പരിണാമം സംബന്ധിച്ച് വിയോജിപ്പുകൾ—എന്തുകൊണ്ട്?
അധ്യായം 2
പരിണാമം സംബന്ധിച്ച് വിയോജിപ്പുകൾ—എന്തുകൊണ്ട്?
ഡാർവിന്റെ വർഗോത്പത്തിയുടെ ഒരു പ്രത്യേക ശതാബ്ദി പതിപ്പ് പ്രസിദ്ധീകരിക്കാനിരിക്കെ, കാനഡയിലെ ഒട്ടാവയിലുള്ള കോമൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയളോജിക്കൽ കൺട്രോളിന്റെ അന്നത്തെ ഡയറക്ടറായ ഡബ്ലിയു. ആർ. തോംസണെ അതിന്റെ ആമുഖം എഴുതാനായി ക്ഷണിക്കുകയുണ്ടായി. അദ്ദേഹം അതിൽ ഇങ്ങനെ പ്രസ്താവിച്ചു: “നമുക്ക് അറിയാവുന്നതുപോലെ, ജീവശാസ്ത്രജ്ഞന്മാർക്കിടയിൽ പരിണാമത്തിന്റെ കാരണങ്ങൾ സംബന്ധിച്ചു മാത്രമല്ല അതിന്റെ യഥാർഥ പ്രക്രിയ സംബന്ധിച്ചും വലിയ അഭിപ്രായ വ്യത്യാസമുണ്ട്. തെളിവുകൾ തൃപ്തികരം അല്ലാത്തതുകൊണ്ടും ആ തെളിവുകൾ കൊണ്ട് ഒരു സുനിശ്ചിത നിഗമനത്തിലെത്താൻ കഴിയാത്തതുകൊണ്ടുമാണ് ഈ അഭിപ്രായ വ്യത്യാസം ഉള്ളത്. അതുകൊണ്ട് പരിണാമം സംബന്ധിച്ച വിയോജിപ്പുകളിലേക്ക് ശാസ്ത്രാവഗാഹമില്ലാത്ത പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നതു ശരിയും ഉചിതവുമാണ്.”a
1, 2. (എ) “വസ്തുത” എന്ന പദം എങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു? (ബി) വസ്തുതകളുടെ ചില ഉദാഹരണങ്ങളേവ?
പരിണാമസിദ്ധാന്തം ഇപ്പോൾ ചിരപ്രതിഷ്ഠ നേടിയ ഒരു വസ്തുതയാണെന്ന് അതിനെ അനുകൂലിക്കുന്നവർ വിചാരിക്കുന്നു. ഒരു നിഘണ്ടു “വസ്തുത” എന്ന പദത്തെ നിർവചിക്കുന്നതുപോലെ, പരിണാമം ഒരു “യഥാർഥ സംഭവം,” ഒരു “യാഥാർഥ്യം,” ഒരു “സത്യം” ആണെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ അത് അങ്ങനെയാണോ?
2 ഉദാഹരണത്തിന്: ഭൂമി പരന്നതാണെന്ന് ഒരിക്കൽ വിശ്വസിച്ചിരുന്നു. എന്നാൽ അതിനു ഗോളാകൃതിയാണെന്ന് ഇപ്പോൾ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. അതൊരു വസ്തുതയാണ്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും ആകാശം ഭൂമിക്കുചുറ്റും ഭ്രമണം ചെയ്യുന്നുവെന്നും ഒരിക്കൽ വിശ്വസിച്ചിരുന്നു. എന്നാൽ ഒരു ഭ്രമണപഥത്തിലൂടെ ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് ഇപ്പോൾ നാം അസന്ദിഗ്ധമായി മനസ്സിലാക്കുന്നു. ഇതും ഒരു വസ്തുതയാണ്. ഒരിക്കൽ, തർക്കവിഷയമായിരുന്ന സിദ്ധാന്തങ്ങൾ പലതും തെളിവിന്റെ സഹായത്തോടെ ഉറച്ച വസ്തുത, യാഥാർഥ്യം, സത്യം ആയി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
3. (എ) ചിരപ്രതിഷ്ഠ നേടിയ ഒരു “വസ്തുത” എന്ന നിലയിൽ പരിണാമം ഇപ്പോഴും ചോദ്യംചെയ്യപ്പെടുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) പരിണാമത്തിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കുന്നതിൽ ഏതു സമീപനം സഹായകമായിരിക്കും?
3 സമാനമായി, പരിണാമം സംബന്ധിച്ച തെളിവുകളുടെ ഒരു സൂക്ഷ്മപരിശോധന, അത് ഒരു ഉറച്ച വസ്തുതയാണെന്നു തെളിയിക്കുമോ? രസകരമെന്നു പറയട്ടെ, 1859-ൽ ചാൾസ് ഡാർവിന്റെ വർഗോത്പത്തി എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ മുതൽ ആ സിദ്ധാന്തത്തിന്റെ വിവിധ വശങ്ങൾ ഉന്നതരായ പരിണാമ ശാസ്ത്രജ്ഞരുടെ ഇടയിൽപ്പോലും വിവാദക്കൊടി പാറിച്ചിട്ടുണ്ട്. ഇന്ന് ആ വിവാദം എന്നത്തേതിലുമധികം കൊടുമ്പിരി കൊള്ളുകയാണ്. ഈ സംഗതിയെക്കുറിച്ചു പരിണാമത്തിന്റെ വക്താക്കൾതന്നെ പറയുന്ന കാര്യങ്ങൾ സത്യാവസ്ഥയിലേക്കു വെളിച്ചംവീശും.
പരിണാമം ആക്രമണവിധേയം ആയിരിക്കുന്നു
4-6. പരിണാമത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ ഇടയിൽ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്?
4 ഡിസ്കവർ എന്ന ശാസ്ത്ര മാസിക സ്ഥിതിവിശേഷത്തെ ഈ വിധത്തിൽ വർണിക്കുന്നു: “പരിണാമം . . . യാഥാസ്ഥിതികരായ ക്രിസ്ത്യാനികളുടെ ആക്രമണത്തിനു മാത്രമല്ല, പ്രശസ്തരായ ശാസ്ത്രജ്ഞന്മാരുടെ ചോദ്യംചെയ്യലുകൾക്കും വിധേയമാകുന്നു. ഫോസിൽ രേഖയെക്കുറിച്ചു പഠിക്കുന്ന പുരാജീവിശാസ്ത്രജ്ഞന്മാർക്കിടയിൽ ഡാർവിനിസത്തിന്റെ നിലവിലുള്ള വീക്ഷണം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം വളർന്നുവരുകയാണ്.”1 ഒരു പരിണാമവാദിയും ജിറാഫിന്റെ കഴുത്ത് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഫ്രാൻസിസ് ഹിച്ചിങ് ഇപ്രകാരം പ്രസ്താവിച്ചു: “ജീവശാസ്ത്രത്തിലെ മഹത്തായ ഏകോപന തത്ത്വമായി ശാസ്ത്രലോകം അംഗീകരിച്ച ഡാർവിനിസം ഇപ്പോൾ ഒന്നേകാൽ നൂറ്റാണ്ടിനുശേഷം അതിശയിപ്പിക്കുംവിധം കുഴപ്പത്തിലാണ്.”2
5 150-ഓളം പരിണാമ വിദഗ്ധർ പങ്കെടുത്ത, ഇല്ലിനോയ്സിലെ ചിക്കാഗോയിൽ നടന്ന ഒരു സുപ്രധാന സമ്മേളനത്തിനുശേഷം ഒരു റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിച്ചു: “[പരിണാമം] ഏതാണ്ട് 50 വർഷമായി അതു നേരിട്ടിട്ടുള്ളതിലേക്കും ഏറ്റവും വിപുലവും സമഗ്രവുമായ വിപ്ലവത്തിനു വിധേയം ആയിക്കൊണ്ടിരിക്കുകയാണ്. . . . പരിണാമം കൃത്യമായി എങ്ങനെ സംഭവിച്ചു എന്നുള്ളത് ഇപ്പോൾ ജീവശാസ്ത്രജ്ഞന്മാർക്കിടയിൽ വലിയൊരു തർക്കവിഷയമാണ്. . . . വ്യക്തമായ ഒരു പരിഹാരം ദൃഷ്ടിപഥത്തിലെങ്ങും ഉണ്ടായിരുന്നില്ല.”3
6 പുരാജീവിശാസ്ത്രജ്ഞനും ഒരു പ്രമുഖ പരിണാമവാദിയുമായ നൈൽസ് എൽഡ്രെഡ്ജ് ഇപ്രകാരം പറഞ്ഞു: “കഴിഞ്ഞ ഇരുപതു വർഷമായി പരിണാമ ജീവശാസ്ത്രത്തിനുണ്ടായിരുന്ന അടിയുറച്ച അസന്ദിഗ്ധതയുടെമേൽ സന്ദേഹത്തിന്റെ കരിനിഴൽ പടർന്നപ്പോൾ വികാരങ്ങൾ ആളിക്കത്തി.” “പരസ്പരം മല്ലടിക്കുന്ന വിഭാഗങ്ങൾക്കുള്ളിൽത്തന്നെ മൊത്തത്തിൽ കാണപ്പെട്ട യോജിപ്പിന്റെ അഭാവ”ത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇന്ന് കാര്യങ്ങൾ യഥാർഥത്തിൽ ബഹളത്തിൽ കലാശിക്കുകയാണ് . . . ജീവശാസ്ത്രജ്ഞന്മാർ എത്ര പേരുണ്ടോ [പരിണാമപരമായ] ഓരോ പ്രതിപാദ്യവിഷയത്തിനും അത്രതന്നെ ഭാഷ്യങ്ങൾ ഉള്ളതായി ചിലപ്പോൾ തോന്നും.”4
7, 8. ഡാർവിന്റെ വർഗോത്പത്തിയെക്കുറിച്ച് ആദരണീയനായ ഒരു എഴുത്തുകാരൻ അഭിപ്രായപ്പെട്ടതെങ്ങനെ?
7 ലണ്ടൻ ടൈംസിന്റെ ഒരു ലേഖകനായ (പരിണാമത്തെ അംഗീകരിക്കുന്ന) ക്രിസ്റ്റഫർ ബുക്കർ അതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അതു ലളിത സുന്ദരവും ആകർഷകവുമായ ഒരു സിദ്ധാന്തമായിരുന്നു. ഡാർവിനുതന്നെ കുറെയെങ്കിലും അറിയാമായിരുന്നതുപോലെ അതിന്റെ ഒരേ ഒരു കുഴപ്പം, അതിൽ നിറയെ വലിയ വിള്ളലുകൾ ആയിരുന്നു എന്നതായിരുന്നു.” ഡാർവിന്റെ വർഗോത്പത്തിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “വർഗോത്പത്തിയെക്കുറിച്ചു വിശദീകരിക്കുന്നതിനു പ്രസിദ്ധിയാർജിച്ചിരിക്കുന്ന ഒരു പുസ്തകം വാസ്തവത്തിൽ അതിനെ കുറിച്ചു യാതൊന്നും വിശദീകരിക്കുന്നില്ല എന്ന അങ്ങേയറ്റത്തെ വിരോധാഭാസമാണു നാം ഇവിടെ കാണുന്നത്.”—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
8 ബുക്കർ ഇങ്ങനെയും പ്രസ്താവിച്ചു: “ഡാർവിൻ മരിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും പരിണാമം സംഭവിച്ച വിധത്തെ കുറിച്ച്, തെളിയിക്കാവുന്നതോ ന്യായമെന്നു തോന്നുന്നതുപോലുമോ ആയ യാതൊരു ആശയവും കണ്ടെത്തിയിട്ടില്ല—സമീപ വർഷങ്ങളിൽ ഇത് ഈ മുഴു വിഷയവുമായി ബന്ധപ്പെട്ട അസാധാരണമായ ഏറ്റുമുട്ടൽ പരമ്പരയിലേക്കു നയിച്ചിരിക്കുന്നു. . . . പരിണാമവാദികളുടെ ഇടയിൽ ഇപ്പോൾ ഒരു തുറന്ന പോരാട്ടം തന്നെയാണു നടക്കുന്നത് എന്നു പറയാം. ഓരോ [പരിണാമ] വിഭാഗവും ഏതെങ്കിലും പുതിയ ഭേദഗതിക്കുവേണ്ടി വാദിക്കുന്നു.” അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “അതു വാസ്തവത്തിൽ എങ്ങനെ, എന്തുകൊണ്ടു സംഭവിച്ചു എന്നതിനെപ്പറ്റി ഞങ്ങൾക്ക് യാതൊരു പിടിയുമില്ല, ഒരുപക്ഷേ അത് ഒരിക്കലും പിടികിട്ടാനും പോകുന്നില്ല.”5
9. പരിണാമവാദികളുടെ ഇടയിലെ അടുത്തകാലത്തെ സ്ഥിതിവിശേഷം വർണിക്കപ്പെടുന്നതെങ്ങനെ?
9 പരിണാമവാദിയായ ഹിച്ചിങ് പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് അതിനോടു യോജിപ്പു പ്രകടമാക്കി: “പരിണാമസിദ്ധാന്തത്തെ ചൊല്ലി കലഹങ്ങൾ പൊട്ടിപ്പുറപ്പെട്ടു . . . അനുകൂലവും പ്രതികൂലവുമായി അടിയുറച്ച നിലപാടുകൾ പ്രധാനപ്പെട്ട ആളുകളുടെ ഇടയിൽ സ്ഥാപിക്കപ്പെടുകയും പീരങ്കിയുണ്ടകൾ പോലെ ഇരുപക്ഷത്തുനിന്നും അധിക്ഷേപങ്ങൾ ചീറിപ്പായുകയും ചെയ്തു.” അത് ദൂരവ്യാപക മാനങ്ങളുള്ള ഒരു സൈദ്ധാന്തിക വിവാദമാണെന്ന് അദ്ദേഹം പറയുകയുണ്ടായി, “സാധ്യതയനുസരിച്ച് ദീർഘനാളായി മുറുകെ പിടിച്ചുകൊണ്ടിരുന്ന ഒരു ആശയം വിപരീത തെളിവിന്റെ ഭാരത്താൽ പൊടുന്നനെ മറിച്ചിടപ്പെടുകയും പുതിയതൊന്നു തത്സ്ഥാനത്തു വരുകയും ചെയ്യുന്ന ശാസ്ത്ര കാലഘട്ടങ്ങളിലെ ഒന്നുതന്നെ.”6 ബ്രിട്ടനിലെ ന്യൂ സയന്റിസ്റ്റ് ഇങ്ങനെ പ്രസ്താവിച്ചു: “ശാസ്ത്രജ്ഞന്മാരിൽ വർധിച്ചുവരുന്ന ഒരു സംഖ്യ, പ്രത്യേകിച്ചും കൂടുതൽ കൂടുതൽ പരിണാമവാദികൾ . . . ഡാർവിന്റെ പരിണാമസിദ്ധാന്തം ശാസ്ത്രീയമേ അല്ല എന്നു വാദിക്കുന്നു. . . . ഈ വിമർശകരിൽ പലരും ബുദ്ധിരാക്ഷസന്മാരെന്നു പേരു കേട്ടവരാണ്.”7
ഉത്പത്തികൾ സംബന്ധിച്ച വിഷമസന്ധികൾ
10. ഭൂമിയിൽ ജീവന്റെ പരിണാമപരമായ ഉത്ഭവം ഒരു വസ്തുതയെന്ന നിലയിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ?
10 ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്ന പ്രശ്നത്തെക്കുറിച്ച് ജ്യോതിശ്ശാസ്ത്രജ്ഞനായ റോബർട്ട് ജാസ്റ്റ്രോ ഇപ്രകാരം പറഞ്ഞു: “ഒരു വ്യക്തമായ ഉത്തരമില്ല എന്നതിൽ [ശാസ്ത്രജ്ഞന്മാർക്ക്] മനോവിഷമം ഉളവാകും എങ്കിലും അതാണു വസ്തുത. കാരണം, ജീവനില്ലാത്ത വസ്തുവിൽനിന്ന് ജീവൻ ഉളവാക്കുന്നതു സംബന്ധിച്ച പ്രകൃതിയുടെ പരീക്ഷണങ്ങളെ പുനരാവിഷ്കരിക്കുന്നതിൽ രസതന്ത്രജ്ഞർ ഒരിക്കലും വിജയിച്ചിട്ടില്ല. അത് എങ്ങനെ സംഭവിച്ചുവെന്നു ശാസ്ത്രജ്ഞന്മാർക്ക് അറിഞ്ഞുകൂടാ.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ജീവൻ ഒരു സൃഷ്ടിക്രിയയുടെ ഫലമല്ലായിരുന്നു എന്നുള്ളതിനു ശാസ്ത്രജ്ഞന്മാർക്കു യാതൊരു തെളിവുമില്ല.”8
11. സങ്കീർണമായ ശരീരാവയവങ്ങൾ പരിണാമത്തിന് എന്തു വൈഷമ്യം സൃഷ്ടിക്കുന്നു?
11 എന്നാൽ ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നതു മാത്രമല്ല പ്രശ്നം. കണ്ണ്, ചെവി, തലച്ചോർ തുടങ്ങിയ ശരീരാവയവങ്ങളെക്കുറിച്ചു പരിചിന്തിക്കുക. ഇവയെല്ലാം അമ്പരപ്പിക്കുംവിധം സങ്കീർണമാണ്, ഏറ്റവും സങ്കീർണമായ മനുഷ്യനിർമിത ഉപകരണത്തെക്കാളും വളരെയേറെ. കാണുന്നതിനോ കേൾക്കുന്നതിനോ ചിന്തിക്കുന്നതിനോ ഈ അവയവങ്ങളുടെ എല്ലാ ഭാഗങ്ങളും ഒരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന വസ്തുത പരിണാമത്തിന് പ്രശ്നം സൃഷ്ടിക്കുന്നു. ഈ അവയവങ്ങളുടെ വ്യതിരിക്തമായ എല്ലാ ഭാഗങ്ങളും പൂർത്തിയാക്കപ്പെടുന്നതുവരെ അവ ഉപയോഗശൂന്യം ആയിരിക്കുമായിരുന്നു. അതുകൊണ്ട്, ഉദിക്കുന്ന ചോദ്യമിതാണ്: പരിണാമത്തിന് ഇടയാക്കിയതായി കരുതപ്പെടുന്ന, മാർഗനിർദേശരഹിതമായ യാദൃച്ഛികത എന്ന ഘടകത്തിന് അത്തരം സങ്കീർണമായ പ്രവർത്തനങ്ങൾ നടക്കത്തക്കവണ്ണം ഉചിതമായ സമയത്ത് ഈ ഭാഗങ്ങളെയെല്ലാം കൂട്ടിച്ചേർക്കാൻ കഴിയുമായിരുന്നോ?
12. (എ) കണ്ണിന്റെ ഉത്ഭവത്തെക്കുറിച്ച് ഡാർവിൻ അഭിപ്രായപ്പെട്ടതെങ്ങനെ? (ബി) ഇന്നു പ്രശ്നം പരിഹരിക്കാറായിട്ടുണ്ടോ?
12 ഡാർവിൻ ഇത് ഒരു പ്രശ്നമാണെന്നു സമ്മതിച്ചു. ഉദാഹരണത്തിന്, അദ്ദേഹം എഴുതി: “കണ്ണ് . . . [പരിണാമത്താൽ] ഉണ്ടായതായിരിക്കാം . . . എന്നു കരുതുന്നത് . . . അങ്ങേയറ്റം ബുദ്ധിശൂന്യമായി തോന്നുന്നു എന്നു ഞാൻ തുറന്നു സമ്മതിക്കുന്നു.”9 അദ്ദേഹം ഇതു പറഞ്ഞിട്ട് ഒരു നൂറ്റാണ്ടിലധികമായി. പ്രശ്നം പരിഹരിക്കപ്പെട്ടോ? ഇല്ല. മറിച്ച്, ഡാർവിന്റെ കാലശേഷം കണ്ണിനെക്കുറിച്ചു നടന്നിട്ടുള്ള പഠനങ്ങൾ അത് അദ്ദേഹം മനസ്സിലാക്കിയിരുന്നതിനെക്കാൾ സങ്കീർണമാണെന്നു കാണിക്കുന്നു. അതുകൊണ്ട് ജാസ്റ്റ്രോ പിൻവരുന്നപ്രകാരം പറഞ്ഞു: “കണ്ണു രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതായി കാണുന്നു; യാതൊരു ദൂരദർശിനി രൂപകൽപ്പനാ വിദഗ്ധനും അതിനെക്കാൾ മെച്ചമായി ചെയ്യാൻ കഴിയുമായിരുന്നില്ല.”10
13. ഒരു ശാസ്ത്രജ്ഞൻ മസ്തിഷ്കത്തെക്കുറിച്ചു നിഗമനം ചെയ്തതെന്ത്?
13 കണ്ണിന്റെ കാര്യം ഇതാണെങ്കിൽ മനുഷ്യ മസ്തിഷ്കത്തിന്റെ കാര്യമോ? ലഘുവായ ഒരു യന്ത്രം പോലും യാദൃച്ഛികമായി പരിണമിക്കാത്തപ്പോൾ അതിനെക്കാൾ അങ്ങേയറ്റം സങ്കീർണമായ മസ്തിഷ്കം പരിണമിച്ചു എന്നുള്ളത് എങ്ങനെയൊരു വസ്തുതയാകും? ജാസ്റ്റ്രോ ഇപ്രകാരം നിഗമനം ചെയ്തു: “മനുഷ്യനേത്രത്തിന്റെ പരിണാമത്തെ യാദൃച്ഛികതയുടെ ഉത്പന്നമായി അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്; മനുഷ്യന്റെ ബുദ്ധിശക്തിയുടെ പരിണാമത്തെ നമ്മുടെ പൂർവികരുടെ മസ്തിഷ്ക കോശങ്ങളിലെ ക്രമരഹിതമായ മാറ്റങ്ങളുടെ ഉത്പന്നമായി അംഗീകരിക്കുന്നത് അതിലേറെ പ്രയാസമാണ്.”11
ഫോസിലുകൾ സംബന്ധിച്ച വിഷമസന്ധികൾ
14. ഫോസിൽ തെളിവ് പരിണാമത്തെ പിന്താങ്ങുന്നുവെന്നു പറയുന്നതു സത്യമാണോ?
14 ദശലക്ഷക്കണക്കിന് അസ്ഥികളും ഗതകാല ജീവന്റെ മറ്റു തെളിവുകളും ശാസ്ത്രജ്ഞന്മാർ കുഴിച്ചെടുത്തിട്ടുണ്ട്. ഇവയെ ഫോസിലുകൾ എന്നു വിളിക്കുന്നു. പരിണാമം ഒരു വസ്തുത ആയിരുന്നെങ്കിൽ ഒരു ജീവി വർഗം മറ്റൊന്നായി പരിണമിക്കുന്നതിന്റെ തെളിവുകൾ തീർച്ചയായും ഇവയിലെല്ലാം ധാരാളം ഉണ്ടായിരിക്കണം. എന്നാൽ ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയം ഓഫ് നാച്ച്വറൽ ഹിസ്റ്ററിയുടെ ബുള്ളറ്റിൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഡാർവിന്റെ [പരിണാമ] സിദ്ധാന്തം എല്ലായ്പോഴും ഫോസിലുകളിൽ നിന്നുള്ള തെളിവിനോട് അടുത്തു ബന്ധപ്പെട്ടിരുന്നിട്ടുണ്ട്. ജീവന്റെ ചരിത്രം സംബന്ധിച്ച ഡാർവിന്റെ വ്യാഖ്യാനങ്ങൾക്ക് അനുകൂലമായി പൊതുവെ മുന്നോട്ടു വെച്ചിട്ടുള്ള വാദമുഖങ്ങളുടെ ഒരു സുപ്രധാന ഭാഗം ഫോസിലുകളെ അടിസ്ഥാനമാക്കി ഉള്ളവയാണെന്ന് ഒരുപക്ഷേ മിക്കയാളുകളും അനുമാനിക്കുന്നുണ്ടാകാം. നിർഭാഗ്യകരമെന്നു പറയട്ടെ, അത് അപ്പാടേ സത്യമല്ല.”
15. (എ) ഡാർവിൻ തന്റെ നാളിലെ ഫോസിൽ തെളിവിനെ വീക്ഷിച്ചതെങ്ങനെ? (ബി) ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ഫോസിൽ ശേഖരണത്തിനുശേഷം തെളിവ് എന്താണു വെളിപ്പെടുത്തുന്നത്?
15 എന്തുകൊണ്ടല്ല? “ഫോസിൽ രേഖ” ഡാർവിനെ “ലജ്ജിതനാക്കി. എന്തുകൊണ്ടെന്നാൽ അദ്ദേഹം പ്രവചിച്ച രീതിയിലല്ല അതു കാണപ്പെട്ടത് . . . സാവധാനത്തിലുള്ളതും ക്രമാനുഗതവുമായ പരിണാമത്തിന്റെ സൂക്ഷ്മ മാറ്റം കാണിക്കുന്ന ഒരു ശൃംഖല ഭൂവിജ്ഞാനീയ രേഖ (geologic record) അന്നും ഇന്നും പ്രദാനം ചെയ്യുന്നില്ല,” ബുള്ളറ്റിൻ തുടർന്നു. ഇപ്പോൾ, ഫോസിൽ ശേഖരണം തുടങ്ങിയിട്ട് വാസ്തവത്തിൽ ഒരു നൂറ്റാണ്ടിലധികമായെങ്കിലും “പരിണാമപരമായ മാറ്റത്തിന്റെ ഉദാഹരണങ്ങൾ ഡാർവിന്റെ കാലത്ത് ഉണ്ടായിരുന്നതിനെക്കാൾ കുറവേ നമുക്കുള്ളൂ” എന്നു ബുള്ളറ്റിൻ വിശദീകരിച്ചു.12 അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പരിണാമത്തെ പിന്താങ്ങാൻ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന ഉദാഹരണങ്ങളിൽ ചിലത് ഇപ്പോൾ അതിനെ ഒട്ടും പിന്താങ്ങാത്തതായി കാണുന്നു എന്ന് ഇന്നു ലഭ്യമായിരിക്കുന്ന കൂടുതൽ സമൃദ്ധമായ ഫോസിൽ തെളിവു പ്രകടമാക്കുന്നു.
16. അനേകം പരിണാമ ശാസ്ത്രജ്ഞന്മാരും ഇപ്പോൾ എന്തു സമ്മതിക്കുന്നു?
16 ക്രമാനുഗതമായ പരിണാമത്തെ പിന്തുണയ്ക്കുന്നതിലുള്ള ഫോസിൽ തെളിവുകളുടെ ഈ പരാജയം അനേകം പരിണാമവാദികളെയും അസ്വസ്ഥരാക്കിയിരിക്കുന്നു. “ഒരു പ്രമുഖ വിഭാഗത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ക്രമാനുഗത മാറ്റങ്ങൾ കാണിക്കുന്നതിൽ രേഖ പൊതുവെ പരാജയപ്പട്ടിരിക്കുന്നതിനെ” കുറിച്ച് പുതിയ പരിണാമ സമയവിവര പട്ടികയിൽ (ഇംഗ്ലീഷ്) സ്റ്റീവൻ സ്റ്റാൻലി പ്രസ്താവിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “അറിയപ്പെടുന്ന ഫോസിൽ രേഖ [മന്ദഗതിയിലുള്ള പരിണാമവുമായി] യോജിപ്പിലല്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല.”13 നൈൽസ് എൽഡ്രെഡ്ജും ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “കഴിഞ്ഞ 120 വർഷങ്ങളായി നമ്മോടു കണ്ടെത്താൻ പറഞ്ഞിരിക്കുന്ന ആ മാതൃക നിലവിലില്ല.”14
ഏറെ പുതിയ സിദ്ധാന്തങ്ങൾ
17. ഏറെ പുതിയ സിദ്ധാന്തങ്ങളെക്കുറിച്ച് സയൻസ് ഡൈജസ്റ്റ് അഭിപ്രായപ്പെട്ടതെങ്ങനെ?
17 ഇതെല്ലാം പരിണാമത്തെ താങ്ങി നിർത്തുന്നതിനുവേണ്ടി നൂതന സിദ്ധാന്തങ്ങളെ പിന്തുണയ്ക്കുന്നതിലേക്കു പല ശാസ്ത്രജ്ഞന്മാരെയും നയിച്ചു. സയൻസ് ഡൈജസ്റ്റ് അതിനെ ഇപ്രകാരം വർണിച്ചു: “ചില ശാസ്ത്രജ്ഞന്മാർ ഏറെ ശീഘ്രമായ പരിണാമമാറ്റങ്ങളെ കുറിച്ചുപോലും പറയുന്നു. ഒരിക്കൽ കൽപ്പിതകഥകളിൽ മാത്രം കേൾക്കാൻ കഴിഞ്ഞിരുന്ന ആശയങ്ങൾ വളരെ ഗൗരവത്തോടെ അവർ ഇപ്പോൾ മുന്നോട്ടു വെക്കുന്നു.”15
18. ജീവൻ ബാഹ്യാകാശത്ത് ആരംഭിച്ചു എന്ന ഏറെ അടുത്തകാലത്തെ സിദ്ധാന്തം സംബന്ധിച്ച് എന്തു പ്രശ്നമുണ്ട്?
18 ഉദാഹരണത്തിന്, ഭൂമിയിൽ ജീവൻ താനേ ഉണ്ടാകാൻ വഴിയില്ലെന്നു ചില ശാസ്ത്രജ്ഞന്മാർ നിഗമനം ചെയ്തിരിക്കുന്നു. പകരം, അതു ബാഹ്യാകാശത്ത് ഉത്ഭവിച്ചശേഷം ഭൂമിയിലേക്ക് ഒഴുകി എത്തിയിരിക്കണം എന്ന് അവർ ഊഹിക്കുന്നു. എന്നാൽ അതു ജീവോത്പത്തി സംബന്ധിച്ച പ്രശ്നത്തെ കൂടുതൽ പുറകോട്ടു കൊണ്ടുപോയി ഏറെ വഴിമുട്ടിക്കുന്ന ഒരു അവസ്ഥയിൽ എത്തിക്കുകയേ ചെയ്യുന്നുള്ളൂ. ബാഹ്യാകാശത്തിന്റെ പ്രതികൂല പരിതഃസ്ഥിതി ജീവന്റെ നിലനിൽപ്പിന് അപകടകരമാണ് എന്നത് സുവിദിതമാണ്. അപ്പോൾപ്പിന്നെ, ജീവൻ പ്രപഞ്ചത്തിൽ മറ്റെവിടെയോ താനേ ഉടലെടുക്കുകയും അത്തരം ദുരവസ്ഥകളെ അതിജീവിച്ച് ഭൂമിയിൽ എത്തിച്ചേരുകയും പിന്നീടു നാം കാണുന്ന ജീവരൂപങ്ങളായി വികാസംപ്രാപിക്കുകയും ചെയ്തിരിക്കാനുള്ള സാധ്യതയുണ്ടോ?
19, 20. ചില പരിണാമവാദികൾ ഏതു പുതിയ സിദ്ധാന്തമാണു മുന്നോട്ടു വെക്കുന്നത്?
19 ഫോസിൽ രേഖ ഒരു ഇനത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ജീവന്റെ അനുക്രമ വികാസം കാണിക്കാത്തതുകൊണ്ട് ആ പ്രക്രിയ ഒരു സ്ഥിരമായ വേഗത്തിൽ നടക്കുന്നതിനു പകരം ഇടവിട്ടിടവിട്ടുള്ള എടുത്തുചാട്ടങ്ങൾ സംഭവിച്ചിരിക്കണം എന്നു ചില പരിണാമവാദികൾ സിദ്ധാന്തിക്കുന്നു. “ജീനുകളിൽ പൊടുന്നനെയുണ്ടാകുന്ന ഉഗ്ര മാറ്റങ്ങളുടെ ഫലമായി പുതിയ വർഗങ്ങൾ ഉളവായേക്കാമെന്നു പല ജീവശാസ്ത്രജ്ഞന്മാരും വിചാരിക്കുന്ന”തായി ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു.16
20 ഈ സിദ്ധാന്തത്തെ അനുകൂലിക്കുന്ന ചിലർ ഈ പ്രക്രിയയെ “വിരമിത സന്തുലിതാവസ്ഥ” (punctuated equilibrium) എന്നു വിളിച്ചിരിക്കുന്നു. അതിന്റെ അർഥം വർഗങ്ങൾ അവയുടെ “സന്തുലിതാവസ്ഥ” നിലനിർത്തുന്നു (അവ മിക്കവാറും അങ്ങനെതന്നെ നിലനിൽക്കുന്നു) എന്നും എന്നാൽ ചിലപ്പോൾ ഒരു “വിരാമം” (മറ്റെന്തിലേക്കെങ്കിലും പരിണമിക്കുന്നതിനുള്ള ഒരു എടുത്തുചാട്ടം) സംഭവിക്കുന്നുവെന്നുമാണ്. പരിണാമവാദികളിൽ മിക്കവരും പതിറ്റാണ്ടുകളായി അംഗീകരിച്ചുപോന്നിട്ടുള്ള സിദ്ധാന്തത്തിനു നേർവിപരീതമാണ് ഇത്. ദ ന്യൂയോർക്ക് ടൈംസിലെ ഒരു തലക്കെട്ട് ആ രണ്ടു സിദ്ധാന്തങ്ങളും തമ്മിലുള്ള ഭിന്നതകളെ ഇങ്ങനെ ചിത്രീകരിച്ചു: “ശീഘ്രപരിണാമസിദ്ധാന്തം ആക്രമിക്കപ്പെടുന്നു.” “വിരമിത സന്തുലിതാവസ്ഥ” എന്ന ഏറെ പുതിയ ആശയം പരമ്പരാഗത വീക്ഷണത്തെ മുറുകെപ്പിടിക്കുന്നവരുടെ ഇടയിൽ ‘എതിർപ്പിന്റെ ഒരു പുതിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു’വെന്നു ലേഖനം സൂചിപ്പിച്ചു.17
21. (എ) പരിണാമത്തിന്റെ ഏതു സിദ്ധാന്തം അംഗീകരിച്ചാലും എന്തു തെളിവ് ഉണ്ടായിരിക്കണം? (ബി) എങ്കിലും വസ്തുതകൾ എന്താണു പ്രകടമാക്കുന്നത്?
21 ഏതു സിദ്ധാന്തമായാലും, ഒരു ജീവി വർഗം മറ്റൊന്നായി മാറുന്നുവെന്നു കാണിക്കുന്നതിന് കുറച്ചു തെളിവെങ്കിലും ഉണ്ടായിരിക്കണമെന്നതു ന്യായയുക്തമാണ്. എന്നാൽ ഫോസിൽ രേഖയിൽ കാണുന്ന വ്യത്യസ്ത ഇനം ജീവികൾക്കിടയിലും ഇന്നു ഭൂമിയിലുള്ള വ്യത്യസ്ത ഇനം ജീവികൾക്കിടയിലും ഇപ്പോഴും വിടവുകൾ നിലനിൽക്കുന്നു.
22, 23. “ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനം” സംബന്ധിച്ച ഡാർവിന്റെ ആശയം അടുത്ത കാലത്തു വെല്ലുവിളിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
22 “ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനം” സംബന്ധിച്ച, ദീർഘനാൾ പ്രചാരത്തിലിരുന്ന ഡാർവിന്റെ ആശയത്തിന് എന്തു സംഭവിച്ചു എന്നു കാണുന്നത് ഉൾക്കാഴ്ച നൽകുന്നു. അതിനെ അദ്ദേഹം “പ്രകൃതിനിർധാരണം” എന്നു വിളിച്ചു. അതായത്, പ്രകൃതി ഏറ്റവും അനുയോജ്യമായ ജീവികളെ അതിജീവനത്തിനായി “തിരഞ്ഞെടുത്തു”വെന്ന് അദ്ദേഹം വിശ്വസിച്ചു. “അനുയോജ്യ”മായവ അവയ്ക്കു ഗുണകരമായ പുതിയ സവിശേഷതകൾ ആർജിച്ചെടുത്തതായി കരുതപ്പെടുന്നു. അങ്ങനെ അവ സാവധാനം പരിണമിച്ചു. എന്നാൽ ഏറ്റവും അനുയോജ്യമായത് അതിജീവിച്ചേക്കാം എന്നു സമ്മതിച്ചാൽ പോലും അവ അസ്തിത്വത്തിൽ വന്ന വിധം അതു വിശദീകരിക്കുന്നില്ലെന്ന് കഴിഞ്ഞ 125 വർഷത്തെ തെളിവുകൾ പ്രകടമാക്കുന്നു. ഒരു സിംഹം മറ്റൊരു സിംഹത്തെക്കാൾ അനുയോജ്യനായിരുന്നേക്കാം, എന്നാൽ അത് ഒരു സിംഹമായിത്തീർന്ന വിധം അതു വിശദീകരിക്കുന്നില്ല. മാത്രമല്ല, സിംഹത്തിനു സിംഹക്കുഞ്ഞുങ്ങളേ ഉണ്ടാകൂ.
23 അതുകൊണ്ട്, ഹാർപ്പേഴ്സ് മാസികയിൽ ലേഖകനായ ടോം ബെഥെൽ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഡാർവിൻ തന്റെ സിദ്ധാന്തത്തിന്റെ അടിത്തറ പൊളിക്കാൻ തക്കവണ്ണം ഗൗരവതരമായ ഒരു പിശകാണു വരുത്തിയിരിക്കുന്നത്. ആ പിഴവ് അത്ര വലിയ ഒന്നാണെന്ന് അടുത്തകാലത്തു മാത്രമാണു തിരിച്ചറിഞ്ഞത്. . . . ഒരു ജീവിക്കു മറ്റൊന്നിനെക്കാൾ “അനുയോജ്യത” ഉണ്ടായിരുന്നേക്കാം . . . പക്ഷേ, അത് ഒരുതരത്തിലും ആ ജീവിയുടെ ആവിർഭാവത്തിനു സഹായകമാകുന്നില്ല, . . . വ്യക്തമായും ആ ആശയം ഒരു ഹിമാലയൻ അസംബന്ധമായിരുന്നെന്നു ഞാൻ വിചാരിക്കുന്നു.” ബെഥെൽ ഇങ്ങനെ കൂട്ടിച്ചേർത്തു: “അതു തിരിച്ചറിയവെ എനിക്ക് അന്ധാളിപ്പിക്കുന്ന ഈ നിഗമനത്തിലേ എത്തിച്ചേരാൻ സാധിക്കുന്നുള്ളൂ: ഡാർവിന്റെ സിദ്ധാന്തം തകർച്ചയുടെ വക്കിലാണ്.”18
വസ്തുതയോ സിദ്ധാന്തമോ?
24, 25. (എ) പരിണാമം ചിരപ്രതിഷ്ഠ നേടിയ ഒരു വസ്തുതയുടെ നിലവാരത്തിലെത്തിച്ചേർന്നിട്ടില്ലാത്ത ചില മേഖലകളേവ? (ബി) ഒരു പരിണാമവാദി ആധുനിക സിദ്ധാന്തത്തെക്കുറിച്ചു പറഞ്ഞതിനോടുള്ള ചേർച്ചയിൽ അതിനെ എങ്ങനെ പരിഗണിക്കാൻ കഴിയും?
24 പരിണാമം അഭിമുഖീകരിക്കുന്ന, ഇതുവരെ പരിഹരിച്ചിട്ടില്ലാത്ത ചില പ്രശ്നങ്ങളെ സംക്ഷേപിച്ചുകൊണ്ട് ഫ്രാൻസിസ് ഹിച്ചിങ് ഇപ്രകാരം പ്രസ്താവിച്ചു: “[ആധുനിക പരിണാമസിദ്ധാന്തത്തെ] മൂന്നു നിർണായക മേഖലകളിൽ മാറ്റുരച്ചു നോക്കാൻ കഴിയും. മൂന്നിലും അതു പരാജയപ്പെട്ടിരിക്കുന്നു: ഫോസിൽ രേഖ ക്രമാനുഗതമായ മാറ്റത്തിനുപകരം പരിണാമ കുതിപ്പുകളുടെ ഒരു ചിത്രമാണു വരച്ചുകാട്ടുന്നത്. ജീനുകൾ മാറ്റങ്ങളെ ചെറുക്കുന്ന ശക്തിമത്തായ ഒരു സംവിധാനമാണ്. പുതിയ രൂപങ്ങൾ പരിണമിച്ചുണ്ടാകുന്നതു തടയുന്നതാണ് അതിന്റെ മുഖ്യ ധർമം. തന്മാത്രാ തലത്തിലെ പടിപടിയായുള്ള, ക്രമരഹിതമായ ഉത്പരിവർത്തനങ്ങൾക്ക് ജീവജാലങ്ങളിൽ കാണുന്ന സംഘടിതവും വർധിച്ചുവരുന്നതുമായ സങ്കീർണതയെ വിശദീകരിക്കാനാവില്ല.”—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
25 എന്നിട്ട് ഹിച്ചിങ് ഈ അഭിപ്രായം പറഞ്ഞുകൊണ്ട് ഉപസംഹരിച്ചു: “പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നവർക്കു തന്നെ അതിനെ കുറിച്ച് നിറയെ സംശയങ്ങളാണെങ്കിൽ ആരെങ്കിലും അതിനെ ചോദ്യംചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളൂ. ഡാർവിനിസം വാസ്തവത്തിൽ ജീവശാസ്ത്രത്തിലെ മഹത്തായ ഏകോപന തത്ത്വമാണെങ്കിൽ അത് ഉൾക്കൊള്ളുന്ന എല്ലാ മേഖലകളും അജ്ഞതയിലാണ്ടു കിടക്കുകയാണെന്നു പറയേണ്ടിയിരിക്കുന്നു. ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങളിൽ ചിലതിന് ഉത്തരം നൽകാൻ അതിനു കഴിയാതെവരുന്നു: ജീവനില്ലാത്ത രാസവസ്തുക്കൾ ജീവനുള്ളവ ആയിത്തീർന്നത് എങ്ങനെ, ജനിതക രേഖയ്ക്കു പിന്നിലെ വ്യാകരണ നിയമങ്ങൾ എന്തെല്ലാം, ജീനുകൾ ജീവജാലങ്ങളുടെ ആകൃതി രൂപപ്പെടുത്തുന്നത് എങ്ങനെ.” വാസ്തവത്തിൽ, ആധുനിക പരിണാമസിദ്ധാന്തം “തീരെ അപര്യാപ്തമായ ഒന്നാണെന്നും കേവലം ഒരു വിശ്വാസം ആയി മാത്രം കണക്കാക്കാനുള്ള അർഹതയേ അതിന് ഉള്ളൂവെന്നും” താൻ വിചാരിക്കുന്നതായി ഹിച്ചിങ് പ്രസ്താവിച്ചു.19
26. പരിണാമം ഒരു വസ്തുതയാണെന്നു ശഠിച്ചുകൊണ്ടേയിരിക്കുന്നതു ന്യായയുക്തമല്ലാത്തത് എന്തുകൊണ്ട്?
26 എന്നാൽ, പരിണാമം ഒരു വസ്തുതയാണെന്നു ശഠിക്കുന്നതിനു തങ്ങൾക്കു മതിയായ കാരണമുണ്ടെന്നു പരിണാമത്തെ അനുകൂലിക്കുന്ന പലരും വിചാരിക്കുന്നു. വിശദാംശങ്ങളെ ചൊല്ലി മാത്രമേ തങ്ങൾ തർക്കിക്കുന്നുള്ളുവെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ മറ്റേതെങ്കിലും സിദ്ധാന്തത്തിന് പരിഹരിച്ചിട്ടില്ലാത്ത, ഇത്ര വലിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിൽ, അതിനെ അനുകൂലിക്കുന്നവരുടെ ഇടയിൽ ഇത്ര വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അതിനെ ഇത്ര പെട്ടെന്ന് ഒരു വസ്തുതയായി പ്രഖ്യാപിക്കുമായിരുന്നോ? ഒരു കാര്യം ഒരു വസ്തുതയാണെന്ന് ആവർത്തിച്ചു പറയുന്നതുകൊണ്ടു മാത്രം അത് ഒരു വസ്തുതയാകുന്നില്ല. ഒരു ജീവശാസ്ത്രജ്ഞനായ ജോൺ ആർ. ഡ്യുറന്റ് ലണ്ടനിലെ ദ ഗാർഡിയനിൽ ഇങ്ങനെ എഴുതി: “പല ശാസ്ത്രജ്ഞന്മാരും തങ്ങളുടെ വിശ്വാസത്തിൽ കടിച്ചുതൂങ്ങുന്നതിനുള്ള പ്രലോഭനത്തിനു വഴങ്ങുന്നു, . . . വർഗോത്പത്തി സംബന്ധിച്ച പ്രശ്നത്തിന് അന്തിമമായി തീർപ്പുകൽപ്പിക്കപ്പെട്ടതുപോലെ അത് വീണ്ടും വീണ്ടും അവതരിപ്പിച്ചിരിക്കുന്നു. വാസ്തവത്തിൽ, യാഥാർഥ്യത്തിൽ നിന്ന് ഇത്രയും വിദൂരത്തായിരിക്കുന്ന മറ്റൊന്നില്ല. . . . എന്നിരുന്നാലും വിശ്വാസത്തിൽ കടിച്ചുതൂങ്ങുന്നതിനുള്ള ചായ്വ് നിലനിൽക്കുന്നു, അതു ശാസ്ത്രത്തിനു യാതൊരു നന്മയും കൈവരുത്തുന്നില്ല.”20
27. മറ്റെന്തു സംഗതി ജീവൻ ഇവിടെ വന്ന വിധം മനസ്സിലാക്കുന്നതിനുള്ള തെളിവുകൾ പ്രദാനം ചെയ്യുന്നു?
27 നേരെമറിച്ച്, ജീവൻ ഇവിടെ എങ്ങനെ വന്നു എന്നതിനുള്ള ഒരു വിശദീകരണമായി സൃഷ്ടിയെ സ്വീകരിക്കുന്നെങ്കിലെന്ത്? പലപ്പോഴും പരിണാമത്തെ പിന്താങ്ങാനായി ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങളെക്കാൾ ഈടുറ്റ തെളിവുകൾ സൃഷ്ടിക്കുണ്ടോ? ഏറ്റവും നന്നായി അറിയപ്പെടുന്ന സൃഷ്ടിവിവരണം എന്ന നിലയിൽ, ഭൂമിയും ജീവജാലങ്ങളും ഇവിടെ എങ്ങനെ വന്നു എന്നതു സംബന്ധിച്ച് ഉല്പത്തി വിശ്വസനീയമായ എന്തെങ്കിലും വിവരം പ്രദാനംചെയ്യുന്നുണ്ടോ?
[അധ്യയന ചോദ്യങ്ങൾ]
[14-ാം പേജിലെ ആകർഷകവാക്യം]
“ഡാർവിനിസം ഒന്നേകാൽ നൂറ്റാണ്ടിനുശേഷം അതിശയിപ്പിക്കുംവിധം കുഴപ്പത്തിലാണ്”
[15-ാം പേജിലെ ആകർഷകവാക്യം]
“പരിണാമം കൃത്യമായി എങ്ങനെ സംഭവിച്ചു എന്നുള്ളത് ഇപ്പോൾ ജീവശാസ്ത്രജ്ഞന്മാർക്കിടയിൽ വലിയൊരു തർക്കവിഷയമാണ്”
[16-ാം പേജിലെ ആകർഷകവാക്യം]
പരിണാമത്തെ അംഗീകരിക്കുന്ന, ലണ്ടൻ ടൈംസിന്റെ ഒരു ലേഖകൻ ഡാർവിന്റെ പുസ്തകമായ വർഗോത്പത്തിയെക്കുറിച്ച് ഇപ്രകാരം എഴുതി: “വർഗോത്പത്തിയെക്കുറിച്ചു വിശദീകരിക്കുന്നതിനു പ്രസിദ്ധിയാർജിച്ചിരിക്കുന്ന ഒരു പുസ്തകം വാസ്തവത്തിൽ അതിനെ കുറിച്ചു യാതൊന്നും വിശദീകരിക്കുന്നില്ല എന്ന അങ്ങേയറ്റത്തെ വിരോധാഭാസമാണു നാം ഇവിടെ കാണുന്നത്”
[18-ാം പേജിലെ ആകർഷകവാക്യം]
“കണ്ണു രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതായി കാണുന്നു; യാതൊരു ദൂരദർശിനി രൂപകൽപ്പനാ വിദഗ്ധനും അതിനെക്കാൾ മെച്ചമായി ചെയ്യാൻ കഴിയുമായിരുന്നില്ല”
[21-ാം പേജിലെ ആകർഷകവാക്യം]
“കഴിഞ്ഞ 120 വർഷങ്ങളായി നമ്മോടു കണ്ടെത്താൻ പറഞ്ഞിരിക്കുന്ന ആ മാതൃക നിലവിലില്ല”
[21-ാം പേജിലെ ആകർഷകവാക്യം]
‘ഒരിക്കൽ കൽപ്പിതകഥകളിൽ മാത്രം കേൾക്കാൻ കഴിഞ്ഞിരുന്ന [പരിണാമ] ആശയങ്ങൾ ചില ശാസ്ത്രജ്ഞന്മാർ മുന്നോട്ടു വെക്കുന്നു’
[22-ാം പേജിലെ ആകർഷകവാക്യം]
പല പതിറ്റാണ്ടുകളായി അംഗീകരിച്ചുപോന്നിട്ടുള്ള സംഗതികളെ പുതിയ സിദ്ധാന്തങ്ങൾ ഖണ്ഡിക്കുന്നു
[23-ാം പേജിലെ ആകർഷകവാക്യം]
“ഡാർവിന്റെ സിദ്ധാന്തം തകർച്ചയുടെ വക്കിലാണ്”
[24-ാം പേജിലെ ആകർഷകവാക്യം]
“വർഗോത്പത്തി സംബന്ധിച്ച പ്രശ്നത്തിന് അന്തിമമായി തീർപ്പുകൽപ്പിക്കപ്പെട്ടതു പോലെ അത് വീണ്ടും വീണ്ടും അവതരിപ്പിച്ചിരിക്കുന്നു. വാസ്തവത്തിൽ, യാഥാർഥ്യത്തിൽ നിന്ന് ഇത്രയും വിദൂരത്തായിരിക്കുന്ന മറ്റൊന്നില്ല”
[18-ാം പേജിലെ ചതുരം]
“മനുഷ്യന്റെ കാഴ്ചയോടു കിടപിടിക്കുന്ന ഒന്നിനുവേണ്ടിയുള്ള അന്വേഷണത്തിൽ കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാർക്കു വഴിമുട്ടി”
മേൽപ്പറഞ്ഞ തലക്കെട്ടിൻകീഴിൽ ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ചിന്തിക്കുന്ന യന്ത്രങ്ങൾ നിർമിക്കുകയെന്ന, മനുഷ്യന്റെ ഏറ്റവും സാഹസികമായ സ്വപ്നങ്ങളിലൊന്നിന്റെ സാക്ഷാത്കാരത്തിനായി ശ്രമിച്ച വിദഗ്ധർക്ക് ലളിതമായ ആദ്യ പടിയെന്നു തോന്നിയതു സ്വീകരിച്ചപ്പോൾതന്നെ അടിപതറി. കാഴ്ചശക്തി പുനരാവിഷ്കരിക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു.
“രണ്ടു പതിറ്റാണ്ടുകളിലെ ഗവേഷണത്തിനു ശേഷവും നിത്യോപയോഗ വസ്തുക്കൾ തിരിച്ചറിയുക, ഒന്നിനെ മറ്റൊന്നിൽനിന്നു വേർതിരിച്ചറിയുക തുടങ്ങിയ പ്രത്യക്ഷത്തിൽ ലളിതമായ കാര്യങ്ങൾ ചെയ്യാൻ അവർ ഇപ്പോഴും യന്ത്രങ്ങളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
“മറിച്ച്, മനുഷ്യന്റെ കാഴ്ചയുടെ സങ്കീർണതയോട് അവർ ആഴമായ ഒരു പുത്തൻ ആദരവ് വളർത്തിയെടുത്തിരിക്കുന്നു. . . . മനുഷ്യന്റെ ദൃഷ്ടിപടലം കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാരിൽ അസൂയ ജനിപ്പിക്കുകയാണ്. അതിന്റെ 10 കോടി ദണ്ഡുകളും (rods) കോണുകളും (cones) കൂടാതെ ന്യൂറോൺ അടുക്കുകളും ഓരോ സെക്കന്റിലും 1,000 കോടി കണക്കുകൂട്ടലുകളെങ്കിലും നടത്തുന്നുണ്ട്.”b
[17-ാം പേജിലെ ചിത്രം]
ഒരു പരിണാമവാദി ഇങ്ങനെ പറഞ്ഞു: “അനുകൂലവും പ്രതികൂലവുമായി അടിയുറച്ച നിലപാടുകൾ . . . സ്ഥാപിക്കപ്പെടുകയും പീരങ്കിയുണ്ടകൾ പോലെ ഇരുപക്ഷത്തുനിന്നും അധിക്ഷേപങ്ങൾ ചീറിപ്പായുകയും ചെയ്തു”
[19-ാം പേജിലെ ചിത്രങ്ങൾ]
ജ്യോതിശ്ശാസ്ത്രജ്ഞനായ റോബർട്ട് ജാസ്റ്റ്രോ പറഞ്ഞു: “മനുഷ്യനേത്രത്തിന്റെ പരിണാമത്തെ യാദൃച്ഛികതയുടെ ഉത്പന്നമായി അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്; മനുഷ്യന്റെ ബുദ്ധിശക്തിയുടെ പരിണാമത്തെ നമ്മുടെ പൂർവികരുടെ മസ്തിഷ്ക കോശങ്ങളിലെ ക്രമരഹിതമായ മാറ്റങ്ങളുടെ ഉത്പന്നമായി അംഗീകരിക്കുന്നത് അതിലേറെ പ്രയാസമാണ്”
[20-ാം പേജിലെ ചിത്രങ്ങൾ]
“കൂടുതൽ വിശദമായ വിവരങ്ങൾ ലഭിച്ചതിന്റെ ഫലമായി ഫോസിൽ രേഖയിലെ ഡാർവീനിയൻ മാറ്റത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളായി കണക്കാക്കിയിരുന്നവയിൽ ചിലതിനെ തള്ളിക്കളയുകയോ അവയ്ക്കു ഭേദഗതിവരുത്തുകയോ ചെയ്യേണ്ടിവന്നിരിക്കുന്നു.”c—ഡേവിഡ് റൗപ്, ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയം ഓഫ് നാച്ച്വറൽ ഹിസ്റ്ററി
ഇയോഹിപ്പസ്
ആർക്കിയോപ്റ്റെറിക്സ്
ശ്വാസകോശ മത്സ്യം
[22-ാം പേജിലെ ചിത്രം]
ഏറ്റവും അനുയോജ്യമായത് അതിജീവിക്കാമെന്നിരിക്കെ അവ അസ്തിത്വത്തിൽ വന്ന വിധം അതു വിശദീകരിക്കുന്നില്ല