വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ശമര്യ സ്‌ത്രീയെ പഠിപ്പിക്കുന്നു

ഒരു ശമര്യ സ്‌ത്രീയെ പഠിപ്പിക്കുന്നു

അധ്യായം 19

ഒരു ശമര്യ സ്‌ത്രീയെ പഠിപ്പിക്കുന്നു

യേശുവും അവന്റെ ശിഷ്യൻമാരും യഹൂദ്യദേശം വിട്ട്‌ ഗലീലയിലേക്കു യാത്രചെയ്യുമ്പോൾ ശമര്യയിൽകൂടി കടന്നുപോകുന്നു. യാത്രചെയ്‌തു ക്ഷീണിച്ച്‌, ഏതാണ്ട്‌ മദ്ധ്യാഹ്നവേളയിൽ അവർ സുഖാർ പട്ടണത്തിനടുത്തുളള ഒരു കിണററിനരികെ ഇരിക്കുന്നു. നൂററാണ്ടുകൾക്ക്‌ മുമ്പ്‌ യാക്കോബാണ്‌ ഈ കിണർ കുഴിച്ചത്‌. അത്‌ ഈ കാലം വരെ ഉണ്ടുതാനും. അത്‌ ആധുനിക നബ്‌ളസ്‌ പട്ടണത്തിനടുത്താണ്‌.

യേശു ഇവിടെ വിശ്രമിക്കുമ്പോൾ അവന്റെ ശിഷ്യൻമാർ അൽപ്പം ഭക്ഷ്യവസ്‌തുക്കൾ വാങ്ങുന്നതിനായി നഗരത്തിലേയ്‌ക്ക്‌ പോകുന്നു. അപ്പോൾ ഒരു ശമര്യ സ്‌ത്രീ വെളളം കോരുവാൻ വരുന്നു. യേശു അവളോട്‌ ഇപ്രകാരം അപേക്ഷിക്കുന്നു: “എനിക്ക്‌ അൽപ്പം കുടിക്കാൻ തരിക.”

ആഴമേറിയ മുൻവിധികൾ നിമിത്തം യഹൂദൻമാർക്കും ശമര്യർക്കും തമ്മിൽ സാധാരണ സമ്പർക്കമില്ല. അതുകൊണ്ട്‌ സ്‌ത്രീ അതിശയംപൂണ്ട്‌ ഇപ്രകാരം ചോദിക്കുന്നു: “നീ ഒരു യഹൂദനായിരിക്കെ ഒരു ശമര്യക്കാരിയായ എന്നോട്‌ കുടിക്കാൻ ചോദിക്കുന്നതെങ്ങനെ?”

“‘എനിക്ക്‌ അൽപ്പം കുടിക്കാൻ തരിക’ എന്ന്‌ നിന്നോട്‌ ചോദിക്കുന്നത്‌ ആരെന്ന്‌ നീ അറിഞ്ഞിരുന്നെങ്കിൽ നീ അവനോട്‌ ചോദിക്കുകയും അവൻ നിനക്ക്‌ ജീവജലം നൽകുകയും ചെയ്യുമായിരുന്നു.”

“യജമാനനേ, വെളളം കോരാൻ നിനക്ക്‌ ഒരു തൊട്ടിപോലുമില്ലല്ലോ, കിണറിനാണെങ്കിൽ ആഴവുമുണ്ട്‌. അപ്പോൾ പിന്നെ എവിടെ നിന്നാണ്‌ അങ്ങേയ്‌ക്ക്‌ ജീവനുളള ജലം ലഭിക്കുക? ഞങ്ങൾക്ക്‌ ഈ കിണർ തന്ന ഞങ്ങളുടെ പൂർവ്വപിതാവായ യാക്കോബിനെക്കാൾ നീ വലിയവനല്ല ആണോ? അവൻ തന്നെയും അവന്റെ പുത്രൻമാരും അവന്റെ ആടുമാടുകളും ഇതിൽ നിന്ന്‌ കുടിച്ചു.”

“ഈ വെളളം കുടിക്കുന്ന ഏതൊരുവനും വീണ്ടും ദാഹിക്കും,” യേശു പറഞ്ഞു. “ഞാൻ നൽകുന്ന വെളളം കുടിക്കുന്നവനോ മേലാൽ ഒരിക്കലും ദാഹിക്കുകയില്ല, എന്നാൽ ഞാൻ നൽകുന്ന വെളളം അവനിൽ നിത്യജീവൻ നൽകാൻ കുമിഞ്ഞു പൊന്തുന്ന ഒരു നീരുറവയായിത്തീരും.”

“യജമാനനെ, എനിക്ക്‌ ദാഹിക്കാതെയും വെളളം കോരാൻ ഞാൻ ഇവിടെ വരാതെയുമിരിക്കേണ്ടതിന്‌ എനിക്ക്‌ ആ വെളളം തന്നാലും” എന്ന്‌ സ്‌ത്രീ പ്രതിവചിക്കുന്നു.

“പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടു വരിക” എന്ന്‌ യേശു ആവശ്യപ്പെടുന്നു.

“എനിക്ക്‌ ഭർത്താവില്ല,” അവൾ ഉത്തരം പറയുന്നു.

യേശു അവളുടെ പ്രസ്‌താവന സമർത്ഥിക്കുന്നു. “‘എനിക്ക്‌ ഭർത്താവില്ല’ എന്ന്‌ നീ പറഞ്ഞത്‌ ശരി. നിനക്ക്‌ അഞ്ച്‌ ഭർത്താക്കൻമാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉളളവനോ നിന്റെ ഭർത്താവല്ല.”

“യജമാനനേ, നീ ഒരു പ്രവാചകൻ എന്ന്‌ ഞാൻ കാണുന്നു,” സ്‌ത്രീ അതിശയം പൂണ്ട്‌ പറയുന്നു. തന്റെ ആത്മീയ താൽപ്പര്യം വെളിപ്പെടുത്തിക്കൊണ്ട്‌ അവൾ ഇപ്രകാരം കുറിക്കൊളളുന്നു: “ശമര്യക്കാർ ഈ പർവ്വതത്തിൽ [സമീപത്തുളള ഗെരീസീം] ആരാധന കഴിച്ചു പോരുന്നു; എന്നാൽ ആളുകൾ ആരാധന കഴിക്കേണ്ടത്‌ യെരൂശലേമിലാണെന്ന്‌ നിങ്ങൾ [യഹൂദൻമാർ] പറയുന്നു.”

എന്നാൽ ആരാധനയുടെ സ്ഥാനമല്ല പ്രധാന സംഗതി എന്ന്‌ യേശു ചൂണ്ടിക്കാണിക്കുന്നു. “സത്യനമസ്‌ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു” എന്ന്‌ അവൻ പറയുന്നു, “എന്തുകൊണ്ടെന്നാൽ വാസ്‌തവത്തിൽ തന്നെ ആരാധിക്കാൻ അങ്ങനെയുളളവരെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നത്‌. ദൈവം ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.”

സ്‌ത്രീക്ക്‌ ആഴമായ മതിപ്പുളവാകുന്നു. “ക്രിസ്‌തു എന്ന്‌ വിളിക്കപ്പെടുന്ന മശിഹാ വരുന്നു എന്ന്‌ ഞാൻ അറിയുന്നു. അവൻ വരുമ്പോൾ അവൻ സകലതും തെളിവായി അറിയിച്ചുതരും” എന്ന്‌ അവൾ പറയുന്നു.

“നിന്നോട്‌ സംസാരിക്കുന്ന ഞാനാണ്‌ മശിഹാ” എന്ന്‌ യേശു പ്രസ്‌താവിക്കുന്നു. ഇതിനെക്കുറിച്ച്‌ ചിന്തിക്കുക! ഈ സ്‌ത്രീ മദ്ധ്യാഹ്നത്തിൽ വെളളം കോരാൻ വരുന്നത്‌ ഒരുപക്ഷേ തന്റെ ജീവിതരീതി നിമിത്തം തന്നോട്‌ അവജ്ഞ കാട്ടുന്ന മററ്‌ സ്‌ത്രീകളുമായുളള സമ്പർക്കം ഒഴിവാക്കുന്നതിനുവേണ്ടിയായിരിക്കണം. എന്നാൽ അത്ഭുതകരമായ ഒരു വിധത്തിൽ യേശു ഇവളോട്‌ ഉദാരമായി പെരുമാറുന്നു. അവൻ മററാരോടും തെളിവായി പറയാത്ത സംഗതി അവളോട്‌ വെട്ടിത്തുറന്ന്‌ പറയുന്നു. പരിണതഫലമെന്തായിരുന്നു?

അനേകം ശമര്യാക്കാർ വിശ്വസിക്കുന്നു

ശിഷ്യൻമാർ സുഖാറിൽ നിന്ന്‌ ഭക്ഷണവുമായി മടങ്ങിവരുമ്പോൾ, അവർ യേശുവിനെ യാക്കോബിന്റെ കിണററിങ്കൽ കണ്ടെത്തുന്നു. അവിടെയാണ്‌ അവർ അവനെ വിട്ടിട്ടുപോയത്‌. എന്നാൽ അവൻ ഇപ്പോൾ ഒരു ശമര്യസ്‌ത്രീയുമായി സംസാരിക്കുകയാണ്‌. ശിഷ്യൻമാർ എത്തുമ്പോൾ അവൾ കുടം അവിടെ വച്ചിട്ട്‌ പട്ടണത്തിലേക്ക്‌ പോകുന്നു.

യേശു അവളോട്‌ പറഞ്ഞ കാര്യങ്ങളിലെ ആഴമായ താല്‌പര്യം നിമിത്തം, അവൾ പട്ടണവാസികളോട്‌ ഇപ്രകാരം പറയുന്നു: “ഞാൻ ചെയ്‌തതൊക്കെയും എന്നോട്‌ പറഞ്ഞ ഒരു മനുഷ്യനെ വന്നു കാൺമിൻ.” അതിനുശേഷം ജിജ്ഞാസ വർദ്ധിപ്പിക്കത്തക്കവിധത്തിൽ അവൾ ഇപ്രകാരം ചോദിക്കുന്നു: “അവൻ പക്ഷേ ക്രിസ്‌തു ആയിരിക്കുമോ?” ആ ചോദ്യം അതിന്റെ ലക്ഷ്യം സാധിക്കുന്നു—അവർ അവനെ നേരിൽ കാണുന്നതിന്‌ പുറപ്പെടുന്നു.

അതിനിടയിൽ, തങ്ങൾ പട്ടണത്തിൽ നിന്ന്‌ കൊണ്ടുവന്ന ആഹാരം ഭക്ഷിക്കുന്നതിന്‌ ശിഷ്യൻമാർ യേശുവിനോടപേക്ഷിക്കുന്നു. എന്നാൽ അവൻ ഇപ്രകാരം ഉത്തരം പറയുന്നു: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കുണ്ട്‌.”

“അവനുവേണ്ടി ആരെങ്കിലും എന്തെങ്കിലും കൊണ്ടുവന്നുവോ?” ശിഷ്യൻമാർ അന്യോന്യം ചോദിക്കുന്നു. അപ്പോൾ യേശു വിശദീകരിക്കുന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുകയും അവന്റെ വേല തീർക്കുകയും ചെയ്യുന്നതാണ്‌ എന്റെ ആഹാരം. കൊയ്‌ത്തിനുമുമ്പ്‌ ഇനി നാല്‌ മാസമുണ്ടെന്ന്‌ നിങ്ങൾ പറയുന്നില്ലയോ?” എന്നാൽ ആത്മീയ കൊയ്‌ത്തിലേക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ യേശു പറയുന്നു: “നിങ്ങൾ കണ്ണുകളുയർത്തി വയലുകളെ നോക്കുവിൻ, അവ കൊയ്‌ത്തിന്‌ വെളുത്തിരിക്കുന്നു. ഇപ്പോൾ തന്നെ കൊയ്‌ത്തുകാരന്‌ കൂലി ലഭിക്കുകയും നിത്യജീവനുവേണ്ടി ഫലം ശേഖരിക്കുകയും ചെയ്യുന്നു. വിതക്കാരനും കൊയ്‌ത്തുകാരനും ഒരുമിച്ച്‌ സന്തോഷിക്കേണ്ടതിന്‌ തന്നെ.”

ഒരുപക്ഷേ യേശുവിന്‌ താൻ ശമര്യസ്‌ത്രീയുമായി കണ്ടുമുട്ടിയതിന്റെ ഫലം കാണാൻ കഴിഞ്ഞിരിക്കാം—അതായത്‌ അവളുടെ സാക്ഷ്യത്തിന്റെ ഫലമായി അനേകർ അവനിൽ വിശ്വാസമർപ്പിക്കുന്നത്‌. “ഞാൻ ചെയ്‌തതെല്ലാം അവൻ എന്നോട്‌ പറഞ്ഞു” എന്ന്‌ പറഞ്ഞുകൊണ്ട്‌ അവൾ പട്ടണവാസികളോട്‌ സാക്ഷ്യം പറയുകയാണ്‌. അതുകൊണ്ട്‌ സുഖാർ നിവാസികൾ കിണററിങ്കൽ അവനെ കാണാൻ എത്തിയപ്പോൾ, തങ്ങളോട്‌ കൂടുതൽ കാര്യങ്ങൾ പറയുന്നതിനായി അവിടെ പാർക്കാൻ ആവശ്യപ്പെടുന്നു. യേശു ക്ഷണം സ്വീകരിക്കുകയും രണ്ട്‌ ദിവസം അവിടെ കഴിയുകയും ചെയ്യുന്നു.

ശമര്യർ യേശുവിനെ ശ്രദ്ധിക്കുമളവിൽ മററനേകർ അവനിൽ വിശ്വസിക്കുന്നു. പിന്നീട്‌ അവർ സ്‌ത്രീയോട്‌ ഇപ്രകാരം പറയുന്നു: “ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്‌; എന്തുകൊണ്ടെന്നാൽ ഞങ്ങൾതന്നെ കേൾക്കുകയും അവൻ സാക്ഷാൽ ലോക രക്ഷിതാവ്‌ എന്ന്‌ അറിയുകയും ചെയ്‌തിരിക്കുന്നു.” ആകാംക്ഷ ജനിപ്പിച്ചുകൊണ്ട്‌ ക്രിസ്‌തുവിനെക്കുറിച്ച്‌ സാക്ഷ്യം പറയാൻ കഴിയുന്ന നല്ലൊരു ദൃഷ്ടാന്തം വാസ്‌തവത്തിൽ ഈ ശമര്യസ്‌ത്രീ പ്രദാനം ചെയ്യുന്നു. അപ്രകാരം ചെയ്‌താൽ ശ്രോതാക്കൾ കൂടുതൽ അറിയാൻ ആഗ്രഹിക്കും!

ഇത്‌ കൊയ്‌ത്തിന്‌—സ്‌പഷ്ടമായും, പലസ്‌തീനിൽ വസന്തകാലത്ത്‌ നടക്കുന്ന യവ കൊയ്‌ത്തിന്‌—നാല്‌ മാസം മുമ്പാണെന്ന്‌ ഓർക്കുക. അതിനാൽ ഇത്‌ ഒരുപക്ഷേ നവംബറോ ഡിസംബറോ ആണ്‌. ഇതിന്റെയർത്ഥം പൊ. യു. 30-ലെ പെസഹായെ തുടർന്ന്‌ യേശുവും അവന്റെ ശിഷ്യൻമാരും പഠിപ്പിക്കുകയും സ്‌നാപനപ്പെടുത്തുകയും ചെയ്‌തുകൊണ്ട്‌ യഹൂദ്യയിൽ ഏതാണ്ട്‌ എട്ട്‌ മാസം ചെലവഴിച്ചിരിക്കണം. അവർ ഇപ്പോൾ തങ്ങളുടെ സ്വന്തപ്രദേശമായ ഗലീലയ്‌ക്കു പുറപ്പെടുന്നു. അവിടെ എന്താണ്‌ സംഭവിക്കുന്നത്‌? യോഹന്നാൻ 4:3-43.

▪ യേശു ശമര്യസ്‌ത്രീയോട്‌ സംസാരിച്ചപ്പോൾ അവൾ അതിശയിച്ചതെന്തുകൊണ്ട്‌?

▪ ജീവജലത്തെക്കുറിച്ചും എവിടെ ആരാധിക്കണമെന്നതു സംബന്ധിച്ചും യേശു അവളെ പഠിപ്പിക്കുന്നതെന്ത്‌?

▪ താൻ ആരാണെന്ന്‌ യേശു അവളോട്‌ വെളിപ്പെടുത്തുന്നതെങ്ങനെ, ഈ വെളിപ്പെടുത്തൽ വളരെ വിസ്‌മയകരമായിരിക്കുന്നതെന്തുകൊണ്ട്‌?

▪ ശമര്യസ്‌ത്രീ എന്ത്‌ സാക്ഷ്യം നൽകുന്നു, പരിണതഫലമെന്ത്‌?

▪ യേശുവിന്റെ ആഹാരം കൊയ്‌ത്തിനോട്‌ ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?

▪ പൊ. യു. 30-ലെ പെസഹായെ തുടർന്നുളള യേശുവിന്റെ യഹൂദ്യയിലെ ശുശ്രൂഷയുടെ ദൈർഘ്യം നമുക്ക്‌ നിർണ്ണയിക്കാൻ കഴിയുന്നതെങ്ങനെ?