വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു വിവാദകേന്ദ്രം

ഒരു വിവാദകേന്ദ്രം

അധ്യായം 41

ഒരു വിവാദകേന്ദ്രം

ശിമോന്റെ വീട്ടിലെ സ്വീകരണത്തിനുശേഷം യേശു ഗലീലയിലേക്കുളള രണ്ടാം പ്രാവശ്യത്തെ പ്രസംഗപര്യടനം തുടങ്ങുന്നു. ആ പ്രദേശത്തെ അവന്റെ മുൻപര്യടനത്തിൽ അവന്റെ ആദ്യശിഷ്യൻമാരായ പത്രോസും അന്ത്രെയോസും യാക്കോബും യോഹന്നാനും അവനെ അനുഗമിച്ചിരുന്നു. എന്നാൽ ഇപ്പോൾ 12 അപ്പൊസ്‌തലൻമാരും ചില സ്‌ത്രീകളും അവനെ അനുഗമിക്കുന്നു. ഇവരിൽ മഗ്‌ദലന മറിയയും സൂസന്നയും ഹെരോദാവ്‌ രാജാവിന്റെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയായ യോഹന്നയും ഉൾപ്പെടുന്നു.

യേശുവിന്റെ ശുശ്രൂഷയുടെ ഗതിവേഗം തീവ്രമായിത്തീർന്നപ്പോൾ അതോടൊപ്പം അവന്റെ പ്രവർത്തനം സംബന്ധിച്ച വിവാദവും അങ്ങനെതന്നെയായി. അന്ധനും ഊമനും ഭൂതബാധിതനുമായ ഒരു മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നു. യേശു അവനെ സൗഖ്യമാക്കിയപ്പോൾ അവൻ ഭൂതബാധയിൽ നിന്നു സ്വതന്ത്രനാകുകയും സംസാരിക്കുന്നതിനും കാണുന്നതിനും സാധ്യമായിത്തീരുകയുംചെയ്‌തപ്പോൾ ആളുകൾ ഇളകിവശായി. അവർ ഇപ്രകാരം പറഞ്ഞു തുടങ്ങുന്നു: “ഇത്‌ ഒരുപക്ഷേ ദാവീദിന്റെ പുത്രൻ ആയിരിക്കുകയില്ലേ?”

യേശുവിനും അവന്റെ ശിഷ്യൻമാർക്കും ആഹാരം പോലും കഴിക്കാൻ സാധ്യമാകാത്തവണ്ണം അവൻ താമസിച്ചിരുന്ന ഭവനത്തിനു ചുററും അത്രമാത്രം ജനക്കൂട്ടം തടിച്ചുകൂടി. അവൻ വാഗ്‌ദത്തംചെയ്യപ്പെട്ട “ദാവീദിന്റെ പുത്രൻ” ആയിരുന്നേക്കും എന്ന്‌ പരിഗണിച്ചവരെ കൂടാതെ, അവനെ അവമാനിക്കാൻ വേണ്ടി അങ്ങ്‌ യെരൂശലേമിൽനിന്ന്‌ വന്ന ശാസ്‌ത്രിമാരും പരീശൻമാരും ഉണ്ട്‌. യേശുവിന്റെ ബന്ധുക്കൾ അവനെ ചുററിപ്പററിയുളള ബഹളത്തെക്കുറിച്ചു കേട്ടപ്പോൾ അവർ അവനെ പിടികൂടാൻ വരുന്നു. എന്തു കാരണത്താൽ?

കൊളളാം, യേശുവിന്റെ സ്വന്തം സഹോദരൻമാർ ഇപ്പോഴും അവൻ ദൈവപുത്രനാണെന്ന്‌ വിശ്വസിക്കുന്നില്ല. കൂടാതെ അവൻ മൂലം ഉളവായ പൊതുജനങ്ങളുടെ ബഹളവും വിവാദവും അവൻ നസറെത്തിൽ വളർന്നുകൊണ്ടിരുന്നപ്പോൾ അവർ അറിഞ്ഞിരുന്ന യേശുവിന്റെ സ്വഭാവമല്ലായിരുന്നു. അതുകൊണ്ട്‌ യേശുവിന്‌ മാനസികമായി ഗുരുതരമായ എന്തോ തകരാറുണ്ടെന്ന്‌ അവർ വിശ്വസിക്കുന്നു. “അവനു ബുദ്ധിഭ്രമം ഉണ്ട്‌” എന്ന്‌ അവർ നിഗമനം ചെയ്യുകയും അവനെ പിടിച്ചുകൊണ്ടുപോകണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, യേശു ഭൂതബാധിതനെ സൗഖ്യമാക്കിയെന്ന്‌ തെളിവ്‌ വ്യക്തമാക്കുന്നു. ശാസ്‌ത്രിമാർക്കും പരീശൻമാർക്കും ഇതിന്റെ യാഥാർത്ഥ്യത്തെ നിഷേധിക്കാൻ സാധ്യമല്ലെന്ന്‌ അറിയാം. അതുകൊണ്ട്‌ യേശുവിനെ അപമാനിക്കുന്നതിന്‌ അവർ ആളുകളോട്‌ ഇപ്രകാരം പറയുന്നു: “ഈ മനുഷ്യൻ ഭൂതങ്ങളുടെ ഭരണാധിപനായ ബെയെൽസെബൂലിനെ കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല.”

അവരുടെ വിചാരമറിഞ്ഞ്‌ യേശു ശാസ്‌ത്രിമാരെയും പരീശൻമാരെയും അവന്റെ അടുക്കൽ വിളിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: “തന്നിൽതന്നെ ഛിദ്രിക്കുന്ന ഏതൊരു രാജ്യവും ശൂന്യമാകും, തന്നിൽ തന്നെ ഛിദ്രിക്കുന്ന ഏതു നഗരവും ഭവനവും നിലനിൽക്കയില്ല. അതേ വിധത്തിൽ, സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തനിക്കെതിരെ തന്നെ ഛിദ്രിച്ചിരിക്കുന്നു, അപ്പോൾ അവന്റെ രാജ്യത്തിന്‌ എങ്ങനെ നിലനിൽക്കാൻ കഴിയും?”

എത്ര സുശക്തമായ യുക്തി! പരീശൻമാരുടെ അണികളിൽപെട്ടവർതന്നെ ഭൂതങ്ങളെ പുറത്താക്കിയിട്ടുണ്ട്‌ എന്ന്‌ അവർ അവകാശപ്പെടുന്നതിനാൽ യേശു ഇങ്ങനെയുംകൂടെ ചോദിക്കുന്നു: “ഞാൻ ബെയെൽസെബൂലിനെക്കൊണ്ട്‌ ഭൂതങ്ങളെ പുറത്താക്കുന്നുവെങ്കിൽ, നിങ്ങളുടെ മക്കൾ എന്തിനെക്കൊണ്ട്‌ അവയെ പുറത്താക്കുന്നു?” മററു വാക്കുകളിൽ പറഞ്ഞാൽ, യേശുവിനെതിരെയുളള അവരുടെ കുററാരോപണം അവനെപ്പോലെതന്നെ അവർക്കെതിരെയും ബാധകമാക്കപ്പെടണം. യേശു പിന്നീട്‌ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ഞാൻ ദൈവാത്‌മാവിനാലാണ്‌ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ, ദൈവരാജ്യം യഥാർത്ഥത്തിൽ നിങ്ങളെ മറികടന്നുപോയിരിക്കുന്നു.”

താൻ ഭൂതങ്ങളെ പുറത്താക്കുന്നത്‌ തനിക്ക്‌ സാത്താന്റെമേലുളള അധികാരത്തിന്റെ തെളിവാണെന്ന്‌ വിശദീകരിക്കുന്നതിന്‌ യേശു ഇപ്രകാരം പറയുന്നു: “ബലവാനായ ഒരാളെ പിടിച്ചുകെട്ടീട്ടല്ലാതെ അയാളുടെ ഭവനത്തിൽ കടക്കുന്നതിനും ബലവാനായവന്റെ ജംഗമസാധനങ്ങൾ കവർന്നുകൊണ്ടുപോകുന്നതിനും ആർക്കെങ്കിലും എങ്ങനെ കഴിയും? അതിനുശേഷം അയാൾ അയാളുടെ വീട്‌ കവർച്ചചെയ്യും. എനിക്ക്‌ അനുകൂലമല്ലാത്തവൻ എനിക്ക്‌ പ്രതികൂലമാകുന്നു, എന്നോടു കൂടെ കൂട്ടിച്ചേർക്കാത്തവൻ ചിതറിക്കുന്നു.” പരീശൻമാർ വ്യക്തമായും യേശുവിന്‌ പ്രതികൂലമാണ്‌, തങ്ങളെത്തന്നെ സാത്താന്റെ ഏജൻറൻമാരാണെന്ന്‌ പ്രകടമാക്കിക്കൊണ്ടുതന്നെ. അവർ ഇസ്രായേല്യരെ അവനിൽനിന്ന്‌ ചിതറിച്ചുകളയുന്നു.

തൽഫലമായി, യേശു “ആത്‌മാവിനെതിരെയുളള ദൂഷണം ക്ഷമിക്കയില്ല” എന്ന്‌ ഈ സാത്താന്യ എതിരാളികൾക്ക്‌ മുന്നറിയിപ്പുകൊടുക്കുന്നു. അവൻ ഇപ്രകാരം വിശദീകരിക്കുന്നു: “ആരെങ്കിലും മനുഷ്യപുത്രനെതിരെ ഒരു വാക്കു പറഞ്ഞാൽ അവനോടു ക്ഷമിക്കും; എന്നാൽ ആരെങ്കിലും പരിശുദ്ധാത്‌മാവിനെതിരെ പറഞ്ഞാൽ അവനോടു ക്ഷമിക്കയില്ല, ഇല്ല, ഈ വ്യവസ്ഥിതിയിലും വരുവാനുളളതിലും ക്ഷമിക്കയില്ല.” ആ ശാസ്‌ത്രിമാരും പരീശൻമാരും വ്യക്തമായും ദൈവത്തിന്റെ പരിശുദ്ധാത്‌മാവിനാലുളള അത്‌ഭുതപ്രവർത്തനത്തെ ദ്രോഹപൂർവം പിശാചിന്‌ ആരോപിച്ചുകൊണ്ട്‌ ക്ഷമിക്കയില്ലാത്ത പാപം ചെയ്‌തു. മത്തായി 12:22-32; മർക്കോസ്‌ 3:19-30; യോഹന്നാൻ 7:5.

▪ യേശുവിന്റെ ഗലീലയിലേക്കുളള രണ്ടാമത്തെ പര്യടനം ആദ്യത്തേതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നതെങ്ങനെ?

▪ യേശുവിന്റെ ചാർച്ചക്കാർ അവനെ പിടികൂടാൻ ശ്രമിക്കുന്നതെന്തുകൊണ്ട്‌?

▪ പരീശൻമാർ യേശുവിന്റെ അത്‌ഭുതങ്ങളെ അവമതിക്കാൻ ശ്രമിക്കുന്നതെങ്ങനെ, അവൻ അവരെ ഖണ്ഡിക്കുന്നതെങ്ങനെ?

▪ ആ പരീശൻമാർ എന്തുസംബന്ധിച്ചു കുററക്കാർ ആണ്‌, എന്തുകൊണ്ട്‌?