വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏൽപ്പിച്ചു കൊടുക്കപ്പെടുന്നു, അവിടെ നിന്ന്‌ കൊണ്ടുപോകുന്നു

ഏൽപ്പിച്ചു കൊടുക്കപ്പെടുന്നു, അവിടെ നിന്ന്‌ കൊണ്ടുപോകുന്നു

അധ്യായം 124

ഏൽപ്പിച്ചു കൊടുക്കപ്പെടുന്നു, അവിടെ നിന്ന്‌ കൊണ്ടുപോകുന്നു

പീഡിതനായ യേശുവിന്റെ പ്രശാന്തമായ ഗാംഭീര്യത്തിൽ മതിപ്പു തോന്നിയ പീലാത്തൊസ്‌ അവനെ വിട്ടയക്കാൻ വീണ്ടും ശ്രമിക്കുമ്പോൾ മുഖ്യപുരോഹിതൻമാർ കൂടുതൽ കോപാക്രാന്തരായിത്തീരുന്നു. തങ്ങളുടെ ദുഷ്ട ഉദ്യമത്തെ യാതൊന്നും തടയരുത്‌ എന്ന്‌ അവർക്ക്‌ നിർബന്ധമുണ്ട്‌. അതുകൊണ്ട്‌ “അവനെ കഴുവേററുക! അവനെ കഴുവേററുക!” എന്ന്‌ അവർ വീണ്ടും ആർത്തു വിളിക്കുന്നു.

“നിങ്ങൾതന്നെ അവനെകൊണ്ടുപോയി കഴുവേററിക്കൊളളുവിൻ,” പീലാത്തൊസ്‌ പറയുന്നു. (യഹൂദൻമാരുടെ മുമ്പത്തെ അവകാശവാദത്തിന്‌ വിപരീതമായി വേണ്ടത്ര ഗൗരവമുളള മതപരമായ കുററങ്ങൾക്ക്‌ കുററവാളികളെ വധിക്കാൻ യഹൂദൻമാർക്ക്‌ അധികാരമുണ്ടായിരുന്നിരിക്കാം.) എന്നിട്ട്‌ “ഞാൻ അവനിൽ കുററമൊന്നും കാണുന്നില്ല” എന്ന്‌ പറഞ്ഞുകൊണ്ട്‌ പീലാത്തൊസ്‌ ഏററവും ചുരുങ്ങിയത്‌ അഞ്ചാം പ്രാവശ്യം യേശുവിന്റെ നിരപരാധിത്വം പ്രഖ്യാപിക്കുന്നു.

യഹൂദൻമാരുടെ രാഷ്‌ട്രീയമായ കുററാരോപണങ്ങൾ ഫലമുളവാക്കുന്നതിൽ പരാജയപ്പെടുന്നു എന്ന്‌ കണ്ടിട്ട്‌ ഏതാനും മണിക്കൂറുകൾക്കു മുൻപ്‌ സൻഹെദ്രീമിന്റെ മുമ്പാകെയുളള വിചാരണാവേളയിൽ അവർ കൊണ്ടുവന്ന മതപരമായ കുററാരോപണത്തിൽ ഇപ്പോൾ അവർ ആശ്രയിക്കുന്നു. “ഞങ്ങൾക്ക്‌ ഒരു നിയമമുണ്ട്‌,” അവർ പറയുന്നു, “ആ നിയമമനുസരിച്ച്‌ അവൻ മരിക്കണം, എന്തുകൊണ്ടന്നാൽ അവൻ തന്നെത്തന്നെ ദൈവത്തിന്റെ പുത്രനാക്കിയിരിക്കുന്നു.”

പീലാത്തൊസിനെ സംബന്ധിച്ചിടത്തോളം ഈ ആരോപണം പുതുമയുളളതാണ്‌, അത്‌ അയാളെ കൂടുതൽ ഭയപ്പെടുത്തുന്നു. യേശുവിന്റെ അസാധാരണമായ വ്യക്തിപ്രഭാവവും തന്റെ ഭാര്യയുടെ സ്വപ്‌നവും സൂചിപ്പിക്കുന്നതുപോലെ, യേശു ഒരു സാധാരണ മനുഷ്യനല്ലെന്ന്‌ ഇതിനോടകം പീലാത്തൊസ്‌ തിരിച്ചറിയുന്നു. എന്നാൽ “ദൈവത്തിന്റെ പുത്രനോ?” യേശു ഗലീലയിൽ നിന്നുളളവനാണെന്ന്‌ പീലാത്തൊസിനറിയാം. എന്നിരുന്നാലും അവന്‌ ഇതിന്‌ മുമ്പ്‌ ഒരു ജീവിതം ഉണ്ടായിരുന്നിരിക്കുക സാദ്ധ്യമാണോ? വീണ്ടും അവനെ കൊട്ടാരത്തിനുളളിലേക്ക്‌ കൊണ്ടുപോയിട്ട്‌ പീലാത്തൊസ്‌ ചോദിക്കുന്നു: “നീ എവിടെ നിന്നുളളവനാണ്‌?”

യേശു മറുപടി ഒന്നും പറയുന്നില്ല. താൻ ഒരു രാജാവാണെന്നും എന്നാൽ തന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എന്നും യേശു നേരത്തെ പീലാത്തൊസിനോട്‌ പറഞ്ഞിരുന്നു. കൂടുതലായ വിശദീകരണം ഇപ്പോൾ യാതൊരു പ്രയോജനവും ചെയ്യുകയില്ല. എന്നിരുന്നാലും ഉത്തരം പറയാനുളള വിസമ്മതത്താൽ പീലാത്തൊസിന്റെ അഭിമാനം ക്ഷതപ്പെടുന്നു, അയാൾ യേശുവിന്റെ നേരെ ആക്രോശിക്കുന്നു: “നീ എന്നോട്‌ സംസാരിക്കുന്നില്ലേ? നിന്നെ വിട്ടയക്കുന്നതിനും നിന്നെ കഴുവേററുന്നതിനുമുളള അധികാരം എനിക്കുണ്ടെന്ന്‌ നിനക്ക്‌ അറിഞ്ഞുകൂടായോ?”

“ഉയരത്തിൽ നിന്ന്‌ ലഭിച്ചതല്ലാതെ നിനക്ക്‌ എന്റെമേൽ യാതൊരു അധികാരവുമില്ല,” യേശു ആദരപൂർവ്വം മറുപടികൊടുക്കുന്നു. ഭൗമിക ഭരണം നിർവ്വഹിക്കുന്നതിന്‌ ദൈവത്താൽ മാനുഷ ഭരണാധിപൻമാർക്ക്‌ അധികാരം നൽകപ്പെടുന്നതിനെയാണ്‌ അവൻ പരാമർശിക്കുന്നത്‌. “അതുകൊണ്ടാണ്‌ എന്നെ നിന്റെ കൈയ്യിൽ ഏൽപ്പിച്ചു തന്ന മനുഷ്യന്‌ കൂടുതൽ പാപമുളളത്‌,” യേശു കൂട്ടിച്ചേർക്കുന്നു. വാസ്‌തവത്തിൽ മഹാപുരോഹിതനായ കയ്യഫാവും അയാളുടെ കൂട്ടാളികളും യൂദാ ഈസ്‌കാരിയോത്തും എല്ലാം യേശുവിനോടുളള നീതികെട്ട പെരുമാററത്തിന്‌ പീലാത്തൊസിനെക്കാൾ കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്നു.

യേശുവിനോടു തോന്നിയ കൂടുതലായ മതിപ്പും അവന്‌ ഒരു ദിവ്യഉത്ഭവം ഉണ്ടോ എന്ന ഭയവും നിമിത്തം യേശുവിനെ വിട്ടയക്കാനുളള ശ്രമം അയാൾ പുനരാരംഭിക്കുന്നു. എന്നാൽ യഹൂദൻമാർ അയാളെ പരാജയപ്പെടുത്തുന്നു. കൗശലപൂർവ്വം ഭീഷണി മുഴക്കിക്കൊണ്ട്‌ അവർ അവരുടെ രാഷ്‌ട്രീയ കുററാരോപണം ആവർത്തിക്കുന്നു: “നീ ഈ മനുഷ്യനെ വിട്ടയച്ചാൽ നീ കൈസറുടെ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏതൊരുവനും കൈസർക്ക്‌ എതിരാണ്‌.”

ഈ ഭീകര ഭീഷണിയുണ്ടായിട്ടും പീലാത്തൊസ്‌ യേശുവിനെ ഒരിക്കൽകൂടെ പുറത്തു കൊണ്ടുവന്നിട്ട്‌ അവരുടെ സഹാനുഭൂതി ഉണർത്താൻ വീണ്ടും ശ്രമിക്കുന്നു: “കണ്ടാലും! നിങ്ങളുടെ രാജാവിതാ!”

“അവനെ കൊണ്ടുപോകൂ! അവനെ കൊണ്ടുപോകൂ! അവനെ കഴുവേററുക!”

“ഞാൻ നിങ്ങളുടെ രാജാവിനെ കഴുവേററണമോ?” നിരാശയോടെ പീലാത്തൊസ്‌ ചോദിക്കുന്നു.

റോമൻ ഭരണത്തിൻകീഴിൽ യഹൂദൻമാർ അങ്ങേയററം അതൃപ്‌തരാണ്‌. വാസ്‌തവത്തിൽ റോമാക്കാരുടെ മേൽകോയ്‌മ അവർക്ക്‌ നിന്ദ്യമാണ്‌! എന്നിട്ടും കപടഭക്തിയോടെ മുഖ്യ പുരോഹിതൻമാർ വിളിച്ചു പറയുന്നു: “കൈസറല്ലാതെ ഞങ്ങൾക്ക്‌ വേറെ രാജാവില്ല.”

തന്റെ രാഷ്‌ട്രീയ സ്ഥാനവും സൽപേരും നഷ്ടമാകുമോ എന്ന്‌ ഭയന്നിട്ട്‌ അവസാനം പീലാത്തൊസ്‌ യഹൂദൻമാരുടെ രൂക്ഷമായ സമ്മർദ്ദത്തിന്‌ വഴങ്ങുന്നു. അയാൾ യേശുവിനെ അവർക്ക്‌ ഏൽപ്പിച്ചുകൊടുക്കുന്നു. പടയാളികൾ യേശുവിന്റെ ധൂമ്രവസ്‌ത്രം നീക്കി അവനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിക്കുന്നു. കഴുവേററുന്നതിനായി യേശുവിനെ കൊണ്ടുപോകുമ്പോൾ അവർ അവനെക്കൊണ്ട്‌ സ്വന്തം ദണ്ഡനസ്‌തംഭം ചുമപ്പിക്കുന്നു.

ഇപ്പോൾ നീസാൻ 14-ാം തീയതി വെളളിയാഴ്‌ച പ്രഭാതം കഴിഞ്ഞ്‌ ഒരുപക്ഷേ മദ്ധ്യാഹ്നമാകാറായിരിക്കുന്നു. വ്യാഴാഴ്‌ച രാവിലെ മുതൽ യേശുവിന്‌ വിശ്രമം ലഭിച്ചിട്ടില്ല, അവൻ ഒന്നിനു പുറകേ ഒന്നായി കഠോരമായ അനുഭവങ്ങൾ സഹിച്ചിരിക്കുന്നു. അവൻ ദണ്ഡനസ്‌തംഭത്തിന്റെ ഭാരം മൂലം തളർന്ന്‌ വീഴുന്നത്‌ മനസ്സിലാക്കാവുന്നതേയുളളു. അതുകൊണ്ട്‌ ഒരു വഴിപോക്കനായ, ആഫ്രിക്കയിലെ കുറേനയിൽ നിന്നുളള ശീമോൻ യേശുവിനുവേണ്ടി സ്‌തംഭം ചുമക്കാൻ നിർബ്ബന്ധിക്കപ്പെടുന്നു. അവർ പോകുമ്പോൾ യേശുവിനെ ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ട്‌ സ്‌ത്രീകൾ ഉൾപ്പെടെ അനേകർ അവന്റെ പിന്നാലെ പോകുന്നു.

സ്‌ത്രീകളുടെ നേരെ തിരിഞ്ഞ്‌ യേശു പറയുന്നു: “യെരൂശലേം പുത്രിമാരെ, എന്നെ ഓർത്ത്‌ വിലപിക്കുന്നത്‌ മതിയാക്കുവിൻ. മറിച്ച്‌, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു വിലപിക്കുവിൻ; എന്തുകൊണ്ടെന്നാൽ, നോക്കൂ! ‘മച്ചികളും പ്രസവിക്കാത്ത ഗർഭാശയങ്ങളും പാലൂട്ടാത്ത സ്‌തനങ്ങളും ഉളളവർ സന്തുഷ്ടർ ആകുന്നു’ എന്ന്‌ ആളുകൾ പറയുന്ന നാളുകൾ വരുന്നു! . . . എന്തുകൊണ്ടെന്നാൽ മരം പച്ചയായിരിക്കുമ്പോൾ അവർ ഈ കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ അത്‌ ഉണങ്ങിക്കഴിയുമ്പോൾ എന്തു സംഭവിക്കും?”

യേശു ഇവിടെ പരാമർശിക്കുന്നത്‌ യഹൂദജനതയാകുന്ന മരത്തെയാണ്‌. യേശുവിന്റെയും അവനിൽ വിശ്വാസമർപ്പിക്കുന്ന ഒരു ശേഷിപ്പിന്റെയും സാന്നിദ്ധ്യം നിമിത്തം അതിൽ ഇപ്പോഴും അൽപ്പമായിട്ടെങ്കിലും ജീവന്റെ പച്ചപ്പ്‌ നിലനിൽക്കുന്നുണ്ട്‌. ആ ജനതയിൽ നിന്ന്‌ ഇവർ നീക്കം ചെയ്യപ്പെട്ടു കഴിയുമ്പോൾ ആത്മീയമായി മരിച്ച ഒരു മരമായിരിക്കും ശേഷിക്കുക, അതെ, ഉണങ്ങിപ്പോയ ഒരു ദേശീയ സ്ഥാപനം. ദൈവത്തിന്റെ വിധിനിർവ്വാഹകരെന്ന നിലയിൽ റോമൻ സൈന്യങ്ങൾ യഹൂദജനതയെ നശിപ്പിക്കുമ്പോൾ, ഓ അന്ന്‌ വിലപിക്കാൻ യഥാർത്ഥത്തിൽ കാരണം ഉണ്ടായിരിക്കും! യോഹന്നാൻ 19:6-17; 18:31; ലൂക്കോസ്‌ 23:24-31; മത്തായി 27:31, 32; മർക്കോസ്‌ 15:20, 21.

▪ രാഷ്‌ട്രീയ ആരോപണങ്ങൾ ഫലം ഉളവാക്കുന്നതിൽ പരാജയപ്പെടുന്നു എന്ന്‌ കാണുമ്പോൾ യേശുവിനെതിരെ മതനേതാക്കൻമാർ എന്തു ആരോപണമാണ്‌ കൊണ്ടുവരുന്നത്‌?

▪ പീലാത്തൊസിന്‌ കൂടുതലായി ഭയം തോന്നുന്നത്‌ എന്തുകൊണ്ടാണ്‌?

▪ യേശുവിന്‌ സംഭവിക്കുന്ന കാര്യങ്ങളിൽ കൂടുതൽ പാപം വഹിക്കുന്നത്‌ ആരാണ്‌?

▪ അവസാനം പീലാത്തൊസ്‌ യേശുവിനെ മരണശിക്ഷക്ക്‌ ഏൽപ്പിച്ചു കൊടുക്കാൻ പുരോഹിതൻമാർ ഇടയാക്കുന്നത്‌ എങ്ങനെയാണ്‌?

▪ യേശുവിനെക്കുറിച്ച്‌ വിലപിക്കുന്ന സ്‌ത്രീകളോട്‌ യേശു എന്തു പറയുന്നു? മരം “പച്ച”യായിരിക്കുന്നതായും പിന്നീട്‌ “ഉണങ്ങിപ്പോകു”ന്നതായും പറഞ്ഞതിനാൽ യേശു എന്താണ്‌ അർത്ഥമാക്കുന്നത്‌?