വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അസാമാന്യ ശിഷ്യൻ

ഒരു അസാമാന്യ ശിഷ്യൻ

അധ്യായം 45

ഒരു അസാമാന്യ ശിഷ്യൻ

യേശു കരയിൽ കാൽ കുത്തുമ്പോൾ എന്തോരു ഭയജനകമായ കാഴ്‌ച! അസാധാരണ ഭീകരരായ രണ്ടു പേർ അടുത്തുളള ശവക്കോട്ടയിൽനിന്ന്‌ ഇറങ്ങി അവന്റെ നേരെ പാഞ്ഞുചെല്ലുന്നു. അവർ ഭൂതബാധിതരാണ്‌. സാദ്ധ്യതയനുസരിച്ച്‌ അവരിലൊരാൾ മറേറയാളെക്കാൾ അക്രമാസക്തനാകയാലും ഭൂതനിയന്ത്രണത്തിൽ വളരെ നാൾ ദുരിതമനുഭവിച്ചതിനാലും അയാൾ ശ്രദ്ധാകേന്ദ്രമായിത്തീരുന്നു.

ഈ ദയനീയ മനുഷ്യൻ വളരെക്കാലം കല്ലറകളുടെയിടയിൽ നഗ്നനായി വസിച്ചിരുന്നു. പകലും രാവും തുടർച്ചയായി അയാൾ നിലവിളിക്കുകയും കല്ലുകൾകൊണ്ട്‌ സ്വയം ചതക്കുകയും ചെയ്യുന്നു. അയാൾ വളരെ അക്രമാസക്തനാകയാൽ അതുവഴി കടന്നുപോകാൻ ആർക്കും ധൈര്യമില്ല. അയാളെ പിടിച്ചുകെട്ടാൻ ശ്രമിച്ചിട്ടുണ്ട്‌, എന്നാൽ അയാൾ ചങ്ങലകൾ വലിച്ചുപൊട്ടിക്കുകയും പാദങ്ങളിൽനിന്ന്‌ ഇരുമ്പുവിലങ്ങുകൾ പൊട്ടിച്ചുമാററുകയും ചെയ്യുന്നു. അയാളെ കീഴടക്കാൻ ആർക്കും ശക്തിയില്ല.

ആ മനുഷ്യൻ യേശുവിനെ സമീപിച്ച്‌ അവന്റെ പാദത്തിങ്കൽ വീഴുമ്പോൾ അയാളെ നിയന്ത്രിക്കുന്ന ഭൂതങ്ങൾ “അത്യുന്നത ദൈവത്തിന്റെ പുത്രനായ യേശുവേ, എനിക്ക്‌ നിന്നോട്‌ എന്തു കാര്യം? എന്നെ ദണ്ഡിപ്പിക്കാതിരിക്കാൻ ഞാൻ ദൈവത്തെപ്രതി അപേക്ഷിക്കുന്നു” എന്ന്‌ അലറാനിടയാക്കുന്നു.

“അശുദ്ധാത്മാവേ, ആ മനുഷ്യനിൽനിന്നു പുറത്തുവരുക” എന്ന്‌ യേശു പറഞ്ഞുകൊണ്ടിരിക്കുന്നു. പിന്നീട്‌ “നിന്റെ പേരെന്താകുന്നു?” എന്ന്‌ യേശു ചോദിക്കുന്നു.

“എന്റെ പേർ ലെഗ്യോൻ എന്നാണ്‌, കാരണം ഞങ്ങൾ അനേകരുണ്ട്‌” എന്നാണ്‌ മറുപടി. ഭൂതങ്ങൾ തങ്ങൾക്കു ബാധിക്കാൻ കഴിയുന്നവരുടെ ദുരിതങ്ങൾ കാണുന്നതിൽ ആഹ്ലാദിച്ചു വിഹരിക്കുന്നു. പ്രത്യക്ഷത്തിൽ ഭീരുത്വത്തോടുകൂടിയ ഒരു സമൂഹാത്മാവിൽ അവരുടെമേൽ കൂട്ടംകൂടി കടന്ന്‌ സന്തോഷിക്കുകയാണവർ ചെയ്യുന്നത്‌. എന്നാൽ യേശുവിനെ അഭിമുഖീകരിച്ചപ്പോൾ അഗാധത്തിലേക്കു വിടരുതെന്ന്‌ അവർ അപേക്ഷിക്കുന്നു. നാം വീണ്ടും ദുഷ്ട ഭൂതങ്ങളെ പോലും കീഴടക്കാനുളള യേശുവിന്റെ മഹാശക്തി കാണുന്നു. തങ്ങളുടെ നേതാവായ പിശാചായ സാത്താനോടുകൂടെ അഗാധത്തിലടക്കപ്പെടുകയെന്നതാണ്‌ അവരുടെ അന്തിമന്യായവിധിയെന്ന്‌ ഭൂതങ്ങൾക്കറിയാമെന്നും ഇതു വെളിപ്പെടുത്തുന്നു.

അടുത്തുളള പർവതത്തിൽ ഏതാണ്ട്‌ 2,000ത്തോളം വരുന്ന ഒരു പന്നിക്കൂട്ടം മേയുന്നുണ്ട്‌. “ഞങ്ങൾ പന്നികളിൽ പ്രവേശിക്കേണ്ടതിന്‌ ഞങ്ങളെ അവയിലേക്ക്‌ അയക്കേണമേ” എന്ന്‌ ഭൂതങ്ങൾ പറയുന്നു. പ്രത്യക്ഷത്തിൽ ജഡികജീവികളുടെ ശരീരങ്ങളെ ആക്രമിക്കുന്നതിൽനിന്ന്‌ ഭൂതങ്ങൾക്ക്‌ പ്രകൃതിവിരുദ്ധവും വിദ്രോഹവാസനാപരവുമായ ഉല്ലാസം ലഭിക്കുന്നുണ്ട്‌. പന്നികളിൽ പ്രവേശിക്കാൻ യേശു അവരെ അനുവദിക്കുമ്പോൾ ആ 2,000 പന്നികളും പർവതശിഖരത്തിൽനിന്ന്‌ കിഴുക്കാംതൂക്കായി പായുകയും സമുദ്രത്തിൽ മുങ്ങിച്ചാകുകയുംചെയ്യുന്നു.

പന്നികളെ പരിപാലിക്കുന്നവർ ഇതു കാണുമ്പോൾ അവർ വാർത്ത നഗരത്തിലും ഗ്രാമത്തിലും അറിയിക്കാൻ പാഞ്ഞെത്തുന്നു. അതിങ്കൽ എന്താണു സംഭവിച്ചതെന്നു കാണാൻ ആളുകൾ ഇറങ്ങിവരുന്നു. അവർ വന്നെത്തുമ്പോൾ ഭൂതങ്ങൾ ആരിൽനിന്നു പുറത്തുവന്നോ ആ മനുഷ്യൻ വസ്‌ത്രം ധരിച്ചും സുബോധമുളളവനായും യേശുവിന്റെ പാദത്തിങ്കൽ ഇരിപ്പുണ്ട്‌!

ആ മനുഷ്യൻ സുഖം പ്രാപിച്ചതെങ്ങനെയെന്ന്‌ ദൃക്‌സാക്ഷികൾ ആളുകളെ അറിയിക്കുന്നു. അവർ പന്നികൾ അതിവിചിത്രമായി ചത്തതിനെക്കുറിച്ചും പറയുന്നു. ഇതു കേട്ടപ്പോൾ ആളുകളെ വലിയ ഭയം ബാധിക്കുന്നു. തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന്‌ അവർ ആത്മാർത്ഥമായി യേശുവിനെ നിർബന്ധിക്കുന്നു. അങ്ങനെ അവൻ അനുസരിക്കുകയും വളളത്തിൽ കയറുകയും ചെയ്യുന്നു. മുൻഭൂതബാധിതൻ യേശുവിനോടു കൂടെ ചെല്ലാൻ തന്നെ അനുവദിക്കണമെന്ന്‌ അപേക്ഷിക്കുന്നു. എന്നാൽ യേശു അവനോട്‌ ഇങ്ങനെ പറയുന്നു: “വീട്ടിൽ നിന്റെ ബന്ധുക്കളുടെ അടുക്കലേക്കു പോയി യഹോവ നിനക്കുവേണ്ടി ചെയ്‌തതും അവൻ നിന്നോടു കാണിച്ച കരുണയും അവരെ അറിയിക്കുക.”

ഉദ്വേഗജനകമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആളുകൾ നിഗമനത്തിലെത്താൻ യേശു ആഗ്രഹിക്കാത്തതുകൊണ്ട്‌ സാധാരണയായി ആരോടും പറയരുതെന്ന്‌ താൻ സൗഖ്യമാക്കുന്നവരോട്‌ യേശു നിർദ്ദേശിക്കുന്നു. എന്നാൽ ഈ വ്യത്യസ്‌തത ഉചിതമാണ്‌, എന്തുകൊണ്ടെന്നാൽ ഒരുപക്ഷേ യേശുവിന്‌ ഇനി ചെന്നെത്താൻ അവസരമില്ലാത്ത ആളുകളുടെയിടയിൽ ഈ മുൻഭൂതഗ്രസ്‌തൻ സാക്ഷ്യം വഹിക്കുന്നതായിരിക്കും. തന്നെയുമല്ല, പന്നികളുടെ നഷ്ടം സംബന്ധിച്ച്‌ പ്രചരിക്കാവുന്ന ഏതെങ്കിലും പ്രതികൂലമായ റിപ്പോർട്ടിനെ പ്രതിരോധിച്ചുകൊണ്ട്‌ ആ മമനുഷ്യന്റെ സാന്നിദ്ധ്യം നൻമചെയ്യാനുളള യേശുവിന്റെ ശക്തിയെക്കുറിച്ച്‌ സാക്ഷ്യം നൽകും.

യേശുവിന്റെ നിർദ്ദേശമനുസരിച്ചുകൊണ്ട്‌ മുൻ ഭൂതഗ്രസ്‌തൻ പോകുന്നു. അയാൾ യേശു തനിക്കുവേണ്ടിചെയ്‌ത സകല കാര്യങ്ങളും ദക്കപ്പൊലിനാട്ടിലെല്ലാം ഘോഷിച്ചുതുടങ്ങുന്നു. ആളുകൾ വിസ്‌മയഭരിതരാകുന്നു. മത്തായി 8:28-34; മർക്കോസ്‌ 5:1-20; ലൂക്കോസ്‌ 8:26-39; വെളിപ്പാട്‌ 20:1-3.

▪ രണ്ടു പേരുണ്ടായിരുന്നപ്പോൾ ഒരു ഭൂതഗ്രസ്‌തനിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌ ഒരുപക്ഷേ എന്തുകൊണ്ടായിരിക്കാം?

▪ ഭാവിയിൽ അഗാധത്തിലടക്കപ്പെടുമെന്ന്‌ ഭൂതങ്ങൾക്കറിയാമെന്ന്‌ എന്തു പ്രകടമാക്കുന്നു?

▪ പ്രത്യക്ഷത്തിൽ എന്തുകൊണ്ടാണ്‌ ഭൂതങ്ങൾ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കാനിഷ്ടപ്പെടുന്നത്‌?

▪ താൻ മുൻഭൂതഗ്രസ്‌തനുവേണ്ടി ചെയ്‌തതിനെക്കുറിച്ച്‌ മററുളളവരോടു പറയാൻ അയാളോടു നിർദ്ദേശിച്ചുകൊണ്ട്‌ യേശു വ്യത്യസ്‌തമായി പ്രവർത്തിക്കുന്നതെന്തുകൊണ്ട്‌?