വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കണ്ടാലും! മനുഷ്യനിതാ!”

“കണ്ടാലും! മനുഷ്യനിതാ!”

അധ്യായം 123

“കണ്ടാലും! മനുഷ്യനിതാ!”

യേശുവിന്റെ പെരുമാററത്തിൽ മതിപ്പ്‌ തോന്നിയും അവന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞും അവനെ വിട്ടയക്കാൻ പീലാത്തൊസ്‌ മറെറാരു മാർഗ്ഗം ആരായുന്നു. അവൻ ജനക്കൂട്ടത്തോട്‌ പറയുന്നു: “പെസഹാക്ക്‌ ഞാൻ നിങ്ങൾക്ക്‌ ഒരാളെ വിട്ടുതരുന്ന പതിവുണ്ടല്ലോ.”

ബറബ്ബാസ്‌ എന്ന കുപ്രസിദ്ധനായ ഒരു കൊലപ്പുളളിയും അന്ന്‌ ജയിലിൽ കിടപ്പുണ്ട്‌, അതുകൊണ്ട്‌ പീലാത്തൊസ്‌ ചോദിക്കുന്നു: “ഞാൻ ആരെ നിങ്ങൾക്ക്‌ വിട്ടുതരണമെന്നാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌, ബറബ്ബാസിനെയോ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?”

മുഖ്യപുരോഹിതൻമാർ അവരെ പറഞ്ഞു സമ്മതിപ്പിച്ചിരുന്നതിനാൽ ബറബ്ബാസിനെ വിട്ടയക്കാനും യേശുവിനെ വധിക്കാനും ജനം ആവശ്യപ്പെടുന്നു. ശ്രമം ഉപേക്ഷിക്കാതെ പീലാത്തൊസ്‌ വീണ്ടും എടുത്തു ചോദിക്കുന്നു: “ഞാൻ ഈ രണ്ടുപേരിൽ ആരെ വിട്ടുതരണമെന്നാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?”

“ബറബ്ബാസിനെ,” അവർ വിളിച്ചു പറയുന്നു.

“അപ്പോൾ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” സംഭ്രമത്തോടെ പീലാത്തൊസ്‌ ചോദിക്കുന്നു.

“അവൻ കഴുവേററപ്പെടട്ടെ!” “കഴുവേററുക! അവനെ കഴുവേററുക!” ഏകസ്വരത്തിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ അവർ അട്ടഹസിക്കുന്നു.

നിരപരാധിയായ ഒരു മമനുഷ്യന്റെ മരണമാണ്‌ അവർ ആവശ്യപ്പെടുന്നത്‌ എന്നറിഞ്ഞുകൊണ്ട്‌ പീലാത്തൊസ്‌ യാചനാസ്വരത്തിൽ അവരോട്‌ ചോദിക്കുന്നു: “എന്തിന്‌, ഈ മനുഷ്യൻ എന്തു ദോഷമാണ്‌ ചെയ്‌തത്‌? ഞാൻ അവനിൽ മരണയോഗ്യമായത്‌ ഒന്നും കാണുന്നില്ല; അതുകൊണ്ട്‌ ഞാൻ അവനെ അടിപ്പിച്ച്‌ വിട്ടയക്കും.”

അവൻ ഇത്രയെല്ലാം ശ്രമിച്ചിട്ടും പ്രകോപിതരായ ജനക്കൂട്ടം അവരുടെ മതനേതാക്കൻമാരുടെ പ്രേരണക്ക്‌ വഴങ്ങി, “അവൻ കഴുവേററപ്പെടട്ടെ!” എന്ന്‌ വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. പുരോഹിതൻമാരാൽ ഭ്രാന്തു പിടിപ്പിക്കപ്പെട്ട ജനം രക്തദാഹികളായി മാറുന്നു. അഞ്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ അവരിൽ ചിലർതന്നെ ഒരുപക്ഷേ യേശുവിനെ രാജാവായി യെരൂശലേമിലേക്ക്‌ സ്വാഗതം ചെയ്‌തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കണം! ഈ സമയമെല്ലാം യേശുവിന്റെ ശിഷ്യൻമാർ, അവർ അവിടെ സന്നിഹിതരായിരുന്നെങ്കിൽ നിശബ്ദരായും ആരുടെയും ശ്രദ്ധയിൽപ്പെടാതെയും കഴിയുന്നു.

തന്റെ അഭ്യർത്ഥനകളൊന്നും വിലപ്പോകുന്നില്ലെന്നും മറിച്ച്‌ ബഹളം മൂക്കുന്നതേയുളളു എന്നും മനസ്സിലാക്കിയ പീലാത്തൊസ്‌ വെളളമെടുത്ത്‌ ജനക്കൂട്ടത്തിന്റെ മുമ്പാകെ വച്ച്‌ തന്റെ കൈകൾ കഴുകിക്കൊണ്ട്‌ പറയുന്നു: “ഞാൻ ഈ മമനുഷ്യന്റെ രക്തം സംബന്ധിച്ച്‌ നിരപരാധിയാണ്‌. നിങ്ങൾ തന്നെ ഇതിന്‌ ഉത്തരവാദികളായിരിക്കും”. അതിങ്കൽ ജനങ്ങൾ മറുപടിയായി പറയുന്നു: “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊളളട്ടെ.”

അതുകൊണ്ട്‌ അവരുടെ ആവശ്യാനുസരണം—ശരിയെന്ന്‌ അയാൾക്ക്‌ അറിയാവുന്നത്‌ ചെയ്യുന്നതിനേക്കാൾ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താൻ ആഗ്രഹിച്ചുകൊണ്ട്‌ പീലാത്തൊസ്‌ ബറബ്ബാസിനെ അവർക്ക്‌ വിട്ടുകൊടുക്കുന്നു. യേശുവിനെയാകട്ടെ അവൻ വസ്‌ത്രം ഉരിയിച്ചു മാററി ചമ്മട്ടികൊണ്ട്‌ അടിപ്പിക്കുന്നു. ഇത്‌ സാധാരണ രീതിയിലുളള പ്രഹരമായിരുന്നില്ല. റോമാക്കാരുടെ ചമ്മട്ടികൊണ്ടുളള അടിയെ ദ ജേർണൽ ഓഫ്‌ ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇപ്രകാരം വിവരിക്കുന്നു:

“സാധാരണ ഉപകരണം നീളം കുറഞ്ഞതും പല നീളത്തിലുളള തോൽവാറുകൾ കൂട്ടിപ്പിരിച്ചതുമായ ഒരു ചാട്ടയായിരുന്നു. അവയിൽ ഇടയ്‌ക്കിടെ ഇരുമ്പുണ്ടകളോ ആടിന്റെ കൂർത്ത എല്ലിൻ കഷണങ്ങളോ കോർത്തിട്ടിരുന്നു. . . . റോമൻ പടയാളികൾ അതുകൊണ്ട്‌ ശിക്ഷ സഹിക്കുന്നയാളിന്റെ പുറത്ത്‌ ആവർത്തിച്ച്‌ ആഞ്ഞടിക്കുമ്പോൾ ഇരുമ്പുണ്ടകൾ ആഴത്തിലുളള ചതവും തോൽവാറുകളും എല്ലിൻ ക്ഷണങ്ങളും ആഴമായ മുറിവുകളും ഏൽപ്പിച്ചിരുന്നു. അടി തുടരുമ്പോൾ പരിക്കുകൾ എല്ലിനോടു ചേർന്ന്‌ പേശികൾ വരെ എത്തുകയും രക്തം വാർന്നൊഴുകുന്ന മാംസഭാഗങ്ങൾ പറിഞ്ഞുതൂങ്ങാൻ ഇടയാകുകയും ചെയ്യുന്നു.”

ഈ ഭീകരമായ പ്രഹരത്തിനുശേഷം യേശു നാടുവാഴിയുടെ കൊട്ടാരത്തിലേക്ക്‌ കൊണ്ടുപോകപ്പെടുന്നു. പട്ടാളം മുഴുവൻ അവിടെ വിളിച്ചുകൂട്ടപ്പെടുന്നു. അവിടെ പടയാളികൾ മുളളുകൾകൊണ്ട്‌ ഒരു കിരീടം മെടഞ്ഞ്‌ അത്‌ അവന്റെ തലയിൽ തറച്ചുകൊണ്ട്‌ അവനെ കൂടുതലായ ദ്രോഹം ഏൽപ്പിക്കുന്നു. അവർ അവനെ ഒരു ഞാങ്ങണത്തണ്ട്‌ പിടിപ്പിക്കുകയും രാജകുടുംബത്തിലെ അംഗങ്ങൾ ധരിക്കുന്ന മാതിരി ധൂമ്രവർണ്ണമുളള ഒരു കുപ്പായം ധരിപ്പിക്കുകയും ചെയ്യുന്നു. പിന്നെ അവർ “യഹൂദൻമാരുടെ രാജാവേ ജയ!” എന്ന്‌ പറഞ്ഞ്‌ അവനെ നിന്ദിക്കുന്നു. അവർ അവന്റെമേൽ തുപ്പുകയും മുഖത്ത്‌ അടിക്കുകയും ചെയ്യുന്നു. അവന്റെ കയ്യിൽ നിന്ന്‌ അവർ കട്ടിയുളള ആ ഞാങ്ങണ തണ്ട്‌ പിടിച്ചു വാങ്ങി അവന്റെ തലക്കടിക്കുകയും നിന്ദാസൂചകമായ ആ “കിരീടം” തലയോട്ടിയിലേക്ക്‌ കൂടുതൽ ആഴത്തിൽ അടിച്ചുകയററുകയും ചെയ്യുന്നു.

ഈ ഉപദ്രവമേൽക്കവേ യേശുവിന്റെ ഭാഗത്തെ ശ്രദ്ധേയമായ മാഹാത്മ്യവും ശക്തിയും പീലാത്തൊസിൽ നല്ല ധാരണ ഉളവാക്കിയതിനാൽ അവനെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും കൂടെ നടത്താൻ അയാൾ പ്രേരിതനാകുന്നു. “നോക്കൂ! ഞാൻ അവനിൽ കുററമൊന്നും കാണുന്നില്ല എന്ന്‌ നിങ്ങൾ അറിയേണ്ടതിന്‌ ഞാൻ അവനെ പുറത്തു നിങ്ങളുടെ അടുക്കൽ കൊണ്ടുവരുന്നു” എന്ന്‌ അവൻ ജനക്കൂട്ടത്തോട്‌ പറയുന്നു. യേശുവിന്റെ പീഡിപ്പിക്കപ്പെട്ട അവസ്ഥ സാദ്ധ്യതയനുസരിച്ച്‌ അവരുടെ ഹൃദയങ്ങളെ മയപ്പെടുത്തുമെന്ന്‌ അയാൾ വിചാരിക്കുന്നു. ഹൃദയശൂന്യരായ ആ ജനക്കൂട്ടത്തിന്റെ മുമ്പിൽ മുൾകിരീടവും ധൂമ്രവർണ്ണമുളള പുറങ്കുപ്പായവും ധരിച്ച്‌ രക്തം വാർന്നൊഴുകുന്ന മുഖത്ത്‌ വേദനയുടെ ചിത്രവുമായി യേശു നിൽക്കുമ്പോൾ പീലാത്തൊസ്‌ വിളിച്ചു പറയുന്നു: “കണ്ടാലും ! മനുഷ്യനിതാ!”

പരുക്കേററ്‌ തകർന്ന നിലയിലാണെങ്കിലും ഇവിടെ നിൽക്കുന്നത്‌ ചരിത്രത്തിലേക്കും വച്ച്‌ ഏററവും ശ്രദ്ധേയനായ വ്യക്തിയാണ്‌, വാസ്‌തവത്തിൽ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ! അതെ, പീലാത്തൊസ്‌ തന്നെ അംഗീകരിക്കുന്ന നിശബ്ദമായ ഗാംഭീര്യവും പ്രശാന്തതയും അവന്റെ മഹത്വം വിളിച്ചറിയിക്കുന്നു. പീലാത്തൊസിന്റെ വാക്കുകൾ ആദരവും ഭയവും കലർന്നതാണ്‌. യോഹന്നാൻ 18:39–19:5; മത്തായി 27:15-17, 20-30; മർക്കോസ്‌ 15:6-19; ലൂക്കോസ്‌ 23:18-25.

▪ യേശുവിനെ വിട്ടയക്കാൻ പീലാത്തൊസ്‌ ഏതുവിധത്തിൽ ശ്രമിക്കുന്നു?

▪ ഉത്തരവാദിത്വത്തിൽ നിന്ന്‌ തന്നെത്തന്നെ ഒഴിവാക്കാൻ പീലാത്തൊസ്‌ എങ്ങനെ ശ്രമിക്കുന്നു?

▪ ചമ്മട്ടികൊണ്ട്‌ അടിക്കപ്പെടുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

▪ ചമ്മട്ടിയടിക്ക്‌ ശേഷം യേശു എപ്രകാരമാണ്‌ നിന്ദിക്കപ്പെടുന്നത്‌?

▪ യേശുവിനെ വിട്ടയക്കാൻ വേണ്ടി കൂടുതലായ എന്തു ശ്രമമാണ്‌ പീലാത്തൊസ്‌ നടത്തുന്നത്‌?