ഒരു മനുഷ്യനെ മലിനനാക്കുന്നത് എന്ത്?
അധ്യായം 56
ഒരു മനുഷ്യനെ മലിനനാക്കുന്നത് എന്ത്?
യേശുവിനോടുളള എതിർപ്പ് കൂടുതൽ ശക്തമാകുന്നു. അവന്റെ ശിഷ്യൻമാരിൽ അനേകർ അവനെ ഉപേക്ഷിച്ചു പോകുന്നു എന്നതു മാത്രമല്ല മറിച്ച് പൊ. യു. 31-ൽ അവർ യെരൂശലേമിലായിരുന്നപ്പോൾ ചെയ്‌തതുപോലെ യഹൂദ്യയിലെ യഹൂദൻമാർ അവനെ കൊല്ലാൻ ശ്രമിക്കുകയാണ്.
ഇപ്പോൾ പൊ. യു. 32-ലെ പെസഹായാണ്. സാദ്ധ്യതയനുസരിച്ച് ദൈവിക നിബന്ധനയോടുളള ചേർച്ചയിൽ യെരൂശലേമിൽ പെസഹാ ആഘോഷിക്കാനായി യേശു പോകുന്നു. എന്നിരുന്നാലും അവന്റെ ജീവൻ അപകടത്തിലായിരിക്കുകയാൽ അവൻ വളരെ സൂക്ഷ്‌മതയോടെയാണ് പോകുന്നത്. പിന്നീട് അവൻ ഗലീലയിലേക്ക് മടങ്ങിപ്പോരുന്നു.
യെരൂശലേമിൽനിന്നുളള പരീശൻമാരും ശാസ്‌ത്രിമാരും യേശുവിന്റെ അടുക്കൽ വരുമ്പോൾ അവൻ സാദ്ധ്യതയനുസരിച്ച് കഫർന്നഹൂമിലാണ്. മതപരമായ നിയമങ്ങൾ ലംഘിക്കുന്നതായി അവന്റെ നേരെ കുററം ചുമത്താൻ അവർ കാരണം അന്വേഷിക്കുകയാണ്. “നിന്റെ ശിഷ്യൻമാർ പൂർവ്വികരുടെ പാരമ്പര്യങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന് അവർ ചോദിക്കുന്നു. “ഉദാഹരണത്തിന് അവർ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകഴുകുന്നില്ല.” ഇത് ദൈവം വച്ചിരിക്കുന്ന നിബന്ധനയൊന്നുമല്ല. എന്നിരുന്നാലും ഈ പരമ്പരാഗത ആചാരം അനുഷ്‌ഠിക്കാതിരിക്കുന്നത് ഒരു വലിയ തെററായി പരീശൻമാർ കണക്കാക്കുന്നു, അതിൽ കൈകൾ മുട്ടുകൾ വരെ കഴുകുന്നത് ഉൾപ്പെട്ടിരുന്നു.
അവരുടെ ആരോപണം സംബന്ധിച്ച് അവർക്ക് മറുപടി കൊടുക്കുന്നതിന് പകരം അവർ ദുഷ്ടവും മനഃപ്പൂർവ്വവുമായ രീതിയിൽ ദൈവനിയമം ലംഘിക്കുന്നതിലേക്ക് യേശു വിരൽ ചൂണ്ടുന്നു. “നിങ്ങളുടെ പാരമ്പര്യം നിമിത്തം നിങ്ങളും ദൈവനിയമം ലംഘിക്കുന്നത് എന്ത്?” എന്ന് അവൻ അവരോട് ചോദിക്കുന്നു. “ഉദാഹരണമായി ‘അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്നും ‘അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരിക്കണമെന്നും’ ദൈവം പറഞ്ഞിരിക്കുന്നു. നിങ്ങളോ, ഒരുത്തൻ അപ്പനോടൊ അമ്മയോടൊ ‘നിനക്ക് എന്നിൽനിന്ന് ഉപകാരമായി വരേണ്ടത് ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു’ എന്ന് പറഞ്ഞാൽ അവൻ അപ്പനെ ബഹുമാനിക്കേണ്ടതില്ല എന്ന് പറയുന്നു.”
പണമോ വസ്‌തുവകകളോ മറെറന്തെങ്കിലുമോ ദൈവത്തിന് സമർപ്പിക്കപ്പെട്ടാൽ അത് ആലയം വകയാണെന്നും അത് മറേറതെങ്കിലും ഉദ്ദേശ്യത്തിൽ ഉപയോഗിക്കാവുന്നതല്ല എന്നും പരീശൻമാർ വാസ്‌തവത്തിൽ പഠിപ്പിക്കുന്നു. എന്നിരുന്നാലും യഥാർത്ഥത്തിൽ സമർപ്പിക്കപ്പെട്ട വസ്‌തു സമർപ്പിച്ചയാൾ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഈ വിധത്തിൽ തന്റെ പണമോ വസ്‌തുവകകളോ “കൊർബാൻ”—ദൈവത്തിനോ ആലയത്തിനോ അർപ്പിക്കപ്പെട്ടത്—എന്ന് വെറുതേ പറയുകമാത്രം ചെയ്‌തുകൊണ്ട് ഒരു പുത്രൻ തികച്ചും ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടിയിരുന്നേക്കാവുന്ന തന്റെ പ്രായമായ മാതാപിതാക്കളെ സഹായിക്കാനുളള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു.
ദുഷ്ടമായ രീതിയിൽ പരീശൻമാർ ദൈവനിയമത്തെ കോട്ടിക്കളയുന്നതിൽ ഉചിതമായിത്തന്നെ രോഷംപൂണ്ട യേശു ഇപ്രകാരം പറയുന്നു: “നിങ്ങൾ നിങ്ങളുടെ പാരമ്പര്യത്താൽ ദൈവനിയമം റദ്ദാക്കിക്കളഞ്ഞിരിക്കുന്നു. കപടഭക്തിക്കാരെ, ‘ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയമോ എന്നിൽ നിന്ന് അകന്നിരിക്കുന്നു. മാനുഷ കൽപ്പനകളെ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ ആരാധിച്ചുകൊണ്ടിരിക്കുന്നത് വ്യർത്ഥമായിട്ടാകുന്നു’ എന്ന് യെശയ്യാവ് നിങ്ങളെപ്പററി ഉചിതമായി പ്രവചിച്ചിരിക്കുന്നു.”
ഒരുപക്ഷേ പരീശൻമാർ യേശുവിനെ ചോദ്യം ചെയ്യാൻ അനുവദിക്കുന്നതിനുവേണ്ടി ജനക്കൂട്ടം അവനിൽനിന്ന് അകന്നുമാറിയിരുന്നിരിക്കണം. ഇപ്പോൾ യേശുവിന്റെ ശക്തമായ കുററാരോപണത്തിങ്കൽ പരീശൻമാർക്ക് ഉത്തരമൊന്നും പറയാനില്ലാതെ നിൽക്കേ അവൻ ജനക്കൂട്ടത്തെ തന്റെ അടുക്കൽ വിളിക്കുന്നു. “എന്നെ ശ്രദ്ധിച്ച് അർത്ഥം ഗ്രഹിച്ചുകൊളളുവിൻ” എന്ന് അവൻ അവരോട് പറയുന്നു. “പുറമേ നിന്ന് മമനുഷ്യന്റെ ഉളളിലേക്ക് പോകുന്ന യാതൊന്നുമല്ല ഒരുവനെ അശുദ്ധനാക്കുന്നത്; മറിച്ച് ഒരു മമനുഷ്യന്റെ ഉളളിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് അവനെ അശുദ്ധനാക്കുന്നത്.”
പിന്നീട് അവർ ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ അവന്റെ ശിഷ്യൻമാർ ചോദിക്കുന്നു: “നീ പറഞ്ഞതുകേട്ടിട്ട് പരീശൻമാർ നിങ്കൽ ഇടറിയിരിക്കുന്നത് നീ അറിയുന്നുവോ?”
മറുപടിയായി യേശു പറയുന്നു: “എന്റെ പിതാവ് നട്ടിട്ടില്ലാത്ത എല്ലാ സസ്യവും പിഴുതുകളയപ്പെടും. അവരെ വിടുവിൻ. അവർ കുരുടൻമാരായ വഴികാട്ടികളാണ്. അപ്പോൾ പിന്നെ ഒരു കുരുടൻ മറെറാരുകുരുടനെ വഴി കാണിച്ചാൽ, ഇരുവരും കുഴിയിൽ വീഴും.”
ഒരുവനെ അശുദ്ധനാക്കുന്നത് എന്ത് എന്നതു സംബന്ധിച്ച് ശിഷ്യൻമാരെ പ്രതിനിധീകരിച്ച് പത്രോസ് വിശദീകരണം ചോദിച്ചപ്പോൾ യേശു ആശ്ചര്യപ്പെട്ടതായി തോന്നുന്നു. “നിങ്ങൾക്കുപോലും ഇപ്പോഴും മനസ്സിലാകുന്നില്ലേ” എന്ന് യേശു ചോദിക്കുന്നു. “വായിൽ പ്രവേശിക്കുന്നതെല്ലാം കുടലിലൂടെ കടന്ന് മറപ്പുരയിൽ പോകുന്നു എന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടായോ? എന്നിരുന്നാലും വായിൽനിന്ന് പുറത്തേക്ക് വരുന്ന കാര്യങ്ങൾ ഹൃദയത്തിൽ നിന്ന് വരുന്നു, അവയാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഉദാഹരണത്തിന്, ദുഷ്ടന്യായവാദങ്ങൾ, കൊലപാതകങ്ങൾ, വ്യഭിചാരം, പരസംഗം, മോഷണം, കളളസാക്ഷ്യം, ദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽ നിന്ന് വരുന്നു. ഇവയാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്; എന്നാൽ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നത് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നില്ല.”
യേശു ഇവിടെ സാധാരണ രീതിയിലുളള ആരോഗ്യപരിപാലനത്തെ നിരുൽസാഹപ്പെടുത്തുകയല്ല. ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പോ അത് കഴിക്കുന്നതിനു മുമ്പോ ഒരുവൻ കൈകഴുകേണ്ട ആവശ്യമില്ല എന്ന് അവൻ വാദിക്കുകയല്ല. മറിച്ച്, തിരുവെഴുത്തു വിരുദ്ധമായ പാരമ്പര്യങ്ങൾ സംബന്ധിച്ച് നിർബന്ധം പിടിച്ചുകൊണ്ട് ദൈവത്തിന്റെ നീതിയുളള നിയമങ്ങളെ തന്ത്രപൂർവ്വം മറികടക്കാൻ ശ്രമിക്കുന്ന മതനേതാക്കൻമാരുടെ കപടഭക്തിയെ യേശു കുററം വിധിക്കുകയാണ്. അതെ, ദുഷ്ടപ്രവൃത്തികളാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഇവ ഒരു വ്യക്തിയുടെ ഹൃദയത്തിൽ ഉത്ഭവിക്കുന്നു എന്ന് യേശു പ്രകടമാക്കുന്നു. യോഹന്നാൻ 7:1; ആവർത്തനം 16:16; മത്തായി 15:1-20; മർക്കോസ് 7:1-23; പുറപ്പാട് 20:12; 21:17; യെശയ്യാവ് 29:13.
▪ യേശു ഇപ്പോൾ എന്ത് എതിർപ്പിനെയാണ് നേരിടുന്നത്?
▪ പരീശൻമാർ എന്ത് ആരോപണമാണ് ഉന്നയിക്കുന്നത്, എന്നാൽ യേശു പറയുന്നതനുസരിച്ച്, പരീശൻമാർ മനഃപൂർവ്വം ദൈവനിയമം ലംഘിക്കുന്നത് എങ്ങനെയാണ്?
▪ മനുഷ്യനെ അശുദ്ധനാക്കുന്നത് ഏതു കാര്യങ്ങളാണ് എന്നാണ് യേശു വെളിപ്പെടുത്തുന്നത്?