വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടുതലായ തിരുത്തൽ ബുദ്ധ്യുപദേശം

കൂടുതലായ തിരുത്തൽ ബുദ്ധ്യുപദേശം

അധ്യായം 63

കൂടുതലായ തിരുത്തൽ ബുദ്ധ്യുപദേശം

യേശുവും അപ്പൊസ്‌തലൻമാരും കഫർന്നഹൂമിലെ വീട്ടിൽ ആയിരിക്കുമ്പോൾ തങ്ങളിലാരാണ്‌ ഏററവും വലിയവൻ എന്നുളള അപ്പൊസ്‌തലൻമാരുടെ തർക്കത്തിലും അപ്പുറം ചില കാര്യങ്ങളും ചർച്ചചെയ്യപ്പെടുന്നു. അത്‌ കഫർന്നഹൂമിലേക്കുളള അവരുടെ യാത്രക്കിടയിൽ യേശു അവരോടൊപ്പം ഇല്ലാതിരുന്നപ്പോൾ സംഭവിച്ചതായിരിക്കണം. അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം വിവരിക്കുന്നു: “നിന്റെ നാമത്തിൽ ഒരു മനുഷ്യൻ ഭൂതങ്ങളെ പുറത്താക്കുന്നത്‌ ഞങ്ങൾ കണ്ടു, എന്നാൽ അവൻ ഞങ്ങളോട്‌ കൂടെ അനുഗമിക്കാത്തതുകൊണ്ട്‌ അവനെ തടയാൻ ഞങ്ങൾ ശ്രമിച്ചു.”

പ്രത്യക്ഷത്തിൽ യോഹന്നാൻ അപ്പൊസ്‌തലൻമാരെ വീക്ഷിക്കുന്നത്‌ രോഗശാന്തിവരത്തിന്റെ കുത്തകാവകാശമുളള ഒരു ചെറിയ സംഘം എന്ന നിലയിലാണ്‌. ആ മനുഷ്യൻ സംഘത്തിലെ ഒരംഗമല്ലാത്തതിനാൽ അയാൾ വീര്യപ്രവൃത്തികൾ ചെയ്യുന്നത്‌ ഉചിതമായിരിക്കുന്നില്ല എന്നാണ്‌ അവൻ കരുതുന്നത്‌.

എന്നിരുന്നാലും യേശു ഇപ്രകാരം ഉപദേശിക്കുന്നു: “അയാളെ തടയാൻ ശ്രമിക്കരുത്‌, എന്തുകൊണ്ടെന്നാൽ എന്റെ നാമത്തിൽ വീര്യപ്രവൃത്തികൾ ചെയ്യുന്ന ഒരാൾക്ക്‌ പെട്ടെന്ന്‌ എന്നെ ദുഷിച്ചു പറയാൻ കഴിയുകയില്ല; നമുക്ക്‌ എതിരല്ലാത്തവൻ നമുക്ക്‌ അനുകൂലമാണ്‌. നിങ്ങൾ ക്രിസ്‌തുവിനുളളവർ എന്ന കാരണത്താൽ നിങ്ങൾക്ക്‌ ഒരു പാത്രം വെളളം കുടിക്കാൻ തരുന്ന യാതൊരുത്തനും അവന്റെ പ്രതിഫലം ലഭിക്കാതെ പോവുകയില്ല എന്ന്‌ ഞാൻ സത്യമായി നിങ്ങളോട്‌ പറയുന്നു.”

ക്രിസ്‌തുവിന്റെ പക്ഷത്തായിരിക്കുന്നതിന്‌ ഈ മനുഷ്യൻ ക്രിസ്‌തുവിന്റെ കൂടെ നടക്കണമെന്നില്ലായിരുന്നു. ക്രിസ്‌തീയ സഭ അന്നുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലാതിരുന്നതിനാൽ അയാൾ ആ സംഘത്തിന്റെ ഭാഗമല്ലാതിരുന്നത്‌ അയാൾ മറെറാരു സഭയിൽപെട്ടവനാണ്‌ എന്ന്‌ അർത്ഥമാക്കിയില്ല. ആ മനുഷ്യന്‌ വാസ്‌തവത്തിൽ യേശുവിന്റെ നാമത്തിൽ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട്‌ ഭൂതങ്ങളെ പുറത്താക്കുന്നതിൽ അയാൾ വിജയിച്ചു. പ്രതിഫലം ലഭിക്കാതെ പോകയില്ല എന്ന്‌ യേശു പറഞ്ഞതിനോട്‌ സാമ്യപ്പെടുത്താവുന്ന ഒരു സംഗതിയായിരുന്നു അയാൾ ചെയ്‌തുകൊണ്ടിരുന്നത്‌. ഇത്‌ ചെയ്യുന്നതിന്‌ അയാൾക്ക്‌ പ്രതിഫലം ലഭിക്കാതെ പോകയില്ല എന്ന്‌ യേശു പ്രകടമാക്കി.

എന്നാൽ ആ മനുഷ്യൻ അപ്പൊസ്‌തലൻമാരുടെ വാക്കുകളാലും പ്രവർത്തനങ്ങളാലും ഇടറിക്കപ്പെട്ടുവെങ്കിൽ എന്ത്‌? അത്‌ വളരെ ഗൗരവമുളള സംഗതിയായിരിക്കും! യേശു ഇപ്രകാരം പ്രസ്‌താവിക്കുന്നു: “വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ഇടറിക്കുന്നവന്റെ കഴുത്തിൽ കഴുത തിരിക്കുന്ന തരം ഒരു തിരികല്ലുകെട്ടി അവനെ കടലിൽ എറിയുന്നത്‌ അവന്‌ ഏറെ നന്നായിരിക്കും.”

തന്റെ ശിഷ്യൻമാർ അവരെ ഇടറിച്ചേക്കാവുന്ന ഒരു കയ്യോ കാലോ കണ്ണോ പോലെ അവർക്ക്‌ പ്രിയങ്കരമായ എന്തും അവരുടെ ജീവിതത്തിൽ നിന്ന്‌ നീക്കിക്കളയണം എന്ന്‌ യേശു പറയുന്നു. ഈ പ്രിയപ്പെട്ട വസ്‌തുക്കൾ ഇല്ലാതെ ദൈവരാജ്യത്തിൽ കടക്കുന്നതാണ്‌ അവയെ മുറുകെ പിടിച്ചുകൊണ്ട്‌ നിത്യനാശത്തിന്റെ പ്രതീകമായ ഗീഹെന്നയിൽ (യെരൂശലേമിന്‌ സമീപം കത്തിക്കൊണ്ടിരുന്ന കുപ്പക്കൂനയിൽ) എറിയപ്പെടുന്നതിനേക്കാൾ നല്ലത്‌.

യേശു ഇപ്രകാരവും മുന്നറിയിപ്പ്‌ നൽകുന്നു: “ഈ ചെറിയവരിൽ ഒരുവനെ നിന്ദിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊളളുവിൻ, എന്തുകൊണ്ടെന്നാൽ അവരുടെ ദൂതൻമാർ എല്ലായ്‌പ്പോഴും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കണ്ടുകൊണ്ടിരിക്കുന്നു എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു. “നൂറ്‌ ആടുണ്ടായിരുന്ന ഒരു മനുഷ്യനെപ്പററി പറയുമ്പോൾ ഈ “ചെറിയവർ” എത്ര വിലപ്പെട്ടവരാണ്‌ എന്ന്‌ അവൻ ദൃഷ്ടാന്തത്തിലൂടെ കാണിച്ചു തരുന്നു. യേശു വിശദീകരിക്കുന്ന പ്രകാരം, കാണാതായ ആടിനെ തേടാൻ വേണ്ടി അവൻ 99-നെയും വിട്ടേച്ചു പോകുന്നു, കണ്ടെത്തുമ്പോൾ 99-നേക്കാൾ കൂടുതലായി അതിനെച്ചൊല്ലി സന്തോഷിക്കുന്നു. “അതുപോലെതന്നെ,” യേശു ഉപസംഹരിക്കുന്നു, “ഈ ചെറിയവരിൽ ഒന്നുപോലും നശിച്ചു പോകുന്നത്‌ എന്റെ പിതാവിന്‌ ഇഷ്ടമുളള കാര്യമല്ല.”

ഒരുപക്ഷേ അപ്പൊസ്‌തലൻമാർക്കിടയിലുണ്ടായിരുന്ന തർക്കം മനസ്സിൽ വച്ചുകൊണ്ട്‌ യേശു അവരെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളിൽ തന്നെ ഉപ്പുണ്ടായിരിക്കുകയും തമ്മിൽ തമ്മിൽ സമാധാനം നിലനിർത്തുകയും ചെയ്യുവിൻ.” സ്വാദു കുറഞ്ഞ ഭക്ഷണസാധനങ്ങൾക്ക്‌ ഉപ്പിനാൽ രുചി വരുത്താൻ കഴിയുന്നു. അതുപോലെ, ആലങ്കാരികമായ ഉപ്പ്‌ ഒരുവൻ പറയുന്നത്‌ സ്വീകരിക്കുക എളുപ്പമാക്കിത്തീർക്കുന്നു. അത്തരം ഉപ്പുണ്ടായിരിക്കുന്നത്‌ സമാധാനം നിലനിർത്താനും സഹായിക്കുന്നു.

എന്നാൽ മാനുഷ അപൂർണ്ണത നിമിത്തം ചിലപ്പോൾ ഗുരുതരമായ തർക്കങ്ങൾ ഉണ്ടാകുന്നു. അവയെ കൈകാര്യം ചെയ്യുന്നതിനുളള മാർഗ്ഗനിർദ്ദേശവും യേശു നൽകുന്നു. “നിന്റെ സഹോദരൻ നിനക്കെതിരെ പാപം ചെയ്‌താൽ,” യേശു പറയുന്നു, “നീ ചെന്നു നീയും അവനും തനിയെ ആയിരിക്കുമ്പോൾ അവന്റെ കുററം തുറന്നു കാട്ടുക. അവൻ നിന്നെ കേട്ടാൽ നീ നിന്റെ സഹോദരനെ നേടി.” അവൻ കേൾക്കുന്നില്ലെങ്കിലോ, യേശു ബുദ്ധ്യുപദേശിക്കുന്നു, “രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയാൽ സകല കാര്യവും ഉറപ്പാക്കേണ്ടതിന്‌ ഒന്നോ രണ്ടോ പേരെ കൂട്ടിക്കൊണ്ട്‌ ചെല്ലുക.”

യേശു പറയുന്നു, അവസാന നടപടി എന്ന നിലയിൽ മാത്രം, “സഭയെ”, അതായത്‌ ഒരു നീതിപൂർവ്വകമായ തീർപ്പ്‌ കൽപ്പിക്കാൻ കഴിയുന്ന സഭാ മേൽവിചാരകൻമാരെ അറിയിക്കുക. പാപം ചെയ്‌ത ആൾ അവരുടെ തീരുമാനം അംഗീകരിക്കുന്നില്ലെങ്കിലോ, യേശു പറഞ്ഞവസാനിപ്പിക്കുന്നു, “അവൻ നിനക്ക്‌ വിജാതീയനെയും നികുതിപിരിവുകാരനെയും പോലെ ആയിരിക്കട്ടെ.”

അത്തരമൊരു തീരുമാനമെടുക്കുകയിൽ മേൽവിചാരകൻമാർ യഹോവയുടെ വചനത്തിലെ നിർദ്ദേശങ്ങളോട്‌ അടുത്തു പററി നിൽക്കേണ്ടതുണ്ട്‌. അപ്രകാരം ഒരു വ്യക്തി കുററക്കാരനെന്നും ശിക്ഷക്ക്‌ യോഗ്യനെന്നും അവർ കണ്ടെത്തുമ്പോൾ ആ ന്യായവിധി ‘സ്വർഗ്ഗത്തിൽ അപ്പോൾ തന്നെ കെട്ടപ്പെട്ടിരിക്കും.’ അവർ “ഭൂമിയിൽ അഴിക്കുമ്പോൾ,” അതായത്‌ ഒരുവൻ നിർദ്ദോഷിയാണെന്ന്‌ കാണുമ്പോൾ അത്‌ “സ്വർഗ്ഗത്തിൽ അപ്പോൾ തന്നെ അഴിക്കപ്പെട്ടിരിക്കും.” അത്തരം നീതിന്യായപരമായ കൂടിയാലോചനകളിൽ, യേശു പറയുന്നു, “എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒന്നിച്ചു കൂടിയിരിക്കുന്നിടത്ത്‌ ഞാൻ അവരുടെ മദ്ധ്യേയുണ്ട്‌.” മത്തായി 18:6-20; മർക്കോസ്‌ 9:38-50; ലൂക്കോസ്‌ 9:49, 50.

▪ യേശുവിന്റെ നാളുകളിൽ അവനെ അനുഗമിക്കുന്നത്‌ അത്യാവശ്യമല്ലാഞ്ഞത്‌ എന്തുകൊണ്ട്‌?

▪ ചെറിയവരിൽ ഒരുവനെ ഇടറിക്കുന്നത്‌ എത്ര ഗൗരവമുളള ഒരു സംഗതിയാണ്‌, അത്തരം ചെറിയവരുടെ പ്രാധാന്യം യേശു എങ്ങനെയാണ്‌ ദൃഷ്ടാന്തീകരിക്കുന്നത്‌?

▪ അപ്പൊസ്‌തലൻമാർക്കിടയിൽ ഉപ്പുണ്ടായിരിക്കാനുളള യേശുവിന്റെ പ്രോൽസാഹനത്തിന്‌ അവനെ പ്രേരിപ്പിച്ച സംഗതി എന്തായിരുന്നിരിക്കണം?

▪ ‘കെട്ടുന്നതിനും’ ‘അഴിക്കുന്നതിനും’ എന്ത്‌ അർത്ഥമാണുളളത്‌?