വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏഴാം ദിവസത്തെ കൂടുതലായ പഠിപ്പിക്കൽ

ഏഴാം ദിവസത്തെ കൂടുതലായ പഠിപ്പിക്കൽ

അധ്യായം 68

ഏഴാം ദിവസത്തെ കൂടുതലായ പഠിപ്പിക്കൽ

ഇതിപ്പോൾ കൂടാരപ്പെരുന്നാളിന്റെ ഏഴാമത്തേതും അവസാനത്തേതുമായ ദിവസമാണ്‌. യേശു ആലയത്തിൽ “ഭണ്ഡാരസ്ഥലം” എന്നറിയപ്പെടുന്ന ഭാഗത്തു പഠിപ്പിക്കുകയാണ്‌. ഇതു പ്രത്യക്ഷത്തിൽ സ്‌ത്രീകളുടെ പ്രാകാരം എന്നറിയപ്പെടുന്ന സ്ഥലമാണ്‌, അവിടെയാണ്‌ ആളുകൾക്ക്‌ സംഭാവനയിടാനുളള പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത്‌. പെരുന്നാളിന്റെ എല്ലാ രാത്രികളിലും ആലയത്തിന്റെ ഈ ഭാഗത്ത്‌ ഒരു പ്രത്യേക ദീപാലങ്കാരം ഒരുക്കാറുണ്ട്‌. ഇവിടെ ഭീമാകാരമായ നാല്‌ വിളക്കുതണ്ടുകൾ സ്ഥാപിച്ചിട്ടുണ്ട്‌, ഓരോന്നിലും എണ്ണ നിറച്ച നാലു വലിയ പാത്രങ്ങൾ ഉണ്ട്‌. ഈ പതിനാറുപാത്രങ്ങളിൽ കത്തുന്ന തിരികളിൽ നിന്നുളള വെളിച്ചം രാത്രിയിൽ ആ ചുററുപാടുകളെ ബഹുദൂരം പ്രകാശമാനമാക്കാൻ പര്യാപ്‌തമാണ്‌. ഇപ്പോൾ യേശു പറയുന്നത്‌ അവന്റെ കേൾവിക്കാരെ ആ ദീപാലങ്കാരത്തെപ്പററി അനുസ്‌മരിപ്പിച്ചേക്കാം. “ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു,” യേശു പ്രഖ്യാപിക്കുന്നു. “എന്നെ അനുഗമിക്കുന്നവൻ യാതൊരു കാരണവശാലും അന്ധകാരത്തിൽ നടക്കുന്നില്ല, മറിച്ച്‌ അവന്‌ ജീവന്റെ വെളിച്ചം ഉണ്ടായിരിക്കും.”

“പരീശൻമാർ അവനോട്‌ എതിർക്കുന്നു: “നീ നിന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല.”

മറുപടിയായി യേശു പറയുന്നു: “ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാകുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ എവിടെനിന്ന്‌ വന്നു എന്നും എവിടേക്ക്‌ പോകുന്നു എന്നും എനിക്കറിയാം. എന്നാൽ ഞാൻ എവിടെ നിന്ന്‌ വന്നു എന്നും എവിടേക്ക്‌ പോകുന്നു എന്നും നിങ്ങൾ അറിയുന്നില്ല.” അവൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം വഹിക്കുന്നു, എന്നെ അയച്ച പിതാവും എന്നെക്കുറിച്ച്‌ സാക്ഷ്യം വഹിക്കുന്നു.”

“നിന്റെ പിതാവ്‌ എവിടെയാണ്‌?” പരീശൻമാർക്ക്‌ അറിയണം.

“നിങ്ങൾ എന്നെയും എന്റെ പിതാവിനെയും അറിയുന്നില്ല,” യേശു മറുപടി പറയുന്നു. “നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” യേശുവിനെ പിടികൂടാൻ പരീശൻമാർ അപ്പോഴും ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരും അവനെ തൊടുന്നില്ല.

“ഞാൻ പോവുകയാണ്‌,” യേശു വീണ്ടും പറയുന്നു.

“ഞാൻ പോകുന്നിടത്തേക്ക്‌ നിങ്ങൾക്ക്‌ വരാൻ കഴിയുകയില്ല.”

അതിങ്കൽ, “അവൻ തന്നെത്തന്നെ കൊല്ലുമോ”? എന്ന്‌ യഹൂദൻമാർ സംശയിച്ചു തുടങ്ങുന്നു. “എന്തുകൊണ്ടെന്നാൽ ‘ഞാൻ പോകുന്നിടത്തേക്ക്‌ നിങ്ങൾക്ക്‌ വരാൻ കഴിയുകയില്ല’ എന്ന്‌ അവൻ പറയുന്നു.”

“നിങ്ങൾ താഴെയുളള മണ്ഡലത്തിൽ നിന്നുളളവരാണ്‌,” യേശു വിശദീകരിക്കുന്നു. “ഞാനോ മീതെയുളള മണ്ഡലത്തിൽനിന്നുളളവനാണ്‌. നിങ്ങൾ ഈ ലോകത്തിൽ നിന്നുളളവരാണ്‌; ഞാനോ ഈ ലോകത്തിൽ നിന്നുളളവനല്ല.” തുടർന്ന്‌ അവൻ കൂട്ടിച്ചേർക്കുന്നു: “ഞാൻ തന്നെ അവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.”

നിശ്ചയമായും യേശു മനുഷ്യനാകുന്നതിനുമുമ്പുളള തന്റെ ആസ്‌തിക്യത്തെയും താൻ വാഗ്‌ദത്തം ചെയ്യപ്പെട്ട മശിഹ അല്ലെങ്കിൽ ക്രിസ്‌തു ആണ്‌ എന്നുളളതിനെയും പരാമർശിക്കുകയാണ്‌. എന്നിരുന്നാലും തികഞ്ഞ അവജ്ഞയോടെ അവൻ ചോദിക്കുന്നു: “നീ ആരാണ്‌?”

അവരുടെ നിരാകരണത്തെ അഭിമുഖീകരിച്ചുകൊണ്ട്‌ യേശു പറയുന്നു: “ഞാൻ നിങ്ങളോട്‌ സംസാരിക്കുന്നത്‌ തന്നെ എന്തിന്‌?” എന്നിരുന്നാലും അവൻ ഇപ്രകാരം തുടരുന്നു: “എന്നെ അയച്ചവൻ സത്യവാനാകുന്നു, അവനിൽ നിന്ന്‌ ഞാൻ കേട്ട കാര്യങ്ങൾതന്നെയാണ്‌ ഞാൻ ലോകത്തിൽ സംസാരിക്കുന്നത്‌.” യേശു തുടരുന്നു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പേൾ ഞാൻതന്നെ അവനെന്നും ഞാൻ സ്വന്തമായിട്ട്‌ ഒന്നും ചെയ്യാതെ എന്റെ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഈ കാര്യങ്ങൾ സംസാരിക്കുന്നുവെന്നും നിങ്ങൾ അറിയും. എന്നെ അയച്ചവൻ എന്നോടുകൂടെയുണ്ട്‌; അവൻ എന്നെ ഒററക്ക്‌ വിട്ടുകളഞ്ഞിട്ടില്ല, എന്തുകൊണ്ടെന്നാൽ ഞാൻ എല്ലായ്‌പ്പോഴും അവന്‌ പ്രസാദമുളളത്‌ ചെയ്യുന്നു.”

യേശു ഈ കാര്യങ്ങൾ പറയുമ്പോൾ അനേകർ അവനിൽ വിശ്വസിക്കുന്നു. അവരോട്‌ യേശു ഇപ്രകാരം പറയുന്നു: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യൻമാരാണ്‌, നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”

“ഞങ്ങൾ അബ്രഹാമിന്റെ സന്തതികളാണ്‌,” അവന്റെ എതിരാളികൾ ഇടക്കുകയറി പറയുന്നു, “ഞങ്ങൾ ഒരിക്കലും ആരും അടിമകളായിരുന്നിട്ടില്ല. ‘നിങ്ങൾ സ്വതന്ത്രരാകും’ എന്ന്‌ നീ പറയുന്നതെങ്ങനെയാണ്‌?”

യഹൂദൻമാർ പലപ്പോഴും വിദേശാധിപത്യത്തിൻകീഴിൽ ആയിരുന്നിട്ടുണ്ടെങ്കിലും അവർ അത്തരം മർദ്ദകൻമാരെ ആരെയും യജമാനൻമാരായി അംഗീകരിച്ചിട്ടില്ല. അടിമകളെന്ന്‌ വിളിക്കപ്പെടാൻ അവർ വിസമ്മതിക്കുന്നു. എന്നാൽ അവർ വാസ്‌തവത്തിൽ അടിമകളാണെന്ന്‌ യേശു ചൂണ്ടിക്കാണിക്കുന്നു. ഏതു വിധത്തിൽ? “പാപം ചെയ്യുന്ന ഏവനും പാപത്തിന്റെ അടിമയാകുന്നു എന്ന്‌ ഏററവും സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു” എന്ന്‌ യേശു പറയുന്നു.

പാപത്തോടുളള തങ്ങളുടെ അടിമത്വം അംഗീകരിക്കാൻ വിസമ്മതിക്കുന്നത്‌ യഹൂദൻമാരെ അപകടകരമായ ഒരു സ്ഥാനത്ത്‌ ആക്കിവയ്‌ക്കുന്നു. “ഒരു അടിമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല,” യേശു വിശദീകരിക്കുന്നു. “പുത്രൻ എക്കാലവും വസിക്കുന്നു.” ഒരു അടിമക്ക്‌ പൈതൃകാവകാശമൊന്നും ഇല്ലാത്തതിനാൽ അവൻ എപ്പോൾ വേണമെങ്കിലും പിരിച്ചയക്കപ്പെടാവുന്ന അവസ്ഥയിലാണ്‌. ഒരു കുടുംബത്തിൽ ജനിക്കുകയോ ആ കുടുംബത്തിലേക്ക്‌ ദത്തെടുക്കപ്പെടുകയോ ചെയ്യുന്ന പുത്രൻ മാത്രമേ “എക്കാലവും” അതായത്‌, അവൻ ജീവിച്ചിരിക്കുന്ന കാലമെല്ലാം, ഭവനത്തിൽ വസിക്കുന്നുളളു.

“അതുകൊണ്ട്‌ പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കുന്നുവെങ്കിൽ,” യേശു തുടരുന്നു, “നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരായിരിക്കും.” അപ്രകാരം ആളുകളെ സ്വതന്ത്രരാക്കുന്ന സത്യം പുത്രനായ യേശുക്രിസ്‌തുവിനെ സംബന്ധിച്ചുളള സത്യമാണ്‌. അവന്റെ പൂർണ്ണതയുളള മാനുഷജീവന്റെ ബലിയിലൂടെ മാത്രമേ ആർക്കെങ്കിലും മരണം കൈവരുത്തുന്ന പാപത്തിൽനിന്നും സ്വതന്ത്രരായിരിക്കാൻ കഴിയുകയുളളു. യോഹന്നാൻ 8:12-36.

▪ ഏഴാം ദിവസം യേശു എവിടെയാണ്‌ പഠിപ്പിക്കുന്നത്‌? രാത്രിയിൽ അവിടെ എന്തു സംഭവിക്കുന്നു, അത്‌ യേശുവിന്റെ പഠിപ്പിക്കലിനോട്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

▪ തന്റെ ഉത്ഭവത്തെപ്പററി യേശു എന്തുപറയുന്നു, അവൻ ആരാണെന്നുളളതു സംബന്ധിച്ച്‌ അത്‌ എന്ത്‌ വെളിപ്പെടുത്തേണ്ടതാണ്‌?

▪ യഹൂദൻമാർ അടിമകളായിരിക്കുന്നത്‌ ഏതുവിധത്തിലാണ്‌, എന്നാൽ ഏതു സത്യം അവരെ സ്വതന്ത്രരാക്കും?