വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ത്യനാളുകളുടെ അടയാളം

അന്ത്യനാളുകളുടെ അടയാളം

അധ്യായം 111

അന്ത്യനാളുകളുടെ അടയാളം

ഇപ്പോൾ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ സമയമാണ്‌. യേശു താഴെ ആലയത്തിങ്കലേക്ക്‌ നോക്കിക്കൊണ്ട്‌ ഒലിവ്‌ മലയിൽ ഇരിക്കുമ്പോൾ പത്രോസും അന്ത്രെയോസും യാക്കോബും യോഹന്നാനും സ്വകാര്യമായി അവനെ സമീപിക്കുന്നു. ആലയം കല്ലിൻമേൽ കല്ല്‌ ശേഷിക്കാതെ നശിച്ചുപോകുമെന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞതിനാൽ അവർക്ക്‌ അത്‌ സംബന്ധിച്ച്‌ ഉൽക്കണ്‌ഠയുണ്ട്‌.

എന്നാൽ യേശുവിനെ സമീപിക്കുമ്പോൾ പ്രത്യക്ഷത്തിൽ അതിലും അധികം കാര്യങ്ങൾ അവരുടെ മനസ്സിലുണ്ട്‌. ഏതാനും ആഴ്‌ചകൾക്കുമുമ്പ്‌ “മനുഷ്യപുത്രൻ വെളിപ്പെടാനിരിക്കുന്ന” അവന്റെ “സാന്നിദ്ധ്യ”ത്തെക്കുറിച്ച്‌ അവൻ സംസാരിച്ചിരിക്കുന്നു. മറെറാരു സന്ദർഭത്തിൽ “വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചും അവൻ അവരോട്‌ പറഞ്ഞിരുന്നു. അതുകൊണ്ട്‌ അപ്പൊസ്‌തലൻമാർക്ക്‌ വളരെയധികം ജിജ്ഞാസയുണ്ട്‌.

“ഈ കാര്യങ്ങൾ എപ്പോൾ സംഭവിക്കുമെന്നും [യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും നാശത്തിൽ കലാശിക്കുന്ന കാര്യങ്ങൾ] നിന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോട്‌ പറഞ്ഞാലും,” എന്ന്‌ അവർ പറയുന്നു. ഫലത്തിൽ അവരുടേത്‌ മൂന്നു ഭാഗങ്ങളുളള ഒരു ചോദ്യമാണ്‌. ഒന്നാമതായി യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും അവസാനത്തെ സംബന്ധിച്ച്‌ അറിയാൻ അവർ ആഗ്രഹിക്കുന്നു. പിന്നെ യേശുവിന്റെ സാന്നിദ്ധ്യത്തെ സംബന്ധിച്ചും അവസാനമായി മുഴുവ്യവസ്ഥിതിയുടെയും സമാപനത്തെക്കുറിച്ചും.

തന്റെ സുദീർഘമായ മറുപടിയിൽ, യേശു ചോദ്യത്തിന്റെ മൂന്നുഭാഗങ്ങൾക്കും ഉത്തരം നൽകുന്നു. യഹൂദവ്യവസ്ഥിതി എപ്പോൾ അവസാനിക്കുമെന്ന്‌ തിരിച്ചറിയിക്കുന്ന ഒരു അടയാളം അവൻ നൽകുന്നു; എന്നാൽ അവൻ അതിലുമധികം നൽകുന്നു. തങ്ങൾ അവന്റെ സാന്നിദ്ധ്യകാലത്ത്‌ ജീവിക്കുന്നുവെന്നും മുഴുവ്യവസ്ഥിതിയുടെയും അവസാനത്തോട്‌ അടുത്താണെന്നും അവന്റെ ഭാവി ശിഷ്യൻമാർ അറിയത്തക്കവണ്ണം അവരെ ഉണർത്തുന്ന ഒരു അടയാളവും അവൻ നൽകുന്നു.

വർഷങ്ങൾ കടന്നുപോകുമ്പോൾ യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തി അപ്പൊസ്‌തലൻമാർ നിരീക്ഷിക്കുന്നു. ഉവ്വ്‌, അവൻ മുൻകൂട്ടി പറഞ്ഞ കാര്യങ്ങൾ തന്നെ അവരുടെ നാളുകളിൽ സംഭവിച്ചു തുടങ്ങുന്നു. അപ്രകാരം 37 വർഷങ്ങൾക്കുശേഷം പൊ. യു. 70-ൽ ജീവനോടിരിക്കുന്ന ക്രിസ്‌ത്യാനികൾക്ക്‌ യെരൂശലേമിലെ ആലയം സഹിതം യഹൂദ വ്യവസ്ഥിതി നശിപ്പിക്കപ്പെട്ടപ്പോൾ അത്‌ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല.

എന്നിരുന്നാലും ക്രിസ്‌തുവിന്റെ സാന്നിദ്ധ്യവും വ്യവസ്ഥിതിയുടെ സമാപനവും പൊ. യു. 70-ൽ സംഭവിക്കുന്നില്ല. രാജ്യാധികാരത്തിലുളള അവന്റെ സാന്നിദ്ധ്യം വളരെക്കാലങ്ങൾക്ക്‌ ശേഷമാണ്‌ സംഭവിക്കുന്നത്‌. എന്നാൽ എപ്പോൾ? യേശുവിന്റെ പ്രവചനത്തിന്റെ ഒരു പരിശോധന അത്‌ വെളിപ്പെടുത്തുന്നു.

“യുദ്ധങ്ങളും യുദ്ധങ്ങളെക്കുറിച്ചുളള വാർത്തകളും” ഉണ്ടായിരിക്കുമെന്ന്‌ യേശു മുൻകൂട്ടി പറയുന്നു. “രാജ്യം രാജ്യത്തിനെതിരായി എഴുന്നേൽക്കും,” അവൻ പറയുന്നു. ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും പകർച്ചവ്യാധികളും ഉണ്ടായിരിക്കും. അവന്റെ ശിഷ്യൻമാർ ദ്വേഷിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യും. വ്യാജപ്രവാചകൻമാർ എഴുന്നേററ്‌ അനേകരെ വഴിതെററിക്കും, നിയമരാഹിത്യം വർദ്ധിക്കുകയും അനേകരുടെ സ്‌നേഹം തണുത്തുപോവുകയും ചെയ്യും. അതേസമയം രാജ്യത്തിന്റെ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യത്തിനായി പ്രസംഗിക്കപ്പെടും.

യേശുവിന്റെ പ്രവചനത്തിന്‌ പൊ. യു. 70-ലെ യെരൂശലേമിന്റെ നാശത്തിന്‌ മുമ്പ്‌ പരിമിതമായ ഒരു നിവൃത്തിയുണ്ടായിരുന്നെങ്കിലും അതിന്റെ വലിയ നിവൃത്തി അവന്റെ സാന്നിദ്ധ്യകാലത്തും വ്യവസ്ഥിതിയുടെ സമാപനകാലത്തുമാണ്‌ സംഭവിക്കുന്നത്‌. ആയിരത്തിതൊളളായിരത്തിപതിനാലു മുതലുളള ലോകസംഭവങ്ങളുടെ ഒരു പുനരവലോകനം യേശുവിന്റെ സുപ്രധാനമായ ആ പ്രവചനത്തിന്റെ വലിയ നിവൃത്തി ആ വർഷം മുതൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ വെളിപ്പെടുത്തുന്നു.

യേശു നൽകുന്ന അടയാളത്തിന്റെ മറെറാരു ഭാഗം “ശൂന്യമാക്കുന്ന മ്ലേച്ഛതയുടെ” പ്രത്യക്ഷപ്പെടലാണ്‌. പൊ. യു. 66-ൽ ഈ മ്ലേച്ഛത യെരൂശലേമിനെ വലയം ചെയ്‌ത്‌ ആലയഭിത്തി ഭേദിച്ച റോമായുടെ “പാളയമടിച്ച സൈന്യ”ത്തിന്റെ രൂപത്തിൽ പ്രത്യക്ഷമായി. “മ്ലേച്ഛത” അത്‌ നിൽക്കരുതാത്ത സ്ഥാനത്താണ്‌ നിൽക്കുന്നത്‌.

ഈ അടയാളത്തിന്റെ വലിയ നിവൃത്തിയിൽ മ്ലേച്ഛത സർവ്വരാജ്യസഖ്യവും അതിന്റെ പിൻഗാമിയായി വന്ന ഐക്യരാഷ്‌ട്ര സംഘടനയുമാണ്‌. ലോകസമാധാനത്തിനുവേണ്ടിയുളള ഈ സംഘടനയെ ദൈവരാജ്യത്തിന്‌ പകരമായി ക്രൈസ്‌തവമണ്ഡലം വീക്ഷിക്കുന്നു. എത്ര മ്ലേച്ഛം! അതുകൊണ്ട്‌ കാലക്രമത്തിൽ ഐക്യരാഷ്‌ട്ര സംഘടനയോട്‌ ബന്ധപ്പെട്ട രാഷ്‌ട്രീയ ശക്തികൾ ക്രൈസ്‌തവമണ്ഡലത്തിന്‌ (യെരൂശലേമിന്റെ പ്രതിമാതൃക) നേരെ തിരിയുകയും അവളെ ശൂന്യമാക്കുകയും ചെയ്യും.

യേശു ഇപ്രകാരം മുൻകൂട്ടിപ്പറയുന്നു: “ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം അന്നുണ്ടാകും.” പൊ. യു. 70-ലെ യെരൂശലേമിന്റെ നാശം വധിക്കപ്പെട്ടതായി പറയപ്പെടുന്ന ഒരു ദശലക്ഷത്തിലധികം ആളുകൾ സഹിതം വാസ്‌തവത്തിൽ ഒരു വലിയ കഷ്ടമായിരുന്നെങ്കിലും അത്‌ നോഹയുടെ നാളിലെ പ്രളയത്തേക്കാൾ വലുതായിരുന്നില്ല. അതുകൊണ്ട്‌ യേശുവിന്റെ ഈ പ്രവചനത്തിന്റെ വലിയ നിവൃത്തി ഇനിയും സംഭവിക്കാനിരിക്കുന്നതേയുളളു.

അന്ത്യനാളുകളിൽ ആത്മവിശ്വാസം

നീസാൻ 11-ാം തീയതി ചൊവ്വാഴ്‌ച അവസാനിക്കാറാകുമ്പോൾ രാജ്യാധികാരത്തിലുളള തന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം സംബന്ധിച്ച്‌ അപ്പൊസ്‌തലൻമാരുമായുളള തന്റെ ചർച്ച യേശു തുടരുകയാണ്‌. വ്യാജക്രിസ്‌തുക്കളുടെ പിന്നാലെ പോകുന്നതിനെ സംബന്ധിച്ച്‌ അവൻ അവർക്ക്‌ മുന്നറിയിപ്പ്‌ നൽകുന്നു. “കഴിയുമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെററിക്കാനുളള” ശ്രമങ്ങൾ നടക്കുമെന്ന്‌ അവൻ പറയുന്നു. എന്നാൽ ദീർഘവീക്ഷണമുളള കഴുകൻമാരെപ്പോലെ ഈ തെരഞ്ഞെടുക്കപ്പെട്ടവർ യഥാർത്ഥ ആത്മീയ ഭക്ഷണം കണ്ടെത്താൻ കഴിയുന്നിടത്ത്‌, അതായത്‌ യഥാർത്ഥ ക്രിസ്‌തുവിനോടുകൂടെ അവന്റെ അദൃശ്യസാന്നിദ്ധ്യത്തിങ്കൽ, ഒന്നിച്ചുകൂടും. അവർ വഴിതെററിക്കപ്പെടുകയോ ഒരു വ്യാജക്രിസ്‌തുവിന്റെ അടുക്കൽ കൂട്ടിച്ചേർക്കപ്പെടുകയോ ഇല്ല.

വ്യാജക്രിസ്‌തുക്കൾക്ക്‌ ഒരു ദൃശ്യമായ പ്രത്യക്ഷതയേ വരുത്താൻ കഴിയുകയുളളു. അതിന്‌ വിപരീതമായി യേശുവിന്റെ സാന്നിദ്ധ്യം അദൃശ്യമായിരിക്കും. യേശു പറയും പ്രകാരം അത്‌ മനുഷ്യ ചരിത്രത്തിലെ ഏററവും ഭയാനകമായ ഒരു സമയത്ത്‌ സംഭവിക്കും: “സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ അതിന്റെ പ്രകാശം തരികയില്ല.” അതെ, ഇത്‌ മനുഷ്യ ചരിത്രത്തിലെ തന്നെ ഏററവും ഇരുളടഞ്ഞ സമയമായിരിക്കും. അത്‌ സൂര്യൻ പകൽ സമയത്തു ഇരുണ്ടുപോയാലെന്നപോലെയും രാത്രിയിൽ ചന്ദ്രൻ അതിന്റെ പ്രകാശം തരാതിരുന്നാലെന്നപോലെയും ആയിരിക്കും.

“ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകും,” യേശു തുടരുന്നു. ഭൗതിക ആകാശങ്ങൾക്ക്‌ ഭീതിജനകമായ ഒരു പ്രത്യക്ഷത ഉണ്ടായിരിക്കുമെന്ന്‌ അവൻ സൂചിപ്പിക്കുന്നു. ആകാശങ്ങൾ മേലാൽ പക്ഷികളുടെ വിഹാരരംഗം മാത്രമായിരിക്കുകയില്ല, മറിച്ച്‌ അത്‌ നിറയെ യുദ്ധവിമാനങ്ങളും റോക്കററുകളും ശൂന്യാകാശ പഠനോപഗ്രഹങ്ങളും കൊണ്ട്‌ നിറഞ്ഞിരിക്കും. ഭയവും അക്രമപ്രവർത്തനങ്ങളും മാനുഷ ചരിത്രത്തിൽ ഇതിനുമുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത അത്ര അധികമായിരിക്കും.

അതുകൊണ്ട്‌ “കടലിന്റെ ഇരമ്പലും അതിലെ കോളും നിമിത്തം പോംവഴി അറിയാതെ രാഷ്‌ട്രങ്ങൾക്ക്‌ അതിവേദന ഉണ്ടാവുകയും നിവസിതഭൂമിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ സംബന്ധിച്ചുളള ഉൽക്കണ്‌ഠയും ഭയവും നിമിത്തം മനുഷ്യർ മോഹാലസ്യപ്പെടുകയും ചെയ്യും” എന്ന്‌ യേശു പറയുന്നു. വാസ്‌തവമായും മനുഷ്യാസ്‌തിക്യത്തിലെ ഏററവും ഇരുണ്ട ഈ കാലഘട്ടം യേശു പറയുംപ്രകാരം “മനുഷ്യപുത്രന്റെ അടയാളം ആകാശത്ത്‌ പ്രത്യക്ഷമാവുകയും ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിച്ചുംകൊണ്ട്‌ മാറത്തടിക്കുകയും ചെയ്യുന്ന” ആ സമയത്തേക്ക്‌ നയിക്കുകയും ചെയ്യും.

എന്നാൽ ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കാനുളള ‘അധികാരത്തോടെ മനുഷ്യപുത്രൻ വരുമ്പോൾ’ എല്ലാവരും പ്രലപിക്കുകയില്ല. ക്രിസ്‌തുവിനോടുകൂടെ സ്വർഗ്ഗീയ രാജ്യത്തിൽ ഓഹരിക്കാരാകുന്ന 1,44,000 പേർ, “തെരഞ്ഞെടുക്കപ്പെട്ടവർ” പ്രലപിക്കുകയില്ല, യേശു തന്റെ “വേറെ ആടുകൾ” എന്നു വിളിച്ച അവരുടെ കൂട്ടാളികളും അങ്ങനെ ചെയ്യുകയില്ല. മാനുഷ ചരിത്രത്തിലെ ഏററവും ഇരുളടഞ്ഞ കാലഘട്ടത്തിൽ ജീവിക്കുകയാണെങ്കിലും അവർ യേശുവിന്റെ പ്രോൽസാഹനത്തിന്‌ ചേർച്ചയായി പ്രതികരിക്കുന്നു: “ഈ കാര്യങ്ങൾ സംഭവിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ വിടുതൽ അടുത്തു വരുന്നതിനാൽ നിവർന്ന്‌ തല ഉയർത്തുവിൻ.”

അന്ത്യനാളുകളിൽ ജീവിച്ചിരിക്കുന്ന തന്റെ ശിഷ്യൻമാർക്ക്‌ അന്ത്യം എത്ര ആസന്നമാണെന്ന്‌ തിരിച്ചറിയാൻ കഴിയേണ്ടതിന്‌ യേശു ഈ ദൃഷ്ടാന്തം നൽകുന്നു: “അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ: അവ തളിർക്കുന്നതു കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്ന്‌ നിങ്ങൾക്കു തന്നെ അറിയാം. അതുപോലെ ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം ആസന്നമായിരിക്കുന്നു എന്ന്‌ അറിഞ്ഞുകൊൾവിൻ. ഇതെല്ലാം സംഭവിച്ചു കഴിയുവോളം ഈ തലമുറ ഒരു പ്രകാരത്തിലും നീങ്ങിപ്പോവുകയില്ല എന്ന്‌ സത്യമായും ഞാൻ നിങ്ങളോട്‌ പറയുന്നു.”

അപ്രകാരം ഈ അടയാളത്തിന്റെ വിവിധ വശങ്ങൾ നിവൃത്തിയേറുന്നതായി തന്റെ ശിഷ്യൻമാർ കാണുമ്പോൾ ഈ വ്യവസ്ഥിതിയുടെ സമാപനം ആസന്നമാണെന്നും ദൈവരാജ്യം പെട്ടെന്നുതന്നെ സകല ദുഷ്ടതയെയും തുടച്ചുനീക്കുമെന്നും അവർ തിരിച്ചറിയണം. വാസ്‌തവത്തിൽ യേശു മുൻകൂട്ടിപ്പറയുന്ന കാര്യങ്ങളുടെ നിവൃത്തി കാണുന്ന ആളുകളുടെ ആയുഷ്‌ക്കാലത്തു തന്നെ അന്ത്യം സംഭവിക്കും! ആ വിധി നിർണ്ണായകമായ അന്ത്യനാളുകളിൽ ജീവിച്ചിരിക്കുന്ന ശിഷ്യൻമാരെ ബുദ്ധ്യുപദേശിച്ചുകൊണ്ട്‌ യേശു ഇപ്രകാരം പറയുന്നു:

“നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്താലും മുഴുക്കുടിയാലും ജീവിതോൽക്കണ്‌ഠകളാലും ഭാരപ്പെട്ടിട്ട്‌ ആ ദിവസം പെട്ടെന്ന്‌ നിങ്ങളുടെമേൽ ഒരു കെണിപോലെ വരാതിരിക്കാൻ നിങ്ങൾക്കു തന്നെ ശ്രദ്ധ കൊടുത്തുകൊൾവിൻ. എന്തുകൊണ്ടെന്നാൽ അത്‌ ഭൂമുഖത്തു ജീവിക്കുന്ന സകലരുടെമേലും വരും. അതുകൊണ്ട്‌ സംഭവിപ്പാനുളള എല്ലാററിലും നിന്ന്‌ ഒഴിഞ്ഞിരിക്കുന്നതിലും മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കുന്നതിലും നിങ്ങൾ വിജയിക്കേണ്ടതിന്‌ എല്ലായ്‌പ്പോഴും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”

ബുദ്ധിയുളളവരും ബുദ്ധിയില്ലാത്തവരുമായ കന്യകമാർ

രാജ്യാധികാരത്തിലുളള തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളത്തിനുവേണ്ടിയുളള അപ്പൊസ്‌തലൻമാരുടെ അപേക്ഷക്ക്‌ യേശു മറുപടി പറയുകയായിരുന്നു. ഇപ്പോൾ അവൻ ആ അടയാളത്തിന്റെ കൂടുതലായ വിശദാംശങ്ങൾ മൂന്നു ഉപമകളിലൂടെ അല്ലെങ്കിൽ ദൃഷ്ടാന്തങ്ങളിലൂടെ നൽകുന്നു.

ഈ ഓരോ ദൃഷ്ടാന്തത്തിന്റെയും നിവൃത്തി അവന്റെ സാന്നിദ്ധ്യകാലത്ത്‌ ജീവിച്ചിരിക്കുന്നവർക്ക്‌ നിരീക്ഷിക്കാൻ കഴിയും. ആദ്യത്തേത്‌ അവൻ ഈ വാക്കുകളിലൂടെ അവതരിപ്പിക്കുന്നു: “അപ്പോൾ സ്വർഗ്ഗരാജ്യം മണവാളനെ എതിരേൽക്കാൻ തങ്ങളുടെ വിളക്കുമെടുത്ത്‌ പുറപ്പെട്ട പത്തു കന്യകമാരെപ്പോലെ ആയിത്തീരും. അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിമതികളും ആയിരുന്നു.”

“സ്വർഗ്ഗരാജ്യം പത്തുകന്യകമാരെപ്പോലെ ആയിത്തീരും” എന്ന പദപ്രയോഗത്തിൽ സ്വർഗ്ഗരാജ്യം അവകാശമാക്കുന്നവരിൽ പകുതിപ്പേർ ബുദ്ധിഹീനരും പകുതിപ്പേർ ബുദ്ധിയുളളവരും ആയിരിക്കുമെന്ന്‌ യേശു അർത്ഥമാക്കുന്നില്ല! ഇല്ല, എന്നാൽ സ്വർഗ്ഗരാജ്യത്തോടുളള ബന്ധത്തിൽ അതുപോലെയോ ഇതുപോലെയോ ഒരു വശമുണ്ടെന്ന്‌, അല്ലെങ്കിൽ രാജ്യത്തോട്‌ ബന്ധപ്പെട്ട ചില കാര്യങ്ങൾ ഏതെങ്കിലും ഒരു സംഗതിപോലെയാണെന്ന്‌ മാത്രമെ യേശു അർത്ഥമാക്കിയുളളു.

പത്തു കന്യകമാർ സ്വർഗ്ഗീയ രാജ്യത്തിന്റെ നിരയിലായിരിക്കുന്ന അല്ലെങ്കിൽ അപ്രകാരമായിരിക്കുന്നതായി അവകാശപ്പെടുന്ന എല്ലാ ക്രിസ്‌ത്യാനികളെയും പ്രതീകവൽക്കരിക്കുന്നു. പൊ. യു. 33-ലെ പെന്തക്കോസ്‌തിലായിരുന്നു ക്രിസ്‌തീയ സഭ പുനരുത്ഥാനം ചെയ്‌ത, മഹത്വീകരിക്കപ്പെട്ട മണവാളനായ യേശുക്രിസ്‌തുവിന്‌ വിവാഹ വാഗ്‌ദാനം ചെയ്യപ്പെട്ടത്‌. എന്നാൽ വിവാഹം നടക്കേണ്ടിയിരുന്നത്‌ സ്വർഗ്ഗത്തിൽ അപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത ഒരു ഭാവി സമയത്തായിരുന്നു.

ഈ ഉപമയിലെ പത്തു കന്യകമാർ മണവാളനെ സ്വാഗതം ചെയ്യുന്നതിനും വിവാഹഘോഷയാത്രയിൽ പങ്കെടുക്കുന്നതിനുമായി പുറപ്പെടുന്നു. അവൻ എത്തിച്ചേരുമ്പോൾ അവർ തങ്ങളുടെ വിളക്കുകളുമായി അവന്‌ അകമ്പടി സേവിച്ചുകൊണ്ട്‌ അവൻ തന്റെ മണവാട്ടിയെ അവൾക്കായി ഒരുക്കിയിരിക്കുന്ന ഭവനത്തിങ്കലേക്ക്‌ കൊണ്ടുവരുമ്പോൾ അവനെ ബഹുമാനിക്കും. എന്നിരുന്നാലും യേശു വിശദീകരിക്കുന്നു: “ഈ ബുദ്ധികെട്ടവർ തങ്ങളുടെ വിളക്കെടുത്തുവെങ്കിലും അവയോടു കൂടെ എണ്ണ എടുത്തില്ല, എന്നാൽ ബുദ്ധിയുളളവർ അവരുടെ വിളക്കുകളോടുകൂടെ പാത്രങ്ങളിൽ എണ്ണയും എടുത്തു. മണവാളൻ വരാൻ വൈകിയപ്പോൾ അവർക്ക്‌ ഉറക്കം വരികയും അവർ കിടന്ന്‌ ഉറങ്ങുകയും ചെയ്‌തു.”

മണവാളൻ വരുന്നതിനുളള ദീർഘമായ താമസം ഭരിക്കുന്ന രാജാവെന്ന നിലയിലുളള ക്രിസ്‌തുവിന്റെ സാന്നിദ്ധ്യം വിദൂരഭാവിയിലാണ്‌ എന്ന്‌ സൂചിപ്പിക്കുന്നു. ഒടുവിൽ 1914-ൽ അവൻ സിംഹാസനസ്ഥനാക്കപ്പെടുന്നു. അതിനുമുമ്പുളള നീണ്ട രാത്രിയിൽ കന്യകമാരെല്ലാം ഉറങ്ങുന്നു. എന്നാൽ അതിന്‌ അവർ കുററം വിധിക്കപ്പെടുന്നില്ല. ബുദ്ധിഹീനരായ കന്യകമാർ കുററം വിധിക്കപ്പെടുന്നത്‌ അവർ തങ്ങളുടെ പാത്രങ്ങളിൽ എണ്ണ കരുതാത്തതിനാലാണ്‌. മണവാളൻ വന്നെത്തുന്നതിന്‌ മുമ്പ്‌ കന്യകമാർ ഉണരുന്നതെങ്ങനെയെന്ന്‌ യേശു വിശദീകരിക്കുന്നു: “പാതിരാത്രിയായപ്പോൾ ‘ഇതാ മണവാളൻ എത്തിയിരിക്കുന്നു! അവനെ എതിരേൽപ്പാൻ പുറപ്പെടുവിൻ,’ എന്നൊരു ഘോഷം ഉണ്ടായി. അപ്പോൾ കന്യകമാരെല്ലാം എഴുന്നേററ്‌ തങ്ങളുടെ വിളക്കുകൾ ശരിപ്പെടുത്തി. ബുദ്ധിയില്ലാത്തവർ ബുദ്ധിയുളളവരോട്‌ പറഞ്ഞു: ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്ക്‌ തരിക, എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ വിളക്കുകൾ കെട്ടുപോകാറായിരിക്കുന്നു.’ ബുദ്ധിയുളളവർ ഈ വാക്കുകളിൽ മറുപടി പറഞ്ഞു, ‘ഒരുപക്ഷേ ഞങ്ങൾക്കും നിങ്ങൾക്കുംകൂടെ ഇതു മതിയാകാതെ വന്നേക്കാം. പകരം നിങ്ങൾ പോയി അത്‌ വിൽക്കുന്നവരിൽ നിന്ന്‌ വാങ്ങിക്കൊളളുവിൻ.’”

പ്രകാശവാഹകരെന്ന നിലയിൽ യഥാർത്ഥ ക്രിസ്‌ത്യാനികളെ ശോഭയുളളവരാക്കി നിർത്തുന്നത്‌ എന്തോ അതിനെയാണ്‌ എണ്ണ പ്രതീകവൽക്കരിക്കുന്നത്‌. അത്‌ ദൈവത്തിന്റെ നിശ്വസ്‌ത വചനമാണ്‌. ക്രിസ്‌ത്യാനികൾ അത്‌ മുറുകെ പിടിക്കുന്നു. ആ വചനം മനസ്സിലാക്കാൻ അവരെ സഹായിക്കുന്ന പരിശുദ്ധാത്മാവും അവർക്കുണ്ട്‌. വിവാഹവിരുന്നിന്റെ സ്ഥലത്തേക്കുളള ഘോഷയാത്രാവേളയിൽ മണവാളനെ സ്വാഗതം ചെയ്യാൻ വെളിച്ചം പ്രകാശിപ്പിക്കുന്നതിന്‌ ഈ ആത്മീയ എണ്ണ ബുദ്ധിയുളള കന്യകമാരെ പ്രാപ്‌തരാക്കുന്നു. എന്നാൽ ബുദ്ധിയില്ലാത്ത കന്യകമാരുടെ വർഗ്ഗത്തിന്‌ തങ്ങളിൽ തന്നെ, തങ്ങളുടെ പാത്രങ്ങളിൽ ആവശ്യമായ ഈ ആത്മീയ എണ്ണ ഇല്ല. അതുകൊണ്ട്‌ സംഭവിക്കുന്നതെന്തെന്ന്‌ യേശു വിശദീകരിക്കുന്നു:

“[ബുദ്ധിഹീനരായ കന്യകമാർ എണ്ണ] വാങ്ങാൻ പോയിരുന്നപ്പോൾ മണവാളൻ വന്നെത്തി, തയ്യാറായി നിന്ന കന്യകമാർ അവനോടുകൂടെ വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതിൽ അടക്കപ്പെടുകയും ചെയ്‌തു. പിന്നീട്‌, ‘കർത്താവേ, കർത്താവേ, വാതിൽ തുറക്കേണമേ!’ എന്ന്‌ പറഞ്ഞുകൊണ്ട്‌ ശേഷം കന്യകമാരും വന്നു. ഉത്തരമായി അവൻ പറഞ്ഞു, ‘ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന്‌ സത്യമായും ഞാൻ നിങ്ങളോട്‌ പറയുന്നു.’”

ക്രിസ്‌തു തന്റെ സ്വർഗ്ഗീയ രാജ്യത്തിൽ ആഗതനായ ശേഷം യഥാർത്ഥ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ബുദ്ധിയുളള കന്യകാവർഗ്ഗം മടങ്ങിയെത്തിയ മണവാളന്റെ സ്‌തുതിക്കായി ഈ ഇരുളടഞ്ഞ ലോകത്തിൽ പ്രകാശം പരത്തുന്നതിനുളള തങ്ങളുടെ പദവി തിരിച്ചറിയുന്നു. എന്നാൽ ബുദ്ധിയില്ലാത്ത കന്യകമാരാൽ ചിത്രീകരിക്കപ്പെട്ടവർ ഈ സ്വാഗതമോതുന്ന സ്‌തുതി കൊടുക്കാൻ സജ്ജരല്ല. അതുകൊണ്ട്‌ അതിനുളള സമയം വന്നെത്തുമ്പോൾ സ്വർഗ്ഗത്തിലെ വിവാഹവിരുന്നിലേക്ക്‌ ക്രിസ്‌തു അവർക്ക്‌ വാതിൽ തുറന്നു കൊടുക്കുന്നില്ല. അവൻ അവരെ ലോകത്തിന്റെ ഏററവും ഇരുളടഞ്ഞ രാത്രിയുടെ കൂരിരുട്ടിൽ മററ്‌ അധർമ്മം പ്രവർത്തിക്കുന്നവരോടുകൂടെ നശിക്കാൻ വിടുന്നു. “അതുകൊണ്ട്‌,” യേശു ഉപസംഹരിക്കുന്നു, “നിങ്ങൾ നാളോ നാഴികയോ അറിയാത്തതിനാൽ ഉണർന്നിരിപ്പിൻ.”

താലന്തുകളുടെ ഉപമ

തുടർച്ചയായ മൂന്ന്‌ ഉപമകളിൽ രണ്ടാമത്തേത്‌ പറഞ്ഞുകൊണ്ട്‌ യേശു ഒലിവു മലയിൽ അപ്പൊസ്‌തലൻമാരുമായുളള തന്റെ ചർച്ച തുടരുന്നു. ഏതാനും ദിവസങ്ങൾക്കുമുൻപ്‌ യെരീഹോയിലായിരിക്കെ രാജ്യം ഇനിയും വിദൂരഭാവിയിൽ വരാനിരിക്കുന്നതേയുളളു എന്നു കാണിക്കാൻ അവൻ മൈനകളുടെ ഉപമ പറഞ്ഞു. ഇപ്പോൾ അവൻ പറയുന്ന ഉപമക്ക്‌ പല സാമ്യങ്ങളും ഉണ്ടെങ്കിലും അതിന്റെ നിവൃത്തിയിൽ അത്‌ രാജ്യാധികാരത്തിലുളള ക്രിസ്‌തുവിന്റെ സാന്നിദ്ധ്യത്തിന്റെ കാലത്തെ പ്രവർത്തനങ്ങളെയാണ്‌ വർണ്ണിക്കുന്നത്‌. ഭൂമിയിലായിരിക്കുമ്പോൾ അവന്റെ ശിഷ്യൻമാർ “അവന്റെ സ്വത്ത്‌” വർദ്ധിപ്പിക്കുന്നതിനുവേണ്ടി വേല ചെയ്യണമെന്ന്‌ അത്‌ കാണിച്ചു തരുന്നു.

യേശു പറഞ്ഞു തുടങ്ങുന്നു: “അത്‌ [അതായത്‌, രാജ്യത്തോട്‌ ബന്ധപ്പെട്ട സാഹചര്യങ്ങൾ] ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ തന്റെ അടിമകളെ വിളിച്ച്‌ തന്റെ സമ്പത്ത്‌ അവരെ ഏൽപ്പിക്കുന്നതുപോലെയാണ്‌”. പരദേശത്തേക്ക്‌, സ്വർഗ്ഗത്തിലേക്ക്‌ പോകുന്നതിനുമുമ്പ്‌ തന്റെ അടിമകൾക്ക്‌—സ്വർഗ്ഗീയരാജ്യത്തിന്റെ നിരയിലായിരിക്കുന്ന ശിഷ്യൻമാർക്ക്‌—സമ്പത്ത്‌ ഏൽപ്പിച്ചു കൊടുക്കുന്ന മനുഷ്യൻ യേശുവാണ്‌. ഈ സമ്പത്ത്‌ ഭൗതിക സമ്പാദ്യങ്ങളല്ല, മറിച്ച്‌ അവ കൂടുതൽ ശിഷ്യൻമാരെ ഉളവാക്കാനുളള സാദ്ധ്യതയുളളതായി, കൃഷി ചെയ്യപ്പെട്ടിരിക്കുന്ന ഒരു വയലിനെ പ്രതിനിധാനം ചെയ്യുന്നു.

സ്വർഗ്ഗത്തിലേക്ക്‌ പോകുന്നതിന്‌ അൽപ്പം മുമ്പ്‌ യേശു തന്റെ സമ്പത്ത്‌ തന്റെ അടിമകളെ ഭരമേൽപ്പിക്കുന്നു. അവൻ അത്‌ എപ്രകാരമാണ്‌ ചെയ്യുന്നത്‌? രാജ്യദൂത്‌ ഭൂമിയുടെ അതിവിദൂരഭാഗത്തോളം പ്രസംഗിച്ചുകൊണ്ട്‌ കൃഷിയിറക്കിയിരിക്കുന്ന ആ ഭൂമിയിൽ തുടർന്ന്‌ വേല ചെയ്യാൻ അവർക്ക്‌ നിർദ്ദേശം നൽകിക്കൊണ്ട്‌ തന്നെ. യേശു പറയുന്നതനുസരിച്ച്‌: “ഒരുത്തന്‌ അഞ്ചു താലന്തും മറെറാരുത്തന്‌ രണ്ട്‌ താലന്തും ഇനിയും മൂന്നാമതൊരുത്തന്‌ ഒരു താലന്തും അങ്ങനെ ഓരോരുത്തർക്കും അവരുടെ പ്രാപ്‌തിയനുസരിച്ച്‌ താലന്തുകൾ കൊടുത്തിട്ട്‌ അയാൾ വിദേശത്തേക്ക്‌ പോയി.”

അങ്ങനെ ആ എട്ടു താലന്തുകൾ—ക്രിസ്‌തുവിന്റെ വസ്‌തുവകകൾ—അടിമകളുടെ പ്രാപ്‌തിയനുസരിച്ച്‌ അല്ലെങ്കിൽ ആത്മീയമായിട്ടുളള കഴിവിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യപ്പെടുന്നു. അടിമകൾ ശിഷ്യൻമാരുടെ കൂട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒന്നാം നൂററാണ്ടിൽ അഞ്ചു താലന്തുകൾ ലഭിച്ചവരുടെ കൂട്ടത്തിൽ പ്രകടമായും അപ്പൊസ്‌തലൻമാരും ഉൾപ്പെടുന്നു. അഞ്ചും രണ്ടും താലന്തുകൾ ലഭിച്ച അടിമകൾ അവരുടെ രാജ്യപ്രസംഗത്താലും ശിഷ്യരാക്കലിനാലും അവ ഇരട്ടിപ്പിച്ചതായി യേശു തുടർന്ന്‌ പറയുന്നു. എന്നിരുന്നാലും ഒരു താലന്ത്‌ ലഭിച്ച അടിമ അത്‌ നിലത്ത്‌ ഒളിച്ചുവച്ചു.

യേശു തുടരുന്നു: “വളരെക്കാലം കഴിഞ്ഞശേഷം, ആ അടിമകളുടെ യജമാനൻ വന്ന്‌ അവരുമായി കണക്കുതീർത്തു.” ഇരുപതാം നൂററാണ്ടിൽ, 1,900 വർഷങ്ങൾക്കുശേഷം മാത്രമാണ്‌ ക്രിസ്‌തു മടങ്ങി വന്ന്‌ കണക്കു തീർത്തത്‌. അതുകൊണ്ട്‌ അത്‌ വാസ്‌തവത്തിൽ “വളരെക്കാലം കഴിഞ്ഞാ”യിരുന്നു. തുടർന്ന്‌ യേശു വിശദീകരിക്കുന്നു:

“അഞ്ചു താലന്തുകൾ ലഭിച്ചവൻ, ‘യജമാനനെ, നീ എനിക്ക്‌ അഞ്ചു താലന്തുകൾ തന്നുവല്ലോ; നോക്കൂ ഞാൻ അഞ്ചു താലന്തുകൾ കൂടി സമ്പാദിച്ചിരിക്കുന്നു,’ എന്ന്‌ പറഞ്ഞുകൊണ്ട്‌ കൂടുതലായി അഞ്ചു താലന്തുകളും കൊണ്ട്‌ മുന്നോട്ടു വരുന്നു. അവന്റെ യജമാനൻ അവനോട്‌ പറഞ്ഞു: ‘നല്ലവനും വിശ്വസ്‌തനുമായ അടിമേ, നീ നന്നായി പ്രവർത്തിച്ചിരിക്കുന്നു! അൽപ്പം കാര്യങ്ങളിൽ നീ വിശ്വസ്‌തനായിരുന്നു. ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക്‌ അധിപതിയാക്കിവയ്‌ക്കും നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക്‌ പ്രവേശിക്കുക.’” രണ്ടു താലന്തുകൾ ലഭിച്ച അടിമയും അതുപോലെ തന്റെ താലന്തുകൾ ഇരട്ടിപ്പിച്ചു അതേ പ്രശംസയും പ്രതിഫലവും അവന്‌ ലഭിക്കുകയും ചെയ്‌തു.

എന്നാൽ ഈ വിശ്വസ്‌തരായ അടിമകൾ തങ്ങളുടെ യജമാനന്റെ സന്തോഷത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ എങ്ങനെയാണ്‌? കൊളളാം, അവരുടെ യജമാനനായ യേശുക്രിസ്‌തുവിന്റെ സന്തോഷം, പരദേശത്ത്‌ സ്വർഗ്ഗത്തിൽ തന്റെ പിതാവിന്റെ അടുക്കൽ ചെല്ലുമ്പോൾ രാജ്യം അവകാശമാക്കുക എന്നതാണ്‌. ആധുനിക നാളിലെ വിശ്വസ്‌തരായ അടിമകളെ സംബന്ധിച്ചിടത്തോളം കൂടുതലായ രാജ്യ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കപ്പെടുന്നതിൽ അവർക്ക്‌ വലിയ സന്തോഷമുണ്ട്‌, അവർ തങ്ങളുടെ ഭൗമിക ഗതി അവസാനിപ്പിക്കുമ്പോൾ സ്വർഗ്ഗീയ രാജ്യത്തിലേക്ക്‌ പുനരുത്ഥാനത്തിൽ വരുത്തപ്പെടുന്നതിനാലുളള സന്തോഷത്തിന്റെ പരമകാഷ്‌ഠയുമുണ്ട്‌. എന്നാൽ മൂന്നാമത്തെ അടിമയെ സംബന്ധിച്ചെന്ത്‌?

“യജമാനനെ നീ വളരെ കർക്കശസ്വഭാവക്കാരനാണെന്ന്‌ ഞാൻ അറിഞ്ഞിരുന്നു,” ഈ അടിമ പരാതിപ്പെടുന്നു. “അതുകൊണ്ട്‌ ഞാൻ ഭയപ്പെട്ട്‌ പോയി നിന്റെ താലന്ത്‌ നിലത്ത്‌ ഒളിച്ചു വച്ചു. ഇതാ നിനക്കുളളത്‌ എടുത്തുകൊളളുക.” പ്രസംഗിക്കുകയും ശിഷ്യരാക്കുകയും ചെയ്‌തുകൊണ്ട്‌ വയലിൽ പണിയെടുക്കാൻ ആ അടിമ മനഃപൂർവ്വം വിസമ്മതിച്ചു. അതുകൊണ്ട്‌ യജമാനൻ അവനെ ദുഷ്ടനെന്നും മടിയനെന്നും വിളിക്കുകയും അവന്റെമേൽ ന്യായവിധി ഉച്ചരിക്കുകയും ചെയ്യുന്നു: “അവനിൽ നിന്ന്‌ ആ താലന്ത്‌ എടുത്തുകളയുക . . . ഒന്നിനും കൊളളാത്ത ആ അടിമയെ പുറത്തെ ഇരുട്ടിലേക്ക്‌ തളളിക്കളയുക. അവിടെ അവന്റെ കരച്ചിലും പല്ലുകടിയും ഉണ്ടായിരിക്കും.” പുറത്ത്‌ തളളപ്പെടുന്ന ഈ ദുഷ്ട അടിമവർഗ്ഗത്തിൽപെട്ടവർക്ക്‌ യാതൊരു ആത്മീയ സന്തുഷ്ടിയും ഉണ്ടായിരിക്കുകയില്ല.

ക്രിസ്‌തുവിന്റെ അനുഗാമികളാണെന്ന്‌ അവകാശപ്പെടുന്ന എല്ലാവരുടെയും മുമ്പാകെ ഇത്‌ ഗുരുതരമായ ഒരു പാഠം അവതരിപ്പിക്കുന്നു. അവർക്ക്‌ അവന്റെ പ്രശംസയും പ്രതിഫലവും ലഭിക്കുകയും, പുറത്തെ ഇരുളിലേക്കും അന്തിമ നാശത്തിലേക്കും തളളപ്പെടുന്നത്‌ ഒഴിവാക്കുകയും, ചെയ്യണമെങ്കിൽ പ്രസംഗവേലയിൽ ഒരു പൂർണ്ണപങ്ക്‌ ഉണ്ടായിരുന്നുകൊണ്ട്‌ അവർ തങ്ങളുടെ സ്വർഗ്ഗീയ യജമാനന്റെ സമ്പത്ത്‌ വർദ്ധിപ്പിക്കുന്നതിനുവേണ്ടി പണിയെടുക്കണം. ഈ സംഗതിയിൽ നിങ്ങൾ ഉൽസാഹമുളളവരാണോ?

ക്രിസ്‌തു രാജ്യാധികാരത്തിൽ വരുമ്പോൾ

യേശു ഇപ്പോഴും തന്റെ അപ്പൊസ്‌തലൻമാരോടൊപ്പം ഒലിവു മലയിലാണ്‌. തന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളത്തിനുവേണ്ടിയുളള അവരുടെ അപേക്ഷക്ക്‌ ഉത്തരമായി അവനിപ്പോൾ തുടരെയുളള മൂന്ന്‌ ഉപമകളിൽ അവസാനത്തേത്‌ അവരോട്‌ പറയുന്നു: “മനുഷ്യപുത്രൻ സകല ദൂതൻമാരോടുംകൂടെ തന്റെ മഹത്വത്തിൽ വരുമ്പോൾ,” യേശു പറഞ്ഞു തുടങ്ങുന്നു, “അവൻ തന്റെ മഹത്വമുളള സിംഹാസനത്തിൽ ഇരിക്കും.”

മനുഷ്യർക്ക്‌ ദൂതൻമാരെ അവരുടെ സ്വർഗ്ഗീയ മഹിമയിൽ കാണാൻ കഴിയുകയില്ല. അതുകൊണ്ട്‌ മനുഷ്യപുത്രനായ യേശുക്രിസ്‌തുവിന്റെ ദൂതൻമാരോടുകൂടെയുളള വരവ്‌ മാനുഷ നേത്രങ്ങൾക്ക്‌ അദൃശ്യമായിരിക്കണം. ഈ വരവ്‌ 1914 എന്ന വർഷം സംഭവിക്കുന്നു. എന്നാൽ എന്തിനുവേണ്ടി? യേശു വിശദീകരിക്കുന്നു: “സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടും, ഒരു ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിർത്തും.”

പ്രീതിയുടെ വശത്തേക്ക്‌ വേർതിരിക്കപ്പെടുന്നവർക്ക്‌ എന്തു സംഭവിക്കുമെന്ന്‌ വിവരിച്ചുകൊണ്ട്‌ യേശു പറയുന്നു: “അപ്പോൾ രാജാവ്‌ തന്റെ വലത്തുഭാഗത്തുളളവരോട്‌ പറയും, ‘എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.’” ഈ ഉപമയിലെ ചെമ്മരിയാടുകൾ സ്വർഗ്ഗത്തിൽ ക്രിസ്‌തുവിനോടുകൂടെ ഭരിക്കുകയില്ല, എന്നാൽ ദൈവരാജ്യത്തിന്റെ ഭൗമിക പ്രജകളായിരിക്കുന്നു എന്ന അർത്ഥത്തിൽ അവർ രാജ്യം അവകാശമാക്കും. മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കാനുളള ദൈവത്തിന്റെ കരുതലിൽ നിന്ന്‌ പ്രയോജനം അനുഭവിക്കാൻ കഴിയുന്ന മക്കളെ ആദാമും ഹവ്വായും ആദ്യമായി ഉൽപ്പാദിപ്പിച്ചപ്പോഴായിരുന്നു “ലോകസ്ഥാപനം” നടന്നത്‌.

എന്നാൽ എന്തുകൊണ്ടാണ്‌ ചെമ്മരിയാടുകൾ രാജാവിന്റെ പ്രീതിയുടെ വലതുഭാഗത്തേക്ക്‌ വേർതിരിക്കപ്പെടുന്നത്‌? രാജാവ്‌ മറുപടിയായി പറയുന്നു: “എനിക്ക്‌ വിശന്നു, നിങ്ങൾ എനിക്ക്‌ ഭക്ഷിക്കാൻ തന്നു, എനിക്ക്‌ ദാഹിച്ചു നിങ്ങൾ എനിക്ക്‌ കുടിക്കാൻ തന്നു. ഞാൻ ഒരു അപരിചിതനായിരുന്നു നിങ്ങൾ എനിക്ക്‌ ആതിഥ്യമരുളി; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ ശുശ്രൂഷിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു നിങ്ങൾ എന്റെ അടുക്കൽ വന്നു.”

ഈ ചെമ്മരിയാടുകൾ ഭൂമിയിലായിരുന്നതിനാൽ തങ്ങളുടെ സ്വർഗ്ഗീയ രാജാവിനുവേണ്ടി അത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതെങ്ങനെയെന്ന്‌ അറിയാൻ അവർ ആഗ്രഹിക്കുന്നു. “കർത്താവേ, ഞങ്ങൾ എപ്പോഴാണ്‌ നിന്നെ വിശക്കുന്നവനായി കണ്ട്‌ ഭക്ഷണം തന്നത്‌,” അവർ ചോദിക്കുന്നു, “അല്ലെങ്കിൽ ദാഹിക്കുന്നവനായി കണ്ടിട്ട്‌ കുടിക്കാൻ തന്നത്‌? ഞങ്ങൾ എപ്പോഴാണ്‌ നിന്നെ അപരിചിതനായി കണ്ട്‌ ആതിഥ്യമരുളിയത്‌, അല്ലെങ്കിൽ നഗ്നനായി കണ്ട്‌ ഉടുപ്പിച്ചത്‌? ഞങ്ങൾ എപ്പോഴാണ്‌ നിന്നെ രോഗിയോ കാരാഗൃഹത്തിലായിരിക്കുന്നതായോ കണ്ടിട്ട്‌ നിന്റെ അടുക്കൽ വന്നത്‌?”

“നിങ്ങൾ എന്റെ ഈ ചെറിയ സഹോദരൻമാരിൽ ഒരാൾക്ക്‌ ചെയ്‌തടത്തോളമെല്ലാം എനിക്ക്‌ ചെയ്‌തിരിക്കുന്നു എന്ന്‌ ഞാൻ സത്യമായി നിങ്ങളോട്‌ പറയുന്നു,” എന്ന്‌ രാജാവ്‌ മറുപടി പറയുന്നു. ക്രിസ്‌തുവിന്റെ സഹോദരൻമാർ സ്വർഗ്ഗത്തിൽ അവനോടുകൂടെ ഭരിക്കുന്ന 1,44,000ത്തിൽപ്പെട്ടവരിൽ ഭൂമിയിൽ ഇപ്പോൾ ശേഷിക്കുന്നവരാണ്‌. അവർക്ക്‌ നൻമ ചെയ്യുന്നത്‌ യേശുവിന്‌ തന്നെ നൻമ ചെയ്യുന്നതുപോലെയാണെന്ന്‌ അവൻ പറയുന്നു.

അടുത്തതായി രാജാവ്‌ കോലാടുകളെ അഭിസംബോധന ചെയ്യുന്നു. “ശപിക്കപ്പെട്ടവരെ നിങ്ങൾ എന്നെ വിട്ട്‌ പിശാചിനും അവന്റെ ദൂതൻമാർക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക്‌ പോകുവിൻ. എന്തുകൊണ്ടെന്നാൽ എനിക്ക്‌ വിശന്നു, നിങ്ങൾ എനിക്ക്‌ ഭക്ഷിക്കാൻ ഒന്നും തന്നില്ല, എനിക്ക്‌ ദാഹിച്ചു, നിങ്ങൾ എനിക്ക്‌ കുടിക്കാൻ ഒന്നും തന്നില്ല. ഞാൻ ഒരു അപരിചിതനായിരുന്നു, എന്നാൽ നിങ്ങൾ എനിക്ക്‌ ആതിഥ്യമരുളിയില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും കാരാഗൃഹവാസിയും ആയിരുന്നു, എന്നാൽ നിങ്ങൾ എന്നെ ശുശ്രൂഷിച്ചില്ല.”

എന്നാൽ കോലാടുകൾ പരാതിപ്പെടുന്നു: “കർത്താവേ, എപ്പോഴാണ്‌ ഞങ്ങൾ നിന്നെ വിശക്കുന്നവനായോ ദാഹിക്കുന്നവനായോ അപരിചിതനായോ നഗ്നനായോ രോഗിയായോ, കാരാഗൃഹത്തിലായിരിക്കുന്നതായോ കാണുകയും നിന്നെ ശുശ്രൂഷിക്കാതിരിക്കുകയും ചെയ്‌തത്‌?” ചെമ്മരിയാടുകൾ അനുകൂലമായി വിധിക്കപ്പെടുന്നതിന്റെ അതേ അടിസ്ഥാനത്തിൽ കോലാടുകൾ പ്രതികൂലമായി വിധിക്കപ്പെടുന്നു. “എന്റെ ഈ എളിയവരിൽ [സഹോദരൻമാരിൽ] ഒരാൾക്ക്‌ നിങ്ങൾ ചെയ്യാതിരുന്ന അളവോളം നിങ്ങൾ എനിക്ക്‌ ചെയ്യാതിരുന്നു,” യേശു മറുപടി പറയുന്നു.

അതുകൊണ്ട്‌ മഹോപദ്രവത്തിൽ ഈ ദുഷ്ട വ്യവസ്ഥിതി നശിക്കുന്നതിന്‌ മുമ്പുളള ക്രിസ്‌തുവിന്റെ രാജ്യാധികാരത്തിലുളള സാന്നിദ്ധ്യം ന്യായവിധിയുടെ ഒരു സമയമായിരിക്കും. കോലാടുകൾ “നിത്യഛേദനത്തിലേക്കും നീതിമാൻമാർ [ചെമ്മരിയാടുകൾ] നിത്യജീവങ്കലേക്കും പോകും.” മത്തായി 24:2–25:46; 13:40, 49; മർക്കോസ്‌ 13:3-37; ലൂക്കോസ്‌ 21:7-36; 19:43, 44; 17:20-30; 2 തിമൊഥെയോസ്‌ 3:1-5; യോഹന്നാൻ 10:16 വെളിപ്പാട്‌ 14:1-3.

▪ ചോദ്യം ചോദിക്കാൻ അപ്പൊസ്‌തലൻമാരെ പ്രേരിപ്പിച്ചതെന്താണ്‌, എന്നാൽ പ്രത്യക്ഷത്തിൽ അവരുടെ മനസ്സിൽ മറെറന്തുംകൂടെ ഉണ്ടായിരുന്നു?

▪ യേശുവിന്റെ പ്രവചനത്തിന്റെ ഏതു ഭാഗമാണ്‌ പൊ. യു. 70-ൽ നിവൃത്തിയായത്‌? എന്നാൽ അപ്പോൾ എന്തു സംഭവിക്കുന്നില്ല?

▪ യേശുവിന്റെ പ്രവചനത്തിന്‌ ഒരു ആദ്യനിവൃത്തി ഉണ്ടായത്‌ എപ്പോഴാണ്‌, അതിന്‌ ഒരു വലിയ നിവൃത്തിയുണ്ടാകുന്നത്‌ എപ്പോഴാണ്‌?

▪ ആദ്യത്തേതും അവസാനത്തേതുമായ നിവൃത്തികളിൽ മ്ലേച്ഛവസ്‌തു എന്താണ്‌?

▪ യെരൂശലേമിന്റെ നാശത്തോടെ മഹോപദ്രവത്തിന്‌ അതിന്റെ അന്തിമ നിവൃത്തി ഉണ്ടാകാത്തത്‌ എന്തുകൊണ്ടാണ്‌?

▪ ഏതു ലോകാവസ്ഥകൾ ക്രിസ്‌തുവിന്റെ സാന്നിദ്ധ്യത്തെ അടയാളപ്പെടുത്തുന്നു?

▪ ഭൂമിയിലെ ‘എല്ലാ ഗോത്രങ്ങളും വിലപിച്ചുകൊണ്ട്‌ മാറത്തടിക്കുന്നത്‌’ എപ്പോഴായിരിക്കും, എന്നാൽ ക്രിസ്‌തുവിന്റെ അനുയായികൾ എന്തു ചെയ്യും?

▪ അന്ത്യം ആസന്നമായിരിക്കുന്നത്‌ എപ്പോഴെന്ന്‌ തിരിച്ചറിയാൻ തന്റെ ഭാവി ശിഷ്യൻമാരെ സഹായിക്കുന്നതിന്‌ യേശു എന്തു ദൃഷ്ടാന്തങ്ങൾ നൽകുന്നു?

▪ തന്റെ ശിഷ്യൻമാരിൽ അന്ത്യനാളുകളിൽ ജീവിക്കുന്നവർക്കായി യേശു എന്തു പ്രബോധനമാണ്‌ നൽകുന്നത്‌?

▪ പത്തു കന്യകമാർ ആരെ പ്രതീകവൽക്കരിക്കുന്നു?

▪ ക്രിസ്‌തീയ സഭ മണവാളന്‌ വിവാഹവാഗ്‌ദാനം ചെയ്യപ്പെട്ടത്‌ എപ്പോഴായിരുന്നു, എന്നാൽ വിവാഹ വിരുന്നിന്‌ തന്റെ മണവാട്ടിയെ കൂട്ടിക്കൊണ്ടു പോകാൻ മണവാളൻ വരുന്നത്‌ എപ്പോഴാണ്‌?

▪ എണ്ണ എന്തിനെ പ്രതിനിധാനം ചെയ്യുന്നു, അതുണ്ടായിരുന്നത്‌ എന്തു ചെയ്യാൻ ബുദ്ധിമതികളായ കന്യകമാരെ പ്രാപ്‌തരാക്കി?

▪ വിവാഹ വിരുന്ന്‌ എവിടെയാണ്‌ നടക്കുന്നത്‌?

▪ ബുദ്ധിയില്ലാത്ത കന്യകമാർക്ക്‌ എന്തു മഹത്തായ പ്രതിഫലമാണ്‌ നഷ്ടമാകുന്നത്‌, അവർക്ക്‌ എന്തു സംഭവിക്കുന്നു?

▪ താലന്തുകളുടെ ഉപമ എന്തു പാഠം പഠിപ്പിക്കുന്നു?

▪ അടിമകൾ ആരാണ്‌, അവർക്ക്‌ ഭരമേൽപ്പിക്കപ്പെടുന്ന സ്വത്തുക്കൾ എന്താണ്‌?

▪ യജമാനൻ കണക്കു തീർക്കാൻ വരുന്നത്‌ എപ്പോഴാണ്‌, അവൻ എന്തു കണ്ടെത്തുന്നു?

▪ വിശ്വസ്‌തരായ അടിമകൾ എന്തു സന്തോഷത്തിലേക്കാണ്‌ പ്രവേശിക്കുന്നത്‌, ദുഷ്ടനായ മൂന്നാമത്തെ അടിമക്ക്‌ എന്തു സംഭവിക്കുന്നു?

▪ ക്രിസ്‌തുവിന്റെ സാന്നിദ്ധ്യം അദൃശ്യമായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌, ആ സമയത്ത്‌ അവൻ എന്തു വേല ചെയ്യുന്നു?

▪ ഏതർത്ഥത്തിലാണ്‌ ചെമ്മരിയാടുകൾ രാജ്യം അവകാശമാക്കുന്നത്‌?

▪ “ലോകസ്ഥാപനം” എന്നാണ്‌ നടന്നത്‌?

▪ എന്തിന്റെ അടിസ്ഥാനത്തിലാണ്‌ ആളുകൾ ചെമ്മരിയാടുകളോ കോലാടുകളോ ആയി വിധിക്കപ്പെടുന്നത്‌?