വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു നിഷ്‌ഠൂര ശാസകനിൽ നിന്നുളള രക്ഷപ്പെടൽ

ഒരു നിഷ്‌ഠൂര ശാസകനിൽ നിന്നുളള രക്ഷപ്പെടൽ

അധ്യായം 8

ഒരു നിഷ്‌ഠൂര ശാസകനിൽ നിന്നുളള രക്ഷപ്പെടൽ

ഒരു അടിയന്തിര വാർത്ത അറിയിക്കാൻവേണ്ടി ജോസഫ്‌ മറിയയെ വിളിച്ചുണർത്തുന്നു. “എഴുന്നേററ്‌ ശിശുവിനെയും അതിന്റെ അമ്മയെയും കൂട്ടിക്കൊണ്ട്‌ ഈജിപ്‌ററിലേക്ക്‌ ഓടിപ്പോകുകയും ഞാൻ പറയുന്നതുവരെ അവിടെ പാർക്കുകയും ചെയ്യുക; എന്തുകൊണ്ടെന്നാൽ ശിശുവിനെ കൊന്നുകളയാൻ ഹെരോദാവ്‌ അതിനെ അന്വേഷിക്കാൻ പോവുകയാണ്‌?” എന്ന്‌ പറഞ്ഞുകൊണ്ട്‌ യഹോവയുടെ ദൂതൻ അയാൾക്ക്‌ പ്രത്യക്ഷപ്പെട്ടതേയുളളു.

പെട്ടെന്ന്‌ അവർ മൂവരും രക്ഷപ്പെടുന്നു. അത്‌ കൃത്യ സമയത്തു തന്നെയായിരുന്നു. കാരണം ജ്യോൽസ്യർ തന്നെ വഞ്ചിച്ച്‌ ദേശം വിട്ടിരിക്കുന്നു എന്ന്‌ ഹെരോദാവിന്‌ മനസ്സിലായി. അവർ യേശുവിനെ കണ്ടെത്തിക്കഴിഞ്ഞ്‌ തിരിച്ചു ചെന്ന്‌ അവനെ അറിയിക്കേണ്ടതായിരുന്നുവെന്നോർക്കുക. ഹെരോദാവ്‌ രോഷാകുലനാണ്‌. അതുകൊണ്ട്‌ യേശുവിനെ കൊല്ലാനുളള ശ്രമത്തിൽ ബെത്‌ലഹേമിലും അതിന്റെ പ്രാന്ത പ്രദേശങ്ങളിലുമുളള രണ്ടു വയസ്സും അതിന്‌ താഴെയുമുളള ആൺകുട്ടികളെയൊക്കെയും കൊല്ലാൻ അവൻ കൽപ്പന പുറപ്പെടുവിക്കുന്നു. അവൻ ഈ വിധത്തിൽ പ്രായം നിർണ്ണയിക്കുന്നത്‌, തനിക്ക്‌ ജ്യോൽസ്യരിൽനിന്ന്‌ മുമ്പ്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌.

ആൺകുട്ടികളുടെ ഈ കൂട്ടക്കൊല ഭീകരമായ ഒരു ദൃശ്യം തന്നെ! ഹെരോദാവിന്റെ പടയാളികൾ ഒന്നിനു പുറകേ ഒന്നായി ഭവനങ്ങളിലേക്ക്‌ തളളിക്കയറുന്നു. അവർ ഒരാൺകുട്ടിയെ കാണുമ്പോൾ അവനെ അമ്മയുടെ കരങ്ങളിൽനിന്ന്‌ പിടിച്ചു പറിക്കുന്നു. അവർ എത്ര കുട്ടികളെ കൊല്ലുന്നുണ്ടെന്ന്‌ നമുക്ക്‌ യാതൊരറിവുമില്ല. എന്നാൽ മാതാക്കളുടെ വലിയ കരച്ചിലും നിലവിളിയും ദൈവത്തിന്റെ പ്രവാചകനായ യിരെമ്യാവിന്റെ ഒരു ബൈബിൾ പ്രവചനം നിവർത്തിക്കുകയാണ്‌.

അതിനിടെ, ജോസഫും അവന്റെ കുടുംബവും ഈജിപ്‌ററിലേക്ക്‌ സുരക്ഷിതമായി പലായനം ചെയ്‌തു. അവർ ഇപ്പോൾ അവിടെയാണ്‌ വസിക്കുന്നത്‌. എന്നാൽ ഒരു രാത്രി യഹോവയുടെ ദൂതൻ ഒരു സ്വപ്‌നത്തിൽ ജോസഫിന്‌ വീണ്ടും പ്രത്യക്ഷപ്പെടുന്നു. “എഴുന്നേററ്‌ യേശുവിനെയും അവന്റെ അമ്മയെയും കൂട്ടിക്കൊണ്ട്‌ ഇസ്രായേലിലേക്ക്‌ മടങ്ങിപ്പോക” എന്ന്‌ ദൂതൻ പറയുന്നു. “എന്തുകൊണ്ടെന്നാൽ അവനെ കൊല്ലാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞിരിക്കുന്നു.” അതുകൊണ്ട്‌, ദൈവപുത്രനെ മിസ്രയീമിൽനിന്ന്‌ വിളിച്ചുവരുത്തും എന്ന മറെറാരു ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി ആ കുടുംബം തങ്ങളുടെ ജൻമനാട്ടിലേക്ക്‌ മടങ്ങുന്നു.

പ്രസ്‌പഷ്ടമായി, തങ്ങൾ ഈജിപ്‌ററിലേക്ക്‌ പലായനം ചെയ്യുന്നതിനുമുമ്പ്‌ താമസിച്ചിരുന്ന സ്ഥലമായ യഹൂദ്യയിലെ ബെത്‌ലഹേമിൽ വാസമുറപ്പിക്കാൻ ജോസഫ്‌ ആഗ്രഹിക്കുന്നു. എന്നാൽ ഹെരോദാവിന്റെ ദുഷ്ടപുത്രനായ അർക്കെലയൊസാണ്‌ യഹൂദ്യയുടെ രാജാവെന്ന്‌ അവൻ അറിയുന്നു. അപ്പോൾ മറെറാരു സ്വപ്‌നത്തിൽ യഹോവ അപകടത്തെക്കുറിച്ച്‌ അവന്‌ മുന്നറിയിപ്പ്‌ നൽകുന്നു. അതുകൊണ്ട്‌ ജോസഫും അവന്റെ കുടുംബവും വടക്കോട്ട്‌ യാത്ര ചെയ്‌ത്‌ ഗലീലയിലെ നസറെത്ത്‌ എന്ന പട്ടണത്തിൽ താമസമുറപ്പിക്കുന്നു. ഇവിടെ, യഹൂദ മതാധിഷ്‌ഠിത ജീവിതത്തിന്റെ കേന്ദ്രത്തിൽനിന്ന്‌ അകലെ, ഈ സമൂഹത്തിൽ യേശു വളർന്നുവരുന്നു. മത്തായി 2:13-23; യിരെമ്യാവ്‌ 31:15; ഹോശേയ 11:1.

▪ ജ്യോൽസ്യർ മടങ്ങിവരാഞ്ഞപ്പോൾ, ഹെരോദാവ്‌ രാജാവ്‌ ഏത്‌ ഭയങ്കര സംഗതി ചെയ്‌തു, എന്നാൽ യേശു സംരക്ഷിക്കപ്പെട്ടതെങ്ങനെ?

▪ ഈജിപ്‌ററിൽ നിന്ന്‌ മടങ്ങിവരവെ, ജോസഫ്‌ വീണ്ടും ബെത്‌ലഹേമിൽ പാർക്കാഞ്ഞതെന്തുകൊണ്ട്‌?

▪ ഈ കാലയളവിൽ ഏതെല്ലാം ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറി?