വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒററിക്കൊടുക്കലും അറസ്‌ററും

ഒററിക്കൊടുക്കലും അറസ്‌ററും

അധ്യായം 118

ഒററിക്കൊടുക്കലും അറസ്‌ററും

യൂദാ പടയാളികളും മുഖ്യപുരോഹിതൻമാരും പരീശൻമാരും മററുളളവരും ഉൾപ്പെട്ട ഒരു വലിയ ജനക്കൂട്ടത്തെ ഗെത്ത്‌ശെമന തോട്ടത്തിലേക്ക്‌ നയിച്ചുകൊണ്ടു ചെല്ലുമ്പോൾ സമയം പാതിരാത്രിയൊക്കെ കഴിഞ്ഞിരിക്കുന്നു. യേശുവിനെ കാണിച്ചുകൊടുക്കുന്നതിന്‌ യൂദാക്ക്‌ 30 വെളളി നാണയം കൊടുക്കാമെന്ന്‌ പുരോഹിതൻമാർ സമ്മതിച്ചിരിക്കുന്നു.

നേരത്തെ, യൂദാ പെസഹാ ഭക്ഷണവേളയിൽ പുറന്തളളപ്പെട്ടപ്പോൾ അവൻ നേരെ പോയത്‌ മുഖ്യപുരോഹിതൻമാരുടെ അടുത്തേക്കുതന്നെയാണ്‌. അവർ ഉടനെതന്നെ അവരുടെ ഉദ്യോഗസ്ഥൻമാരെയും ഒരു സംഘം പടയാളികളെയും വിളിച്ചുകൂട്ടി. യൂദാ ഒരുപക്ഷേ ആദ്യം യേശുവും അപ്പൊസ്‌തലൻമാരും പെസഹ ആഘോഷിച്ച സ്ഥലത്തേക്ക്‌ അവരെ കൂട്ടിക്കൊണ്ടുപോയിരിക്കാം. അവർ അവിടം വിട്ടുപോയി എന്നു മനസ്സിലാക്കിയപ്പോൾ ആയുധങ്ങളും പന്തങ്ങളും വിളക്കുകളുമായി, ജനക്കൂട്ടം യൂദായുടെ പിന്നാലെ യെരൂശലേമിൽനിന്ന്‌ പുറപ്പെട്ട്‌ കിദ്രോൻ താഴ്‌വര കടന്നു.

അവൻ ജനക്കൂട്ടത്തെ ഒലിവുമലയിലേക്ക്‌ നയിക്കുമ്പോൾ യേശുവിനെ എവിടെ കണ്ടെത്താമെന്ന്‌ അവന്‌ ഉറപ്പുണ്ട്‌. തലേവാരത്തിൽ യേശുവും അപ്പൊസ്‌തലൻമാരും ബെഥനിയിൽ നിന്ന്‌ യെരൂശലേമിലേക്കും തിരിച്ചും യാത്ര ചെയ്‌തപ്പോൾ അവർ മിക്കപ്പോഴും വിശ്രമിക്കുന്നതിനും സംഭാഷിക്കുന്നതിനുമായി ഗെത്ത്‌ശെമന തോട്ടത്തിൽ സമയം ചെലവഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒലിവുമരച്ചുവട്ടിലെ ഇരുളിന്റെ മറവിൽ പടയാളികൾ യേശുവിനെ എങ്ങനെയാണ്‌ തിരിച്ചറിയുക? അവർ മുമ്പൊരിക്കലും അവനെ കണ്ടിട്ടില്ലായിരിക്കാം. അതുകൊണ്ട്‌ യൂദാ അവർക്ക്‌ ഒരു അടയാളം പറഞ്ഞുകൊടുക്കുന്നു: “ഞാൻ ആരെ ചുംബിക്കുന്നുവോ അവൻതന്നെ ആണ്‌; അവനെ പിടിച്ച്‌ ബന്ധിച്ചുകൊണ്ട്‌ പൊയ്‌ക്കൊളളുവിൻ.”

യൂദാ ജനക്കൂട്ടത്തെ തോട്ടത്തിലേക്ക്‌ നയിക്കുന്നു, അവൻ അപ്പൊസ്‌തലൻമാരോടൊപ്പം യേശുവിനെ കാണുന്നു. അവൻ നേരെ ചെന്ന്‌ “റബ്ബീ! വന്ദനം” എന്ന്‌ പറഞ്ഞ്‌ യേശുവിനെ സ്‌നേഹപൂർവ്വം ചുംബിക്കുന്നു.

“സ്‌നേഹിതാ നീ എന്തിനു വന്നിരിക്കുന്നു?” എന്ന്‌ യേശു ചോദിക്കുന്നു. എന്നിട്ട്‌ തന്റെ ചോദ്യത്തിന്‌ താൻ തന്നെ ഉത്തരം നൽകിക്കൊണ്ട്‌ ചോദിക്കുന്നു, “യൂദാ നീ ഒരു ചുംബനം കൊണ്ട്‌ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നുവോ?” എന്നാൽ ഒററുകാരനെപ്പററി പറഞ്ഞതു മതി! യേശു പന്തങ്ങളുടെയും വിളക്കുകളുടെയും വെളിച്ചത്തിലേക്ക്‌ മാറി നിന്ന്‌ ചോദിക്കുന്നു: “നിങ്ങൾ ആരെ അന്വേഷിക്കുന്നു?”

“നസറായനായ യേശുവിനെ,” അവർ ഉത്തരമായി പറഞ്ഞു.

“അവൻ ഞാനാകുന്നു,” അവരുടെയെല്ലാം മുമ്പിൽ നിന്നുകൊണ്ട്‌ യേശു ധൈര്യസമേതം പറയുന്നു. അവന്റെ ധൈര്യം കണ്ട്‌ അന്ധാളിച്ചും എന്താണ്‌ സംഭവിക്കാൻ പോകുന്നതെന്നറിയാതെയും അവർ പിന്നോക്കം പോയി നിലത്തു വീഴുന്നു.

“അവൻ ഞാനാണെന്ന്‌ ഞാൻ പറഞ്ഞുവല്ലോ,” ശാന്തനായി യേശു തുടരുന്നു. “നിങ്ങൾ എന്നെയാണ്‌ അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്‌ക്കൊളളട്ടെ.” കുറച്ചു മുൻപ്‌ മാളികമുറിയിൽ വച്ച്‌ താൻ തന്റെ വിശ്വസ്‌തരായ അപ്പൊസ്‌തലൻമാരെ കാത്തു സൂക്ഷിച്ചിരുന്നുവെന്നും “ആ നാശപുത്രൻ” അല്ലാതെ ആരും നഷ്ടമായിപ്പോയിട്ടില്ലെന്നും യേശു തന്റെ പിതാവിനോടുളള പ്രാർത്ഥനയിൽ പറഞ്ഞിരുന്നു. അതുകൊണ്ട്‌ തന്റെ വാക്കുകൾ നിവൃത്തിയാകേണ്ടതിന്‌ തന്റെ അനുയായികൾ പോകാൻ അനുവദിക്കണമെന്ന്‌ യേശു ആവശ്യപ്പെടുന്നു.

പടയാളികൾ തങ്ങളുടെ സമനില വീണ്ടെടുക്കുകയും എഴുന്നേററ്‌ യേശുവിനെ ബന്ധിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ എന്താണ്‌ സംഭവിക്കാൻ പോകുന്നത്‌ എന്ന്‌ അപ്പൊസ്‌തലൻമാർക്ക്‌ മനസ്സിലാകുന്നു. “കർത്താവേ, ഞങ്ങൾ വാൾകൊണ്ട്‌ വെട്ടട്ടെയോ?” അവർ ചോദിക്കുന്നു. യേശു മറുപടി പറയുംമുമ്പേ പത്രോസ്‌ അപ്പൊസ്‌തലൻമാരുടെ കൈവശമുണ്ടായിരുന്ന രണ്ട്‌ വാളുകളിൽ ഒന്ന്‌ വീശി പ്രധാനപുരോഹിതന്റെ സേവകരിൽ ഒരുവനായ മൽക്കൊസിനെ ആക്രമിക്കുന്നു. പത്രോസിന്റെ വെട്ട്‌ ആ ദാസന്റെ തലക്കു കൊളളാതെ അവന്റെ വലതുകാതു ഛേദിക്കുന്നു.

“അരുത്‌,” എന്ന്‌ പറഞ്ഞ്‌ യേശു ഇടപെടുകയും മൽക്കൊസിന്റെ ചെവിതൊട്ട്‌ മുറിവ്‌ സുഖമാക്കുകയും ചെയ്യുന്നു. പിന്നെ പത്രോസിനോട്‌ ഇങ്ങനെ കൽപ്പിച്ചുകൊണ്ട്‌ യേശു ഒരു സുപ്രധാനമായ പാഠം പഠിപ്പിക്കുന്നു: “നിന്റെ വാൾ അതിന്റെ ഉറയിൽ ഇടുക, എന്തുകൊണ്ടെന്നാൽ വാളെടുക്കുന്നവനെല്ലാം വാളാൽ നശിക്കും. അല്ലെങ്കിൽ ഇപ്പോൾ തന്നെ പന്ത്രണ്ട്‌ ലെഗ്യോനിലധികം ദൂതൻമാരെ അയച്ചു തരുവാൻ എനിക്ക്‌ എന്റെ പിതാവിനോട്‌ അപേക്ഷിച്ചുകൂടാ എന്ന്‌ നീ കരുതുന്നുവോ?”

അറസ്‌ററ്‌ വരിക്കാൻ യേശുവിന്‌ മനസ്സാണ്‌, എന്തുകൊണ്ടെന്നാൽ അവൻ വിശദീകരിക്കുന്നു: “അപ്പോൾ ഇങ്ങനെ സംഭവിക്കണമെന്നുളള തിരുവെഴുത്തുകൾ എങ്ങനെ പൂർത്തിയാകും?” “എന്റെ പിതാവ്‌ എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?” എന്ന്‌ യേശു കൂട്ടിച്ചേർക്കുന്നു. തന്നെ സംബന്ധിച്ചുളള ദൈവേഷ്ടത്തോട്‌ അവൻ പൂർണ്ണ യോജിപ്പിലാണ്‌!

പിന്നെ യേശു ജനക്കൂട്ടത്തെ അഭിസംബോധനചെയ്യുന്നു. “ഒരു കൊളളക്കാരന്‌ എതിരെ എന്നപോലെ എന്നെ പിടികൂടാൻ നിങ്ങൾ വാളുകളും വടികളുമായി വന്നിരിക്കുന്നുവോ?” അവൻ ചോദിക്കുന്നു. “ദിനംപ്രതി ഉപദേശിച്ചുകൊണ്ട്‌ ഞാൻ ദേവാലയത്തിൽ ഇരുന്നിരുന്നു, എന്നാൽ നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ പ്രവാചകൻമാരുടെ തിരുവെഴുത്തുകൾക്ക്‌ നിവൃത്തി വരേണ്ടതിന്‌ ഇവയെല്ലാം സംഭവിച്ചിരിക്കുന്നു.”

അതിങ്കൽ പട്ടാളസംഘവും സൈനികോദ്യോഗസ്ഥനും യഹൂദൻമാരുടെ ഉദ്യോഗസ്ഥൻമാരും ചേർന്ന്‌ യേശുവിനെ പിടിച്ച്‌ ബന്ധിക്കുന്നു. ഇതു കാണുമ്പോൾ അപ്പൊസ്‌തലൻമാർ യേശുവിനെ ഉപേക്ഷിച്ച്‌ ഓടിപ്പോകുന്നു. എന്നിരുന്നാലും ഒരു ചെറുപ്പക്കാരൻ—ഒരുപക്ഷേ ശിഷ്യനായ മർക്കോസ്‌—ജനക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുന്നു. അവൻ യേശു പെസഹാ ആഘോഷിച്ച ഭവനത്തിൽ ഉണ്ടായിരുന്നവനും പിന്നീട്‌ അവിടെ നിന്ന്‌ ജനക്കൂട്ടത്തിന്റെ പിന്നാലെ വന്നവനുമായിരിക്കാം. എന്നിരുന്നാലും ഇപ്പോൾ ആരോ അവനെ തിരിച്ചറിയുകയും അവനെ പിടികൂടാൻ ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. എന്നാൽ അവൻ തന്റെ ശണവസ്‌ത്രം ഉപേക്ഷിച്ചിട്ട്‌ ഓടി രക്ഷപ്പെടുന്നു. മത്തായി 26:47-56; മർക്കോസ്‌ 14:43-52; ലൂക്കോസ്‌ 22:47-53; യോഹന്നാൻ 17:12; 18:3-12.

▪ യേശുവിനെ ഗെത്ത്‌ശെമന തോട്ടത്തിൽ കണ്ടെത്താൻ കഴിയുമെന്ന്‌ യൂദാക്ക്‌ ഉറപ്പുണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

▪ യേശു തന്റെ അപ്പൊസ്‌തലൻമാരോട്‌ താൽപ്പര്യം പ്രകടമാക്കുന്നത്‌ എങ്ങനെ?

▪ യേശുവിനെ സംരക്ഷിക്കാൻ വേണ്ടി പത്രോസ്‌ എന്തു നടപടി കൈക്കൊളളുന്നു, എന്നാൽ യേശു പത്രോസിനോട്‌ അത്‌ സംബന്ധിച്ച്‌ എന്തു പറയുന്നു?

▪ തന്നെ സംബന്ധിച്ചുളള ദൈവേഷ്ടത്തോട്‌ താൻ പൂർണ്ണയോജിപ്പിലാണെന്ന്‌ യേശു എങ്ങനെ പ്രകടമാക്കുന്നു?

▪ അപ്പൊസ്‌തലൻമാർ യേശുവിനെ ഉപേക്ഷിച്ചുപോകുമ്പോൾ ആർ അവനോടുകൂടെ നിൽക്കുന്നു, അവന്‌ എന്തു സംഭവിക്കുന്നു?