ഒരു ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിനു നിങ്ങളുടെ കുട്ടിയെ വേദനാകരമായ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ അനുവദിക്കുന്നതിനോട് അതിനെ ഉപമിക്കാൻ കഴിയും. നിലനിൽക്കുന്ന പ്രയോജനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഏതു താത്കാലിക വേദനയും ഒന്നുമല്ല. മാത്രമല്ല, ഈ ഭൂമിക്കും അതിലെ മനുഷ്യർക്കുംവേണ്ടി ദൈവം ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ ഭൂതകാലത്തെ ഏതു ദുഃഖസ്മരണയും നമ്മുടെ സ്മൃതിപഥത്തിൽനിന്നു തുടച്ചുനീക്കും. ബൈബിൾ ഇങ്ങനെ പറയുന്നു: “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശയ്യാവു 65:17) അതുകൊണ്ട്, ദൈവഭരണം മുഴു ഭൂമിയുടെയും നിയന്ത്രണം ഏറ്റെടുക്കുമ്പോൾ, മനുഷ്യർ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകളെ കുറിച്ചുള്ള ഓർമകൾ വീണ്ടും ഒരിക്കലും അവരുടെ മനസ്സിലേക്കു കടന്നുവരില്ല. അന്ന് സന്തോഷം എല്ലാ ഗതകാല ദുഃഖസ്മരണകളെയും മായ്ച്ചുകളയും. എന്തെന്നാൽ ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു.”—വെളിപ്പാടു 21:4, 5.
21. മരിച്ച ആളുകൾക്കും എന്ത് അവസരം നൽകപ്പെടും?
21 വരാൻ പോകുന്ന ഈ പുതിയ ലോകത്തെ യേശുക്രിസ്തു “പുനഃസൃഷ്ടി” എന്നു വിളിച്ചു. (മത്തായി 19:28, NW) കഷ്ടപ്പാടിന്റെയും മരണത്തിന്റെയും കഴിഞ്ഞകാല ഇരകൾ ദൈവം തീർച്ചയായും തങ്ങളെക്കുറിച്ചു കരുതുന്നുണ്ടെന്ന് അന്നു മനസ്സിലാക്കും, എന്തുകൊണ്ടെന്നാൽ അന്ന് ശവക്കുഴിയിൽ ഉള്ളവരുടെ അക്ഷരീയ പുനഃസൃഷ്ടിയും സംഭവിക്കും. യേശു പറഞ്ഞു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും” ഭൂമിയിലെ ജീവനിലേക്കു “പുനരുത്ഥാനം” ചെയ്യപ്പെടും. (യോഹന്നാൻ 5:28, 29) ഈ വിധത്തിൽ, ദൈവത്തിന്റെ നീതിയുള്ള ഭരണത്തിനു കീഴ്പെടാനും യേശു “പരദീസ” എന്നു വിളിച്ച ആ സ്ഥലത്ത് എന്നേക്കും ജീവിക്കുന്നതിനുള്ള പദവി നേടിയെടുക്കാനുമുള്ള അവസരം മരിച്ചവർക്കും നൽകപ്പെടും.—ലൂക്കൊസ് 23:43.
22. ജന്തുലോകത്തിൽ ഏത് അവസ്ഥ പുനഃസ്ഥാപിക്കപ്പെടും?
22 ജന്തുക്കളുടെ ഇടയിൽ പോലും സമാധാനം സ്ഥിതിചെയ്യും. “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും” എന്നും “ഒരു ചെറിയ കുട്ടി അവയെ നടത്തു”മെന്നും ബൈബിൾ പറയുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിൽ ജന്തുക്കൾ മനുഷ്യരോടോ തമ്മിൽത്തമ്മിലോ “ഒരു ദോഷമോ നാശമോ . . . ചെയ്കയില്ല.”—യെശയ്യാവു 11:6-9; 65:25.
23. ദൈവത്തിന്റെ സകല സൃഷ്ടിയും ഏത് അവസ്ഥയിൽ എത്തിച്ചേരും?
23 അങ്ങനെ, റോമർ 8:21 പറയുന്നതുപോലെ എല്ലാ വിധങ്ങളിലും “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.” ക്രമേണ, ഭൂമി രോഗത്തിൽനിന്നും ദുഃഖത്തിൽനിന്നും മരണത്തിൽനിന്നും സ്വതന്ത്രരായ പൂർണ മനുഷ്യർ നിവസിക്കുന്ന ഒരു പറുദീസ ആയിത്തീരും. കഷ്ടപ്പാട് എന്നെന്നേക്കുമായി ഒരു കഴിഞ്ഞകാല സംഗതി ആയിരിക്കും. ആയിരക്കണക്കിനു വർഷങ്ങളായി ദൈവത്തിന്റെ പ്രപഞ്ചത്തെ വികൃതമാക്കിയിരുന്ന ആ വൃത്തിഹീനമായ കളങ്കം നീക്കംചെയ്തുകൊണ്ട് അവന്റെ ഭൗമികസൃഷ്ടിയുടെ എല്ലാ വശങ്ങളും അവന്റെ ഉദ്ദേശ്യത്തോടു പൂർണ ചേർച്ചയിലെത്തും.
24. ബൈബിളിനെക്കുറിച്ച് എന്തു ചോദ്യം ചോദിച്ചേക്കാം?
24 ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിനെക്കുറിച്ചും അത് ഇല്ലാതാക്കുന്നതിന് അവൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ചും ബൈബിൾ വിവരിക്കുന്നത് ഇപ്രകാരമാണ്. എന്നാൽ ചിലയാളുകൾ ഇങ്ങനെ ചോദിച്ചേക്കാം: ‘ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വാസയോഗ്യമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം?’
[അധ്യയന ചോദ്യങ്ങൾ]
[188-ാം പേജിലെ ആകർഷകവാക്യം]
‘ഒരു ദൈവമുണ്ടെങ്കിൽ അവൻ എന്തുകൊണ്ടാണ് ഇതെല്ലാം അനുവദിക്കുന്നത്?’ എന്ന് അനേകരും ചോദിക്കുന്നു
[190-ാം പേജിലെ ആകർഷകവാക്യം]
സ്രഷ്ടാവിൽനിന്നു വിട്ടുനിന്നുകൊണ്ട് തങ്ങളെത്തന്നെ വിജയകരമായി ഭരിക്കുന്നതിനുവേണ്ടിയല്ല മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്
[190-ാം പേജിലെ ആകർഷകവാക്യം]
സ്വാതന്ത്ര്യം ആപേക്ഷികം ആയിരിക്കേണ്ടിയിരുന്നു, സമ്പൂർണമല്ല
[192-ാം പേജിലെ ആകർഷകവാക്യം]
ഒരുവൻ തെറ്റായ കാര്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടേയിരിക്കുന്നത് അതു ചെയ്യുന്നതിലേക്കു നയിക്കും
[193-ാം പേജിലെ ആകർഷകവാക്യം]
ഉന്നയിക്കപ്പെട്ട വിവാദപ്രശ്നങ്ങൾക്കു പൂർണമായി തീർപ്പുകൽപ്പിക്കുന്നതിന് സമയമെടുക്കും
[194-ാം പേജിലെ ആകർഷകവാക്യം]
ഈ നൂറ്റാണ്ടുകളെല്ലാം പിന്നിട്ടിട്ടും ലോകാവസ്ഥകൾ എന്നത്തേതിലുമധികം ഭീഷണിപ്പെടുത്തുന്നവയാണ്
[196-ാം പേജിലെ ആകർഷകവാക്യം]
തന്റെ മനോഹരമായ ഭൂമിയുടെ സൗന്ദര്യം കെടുത്താൻ സ്രഷ്ടാവ് ദുഷ്ടന്മാരെ ഇനിയും ദീർഘകാലംകൂടെ അനുവദിക്കുകയില്ല
[198-ാം പേജിലെ ആകർഷകവാക്യം]
എല്ലാ വിധങ്ങളിലും ‘സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതൽ പ്രാപിക്കും’
[189-ാം പേജിലെ ചിത്രം]
ആദ്യ മനുഷ്യർക്ക് ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രതീക്ഷ ഉണ്ടായിരുന്നു
[191-ാം പേജിലെ ചിത്രങ്ങൾ]
വൈദ്യുത സ്രോതസ്സുമായുള്ള ബന്ധം വേർപെടുത്തുമ്പോൾ ഒരു ഫാനിന്റെ കറക്കം സാവധാനത്തിലായി നിലയ്ക്കുന്നതുപോലെ ആദാമും ഹവ്വായും തങ്ങളുടെ ജീവന്റെ ഉറവിൽനിന്ന് അകന്നുമാറിയപ്പോൾ പ്രായംചെന്നു മരിച്ചു
[194-ാം പേജിലെ ചിത്രങ്ങൾ]
“സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു”
[195-ാം പേജിലെ ചിത്രം]
വിവാദപ്രശ്നങ്ങൾക്കു തീർപ്പുകൽപ്പിക്കുന്നതിനു മതിയായ സമയം അനുവദിക്കുകവഴി ദൈവം ഭാവിക്കുവേണ്ടി ഒരു കീഴ്വഴക്കം സ്ഥാപിച്ചിരിക്കുന്നു, ഇത് സുപ്രീംകോടതിയുടെ ഒരു മൗലിക തീരുമാനം പോലെയാണ്
[197-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ സന്തോഷം കഷ്ടപ്പാടിന്റെ എല്ലാ ഗതകാല സ്മരണകളെയും മായ്ച്ചുകളയും