ക്രിസ്‌തുവിന്റെ രാജ്യമഹത്വം സംബന്ധിച്ച് ഒരു പൂർവ്വവീക്ഷണം
അധ്യായം 60
ക്രിസ്‌തുവിന്റെ രാജ്യമഹത്വം സംബന്ധിച്ച് ഒരു പൂർവ്വവീക്ഷണം
യേശു കൈസരിയ ഫിലിപ്പിയുടെ പ്രദേശത്ത് വന്നെത്തിയിരിക്കുന്നു, അവൻ തന്റെ അപ്പൊസ്‌തലൻമാർ ഉൾപ്പെടെയുളള ഒരു ജനക്കൂട്ടത്തെ പഠിപ്പിക്കുകയാണ്. അവൻ അവരോട് ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം നടത്തുന്നു: “മനുഷ്യപുത്രൻ തന്റെ രാജ്യ മഹത്വത്തിൽ വരുന്നതുകാണുവോളം മരണം ആസ്വദിക്കുകയില്ലാത്ത ചിലർ ഇവിടെ നിൽപ്പുണ്ട്.”
‘യേശു എന്തായിരിക്കണം അർത്ഥമാക്കിയത്?’ എന്ന് ശിഷ്യൻമാർ അതിശയിക്കുന്നു. ഏതാണ്ട് ഒരാഴ്‌ചകഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലമുകളിലേക്ക് കറയിപ്പോകുന്നു. ശിഷ്യൻമാർക്ക് ഉറക്കം വരുന്നതുകൊണ്ട് സാദ്ധ്യതയനുരിച്ച് അത് രാത്രിയിലായിരുന്നിരിക്കണം. യേശു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ കൺമുമ്പിൽ വച്ച് അവന് രൂപാന്തരം സംഭവിക്കുന്നു. അവന്റെ മുഖം സൂര്യനെപ്പോലെ തിളങ്ങുന്നു, അവന്റെ വസ്‌ത്രങ്ങൾ ഉജ്ജ്വലമായ വെളിച്ചംപോലെ പ്രകാശമാനമായിത്തീരുന്നു.
അതേ തുടർന്ന് മോശയും ഏലിയാവുമായി തിരിച്ചറിയപ്പെടുന്ന രണ്ട് രൂപങ്ങൾ പ്രത്യക്ഷപ്പെടുകയും ‘യെരൂശലേമിൽ സംഭവിക്കാനിരിക്കുന്ന യേശുവിന്റെ വേർപാടിനെക്കുറിച്ച്’ അവനോട് സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ ആ വേർപാട് യേശുവിന്റെ മരണവും അതെ തുടർന്നുളള പുനരുത്ഥാനവുമാണ്. അങ്ങനെ അവന്റെ ലജ്ജാകരമായ മരണം പത്രോസ് ആഗ്രഹിച്ചതുപോലെ ഒഴിവാക്കപ്പെടാനുളള ഒന്നല്ല എന്ന് ഈ സംഭാഷണം തെളിയിക്കുന്നു.
ഇപ്പോൾ പൂർണ്ണമായും നിദ്രവിട്ട് എഴുന്നേററ ശിഷ്യൻമാർ സൂക്ഷിച്ച് നിരീക്ഷിക്കുകയും അത്ഭുതപരതന്ത്രരായി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് ഒരു ദർശനം മാത്രമാണെങ്കിലും അത് വളരെ യഥാർത്ഥമായി തോന്നിയതിനാൽ ഇപ്രകാരം പറഞ്ഞുകൊണ്ട് പത്രോസ് ആ രംഗത്തിൽ പങ്കുചേരാൻ തുടങ്ങുന്നു: “കർത്താവേ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്. നീ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ തീർക്കാം, ഒന്ന് നിനക്കും ഒന്ന് മോശക്കും ഒന്ന് ഏലിയാവിനും.”
പത്രോസ് സംസാരിക്കുമ്പോൾ ഒരു വെളുത്ത മേഘം അവരെ മൂടുന്നു, മേഘത്തിൽനിന്ന് ഒരു ശബ്ദം ഇപ്രകാരം പറയുന്നു: “ഇത് ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പ്രിയപുത്രനാകുന്നു; അവനെ ശ്രദ്ധിക്കുക.” ശബ്ദം കേൾക്കുകയിൽ ശിഷ്യൻമാർ കവിഴ്‌ന്നു വീഴുന്നു. എന്നാൽ യേശു അവരോട് പറയുന്നു: “എഴുന്നേൽപ്പിൻ ഭയപ്പെടേണ്ട.” അവർ എഴുന്നേൽക്കുമ്പോൾ യേശുവിനെയല്ലാതെ ആരെയും അവർ കാണുന്നില്ല.
പിറേറന്ന് പർവ്വതത്തിൽ നിന്ന് ഇറങ്ങുമ്പോൾ യേശു അവരോട് ഇപ്രകാരം കൽപ്പിക്കുന്നു: “മനുഷ്യപുത്രൻ മരിച്ചവരുടെയിടയിൽ നിന്ന് ഉയർപ്പിക്കപ്പെടുന്നതുവരെ ഈ ദർശനത്തെപ്പററി ആരോടും പറയരുത്.” ദർശനത്തിലെ ഏലിയാവിന്റെ പ്രത്യക്ഷപ്പെടൽ ശിഷ്യൻമാരുടെ മനസ്സുകളിൽ ഒരു ചോദ്യം ഉണർത്തുന്നു: “ഏലിയാവ് മുമ്പേ വരേണ്ടതാണ് എന്ന് ശാസ്‌ത്രിമാർ പറയുന്നത് എന്തുകൊണ്ടാണ്” എന്ന് അവർ ചോദിക്കുന്നു.
“ഏലിയാവ് വന്നു കഴിഞ്ഞു,” യേശു പറയുന്നു, “എന്നാൽ അവർ അവനെ തിരിച്ചറിഞ്ഞില്ല.” എന്നിരുന്നാലും ഏലിയാവിന്റെതുപോലുളള ഒരു വേല നിർവ്വഹിച്ച സ്‌നാപകയോഹന്നാനെപ്പററിയാണ് യേശു പറഞ്ഞത്. ഏലിയാവ് ഏലീശക്ക് വഴിയൊരുക്കിയതുപോലെ യോഹന്നാൻ ക്രിസ്‌തുവിന് വഴിയൊരുക്കി.
ഈ ദർശനം യേശുവിനെയും ശിഷ്യൻമാരെയും എത്ര കണ്ട് ബലപ്പെടുത്തി! ഈ ദർശനം ക്രിസ്‌തുവിന്റെ രാജ്യമഹത്വത്തിന്റെ ഒരു പൂർവ്വ വീക്ഷണം പോലെയായിരുന്നു. ഒരു വാരം മുമ്പ് യേശു വാഗ്‌ദാനം ചെയ്‌തിരുന്നുതു പോലെ ഫലത്തിൽ ആ ശിഷ്യൻമാർ “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത്” കണ്ടു. യേശുവിന്റെ മരണശേഷം ‘അവനോടുകൂടെ വിശുദ്ധപർവ്വതത്തിലായിരുന്നപ്പോൾ തങ്ങൾ ക്രിസ്‌തുവിന്റെ മഹിമയുടെ ദൃക്‌സാക്ഷികളായതിനെപ്പററി’ പത്രോസ് എഴുതി.
ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട രാജാവെന്ന നിലയിൽ തിരുവെഴുത്തുകളിൽ വാഗ്‌ദാനം ചെയ്യപ്പെട്ടവൻ താനാണെന്നുളളതിന് തെളിവായി യേശുവിൽ നിന്ന് പരീശൻമാർ ഒരു അടയാളം ആവശ്യപ്പെട്ടിരുന്നു. അവർക്ക് അത്തരം ഒരടയാളം നൽകപ്പെട്ടില്ല. നേരെമറിച്ച്, രാജ്യ പ്രവചനങ്ങളുടെ ഉറപ്പെന്ന നിലയിൽ യേശുവിന്റെ മറുരൂപം പ്രാപിക്കൽ കാണാൻ അവന്റെ ഏററവും അടുത്ത ശിഷ്യൻമാർ അനുവദിക്കപ്പെട്ടു. അതിൻപ്രകാരം പത്രോസ് പിൽക്കാലത്ത് ഇങ്ങനെ എഴുതി: “തൽഫലമായി നമുക്ക് പ്രവാചകവാക്യം അധികം ഉറപ്പാക്കപ്പെട്ടിരിക്കുന്നു.” മത്തായി 16:13, മത്തായി 16:28–17:13; മർക്കോസ് 9:1-13; ലൂക്കോസ് 9:27-37; 2 പത്രോസ് 1:16-19.
▪ മരണം അനുഭവിക്കുന്നതിന് മുമ്പ് എങ്ങനെയാണ് ചിലർ ക്രിസ്‌തു അവന്റെ രാജ്യത്തിൽ വരുന്നത് കാണുന്നത്?
▪ ദർശനത്തിൽ മോശയും ഏലിയാവും യേശുവിനോട് എന്തിനേപ്പററിയാണ് സംസാരിക്കുന്നത്?
▪ ഈ ദർശനം ശിഷ്യൻമാരെ ബലപ്പെടുത്തുന്ന ഒരു സഹായം ആയിരുന്നതെന്തുകൊണ്ട്?