ഒരു അയൽക്കാരനായ ശമര്യാക്കാരൻ
അധ്യായം 73
ഒരു അയൽക്കാരനായ ശമര്യാക്കാരൻ
യേശു ഒരുപക്ഷേ യെരൂശലേമിൽനിന്ന് മൂന്നു കിലോമീററർ അകലെയുളള ബെഥനി എന്ന ഗ്രാമത്തിന് സമീപമാണ്. മോശെയുടെ ന്യായപ്രമാണനിയമത്തിൽ വിദഗ്‌ദ്‌ധനായ ഒരു മനുഷ്യൻ ഒരു ചോദ്യവുമായി അവനെ സമീപിക്കുന്നു: “ഗുരോ, നിത്യജീവന് അവകാശിയായിത്തീരുവാൻ ഞാൻ എന്തു ചെയ്യണം?”
നിയമജ്ഞനായ ആ മനുഷ്യൻ ഈ ചോദ്യം ചോദിക്കുന്നത് കാര്യം അറിയാൻ മാത്രമല്ല എന്നും മറിച്ച് തന്നെ പരീക്ഷിക്കാൻ ആഗ്രഹിച്ചുകൊണ്ടാണെന്നും യേശു തിരിച്ചറിയുന്നു. യഹൂദൻമാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു വിധത്തിൽ യേശുവിനെക്കൊണ്ട് ഉത്തരം പറയിക്കുക എന്നതായിരുന്നിരിക്കണം ആ നിയമജ്ഞന്റെ ഉദ്ദേശ്യം. “ന്യായപ്രമാണത്തിൽ എന്താണ് എഴുതപ്പെട്ടിരിക്കുന്നത്? നീ എന്തു വായിക്കുന്നു?” എന്നു ചോദിച്ചുകൊണ്ട് അയാളെക്കൊണ്ടു തന്നെ യേശു അതിന് ഉത്തരം പറയിക്കുന്നു.
മറുപടിയായി ആ നിയമജ്ഞൻ അസാധാരണമായ ഉൾക്കാഴ്‌ച പ്രകടമാക്കിക്കൊണ്ട് ആവർത്തനം 6:5-ലേയും ലേവ്യാപുസ്‌തകം 19:18-ലെയും ദൈവത്തിന്റെ നിയമങ്ങൾ ഉദ്ധരിക്കുന്നു: “‘നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടെയും മുഴുദേഹിയോടെയും മുഴു ശക്തിയോടെയും മുഴുമനസ്സോടെയും സ്‌നേഹിക്കണം,’ ‘നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കേണം.’”
“നീ ശരിയായി ഉത്തരം പറഞ്ഞിരിക്കുന്നു,” യേശു പ്രതിവചിക്കുന്നു. “അങ്ങനെ ചെയ്യുന്നതിൽ തുടരുക, നിനക്ക് ജീവൻ ലഭിക്കും.”
എന്നാൽ നിയമജ്ഞൻ അതുകൊണ്ട് തൃപ്‌തനാകുന്നില്ല. യേശുവിന്റെ മറുപടി അവനെ സംബന്ധിച്ചിടത്തോളം വേണ്ടത്ര കൃത്യതയുളളതല്ല. തന്റെ സ്വന്തം വീക്ഷണങ്ങൾ ശരിയാണെന്നും അതുകൊണ്ട് മററുളളവരോടുളള തന്റെ ഇടപെടൽ നീതിനിഷ്‌ഠമാണെന്നും യേശുവിൽ നിന്ന് ഉറപ്പു ലഭിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അയാൾ ചോദിക്കുന്നു: “ആരാണ് വാസ്‌തവത്തിൽ എന്റെ അയൽക്കാരൻ?”
ലേവ്യാപുസ്‌തകം 19:18-ലെ സാഹചര്യം സൂചിപ്പിക്കുന്നതുപോലെ “അയൽക്കാരൻ” എന്ന പദം സഹയഹൂദൻമാർക്ക് മാത്രമെ ബാധകമാകുന്നുളളു എന്നാണ് യഹൂദൻമാർ വിശ്വസിക്കുന്നത്. വാസ്‌തവത്തിൽ, പിന്നീടൊരവസരത്തിൽ പത്രോസ്‌പോലും ഇങ്ങനെ പറഞ്ഞു: “ഒരു യഹൂദൻ മറെറാരു വർഗ്ഗത്തിൽപ്പെട്ട ഒരാളോട് ചേരുന്നതോ അയാളെ സമീപിക്കുന്നതോ എത്രകണ്ട് നിയമവിരുദ്ധമാണെന്ന് നീ നന്നായി അറിയുന്നുവല്ലോ.” അതുകൊണ്ട് ആ നിയമജ്ഞനും ഒരുപക്ഷേ യേശുവിന്റെ ശിഷ്യൻമാരും വിശ്വസിക്കുന്നത് സഹയഹൂദൻമാരോടു മാത്രം ദയയോടെ പെരുമാറിയാലും തങ്ങൾ നീതിമാൻമാരാണെന്നാണ്, എന്തുകൊണ്ടെന്നാൽ അവരുടെ വീക്ഷണത്തിൽ യഹൂദേതരർ യഥാർത്ഥത്തിൽ തങ്ങളുടെ അയൽക്കാരല്ല.
തന്റെ ശ്രോതാക്കളുടെ വികാരങ്ങൾ വ്രണപ്പെടുത്താതെ യേശുവിന് അവരുടെ വീക്ഷണത്തെ എങ്ങനെ തിരുത്താൻ കഴിയും? ഒരുപക്ഷേ, ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുളള ഒരു കഥ അവൻ അവരോട് പറയുന്നു: “യെരൂശലേമിൽ നിന്ന് യെരീഹോയിലേക്ക് പോവുകയായിരുന്ന ഒരു [യഹൂദൻ] കൊളളക്കാരുടെ കൈയ്യിൽ അകപ്പെട്ടു, അവൻ അവന്റെ വസ്‌ത്രം ഉരിഞ്ഞ്, അവനെ അടിച്ച്, അർദ്ധപ്രാണനായി അവനെ വഴിയിൽ ഉപേക്ഷിച്ചിട്ട് പൊയ്‌ക്കളഞ്ഞു,” യേശു വിശദീകരിക്കുന്നു.
യേശു തുടരുന്നു: “ഇപ്പോൾ, യാദൃച്ഛികമായി, ഒരു പുരോഹിതൻ അതുവഴി പോവുകയായിരുന്നു, എന്നാൽ ആ മനുഷ്യനെ കണ്ടപ്പോൾ എതിർവശത്തുകൂടെ കടന്നുപോയി. അതുപോലെ തന്നെ ഒരു ലേവ്യനും അവിടെവന്ന് അയാളെ കണ്ടപ്പോൾ എതിർവശത്തുകൂടെ കടന്നുപോയി. എന്നാൽ അതുവഴി യാത്ര ചെയ്‌തിരുന്ന ഒരു ശമര്യാക്കാരൻ അവിടെവന്ന് അയാളെ കണ്ടപ്പോൾ അവന്റെ മനസ്സലിഞ്ഞു.”
അനേക പുരോഹിതൻമാരും ലേവ്യരായ അവരുടെ ആലയ സഹായികളും തങ്ങൾ ആലയസേവനം നടത്തുന്ന യെരൂശലേമിൽ നിന്ന് അപകടം നിറഞ്ഞതും 900 മീററർ ഇറക്കമുളളതുമായ വഴിയിൽ 21 കിലോമീററർ അകലെ യെരീഹോവിലാണ് വസിക്കുന്നത്. പുരോഹിതനും ലേവ്യനും കഷ്ടത്തിലായ ഒരു സഹയഹൂദനെ സഹായിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്യുന്നില്ല. എന്നാൽ ഒരു ശമര്യാക്കാരൻ അപ്രകാരം ചെയ്യുന്നു. യഹൂദൻമാർ ശമര്യാക്കാരെ അത്രയധികം ദ്വേഷിക്കുന്നതിനാൽ അടുത്തൊരു ദിവസം യേശുവിനെ “ഒരു ശമര്യൻ” എന്നു വിളിച്ചുകൊണ്ട് അവർ അവനെ ശക്തമായ ഭാഷയിൽ അധിക്ഷേപിച്ചിരുന്നു.
ആ യഹൂദനെ സഹായിക്കാൻ ശമര്യാക്കാരൻ എന്തു ചെയ്യുന്നു? “അയാൾ അവനെ സമീപിച്ച് അവന്റെ മുറിവുകളിൽ എണ്ണയും വീഞ്ഞും ഒഴിച്ച് അവ വച്ചുകെട്ടി. അവനെ തന്റെ സ്വന്തം വാഹനമൃഗത്തിൻമേൽ കയററി ഒരു സത്രത്തിൽ കൊണ്ടു ചെന്ന് ശുശ്രൂഷിച്ചു” എന്ന് യേശു പറയുന്നു. “പിറേറന്ന് അയാൾ രണ്ട് വെളളിക്കാശ് [ഏതാണ്ട് രണ്ടു ദിവസത്തെ വേതനം] എടുത്ത് സത്രം സൂക്ഷിപ്പുകാരന് നൽകിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഇവനെ ശുശ്രൂഷിക്കുക, ഇതിലധികമായി എന്തെങ്കിലും, ചെലവു വന്നാൽ ഞാൻ തിരികെ വരുമ്പോൾ തന്നു കൊളളാം.’”
ഈ കഥ പറഞ്ഞശേഷം ആ നിയമജ്ഞനോട് യേശു ചോദിക്കുന്നു: “കൊളളക്കാരുടെയിടയിൽ അകപ്പെട്ട മനുഷ്യന് ഈ മൂന്നു പേരിൽ ആര് ഒരു അയൽക്കാരനായിരുന്നതായിട്ടാണ് നിനക്ക് തോന്നുന്നത്?”
ഒരു ശമര്യക്കാരന് എന്തെങ്കിലും നൻമ ആരോപിക്കുന്നതിൽ അസ്വസ്ഥനായി ആ നിയമജ്ഞൻ കേവലം ഇങ്ങനെ മറുപടി പറയുന്നു: “അവനോട് ദയ കാണിച്ചവൻ.”
“നീ പോയി അതുതന്നെ ചെയ്യുക,” യേശു ഉപസംഹരിക്കുന്നു.
യഹൂദേതരരും അയാളുടെ അയൽക്കാരാണ് എന്ന് ആ നിയമജ്ഞനോട് യേശു നേരിട്ട് പറഞ്ഞിരുന്നെങ്കിൽ ആ മനുഷ്യൻ അത് സ്വീകരിക്കുമായിരുന്നില്ല എന്നു മാത്രമല്ല യേശുവുമായുളള സംവാദത്തിൽ ശ്രോതാക്കളിൽ മിക്കവരും സാദ്ധ്യതയനുസരിച്ച് അയാളുടെ പക്ഷം പിടിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നമ്മുടെ സ്വന്തം വർഗ്ഗത്തിലോ ദേശത്തിലോ ഉൾപ്പെടാത്തവരും നമ്മുടെ അയൽക്കാരാണ് എന്ന് ഈ യഥാർത്ഥ ജീവിതകഥ അനിഷേധ്യമായ ഒരു വിധത്തിൽ വ്യക്തമാക്കി. യേശുവിന്റെ പഠിപ്പിക്കൽരീതി എത്ര അത്ഭുതകരമാണ്! ലൂക്കോസ് 10:25-37; പ്രവൃത്തികൾ 10:28; യോഹന്നാൻ 4:9; 8:48.
▪ ഒരു നിയമജ്ഞൻ യേശുവിനോട് ഏതു ചോദ്യങ്ങൾ ചോദിക്കുന്നു, വ്യക്തമായും അയാൾ അങ്ങനെ ചോദിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്?
▪ തങ്ങളുടെ അയൽക്കാർ ആരാണെന്നാണ് യഹൂദൻമാർ വിശ്വസിക്കുന്നത്, ശിഷ്യൻമാരും ഇതേ വീക്ഷണത്തിൽ പങ്കുപററുന്നു എന്ന് വിശ്വസിക്കുന്നതിന് എന്തു ന്യായമുണ്ട്?
▪ നിയമജ്ഞന് നിഷേധിക്കാൻ കഴിയാത്തവണ്ണം യേശു എങ്ങനെയാണ് ശരിയായ വീക്ഷണം മനസ്സിലാക്കി കൊടുക്കുന്നത്?