കണ്ണുനീർ അത്യാനന്ദമായി മാറി
അധ്യായം 47
കണ്ണുനീർ അത്യാനന്ദമായി മാറി
യായീറൊസ് രക്തസ്രാവമുണ്ടായിരുന്ന സ്‌ത്രീക്ക് സൗഖ്യം വന്നതു കാണുമ്പോൾ നിസ്സംശയമായി യേശുവിന്റെ അത്‌ഭുതശക്തികളിലുളള അവന്റെ വിശ്വാസം വർദ്ധിക്കുന്നു. അന്ന് നേരത്തെതന്നെ തന്റെ വീട്ടിൽ വന്ന് തന്റെ പ്രിയപ്പെട്ട 12 വയസ്സുകാരി മകളെ സഹായിക്കാൻ യായീറൊസ് യേശുവിനോട് അപേക്ഷിച്ചിരുന്നു. അവൾ മരണാസന്നയായി കിടക്കുകയായിരുന്നു. എന്നിരുന്നാലും, ഇതിനിടയിൽ, യായീറൊസ് ഭയപ്പെടുന്നത് സംഭവിക്കുന്നു. യേശു ആ സ്‌ത്രീയോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പുരുഷൻമാർ വന്ന് ശാന്തമായി യായീറൊസിനോടു പറയുന്നു: “നിന്റെ മകൾ മരിച്ചുപോയി! ഗുരുവിനെ ഇനി ശല്യപ്പെടുത്തുന്നതെന്തിന്?”
വാർത്ത എത്ര തളർത്തുന്നതായിരുന്നു! ചിന്തിക്കുക: ജനസമുദായത്തിൽ വലിയ ആദരവുളള ഈ മനുഷ്യൻ തന്റെ മകളുടെ മരണത്തെക്കുറിച്ചു കേൾക്കുമ്പോൾ തികച്ചും നിസ്സഹായനായിത്തീരുന്നു. എന്നിരുന്നാലും, യേശു സംഭാഷണം കേൾക്കുന്നു. അതുകൊണ്ട്, യായീറൊസിലേക്കു തിരിഞ്ഞ് അവൻ പ്രോൽസാഹജനകമായി “ഭയപ്പെടേണ്ട, വിശ്വാസം പ്രകടമാക്കുക മാത്രം ചെയ്യുക” എന്നു പറയുന്നു.
യേശു ദുഃഖാർത്തനായ മനുഷ്യനെ അയാളുടെ വീട്ടിലേക്ക് അനുഗമിക്കുന്നു. അവർ വന്നെത്തുമ്പോൾ അവർ കരച്ചിലിന്റെയും വിലാപത്തിന്റെയും ഒരു വലിയ ബഹളം കേൾക്കുന്നു. ഒരു ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. അവർ ദുഃഖിച്ച് അലമുറയിടുകയാണ്. യേശു അകത്തുകടക്കുമ്പോൾ അവൻ ചോദിക്കുന്നു: “നിങ്ങൾ ബഹളമുണ്ടാക്കുകയും വിലപിക്കുകയും ചെയ്യുന്നതെന്തിന്? കുട്ടി മരിച്ചിട്ടില്ല, പിന്നെയോ ഉറങ്ങുകയാണ്.”
ഇതു കേട്ടപ്പോൾ ആളുകൾ യേശുവിനെ പുച്‌ഛിച്ചുകൊണ്ട് ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ പെൺകുട്ടി യഥാർത്ഥത്തിൽ മരിച്ചുവെന്ന് അവർക്കറിയാം. എന്നിരുന്നാലും, ഒരു അഗാധനിദ്രയിൽനിന്ന് ആളുകളെ ഉണർത്താൻ കഴിയുന്നതുപോലെതന്നെ ദൈവദത്തമായ ശക്തികളാൽ അനായാസം അവരെ മരണത്തിൽനിന്ന് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് പ്രകടമാക്കാൻ അവൾ ഉറങ്ങുകമാത്രമാണെന്ന് യേശു പറയുന്നു.
യേശു ഇപ്പോൾ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും മരിച്ച പെൺകുട്ടിയുടെ അമ്മയപ്പൻമാരെയും ഒഴിച്ച് എല്ലാവരെയും പുറത്തിറക്കുന്നു. അനന്തരം അവൻ ഈ അഞ്ചുപേരെ പെൺകുട്ടി കിടക്കുന്നിടത്തേക്ക് തന്നോടുകൂടെ കൊണ്ടുപോകുന്നു. അവളുടെ കൈമേൽ പിടിച്ചുകൊണ്ട് യേശു പറയുന്നു: “തലീഥാ കൂമി,” വിവർത്തനം ചെയ്യുമ്പോൾ അതിന്റെ അർത്ഥം “ബാലേ, എഴുന്നേൽക്കൂ! എന്ന് ഞാൻ നിന്നോടു പറയുന്നു” എന്നാണ്. പെട്ടെന്നുതന്നെ പെൺകുട്ടി എഴുന്നേററ് നടന്നുതുടങ്ങുന്നു! ഈ കാഴ്‌ച അവളുടെ മാതാപിതാക്കളെ അത്യാനന്ദത്താൽ ഏതാണ്ട് ഉൻമത്തരാക്കുന്നു.
കുട്ടിക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കാൻ നിർദ്ദേശിച്ച ശേഷം, സംഭവിച്ചത് ആരോടും പറയരുതെന്ന് യേശു യായീറൊസിനോടും അയാളുടെ ഭാര്യയോടും ആജ്ഞാപിക്കുന്നു. എന്നാൽ യേശു പറഞ്ഞത് ഗണ്യമാക്കാതെ, അതിനെക്കുറിച്ചുളള സംസാരം ആ പ്രദേശത്തെല്ലാം വ്യാപിക്കുന്നു. ഇത് യേശു നടത്തുന്ന രണ്ടാമത്തെ പുനരുത്ഥാനമാണ്. മത്തായി 9:18-26; മർക്കോസ് 5:35-43; ലൂക്കോസ് 8:41-56.
▪ യായീറൊസിന് എന്ത് വാർത്ത ലഭിക്കുന്നു, യേശു അയാളെ എങ്ങനെ പ്രോൽസാഹിപ്പിക്കുന്നു?
▪ അവർ യായീറൊസിന്റെ ഭവനത്തിൽ എത്തുമ്പോഴത്തെ സാഹചര്യമെന്താണ്?
▪ മരിച്ച കുട്ടി ഉറങ്ങുകമാത്രമാണെന്ന് യേശു പറയുന്നതെന്തുകൊണ്ടാണ്?
▪ പുനരുത്ഥാനത്തിനു സാക്ഷ്യംവഹിക്കാൻ യേശുവിനോടുകൂടെ ഉണ്ടായിരുന്ന അഞ്ചുപേർ ആരാണ്?