വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവസാന പെസഹാ വേളയിൽ താഴ്‌മ

അവസാന പെസഹാ വേളയിൽ താഴ്‌മ

അധ്യായം 113

അവസാന പെസഹാ വേളയിൽ താഴ്‌മ

യേശുവിന്റെ നിർദ്ദേശമനുസരിച്ച്‌ പത്രോസും യോഹന്നാനും പെസഹ ഭക്ഷണത്തിനുളള ഒരുക്കങ്ങൾ ചെയ്യേണ്ടതിന്‌ യെരൂശലേമിൽ എത്തിയിരിക്കുന്നു. യേശു ശേഷം പത്ത്‌ അപ്പൊസ്‌തലൻമാരുമായി കുറച്ചുകൂടി കഴിഞ്ഞ്‌ വന്നെത്തുന്നു. യേശുവും കൂടെയുളളവരും ഒലിവുമല ഇറങ്ങി വരുമ്പോൾ സൂര്യൻ അസ്‌തമിക്കാറായിരിക്കുന്നു. ഇപ്പോൾ പുനരുത്ഥാനത്തിന്‌ മുമ്പ്‌ യേശു യെരൂശലേമിനെ ഒലിവു മലയിൽ നിന്നുകൊണ്ട്‌ പകൽ സമയത്ത്‌ അവസാനമായി നോക്കിക്കാണുകയാണ്‌.

പെട്ടെന്നുതന്നെ യേശുവും സംഘവും നഗരത്തിൽ എത്തി പെസഹാ ആഘോഷിക്കാനുളള ഭവനത്തിലേക്ക്‌ നീങ്ങുന്നു. അവർ മുകളിലത്തെ നിലയിലുളള വിശാലമായ മുറിയിലേക്കുളള പടികൾ കയറുന്നു. അവിടെ അവർക്ക്‌ സ്വകാര്യമായി പെസഹ ആഘോഷിക്കുന്നതിനുളള തയ്യാറെടുപ്പെല്ലാം നടത്തപ്പെട്ടിരിക്കുന്നു. യേശു പറയുംപ്രകാരം അവൻ ആകാംക്ഷാപൂർവ്വം ഈ സന്ദർഭത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയായിരുന്നു: “ഞാൻ കഷ്ടം അനുഭവിക്കുന്നതിനുമുമ്പ്‌ ഈ പെസഹാ നിങ്ങളോടുകൂടെ ഭക്ഷിക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു.”

പാരമ്പര്യ ആചാരമനുസരിച്ച്‌ പെസഹ ഭക്ഷണത്തിൽ പങ്കെടുക്കുന്നവർ നാല്‌ കപ്പ്‌ വീഞ്ഞു കുടിക്കുന്നു. പ്രത്യക്ഷത്തിൽ മൂന്നാമത്തെ കപ്പ്‌ കയ്യിലെടുത്ത്‌ നന്ദി പറഞ്ഞശേഷം യേശു ഇപ്രകാരം പറയുന്നു: “ഇത്‌ വാങ്ങി പങ്കുവയ്‌ക്കുവിൻ; എന്തുകൊണ്ടെന്നാൽ ഇപ്പോൾ മുതൽ ദൈവരാജ്യം വരുന്നതുവരെ ഞാൻ മുന്തിരിയുടെ ഫലത്തിൽ നിന്ന്‌ കുടിക്കുകയില്ല എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.”

ഭക്ഷണത്തിനിടയിൽ യേശു എഴുന്നേററ്‌ തന്റെ പുറങ്കുപ്പായം ഊരി മാററി കയ്യിൽ ഒരു തുവർത്ത്‌ എടുത്ത്‌ ഒരു പാത്രത്തിൽ വെളളം നിറക്കുന്നു. സാധാരണഗതിയിൽ, അതിഥികളുടെ കാൽ കഴുകുന്ന കാര്യത്തിൽ ആതിഥേയൻ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ ഈ സന്ദർഭത്തിൽ അങ്ങനെയൊരു ആതിഥേയൻ സന്നിഹിതനല്ലാഞ്ഞതിനാൽ വ്യക്തിപരമായ ഈ സേവനം ചെയ്യുന്നതിൽ യേശു ശ്രദ്ധിക്കുന്നു. അപ്പൊസ്‌തലൻമാരിൽ ആർക്കു വേണമെങ്കിലും ഈ സന്ദർഭത്തിൽ അത്‌ ചെയ്യാമായിരുന്നു; എന്നിരുന്നാലും പ്രത്യക്ഷത്തിൽ അവർക്കിടയിൽ ഇപ്പോഴും അൽപ്പം മൽസരം ഉളളതുകൊണ്ട്‌ ആരും അത്‌ ചെയ്യുന്നില്ല. ഇപ്പോൾ യേശു അവരുടെ പാദങ്ങൾ കഴുകാൻ തുടങ്ങുമ്പോൾ അവർ അന്ധാളിക്കുന്നു.

യേശു പത്രോസിന്റെ അടുക്കൽ വരുമ്പോൾ അവൻ പ്രതിഷേധിക്കുന്നു: “നീ ഒരിക്കലും എന്റെ പാദങ്ങൾ കഴുകുകയില്ല.”

“ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക്‌ എന്നോടുകൂടെ പങ്കില്ല,” യേശു പറയുന്നു.

“കർത്താവേ, എന്റെ പാദങ്ങൾ മാത്രമല്ല എന്റെ കൈകളും തലയുംകൂടെ കഴുകിയാലും,” പത്രോസ്‌ പ്രതിവചിക്കുന്നു.

യേശു മറുപടിയായി പറയുന്നു, “കുളിച്ചിരിക്കുന്നവന്‌ കാൽ അല്ലാതെ ഒന്നും കഴുകുവാൻ ആവശ്യമില്ല, അവൻ മുഴുവനും ശുദ്ധിയുളളവനാണ്‌. നിങ്ങൾ ശുദ്ധിയുളളവർ ആകുന്നു, എന്നാൽ എല്ലാവരും അല്ല.” യൂദാ ഈസ്‌കാരിയോത്ത്‌ തന്നെ ഒററിക്കൊടുക്കാൻ ആസൂത്രണം ചെയ്യുകയാണ്‌ എന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌ അവൻ ഇങ്ങനെ പറഞ്ഞത്‌.

തന്നെ ഒററിക്കൊടുക്കാനിരിക്കുന്ന യൂദായുടേത്‌ ഉൾപ്പെടെ പന്ത്രണ്ടു പേരുടെയും പാദങ്ങൾ കഴുകിയശേഷം യേശു തന്റെ പുറംകുപ്പായം ധരിച്ച്‌ വീണ്ടും മേശക്കൽ ചാരിക്കിടക്കുന്നു. എന്നിട്ട്‌ അവൻ ചോദിക്കുന്നു: “ഞാൻ നിങ്ങളോട്‌ എന്താണ്‌ ചെയ്‌തത്‌ എന്ന്‌ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടോ? നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്‌’ എന്നും വിളിക്കുന്നു. അത്‌ ശരിയുമാണ്‌, എന്തുകൊണ്ടെന്നാൽ ഞാൻ അങ്ങനെയാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങൾ പരസ്‌പരം പാദങ്ങൾ കഴുകാൻ കടപ്പെട്ടിരിക്കുന്നു. ഞാൻ ചെയ്‌തതുപോലെ തന്നെ നിങ്ങളും ചെയ്യേണ്ടതിന്‌ ഞാൻ നിങ്ങൾക്ക്‌ ഒരു മാതൃക വച്ചിരിക്കുന്നു. ഒരു അടിമ യജമാനനെക്കാൾ വലിയവനല്ല, അയക്കപ്പെടുന്നവൻ അയക്കുന്നവനേക്കാളും വലിയവനല്ല എന്ന്‌ ഏററവും സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു. നിങ്ങൾ ഈ കാര്യങ്ങൾ അറിയുന്നുവെങ്കിൽ അങ്ങനെ ചെയ്‌താൽ സന്തുഷ്ടരായിരിക്കും.”

എളിയ സേവനത്തിന്റെ എത്ര സുന്ദരമായ ഒരു പാഠം! തങ്ങൾ വളരെ പ്രധാനപ്പെട്ടവരായിരിക്കുകയാൽ എല്ലാവരും തങ്ങളെ സേവിക്കണമെന്ന്‌ വിചാരിച്ചുകൊണ്ട്‌ അപ്പൊസ്‌തലൻമാർ ഒന്നാം സ്ഥാനം അന്വേഷിക്കരുത്‌. അവർ യേശു വച്ച മാതൃക പിൻപറേറണ്ടതുണ്ട്‌. ഇത്‌ ആചാരപരമായ പാദം കഴുകലിന്റെ ഒരു സംഗതിയല്ല. അല്ല, മറിച്ച്‌ സേവനം എത്രതന്നെ താണതോ അസുഖകരമോ ആയിരുന്നാലും പക്ഷാഭേദം കൂടാതെ എല്ലാവർക്കും വേണ്ടി അത്‌ ചെയ്യാനുളള മനസ്സൊരുക്കമാണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. മത്തായി 26:20, 21; മർക്കോസ്‌ 14:17, 18; ലൂക്കോസ്‌ 22:14-18; 7:44; യോഹന്നാൻ 13:1-17.

▪ പെസഹ ആഘേഷിക്കുന്നതിനുവേണ്ടി യെരൂശലേമിൽ പ്രവേശിക്കുമ്പോൾ യേശു ആ നഗരത്തെ വീക്ഷിക്കുന്നതിൽ എന്ത്‌ പ്രത്യേകതയാണുളളത്‌?

▪ പെസഹാ ഭക്ഷണവേളയിൽ അനുഗ്രഹത്തിനായി അപേക്ഷിച്ചശേഷം പ്രത്യക്ഷത്തിൽ എത്രാമത്തെ പാനപാത്രമാണ്‌ യേശു തന്റെ 12 അപ്പൊസ്‌തലൻമാർക്ക്‌ കൈമാറിക്കൊടുക്കുന്നത്‌?

▪ യേശു ഭൂമിയിലായിരുന്നപ്പോൾ അതിഥികൾക്ക്‌ എന്തു വ്യക്തിപരമായ സേവനം ചെയ്യുന്ന ആചാരമാണ്‌ നിലവിലുണ്ടായിരുന്നത്‌, യേശുവും അപ്പൊസ്‌തലൻമാരും പെസഹ ആഘോഷിച്ചപ്പോൾ അത്‌ ചെയ്യപ്പെടാഞ്ഞത്‌ എന്തുകൊണ്ട്‌?

▪ തന്റെ അപ്പൊസ്‌തലൻമാരുടെ പാദങ്ങൾ കഴുകുന്ന എളിയജോലി ചെയ്‌തതിലെ യേശുവിന്റെ ഉദ്ദേശ്യമെന്തായിരുന്നു?