വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പരീശനാൽ സൽക്കരിക്കപ്പെടുന്നു

ഒരു പരീശനാൽ സൽക്കരിക്കപ്പെടുന്നു

അധ്യായം 83

ഒരു പരീശനാൽ സൽക്കരിക്കപ്പെടുന്നു

യേശു ഇപ്പോഴും ഒരു പരീശപ്രമാണിയുടെ ഭവനത്തിലാണ്‌, അവൻ ഒരു മഹോദരരോഗിയെ സൗഖ്യമാക്കിയതേയുളളു. സഹഅതിഥികൾ ഭക്ഷണത്തിന്‌ മുഖ്യഇരിപ്പിടങ്ങൾ തെരഞ്ഞെടുക്കുന്നത്‌ നിരീക്ഷിക്കുമ്പോൾ അവൻ താഴ്‌മയുടെ ഒരു പാഠം പഠിപ്പിക്കുന്നു.

“നിങ്ങളെ ആരെങ്കിലും ഒരു വിവാഹസദ്യക്ക്‌ ക്ഷണിക്കുമ്പോൾ, ഏററവും മുഖ്യസ്ഥാനത്ത്‌ പോയി ചാരിക്കിടക്കരുത്‌. ഒരുപക്ഷേ നിങ്ങളേക്കാൾ ബഹുമാന്യനായ ഒരാളെ അയാൾ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. നിങ്ങളെയും അയാളെയും ക്ഷണിച്ചവൻ വന്ന്‌ ‘ഇയാൾക്ക്‌ ആ സ്ഥലം വിട്ടുകൊടുക്ക,’ എന്ന്‌ നിങ്ങളോട്‌ പറയുന്നു. അപ്പോൾ നിങ്ങൾ ലജ്ജിച്ച്‌ ഏററവും ഒടുവിലത്തെ സ്ഥലത്ത്‌ പോയി ഇരിക്കേണ്ടിവരും,” എന്ന്‌ യേശു വിശദീകരിക്കുന്നു.

അതുകൊണ്ട്‌ യേശു ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “നിന്നെ ക്ഷണിക്കുമ്പോൾ ഏററവും ഒടുവിലത്തെ സ്ഥാനത്ത്‌ പോയി ഇരിക്കുക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ ‘സ്‌നേഹിതാ മുമ്പോട്ട്‌ കയറിയിരിക്ക’ എന്ന്‌ അയാൾ പറയും. അപ്പോൾ സഹഅതിഥികളുടെയെല്ലാം മുമ്പാകെ നിനക്ക്‌ ബഹുമാനം ലഭിക്കും.” ഉപസംഹരിച്ചുകൊണ്ട്‌ യേശു പറയുന്നു: “തന്നെത്താൻ ഉയർത്തുന്ന ഏവനും താഴ്‌ത്തപ്പെടും, തന്നെത്താൻ താഴ്‌ത്തുന്ന ഏവനും ഉയർത്തപ്പെടും.”

അടുത്തതായി തന്നെ ക്ഷണിച്ച പരീശനെ യേശു അഭിസംബോധന ചെയ്‌ത്‌ ദൈവമുമ്പാകെ യഥാർത്ഥമൂല്യമുളള സദ്യ എങ്ങനെ നൽകാമെന്ന്‌ വിവരിക്കുന്നു. “നീ ഒരു ഉച്ചഭക്ഷണമോ സന്ധ്യാഭക്ഷണമോ നൽകുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളെയോ സഹോദരൻമാരെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ ക്ഷണിക്കരുത്‌. ഒരുപക്ഷേ അവർ നിന്നെ തിരിച്ചും ക്ഷണിച്ചിട്ട്‌ അത്‌ നിനക്കു പ്രത്യുപകാരമാകാൻ ഇടവരും. എന്നാൽ നിങ്ങൾ ഒരു വിരുന്നൊരുക്കുമ്പോൾ ദരിദ്രരെയും അംഗഹീനരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക, അപ്പോൾ നീ സന്തുഷ്ടനായിരിക്കും, എന്തുകൊണ്ടെന്നാൽ നിനക്ക്‌ പ്രത്യുപകാരമായി തരാൻ അവർക്ക്‌ യാതൊന്നുമില്ല.”

നിർഭാഗ്യരായ ആളുകൾക്ക്‌ അത്തരം ഒരു ഭക്ഷണം കൊടുക്കുന്നത്‌ അത്‌ കൊടുക്കുന്നയാളിന്‌ സന്തോഷം കൈവരുത്തും. എന്തുകൊണ്ടെന്നാൽ തന്റെ ആതിഥേയനോട്‌ യേശു വിശദീകരിക്കുന്നപ്രകാരം, “നീതിമാൻമാരുടെ പുനരുത്ഥാനത്തിൽ നിനക്ക്‌ പ്രതിഫലം ലഭിക്കും.” യോഗ്യമായ ഈ ഭക്ഷണത്തെ സംബന്ധിച്ചുളള യേശുവിന്റെ വിവരണം മറെറാരു ഭക്ഷണത്തെ സംബന്ധിച്ച്‌ ഒരു സഹഅതിഥിയെ അനുസ്‌മരിപ്പിക്കുന്നു. “ദൈവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ സന്തുഷ്ടനാകുന്നു,” എന്ന്‌ ആ അതിഥി പറയുന്നു. എന്നിരുന്നാലും യേശു ഒരു ഉപമയിലൂടെ പ്രകടമാക്കാൻ പോകുന്നതുപോലെ എല്ലാവരും ആ സന്തുഷ്ട ഭാവി പ്രത്യാശയെ ഉചിതമായി വിലമതിക്കുന്നില്ല.

“ഒരു മനുഷ്യൻ ഒരു വലിയ അത്താഴവിരുന്നൊരുക്കി, അനേകരെ ക്ഷണിച്ചു. ‘വരുവിൻ, എല്ലാം തയ്യാറായിരിക്കുന്നു’ എന്ന്‌ ക്ഷണിക്കപ്പെട്ടവരോട്‌ പറയാൻ അയാൾ തന്റെ ദാസനെ അയച്ചു. എന്നാൽ പൊതുവിൽ അവർ എല്ലാവരും ഒഴികഴിവ്‌ പറഞ്ഞു. ഒന്നാമത്തവൻ അയാളോട്‌ പറഞ്ഞു, ‘ഞാൻ ഒരു വയൽ വാങ്ങിയിരിക്കുന്നു എനിക്ക്‌ അത്‌ നോക്കാൻ പോകണം; എന്നോട്‌ ക്ഷമിക്കണം എന്ന്‌ ഞാൻ നിന്നോട്‌ അപേക്ഷിക്കുന്നു.’ മറെറാരുത്തൻ പറഞ്ഞു, ‘ഞാൻ അഞ്ച്‌ ഏർ കാളയെ വാങ്ങിയിരിക്കുന്നു, അവയെ പരിശോധിക്കാൻ പോവുകയാണ്‌, എന്നോട്‌ ക്ഷമിക്കണം’ എന്ന്‌ ഞാൻ അപേക്ഷിക്കുന്നു. ഇനിയും മറെറാരുത്തൻ പറഞ്ഞു, ‘എന്റെ വിവാഹം കഴിഞ്ഞതേയുളളു അതുകൊണ്ട്‌ എനിക്ക്‌ വരാൻ നിവൃത്തിയില്ല.’”

എന്തു മുടന്തൻ ന്യായങ്ങൾ! ഒരു വയലോ കന്നുകാലികളോ സാധാരണയായി അവ വാങ്ങുന്നതിന്‌ മുമ്പ്‌ പരിശോധിക്കപ്പെട്ടവയാണ്‌, അതുകൊണ്ട്‌ പിന്നീട്‌ അവ പരിശോധിക്കുന്നതിന്‌ അത്ര അടിയന്തിരതയൊന്നുമില്ല. അതുപോലെ ഇത്ര പ്രധാനപ്പെട്ട ഒരു ക്ഷണം സ്വീകരിക്കുന്നതിൽ നിന്ന്‌ ഒരുവന്റെ വിവാഹം അവനെ തടയേണ്ടതില്ല. ഈ ഒഴികഴിവുകൾ കേട്ടിട്ട്‌ യജമാനൻ കോപിച്ച്‌ തന്റെ ദാസനോട്‌ ഇങ്ങനെ കൽപ്പിക്കുന്നു:

“‘നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുവുകളിലും ചെന്ന്‌ ദരിദ്രരെയും അംഗഹീനരെയും അന്ധരെയും മുടന്തരെയും അകത്തുകൊണ്ടുവരിക. പിന്നെ ദാസൻ, ‘യജമാനനെ, കൽപ്പിച്ചതുപോലെ ചെയ്‌തു, എന്നാൽ ഇനിയും സ്ഥലം ഉണ്ട്‌’ എന്ന്‌ പറഞ്ഞു. യജമാനൻ ദാസനോട്‌, ‘നീ പെരുവഴികളിലും വേലിക്കരികിലും പോയി, എന്റെ വീട്‌ നിറയേണ്ടതിന്‌ കാണുന്നവരെയെല്ലാം അകത്തു വരാൻ നിർബന്ധിക്കുക. . . . ക്ഷണിക്കപ്പെട്ടവരാരും എന്റെ അത്താഴവിരുന്ന്‌ ആസ്വദിക്കുകയില്ല’ എന്ന്‌ പറഞ്ഞു.”

ഈ ഉപമയിലൂടെ ഏതു സാഹചര്യമാണ്‌ വർണ്ണിക്കപ്പെട്ടിരിക്കുന്നത്‌? കൊളളാം, ഭക്ഷണം ഒരുക്കിയിരിക്കുന്ന “യജമാനൻ” യഹോവയാം ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു; ക്ഷണം നീട്ടിക്കൊടുക്കുന്ന “ദാസൻ” യേശുക്രിസ്‌തുവും; “വലിയ അത്താഴവിരുന്ന്‌” സ്വർഗ്ഗരാജ്യത്തിനുവേണ്ടിയുളള നിരയിലാരിയിരിക്കാനുളള അവസരങ്ങളുമാണ്‌.

രാജ്യത്തിനു വേണ്ടിയുളള നിരയിലായിരിക്കാൻ മറെറല്ലാവരേക്കാളും മുമ്പേ ക്ഷണം ലഭിച്ചത്‌ യേശുവിന്റെ നാളിലെ മതനേതാക്കൻമാർക്കായിരുന്നു. എന്നിരുന്നാലും അവർ ആ ക്ഷണം നിരസിച്ചു. അപ്രകാരം, പ്രത്യേകിച്ച്‌ പൊ. യു. 33-ലെ പെന്തക്കോസ്‌ത്‌ മുതൽ യഹൂദ ജനത്തിനിടയിലെ നിന്ദിതരും എളിയവരുമായവർക്ക്‌ രണ്ടാമതൊരു ക്ഷണം നീട്ടിക്കൊടുക്കപ്പെട്ടു. എന്നാൽ ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിലെ 1,44,000 സ്ഥാനങ്ങൾ നിറക്കാൻ മാത്രം ആളുകൾ അനുകൂലമായി പ്രതികരിച്ചില്ല. അതുകൊണ്ട്‌ മൂന്നര വർഷങ്ങൾക്ക്‌ ശേഷം പൊ. യു. 36-ൽ മൂന്നാമത്തേതും അവസാനത്തേതുമായ ക്ഷണം പരിഛേദനയേൽക്കാത്ത യഹൂദേതരർക്ക്‌ നീട്ടിക്കൊടുക്കപ്പെട്ടു, അവരുടെ കൂട്ടിച്ചേർപ്പാകട്ടെ നമ്മുടെ നാൾവരെ തുടർന്നിരിക്കുന്നു. ലൂക്കോസ്‌ 14:1-24.

▪ താഴ്‌മയുടെ എന്തു പാഠമാണ്‌ യേശു പഠിപ്പിക്കുന്നത്‌?

▪ ഒരു ആതിഥേയന്‌ ദൈവമുമ്പാകെ യോഗ്യമായ ഒരു സദ്യ എങ്ങനെ നടത്താൻ കഴിയും, അത്‌ അയാൾക്ക്‌ സന്തുഷ്ടി കൈവരുത്തുന്നത്‌ എന്തുകൊണ്ട്‌?

▪ ക്ഷണിക്കപ്പെട്ട അതിഥികളുടേത്‌ മുടന്തൻ ന്യായങ്ങളായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

▪ യേശുവിന്റെ “വലിയ അത്താഴവിരുന്നി”ന്റെ ഉപമയാൽ പ്രതിനിധാനം ചെയ്യപ്പെടുന്നത്‌ എന്താണ്‌?