വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാണാതെ പോയതിനെ തേടുന്നു

കാണാതെ പോയതിനെ തേടുന്നു

അധ്യായം 85

കാണാതെ പോയതിനെ തേടുന്നു

താഴ്‌മയോടെ ദൈവത്തെ സേവിക്കുമെന്നുളളവരെ അന്വേഷിച്ച്‌ കണ്ടുപിടിക്കാൻ യേശുവിന്‌ താൽപ്പര്യമുണ്ട്‌. അതുകൊണ്ട്‌ അവൻ ദുഷ്‌കീർത്തിയുളള പാപികൾ ഉൾപ്പെടെ സകലരെയും തേടിപ്പിടിച്ച്‌ അവരോട്‌ രാജ്യത്തെപ്പററി സംസാരിക്കുന്നു. അത്തരം വ്യക്തികൾ ഇപ്പോൾ അവനെ ശ്രദ്ധിക്കാൻ അടുത്തുവരുന്നു.

ഇതു കേട്ടിട്ട്‌ അയോഗ്യരെന്ന്‌ തങ്ങൾ കരുതുന്നവരുമായി സഹവസിക്കുന്നത്‌ സംബന്ധിച്ച്‌ പരീശൻമാരും ശാസ്‌ത്രിമാരും യേശുവിനെ വിമർശിക്കുന്നു. “ഈ മനുഷ്യൻ പാപികളെ സ്വാഗതം ചെയ്യുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു” എന്ന്‌ അവർ പിറുപിറുക്കുന്നു. അത്‌ അവരുടെ മാന്യതക്ക്‌ എത്രയോ നിരക്കാത്തതാണ്‌! പരീശൻമാരും ശാസ്‌ത്രിമാരും സാധാരണ ജനങ്ങളെ തങ്ങളുടെ പാദത്തിനടിയിലെ അഴുക്കുപോലെയാണ്‌ കണക്കാക്കുന്നത്‌. അത്തരം ആളുകളോടുളള അവരുടെ അവജ്ഞ പ്രകടമാക്കാൻ അംഹാരെററ്‌സ്‌ “നിലത്തെ [ഭൂമിയിലെ] ആളുകൾ” എന്ന എബ്രായപദം ഉപയോഗിക്കുന്നു.

നേരെമറിച്ച്‌, യേശു എല്ലാവരോടും മാന്യതയോടും ദയയോടും സഹാനുഭൂതിയോടുംകൂടെ ഇടപെടുന്നു. തൽഫലമായി ദുഷ്‌പ്രവൃത്തിക്കാർ എന്ന്‌ പരക്കെ അറിയപ്പെടുന്നവർ ഉൾപ്പെടെ ഈ എളിയവരിൽ അനേകർ അവനെ ശ്രദ്ധിക്കാൻ താൽപ്പര്യമുളളവരാണ്‌. എന്നാൽ അയോഗ്യരെന്ന്‌ തങ്ങൾ കരുതുന്നവർക്കുവേണ്ടി യേശു ശ്രമം ചെയ്യുന്നു എന്ന പരീശൻമാരുടെ വിമർശനം സംബന്ധിച്ചെന്ത്‌?

ഒരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്‌ യേശു അവരുടെ എതിർപ്പിന്‌ മറുപടി കൊടുക്കുന്നു. തങ്ങൾ നീതിമാൻമാരാണെന്നും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോടൊപ്പം സുരക്ഷിതരാണെന്നും എന്നാൽ നിന്ദിതരായ അംഹാരെററ്‌സ്‌ വഴിപിഴച്ച്‌ നഷ്ടപ്പെട്ട നിലയിലാണെന്നുമുളള പരീശന്റെ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ടുതന്നെ യേശു സംസാരിക്കുന്നു. അവൻ ചോദിക്കുന്നത്‌ ശ്രദ്ധിക്കുക:

“നിങ്ങളിൽ ആർക്കെങ്കിലും നൂറ്‌ ആടുണ്ടെങ്കിൽ അവയിൽ ഒന്നിനെ കാണാതെ പോയാൽ അവൻ തൊണ്ണൂററിഒൻപതിനെയും മരുഭൂമിയിൽ വിട്ടേച്ച്‌ കാണാതെ പോയതിനെ കണ്ടെത്തുംവരെ അന്വേഷിച്ചു നടക്കാതിരിക്കുമോ? അതിനെ കണ്ടെത്തുമ്പോൾ അവൻ അതിനെ ചുമലിൽ എടുത്തുകൊണ്ട്‌ സന്തോഷിക്കുന്നു. അവൻ വീട്ടിൽ എത്തുമ്പോൾ തന്റെ സുഹൃത്തുക്കളെയും അയൽക്കാരനെയും വിളിച്ചുകൂട്ടി ‘എന്നോടു കൂടെ സന്തോഷിക്കുവിൻ, എന്തുകൊണ്ടെന്നാൽ കാണാതെപോയ എന്റെ ആടിനെ ഞാൻ കണ്ടെത്തിയിരിക്കുന്നു’ എന്ന്‌ അവരോട്‌ പറയുന്നു.”

തുടർന്ന്‌ ഇപ്രകാരം ഒരു വിശദീകരണം നൽകിക്കൊണ്ട്‌ യേശു തന്റെ ഉപമ ബാധകമാക്കുന്നു: “അങ്ങനെതന്നെ അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂററിഒൻപതു നീതിമാൻമാരെക്കുറിച്ച്‌ ഉളളതിനേക്കാൾ മാനസ്സാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വർഗ്ഗത്തിൽ അധികം സന്തോഷമുണ്ടാകും എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.”

തങ്ങൾ നീതിമാൻമാരായിരിക്കുന്നതായും, അതുകൊണ്ട്‌ തങ്ങൾക്ക്‌ അനുതാപത്തിന്റെ ആവശ്യമില്ലാത്തതായും പരീശൻമാർ കണക്കാക്കുന്നു. ഏതാണ്ട്‌ രണ്ടു വർഷം മുമ്പ്‌ അവരിൽ ചിലർ നികുതിപിരിവുകാരോടും പാപികളോടും കൂടെ ഭക്ഷണം കഴിക്കുന്നതിന്‌ യേശുവിനെ വിമർശിച്ചപ്പോൾ അവൻ അവരോട്‌ പറഞ്ഞു: “ഞാൻ നീതിമാൻമാരെയല്ല പാപികളെ വിളിക്കാനാണ്‌ വന്നത്‌.” തങ്ങൾ അനുതപിക്കേണ്ട ആവശ്യം കാണാഞ്ഞ, സ്വയം നീതിമാൻമാരെന്ന്‌ കരുതുന്ന പരീശൻമാർ സ്വർഗ്ഗത്തിൽ സന്തോഷത്തിന്‌ ഇടയാക്കുന്നില്ല. എന്നാൽ യഥാർത്ഥത്തിൽ അനുതാപമുളള പാപികൾ അങ്ങനെ ചെയ്യുന്നു.

വഴിതെററിപ്പോയ പാപിയുടെ പുന:സ്ഥിതീകരണം വലിയ സന്തോഷത്തിന്‌ കാരണമാണ്‌ എന്ന ആശയം ദൃഢീകരിക്കാൻ യേശു മറെറാരു ഉപമ ഉപയോഗിക്കുന്നു. അവൻ പറയുന്നു: “പത്തു ദ്രഹ്മ ഉണ്ടായിട്ട്‌ ഒന്ന്‌ കാണാതെ പോയാൽ വിളക്കുകൊളുത്തി വീട്‌ അടിച്ചുവാരി അത്‌ കണ്ടെത്തും വരെ തേടാത്ത ഏതൊരു സ്‌ത്രീയാണുളളത്‌? അതു കണ്ടെത്തുമ്പോൾ അവൾ തന്റെ സുഹൃത്തുക്കളും അയൽക്കാരുമായ സ്‌ത്രീകളെ വിളിച്ച്‌ ‘എനിക്ക്‌ നഷ്ടമായ ദ്രഹ്മ എനിക്കു കിട്ടിയിരിക്കുന്നു, എന്നോടുകൂടെ സന്തോഷിക്കുവിൻ’ എന്നു പറയുന്നു.

തുടർന്ന്‌ യേശു അതും സമാനമായി ബാധകമാക്കുന്നു. യേശു പറയുന്നു: “അങ്ങനെതന്നെ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ ദൈവദൂതൻമാർക്കിടയിൽ സന്തോഷം ഉണ്ടാകും എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.”

വഴിതെററിപ്പോയ പാപികളെ നേരെയാക്കുന്നതിന്‌ ദൈവദൂതൻമാർക്കുളള സ്‌നേഹപൂർവ്വകമായ താൽപ്പര്യം എത്ര ശ്രദ്ധേയമാണ്‌! ഒരിക്കൽ എളിയവരും നിന്ദിതരുമായിരുന്ന അംഹാരെററ്‌സ്‌ ക്രമത്തിൽ ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിൽ അംഗങ്ങളാകാനുളള നിരയിൽ വരുന്നു എന്നതിനാൽ ഇത്‌ വിശേഷിച്ചും സത്യമാണ്‌. തൽഫലമായി സ്വർഗ്ഗത്തിൽ അവർ ദൂതൻമാരെക്കാൾപോലും ഉയർന്ന ഒരു സ്ഥാനം നേടിയെടുക്കുന്നു! എന്നാൽ അസൂയാലുക്കളായിത്തീരുകയോ നിന്ദിക്കപ്പെട്ടതായി വിചാരിക്കുകയോ ചെയ്യാതെ, പാപികളായ മനുഷ്യർ സ്വർഗ്ഗത്തിൽ സഹാനുഭൂതിയും കരുണയുമുളള രാജാക്കൻമാരും പുരോഹിതൻമാരുമായി സേവിക്കാൻ അവരെ സജ്ജരാക്കുന്ന ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയും തരണം ചെയ്യുകയും ചെയ്‌തിരിക്കുന്നു എന്നതിൽ ഈ ദൂതൻമാർ താഴ്‌മയോടെ വിലമതിപ്പ്‌ പ്രകടമാക്കുന്നു. ലൂക്കോസ്‌ 15:1-10; മത്തായി 9:13; 1 കൊരിന്ത്യർ 6:2, 3; വെളിപ്പാട്‌ 20:6.

▪ യേശു അറിയപ്പെടുന്ന പാപികളോടുകൂടെ സഹവസിക്കുന്നത്‌ എന്തിന്‌, പരീശൻമാരിൽ നിന്ന്‌ അവനെതിരെ എന്തു വിമർശനമാണ്‌ ഉണ്ടാകുന്നത്‌?

▪ പരീശൻമാർ സാധാരണ ജനങ്ങളെ എങ്ങനെ വീക്ഷിക്കുന്നു?

▪ യേശു എന്ത്‌ ഉപമകൾ ഉപയോഗിക്കുന്നു, നമുക്ക്‌ അവയിൽ നിന്ന്‌ എന്തു പഠിക്കാൻ കഴിയും?

▪ ദൂതൻമാരുടെ സന്തോഷം ശ്രദ്ധേയമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?