വൻ വിടവുകൾ—പരിണാമത്തിന് അവയെ നികത്താൻ കഴിയുമോ?
അധ്യായം 6
വൻ വിടവുകൾ—പരിണാമത്തിന് അവയെ നികത്താൻ കഴിയുമോ?
1. ഫോസിൽ രേഖയിലെ വിടവുകളെക്കുറിച്ച് ഏതു സംഗതി ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു?
മനുഷ്യന്റെ വരവിനു ദീർഘനാൾ മുമ്പുണ്ടായിരുന്ന ജൈവ വൈവിധ്യങ്ങളെക്കുറിച്ചു ഫോസിലുകൾ സുസ്പഷ്ടമായ തെളിവു നൽകുന്നു. എന്നാൽ ജീവൻ എങ്ങനെ ആരംഭിച്ചു എന്നതോ ജീവോത്പത്തിക്കുശേഷം പുതിയ വർഗങ്ങൾ എങ്ങനെ ഉടലെടുത്തു എന്നതോ സംബന്ധിച്ച പരിണാമപരമായ വീക്ഷണത്തിനു പ്രതീക്ഷിച്ച പിന്തുണ അവ നൽകിയിട്ടില്ല. ജീവശാസ്ത്രപരമായ വിടവുകൾ നികത്തുന്നതിന് ആവശ്യമായ, പരിണമിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ ഫോസിലുകൾ ലഭ്യമല്ലാത്തതിനെ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഫ്രാൻസിസ് ഹിച്ചിങ് പ്രസ്താവിക്കുന്നു: “ഫോസിൽ വിടവുകളുടെ കാര്യത്തിൽ എല്ലായ്പോഴും ഒന്നുതന്നെയാണു കാണാൻ കഴിയുന്നത് എന്നതാണു കൗതുകകരമായ സംഗതി: പ്രധാനപ്പെട്ട ഇടങ്ങളിലൊന്നും ഫോസിലുകൾ കാണാനില്ല.”1
2. മത്സ്യങ്ങളുടെ ഫോസിലുകൾ ഈ വിടവുകൾ സ്ഥിതി ചെയ്യുന്നുവെന്നു തെളിയിക്കുന്നത് എങ്ങനെ?
2 പ്രധാനപ്പെട്ട ഇടങ്ങൾ എന്ന് അദ്ദേഹം പരാമർശിക്കുന്നത് ജന്തുക്കളുടെ പ്രമുഖ വിഭാഗങ്ങൾക്കിടയിലുള്ള വിടവുകളെയാണ്. ഉദാഹരണത്തിന്, മത്സ്യം അകശേരുകികളിൽനിന്ന് അതായത്, നട്ടെല്ലില്ലാത്ത ജീവികളിൽനിന്നു പരിണമിച്ചുവന്നതായി കരുതപ്പെടുന്നു. അവയ്ക്കിടയിലെ വിടവുകളെ സംബന്ധിച്ച് ഹിച്ചിങ് ഇങ്ങനെ പറയുന്നു: “പ്രത്യക്ഷത്തിൽ എവിടെനിന്നെന്നില്ലാതെ മത്സ്യം ഫോസിൽ രേഖയിലേക്കു ചാടിക്കടക്കുന്നു: നിഗൂഢമായി, പൊടുന്നനെ, പൂർണ രൂപത്തിൽ.”2 മത്സ്യം എങ്ങനെ രംഗപ്രവേശം ചെയ്തു എന്നതു സംബന്ധിച്ച പരിണാമപരമായ തന്റെ സ്വന്തം വിശദീകരണത്തെക്കുറിച്ച് ജന്തുശാസ്ത്രജ്ഞനായ എൻ. ജെ. ബെറിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഒരർഥത്തിൽ പറഞ്ഞാൽ, ഈ വിവരണം ഒരു ശാസ്ത്ര കൽപ്പിതകഥയാണ്.”3
3. പരിണാമസിദ്ധാന്തം ജന്തുക്കളിലെ വലിയ വിഭാഗങ്ങളുടെ ഉത്ഭവത്തിന്റെ യഥാക്രമ വിവരണം നൽകുന്നതെങ്ങനെ?
3 മത്സ്യങ്ങൾ ഉഭയജീവികൾ ആയിത്തീർന്നുവെന്നും ഉഭയജീവികളിൽ ചിലത് ഉരഗങ്ങൾ ആയിത്തീർന്നുവെന്നും ഉരഗങ്ങളിൽനിന്നു സസ്തനങ്ങളും പക്ഷികളും ഉളവായെന്നും ഒടുവിൽ ചില സസ്തനങ്ങൾ മനുഷ്യരായിത്തീർന്നുവെന്നും പരിണാമസിദ്ധാന്തം അനുമാനിക്കുന്നു. ഫോസിൽ രേഖ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നു കഴിഞ്ഞ അധ്യായത്തിൽ നാം കണ്ടു. ഈ അധ്യായം, പരിണാമ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നതായി ഊഹിക്കപ്പെടുന്ന പടികളുടെ വൈപുല്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കും. വായന തുടരവേ, അത്തരം മാറ്റങ്ങൾ മാർഗനിർദേശം കൂടാതെയുള്ള യാദൃച്ഛിക സംഭവത്താൽ താനേ സംഭവിക്കാൻ എത്രത്തോളം സാധ്യതയുണ്ടെന്നു പരിചിന്തിക്കുക.
മത്സ്യത്തിനും ഉഭയജീവിക്കും ഇടയിലുള്ള വിടവ്
4, 5. മത്സ്യങ്ങളും ഉഭയജീവികളും തമ്മിലുള്ള വലിയ വ്യത്യാസങ്ങളിൽ ചിലവ ഏതെല്ലാം?
4 മത്സ്യങ്ങളെ അകശേരുകികളിൽനിന്നു വേർതിരിച്ചു നിർത്തിയതു നട്ടെല്ലായിരുന്നു. മത്സ്യം ഉഭയജീവിയായി, അതായത് വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിവുള്ള ഒരു ജീവി ആയിത്തീരണമെങ്കിൽ ഈ നട്ടെല്ല് വലിയ രൂപമാറ്റങ്ങൾക്കു വിധേയമാകണമായിരുന്നു. ഒരു ശ്രോണി രൂപംകൊള്ളേണ്ടിയിരുന്നു. എന്നാൽ, ഉഭയജീവികളുടെ ശ്രോണി വികാസംപ്രാപിച്ച വിധം കാണിക്കുന്ന, അറിയപ്പെടുന്ന യാതൊരു ഫോസിൽ മത്സ്യവും ഇല്ല. തവളകളും ചൊറിത്തവളകളും പോലെയുള്ള ചില ഉഭയജീവികളുടെ കാര്യത്തിൽ മുഴു നട്ടെല്ലിനും തിരിച്ചറിയാൻ കഴിയാത്തവിധം മാറ്റം സംഭവിക്കണമായിരുന്നു. തലയോടിലെ അസ്ഥികളും വ്യത്യസ്തമാണ്. കൂടാതെ, ഉഭയജീവികൾ രൂപംകൊള്ളണമെങ്കിൽ മത്സ്യച്ചിറകുകൾ, മണിബന്ധങ്ങളും കാൽവിരലുകളും ഉള്ള സന്ധിത കാലുകളായിത്തീരുകയും അതോടൊപ്പം പേശികളിലും നാഡികളിലും വലിയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യണമെന്നു പരിണാമം നിഷ്കർഷിക്കുന്നു. ചെകിളകൾ ശ്വാസകോശങ്ങളായി മാറണം. മത്സ്യങ്ങളിൽ രണ്ടറകളുള്ള ഹൃദയമാണു രക്തം പമ്പുചെയ്യുന്നത്, എന്നാൽ ഉഭയജീവികളിൽ മൂന്നറകളുള്ള ഹൃദയമാണ് ആ കൃത്യം നിർവഹിക്കുന്നത്.
5 മത്സ്യത്തിനും ഉഭയജീവിക്കും ഇടയിലുള്ള വിടവു നികത്താൻ ശ്രവണേന്ദ്രിയം ഒരു സമൂലമായ മാറ്റത്തിനു വിധേയമാകണമായിരുന്നു. മത്സ്യങ്ങൾ പൊതുവെ ശബ്ദം പിടിച്ചെടുക്കുന്നത് അവയുടെ ശരീരത്തിലൂടെയാണ്, എന്നാൽ മിക്ക ചൊറിത്തവളകൾക്കും തവളകൾക്കും കർണപടങ്ങളുണ്ട്. നാക്കിനും മാറ്റം സംഭവിക്കണമായിരുന്നു. ഒരു മത്സ്യത്തിനും പുറത്തേക്കു നീട്ടാവുന്ന നാക്ക് ഇല്ല, എന്നാൽ ചൊറിത്തവളകളെ പോലെയുള്ള ഉഭയജീവികൾക്ക് അതുണ്ട്. കൂടാതെ, നേത്രഗോളങ്ങൾക്കു മുകളിലൂടെ ചലിപ്പിക്കാൻ കഴിയുന്ന ഒരു സ്തരം ഉള്ളതുകൊണ്ട് ഉഭയജീവികൾക്ക് കണ്ണുകൾ അടയ്ക്കാനും തുറക്കാനും കഴിയും. ഈ സ്തരം നേത്രഗോളങ്ങളെ ശുചിയായും സൂക്ഷിക്കുന്നു.
6. ഏതു ജീവികളെയാണു മത്സ്യങ്ങൾക്കും ഉഭയജീവികൾക്കും ഇടയിലുള്ള കണ്ണികളായി കരുതിയിരുന്നത്, അവ അങ്ങനെ അല്ലാത്തത് എന്തുകൊണ്ട്?
6 ഉഭയജീവികളെ ഏതെങ്കിലും മത്സ്യ പൂർവികനുമായി ബന്ധിപ്പിക്കാൻ ഊർജിത ശ്രമങ്ങൾ നടന്നിട്ടുണ്ട്, എന്നാൽ അവയൊന്നും വിജയിച്ചിട്ടില്ല. ശ്വാസകോശ മത്സ്യം ഒരു തുറുപ്പുചീട്ടായിരുന്നു. എന്തെന്നാൽ, ചെകിളകൾ കൂടാതെ അതിന് ഒരു വാതാശയം (swim bladder) കൂടിയുണ്ട്. വെള്ളത്തിൽനിന്ന് ഇടയ്ക്കു പുറത്തുകടക്കുമ്പോൾ ശ്വസനത്തിനായി അത് ഉപയോഗിക്കാൻ കഴിയും. മത്സ്യങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “അവയ്ക്ക് ഉഭയജീവികളുമായി നേരിട്ട് എന്തോ ബന്ധമുണ്ടായിരിക്കണം എന്നും ഇത് കരയിൽ ജീവിക്കുന്ന കശേരുകികൾ രൂപംകൊള്ളുന്നതിലേക്കു നയിച്ചിരിക്കാമെന്നും ചിന്തിക്കാൻ നാം പ്രലോഭിതരായേക്കാം. എന്നാൽ അവയ്ക്ക് ഉഭയജീവികളുമായി ഒരു ബന്ധവുമില്ല; അവ തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്.”4 ശ്വാസകോശ മത്സ്യവും സീലാക്കാന്തും ഉഭയജീവികളുടെ പൂർവികരല്ലെന്ന് ഡേവിഡ് അറ്റെൻബൊറോ പറയുന്നു. “എന്തുകൊണ്ടെന്നാൽ അവയിൽനിന്ന് ഉഭയജീവികൾ രൂപംകൊള്ളാൻ കഴിയാത്തവണ്ണം അവയുടെ തലയോട്ടി അസ്ഥികൾ ഫോസിൽരേഖയിൽ കാണപ്പെടുന്ന ആദ്യത്തെ ഉഭയജീവികളുടേതിൽനിന്നു വളരെയധികം വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു.5
ഉഭയജീവിക്കും ഉരഗത്തിനും ഇടയിലുള്ള വിടവ്
7. ഉഭയജീവിക്കും ഉരഗത്തിനും ഇടയ്ക്കുള്ള, വിശദീകരിക്കാൻ ഏറ്റവും വിഷമംപിടിച്ച ഒരു പ്രശ്നമേത്?
7 ഉഭയജീവിക്കും ഉരഗത്തിനും ഇടയിലുള്ള വിടവു നികത്താനുള്ള ശ്രമം ഗൗരവതരമായ മറ്റു പ്രശ്നങ്ങളുയർത്തുന്നു. ഏറ്റവും വിഷമംപിടിച്ചത് തോടുള്ള മുട്ടയുടെ ഉത്ഭവം സംബന്ധിച്ചുള്ളതാണ്. ഉരഗങ്ങൾക്കു മുമ്പുള്ള ജീവികൾ അവയുടെ മാർദവമാർന്ന, ജെല്ലിപോലുള്ള മുട്ടകൾ വെള്ളത്തിലാണ് ഇട്ടിരുന്നത്. വെള്ളത്തിൽവെച്ച് മുട്ടകളിൽ ബാഹ്യമായി ബീജസങ്കലനം നടക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉരഗങ്ങളുടെ താവളം കരയാണ്, അവ മുട്ടകളിടുന്നതു കരയിലാണ്. പക്ഷേ, മുട്ടയ്ക്കുള്ളിലെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണം ജലീയ പരിതഃസ്ഥിതിയിൽത്തന്നെ ആയിരിക്കണമായിരുന്നു. തോടുള്ള മുട്ടയായിരുന്നു ഇതിനു പരിഹാരം. എന്നാൽ അത് ബീജസങ്കലന പ്രക്രിയയിലും ഒരു വലിയ മാറ്റം ആവശ്യമാക്കിത്തീർത്തു: ആന്തരികമായി ബീജസങ്കലനം നടന്നശേഷം മുട്ട ഒരു തോടുകൊണ്ട് ആവരണം ചെയ്യപ്പെടേണ്ടത് ആവശ്യമായിത്തീർന്നു. ഇത്, പുതിയ ലൈംഗികാവയവങ്ങളും പുതിയ ഇണചേരൽ രീതികളും പുതിയ സഹജവാസനകളും ഉണ്ടായിരിക്കേണ്ടത് ആവശ്യമാക്കിത്തീർത്തു—ഇതെല്ലാം ഉഭയജീവിക്കും ഉരഗത്തിനും ഇടയിൽ ഒരു വൻ വിടവുതന്നെ സൃഷ്ടിക്കുന്നു.
8, 9. തോടുള്ള മുട്ടയ്ക്ക് ആവശ്യമായിരിക്കുന്ന മറ്റു സവിശേഷതകൾ ഏവ?
8 തോടുള്ള മുട്ടയുടെ വികാസം, ഉരഗഭ്രൂണത്തിനു വളരാനും ഒടുവിൽ അതിനു തോടിൽനിന്നു വെളിയിൽ വരാനും സാധിക്കത്തക്കവണ്ണം കൂടുതലായ ശ്രദ്ധേയ മാറ്റങ്ങൾ ആവശ്യമാക്കിത്തീർത്തു. ഉദാഹരണത്തിന്, തോടിനുള്ളിൽ ഉൽബംപോലെയുള്ള (amnion) വ്യത്യസ്ത സ്തരങ്ങളും സഞ്ചികളും ഉണ്ടായിരിക്കേണ്ടതുണ്ട്. ഉൽബത്തിനുള്ളിലാണ് ഭ്രൂണം വളരുന്ന ദ്രാവകം സ്ഥിതിചെയ്യുന്നത്. ഉരഗങ്ങൾ (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം അപരപോഷിക എന്ന മറ്റൊരു സ്തരത്തെക്കുറിച്ചു വർണിക്കുന്നു: “അപരപോഷിക, ഭ്രൂണത്തിന്റെ വിസർജ്യം സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ഒരു തരം സഞ്ചിയായി വർത്തിക്കുന്നു. മുട്ടത്തോടിലൂടെ കടന്നുവരുന്ന ഓക്സിജനെ സ്വീകരിച്ചു ഭ്രൂണത്തിലെത്തിക്കുന്ന രക്തക്കുഴലുകളും അതിലുണ്ട്.”6
9 ഉൾപ്പെട്ടിരിക്കുന്ന സങ്കീർണമായ മറ്റു വ്യത്യാസങ്ങൾക്കു പരിണാമം വിശദീകരണം നൽകിയിട്ടില്ല. മത്സ്യത്തിന്റെയും ഉഭയജീവിയുടെയും മുട്ടകളിലെ ഭ്രൂണങ്ങൾ അവയുടെ വിസർജ്യം, ലയിക്കുന്ന യൂറിയയുടെ രൂപത്തിൽ ചുറ്റുമുള്ള ജലത്തിലേക്കു പുറന്തള്ളുന്നു. എന്നാൽ, ഉരഗങ്ങളുടെ തോടുള്ള മുട്ടകൾക്കുള്ളിലെ യൂറിയ ഭ്രൂണങ്ങൾക്കു വിനാശകരമാണ്. അതുകൊണ്ട്, തോടുള്ള മുട്ടയിൽ ഒരു വലിയ രാസമാറ്റം നടക്കുന്നു: വിസർജ്യവസ്തുക്കൾ അതായത്, ലയിക്കാത്ത യൂറിക്ക് ആസിഡ്, അപരപോഷികാ സ്തരത്തിനുള്ളിൽ ശേഖരിക്കപ്പെടുന്നു. ഇതുകൂടി പരിചിന്തിക്കുക: ഉഭയജീവികളുടെ കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞു പുറത്തുവരുന്നതു പൂർണവികാസം പ്രാപിച്ച രൂപത്തിലല്ല. എന്നാൽ ഉരഗങ്ങളുടെ കുഞ്ഞുങ്ങൾ പൂർണവികാസം പ്രാപിച്ച രൂപത്തിലാണ് പുറത്തുവരുന്നത്. മുട്ടയ്ക്കുള്ളിലെ മഞ്ഞക്കരു ആഹാരമാക്കിയാണ് ഉരഗ ഭ്രൂണം ഈ വിധത്തിൽ പൂർണവികാസം പ്രാപിക്കുന്നത്. തോടാകുന്ന തടവറ പൊളിച്ചു പുറത്തുകടക്കാൻ സഹായിക്കുന്ന ചുണ്ടിലെ കൂർത്ത മുനയും അതിന്റെ പ്രത്യേകതയാണ്.
10. ഒരു പരിണാമവാദി എങ്ങനെ വിലപിച്ചു?
10 ഉഭയജീവിക്കും ഉരഗത്തിനും ഇടയിലുള്ള വ്യത്യാസങ്ങൾ ഇനിയുമുണ്ട്. മാർഗനിർദേശം കൂടാതെയുള്ള ഒരു യാദൃച്ഛിക സംഭവത്തിന് ഒട്ടനവധി സങ്കീർണ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവയ്ക്ക് ഇടയിലുള്ള വൻ വിടവിനെ നികത്താൻ കഴിയുമായിരുന്നില്ലെന്ന് അങ്ങനെ തെളിയുന്നു. പരിണാമവാദിയായ ആർച്ചീ കാർ ഇങ്ങനെ വിലപിച്ചതിൽ അതിശയമില്ല: “കശേരുകി ചരിത്രത്തിന്റെ ഫോസിൽ രേഖയുടെ നിരാശപ്പെടുത്തുന്ന പ്രത്യേകതകളിലൊന്ന്, [ഉഭയജീവികൾ] ഉരഗങ്ങളായി മാറാനാരംഭിച്ച ഏറ്റവും ആദ്യ നാളുകളെ—തോടുള്ള മുട്ട വികാസംപ്രാപിക്കുകയായിരുന്ന സമയത്തെ—കുറിച്ച് അതു വളരെ കുറച്ചേ കാണിക്കുന്നുള്ളൂ എന്നതാണ്.”7
ഉരഗത്തിനും പക്ഷിക്കും ഇടയിലുള്ള വിടവ്
11, 12. ഉരഗങ്ങൾക്കും പക്ഷികൾക്കും ഇടയിലുള്ള ഒരു പ്രമുഖ വ്യത്യാസമേത്, ചിലർ ഈ പ്രഹേളികയ്ക്കു വിശദീകരണം നൽകാൻ ശ്രമിക്കുന്നതെങ്ങനെ?
11 ഉരഗങ്ങൾ ശീതരക്തമുള്ള ജന്തുക്കളാണ്, ബാഹ്യോഷ്മാവിനനുസരിച്ച് അവയുടെ ആന്തരികോഷ്മാവ് ഉയരുകയോ താഴുകയോ ചെയ്യുമെന്നർഥം. നേരെമറിച്ച് പക്ഷികൾക്ക് ഉഷ്ണരക്തമാണുള്ളത്. അതായത്, ബാഹ്യോഷ്മാവ് എന്തുതന്നെ ആയിരുന്നാലും അവയുടെ ശരീരം താരതമ്യേന സ്ഥിരമായ ഒരു ആന്തരികോഷ്മാവു നിലനിർത്തുന്നു. ഉഷ്ണരക്തമുള്ള പക്ഷികൾ ശീതരക്തമുള്ള ഉരഗങ്ങളിൽനിന്ന് എങ്ങനെ ഉണ്ടായി എന്ന പ്രഹേളികയ്ക്കുള്ള പരിഹാരമായി ഇപ്പോൾ ചില പരിണാമവാദികൾ പറയുന്നത് (ഉരഗങ്ങളായിരുന്ന) ദിനോസറുകളിൽ ചിലവ ഉഷ്ണരക്ത ജീവികളായിരുന്നു എന്നാണ്. എന്നാൽ പൊതു വീക്ഷണം ഇപ്പോഴും റോബർട്ട് ജാസ്റ്റ്രോ പറയുന്നതുപോലെയാണ്: “ദിനോസറുകൾ എല്ലാ ഉരഗങ്ങളെയും പോലെതന്നെ ശീതരക്തമുള്ള ജന്തുക്കളായിരുന്നു.”8
12 ഉഷ്ണരക്തമുള്ള പക്ഷികൾ ശീതരക്തമുള്ള ഉരഗങ്ങളിൽനിന്നു വന്നുവെന്ന വിശ്വാസത്തെക്കുറിച്ച് ഫ്രഞ്ച് പരിണാമവാദിയായ ലകോംറ്റ് ഡ്യൂ നോയൂ പറഞ്ഞു: “ഇന്നിത് പരിണാമം നേരിടുന്ന ഏറ്റവും വലിയ ഒരു കീറാമുട്ടിയാണ്.” “സമ്പൂർണ സൃഷ്ടിപ്പിന്റെ അതൃപ്തികരമായ സകല സവിശേഷതകളും” പക്ഷികൾക്കുണ്ടെന്നും അദ്ദേഹം സമ്മതിച്ചു പറഞ്ഞു9—അതെ, പരിണാമസിദ്ധാന്തത്തിന് അത് അതൃപ്തികരം തന്നെയാണ്.
13. പക്ഷികൾ അവയുടെ മുട്ടകൾക്ക് അടയിരിക്കാൻ ചെയ്യുന്നതെന്ത്?
13 ഉരഗങ്ങളും പക്ഷികളും മുട്ടകളിടുന്നുവെന്നതു സത്യംതന്നെ. എങ്കിലും, പക്ഷികൾ മാത്രമേ മുട്ടകൾക്ക് അടയിരിക്കുന്നുള്ളൂ. അവ അതിനുവേണ്ടി രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. പല പക്ഷികളുടെയും മാറിൽ ഒരു പോതസ്ഥാനം ഉണ്ട്, മുട്ടകൾക്കു ചൂടു നൽകാനായി തൂവലുകളൊന്നുമില്ലാത്തതും രക്തക്കുഴലുകളുടെ ഒരു ശൃംഖല ഉൾക്കൊള്ളുന്നതുമായ ഭാഗമാണ് അത്. ചില പക്ഷികൾക്കു പോതഭാഗം ഇല്ല, എന്നാൽ അവ മാറിൽനിന്നു തൂവലുകൾ പറിച്ചുകളയുന്നു. മുട്ടകൾക്ക് അടയിരിക്കുന്നതിനു പക്ഷികൾക്കു പരിണാമം പുതിയ സഹജവാസനകൾ—കൂടുകെട്ടാനും മുട്ടവിരിയിക്കാനും കുഞ്ഞുങ്ങളെ തീറ്റാനും വേണ്ടിയുള്ളവ—പ്രദാനം ചെയ്യേണ്ടിവരുമായിരുന്നു. വൈദഗ്ധ്യവും കഠിനാധ്വാനവും ആവശ്യമായ, ആപത്തിൽ മനഃപൂർവം ചെന്നകപ്പെടുന്നതു പോലും ഉൾപ്പെടുന്ന ഈ പെരുമാറ്റങ്ങളിൽ വളരെയധികം നിസ്വാർഥതയും ത്യാഗവും പരിഗണനയും പ്രതിഫലിക്കുന്നു. ഇവയെല്ലാം ഉരഗങ്ങൾക്കും പക്ഷികൾക്കും ഇടയിൽ വൻ വിടവുണ്ടെന്നു സൂചിപ്പിക്കുന്നു. എന്നാൽ, വ്യത്യാസങ്ങൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല.
14. തൂവലുകൾ ഉരഗങ്ങളുടെ ശൽക്കങ്ങളിൽനിന്ന് ഉണ്ടായിരിക്കാം എന്നതിനെ അവിശ്വസനീയമാക്കുന്ന അവയുടെ സങ്കീർണതകൾ എന്തെല്ലാം?
14 പക്ഷികൾക്കു മാത്രമേ തൂവലുകളുള്ളൂ. ഉരഗങ്ങളുടെ ശൽക്കങ്ങൾ യാദൃച്ഛികമായി ഈ വിസ്മയാവഹമായ ഘടനകളായിത്തീർന്നതാണെന്നു കരുതപ്പെടുന്നു. ഒരു തൂവലിന്റെ തണ്ടിൽനിന്ന് തൂവൽക്കതിരുകളുടെ നിരകൾ വിരിയുന്നു. ഓരോ തൂവൽക്കതിരിനും അനേകം ചെറുകതിരുകളുണ്ട്. ഓരോ ചെറുകതിരിലും നൂറുകണക്കിന് പിച്ഛികാവർധങ്ങളും ചെറുകൊളുത്തുകളുമുണ്ട്. ഒരു പ്രാവിൻ തൂവലിനെ സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചപ്പോൾ അതിന് “ലക്ഷക്കണക്കിനു ചെറുകതിരുകളും ദശലക്ഷക്കണക്കിനു പിച്ഛികാവർധങ്ങളും ചെറുകൊളുത്തുകളും” ഉള്ളതായി വെളിപ്പെട്ടു.10 ഈ കൊളുത്തുകൾ തൂവലിന്റെ ഭാഗങ്ങളെ എല്ലാം ഒരുമിച്ചുനിർത്തുകയും അങ്ങനെ പരന്ന പ്രതലങ്ങൾ അഥവാ പിച്ഛഫലകങ്ങൾ രൂപംകൊള്ളുകയും ചെയ്യുന്നു. വായു തള്ളുന്ന ഉപകരണമെന്ന നിലയിൽ തൂവലിനെ കവച്ചുവെക്കാൻ യാതൊന്നുമില്ല. ഒരു രോധി (insulator) എന്ന നിലയിൽ അതിനോടു കിടനിൽക്കുന്ന പദാർഥങ്ങൾ അധികമില്ല. ഒരു അരയന്നത്തിന്റെ വലുപ്പമുള്ള പക്ഷിക്ക് ഏതാണ്ട് 25,000 തൂവലുകളുണ്ട്.
15. പക്ഷികൾ അവയുടെ തൂവലുകളെ പരിപാലിക്കുന്നതെങ്ങനെ?
15 തൂവൽക്കതിരുകളുടെ കെട്ടഴിയുമ്പോൾ പക്ഷികൾ കൊക്കുകൊണ്ട് അവയെ ചീകി ഒതുക്കുന്നു. തൂവൽക്കതിരുകൾ കൊക്കിലൂടെ കടന്നുപോകുമ്പോൾ, ഏൽപ്പിക്കപ്പെടുന്ന മർദം നിമിത്തം ചെറുകതിരുകളിലെ കൊളുത്തുകൾ ഒരു സിപ്പിന്റെ പല്ലുകൾപോലെ കൂടിച്ചേരുന്നു. മിക്ക പക്ഷികൾക്കും വാലിന്റെ ചുവട്ടിലായി ഒരു സ്നേഹഗ്രന്ഥിയുണ്ട്. അതിൽനിന്ന് എണ്ണയെടുത്ത് അവ ഓരോ തൂവലും മിനുക്കുന്നു. ചില പക്ഷികൾക്കു സ്നേഹഗ്രന്ഥിയില്ല, എന്നാൽ അതിനുപകരം അവയ്ക്കു പ്രത്യേക തരത്തിലുള്ള തൂവലുകളാണുള്ളത്. അവയുടെ അഗ്രഭാഗങ്ങൾ ഉരഞ്ഞ്, തൂവലുകൾ മിനുക്കുന്നതിനു പൗഡർപോലെയുള്ള ഒരു നേർമയേറിയ പൊടി ഉത്പാദിപ്പിക്കപ്പെടുന്നു. തൂവലുകൾ സാധാരണമായി വർഷത്തിലൊരു തവണ കൊഴിഞ്ഞുപോയി പുതിയവ മുളയ്ക്കുന്നു.
16. തൂവലുകളുടെ ഉത്ഭവത്തെക്കുറിച്ച് ഒരു പരിണാമവാദി എന്താണു പറഞ്ഞത്?
16 തൂവലുകളുടെ ഈ സവിശേഷതകളെല്ലാം അറിഞ്ഞിട്ടും അതു വികാസം പ്രാപിച്ച വിധം വിശദീകരിക്കാൻ നടത്തുന്ന ശ്രമം നോക്കൂ! ഒരു പ്രസിദ്ധീകരണം പറയുന്നു: “ഘടനാപരമായ ഈ അത്ഭുതം എങ്ങനെ പരിണമിച്ചുണ്ടായി? തൂവൽ, അടിസ്ഥാനപരമായി ഉരഗത്തിന്റെ രൂപഭേദം വന്ന ശൽക്കമാണെന്നു സങ്കൽപ്പിക്കാൻ വലിയ ഭാവനാശക്തിയുടെയൊന്നും ആവശ്യമില്ല—ഒരുവിധം നീളമുണ്ടായിരുന്നതും അയഞ്ഞതുമായ ശൽക്കത്തിന്റെ വിട്ടുനിൽക്കുന്ന അരികുകൾ ഉരഞ്ഞുരഞ്ഞു പിളരുകയും അത് ഇന്നായിരിക്കുന്നതുപോലുള്ള അതിസങ്കീർണ ഘടനയായി പരിണമിക്കുകയും ചെയ്തു.”11 എന്നാൽ അത്തരമൊരു വിശദീകരണം വാസ്തവത്തിൽ ശാസ്ത്രീയമാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അതോ അതു വായിക്കുമ്പോൾ ഒരു ശാസ്ത്രകൽപ്പിതകഥ പോലെയാണോ തോന്നുന്നത്?
17. പക്ഷിയുടെ എല്ലുകൾ ഉരഗത്തിന്റേതിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
17 പറക്കാൻ സാധിക്കത്തക്കവിധം പക്ഷികൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും പരിചിന്തിക്കുക. ഉരഗത്തിന്റെ എല്ലുകൾ കട്ടിയുള്ളതായിരിക്കുമ്പോൾ പക്ഷിയുടെ എല്ലുകൾ കട്ടികുറഞ്ഞതും പൊള്ളയുമാണ്. എങ്കിലും പറക്കാൻ ഈ എല്ലുകൾക്കു ബലം വേണം. അതുകൊണ്ട് വിമാനത്തിന്റെ ചിറകുകൾക്കുള്ളിൽ താങ്ങായി വർത്തിക്കുന്ന ഭാഗങ്ങളുള്ളതുപോലെ (braces) പക്ഷിയുടെ എല്ലുകൾക്കുള്ളിൽ താങ്ങുകളുണ്ട്. എല്ലുകളുടെ ഈ രൂപസംവിധാനം മറ്റൊരു ഉദ്ദേശ്യവും സാധിക്കുന്നു: ഇത് പക്ഷികൾക്കു മാത്രമുള്ള ഒരു അത്ഭുത സംവിധാനം—അവയുടെ പ്രത്യേക ശ്വസന വ്യവസ്ഥ—വിശദീകരിക്കാൻ സഹായിക്കുന്നു.
18. ദീർഘദൂര പറക്കലുകളിൽ ശരീരത്തെ തണുപ്പുള്ളതായി സൂക്ഷിക്കാൻ ഏതെല്ലാം ഭാഗങ്ങളാണു പക്ഷികളെ സഹായിക്കുന്നത്?
18 പറക്കുമ്പോൾ പക്ഷികളുടെ പേശികളുള്ള ചിറകുകൾ മണിക്കൂറുകളോളമോ ദിവസങ്ങളോളമോ പോലും അടിച്ചുകൊണ്ടിരിക്കുന്നതിനാൽ വളരെയധികം താപം ഉത്പാദിപ്പിക്കപ്പെടുന്നു. എങ്കിലും, ശരീരം തണുപ്പിക്കുന്നതിനുള്ള സ്വേദഗ്രന്ഥികളില്ലാതെ തന്നെ പക്ഷി ഈ പ്രശ്നം തരണം ചെയ്യുന്നു—അതിന് ഒരു വായു-ശീതിത “എഞ്ചിൻ” ഉണ്ട്. അതിന്റെ ശരീരത്തിന്റെ പ്രധാനപ്പെട്ട മിക്കവാറുമെല്ലാ ഭാഗങ്ങളിലുമായി—പൊള്ളയായ എല്ലുകളിൽ പോലും—വായു ചംക്രമണത്തിനു സഹായകമായ വിധത്തിൽ വായുസഞ്ചികൾ വ്യാപിച്ചുകിടക്കുന്നു. ഈ ആന്തരിക ചംക്രമണം വഴി ശരീരതാപം ലഘൂകരിക്കപ്പെടുന്നു. കൂടാതെ, ഈ വായുസഞ്ചികൾ ഉള്ളതുകൊണ്ട് നട്ടെല്ലുള്ള മറ്റേതു ജീവിയെക്കാളും വളരെയേറെ ഫലപ്രദമായി വായുവിൽനിന്ന് ഓക്സിജൻ വലിച്ചെടുക്കാനും പക്ഷികൾക്കു കഴിയുന്നു. അവ ഇതെങ്ങനെയാണു ചെയ്യുന്നത്?
19. നേർത്ത വായു ശ്വസിക്കാൻ പക്ഷികളെ പ്രാപ്തമാക്കുന്നത് എന്ത്?
19 മാറിമാറി വായു നിറയുകയും ഒഴിയുകയും ചെയ്യുന്ന ഉലത്തോലുകൾപ്പോലെ ഉരഗങ്ങളുടെയും സസ്തനങ്ങളുടെയും ശ്വാസകോശങ്ങൾ വായു സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്നു. എന്നാൽ, പക്ഷികളിൽ ഉച്ഛ്വസിക്കുമ്പോഴും നിശ്വസിക്കുമ്പോഴും ഒരുപോലെ ശുദ്ധവായു ശ്വാസകോശങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ലളിതമായി പറഞ്ഞാൽ ഈ വ്യവസ്ഥയുടെ പ്രവർത്തനമിങ്ങനെയാണ്: പക്ഷി ഉച്ഛ്വസിക്കുമ്പോൾ വായു പ്രത്യേക വായുസഞ്ചികളിലേക്കു പോകുന്നു; ഇവ, ശ്വാസകോശങ്ങളിലേക്കു വായുവിനെ തള്ളിവിടുന്നതിനുള്ള ഉലത്തോലുകളായി പ്രവർത്തിക്കുന്നു. ശ്വാസകോശങ്ങളിൽനിന്നു വായു മറ്റു വായുസഞ്ചികളിലേക്കു ചെല്ലുന്നു, ഇവ ഒടുവിൽ അതിനെ പുറന്തള്ളുന്നു. ഒരേ ദിശയിലേക്ക് ശുദ്ധവായുവിന്റെ ഒരു അനുസ്യൂത പ്രവാഹം ശ്വാസകോശങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നർഥം. അത് അധികവും ഒരു സ്പോഞ്ജിലൂടെ വെള്ളം ഒഴുകുന്നതുപോലെയാണ്. ശ്വാസകോശങ്ങളിലുള്ള ലോമികകളിലെ രക്തം എതിർദിശയിൽ പ്രവഹിക്കുന്നു. എതിർദിശയിലുള്ള വായുവിന്റെയും രക്തത്തിന്റെയും ഈ പ്രവാഹമാണു പക്ഷിയുടെ ശ്വസന വ്യവസ്ഥയെ അനിതരസാധാരണം ആക്കുന്നത്. 6,000 മീറ്റർ വരെ ഉയരത്തിൽ, നിർത്താതെ ദിവസങ്ങളോളം പറന്നുകൊണ്ട് ആയിരക്കണക്കിനു കിലോമീറ്ററുകൾ ദേശാടനം ചെയ്യുമ്പോൾ അത്രയും ഉയരത്തിലുള്ള നേർത്ത വായു ശ്വസിക്കാൻ ഇതുമൂലം പക്ഷികൾക്കു കഴിയുന്നു.
20. പക്ഷിക്കും ഉരഗത്തിനും ഇടയിലുള്ള വിടവിനെ വലുതാക്കുന്ന മറ്റു സവിശേഷതകളേവ?
20 പക്ഷിക്കും ഉരഗത്തിനും ഇടയിലുള്ള വിടവു വലുതാക്കുന്ന മറ്റു സവിശേഷതകളുമുണ്ട്. അതിലൊന്നാണു കാഴ്ചശക്തി. കഴുകന്റെ ദൂരദർശിനിപോലെ വർത്തിക്കുന്ന കണ്ണുകൾ മുതൽ വാർബ്ലറിന്റെ ഭൂതക്കണ്ണാടിപോലെ വർത്തിക്കുന്ന കണ്ണുകൾ വരെ പക്ഷിലോകത്തിൽ കാണാൻ കഴിയും. മറ്റേതു ജീവികൾക്കും ഉള്ളതിലധികം സംവേദകോശങ്ങൾ പക്ഷികളുടെ കണ്ണുകളിലുണ്ട്. കൂടാതെ പക്ഷികളുടെ പാദങ്ങളും വ്യത്യസ്തമാണ്. അവ ചേക്കേറുന്ന സ്ഥാനത്തു വന്നിരിക്കുമ്പോൾ സ്നായുക്കൾ അവയുടെ കാൽവിരലുകളെ വൃക്ഷക്കൊമ്പിനു ചുറ്റുമായി താനേ ബന്ധിക്കുന്നു. ഉരഗങ്ങൾക്ക് അഞ്ചു കാൽവിരലുകളാണ് ഉള്ളതെങ്കിൽ പക്ഷികൾക്കു നാലെണ്ണമേയുള്ളൂ. കൂടാതെ, അവയ്ക്കു സ്വനതന്തുക്കളില്ല, പകരം ഒരു ശബ്ദിനിയാണുള്ളത്. അതിൽനിന്നാണു രാപ്പാടികളുടെയും പരിഹാസപക്ഷികളുടെയും പാട്ടുകൾ പോലുള്ള ശ്രുതിമധുരമായ ഗാനങ്ങൾ ഉതിരുന്നത്. ഉരഗങ്ങൾക്കു മൂന്നറകളുള്ള ഹൃദയവും പക്ഷിക്കു നാലറകളുള്ള ഹൃദയവുമാണ് ഉള്ളതെന്ന കാര്യവും പരിചിന്തിക്കുക. പക്ഷികളെ ഉരഗങ്ങളിൽനിന്നു വേർതിരിക്കുന്ന മറ്റൊരു സവിശേഷതയാണ് അവയുടെ കൊക്കുകൾ: പാക്കുവെട്ടികൾപോലെ പ്രവർത്തിക്കുന്നവ, ചെളിവെള്ളത്തിൽനിന്നു തീറ്റി അരിച്ചെടുക്കാൻ അനുയോജ്യമായവ, മരങ്ങളിൽ പൊത്തുകൾ ഉണ്ടാക്കുന്നതിനു യോജിച്ചവ, ക്രോസ്ബില്ലിന്റേതുപോലെ പൈൻകായ്കൾ പൊളിക്കാൻ അനുയോജ്യമായവ—ഇങ്ങനെ കൊക്കുകളുടെ വൈവിധ്യം അനന്തമായി തോന്നുന്നു. എന്നിട്ടും, ഇത്തരം പ്രത്യേക രൂപസംവിധാനത്തോടുകൂടിയ കൊക്ക് ഒരു ഉരഗത്തിന്റെ മൂക്കിൽനിന്നു യാദൃച്ഛികമായി പരിണമിച്ചുവന്നതാണെന്നു പറയപ്പെടുന്നു! അത്തരമൊരു വിശദീകരണം നിങ്ങൾക്കു വിശ്വസനീയമായി തോന്നുന്നുണ്ടോ?
21. ആർക്കിയോപ്ടെറിക്സിനെ ഉരഗത്തിനും പക്ഷിക്കും ഇടയിൽ നിർത്താൻ പറ്റിയ കണ്ണിയല്ലാതാക്കുന്നതെന്ത്?
21 “പുരാതന ചിറക്” അല്ലെങ്കിൽ “പുരാതന പക്ഷി” എന്നർഥമുള്ള ആർക്കിയോപ്ടെറിക്സ് ഉരഗത്തിനും പക്ഷിക്കും ഇടയിലുള്ള ഒരു കണ്ണിയാണെന്ന് ഒരുകാലത്തു പരിണാമവാദികൾ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ പലരും അങ്ങനെ വിശ്വസിക്കുന്നില്ല. ഫോസിലീകൃത അവശിഷ്ടങ്ങൾ, അതിനു വായുഗതികമായി രൂപസംവിധാനം ചെയ്യപ്പെട്ടതും പറക്കലിന് അനുയോജ്യവും ആയ ചിറകുകളിൽ പൂർണരൂപം പ്രാപിച്ച തൂവലുകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തുന്നു. അതിന്റെ ചിറകും കാലിലെ എല്ലുകളും കട്ടികുറഞ്ഞതും പൊള്ളയുമായിരുന്നു. അതിന് ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഉരഗ സവിശേഷതകൾ ഇന്നത്തെ പക്ഷികളിലും കാണാം. അതു പക്ഷികളുടെ പൂർവികനാണെന്നു പറയാൻ പറ്റില്ല. എന്തുകൊണ്ടെന്നാൽ ആർക്കിയോപ്ടെറിക്സ് ജീവിച്ചിരുന്ന അതേ കാലഘട്ടത്തിലെ ശിലകളിൽത്തന്നെ മറ്റു പക്ഷികളുടെ ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്.12
ഉരഗത്തിനും സസ്തനത്തിനും ഇടയിലുള്ള വിടവ്
22. “സസ്തനം” എന്ന പേരുതന്നെ ഉരഗത്തിനും സസ്തനത്തിനും ഇടയിലെ ഏതു വ്യത്യാസത്തെയാണു സൂചിപ്പിക്കുന്നത്?
22 ഉരഗങ്ങൾക്കും സസ്തനങ്ങൾക്കും ഇടയിലും ഒരു വൻ വിടവിന് ഇടയാക്കുന്ന പ്രമുഖ വ്യത്യാസങ്ങൾ ഉണ്ട്. “സസ്തനം” എന്ന പേരു തന്നെ ഒരു വലിയ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു: ജീവനോടെ പിറക്കുന്ന കുഞ്ഞുങ്ങൾക്കായി പാൽ ചുരത്തുന്ന സ്തനഗ്രന്ഥികളുടെ അസ്തിത്വം. ഈ ക്ഷീരഗ്രന്ഥികൾ “രൂപഭേദം സംഭവിച്ച സ്വേദഗ്രന്ഥികളായിരിക്കാ”മെന്ന് തിയൊഡോഷ്യസ് ഡോബ്ഷാൻസ്കി അഭിപ്രായപ്പെട്ടു.13 എന്നാൽ ഉരഗങ്ങൾക്കു സ്വേദഗ്രന്ഥികളേയില്ല. മാത്രമല്ല, സ്വേദഗ്രന്ഥികൾ വിസർജ്യവസ്തുക്കളാണു പുറത്തുവിടുന്നത്, അല്ലാതെ ആഹാരമല്ല. ഉരഗങ്ങളുടെ കുഞ്ഞുങ്ങളിൽനിന്നു വ്യത്യസ്തമായി സസ്തനങ്ങളുടെ കുഞ്ഞുങ്ങൾക്കു തള്ളയിൽനിന്നു പാൽ വലിച്ചു കുടിക്കുന്നതിനുള്ള ജന്മവാസനകളും അതിനുള്ള പേശികളുമുണ്ട്.
23, 24. ഉരഗങ്ങൾക്കില്ലാത്ത മറ്റെന്തു സവിശേഷതകളാണു സസ്തനങ്ങൾക്കുള്ളത്?
23 ഉരഗങ്ങളിൽ കാണാത്ത മറ്റു സവിശേഷതകളും സസ്തനങ്ങൾക്കുണ്ട്. ഗർഭത്തിലുള്ള കുഞ്ഞുങ്ങളുടെ പോഷണത്തിനും വളർച്ചയ്ക്കുമായി സസ്തനങ്ങൾക്ക് അതിസങ്കീർണങ്ങളായ മറുപിള്ളകളുണ്ട്. ഉരഗങ്ങൾക്ക് അവയില്ല. ഉരഗങ്ങളിൽ പ്രാചീരം ഇല്ല. എന്നാൽ സസ്തനങ്ങൾക്ക് ഉരസ്സിനെയും ഉദരത്തെയും തമ്മിൽ വേർതിരിക്കുന്ന പ്രാചീരം (diaphragm) ഉണ്ട്. സസ്തനങ്ങളുടെ ചെവിയിലുള്ള കോർട്ടി എന്ന അവയവം ഉരഗങ്ങളുടെ ചെവിയിൽ കാണുന്നില്ല. സങ്കീർണമായ ഈ ചെറിയ അവയവത്തിൽ 20,000 ദണ്ഡുകളും (rods) 30,000 നാഡീ അഗ്രങ്ങളും ഉണ്ട്. സസ്തനങ്ങൾ ഒരു സ്ഥിരമായ ശരീരോഷ്മാവു നിലനിർത്തുന്നു, അതേസമയം ഉരഗങ്ങൾ അങ്ങനെ ചെയ്യുന്നില്ല.
24 കൂടാതെ, സസ്തനങ്ങളുടെ ചെവിയിൽ മൂന്ന് അസ്ഥികളുണ്ട്, എന്നാൽ ഉരഗങ്ങൾക്ക് ഒന്നേയുള്ളൂ. “കൂടുതലായ” രണ്ടെണ്ണം എവിടെനിന്നു വന്നു? പരിണാമസിദ്ധാന്തം പിൻവരുന്നപ്രകാരം അതു വിശദീകരിക്കാൻ ശ്രമിക്കുന്നു: ഉരഗങ്ങൾക്കു കീഴ്ത്താടിയിൽ കുറഞ്ഞതു നാല് അസ്ഥികളെങ്കിലുമുണ്ട്, എന്നാൽ സസ്തനങ്ങൾക്ക് ഒന്നേ ഉള്ളൂ; അതുകൊണ്ട് ഉരഗങ്ങൾ സസ്തനങ്ങളായിത്തീർന്നപ്പോൾ അസ്ഥികളുടെ ഒരു അഴിച്ചുപണി നടന്നതായി കരുതപ്പെടുന്നു; ഉരഗത്തിന്റെ കീഴ്ത്താടിയിലുള്ള ചില അസ്ഥികൾ സസ്തനത്തിന്റെ മധ്യകർണത്തിലേക്കു നീങ്ങുകയും അങ്ങനെ അവിടെ മൂന്നെണ്ണം ആകുകയും ചെയ്തു. ഈ പ്രക്രിയയിൽ സസ്തനത്തിന്റെ കീഴ്ത്താടിയിൽ ഒരെണ്ണം മാത്രമേ അവശേഷിച്ചുള്ളൂ. എന്നാൽ ഈ ന്യായവാദത്തിന്റെ കുഴപ്പം അതിനെ പിന്താങ്ങാൻ യാതൊരു ഫോസിൽ തെളിവും ഇല്ലെന്നുള്ളതാണ്. താൻ പിടിച്ച മുയലിനു മൂന്നുകൊമ്പ് എന്നു സ്ഥാപിക്കാനുള്ള ശ്രമംപോലെയാണത്.
25. ഉരഗങ്ങൾക്കും സസ്തനങ്ങൾക്കും ഇടയിൽ കൂടുതലായ എന്തു വ്യത്യാസങ്ങളുണ്ട്?
25 അസ്ഥികളുൾപ്പെടുന്ന മറ്റൊരു പ്രശ്നം ഇതാണ്: ഉരഗങ്ങളുടെ കാലുകൾ ശരീരത്തിന്റെ വശത്തായാണ് ഉറപ്പിച്ചിരിക്കുന്നത്, അതുകൊണ്ട് അതിന്റെ വയറ് നിലത്തു മുട്ടുകയോ നിലത്തോടു വളരെ അടുത്തായിരിക്കുകയോ ചെയ്യുന്നു. എന്നാൽ സസ്തനങ്ങളുടെ കാലുകൾ ശരീരത്തിനടിയിലാണ്, അവ അതിനെ നിലത്തുനിന്ന് ഉയർത്തി നിർത്തുന്നു. ഈ വ്യത്യാസത്തെക്കുറിച്ച് ഡോബ്ഷാൻസ്കി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ വ്യത്യാസം നിസ്സാരമെന്നു തോന്നിയേക്കാമെങ്കിലും അസ്ഥികൂടത്തിലും പേശീവ്യവസ്ഥയിലും അതു വ്യാപകമായ മാറ്റങ്ങൾ ആവശ്യമാക്കിത്തീർത്തു.” പിന്നെ അദ്ദേഹം ഉരഗങ്ങൾക്കും സസ്തനങ്ങൾക്കും ഇടയിലുള്ള മറ്റൊരു വലിയ വ്യത്യാസം സമ്മതിച്ചു പറഞ്ഞു: “സസ്തനങ്ങൾ അവയുടെ പല്ലുകൾ വളരെയധികം വികസിപ്പിച്ചെടുത്തിരിക്കുന്നു. ഉരഗത്തിന്റെ ലളിതമായ ആപ്പുരൂപത്തിലുള്ള പല്ലിനു പകരം ആഹാരസാധനങ്ങൾ കൊറിക്കുന്നതിനോ കടിച്ചുപിടിക്കുന്നതിനോ മുറിക്കുന്നതിനോ കടിച്ചുകീറുന്നതിനോ അരയ്ക്കുന്നതിനോ പൊടിക്കുന്നതിനോ അനുയോജ്യമായ പല്ലുകളുടെ ഒരു വൻ വൈവിധ്യംതന്നെ സസ്തനങ്ങൾക്കുണ്ട്.”14
26. വിസർജ്യങ്ങൾ നീക്കംചെയ്യുന്ന കാര്യത്തിൽ പരിണാമത്തിന് എന്തു വിപരീതഗതിയായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്?
26 അവസാനമായി ഒരു സംഗതികൂടി: ഉഭയജീവി ഉരഗമായി പരിണമിച്ചപ്പോൾ നീക്കംചെയ്യപ്പെടുന്ന വിസർജ്യങ്ങൾ യൂറിയയിൽനിന്നു യൂറിക്ക് ആസിഡായി മാറിയതായി മുമ്പ് അവകാശപ്പെടുകയുണ്ടായി. എന്നാൽ ഉരഗം ഒരു സസ്തനമായിത്തീർന്നപ്പോൾ വിപരീതം സംഭവിച്ചു. വിസർജ്യങ്ങളെ യൂറിയയുടെ രൂപത്തിൽ നീക്കംചെയ്തുകൊണ്ട് സസ്തനങ്ങൾ ഉഭയജീവിയുടെ രീതിയിലേക്കു മടങ്ങിപ്പോയി. ഫലത്തിൽ പരിണാമം, കയറിയ പടികൾ തിരിച്ചിറങ്ങി—സൈദ്ധാന്തികമായി സംഭവിക്കരുതാത്ത ഒന്ന്.
എല്ലാറ്റിലും വലിയ വിടവ്
27. “വലിയ അബദ്ധ”മായിരിക്കുമെന്ന് ഒരു പരിണാമവാദി പറഞ്ഞത് എന്താണ്?
27 ശാരീരികമായി, മനുഷ്യനെ സസ്തനത്തിന്റെ പൊതുവായ നിർവചനത്തിൽ പെടുത്താവുന്നതാണ്. എന്നാൽ, ഒരു പരിണാമവാദി ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യനെ ‘വെറുമൊരു ജന്തു’വായി കരുതുന്നതിനെക്കാൾ വലിയ അബദ്ധമില്ല. മനുഷ്യൻ അതുല്യനാണ്; സംഭാഷണശേഷി, പാരമ്പര്യം, സംസ്കാരം, വളർച്ച പ്രാപിക്കാനായി മാതാപിതാക്കളുടെ പരിപാലനയിൻ കീഴിൽ ചെലവിടുന്ന ദീർഘമായ കാലഘട്ടം എന്നിങ്ങനെ പല സവിശേഷതകളിലും അവൻ മറ്റെല്ലാ ജന്തുക്കളിൽനിന്നും വ്യത്യസ്തനാണ്.”15
28. മനുഷ്യന്റെ മസ്തിഷ്കം അവനെ ജന്തുക്കളിൽനിന്നു വേർതിരിച്ചു നിർത്തുന്നത് എങ്ങനെ?
28 മനുഷ്യനെ ഭൂമിയിലുള്ള മറ്റെല്ലാ ജീവികളിൽനിന്നും വേർതിരിച്ചുനിർത്തുന്നത് അവന്റെ മസ്തിഷ്കമാണ്. മനുഷ്യ മസ്തിഷ്കത്തിലെ 10,000 കോടിയോളം ന്യൂറോണുകളിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങൾ ഏതാണ്ട് 2 കോടി വാല്യങ്ങളിൽ നിറയ്ക്കാൻ മാത്രമുണ്ട്! ബുദ്ധിപൂർവം ചിന്തിക്കുന്നതിനുള്ള കഴിവും സംസാരപ്രാപ്തിയും മനുഷ്യനെ ഏതു ജന്തുവിൽനിന്നും വളരെയധികം വേർതിരിച്ചുനിർത്തുന്നു. ആർജിക്കുന്ന അറിവ് രേഖപ്പെടുത്തിവെക്കാനുള്ള കഴിവ് മനുഷ്യന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ്. ഈ അറിവിന്റെ ഉപയോഗം ഭൂമിയിലെ മറ്റെല്ലാ ജീവിവർഗങ്ങളെയുംകാൾ മികച്ചുനിൽക്കാൻ അവനെ പ്രാപ്തനാക്കിയിരിക്കുന്നു—ചന്ദ്രനിലേക്കും തിരിച്ചും യാത്രചെയ്യുന്ന അളവോളം പോലും. സത്യത്തിൽ, മനുഷ്യന്റെ തലച്ചോറ്, ഒരു ശാസ്ത്രജ്ഞൻ പറഞ്ഞതുപോലെ, “വ്യത്യസ്തവും അറിയപ്പെടുന്ന പ്രപഞ്ചത്തിലെ മറ്റെന്തിനെക്കാളും അളവറ്റവിധം സങ്കീർണവുമാണ്.”16
29. ഏതു വസ്തുതയാണ് മനുഷ്യനും ജന്തുവിനും ഇടയിലുള്ള വിടവിനെ എല്ലാറ്റിലും വലുതാക്കുന്നത്?
29 മനുഷ്യനും ജന്തുവിനും ഇടയിലുള്ള വിടവിനെ എല്ലാറ്റിലും വലുതാക്കുന്ന മറ്റൊരു സവിശേഷത മനുഷ്യന്റെ ധാർമികവും ആത്മീയവുമായ മൂല്യങ്ങളാണ്, അവ സ്നേഹം, നീതി, ജ്ഞാനം, ശക്തി, കരുണ എന്നീ ഗുണങ്ങളിൽനിന്ന് ഉടലെടുക്കുന്നു. മനുഷ്യൻ ‘ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും’ ഉണ്ടാക്കപ്പെട്ടു എന്നു പറയുമ്പോൾ ഉല്പത്തി ഈ വസ്തുതയെ പരോക്ഷമായി പരാമർശിക്കുകയാണു ചെയ്യുന്നത്. അതെ, മനുഷ്യനും ജന്തുവിനും ഇടയിലുള്ള വിടവാണ് എല്ലാറ്റിലും വലുത്.—ഉല്പത്തി 1:26, NW.
30. ഫോസിൽ രേഖ യഥാർഥത്തിൽ എന്താണ് പറയുന്നത്?
30 അങ്ങനെ, പ്രമുഖ ജീവി വിഭാഗങ്ങൾക്കിടയിൽ വലിയ അന്തരങ്ങൾ സ്ഥിതിചെയ്യുന്നു. അനേകം പുതിയ ഘടനകളും പ്രോഗ്രാംചെയ്യപ്പെട്ട സഹജവാസനകളും ഗുണങ്ങളും അവയെ വേർതിരിക്കുന്നു. മാർഗനിർദേശം കൂടാതെയുള്ള യാദൃച്ഛിക സംഭവങ്ങളാൽ അവ ഉത്ഭവിച്ചിരിക്കാം എന്നു ചിന്തിക്കുന്നതു യുക്തിസഹമാണോ? നാം കണ്ടതുപോലെ ഫോസിൽ തെളിവ് ആ വീക്ഷണത്തെ പിന്താങ്ങുന്നില്ല. വിടവുകൾ നികത്താൻ പോന്ന യാതൊരു ഫോസിലുകളുമില്ല. ഹോയ്ലും വിക്രമസിംഹെയും പറയുന്നു: “ഇടയ്ക്കുള്ള ജീവരൂപങ്ങൾ ഫോസിൽ രേഖയിൽ കാണുന്നില്ല. അതിന്റെ കാരണം ഞങ്ങൾക്കിപ്പോൾ മനസ്സിലാകുന്നു, അടിസ്ഥാനപരമായി ഇടയ്ക്കു ജീവരൂപങ്ങൾ ഇല്ലായിരുന്നു എന്നതുതന്നെയാണ് അത്.”17 കേൾക്കാൻ മനസ്സുള്ളവരോടു ഫോസിൽ രേഖ മന്ത്രിക്കുന്നു: “സൃഷ്ടിയാണു നടന്നത്.”
[അധ്യയന ചോദ്യങ്ങൾ]
[72-ാം പേജിലെ ആകർഷകവാക്യം]
ഉഭയജീവികളുടെ ശ്രോണി വികാസംപ്രാപിച്ച വിധം കാണിക്കുന്ന, അറിയപ്പെടുന്ന യാതൊരു ഫോസിൽ മത്സ്യവും ഇല്ല
[81-ാം പേജിലെ ആകർഷകവാക്യം]
“മനുഷ്യനെ ‘വെറുമൊരു ജന്തു’വായി കരുതുന്നതിനെക്കാൾ വലിയ അബദ്ധമില്ല”
[73-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ജീവികളുടെ പ്രമുഖ വിഭാഗങ്ങൾക്കിടയിൽ കണ്ണികളൊന്നുമില്ല. ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു: “പ്രധാനപ്പെട്ട ഇടങ്ങളിലൊന്നും ഫോസിലുകൾ കാണാനില്ല”
[ചിത്രങ്ങൾ]
ഓരോന്നും “അതതു വർഗമനുസരിച്ചു” പ്രത്യുത്പാദനം നടത്തുന്നു
മത്സ്യം
ഉഭയജീവി
ഉരഗം
പക്ഷി
സസ്തനം
മനുഷ്യൻ
[76-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പരിണാമവാദികൾ പറയുന്നു: “തൂവൽ, [ഉരഗത്തിന്റെ] രൂപഭേദം വന്ന ശൽക്കമാണെന്നു സങ്കൽപ്പിക്കാൻ വലിയ ഭാവനാശക്തിയുടെയൊന്നും ആവശ്യമില്ല.” വസ്തുതകൾ മറിച്ചാണു കാണിക്കുന്നത്
[ചിത്രങ്ങൾ]
തത്ത
പറുദീസാ പക്ഷി
മയിൽ
[രേഖാചിത്രം]
തണ്ട്
തൂവൽകതിരുകൾ
പിച്ഛികാവർധങ്ങൾ
ചെറുകതിരുകൾ
[71-ാം പേജിലെ ചിത്രം]
“പ്രത്യക്ഷത്തിൽ എവിടെനിന്നെന്നില്ലാതെ മത്സ്യം ഫോസിൽ രേഖയിലേക്കു ചാടിക്കടക്കുന്നു”
[72-ാം പേജിലെ ചിത്രങ്ങൾ]
മത്സ്യത്തിന്റെയും തവളയുടെയും നട്ടെല്ലുകൾ വളരെ വ്യത്യസ്തമാണ്
[75-ാം പേജിലെ ചിത്രം]
“സമ്പൂർണ സൃഷ്ടിപ്പിന്റെ അതൃപ്തികരമായ സകല സവിശേഷതകളും” പക്ഷികൾക്കുണ്ട്
[78-ാം പേജിലെ ചിത്രങ്ങൾ]
കഴുകന്റെ കണ്ണ് ഒരു ദൂരദർശിനിപോലെയും വാർബ്ലറുടെ കണ്ണ് ഒരു ഭൂതക്കണ്ണാടിപോലെയും പ്രവർത്തിക്കുന്നു
[79-ാം പേജിലെ ചിത്രം]
ആർക്കിയോപ്ടെറിക്സ് ഉരഗത്തിനും പക്ഷിക്കും ഇടയിലുള്ള കണ്ണിയല്ല
[80-ാം പേജിലെ ചിത്രം]
സസ്തനങ്ങളുടെ കുഞ്ഞുങ്ങൾ ജീവനോടെ പിറക്കുകയും തള്ളയുടെ പാൽ കുടിക്കുകയും ചെയ്യുന്നു
[82-ാം പേജിലെ ചിത്രങ്ങൾ]
“ഇടയ്ക്കുള്ള ജീവരൂപങ്ങൾ ഫോസിൽ രേഖയിൽ കാണുന്നില്ല. കാരണം . . . ഇടയ്ക്കു ജീവരൂപങ്ങൾ ഇല്ലായിരുന്നു”
മത്സ്യം
ഉഭയജീവി
ഉരഗം
പക്ഷി
സസ്തനം
മനുഷ്യൻ
[74-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
ഉഭയജീവികളുടെ ജെല്ലിപോലെയുള്ള മുട്ടകൾക്കു തോടുകളില്ല
ഉരഗങ്ങളുടെ മുട്ടകൾക്കു സംരക്ഷക തോടുകളുണ്ട്
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
തോടുള്ള മുട്ടയുടെ കുറുകെയുള്ള ഛേദം
അപരപോഷിക
ഭ്രൂണം
മുട്ടത്തോട്
വെള്ളക്കരു
ഉൽബം
ജരായൂ
മഞ്ഞക്കരു
വായുഅറ
മുട്ടപ്പാട