വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പരീശനോടുകൂടെഭക്ഷണം കഴിക്കുന്നു

ഒരു പരീശനോടുകൂടെഭക്ഷണം കഴിക്കുന്നു

അധ്യായം 76

ഒരു പരീശനോടുകൂടെഭക്ഷണം കഴിക്കുന്നു

സംസാരിക്കാൻ കഴിയാഞ്ഞ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതിലുളള യേശുവിന്റെ ശക്തിയുടെ ഉറവിനെ ചോദ്യം ചെയ്‌ത വിമർശകർക്ക്‌ യേശു മറുപടി കൊടുത്തശേഷം ഒരു പരീശൻ അവനെ വിരുന്നിന്‌ വിളിക്കുന്നു. അവർ ഭക്ഷണം കഴിക്കുന്നതിനു മുൻപ്‌ പരീശൻമാർ അവരുടെ കൈകൾ മുട്ടുവരെ കഴുകുന്നു ചടങ്ങിൽ ഏർപ്പെടുന്നു. അവർ ഭക്ഷണത്തിന്‌ മുൻപും പിൻപും വിവിധ വിഭവങ്ങൾ കഴിക്കുന്നതിന്‌ ഇടയിൽപോലും അപ്രകാരം ചെയ്യുന്നു. ഈ പാരമ്പര്യം ദൈവത്തിന്റെ എഴുതപ്പെട്ട നിയമം ലംഘിക്കുന്നില്ലെങ്കിലും അത്‌ ആചാരപരമായ ശുദ്ധി സംബന്ധിച്ച്‌ ദൈവം ആവശ്യപ്പെട്ടതിനും അപ്പുറം പോകുന്നു.

യേശു ഈ പാരമ്പര്യം അനുസരിക്കാഞ്ഞതിൽ അവന്റെ ആതിഥേയന്‌ ആശ്ചര്യം തോന്നുന്നു. അയാൾ തന്റെ ആശ്ചര്യം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നില്ലെങ്കിൽകൂടി യേശു അത്‌ മനസ്സിലാക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: “നിങ്ങൾ പരീശൻമാർ കപ്പുകളുടെയും പാത്രങ്ങളുടെയും പുറം വൃത്തിയാക്കുന്നുവെങ്കിലും നിങ്ങളുടെ ഉളളിൽ കവർച്ചയും ദുഷ്ടതയും നിറഞ്ഞവരാണ്‌. ന്യായബോധമില്ലാത്തവർ! പുറം നിർമ്മിച്ചവൻ തന്നെ അകവും നിർമ്മിച്ചു ഇല്ലയോ?”

ആചാരപ്രകാരം കൈകൾ കഴുകുകയും എന്നാൽ ദുഷ്ടതയിൽ നിന്ന്‌ തങ്ങളുടെ ഹൃദയങ്ങൾ കഴുകി വെടിപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന പരീശൻമാരുടെ കപടഭക്തിയെ യേശു അപ്രകാരം തുറന്നുകാട്ടുന്നു. അവൻ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “അകമേയുളളത്‌ ദാനധർമ്മമായി നൽകുവിൻ, നോക്കൂ! എന്നാൽ സകലവും നിങ്ങൾക്ക്‌ ശുദ്ധമായിരിക്കും.” അവർ കൊടുക്കുന്നത്‌ സ്‌നേഹമുളള ഒരു ഹൃദയത്താൽ പ്രേരിതമായിട്ടായിരിക്കണം അല്ലാതെ നീതിയുടെ ഒരു പ്രഹസനത്താൽ മററുളളവരിൽ ഒരു നല്ല ധാരണ സൃഷ്ടിക്കാനുളള ആഗ്രഹത്താലായിരിക്കരുത്‌.

“പരീശൻമാരെ, നിങ്ങൾക്ക്‌ അയ്യോ കഷ്ടം, യേശു തുടരുന്നു, “എന്തുകൊണ്ടെന്നാൽ നിങ്ങൾ തുളസിയുടെയും അരൂതയുടെയും മറെറല്ലാ സസ്യങ്ങളുടെയും ദശാംശം നൽകുന്നു. എന്നാൽ നിങ്ങൾ നീതിയും ദൈവസ്‌നേഹവും തളളിക്കളഞ്ഞിരിക്കുന്നു! ഇവ ചെയ്യാൻ നിങ്ങൾക്ക്‌ കടപ്പാടുണ്ടായിരുന്നു, എന്നാൽ മററുളളവ തളളിക്കളയാതെ തന്നെ.” ഇസ്രായേല്യർക്കുളള ദൈവത്തിന്റെ നിയമം വയലിൽ നിന്നുളള ഉൽപ്പന്നങ്ങളുടെ ദശാംശം അല്ലെങ്കിൽ പത്തിലൊന്ന്‌ നൽകാൻ നിഷ്‌കർഷിക്കുന്നു. തുളസിയും അരൂതയും ഭക്ഷണത്തിനു രുചി വരുത്താൻ ഉപയോഗിക്കുന്ന ഇലച്ചെടികളാണ്‌. ഈ അപ്രധാനമായ ഇലച്ചെടികളുടെ ദശാംശംപോലും പരീശൻമാർ വളരെ ശ്രദ്ധയോടെ നൽകുന്നു, എന്നാൽ സ്‌നേഹം കാണിക്കാനും ദയ പ്രകടമാക്കാനും എളിമയുളളവരായിരിക്കാനുമുളള അതിലും പ്രധാനമായ നിബന്ധനകൾ അവഗണിച്ചുകളയുന്നതിനാൽ യേശു അവരെ കുററം വിധിക്കുന്നു.

അവരെ കൂടുതലായി കുററം വിധിച്ചുകൊണ്ട്‌ യേശു പറയുന്നു: “പരീശൻമാരെ നിങ്ങൾക്ക്‌ അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ സിന്നഗോഗുകളുടെ മുൻനിരയിലുളള ഇരിപ്പിടങ്ങളും ചന്ത സ്ഥലത്തെ അഭിവാദനങ്ങളും നിങ്ങൾ ഇഷ്ടപ്പെടുന്നു! നിങ്ങൾക്ക്‌ അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ വ്യക്തമായി കാണാൻ കഴിയാത്ത സ്‌മാരക കല്ലറകൾപോലെയാണ്‌ നിങ്ങൾ, തൻനിമിത്തം മനുഷ്യർ അവയുടെ മീതെ നടക്കുന്നു, അവർ അത്‌ അറിയുന്നുമില്ല!” അവയുടെ അശുദ്ധി പ്രത്യക്ഷമല്ല. പരീശൻമാരുടെ മതത്തിന്‌ ബാഹ്യപ്രകടനങ്ങളുണ്ട്‌ എന്നാൽ ആന്തരിക മൂല്യമില്ല! അത്‌ കപടഭക്തിയിൽ അധിഷ്‌ഠിതമാണ്‌.

അത്തരം കുററപ്പെടുത്തലുകളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു നിയമജ്ഞൻ, ദൈവത്തിന്റെ നിയമം സംബന്ധിച്ച്‌ പണ്ഡിതനായ ഒരുവൻ, ഇപ്രകാരം പരാതി പറയുന്നു: “ഗുരോ, ഈ സംഗതികൾ പറയുകയിൽ നീ ഞങ്ങളെയും അധിക്ഷേപിക്കുകയാണ്‌.”

ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു ഈ നിയമജ്ഞരെയും ഉത്തരവാദികളാക്കുന്നു: “നിയമജ്ഞരേ, നിങ്ങൾക്ക്‌ അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾ മനുഷ്യരുടെമേൽ വഹിക്കാൻ വയ്യാത്ത ഭാരങ്ങൾ കെട്ടിവയ്‌ക്കുന്നു, എന്നാൽ നിങ്ങൾ തന്നെ ആ ഭാരങ്ങളെ നിങ്ങളുടെ ഒരു വിരൽകൊണ്ടുപോലും തൊടുന്നതുമില്ല! നിങ്ങൾക്ക്‌ അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾ പ്രവാചകൻമാരുടെ സ്‌മാരക കല്ലറകൾ പണിയുന്നു, എന്നാൽ നിങ്ങളുടെ പൂർവ്വപിതാക്കൻമാരാകട്ടെ അവരെ കൊന്നു!”

യേശു പരാമർശിക്കുന്ന ഭാരങ്ങൾ വാമൊഴിയായി കിട്ടിയിട്ടുളള പാരമ്പര്യങ്ങളാണ്‌, എന്നാൽ ഈ നിയമജ്ഞർ ആളുകളുടെ സൗകര്യത്തെ കരുതി ഇവയിൽ ഒരു ചെറിയ നിബന്ധനയിൽപോലും ഒരു വിട്ടുവീഴ്‌ചയും ചെയ്യുകയില്ലായിരുന്നു. അവർ പ്രവാചകൻമാരുടെ മരണത്തിനുപോലും കൂട്ടുനിന്നു എന്ന്‌ യേശു വെളിപ്പെടുത്തുകയും ഇപ്രകാരം മുന്നറിയിപ്പ്‌ നൽകുകയും ചെയ്യുന്നു: “‘ലോകസ്ഥാപനം മുതൽ ചൊരിയപ്പെട്ടിട്ടുളള പ്രവാചകൻമാരുടെ രക്തത്തിനെല്ലാം ഈ തലമുറയോട്‌ കണക്കു ചോദിക്കും, ഹാബേലിന്റെ രക്തം മുതൽ ആലയത്തിനും ബലിപീഠത്തിനുമിടക്ക്‌ വച്ച്‌ കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തത്തിന്‌ വരെ തന്നെ.’ അതെ, ഈ തലമുറയോട്‌ അതിന്‌ കണക്കു ചോദിക്കും എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.”

വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗ്ഗലോകത്തിന്‌ തുടക്കം കുറിച്ചത്‌ ആദാമിനും ഹവ്വായിക്കും മക്കൾ ജനിച്ചതോടെയായിരുന്നു; അപ്രകാരം ഹാബേൽ “ലോകസ്ഥാപനത്തിങ്കൽ”, ജീവിച്ചിരുന്നു. സെഖര്യാവിന്റെ ക്രൂരമായ വധത്തെ തുടർന്ന്‌ ഒരു സിറിയൻ സൈന്യം യഹൂദാ ദേശം കൊളളയടിച്ചു. തന്റെ തലമുറയുടെ അതിലും കൂടുതലായ ദുഷ്ടത നിമിത്തം അതിനെ അതിലും മോശമായി കൊളളയടിക്കുമെന്ന്‌ യേശു ക്രിസ്‌തു മുൻകൂട്ടിപ്പറയുന്നു. ഈ കൊളളയടിക്കൽ 38 വർഷങ്ങൾക്കു ശേഷം പൊ. യു. 70-ൽ സംഭവിക്കുന്നു.

തന്റെ കുററപ്പെടുത്തൽ തുടർന്നുകൊണ്ട്‌ യേശു ഇപ്രകാരം പറയുന്നു: “നിയമജ്ഞരെ, നിങ്ങൾക്ക്‌ അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തു കളഞ്ഞിരിക്കുന്നു; നിങ്ങളോ അകത്തു കടന്നില്ല, അകത്തു കടക്കുന്നവരെ തടയുകയും ചെയ്‌തു!” നിയമജ്ഞർ ദൈവവചനത്തിന്റെ അർത്ഥം തുറന്നു കൊടുത്തുകൊണ്ട്‌ ജനങ്ങൾക്ക്‌ അത്‌ വിശദീകരിച്ചു കൊടുക്കാൻ കടപ്പാടുളളവരാണ്‌. എന്നാൽ അത്‌ ചെയ്യുന്നതിൽ അവർ പരാജയപ്പെടുകയും അത്‌ മനസ്സിലാക്കാനുളള അവസരം ആളുകളിൽ നിന്ന്‌ എടുത്തുകളയുകയും ചെയ്യുന്നു.

യേശു അവരെ തുറന്നു കാട്ടിയതിൽ പരീശൻമാർക്കും നിയമജ്ഞർക്കും അവനോട്‌ വല്ലാത്ത കോപമായി. അവൻ ആ വീട്ടിൽ നിന്ന്‌ ഇറങ്ങുമ്പോൾ അവർ ശക്തമായി അവനെ എതിരിട്ടു തുടങ്ങുകയും ചോദ്യങ്ങളുമായി അവനെ വളയുകയും ചെയ്യുന്നു. അവനെ പിടികൂടാൻ തക്ക എന്തെങ്കിലും അവനെക്കൊണ്ട്‌ പറയിക്കുന്നതിന്‌ അവനെ വാക്കിൽകുരുക്കാൻ അവർ ശ്രമിക്കുന്നു. ലൂക്കോസ്‌ 11:37-54; ആവർത്തനം 14:22; മീഖാ 6:8; 2 ദിനവൃത്താന്തം 24:20-25.

▪ യേശു പരീശൻമാരെയും നിയമപണ്ഡിതരെയും കുററം വിധിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

▪ നിയമജ്ഞർ എന്തു ഭാരമാണ്‌ ജനങ്ങളുടെ മേൽ കെട്ടിവയ്‌ക്കുന്നത്‌?

▪ “ലോകസ്ഥാപനം” എപ്പോഴായിരുന്നു?