വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്തിമ പ്രത്യക്ഷപ്പെടലുകളും പൊ. യു. 33-ലെ പെന്തക്കോസ്‌തും

അന്തിമ പ്രത്യക്ഷപ്പെടലുകളും പൊ. യു. 33-ലെ പെന്തക്കോസ്‌തും

അധ്യായം 131

അന്തിമ പ്രത്യക്ഷപ്പെടലുകളും പൊ. യു. 33-ലെ പെന്തക്കോസ്‌തും

ഒരു ഘട്ടത്തിൽ ഗലീലയിലെ ഒരു കുന്നിൻ ചെരുവിൽ തന്റെ 11 അപ്പൊസ്‌തലൻമാരുമായി കൂടിക്കാണാൻ യേശു ഏർപ്പാടു ചെയ്യുന്നു. പ്രത്യക്ഷത്തിൽ മററ്‌ ശിഷ്യൻമാർക്കും അതേപ്പററി അറിവ്‌ ലഭിക്കുന്നു, അഞ്ഞൂറിലധികം ആളുകൾ അവിടെ സമ്മേളിക്കുന്നു. യേശു പ്രത്യക്ഷനായി അവരെ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അത്‌ എത്ര സന്തോഷപ്രദമായ ഒരു സമ്മേളനമായിരുന്നിരിക്കണം!

മററ്‌ കാര്യങ്ങൾക്കൊപ്പം, ദൈവം തനിക്ക്‌ സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും നൽകീട്ടുണ്ട്‌ എന്ന വസ്‌തുതയും യേശു ആ വലിയ കൂട്ടത്തോട്‌ വിശദീകരിക്കുന്നു. “അതുകൊണ്ട്‌ നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാപനം കഴിപ്പിച്ചും ഞാൻ നിങ്ങളോട്‌ കൽപ്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം അവരെ പഠിപ്പിച്ചും കൊണ്ട്‌ സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കിക്കൊളളുവിൻ” എന്ന്‌ അവൻ അവരോട്‌ ആഹ്വാനം ചെയ്യുന്നു.

ഇതേപ്പററി ചിന്തിക്കുക! പുരുഷൻമാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും ശിഷ്യരാക്കൽ വേലയിൽ പങ്കെടുക്കാനുളള നിയമനം ലഭിക്കുന്നു. എതിരാളികൾ അവരുടെ പ്രസംഗത്തെയും പഠിപ്പിക്കലിനെയും തടസ്സപ്പെടുത്താൻ ശ്രമിക്കും, എന്നാൽ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യേശു അവരെ ആശ്വസിപ്പിക്കുന്നു: “നോക്കൂ! ഈ വ്യവസ്ഥിതിയുടെ സമാപനം വരെ എല്ലാ നാളുകളിലും ഞാൻ നിങ്ങളോടുകൂടെയുണ്ട്‌.” അവരുടെ ശുശ്രൂഷ നിറവേററുന്നതിൽ അവരെ സഹായിക്കാൻ യേശു പരിശുദ്ധാത്മാവ്‌ മുഖാന്തരം തന്റെ അനുയായികളോട്‌ കൂടെ സ്ഥിതിചെയ്യുന്നു.

പുനരുത്ഥാനത്തെ തുടർന്ന്‌ മൊത്തം ഒരു 40 ദിവസങ്ങളുടെ കാലഘട്ടം യേശു ജീവിക്കുന്നവനായി തന്റെ ശിഷ്യൻമാർക്ക്‌ തന്നെത്തന്നെ കാണിച്ചു കൊടുക്കുന്നു. ഈ പ്രത്യക്ഷപ്പെടലുകളിൽ അവൻ ദൈവരാജ്യത്തെപ്പററി അവരെ പഠിപ്പിക്കുകയും തന്റെ ശിഷ്യൻമാരെന്ന നിലയിലുളള അവരുടെ ഉത്തരവാദിത്തങ്ങൾക്ക്‌ ഊന്നൽകൊടുത്ത്‌ സംസാരിക്കുകയും ചെയ്യുന്നു. ഒരു സന്ദർഭത്തിൽ അവൻ തന്റെ അർദ്ധ സഹോദരനായ യാക്കോബിനുപോലും പ്രത്യക്ഷനാവുകയും ഒരിക്കൽ അവിശ്വാസിയായിരുന്ന അവനെ താൻ യഥാർത്ഥത്തിൽ ക്രിസ്‌തു ആണെന്ന്‌ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു.

അപ്പൊസ്‌തലൻമാർ ഗലീലയിലായിരിക്കെ യെരൂശലേമിലേക്ക്‌ മടങ്ങിപ്പോകാൻ യേശു അവരോട്‌ നിർദ്ദേശിക്കുന്നു. അവിടെ വച്ച്‌ അവരുമായി കൂടിക്കാണുകയിൽ അവൻ അവരോട്‌ പറയുന്നു: “നിങ്ങൾ യെരൂശലേം വിട്ടുപോകാതെ പിതാവ്‌ നിങ്ങൾക്ക്‌ വാഗ്‌ദാനം ചെയ്‌തിട്ടുളളതും ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടുളളതുമായതിനുവേണ്ടി കാത്തിരിക്കുവിൻ, എന്തുകൊണ്ടെന്നാൽ യോഹന്നാൻ വാസ്‌തവത്തിൽ വെളളംകൊണ്ട്‌ സ്‌നാപനം കഴിപ്പിച്ചു, എന്നാൽ അധികദിവസം കഴിയുന്നതിനു മുമ്പ്‌ നിങ്ങൾ പരിശുദ്ധാത്മാവിൽ സ്‌നാപനം കഴിപ്പിക്കപ്പെടും.”

പിന്നീട്‌ യേശു വീണ്ടും അപ്പൊസ്‌തലൻമാരുമായി കൂടിക്കാണുകയും യെരൂശലേമിൽനിന്ന്‌ ഒലിവു മലയുടെ കിഴക്കേ ചെരിവിലുളള ബെഥനിവരെ അവരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ആശ്ചര്യകരമെന്നു പറയട്ടെ, വേഗത്തിൽതന്നെ സ്വർഗ്ഗത്തിലേക്ക്‌ പോകുന്നതിനെപ്പററി അവൻ ഇത്രയെല്ലാം പറഞ്ഞിട്ടും ഭൂമിയിൽ അവന്റെ രാജ്യം സ്ഥാപിക്കപ്പെടുമെന്നാണ്‌ അവർ അപ്പോഴും വിശ്വസിക്കുന്നത്‌. അതുകൊണ്ട്‌ അവർ അന്വേഷിക്കുന്നു: “കർത്താവേ, നീ ഇസ്രായേലിന്‌ രാജ്യം പുനഃസ്ഥാപിച്ചു കൊടുക്കുന്നത്‌ ഇപ്പോഴാണോ?”

അവരുടെ തെററിദ്ധാരണകളെ തിരുത്താൻ വീണ്ടും ശ്രമിക്കുന്നതിനുപകരം യേശു ഇങ്ങനെമാത്രം മറുപടി പറയുന്നു: “പിതാവ്‌ തന്റെ സ്വന്തം അധികാരത്തിൽ വച്ചിരിക്കുന്ന സമയങ്ങളെയോ കാലങ്ങളെയോ അറിയുന്നത്‌ നിങ്ങൾക്കുളളതല്ല.” പിന്നീട്‌ അവർ ചെയ്യാനുളള വേലക്ക്‌ ഒരിക്കൽ കൂടെ ഊന്നൽകൊടുത്തുകൊണ്ട്‌ അവൻ പറയുന്നു: “പരിശുദ്ധാത്മാവ്‌ നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തിപ്രാപിച്ചിട്ട്‌ യെരൂശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗത്തോളവും എന്റെ സാക്ഷികളായിരിക്കും.”

അവർ നോക്കി നിൽക്കെ, യേശു സ്വർഗ്ഗത്തിലേക്ക്‌ ഉയരാൻ തുടങ്ങുന്നു, തുടർന്ന്‌ ഒരു മേഘം അവനെ അവരുടെ ദൃഷ്ടിയിൽ നിന്ന്‌ മറക്കുന്നു. തന്റെ ജഡശരീരം വിലയിപ്പിച്ചിട്ട്‌ ഒരു ആത്മവ്യക്തിയെന്ന നിലയിൽ അവൻ സ്വർഗ്ഗാരോഹണം ചെയ്യുന്നു. ആ 11 പേർ സ്വർഗ്ഗത്തിലേക്ക്‌ തന്നെ നോക്കിക്കൊണ്ടു നിൽക്കേ വെളള വസ്‌ത്രം ധരിച്ച 2 പുരുഷൻമാർ അവരുടെ അടുത്ത്‌ പ്രത്യക്ഷപ്പെടുന്നു. ഈ ജഡശരീരമെടുത്ത ദൂതൻമാർ ചോദിക്കുന്നു: “ഗലീലാ പുരുഷൻമാരെ, നിങ്ങൾ ആകാശത്തേക്ക്‌ നോക്കി നിൽക്കുന്നത്‌ എന്തിന്‌? നിങ്ങളിൽ നിന്ന്‌ ആകാശത്തേക്ക്‌ എടുക്കപ്പെട്ട ഈ യേശു ആകാശത്തിലേക്ക്‌ പോകുന്നതായി നിങ്ങൾ കണ്ടതുപോലെ തന്നെ വീണ്ടും വരും.”

യേശു സ്വർഗ്ഗത്തിലേക്ക്‌ പോയത്‌ ഏറെ പരസ്യശ്രദ്ധ ആകർഷിക്കാതെ, അവന്റെ വിശ്വസ്‌തരായ അനുഗാമികൾ മാത്രം നോക്കി നിൽക്കവേയാണ്‌. അതുകൊണ്ട്‌ അവൻ മടങ്ങിവരുന്നതും അങ്ങനെ—പരസ്യശ്രദ്ധ ആകർഷിക്കാതെയും അവൻ മടങ്ങിവന്ന്‌ രാജ്യാധികാരത്തിലുളള തന്റെ സാന്നിദ്ധ്യം ആരംഭിച്ചിരിക്കുന്നു എന്നത്‌ അവന്റെ വിശ്വസ്‌തരായ അനുയായികൾ മാത്രം തിരിച്ചറിയുന്ന വിധത്തിലും ആയിരിക്കും.

ഇപ്പോൾ അപ്പൊസ്‌തലൻമാർ ഒലിവു മലയിറങ്ങി കിദ്രോൻ തോടുകടന്ന്‌ ഒരിക്കൽകൂടെ യെരൂശലേമിൽ പ്രവേശിക്കുന്നു. യേശുവിന്റെ കൽപ്പനയനുസരിച്ച്‌ അവർ അവിടെ പാർക്കുന്നു. പത്തു ദിവസങ്ങൾക്കു ശേഷം, പൊ. യു. 33-ലെ യഹൂദൻമാരുടെ പെന്തക്കോസ്‌ത്‌ തിരുനാളിൽ, ഏതാണ്ട്‌ 120 ശിഷ്യൻമാർ യെരൂശലേമിലേ ഒരു മാളിക മുറിയിൽ സമ്മേളിച്ചിരിക്കുമ്പോൾ പെട്ടെന്ന്‌ കൊടുങ്കാററ്‌ അടിക്കുന്നതുപോലുളള ഒരു ശബ്ദം ആ വീടിനെ മുഴുവൻ നിറക്കുന്നു. തീ കൊണ്ടെന്നതുപോലെയുളള നാവുകൾ പ്രത്യക്ഷമാവുകയും സന്നിഹിതരായിരിക്കുന്ന ഓരോരുത്തരുടെയുംമേൽ ഓരോന്ന്‌ വന്നിരിക്കുകയും ശിഷ്യൻമാരെല്ലാം വ്യത്യസ്‌ത ഭാഷകളിൽ സംസാരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത്‌ യേശു വാഗ്‌ദാനം ചെയ്‌ത പരിശുദ്ധാത്മാവിന്റെ പകരലാണ്‌! മത്തായി 28:16-20; ലൂക്കോസ്‌ 24:49-52; 1 കൊരിന്ത്യർ 15:5-7; പ്രവൃത്തികൾ 1:3-15; 2:1-4.

▪ പിരിഞ്ഞു പോകുന്നതിനു മുമ്പ്‌ ഗലീലയിലെ മലയിൽ വച്ച്‌ യേശു ആർക്കാണ്‌ നിർദ്ദേശങ്ങൾ നൽകുന്നത്‌, ആ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്‌?

▪ യേശു തന്റെ ശിഷ്യൻമാർക്ക്‌ എന്ത്‌ ആശ്വാസം നൽകുന്നു, അവൻ അവരോടുകൂടെ ഉണ്ടായിരിക്കുന്നത്‌ എപ്രകാരമാണ്‌?

▪ പുനരുത്ഥാനശേഷം എത്രകാലത്തേക്ക്‌ യേശു തന്റെ ശിഷ്യൻമാർക്ക്‌ പ്രത്യക്ഷനാകുന്നു, അവൻ അവരെ എന്ത്‌ പഠിപ്പിക്കുന്നു?

▪ യേശുവിന്റെ മരണത്തിന്‌ മുമ്പ്‌ അവന്റെ ശിഷ്യനല്ലാതിരുന്ന ആർക്കാണ്‌ യേശു പ്രത്യക്ഷനാകുന്നത്‌?

▪ അവസാനമായി ഏതു രണ്ട്‌ സന്ദർഭങ്ങളിലാണ്‌ യേശു തന്റെ അപ്പൊസ്‌തലൻമാരുമായി കൂടിക്കാണുന്നത്‌ ഈ സന്ദർഭങ്ങളിൽ എന്തു സംഭവിക്കുന്നു?

▪ യേശു പോകുന്ന അതേ രീതിയിൽ തന്നെ അവൻ വീണ്ടും വരുന്നത്‌ എങ്ങനെയാണ്‌?

▪ പൊ. യു. 33-ലെ പെന്തക്കോസ്‌തിൽ എന്ത്‌ സംഭവിക്കുന്നു?