വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്പവും പുളിമാവും

അപ്പവും പുളിമാവും

അധ്യായം 58

അപ്പവും പുളിമാവും

ദെക്കപ്പൊലിയിൽ വലിയ ജനക്കൂട്ടങ്ങൾ യേശുവിന്റെ അടുക്കൽ എത്തിയിരിക്കുന്നു. യേശുവിനെ ശ്രദ്ധിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായി പലരും മുഖ്യമായും വിജാതീയർ പാർക്കുന്ന ഈ പ്രദേശത്തേക്ക്‌ വളരെ ദൂരത്തു നിന്നാണ്‌ വന്നിരിക്കുന്നത്‌. വിജാതീയ പ്രദേശത്തുകൂടെ സഞ്ചരിക്കുമ്പോൾ സാധാരണ ചെയ്യാറുളളതുപോലെ ഭക്ഷണസാധനങ്ങളുംമററും കൊണ്ടുനടക്കുന്നതിനുളള വലിയ കുട്ടകൾ അവർ പലരും കൊണ്ടുവന്നിട്ടുണ്ട്‌.

എന്നിരുന്നാലും, ഒടുവിൽ യേശു തന്റെ ശിഷ്യൻമാരെ വിളിച്ച്‌ ഇപ്രകാരം പറയുന്നു: “എനിക്ക്‌ ഈ പുരുഷാരത്തോട്‌ മനസ്സലിവ്‌ തോന്നുന്നു, എന്തുകൊണ്ടെന്നാൽ ഇപ്പോൾ മൂന്നുദിവസമായി അവർ എന്റെ അടുക്കൽ ഇരിക്കുന്നു, അവർക്ക്‌ ഭക്ഷിപ്പാൻ ഒന്നുമില്ല; ഞാൻ അവരെ പട്ടിണിയായി വീടുകളിലേക്ക്‌ പറഞ്ഞയച്ചാൽ അവർ വഴിയിൽ തളർന്ന്‌ വീണുപോകും. അവരിൽ ചിലർ വാസ്‌തവത്തിൽ വളരെ ദൂരെ നിന്നുളളവരാണ്‌.”

“ഈ വിജനപ്രദേശത്ത്‌ ഈ ജനങ്ങൾക്കെല്ലാം അപ്പം കൊടുത്തു തൃപ്‌തരാക്കാൻ ആർക്ക്‌ എവിടെനിന്ന്‌ അത്‌ ലഭിക്കും?” എന്ന്‌ ശിഷ്യൻമാർ ചോദിക്കുന്നു.

“നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്‌,” എന്ന്‌ യേശു അന്വേഷിക്കുന്നു.

“ഏഴ്‌,” അവർ പ്രതിവചിക്കുന്നു, “ഏതാനും ചില ചെറു മൽസ്യങ്ങളും.”

നിലത്ത്‌ ഇരിക്കാൻ ആളുകൾക്ക്‌ നിർദ്ദേശം നൽകിയശേഷം യേശു ആ അപ്പവും മൽസ്യങ്ങളും എടുത്ത്‌ ദൈവത്തോട്‌ പ്രാർത്ഥിച്ചശേഷം മുറിച്ച്‌ ശിഷ്യൻമാരെ ഏൽപ്പിച്ചു തുടങ്ങുന്നു. അവരോ ക്രമത്തിൽ അത്‌ ജനങ്ങൾക്ക്‌ വിളമ്പികൊടുക്കുന്നു, എല്ലാവരും തിന്ന്‌ തൃപ്‌തരാകുന്നു. പിന്നീട്‌, ഏതാണ്ട്‌ 4,000 പുരുഷൻമാരെ കൂടാതെ സ്‌ത്രീകളും കുട്ടികളും ഭക്ഷണം കഴിച്ചശേഷം ബാക്കി വന്നതു ശേഖരിച്ചപ്പോൾ അത്‌ ഏഴു കൊട്ട നിറയെ ഉണ്ടായിരുന്നു!

ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം ഒരു വളളത്തിൽ കയറി യേശുവും ശിഷ്യൻമാരും ഗലീലാക്കടലിന്റെ പടിഞ്ഞാറെ തീരത്ത്‌ എത്തിച്ചേരുന്നു. ഇവിടെ ഇത്തവണ പരീശൻമാരും സദൂക്യമതവിഭാഗത്തിലെ അംഗങ്ങളും ചേർന്ന്‌ ആകാശത്തുനിന്ന്‌ ഒരു അടയാളം ആവശ്യപ്പെട്ടുകൊണ്ട്‌ യേശുവിനെ പരീക്ഷിക്കാൻ ശ്രമിക്കുന്നു.

തന്നെ പരീക്ഷിക്കാനുളള അവരുടെ ശ്രമം തിരിച്ചറിഞ്ഞുകൊണ്ട്‌ മറുപടിയായി യേശു പറയുന്നു: “സന്ധ്യാ സമയത്ത്‌ ‘ഇന്ന്‌ നല്ല കാലാവസ്ഥയായിരിക്കും എന്തുകൊണ്ടെന്നാൽ ആകാശം തീ നിറമുളളതാണ്‌;’ പ്രഭാതത്തിൽ ‘ഇന്ന്‌ മഴയായിരിക്കും, എന്തുകൊണ്ടെന്നാൽ ആകാശം തീ നിറമുളളതെങ്കിലും ഇരുണ്ടതാണ്‌’ എന്നും പറയുന്ന രീതി നിങ്ങൾക്കുണ്ടല്ലോ. ആകാശത്തിന്റെ ഭാവം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം, എന്നാൽ ഈ കാലത്തിന്റെ അടയാളങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ല.”

അതിങ്കൽ യേശു അവരെ ദുഷ്ടവും വ്യഭിചാരമുളളതുമായ ഒരു തലമുറ എന്ന്‌ വിളിക്കുകയും മുമ്പേ പരീശൻമാരോട്‌ പറഞ്ഞതുപോലെ യോനായുടെ അടയാളമല്ലാതെ ഒരടയാളം അവർക്ക്‌ നൽകപ്പെടുകയില്ല എന്ന്‌ മുന്നറിയിപ്പ്‌ നൽകുകയും ചെയ്യുന്നു. അവിടെ നിന്ന്‌ അവനും ശിഷ്യൻമാരും കൂടെ ഗലീലാക്കടലിന്റെ വടക്കു കിഴക്കേ തീർത്തുളള ബേത്ത്‌സയിദയെ ലക്ഷ്യമാക്കി വളളത്തിൽ യാത്രയാകുന്നു. വഴിയിൽവച്ച്‌ അപ്പം എടുക്കാൻ മറന്നുപോയതായി ശിഷ്യൻമാർ മനസ്സിലാക്കുന്നു അവരുടെ കൈവശം ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുളളു.

പരീശൻമാരും ഹെരോദാവിന്റെ പിന്തുണക്കാരായ സദൂക്യരുമായുളള തന്റെ സമീപകാല ഏററുമുട്ടൽ മനസ്സിൽവച്ചുകൊണ്ട്‌ യേശു ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “കണ്ണു തുറന്നുനോക്കുവിൻ, പരീശൻമാരുടെയും ഹെരോദാവിന്റെയും പുളിച്ചമാവിൽനിന്ന്‌ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊളളുവിൻ.” പുളിച്ച മാവിനെപ്പററി യേശു പറഞ്ഞപ്പോൾ തങ്ങൾ അപ്പം കൊണ്ടുവരാൻ മറന്നതിനെപ്പററിയാണ്‌ യേശു പറഞ്ഞതെന്നു കരുതി അവർ അത്‌ സംബന്ധിച്ച്‌ തർക്കിച്ചു തുടങ്ങുന്നു. അവരുടെ തെററിദ്ധാരണ മനസ്സിലാക്കിക്കൊണ്ട്‌ “അപ്പം കൊണ്ടുവരാത്തതിനെപ്പററി തർക്കിക്കുന്നത്‌ എന്ത്‌?” എന്ന്‌ യേശു അവരോട്‌ ചോദിക്കുന്നു.

സമീപകാലത്ത്‌ ആയിരക്കണക്കിന്‌ ആളുകൾക്ക്‌ യേശു അത്ഭുതകരമായി അപ്പം കൊടുത്തതാണ്‌, ഒരുപക്ഷേ ഒന്നോ രണ്ടോ ദിവസംമുമ്പു മാത്രമാണ്‌ ഒടുവിലത്തെ ഈ അത്ഭുതം പ്രവർത്തിച്ചത്‌. അക്ഷരീയമായ അപ്പമില്ലാത്തതു സംബന്ധിച്ച്‌ അവൻ ഉൽക്കൺഠാകുലനല്ല എന്ന്‌ അവർ അറിഞ്ഞിരിക്കേണ്ടതായിരുന്നു. അവൻ അവരെ ഓർമ്മപ്പെടുത്തുന്നു: “ഞാൻ അഞ്ച്‌ അപ്പം മുറിച്ച്‌ അയ്യായിരം പേർക്ക്‌ നൽകിയപ്പോൾ നിങ്ങൾ എത്ര കൊട്ട നിറയെ കഷണങ്ങൾ പെറുക്കിയെടുത്തു, നിങ്ങൾ ഓർമ്മിക്കുന്നില്ലേ?”

“പന്ത്രണ്ട്‌” അവർ മറുപടി പറയുന്നു.

“നാലായിരം പേർക്ക്‌ ഞാൻ ഏഴ്‌ അപ്പം മുറിച്ച്‌ നൽകിയപ്പോൾ നിങ്ങൾ എത്ര കൊട്ട നിറയെ കഷണങ്ങൾ പെറുക്കിയെടുത്തു?”

“ഏഴ്‌,” അവർ പ്രതിവചിക്കുന്നു.

“എന്നിട്ടും നിങ്ങൾക്ക്‌ അർത്ഥം മനസ്സിലാകുന്നില്ലേ?” യേശു ചോദിക്കുന്നു. “ഞാൻ അപ്പത്തെപ്പററിയല്ല പറഞ്ഞതെന്ന്‌ നിങ്ങൾക്ക്‌ മനസ്സിലാകാത്തതെന്ത്‌? എന്നാൽ പരീശൻമാരുടെയും സദൂക്യരുടെയും പുളിച്ചമാവിൽനിന്ന്‌ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊളളുവിൻ.”

ശിഷ്യൻമാർക്ക്‌ ഒടുവിൽ ആശയം മനസ്സിലായി. പുളിപ്പിക്കുന്നതിനും അപ്പം പൊങ്ങിവരാൻ ഇടയാക്കുന്നതിനുമായി ഉപയോഗിക്കുന്ന പുളിമാവ്‌ ദുഷിപ്പിനെ അർത്ഥമാക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ്‌. യേശു പ്രതീകാത്മകമായിട്ടാണ്‌ സംസാരിക്കുന്നതെന്ന്‌, ദുഷിപ്പിക്കുന്ന ഒരു ഫലമുളള പരീശൻമാരുടെയും സദൂക്യരുടെയും ഉപദേശങ്ങൾക്കെതിരെ സൂക്ഷിച്ചുകൊളളാനാണ്‌ യേശു മുന്നറിയിപ്പ്‌ നൽകുന്നതെന്ന്‌ ശിഷ്യൻമാർക്ക്‌ ഇപ്പോൾ മനസ്സിലായി. മർക്കോസ്‌ 8:1-21; മത്തായി 15:32–16:12.

▪ എന്തുകൊണ്ടാണ്‌ ജനങ്ങളുടെ കൈയ്യിൽ വലിയ കൊട്ടകൾ ഉളളത്‌?

▪ ദെക്കപ്പൊലിയിൽ നിന്ന്‌ പുറപ്പെട്ടശേഷം ഏത്‌ ബോട്ടു യാത്രകളാണ്‌ യേശു നടത്തുന്നത്‌?

▪ പുളിമാവിനെ സംബന്ധിച്ചുളള യേശുവിന്റെ പരാമർശനത്തെപ്പറി ശിഷ്യൻമാർക്ക്‌ എന്തു തെററിദ്ധാരണയാണ്‌ ഉണ്ടാകുന്നത്‌?

▪ “പരീശൻമാരുടെയും സദൂക്യരുടെയും പുളിച്ചമാവ്‌” എന്ന പദപ്രയോഗത്താൽ യേശു എന്താണ്‌ അർത്ഥമാക്കുന്നത്‌?