മനുഷ്യൻ എന്ന അത്ഭുതം
അധ്യായം 14
മനുഷ്യൻ എന്ന അത്ഭുതം
1. മസ്തിഷ്കത്തെ സംബന്ധിച്ച ഏതു വസ്തുതയാണ് അതിന് ഒരു വലിയ വെല്ലുവിളി ആയിരിക്കുന്നതായി തോന്നുന്നത്?
മനുഷ്യ മസ്തിഷ്കത്തിന്റെ അത്രയും അത്ഭുതകരമായ യാതൊന്നും ഈ ഭൂമിയിൽ ഇല്ല. ഉദാഹരണത്തിന്, ഓരോ സെക്കന്റിലും 10 കോടിയോളം വിവര ശകലങ്ങൾ വ്യത്യസ്ത ബോധേന്ദ്രിയങ്ങളിൽനിന്നു മസ്തിഷ്കത്തിലേക്കു പ്രവഹിക്കുന്നുണ്ട്. ഇവ അനിയന്ത്രിതമായി കുന്നുകൂടുന്നത് മസ്തിഷ്കത്തിന് എങ്ങനെ ഒഴിവാക്കാൻ കഴിയും? ഒരു സമയത്ത് ഒരു കാര്യത്തെ കുറിച്ചു മാത്രമേ നമുക്കു ചിന്തിക്കാനാവൂ. അങ്ങനെയെങ്കിൽ ഒരുമിച്ച് എത്തിച്ചേരുന്ന ദശലക്ഷക്കണക്കിനുള്ള ഈ സന്ദേശങ്ങളെ മനസ്സ് എങ്ങനെയാണു വിജയകരമായി കൈകാര്യം ചെയ്യുന്നത്? മനസ്സ് ഈ കുത്തൊഴുക്കിനെ കേവലം അതിജീവിക്കുക മാത്രമല്ല, അനായാസം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
2, 3. മസ്തിഷ്കം ഏതു രണ്ടു വിധങ്ങളിലാണ് ഈ പ്രശ്നത്തെ തരണം ചെയ്യുന്നത്?
2 അതിന് എങ്ങനെ ഇതു സാധ്യമാകുന്നു എന്നുള്ളതു മനുഷ്യ മസ്തിഷ്കത്തിന്റെ അനേകം അത്ഭുതങ്ങളിൽ ഒന്നു മാത്രമാണ്. ഇതിൽ രണ്ടു ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നാമതായി, മസ്തിഷ്ക കാണ്ഡത്തിൽ നിങ്ങളുടെ ചെറുവിരലിന്റെ വലുപ്പമുള്ള ഒരു നാഡീശൃംഖലയുണ്ട്. ഈ ശൃംഖലയെ റെറ്റിക്കുലർ ഫോർമേഷൻ എന്നു വിളിക്കുന്നു. മസ്തിഷ്കത്തിലേക്കു വരുന്ന ദശലക്ഷക്കണക്കിനു സന്ദേശങ്ങളെ നിരീക്ഷിക്കുകയും അപ്രധാനമായവയെ തിരഞ്ഞുമാറ്റി പ്രധാനപ്പെട്ടവയെ മാത്രം സെറിബ്രൽ കോർട്ടക്സിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരുകയും ചെയ്യുന്ന അത് ഒരുതരം ഗതാഗതനിയന്ത്രണകേന്ദ്രമായി പ്രവർത്തിക്കുന്നു. ഓരോ സെക്കന്റിലും കൂടിവന്നാൽ ഏതാനും ശതം സന്ദേശങ്ങളെ മാത്രമേ ഈ കൊച്ചു നാഡീശൃംഖല ബോധമനസ്സിലേക്കു കടത്തിവിടുന്നുള്ളൂ.
3 രണ്ടാമതായി, ഓരോ സെക്കന്റിലും 8 മുതൽ 12 വരെ തവണ മസ്തിഷ്കത്തിൽ വന്നലയ്ക്കുന്ന തരംഗങ്ങൾ ശ്രദ്ധാകേന്ദ്രീകരണത്തിനു കൂടുതലായ സഹായം നൽകുന്നതായി തോന്നുന്നു. ഈ തരംഗങ്ങൾ ഉയർന്ന സംവേദനക്ഷമതയുടെ ഘട്ടങ്ങൾക്കിടയാക്കുന്നു. ഈ സമയത്ത് മസ്തിഷ്കം ശക്തിയേറിയ സംജ്ഞകൾക്കു ശ്രദ്ധകൊടുക്കുകയും അവയനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ തരംഗങ്ങൾ മുഖേന മസ്തിഷ്കം അതിനെത്തന്നെ സസൂക്ഷ്മം പരിശോധിച്ച് പ്രധാനപ്പെട്ടവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അങ്ങനെ ഓരോ സെക്കന്റിലും നമ്മുടെ ശിരസ്സിനുള്ളിൽ നമ്മെ അത്ഭുതപ്പെടുത്തുമാറ് തകൃതിയായ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു!
“അതിശയിക്കത്തക്ക” ഒന്ന്
4. മസ്തിഷ്കത്തെ മനസ്സിലാക്കാനുള്ള തീവ്രമായ ശാസ്ത്ര ഗവേഷണത്തിനു ശേഷവും ഏത് അവസ്ഥ തുടരുന്നു?
4 സമീപവർഷങ്ങളിൽ ശാസ്ത്രജ്ഞന്മാർ മസ്തിഷ്ക പഠനങ്ങളിൽ വമ്പിച്ച പുരോഗതി വരുത്തിയിട്ടുണ്ട്. എങ്കിലും, അവർ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങൾ ഇനിയും ഗ്രഹിച്ചിട്ടില്ലാത്തവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതുമല്ല. ആയിരക്കണക്കിനു വർഷത്തെ ഊഹാപോഹത്തിനും കഴിഞ്ഞ പതിറ്റാണ്ടുകളിലെ തീവ്രമായ ശാസ്ത്ര ഗവേഷണത്തിനുംശേഷം നമ്മുടെ മസ്തിഷ്കങ്ങൾ പ്രപഞ്ചംപോലെതന്നെ “അടിസ്ഥാനപരമായി നിഗൂഢമായി” തുടരുന്നു എന്ന് ഒരു ഗവേഷകൻ പറഞ്ഞു.1 നിശ്ചയമായും, മനുഷ്യൻ എന്ന അത്ഭുതത്തിന്റെ ഏറ്റവും നിഗൂഢമായ ഭാഗം അവന്റെ മസ്തിഷ്കമാണെന്ന് അനായാസം പറയാൻ കഴിയും—“അത്ഭുതം” എന്നാൽ “അതിശയിക്കത്തക്ക” ഒന്ന്.
5. വളർന്നുകൊണ്ടിരിക്കുന്ന ഒരു മനുഷ്യ ശിശുവിലെ മസ്തിഷ്കത്തിന്റെ വികാസത്തെ സംബന്ധിച്ച ഏതു വസ്തുതയാണ് അതിനും ജന്തുക്കളുടെ മസ്തിഷ്കങ്ങൾക്കും ഇടയിലുള്ള വിടവു പ്രകടമാക്കുന്നത്?
5 ഈ അത്ഭുതം ഗർഭാശയത്തിൽ ആരംഭിക്കുന്നു. ഗർഭധാരണത്തിന്റെ മൂന്നാമത്തെ ആഴ്ചയിൽ മസ്തിഷ്ക കോശങ്ങൾ രൂപംകൊണ്ടു തുടങ്ങുന്നു. അവ ദ്രുതഗതിയിൽ വളരുന്നു, ചിലപ്പോൾ ഒരു മിനിട്ടിൽ 2,50,000 കോശങ്ങളോളം തന്നെ. ജനനശേഷം മസ്തിഷ്കം വളരുന്നതിലും ബന്ധങ്ങളുടെ ശൃംഖലയ്ക്കു രൂപം നൽകുന്നതിലും തുടരുന്നു. മനുഷ്യ മസ്തിഷ്കത്തെ എല്ലാ ജന്തുക്കളുടേതിൽനിന്നും വേർതിരിക്കുന്ന വിടവ് പെട്ടെന്നുതന്നെ പ്രകടമാകുന്നു: “എല്ലാ ജന്തുക്കളുടെയും മസ്തിഷ്കത്തിൽനിന്നു വ്യത്യസ്തമായി മനുഷ്യ ശിശുവിന്റെ മസ്തിഷ്കം അതിന്റെ ആദ്യ വർഷത്തിൽ മൂന്നിരട്ടി വലുപ്പം വെക്കുന്നു” എന്ന് ആന്തരിക പ്രപഞ്ചം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു.2 മനുഷ്യ മസ്തിഷ്കത്തിന് ശരീര ഭാരത്തിന്റെ 2 ശതമാനം ഭാരമേയുള്ളൂവെങ്കിലും ക്രമേണ അതിലേക്ക് ന്യൂറോണുകൾ എന്നു വിളിക്കപ്പെടുന്ന 10,000 കോടിയോളം നാഡീകോശങ്ങളും മറ്റിനം കോശങ്ങളും തിക്കിക്കൊള്ളിക്കപ്പെടുന്നു.
6. നാഡീസംജ്ഞകൾ ഒരു ന്യൂറോണിൽനിന്നു മറ്റൊന്നിലേക്കു പ്രവഹിക്കുന്നതെങ്ങനെ?
6 പ്രധാന മസ്തിഷ്ക കോശങ്ങളായ ന്യൂറോണുകൾ വാസ്തവത്തിൽ പരസ്പരം സ്പർശിക്കുന്നില്ല. ഒരു മില്ലിമീറ്ററിന്റെ നാൽപ്പതിലൊന്നു വീതി പോലുമില്ലാത്ത, സിനാപ്സുകൾ എന്ന ചെറു വിടവുകൾ അവയെ വേർതിരിക്കുന്നു. നാഡീ പ്രേഷകങ്ങൾ (neurotransmitters) എന്നു വിളിക്കപ്പെടുന്ന രാസവസ്തുക്കൾ ഈ വിടവുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. അറിയപ്പെടുന്ന 30 നാഡീ പ്രേഷകങ്ങളേ ഉള്ളുവെങ്കിലും മസ്തിഷ്കത്തിൽ അവയെക്കാൾ വളരെയേറെ എണ്ണം ഉണ്ടായിരുന്നേക്കാം. ഡെൻഡ്രൈറ്റുകൾ എന്നു വിളിക്കപ്പെടുന്ന ചെറു തന്തുക്കളുടെ ഒരു സമ്മിശ്ര ശൃംഖല ഈ രാസസംജ്ഞകളെ ന്യൂറോണിന്റെ ഒരറ്റത്തു സ്വീകരിക്കുന്നു. അതിനുശേഷം ആക്സോൺ എന്നു വിളിക്കപ്പെടുന്ന ഒരു നാഡീതന്തു വഴി ഈ സംജ്ഞകൾ ന്യൂറോണിന്റെ മറ്റേ അറ്റത്തേക്കു പ്രേഷണം ചെയ്യപ്പെടുന്നു. ന്യൂറോണുകളിലായിരിക്കുമ്പോൾ സംജ്ഞകൾ വൈദ്യുതസ്വഭാവമുള്ളവയും വിടവുകളിലൂടെ സഞ്ചരിക്കുമ്പോൾ രാസസ്വഭാവമുള്ളവയുമാണ്. അങ്ങനെ നാഡീസംജ്ഞകളുടെ പ്രേഷണത്തിന് വൈദ്യുതരാസ പ്രകൃതിയാണുള്ളത്. എല്ലാ ആവേഗങ്ങൾക്കും ഒരേ ശക്തിയാണ്. എന്നാൽ സംജ്ഞയുടെ തീവ്രത ആവേഗങ്ങളുടെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. ഒരു സെക്കന്റിൽ ആയിരം ആവേഗങ്ങൾവരെ ഉണ്ടാകാവുന്നതാണ്.
7. മസ്തിഷ്കത്തിന്റെ ഏതു സവിശേഷതയെക്കുറിച്ചാണ് ബൈബിൾ അഭിപ്രായപ്പെട്ടിരിക്കുന്നത്, ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിരിക്കുന്ന എന്തു സംഗതി ഇതുമായി യോജിക്കുന്നു?
7 പഠന സമയത്ത് ശരീരധർമപരമായ എന്തു മാറ്റങ്ങളാണ് മസ്തിഷ്കത്തിൽ സംഭവിക്കുന്നത് എന്നു തിട്ടമില്ല. എന്നാൽ നാം പഠിക്കുമ്പോൾ, പ്രത്യേകിച്ചു ബാല്യദശയിൽ, മസ്തിഷ്കത്തിൽ മെച്ചമായ ബന്ധങ്ങൾ രൂപംകൊള്ളുന്നതായും ന്യൂറോണുകൾക്കിടയിലെ വിടവുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രാസവസ്തുക്കൾ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതായും പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു. തുടർച്ചയായ ഉപയോഗം ബന്ധങ്ങളെ ബലിഷ്ഠമാക്കുന്നു, അങ്ങനെ പഠനപ്രാപ്തി ഊട്ടിയുറപ്പിക്കപ്പെടുന്നു. “കൂടെക്കൂടെ ഒരുമിച്ച് ഉത്തേജിപ്പിക്കപ്പെടുന്ന പഥങ്ങൾ ഏതോ വിധത്തിൽ ബലിഷ്ഠമാക്കപ്പെടുന്നു” എന്ന് സയന്റിഫിക്ക് അമേരിക്കൻ റിപ്പോർട്ടു ചെയ്യുന്നു.3“തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ള” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) പക്വമതികളായ ആളുകൾ ഗഹനമേറിയ കാര്യങ്ങളെ കൂടുതൽ വേഗം മനസ്സിലാക്കുന്നു എന്ന ബൈബിളിന്റെ അഭിപ്രായം ഇത്തരുണത്തിൽ താത്പര്യജനകമാണ്. (എബ്രായർ 5:14) ഉപയോഗിക്കപ്പെടാത്ത മാനസിക പ്രാപ്തികൾ ക്ഷയിച്ചുപോകുന്നുവെന്ന് ഗവേഷണം വെളിപ്പെടുത്തിയിരിക്കുന്നു. ഒരു പേശിപോലെ, മസ്തിഷ്കം ഉപയോഗംകൊണ്ട് ബലിഷ്ഠമാകുകയും ഉപയോഗിക്കാതിരിക്കുമ്പോൾ ദുർബലമാകുകയും ചെയ്യുന്നു.
8. മസ്തിഷ്കത്തെ സംബന്ധിച്ച ഉത്തരംകിട്ടാത്ത വലിയ പ്രശ്നങ്ങളിലൊന്ന് ഏതാണ്?
8 മസ്തിഷ്കത്തിനുള്ളിലെ ഈ ബന്ധങ്ങൾക്കു രൂപംനൽകുന്ന അതിസൂക്ഷ്മങ്ങളായ അസംഖ്യം നാഡീതന്തുക്കളെ മിക്കപ്പോഴും “വയറിങ്” എന്നു വിളിക്കുന്നു. അന്ധാളിപ്പിക്കുംവിധം സങ്കീർണമായ ഒരു നൂലാമാലയ്ക്കുള്ളിൽ അവ കൃത്യസ്ഥാനത്തു വെക്കപ്പെട്ടിരിക്കുന്നു. എന്നാൽ “വയറിങ് രേഖാചിത്രങ്ങൾ” നിഷ്കർഷിക്കുന്ന കൃത്യസ്ഥാനങ്ങളിൽ അവ എങ്ങനെ വെക്കപ്പെട്ടിരിക്കുന്നു എന്നത് ഒരു മർമമാണ്. “ന്യൂറോണുകൾ ബന്ധങ്ങളുടെ നിശ്ചിത മാതൃകകൾക്കു രൂപം കൊടുക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യമാണ് മസ്തിഷ്കത്തിന്റെ വികാസത്തിലെ ഉത്തരംകിട്ടാത്ത ഏറ്റവും പ്രധാന പ്രശ്നം എന്നതിനു സംശയമില്ല. . . . ബന്ധങ്ങളിൽ അധികവും വികാസത്തിന്റെ ആരംഭ ദശയിൽ കൃത്യസ്ഥാനത്തു സ്ഥാപിക്കപ്പെട്ടതായി തോന്നുന്നു” എന്ന് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു.4 മസ്തിഷ്കത്തിലേതുപോലുള്ള പ്രത്യേകമായി വേർതിരിച്ച ഈ ഭാഗങ്ങൾ “നാഡീവ്യൂഹത്തിലുടനീളം കാണാം, ഈ കൃത്യമായ വയറിങ് എങ്ങനെ ചെയ്യപ്പെട്ടിരിക്കുന്നു എന്നത് ഉത്തരംകിട്ടാത്ത വലിയ പ്രശ്നങ്ങളിലൊന്നാണ്” എന്ന് മറ്റൊരു ഗവേഷകൻ കൂട്ടിച്ചേർക്കുന്നു.5
9. മസ്തിഷ്കത്തിനുള്ളിൽ എത്ര ബന്ധങ്ങൾ ഉള്ളതായി ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു, അതിന്റെ പ്രാപ്തിയെക്കുറിച്ച് ഒരു പ്രാമാണികൻ എന്തു പറയുന്നു?
9 ഈ ബന്ധങ്ങളുടെ എണ്ണം അസംഖ്യമാണ്! ഓരോ ന്യൂറോണിനും മറ്റു ന്യൂറോണുകളുമായി ആയിരക്കണക്കിനു ബന്ധങ്ങൾ ഉണ്ടായിരിക്കാവുന്നതാണ്. ന്യൂറോണുകൾക്കിടയിൽ മാത്രമല്ല ബന്ധങ്ങളുള്ളത്, ഡെൻഡ്രൈറ്റുകൾക്കിടയിലും നേരിട്ടുള്ള സൂക്ഷ്മസർക്യൂട്ടുകൾ ഉണ്ട്. “ഈ ‘സൂക്ഷ്മസർക്യൂട്ടുകൾ’ മസ്തിഷ്കത്തിന്റെ പ്രവർത്തന വിധം സംബന്ധിച്ച ഇപ്പോൾത്തന്നെ തല മരവിപ്പിക്കുന്ന ആശയത്തിനു തികച്ചും പുതിയൊരു മാനം നൽകുന്നു” എന്ന് ഒരു നാഡീശാസ്ത്രജ്ഞൻ പറയുന്നു.6 “മനുഷ്യ മസ്തിഷ്കത്തിലെ ദശസഹസ്രകോടിക്കണക്കിനു നാഡീകോശങ്ങൾ ഒരുപക്ഷേ സഹസ്രലക്ഷം കോടി ബന്ധങ്ങൾക്കുവരെ രൂപംകൊടുത്തേക്കാം” എന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു.7 ഇത് മസ്തിഷ്കത്തിന് എന്തു പ്രാപ്തി കൈവരുത്തുന്നു? “ഏതാണ്ട് രണ്ടു കോടി വാല്യങ്ങളിൽ, അതായത് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിലുള്ളത്രയും വാല്യങ്ങളിൽ, നിറയ്ക്കാവുന്നത്ര” വിവരങ്ങൾ മസ്തിഷ്കത്തിന് ഉൾക്കൊള്ളാൻ കഴിയുമെന്ന് കാൾ സാഗാൻ പ്രസ്താവിക്കുന്നു.8
10. (എ) മനുഷ്യന്റെ സെറിബ്രൽ കോർട്ടക്സ് ഏതു വിധങ്ങളിലാണ് ജന്തുക്കളുടേതിൽനിന്നു വ്യത്യസ്തമായിരിക്കുന്നത്, അത് മനുഷ്യന് എന്തു പ്രയോജനങ്ങൾ കൈവരുത്തുന്നു? (ബി) ഇതിനെക്കുറിച്ച് ഒരു ഗവേഷകൻ എന്തു പറഞ്ഞു?
10 മസ്തിഷ്കത്തിലെ സെറിബ്രൽ കോർട്ടക്സ് ആണ് മനുഷ്യനെ ഏതൊരു ജന്തുവിൽനിന്നും വളരെയധികം വ്യത്യസ്തനാക്കുന്നത്. അതിന്റെ കനം ആറു മില്ലിമീറ്ററിൽ താഴെയാണ്. തലയോടിനോടു പറ്റിച്ചേർന്നു കിടക്കുന്ന ചുളിവുകളോടുകൂടിയ ഒരു ഭാഗമാണ് അത്. നിവർത്തിപ്പിടിച്ചാൽ കോർട്ടക്സിന് ഏതാണ്ട് കാൽ ചതുരശ്ര മീറ്റർ വിസ്തീർണം വരും. അതിൽ ഓരോ ഘന സെൻറിമീറ്ററിലും ഏതാണ്ട് പതിനാറായിരം കിലോമീറ്റർ യോജക തന്തുക്കൾ ഉണ്ടായിരിക്കും. മനുഷ്യന്റെ കോർട്ടക്സ് ഏതു ജന്തുവിന്റേതിനെക്കാളും വളരെ വലുതാണ്, മാത്രമല്ല ശാരീരിക പ്രക്രിയകൾക്കായി ഉപയോഗിക്കപ്പെടാത്ത വളരെ വലിയ ഒരു ഭാഗവും അതിനുണ്ട്. ഈ ഭാഗം ആളുകളെ ജന്തുക്കളിൽനിന്നു വേർതിരിക്കുന്ന ഉയർന്ന മാനസിക പ്രക്രിയകൾ കൈകാര്യംചെയ്യാൻ സ്വതന്ത്രമായി കിടക്കുന്നു. “നാം കേവലം ഏറെ മിടുക്കന്മാരായ ആൾക്കുരങ്ങുകൾ അല്ല” എന്ന് ഒരു ഗവേഷകൻ പറഞ്ഞു. നമ്മുടെ മനസ്സുകൾ “നമ്മെ മറ്റെല്ലാ ജീവരൂപങ്ങളിൽനിന്നും ഗുണപരമായി വ്യത്യസ്തരാക്കുന്നു.”9
നമ്മുടെ വളരെയേറെ മികച്ച പ്രാപ്തി
11. മനുഷ്യ മസ്തിഷ്കം പഠനം സംബന്ധിച്ച് ജന്തുക്കൾക്കില്ലാത്ത വഴക്കം മനുഷ്യനു പ്രദാനംചെയ്യുന്നത് എങ്ങനെ?
11 “മനുഷ്യ മസ്തിഷ്കത്തെ വ്യതിരിക്തമാക്കുന്നത് ഏറെ വിശേഷവിധിയായ വിവിധ പ്രവർത്തനങ്ങൾ പഠിക്കാനുള്ള അതിന്റെ കഴിവാണെ”ന്ന് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു.10 കമ്പ്യൂട്ടർ ശാസ്ത്രം “ഹാർഡ്വയർഡ്” എന്ന പദം ഉപയോഗിക്കാറുണ്ട്. കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്യപ്പെടുന്ന പ്രവർത്തനങ്ങളിൽനിന്നു വ്യത്യസ്തമായി, നേരത്തേതന്നെ കമ്പ്യൂട്ടറിലുള്ള സർക്യൂട്ട് പദ്ധതിയിൽ അധിഷ്ഠിതമായ അന്തർനിർമിത സവിശേഷതകളെ ആണ് ആ പദം പരാമർശിക്കുന്നത്. “മനുഷ്യരുടെ കാര്യത്തിൽ ഹാർഡ് വയറിങ് നൈസർഗിക പ്രാപ്തികളെയോ ഏറ്റവും കുറഞ്ഞത് വാസനകളെയോ പരാമർശിക്കുന്നു” എന്ന് ഒരു ആധികാരിക ഗ്രന്ഥം എഴുതുന്നു.11 ആളുകൾക്ക് പഠനത്തിനും മറ്റുമായുള്ള അനേകം അന്തർനിർമിത പ്രാപ്തികൾ അതായത് നൈസർഗിക കഴിവുകളുണ്ട്. നേരെമറിച്ച്, ജന്തുക്കൾക്ക് ഹാർഡ്വയർ ചെയ്യപ്പെട്ട സഹജജ്ഞാനമാണുള്ളത്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവയുടെ കഴിവുകൾ പരിമിതമാണ്.
12. ജന്തുക്കളിൽനിന്നു വ്യത്യസ്തമായി മനുഷ്യ മസ്തിഷ്കങ്ങളിൽ എന്തു പ്രാപ്തി മുൻകൂട്ടി പ്രോഗ്രാം ചെയ്തിരിക്കുന്നു, ഇത് മനുഷ്യർക്ക് എന്തു സ്വാതന്ത്ര്യം നൽകുന്നു?
12 ഏറ്റവും ബുദ്ധിശക്തിയുള്ള ജന്തു പോലും “ഒരിക്കലും മനുഷ്യന്റേതുപോലുള്ള ഒരു മനസ്സ് വികസിപ്പിച്ചെടുക്കുന്നില്ല” എന്ന് ആന്തരിക പ്രപഞ്ചം അഭിപ്രായപ്പെടുന്നു. “എന്തുകൊണ്ടെന്നാൽ നമുക്കുള്ളത് അതിനില്ല: കാണുന്ന കാര്യങ്ങളിൽനിന്നു ധാരണകളും കേൾക്കുന്ന കാര്യങ്ങളിൽനിന്നു ഭാഷയും അനുഭവങ്ങളിൽനിന്നു ചിന്തകളും രൂപപ്പെടുത്തിയെടുക്കാൻ കഴിയത്തക്കവിധം അവയുടെ നാഡീ സജ്ജീകരണം നമ്മുടേതുപോലെ മുൻകൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ടിട്ടില്ല.” എന്നാൽ ചുറ്റുപാടുകളിൽനിന്നു വിവരങ്ങൾ സ്വീകരിച്ചുകൊണ്ട് നാം മസ്തിഷ്കത്തെ പ്രോഗ്രാം ചെയ്യണം, അല്ലെങ്കിൽ ആ പുസ്തകം പറയുന്നതുപോലെ “മനുഷ്യ മനസ്സിനോടു സാദൃശ്യമുള്ള ഒന്നും വികാസംപ്രാപിക്കുകയില്ല . . . അനുഭവങ്ങൾ വലിയ അളവിൽ നിവേശിപ്പിക്കാത്തപക്ഷം ബുദ്ധിശക്തിയുടെ ഒരു ലാഞ്ഛനംപോലും പ്രത്യക്ഷമാകുകയില്ല.”12 അതുകൊണ്ട് മനുഷ്യ മസ്തിഷ്കത്തിനുള്ളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ആ പ്രാപ്തി മാനുഷിക ബുദ്ധിശക്തി രൂപപ്പെടുത്തുന്നതിനു നമ്മെ പ്രാപ്തരാക്കുന്നു. ജന്തുക്കളിൽനിന്നു വ്യത്യസ്തമായി നമുക്ക് ബുദ്ധിശക്തിയെ നമ്മുടെ സ്വന്തം അറിവിന്റെയും മൂല്യങ്ങളുടെയും അവസരങ്ങളുടെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ നമ്മുടെ ഇഷ്ടംപോലെ പ്രോഗ്രാം ചെയ്യാനുള്ള ഇച്ഛാസ്വാതന്ത്ര്യം ഉണ്ട്.
ഭാഷ—മനുഷ്യർക്കു മാത്രമുള്ള ഒന്ന്
13, 14. (എ) തങ്ങൾ ഇഷ്ടപ്പെടുന്നതെന്തും ബുദ്ധിശക്തിയിൽ പ്രോഗ്രാം ചെയ്യുന്നതിനുള്ള വലിയ വഴക്കം മനുഷ്യർക്കു പ്രദാനം ചെയ്യുന്ന മുൻകൂട്ടിയുള്ള പ്രോഗ്രാംചെയ്യലിന്റെ ഒരു ഉദാഹരണമെന്ത്? (ബി) ഇതിന്റെ വീക്ഷണത്തിൽ പ്രശസ്തനായ ഒരു ബഹുഭാഷാപണ്ഡിതൻ ജന്തുക്കളെയും ഭാഷയെയും കുറിച്ച് എന്തു പറഞ്ഞു?
13 നമുക്കു പ്രോഗ്രാം ചെയ്യത്തക്കവണ്ണം വലിയ അളവിൽ വഴക്കവിധേയമായ ഹാർഡ്വയർ ചെയ്യപ്പെട്ട പ്രാപ്തികൾക്ക് ഒരു പ്രമുഖ ഉദാഹരണമാണ് ഭാഷ. “മനുഷ്യ മസ്തിഷ്കം ഭാഷാ വികാസത്തിനുവേണ്ടി ജനിതകപരമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു” എന്നു വിദഗ്ധർ സമ്മതിക്കുന്നു.13 “ഭാഷ പഠിക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള നമ്മുടെ മസ്തിഷ്കത്തിനുള്ളിലെ സഹജമായ പ്രാപ്തിയുടെ അടിസ്ഥാനത്തിൽ മാത്രമേ” സംസാരശേഷിയെ “വിശദീകരിക്കാനാവൂ.”14 ജന്തുക്കളുടെ സഹജ പെരുമാറ്റത്തിൽ പ്രകടമാകുന്ന വഴക്കമില്ലായ്മയിൽനിന്നു വ്യത്യസ്തമായി ഹാർഡ്വയർ ചെയ്യപ്പെട്ട ഈ ഭാഷാപ്രാപ്തി മനുഷ്യന് വളരെയധികം വഴക്കത്തോടെ ഉപയോഗിക്കാൻ കഴിയുന്നു.
14 ഒരു പ്രത്യേക ഭാഷ നമ്മുടെ മസ്തിഷ്കത്തിൽ ഹാർഡ്വയർ ചെയ്യപ്പെട്ടിട്ടില്ല, എന്നാൽ ഭാഷകൾ പഠിക്കുന്നതിനുള്ള പ്രാപ്തി നമ്മിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. ഭവനത്തിൽ രണ്ടു ഭാഷകൾ സംസാരിക്കുന്നെങ്കിൽ ഒരു കുട്ടിക്ക് അതു രണ്ടും പഠിക്കാൻ കഴിയും. മൂന്നാമതൊരു ഭാഷയുമായി സമ്പർക്കത്തിൽ വരുന്നെങ്കിൽ കുട്ടി അതും പഠിക്കും. ഒരു പെൺകുട്ടി ശൈശവംമുതൽ പല ഭാഷകളുമായി സമ്പർക്കത്തിലായി. അഞ്ചു വയസ്സായപ്പോഴേക്കും അവൾ എട്ടു ഭാഷകൾ ഒഴുക്കോടെ സംസാരിച്ചു. അത്തരം നൈസർഗിക പ്രാപ്തികൾ കണക്കിലെടുക്കുമ്പോൾ, ആംഗ്യഭാഷ ഉപയോഗിച്ച് ചിമ്പാൻസിയിൽ നടത്തിയ പരീക്ഷണങ്ങൾ “ചിമ്പാൻസികൾക്ക് മനുഷ്യ ഭാഷയുടെ ഏറ്റവും അടിസ്ഥാനപരമായ രൂപങ്ങൾപോലും പഠിക്കാനുള്ള പ്രാപ്തിയില്ലാത്തതായി യഥാർഥത്തിൽ തെളിയിക്കുന്നുവെന്ന്” ഒരു ബഹുഭാഷാപണ്ഡിതൻ പറഞ്ഞതിൽ അതിശയമില്ല.15
15. അതിപുരാതന ഭാഷകളെക്കുറിച്ച് ശാസ്ത്ര പഠനങ്ങൾ എന്താണു പ്രകടമാക്കുന്നത്?
15 അത്തരം അത്ഭുതകരമായ ഒരു പ്രാപ്തിക്ക് ജന്തുക്കളുടെ മുക്കുറയിൽനിന്നും മുരളലിൽനിന്നും പരിണമിച്ചുണ്ടാകാൻ കഴിയുമായിരുന്നോ? അതിപുരാതന ഭാഷകളെക്കുറിച്ചുള്ള പഠനങ്ങൾ അത്തരത്തിലുള്ള ഏതു ഭാഷാപരിണാമ സാധ്യതയെയും തിരസ്കരിക്കുന്നു. “പ്രാകൃത ഭാഷകൾ ഇല്ലെ”ന്ന് ഒരു വിദഗ്ധൻ പറയുകയുണ്ടായി.16 നരവംശശാസ്ത്രജ്ഞനായ ആഷ്ലീ മോണ്ടഗ്യൂ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയോടു യോജിപ്പു പ്രകടമാക്കി: “മിക്കപ്പോഴും ഉയർന്ന നാഗരികതകൾ എന്നു വിളിക്കപ്പെടുന്നവയുടെ ഭാഷകളെക്കാൾ വളരെയധികം സങ്കീർണവും കൂടുതൽ ഫലപ്രദവുമാണ്” പ്രാകൃത ഭാഷകൾ എന്നു പറയപ്പെടുന്നവ.17
16. ഭാഷോത്പത്തിയെക്കുറിച്ച് ചില ഗവേഷകർ എന്തു പറയുന്നു, എങ്കിലും ആർക്ക് അത് ഒരു നിഗൂഢതയല്ല?
16 ഒരു നാഡീശാസ്ത്രജ്ഞൻ ഇപ്രകാരം നിഗമനം ചെയ്യുന്നു: “ഭാഷാ സംവിധാനത്തെ നാം എത്രയധികം പരിശോധിക്കുന്നുവോ അത്രയധികം ആ പ്രക്രിയ ദുരൂഹമായിത്തീരുന്നു.”18 മറ്റൊരു ഗവേഷകൻ ഇപ്രകാരം പറയുന്നു: “വാക്യരചനാനിയമം അനുസരിച്ചുള്ള സംസാരത്തിന്റെ ഉത്പത്തി ഇപ്പോഴും ഒരു രഹസ്യമായിത്തന്നെ ഇരിക്കുന്നു.”19 മൂന്നാമതൊരാൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “മറ്റേതു ശക്തിയെക്കാളും അധികമായി മനുഷ്യരെയും രാഷ്ട്രങ്ങളെയും പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന സംസാരപ്രാപ്തി ജന്തുക്കളിൽനിന്നു മനുഷ്യരെ അതുല്യമായ വിധത്തിൽ വേർതിരിച്ചുനിർത്തുന്നു. എങ്കിലും ഭാഷോത്പത്തി മസ്തിഷ്കത്തിന്റെ ഏറ്റവും കുഴപ്പിക്കുന്ന നിഗൂഢതകളിൽ ഒന്നായി നിലകൊള്ളുന്നു.”20 എന്നാൽ, ഭാഷാ പ്രാപ്തികൾക്കുവേണ്ടി മസ്തിഷ്ക ഭാഗങ്ങളെ “ഹാർഡ്വയർ ചെയ്ത” ഒരു സ്രഷ്ടാവിന്റെ കരവിരുത് അതിൽ ദർശിക്കുന്നവർക്ക് അതൊരു നിഗൂഢതയല്ല.
സൃഷ്ടിക്കു മാത്രം വിശദീകരിക്കാൻ കഴിയുന്ന സംഗതികൾ
17. (എ) മസ്തിഷ്കത്തെ സംബന്ധിച്ച ഏതു വസ്തുത പരിണാമത്തിനു വിശദീകരിക്കാനാവാത്ത ഒരു പ്രശ്നം അവതരിപ്പിക്കുന്നു? (ബി) അത്തരം ഗംഭീരമായ മസ്തിഷ്ക പ്രാപ്തി ഉള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം എന്താണു യുക്തിസഹമായിരിക്കുന്നത്?
17 “ഒരു വ്യക്തിയുടെ ആയുഷ്കാലത്ത് ഉപയോഗിച്ചു തീർക്കാൻ കഴിയുന്നതിനെക്കാൾ ഗണ്യമാംവിധം കൂടുതൽ പ്രാപ്തി” മനുഷ്യ മസ്തിഷ്കത്തിനു “നൽകപ്പെട്ടിരിക്കുന്നു”വെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു.21 കൂടാതെ മനുഷ്യ മസ്തിഷ്കത്തിന്, ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരങ്ങളുടെ നൂറുകോടി ഇരട്ടി പോലും പഠിക്കാനും ഓർമിക്കാനും ഉള്ള കഴിവുണ്ടെന്നും പറയപ്പെട്ടിരിക്കുന്നു! എന്നാൽ പരിണാമം ആവശ്യത്തിലും കൂടുതൽ എന്തിന് ഉത്പാദിപ്പിക്കണം? “എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അവയവം ഒരു വർഗത്തിനു ലഭിച്ചിരിക്കുന്നതിന്റെ നിലവിലുള്ള ഏക ഉദാഹരണമാണ് വാസ്തവത്തിൽ ഇത്” എന്ന് ഒരു ശാസ്ത്രജ്ഞൻ സമ്മതിച്ചു പറഞ്ഞു. എന്നിട്ട് അദ്ദേഹം ഇങ്ങനെ ചോദിച്ചു: “പ്രകൃതിനിർധാരണം ചെറിയ പടികളിൽ സംഭവിക്കുന്നുവെന്നും അവയോരോന്നും അതിന് വിധേയമാകുന്ന ജീവിക്ക് നിസ്സാരമെങ്കിലും ഗണ്യമായ പ്രയോജനം ചെയ്യുന്നുവെന്നുമുള്ള പരിണാമത്തിന്റെ ഏറ്റവും അടിസ്ഥാന സിദ്ധാന്തത്തോട് ഇതിനെ എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും?” മനുഷ്യ മസ്തിഷ്കത്തിന്റെ വികാസം “പരിണാമത്തിനു വിശദീകരിക്കാനാവാത്ത ഏറ്റവും സങ്കീർണമായ വശമായി നിലകൊള്ളുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.22 പരിണാമ പ്രക്രിയ ആവശ്യത്തിലധികമുള്ള, ഒരിക്കലും ഉപയോഗിക്കപ്പെടാത്ത മസ്തിഷ്ക പ്രാപ്തി ഉത്പാദിപ്പിക്കുകയോ കൈമാറുകയോ ചെയ്യുകയില്ലാത്തതുകൊണ്ട് അനന്തമായി പഠിക്കാനുള്ള പ്രാപ്തിയോടുകൂടിയ മനുഷ്യൻ എന്നേക്കും ജീവിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടതാണെന്നു നിഗമനം ചെയ്യുന്നതല്ലേ കൂടുതൽ യുക്തിസഹം?
18. ഒരു ശാസ്ത്രജ്ഞൻ മനുഷ്യ മസ്തിഷ്കത്തെ ചുരുക്കം ചില വാക്കുകളിൽ വർണിച്ചത് എങ്ങനെ, അതിന് അത്ഭുതകരമായ പ്രാപ്തികൾ ഉണ്ടെന്ന് എന്താണു പ്രകടമാക്കുന്നത് ?
18 ‘ഏതാണ്ട് രണ്ടു കോടി വാല്യങ്ങളിൽ നിറയ്ക്കാവുന്നത്ര’ വിവരങ്ങൾ മനുഷ്യ മസ്തിഷ്കത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിൽ വിസ്മയഭരിതനായ കാൾ സാഗാൻ ഇങ്ങനെ പ്രസ്താവിച്ചു: “മസ്തിഷ്കം വളരെ ചെറിയ ഒരു ഇടത്തിലെ വളരെ വലിയ ഒരു സ്ഥലമാണ്.”23 ഈ ചെറിയ ഇടത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മനുഷ്യന്റെ ഗ്രാഹ്യത്തിന് അതീതമാണ്. ദൃഷ്ടാന്തമായി, വിഷമകരമായ ഒരു സംഗീത രചന പിയാനോയിൽ വായിക്കുന്ന ഒരുവന്റെ മസ്തിഷ്കത്തിൽ എന്തായിരിക്കണം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു സങ്കൽപ്പിക്കുക. അയാളുടെ സകല വിരലുകളും സ്വരക്കട്ടകളിലൂടെ പായുന്നു. അയാളുടെ മനസ്സിലെ സ്വരങ്ങളുമായി ഒത്തുപോകത്തക്കവിധം ശരിയായ സ്വരക്കട്ടകളിൽ ശരിയായ സമയത്ത് ശരിയായ ശക്തിയോടെ അമർത്തുന്നതിന് വിരലുകളോട് ആജ്ഞാപിക്കാൻ കഴിയുന്ന മസ്തിഷ്കത്തിന് എന്തൊരു അതിശയകരമായ ചലനബോധമായിരിക്കണം ഉള്ളത്! അയാൾ ഒരു തെറ്റായ സ്വരം പുറപ്പെടുവിക്കുന്നെങ്കിൽ മസ്തിഷ്കം അത് ഉടൻതന്നെ അയാളെ അറിയിക്കുന്നു! അവിശ്വസനീയമാംവിധം സങ്കീർണമായ ഈ പ്രവർത്തനങ്ങളെല്ലാം വർഷങ്ങളിലെ പരിശീലനംകൊണ്ട് അയാളുടെ മസ്തിഷ്കത്തിൽ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഇതു സാധ്യമായത് സംഗീത വാസന ജൻമനാതന്നെ മനുഷ്യ മസ്തിഷ്കത്തിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ടു മാത്രമാണ്.
19. മനുഷ്യ മസ്തിഷ്കത്തിന്റെ ബുദ്ധിപരമായ ഗുണങ്ങളെയും അത്ഭുതകരമായ മറ്റു പ്രാപ്തികളെയും എന്തു വിശദീകരിക്കുന്നു?
19 ഒരു ജന്തു മസ്തിഷ്കത്തിനും ഇത്തരം കാര്യങ്ങൾ ഒരിക്കലും നിരൂപിക്കാൻ കഴിഞ്ഞിട്ടില്ല. അവ ചെയ്യുന്ന കാര്യമാണെങ്കിൽ പറയാനുമില്ല. ഒരു പരിണാമസിദ്ധാന്തവും അതിനുള്ള വിശദീകരണം പ്രദാനം ചെയ്യുന്നില്ല. മനുഷ്യന്റെ ബുദ്ധിപരമായ ഗുണങ്ങൾ ഒരു പരമോന്നത ബുദ്ധിമാന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നുള്ളതു വ്യക്തമല്ലേ? ഇത് ഉല്പത്തി 1:27-മായി (NW) ചേർച്ചയിലാണ്. അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവം തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു തുടങ്ങി.” ജന്തുക്കൾ ദൈവത്തിന്റെ പ്രതിച്ഛായയിലല്ല സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടാണ് മനുഷ്യനുള്ള പ്രാപ്തികൾ അവയ്ക്കില്ലാത്തത്. മുൻനിർണയിക്കപ്പെട്ട, വഴക്കവിധേയമല്ലാത്ത സഹജവാസനകളാൽ ജന്തുക്കൾ വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നതു സത്യംതന്നെ. എങ്കിലും വഴക്കവിധേയമായ ചിന്തയും പ്രവർത്തനവും, നേടിയിരിക്കുന്ന അറിവു തുടർച്ചയായി വർധിപ്പിക്കാനുള്ള പ്രാപ്തിയും ഉള്ള മനുഷ്യരുമായി അവയെ ഒരിക്കലും തുലനം ചെയ്യാനാവില്ല.
20. മനുഷ്യന്റെ പരോപകാര ശീലം ഏതു വിധത്തിലാണ് പരിണാമത്തോടു ചേർച്ചയിലല്ലാത്തത്?
20 പരോപകാര ശീലം—നിസ്വാർഥമായ കൊടുക്കൽ—പ്രകടമാക്കാനുള്ള മനുഷ്യന്റെ പ്രാപ്തി പരിണാമത്തിനു മറ്റൊരു പ്രശ്നം സൃഷ്ടിക്കുന്നു. ഒരു പരിണാമവാദി ഇപ്രകാരം എഴുതി: “പ്രകൃതിനിർധാരണംവഴി പരിണമിച്ചുണ്ടായ എന്തും സ്വാർഥമായിരുന്നേ പറ്റൂ.” തീർച്ചയായും അനേകം മനുഷ്യരും സ്വാർഥരാണ്. എന്നാൽ അദ്ദേഹം പിന്നീട് ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നിർവ്യാജവും നിസ്വാർഥവും യഥാർഥവുമായ പരോപകാര ശീലത്തിനുള്ള പ്രാപ്തി മനുഷ്യന്റെ അന്യാദൃശ ഗുണങ്ങളിൽ ഒന്നായിരിക്കാൻ സാധ്യതയുണ്ട്.”24 മറ്റൊരു ശാസ്ത്രജ്ഞൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “പരോപകാര ശീലം നമ്മിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.”25 മനുഷ്യർ മാത്രമേ ഉൾപ്പെട്ടിരുന്നേക്കാവുന്ന ചെലവോ ത്യാഗമോ മനസ്സിലാക്കിക്കൊണ്ട് അതു പ്രകടിപ്പിക്കുന്നുള്ളൂ.
മനുഷ്യൻ എന്ന അത്ഭുതത്തെ വിലമതിക്കൽ
21. മനുഷ്യന്റെ ഏതു പ്രാപ്തികളും ഗുണങ്ങളും ആണ് അവനെ ഏതൊരു ജന്തുവിൽനിന്നും വളരെ വ്യത്യസ്തനാക്കി നിറുത്തുന്നത്?
21 ഇതൊന്നു പരിചിന്തിക്കുക: മനുഷ്യൻ ബുദ്ധിപരമായി ചിന്തിക്കുകയും ബോധപൂർവം ലക്ഷ്യങ്ങൾ വെക്കുകയും അവയിലെത്തിച്ചേരാൻ പദ്ധതികൾ ഇണക്കുകയും അവ നടപ്പിലാക്കാൻ മുൻകൈയെടുത്ത് പ്രവർത്തിക്കുകയും തന്റെ നേട്ടത്തിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു. സൗന്ദര്യത്തിനായുള്ള കണ്ണ്, സംഗീതത്തിനായുള്ള കാത്, കലാവാസന, പഠിക്കാനുള്ള പ്രേരണ, അടങ്ങാത്ത ജിജ്ഞാസ, കണ്ടുപിടിത്തങ്ങളിലേക്കും സൃഷ്ടികളിലേക്കും നയിക്കുന്ന ഭാവന, ഇവയോടുകൂടി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ദാനങ്ങൾ ഉപയോഗിക്കുന്നതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നു. വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങളെ തന്റെ മാനസികവും ശാരീരികവുമായ പ്രാപ്തികൾ ഉപയോഗിച്ചു പരിഹരിക്കുന്നതിൽ അവൻ സന്തോഷം കണ്ടെത്തുന്നു. ശരിയും തെറ്റും തീരുമാനിക്കാനുള്ള സാൻമാർഗിക ബോധവും വഴിപിഴയ്ക്കുമ്പോൾ തന്നെ കുറ്റംവിധിക്കുന്ന ഒരു മനസ്സാക്ഷിയും മനുഷ്യനുണ്ട്. അവൻ കൊടുക്കുന്നതിൽ സന്തുഷ്ടി കണ്ടെത്തുകയും സ്നേഹിക്കുന്നതിലും സ്നേഹിക്കപ്പെടുന്നതിലും ആഹ്ലാദിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങളെല്ലാം അവന്റെ ജീവിതോല്ലാസം വർധിപ്പിക്കുകയും അവന്റെ ജീവിതത്തിന് ഉദ്ദേശ്യവും അർഥവും നൽകുകയും ചെയ്യുന്നു.
22. ഏതു സംഗതികളെക്കുറിച്ചു ധ്യാനിക്കുന്നതാണ് തന്റെ നിസ്സാരത്വം മനസ്സിലാക്കാനും കാര്യങ്ങൾ ഗ്രഹിക്കുന്നതിനുവേണ്ടി കിണഞ്ഞു പരിശ്രമിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത്?
22 മനുഷ്യന് സസ്യങ്ങളെയും ജന്തുക്കളെയും കുറിച്ചും തനിക്കു ചുറ്റുമുള്ള പർവതങ്ങളുടെയും ആഴികളുടെയും വലുപ്പത്തെക്കുറിച്ചും തനിക്കു മുകളിലുള്ള നക്ഷത്രനിബിഡമായ ആകാശത്തിന്റെ വിസ്തൃതിയെക്കുറിച്ചുമെല്ലാം ധ്യാനിക്കാനും തന്റെ നിസ്സാരത്വം മനസ്സിലാക്കാനും കഴിയും. സമയത്തെയും നിത്യതയെയും കുറിച്ചു ബോധവാനായ അവൻ താൻ ഇവിടെ എങ്ങനെ വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും അതിശയിക്കുകയും ഇതിന്റെയെല്ലാം പിന്നിൽ എന്താണെന്നു മനസ്സിലാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു. ഒരു ജന്തുവും അത്തരം ചിന്തകൾ മനസ്സിൽ വെച്ചു പുലർത്തുന്നില്ല. എന്നാൽ മനുഷ്യൻ എല്ലാത്തിന്റെയും കാരണങ്ങൾ അന്വേഷിക്കുന്നു. ഇതെല്ലാം വിസ്മയാവഹമായ ഒരു മസ്തിഷ്കം മനുഷ്യനു ലഭിച്ചിരിക്കുന്നതിന്റെയും തന്നെ ഉണ്ടാക്കിയവന്റെ “പ്രതിച്ഛായ” അവൻ വഹിക്കുന്നതിന്റെയും ഫലങ്ങളാണ്.
23. ദാവീദ് തന്റെ ഉത്ഭവത്തിനു കാരണക്കാരനായവന് എങ്ങനെ ബഹുമതി കൊടുത്തു, ഗർഭാശയത്തിലെ തന്റെ രൂപംകൊള്ളലിനെക്കുറിച്ച് അവൻ എന്താണു പറഞ്ഞത്?
23 പുരാതന സങ്കീർത്തനക്കാരനായ ദാവീദ്, അത്ഭുതകരമായ ഉൾക്കാഴ്ചയോടുകൂടി മസ്തിഷ്കത്തെ രൂപകൽപ്പന ചെയ്തവനും മനുഷ്യപ്പിറവിയാകുന്ന അത്ഭുതത്തിന് ഉത്തരവാദിയായി താൻ കണക്കാക്കുന്നവനുമായവന് ബഹുമതി കൊടുത്തു. അവൻ പിൻവരുന്നപ്രകാരം പറഞ്ഞു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ [“ഭ്രൂണമായിരുന്നപ്പോൾ,”NW] നിന്റെ കണ്ണു എന്നെ കണ്ടു; . . . അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.”—സങ്കീർത്തനം 139:14-16.
24. ഏതു ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ദാവീദിന്റെ വാക്കുകളെ അത്യധികം വിസ്മയാവഹമാക്കിത്തീർക്കുന്നു?
24 രൂപംപ്രാപിക്കുന്ന ശിശുവിന്റെ സകല ശരീര ഭാഗങ്ങളും മാതാവിന്റെ ഗർഭാശയത്തിലെ ബീജസങ്കലനം നടന്ന അണ്ഡത്തിൽ “എഴുതിയി”രിക്കുന്നു എന്നു വാസ്തവമായും പറയാൻ കഴിയും. ഹൃദയം, ശ്വാസകോശങ്ങൾ, വൃക്കകൾ, കണ്ണ്, ചെവി, കൈകാലുകൾ, വിസ്മയാവഹമായ മസ്തിഷ്കം ഇവയും മറ്റെല്ലാ ശരീരഭാഗങ്ങളും ഈ അണ്ഡത്തിന്റെ ജനിതക രേഖയിൽ ‘എഴുതപ്പെട്ടി’രിക്കുന്നു. ഈ രേഖയ്ക്കുള്ളിൽ ഈ ഭാഗങ്ങളോരോന്നും ശരിയായ ക്രമത്തിൽ പ്രത്യക്ഷപ്പെടുന്നതിനുള്ള ആന്തരിക സമയവിവര പട്ടികകൾ ഉണ്ട്. ആധുനിക ശാസ്ത്രം ജനിതക രേഖ കണ്ടുപിടിക്കുന്നതിന് ഏതാണ്ട് മൂവായിരം വർഷങ്ങൾക്കുമുമ്പ് ഈ വസ്തുത ബൈബിളിൽ രേഖപ്പെടുത്തിയിരുന്നു!
25. ഇതെല്ലാം ഏതു നിഗമനത്തിലേക്കു നയിക്കുന്നു?
25 വിസ്മയാവഹമായ മസ്തിഷ്കത്തോടുകൂടിയ മനുഷ്യന്റെ അസ്തിത്വം വാസ്തവത്തിൽ ഒരു അത്ഭുതമല്ലേ, വിസ്മയത്തിനുള്ള ഒരു കാരണമല്ലേ? അത്തരമൊരു അത്ഭുതത്തെ വിശദീകരിക്കാൻ പരിണാമത്തിനു കഴിയുകയില്ല, സൃഷ്ടിക്കു മാത്രമേ കഴിയുകയുള്ളൂ, എന്നതും വ്യക്തമല്ലേ?
[അധ്യയന ചോദ്യങ്ങൾ]
[168-ാം പേജിലെ ആകർഷകവാക്യം]
മസ്തിഷ്കത്തിന് അതിലേക്ക് ഓരോ സെക്കൻറിലും പ്രവഹിക്കുന്ന 10 കോടി സന്ദേശങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയും?
[169-ാം പേജിലെ ആകർഷകവാക്യം]
പ്രധാനപ്പെട്ടവയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തക്കവണ്ണം മസ്തിഷ്കം ഏതാണ്ട് ഒരു സെക്കന്റിന്റെ ഓരോ പത്തിലൊന്നു സമയത്തും അതിനെത്തന്നെ സസൂക്ഷ്മം പരിശോധിക്കുന്നു
[169-ാം പേജിലെ ആകർഷകവാക്യം]
നമ്മുടെ മസ്തിഷ്കങ്ങൾ “അടിസ്ഥാനപരമായി നിഗൂഢമായി” തുടരുന്നു
[173-ാം പേജിലെ ആകർഷകവാക്യം]
“നാം കേവലം ഏറെ മിടുക്കന്മാരായ ആൾക്കുരങ്ങുകൾ അല്ല.” നമ്മുടെ മനസ്സുകൾ “നമ്മെ മറ്റെല്ലാ ജീവരൂപങ്ങളിൽനിന്നും ഗുണപരമായി വ്യത്യസ്തരാക്കുന്നു”
[175-ാം പേജിലെ ആകർഷകവാക്യം]
“ഭാഷോത്പത്തി മസ്തിഷ്കത്തിന്റെ ഏറ്റവും കുഴപ്പിക്കുന്ന നിഗൂഢതകളിൽ ഒന്നായി നിലകൊള്ളുന്നു”
[175-ാം പേജിലെ ആകർഷകവാക്യം]
മനുഷ്യ മസ്തിഷ്കത്തിന്റെ വികാസം “പരിണാമത്തിനു വിശദീകരിക്കാനാവാത്ത ഏറ്റവും സങ്കീർണമായ വശമായി നിലകൊള്ളുന്നു”
[177-ാം പേജിലെ ആകർഷകവാക്യം]
മനുഷ്യന്റെ വിസ്മയാവഹമായ മസ്തിഷ്കം അവനെ ഉണ്ടാക്കിയവന്റെ “പ്രതിച്ഛായ” വഹിക്കുന്നു
[171-ാം പേജിലെ ചതുരം/ചിത്രം]
മനുഷ്യ മസ്തിഷ്കം—ഒരു ‘നിഗൂഢ രഹസ്യമോ’?
“മനുഷ്യ മസ്തിഷ്കം മുഴു പ്രപഞ്ചത്തിലെയും ഏറ്റവും അത്ഭുതകരവും നിഗൂഢവുമായ വസ്തുവാണ്.”—നരവംശശാസ്ത്രജ്ഞൻ ഹെൻറി എഫ്. ഓസ്ബൺa
“മസ്തിഷ്കം ചിന്തകൾക്കു രൂപംകൊടുക്കുന്നതെങ്ങനെ? സർവപ്രധാനമായ ആ ചോദ്യത്തിന് നമുക്കിപ്പോഴും ഉത്തരമില്ല.”—ശരീരശാസ്ത്രജ്ഞൻ ചാൾസ് ഷെറിങ്ടൺb
“വിശദമായ അറിവ് സ്ഥിരമായി സമാഹരിച്ചിട്ടും മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനവിധം ഇപ്പോഴും അത്യന്തം നിഗൂഢമാണ്.”—ജീവശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്ക്c
“കമ്പ്യൂട്ടറിനെ ‘ഇലക്ട്രോണിക് മസ്തിഷ്കം’ എന്നു വിളിക്കുന്ന ഏതൊരാളും ഒരു മസ്തിഷ്കം ഒരിക്കലും കണ്ടിട്ടില്ല.”—ശാസ്ത്രലേഖകൻ ഡോ. ഇർവിങ് എസ്. ബെഞ്ചെൽസ്ഡൊർഫ്d
“വലിയ ഒരു ആധുനിക ഗവേഷണ കമ്പ്യൂട്ടറിലുള്ളതിനെക്കാൾ ശതകോടിക്കണക്കിനു മടങ്ങു വിവരങ്ങൾ നമ്മുടെ സജീവമായ ഓർമയിലുണ്ട്.”—ശാസ്ത്രലേഖകൻ മൊർട്ടൻ ഹണ്ട്e
“മസ്തിഷ്കം, അറിയപ്പെടുന്ന പ്രപഞ്ചത്തിലെ മറ്റെന്തിനെക്കാളും വിഭിന്നവും അളവറ്റവിധം സങ്കീർണവുമായതിനാൽ മസ്തിഷ്കത്തിന്റെ നിഗൂഢ ഘടന മനസ്സിലാക്കാൻ കഴിയുന്നതിനുമുമ്പ് നാം മുറുകെ പിടിക്കുന്ന ആശയങ്ങളിൽ ചിലത് നമുക്കു മാറ്റേണ്ടിവന്നേക്കാം.”—നാഡീശാസ്ത്രജ്ഞൻ റിച്ചർഡ് എം. റെസ്റ്റക്ക്f
‘പരിണാമത്തിന്റെ സഹ ഉപജ്ഞാതാവായ’ ആൽഫ്രഡ് ആർ. വാലസ് മനുഷ്യരുടെയും ജന്തുക്കളുടെയും ഇടയിലുള്ള വൻ വിടവിനെക്കുറിച്ച് ഡാർവിന് ഇപ്രകാരം എഴുതി: “പ്രകൃതിനിർധാരണംവഴി പ്രാകൃത മനുഷ്യന് ആൾക്കുരങ്ങിന്റേതിനെക്കാൾ അൽപ്പംകൂടെ മെച്ചപ്പെട്ട ഒരു മസ്തിഷ്കമേ ലഭിക്കുമായിരുന്നുള്ളൂ, എന്നാൽ അവനുള്ളതു നമ്മുടെ പ്രബുദ്ധ സമൂഹത്തിലെ ഒരു ശരാശരി അംഗത്തിന്റേതിനെക്കാൾ ലേശംമാത്രം തരംതാണ ഒരു മസ്തിഷ്കമാണ്.” ഈ സമ്മതിച്ചുപറയലിൽ മനംതകർന്ന ഡാർവിൻ ഇങ്ങനെ മറുപടിപറഞ്ഞു: “താങ്കൾ താങ്കളുടെയും എന്റെയും കുട്ടിയെ പൂർണമായും കൊന്നിട്ടില്ല എന്നു ഞാൻ പ്രത്യാശിക്കുന്നു”g
മനുഷ്യ മസ്തിഷ്കം ഏതെങ്കിലും ജന്തുവിന്റെ മസ്തിഷ്കത്തിൽനിന്നു പരിണമിച്ചുണ്ടായതാണെന്നു പറയുമ്പോൾ യുക്തിയെയും വസ്തുതകളെയും വെല്ലുവിളിക്കുകയാണു ചെയ്യുന്നത്. അതിനെക്കാൾ വളരെയേറെ സയുക്തികമായ നിഗമനം ഇതാണ്: “അവിശ്വസനീയമായ മസ്തിഷ്ക-മനസ്സ് ബന്ധത്തിന്റെ—മനുഷ്യന്റെ ഗ്രഹണപ്രാപ്തിക്കു വളരെ അതീതമായ ഒന്ന്—രൂപകൽപ്പനയ്ക്കും വികാസത്തിനും ഉത്തരവാദിയായ ശ്രേഷ്ഠനായ ഒരു ബുദ്ധിമാന്റെ അസ്തിത്വം സമ്മതിക്കുകയല്ലാതെ എനിക്കു നിവൃത്തിയില്ല. . . . ഇതിനെല്ലാം ബുദ്ധിപൂർവകമായ ഒരു തുടക്കമുണ്ടായിരുന്നുവെന്നും ആരോ ഒരാൾ അതു സംഭവിക്കാൻ ഇടയാക്കിയെന്നും ഞാൻ വിശ്വസിക്കേണ്ടിയിരിക്കുന്നു.”—നാഡീശസ്ത്രക്രിയാവിദഗ്ധനായ ഡോ. റോബർട്ട് ജെ. വൈറ്റ്h
[170-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഒരു പേശിപോലെ, മസ്തിഷ്കം ഉപയോഗംകൊണ്ട് ബലിഷ്ഠമാകുകയും ഉപയോഗിക്കാതിരിക്കുമ്പോൾ ദുർബലമാകുകയും ചെയ്യുന്നു
ഡെൻഡ്രൈറ്റുകൾ
ന്യൂറോൺ
ആക്സോൺ
സിനാപ്സ്
ന്യൂറോൺ
ആക്സോൺ
[172-ാം പേജിലെ ചിത്രം]
‘ഏതാണ്ട് രണ്ടു കോടി വാല്യങ്ങളിൽ നിറയ്ക്കാവുന്നത്ര’ വിവരങ്ങൾ മസ്തിഷ്കത്തിന് ഉൾക്കൊള്ളാൻ കഴിയും
[174-ാം പേജിലെ ചിത്രങ്ങൾ]
ഒരു കുട്ടിയുടെ മസ്തിഷ്കം സങ്കീർണ ഭാഷകൾ വേഗത്തിൽ പഠിക്കുന്നതിനു മുൻകൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ “ചിമ്പാൻസികൾക്ക് മനുഷ്യ ഭാഷയുടെ ഏറ്റവും അടിസ്ഥാനപരമായ രൂപങ്ങൾപോലും പഠിക്കാനുള്ള പ്രാപ്തിയില്ല”
[176-ാം പേജിലെ ചിത്രം]
മനുഷ്യർക്ക് ഏതു ജന്തുവിനുള്ളതിനെക്കാളും വളരെയധികം പ്രാപ്തികളുണ്ട്
[178-ാം പേജിലെ ചിത്രം]
“അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു”