വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരുങ്ങിയിരിക്കുക!

ഒരുങ്ങിയിരിക്കുക!

അധ്യായം 78

ഒരുങ്ങിയിരിക്കുക!

അത്യാഗ്രഹത്തിനെതിരെ ജനക്കൂട്ടത്തിന്‌ മുന്നറിയിപ്പ്‌ നൽകുകയും ഭൗതിക കാര്യങ്ങൾക്ക്‌ അമിത ശ്രദ്ധകൊടുക്കുന്നതിനെതിരെ സൂക്ഷിക്കാൻ തന്റെ ശിഷ്യൻമാരോട്‌ ആവശ്യപ്പെടുകയും ചെയ്‌തശേഷം യേശു ഇപ്രകാരം പ്രോൽസാഹിപ്പിക്കുന്നു: “ചെറിയ ആട്ടിൻകൂട്ടമെ, ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക്‌ രാജ്യം തരുന്നതിനെ പിതാവ്‌ അംഗീകരിച്ചിരിക്കുന്നു.” അപ്രകാരം താരതമ്യേന ഒരു ചെറിയ സംഘം (പിന്നീട്‌ അത്‌ 1,44,000 എന്ന്‌ തിരിച്ചറിയിക്കപ്പെടുന്നു) മാത്രമേ സ്വർഗ്ഗരാജ്യത്തിൽ ഉണ്ടായിരിക്കുകയുളളു എന്ന്‌ അവൻ വെളിപ്പെടുത്തുന്നു. നിത്യജീവൻ ലഭിക്കുന്നവരിൽ ഭൂരിഭാഗവും രാജ്യത്തിന്റെ ഭൗമിക പ്രജകളായിരിക്കും.

“രാജ്യം,” അത്‌ എത്ര അത്ഭുതകരമായ ഒരു ദാനമാണ്‌! അത്‌ സ്വീകരിക്കുമ്പോൾ ശിഷ്യൻമാർക്കുണ്ടായിരിക്കേണ്ട ഉചിതമായ പ്രതികരണം സംബന്ധിച്ച്‌ യേശു അവരെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളുടെ വസ്‌തുവകകൾ വിററ്‌ ദാനം ചെയ്യുവിൻ.” അതെ, അവർ തങ്ങളുടെ ആസ്‌തികൾ മററുളളവരുടെ ആത്മീയ പ്രയോജനത്തിനുവേണ്ടി ഉപയോഗിക്കുകയും അപ്രകാരം “സ്വർഗ്ഗത്തിൽ നശിച്ചുപോകാത്ത നിക്ഷേപം” സംഭരിക്കുകയും ചെയ്യുന്നു.

തുടർന്ന്‌ യേശു തന്റെ പുനരാഗമനത്തിനുവേണ്ടി ഒരുങ്ങിയിരിക്കാൻ തന്റെ ശിഷ്യൻമാരെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളുടെ അരകെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിനുപോയി വന്നു മുട്ടിയാലുടനെ വാതിൽ തുറന്നു കൊടുക്കേണ്ടതിന്‌ അവൻ എപ്പോൾ മടങ്ങിവരും എന്ന്‌ കാത്തു നിൽക്കുന്ന ആളുകളോട്‌ നിങ്ങൾ സദൃശരായിരിക്കുവിൻ. യജമാനൻ വരുമ്പോൾ അങ്ങനെ കാത്തിരിക്കുന്നതായി കണ്ടെത്തപ്പെടുന്ന അടിമകൾ സന്തുഷ്ടരാകുന്നു! അവൻ അരകെട്ടി അവരെ മേശക്കൽ ചാരിക്കിടക്കുമാറാക്കുകയും വന്ന്‌ അവർക്ക്‌ ശുശ്രൂഷ ചെയ്യുകയും ചെയ്യുമെന്ന്‌ സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു.”

ഈ ദൃഷ്ടാന്തത്തിൽ തങ്ങളുടെ നീണ്ട കുപ്പായങ്ങൾ അരപ്പട്ടക്ക്‌ കീഴിലായി എടുത്തു കുത്തിയിരിക്കുന്നതിനാലും നന്നായി എണ്ണ നിറച്ച വിളക്കുകളുടെ വെളിച്ചത്തിൽ രാത്രിയിലും തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ തുടർന്നിരുന്നതിനാലും തങ്ങളുടെ യജമാനന്റെ വരവിനുവേണ്ടിയുളള ഈ ദാസൻമാരുടെ ഒരുക്കം പ്രകടമാക്കപ്പെട്ടിരിക്കുന്നു. യേശു ഇപ്രകാരം വിശദീകരിക്കുന്നു: ‘യജമാനൻ രാത്രിയുടെ രണ്ടാം യാമത്തിലോ [രാത്രി ഒൻപതു മുതൽ പാതിരാവരെ] മൂന്നാം യാമത്തിലോ [പാതിരാ മുതൽ വെളുപ്പിന്‌ മൂന്നുമണിവരെ] വന്ന്‌ അവരെ ഒരുക്കമുളളവരായി കണ്ടെത്തുന്നുവെങ്കിൽ അവർ സന്തുഷ്ടരാകുന്നു!’

യജമാനൻ അസാധാരണമായ ഒരു വിധത്തിൽ അവർക്ക്‌ സമ്മാനം കൊടുക്കുന്നു. അവരെ മേശയ്‌ക്കൽ ചാരിക്കിടത്തി അവൻ അവർക്ക്‌ ശുശ്രൂഷ ചെയ്‌തു തുടങ്ങുന്നു. അടിമകളോട്‌ എന്നവണ്ണമല്ല വിശ്വസ്‌തരായ സുഹൃത്തുക്കളോട്‌ എന്നവണ്ണമാണ്‌ അവൻ അവരോട്‌ ഇടപെടുന്നത്‌. യജമാനന്റെ മടങ്ങി വരവിനുവേണ്ടി കാത്തിരിക്കയിൽ രാത്രി മുഴുവൻ ജോലി ചെയ്‌തുകൊണ്ടിരിക്കുന്നതിന്‌ എത്ര നല്ല പ്രതിഫലം! യേശു ഇപ്രകാരം ഉപസംഹരിക്കുന്നു: “നിങ്ങളും ഒരുങ്ങിയിരിപ്പിൻ, എന്തുകൊണ്ടെന്നാൽ നിങ്ങൾ നിനച്ചിരിക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നു.”

അപ്പോൾ പത്രോസ്‌ ചോദിക്കുന്നു: “കർത്താവെ, നീ ഈ ഉപമ പറയുന്നത്‌ ഞങ്ങളോടൊ അതോ എല്ലാവരോടുംകൂടെയോ?”

നേരിട്ട്‌ മറുപടി പറയുന്നതിനുപകരം യേശു മറെറാരു ഉപമ പറയുന്നു, “തക്കസമയത്ത്‌ വീട്ടിലുളള വേലക്കാർക്ക്‌ അവരുടെ ആഹാര വിഹിതം നൽകേണ്ടതിന്‌ യജമാനൻ അവരുടെമേൽ ആക്കിവയ്‌ക്കുന്ന വിശ്വസ്‌തനായ ഗൃഹവിചാരകൻ വാസ്‌തവത്തിൽ ആരാണ്‌? യജമാനൻ വന്നെത്തുമ്പോൾ അങ്ങനെ ചെയ്‌തുകൊണ്ടിരിക്കുന്നതായി കണ്ടെത്തുന്നുവെങ്കിൽ ആ അടിമ സന്തുഷ്ടനാകുന്നു! അവൻ അവനെ തന്റെ സകലസ്വത്തുക്കളുടെയും മീതെ നിയമിക്കുമെന്ന്‌ സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു.”

ആ യജമാനൻ പ്രകടമായും യേശുക്രിസ്‌തുവാണ്‌. “ഗൃഹവിചാരകൻ” ശിഷ്യൻമാരുടെ ചെറിയ ആട്ടിൻകൂട്ടത്തെ ഒരു സംഘമെന്ന നിലയിൽ ചിത്രീകരിക്കുന്നു, “വീട്ടുവേലക്കാരൻ” സ്വർഗ്ഗരാജ്യം ലഭിക്കുന്ന 1,44,000 പേരടങ്ങുന്ന ഈ സംഘത്തെത്തന്നെ പരാമർശിക്കുന്നു, എന്നാൽ ആ പദപ്രയോഗം വ്യക്തികളെന്ന നിലയിലുളള അവരുടെ വേലയെ വിശേഷവൽക്കരിക്കുന്നു. വിശ്വസ്‌തനായ ഗൃഹവിചാരകന്‌ ഏൽപ്പിച്ചുകൊടുക്കപ്പെടുന്ന വസ്‌തുക്കൾ യജമാനന്റെ ഭൂമിയിലെ രാജകീയ താൽപ്പര്യങ്ങളാണ്‌. അതിൽ രാജ്യത്തിന്റെ ഭൗമിക പ്രജകളും ഉൾപ്പെടുന്നു.

ഉപമ തുടരവേ, ഗൃഹവിചാരകവർഗ്ഗത്തിലെ അഥവാ അടിമവർഗ്ഗത്തിലെ എല്ലാ അംഗങ്ങളും വിശ്വസ്‌തരായിരിക്കാതിരിക്കാനുളള സാദ്ധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട്‌ യേശു വിശദീകരിക്കുന്നു: “‘യജമാനൻ വരാൻ വൈകുന്നു’ എന്ന്‌ ആ അടിമ ഹൃദയത്തിൽ പറയുകയും ദാസൻമാരെയും ദാസിമാരെയും അടിക്കാൻ തുടങ്ങുകയും തിന്നുകുടിച്ചു മത്തനാവുകയും ചെയ്യുന്നുവെങ്കിൽ അവൻ പ്രതീക്ഷിക്കാത്ത ദിവസം ആ അടിമയുടെ യജമാനൻ വരികയും . . . അവനെ കഠിനമായി ശിക്ഷിക്കുകയും ചെയ്യും.”

ചിലർ തന്റെ ഉപദേശങ്ങൾ സ്വീകരിക്കുകയും മററുളളവർ അവ നിരസിക്കുകയും ചെയ്‌തതിനാൽ തന്റെ വരവ്‌ യഹൂദൻമാരെ സംബന്ധിച്ചിടത്തോളം ഒരു അഗ്നി പരിശോധനയുടെ സമയം കൈവരുത്തിയിരിക്കുന്നു എന്ന്‌ യേശു കുറിക്കൊളളുന്നു. താൻ ജലസ്‌നാപനം ഏററിട്ട്‌ മൂന്നുവർഷത്തിലേറെയായിരിക്കുന്നു, എന്നാൽ മരണത്തിലേക്കുളള സ്‌നാപനം ഇപ്പോൾ എന്നത്തേതിലും ഒരു സമാപനത്തിലേക്ക്‌ അടുത്തു വന്നുകൊണ്ടിരിക്കുകയാണ്‌. “അത്‌ കഴിയുന്നതുവരെ ഞാൻ ഞരങ്ങുകയാണ്‌!” എന്ന്‌ യേശു പറയുന്നു.

ശിഷ്യൻമാരോട്‌ ഈ വാക്കുകൾ പറഞ്ഞശേഷം യേശു വീണ്ടും ജനക്കൂട്ടത്തോട്‌ സംസാരിക്കുന്നു. താൻ ആരെന്നും അതിന്റെ പ്രാധാന്യവും സംബന്ധിച്ച തെളിവുകൾ സ്വീകരിക്കാൻ അവർ ശാഠ്യപൂർവ്വം വിസമ്മതിക്കുന്നതിൽ യേശു ദുഃഖം പ്രകടമാക്കുന്നു. “പടിഞ്ഞാറ്‌ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ഉടനെ ‘ഒരു കൊടുങ്കാററ്‌ വരുന്നു’ എന്ന്‌ നിങ്ങൾ പറയുന്നു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻകാററ്‌ വീശുന്നതു കാണുമ്പോൾ ‘അത്യുഷ്‌ണം ഉണ്ടാകും’ എന്ന്‌ നിങ്ങൾ പറയുന്നു, അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. കപടഭക്തിക്കരെ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്കറിയാം, എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ നിങ്ങൾക്ക്‌ അറിഞ്ഞുകൂടാത്തത്‌ എന്ത്‌?” ലൂക്കോസ്‌ 12:32-59.

▪ “ചെറിയ ആട്ടിൻകൂട്ടത്തിൽ” എത്രപേരുണ്ട്‌, അവർക്ക്‌ എന്തു ലഭിക്കുന്നു?

▪ തന്റെ ദാസൻമാർ ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യത്തെ യേശു എപ്രകാരമാണ്‌ ഊന്നിപ്പറയുന്നത്‌?

▪ യേശുവിന്റെ ഉപമയിലെ “യജമാനൻ,” “ഗൃഹവിചാരകൻ,” “വീട്ടുവേലക്കാരൻ,” “സ്വത്തുക്കൾ” ഇവ ആരാണ്‌?