വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടാരപ്പെരുന്നാളിൽ

കൂടാരപ്പെരുന്നാളിൽ

അധ്യായം 66

കൂടാരപ്പെരുന്നാളിൽ

യേശുവിന്റെ സ്‌നാപനത്തെതുടർന്ന്‌ ഏതാണ്ട്‌ മൂന്നു വർഷത്തിനുളളിൽ അവന്റെ കീർത്തി നാടെങ്ങും പരന്നിരിക്കുന്നു. അനേകായിരങ്ങൾ അവന്റെ അത്ഭുങ്ങൾ കണ്ടിരിക്കുന്നു, അവന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചുളള വാർത്തകൾ നാടാകെ പ്രചരിച്ചിരിക്കുന്നു. ഇപ്പോൾ കൂടാരപ്പെരുന്നാളിന്‌ കൂടി വരുന്ന ജനങ്ങൾ അവനെ അവിടെ അന്വേഷിക്കുന്നു. “ആ മനുഷ്യൻ എവിടെയാണ്‌?” അവർക്കറിയണം.

യേശു ഒരു വിവാദവിഷയമായി മാറിയിരിക്കുന്നു. “അയാൾ ഒരു നല്ല മനുഷ്യനാണ്‌” എന്ന്‌ ചിലർ പറയുന്നു. “അങ്ങനെയല്ല, അയാൾ ജനക്കൂട്ടത്തെ വഴിതെററിക്കുന്നു” എന്ന്‌ മററു ചിലർ ശഠിക്കുന്നു. പെരുന്നാളിന്റെ ആദ്യ ദിവസങ്ങളിൽ ഇത്തരത്തിലുളള അടക്കം പറച്ചിലുകൾ വളരെയധികമുണ്ട്‌. എന്നിരുന്നാലും യേശുവിന്‌ അനുകൂലമായി തുറന്ന്‌ സംസാരിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. അത്‌ ജനങ്ങൾ യഹൂദനേതാക്കൻമാരിൽനിന്നുളള പ്രതികാര നടപടിയെ ഭയപ്പെടുന്നതുകൊണ്ടാണ്‌.

പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ യേശു എത്തിച്ചേരുന്നു. അവൻ ആലയത്തിൽ ചെല്ലുന്നു, അവിടെ അവന്റെ അത്ഭുതകരമായ പഠിപ്പിക്കൽ പ്രാപ്‌തിയിൽ ജനങ്ങൾ ആശ്ചര്യപ്പെടുന്നു. യേശു ഒരിക്കലും റബ്ബിമാരുടെ സ്‌കൂളുകളിൽ പഠിച്ചിട്ടില്ലാത്തതിനാൽ “സ്‌കൂളിൽ പഠിച്ചിട്ടില്ലാത്ത ഇവന്‌ എവിടെ നിന്നാണ്‌ അക്ഷരജ്ഞാനം?” എന്ന്‌ യഹൂദൻമാർ അതിശയിക്കുന്നു.

“എന്റെ ഉപദേശം എന്റേതല്ല,” യേശു വിശദീകരിക്കുന്നു, “അത്‌ എന്നെ അയച്ചവന്റേതാണ്‌. ആരെങ്കിലും അവന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ ഉപദേശം ദൈവത്തിൽ നിന്നുളളതാണോ ഞാൻ സ്വന്തമായി സംസാരിക്കുന്നതാണോ എന്ന്‌ അറിയും.” യേശുവിന്റെ ഉപദേശങ്ങൾ ദൈവത്തിന്റെ നിയമത്തോട്‌ അടുത്തു പററിനിന്നുകൊണ്ടുളളതാണ്‌. അതിനാൽ അവൻ സ്വന്തം മഹത്വമല്ല ദൈവത്തിന്റെ മഹത്വമാണ്‌ അന്വേഷിക്കുന്നത്‌ എന്നുളളത്‌ പ്രകടമാണ്‌. “മോശെ നിങ്ങൾക്ക്‌ ന്യായപ്രമാണം തന്നു, ഇല്ലേ?” യേശു ചോദിക്കുന്നു. അവരെ കുററപ്പെടുത്തിക്കൊണ്ട്‌ യേശു പറയുന്നു: “നിങ്ങളിൽ ആരും ന്യായപ്രമാണം അനുസരിക്കുന്നില്ല.”

“നിങ്ങൾ എന്നെ കൊലപ്പെടുത്താൻ അന്വേഷിക്കുന്നത്‌ എന്തിനാണ്‌?” യേശു തുടർന്നു ചോദിക്കുന്നു.

ജനക്കൂട്ടത്തിൽപ്പെട്ടവർ, സാദ്ധ്യതയനുസരിച്ച്‌ പെരുന്നാളിന്‌ വന്നുകൂടിയവർ, അത്തരം ശ്രമങ്ങളെ സംബന്ധിച്ച്‌ അറിഞ്ഞിട്ടില്ല. അത്രയും നല്ല ഒരു ഉപദേഷ്ടാവിനെ ആരെങ്കിലും കൊല്ലാൻ ശ്രമിക്കും എന്നത്‌ അവർക്ക്‌ മനസ്സിലാക്കാൻകൂടി കഴിയുന്നില്ല. ഇപ്രകാരം ചിന്തിക്കാൻ യേശുവിന്‌ എന്തെങ്കിലും കുഴപ്പമുണ്ടായിരിക്കണം എന്ന്‌ അവർ വിചാരിക്കുന്നു. “നിന്നിൽ ഭൂതം ഉണ്ട്‌,” അവർ പറയുന്നു. “ആരാണ്‌ നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്‌?”

ജനക്കൂട്ടം തിരിച്ചറിയുന്നില്ലെങ്കിലും യഹൂദനേതാക്കൻമാർ യേശുവിനെ കൊല്ലാൻ ആഗ്രഹിക്കുന്നു. ഒന്നര വർഷം മുമ്പ്‌ യേശു ശബ്ബത്തിൽ ഒരു മനുഷ്യനെ സൗഖ്യമാക്കിയപ്പോൾ നേതാക്കൻമാർ യേശുവിനെ കൊല്ലാൻ ശ്രമിച്ചു. അവരുടെ ന്യായബോധമില്ലായ്‌മയെ തുറന്നുകാട്ടിക്കൊണ്ട്‌ യേശു ഇപ്രകാരം ചോദിക്കുന്നു: “മോശെയുടെ നിയമം ലംഘിക്കപ്പെടാതിരിക്കേണ്ടതിന്‌ ഒരു മനുഷ്യനെ ശബ്ബത്തിൽ പരിച്‌ഛേദന കഴിപ്പിക്കാമെങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ പൂർണ്ണമായി സൗഖ്യമാക്കിയതിന്‌ നിങ്ങൾ എന്നോട്‌ കോപിക്കുന്നുവോ? ബാഹ്യമായ പ്രത്യക്ഷതയാൽ മാത്രം വിധിക്കുന്നത്‌ നിറുത്തിയിട്ട്‌ നീതിപൂർവ്വം വിധിക്കുവിൻ.”

സാഹചര്യം സംബന്ധിച്ച്‌ അറിയാവുന്ന യെരുശലേം നിവാസികൾ പറയുന്നു: “അവർ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഇവനാണ്‌, അല്ലേ? എന്നിട്ടും നോക്കൂ! അവൻ പരസ്യമായി പ്രസംഗിക്കുന്നു, അവർ അവനോട്‌ ഒന്നും പറയുന്നതുമില്ല. ഇവൻ ക്രിസ്‌തുവാണെന്ന്‌ ഭരണാധിപൻമാർക്ക്‌ തീർച്ചയായും മനസ്സിലായിട്ടില്ല, ഉവ്വോ?” യേശു ക്രിസ്‌തുവാണെന്ന്‌ തങ്ങൾ വിശ്വസിക്കാഞ്ഞത്‌ എന്തുകൊണ്ടെന്ന്‌ ഈ യെരൂശലേം നിവാസികൾ വിശദീകരിക്കുന്നു: ഈ മനുഷ്യൻ എവിടെനിന്നുളളവനാണെന്ന്‌ ഞങ്ങൾക്കറിയാം; എന്നാൽ ക്രിസ്‌തു വരുമ്പോൾ അവൻ എവിടെനിന്നാണെന്ന്‌ ആരും അറിയുകയില്ല.”

യേശു മറുപടിയായി പറയുന്നു: “നിങ്ങൾ എന്നെയും ഞാൻ എവിടെ നിന്നാണെന്നും അറിയുന്നു. മാത്രമല്ല ഞാൻ എന്റെ സ്വന്തം ഇഷ്ടത്താൽ വന്നതല്ല, എന്നാൽ എന്നെ അയച്ചവൻ യഥാർത്ഥമായി സ്ഥിതിചെയ്യുന്നു, നിങ്ങൾ അവനെ അറിയുന്നില്ല. ഞാൻ അവനിൽ നിന്നുളള ഒരു പ്രതിനിധി ആകയാൽ ഞാൻ അവനെ അറിയുന്നു, ആ ഒരുവൻ എന്നെ അയച്ചു.” അതിങ്കൽ അവനെ ജയിലിലടക്കുന്നതിനോ അല്ലെങ്കിൽ കൊന്നുകളയുന്നതിനോ വേണ്ടി അവനെ കടന്നുപിടിക്കാൻ അവർ ശ്രമിക്കുന്നു. എന്നാൽ അവർ അതിൽ വിജയിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ യേശുവിന്‌ മരിക്കാനുളള സമയമായിട്ടില്ല.

എന്നിട്ടും, വാസ്‌തവമായും അവർ ചെയ്യേണ്ടതുപോലെ അനേകർ യേശുവിൽ വിശ്വാസം അർപ്പിക്കുന്നു. എന്തിന്‌, അവൻ വെളളത്തിൻമീതെ നടക്കുകയും കാററിനെ ശമിപ്പിക്കുകയും ക്ഷോഭിച്ച കടലിനെ ശാന്തമാക്കുകയും ഏതാനും അപ്പവും മീനും ഉപയോഗിച്ചുകൊണ്ട്‌ ആയിരക്കണക്കിന്‌ ആളുകളെ പോററുകയും രോഗികളെ സൗഖ്യമാക്കുകയും മുടന്തരെ നടത്തുകയും അന്ധൻമാരുടെ കണ്ണുകൾ തുറക്കുകയും കുഷ്‌ഠരോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയും പോലും ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ അവർ ചോദിക്കുന്നു: “ക്രിസ്‌തു വരുമ്പോൾ ഈ മനുഷ്യൻ ചെയ്‌തതിനേക്കാൾ കൂടുതൽ അത്ഭുതങ്ങൾ ചെയ്യുകയില്ല, ഉവ്വോ?

ജനക്കൂട്ടം ഈ വിധത്തിൽ സംസാരിക്കുന്നത്‌ പരീശൻമാർ കേൾക്കുമ്പോൾ അവരും പ്രധാനപുരോഹിതൻമാരുംകൂടെ യേശുവിനെ പിടികൂടാൻ ഉദ്യോഗസ്ഥൻമാരെ അയക്കുന്നു. യോഹന്നാൻ 7:11-32.

▪ യേശു എപ്പോഴാണ്‌ പെരുന്നാളിന്‌ വന്നുചേരുന്നത്‌, ജനങ്ങൾ അവനെക്കുറിച്ച്‌ എന്താണ്‌ പറയുന്നത്‌?

▪ യേശുവിന്‌ ഭൂതമുണ്ട്‌ എന്ന്‌ ചിലർ പറയുന്നത്‌ എന്തുകൊണ്ടാണ്‌?

▪ യെരൂശലേം നിവാസികൾക്ക്‌ യേശുവിനെ സംബന്ധിച്ച്‌ എന്തു വീക്ഷണമാണുളളത്‌?

▪ അനേകമാളുകൾ യേശുവിൽ വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണ്‌?