ക്ഷമയുടെ ഒരു പാഠം
അധ്യായം 64
ക്ഷമയുടെ ഒരു പാഠം
യേശു ഇപ്പോഴും തന്റെ ശിഷ്യൻമാരോടൊപ്പം കഫർന്നഹൂമിലെ ഭവനത്തിൽ തന്നെയായിരിക്കണം. സഹോദരങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് യേശു അവരോട് ചർച്ചചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു, അതുകൊണ്ട് പത്രോസ് ഇപ്രകാരം ചോദിക്കുന്നു: “കർത്താവേ, എന്റെ സഹോദരൻ എന്നോട് പാപം ചെയ്‌താൽ ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം?” മൂന്നുപ്രാവശ്യം ക്ഷമിക്കാൻ യഹൂദ മതനേതാക്കൻമാർ നിർദ്ദേശിച്ചിരുന്നതുകൊണ്ട് “ഏഴുപ്രാവശ്യമോ?” എന്ന് ചോദിച്ചപ്പോൾ അതു വലിയ ഔദാര്യമാണെന്ന് പത്രോസ് കരുതുന്നു.
എന്നാൽ അത്തരം ഒരു രേഖ സൂക്ഷിക്കുക എന്ന ആശയം തന്നെ തെററാണ്. യേശു പത്രോസിനെ ഇങ്ങനെ പറഞ്ഞുകൊണ്ട് തിരുത്തുന്നു: “ഏഴു പ്രാവശ്യമല്ല, എഴുപത്തിയേഴു പ്രാവശ്യം എന്ന് ഞാൻ നിന്നോട് പറയുന്നു.” പത്രോസ് തന്റെ സഹോദരനോട് എത്ര പ്രാവശ്യം ക്ഷമിക്കണം എന്നതു സംബന്ധിച്ച് യാതൊരു പരിധിയും വയ്‌ക്കേണ്ടതില്ല എന്നാണ് യേശു പ്രകടമാക്കുന്നത്.
ക്ഷമിക്കാനുളള കടപ്പാട് സംബന്ധിച്ച് ശിഷ്യൻമാരെ ബോദ്ധ്യപ്പെടുത്തുന്നതിന് യേശു അവരോട് ഒരു ഉപമ പറയുന്നു. അത് തന്റെ അടിമകളുമായി കണക്കുതീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനെപ്പററിയാണ്. ഒരു ഭീമമായ സംഖ്യ, 6,00,00,000 വെളളിക്കാശ് കടപ്പെട്ടിരുന്ന ഒരു അടിമ അവന്റെ മുമ്പാകെ കൊണ്ടുവരപ്പെടുന്നു. അത് കൊടുത്തു തീർക്കാൻ അയാൾക്ക് ഒരു മാർഗ്ഗവുമില്ല. അതുകൊണ്ട് യേശു വിശദീകരിക്കുന്നപ്രകാരം അയാളെയും ഭാര്യയെയും കുട്ടികളെയും വിററ് കടം വീട്ടാൻ രാജാവ് ഉത്തരവിടുന്നു.
അതിങ്കൽ അടിമ തന്റെ യജമാനന്റെ കാൽക്കൽ വീണ് അപേക്ഷിക്കുന്നു: “എന്നോട് ക്ഷമ കാണിക്കണമേ ഞാൻ നിനക്ക് എല്ലാം തന്നു തീർത്തുകൊളളാം.”
അയാളോട് ദയ തോന്നി യജമാനൻ ആ അടിമയുടെ ഭാരിച്ച കടം ഇളവു ചെയ്‌തു കൊടുക്കുന്നു. എന്നാൽ അങ്ങനെ ചെയ്‌ത ഉടനെതന്നെ, യേശു തുടരുന്നു, ആ അടിമ പോയി തനിക്കു 100 വെളളിക്കാശ് കടപ്പെട്ടിരിക്കുന്ന മറെറാരു അടിമയെ കാണുന്നു. അയാൾ ആ സഹഅടിമയെ പിടിച്ച് ‘നീ കടപ്പെട്ടിരിക്കുന്നത് തിരികെ തരിക,’ എന്നു പറഞ്ഞുകൊണ്ട് അവന്റെ കഴുത്ത് പിടിച്ച് ഞെരിക്കുന്നു.
എന്നാൽ ആ സഹയടിമയുടെ കൈയ്യിൽ പണമില്ല. അതുകൊണ്ട് അവൻ താൻ പണം കടപ്പെട്ടിരിക്കുന്ന അടിമയുടെ കാൽക്കൽ വീണ് “എന്നോട് ക്ഷമ കാണിക്കണമേ. ഞാൻ എല്ലാം തന്നുതീർത്തുകൊളളാം” എന്ന് അപേക്ഷിക്കുന്നു. എന്നാൽ തന്റെ യജമാനനെപ്പോലെ ദയ കാണിക്കാതെ ഈ അടിമ തന്റെ സഹഅടിമയെ ജയിലിലടക്കുന്നു.
കൊളളാം, യേശു തുടരുന്നു, ഈ സംഭവിച്ചതു കണ്ട മററ് അടിമകൾ അത് യജമാനനെ അറിയിക്കുന്നു. അയാൾ കോപിച്ച് അടിമയെ വിളിപ്പിക്കുന്നു. “ദുഷ്ടനായ അടിമേ,” അയാൾ പറയുന്നു, “നീ എന്നോട് യാചിച്ചപ്പോൾ ഞാൻ ആ കടമെല്ലാം നിനക്ക് ഇളച്ചു തന്നു. ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ ക്രമത്തിൽ നീയും നിന്റെ സഹഅടിമയോട് കരുണ കാണിക്കേണ്ടതല്ലായിരുന്നോ?” യജമാനൻ കോപിച്ച് ആ കരുണ കാണിക്കാത്ത അടിമയെ അവന്റെ കടമെല്ലാം കൊടുത്തുവീട്ടും വരെ ജയിലർമാരെ ഏൽപ്പിക്കുന്നു.
തുടർന്ന് യേശു ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു: “നിങ്ങൾ ഓരോരുത്തൻ തന്റെ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലായെങ്കിൽ എന്റെ സ്വർഗ്ഗീയ പിതാവും അങ്ങനെതന്നെ നിങ്ങളോട് ചെയ്യും.”
ക്ഷമിക്കുന്നത് സംബന്ധിച്ച് എത്ര നല്ല ഒരു പാഠം! ദൈവം നമ്മോടു ക്ഷമിച്ചിട്ടുളള പാപക്കടത്തോടുളള താരതമ്യത്തിൽ ഒരു ക്രിസ്‌തീയ സഹോദരൻ നമുക്കെതിരെ ചെയ്യുന്ന ലംഘനങ്ങൾ എന്തുതന്നെയായിരുന്നാലും വാസ്‌തവത്തിൽ നിസ്സാരമാണ്. മാത്രവുമല്ല യഹോവ ആയിരക്കണക്കിന് പ്രാവശ്യം നമ്മോട് ക്ഷമിച്ചിരിക്കുന്നു. മിക്കപ്പോഴും അവനെതിരെയുളള നമ്മുടെ പാപങ്ങൾ നാം തിരിച്ചറിയുന്നുപോലുമില്ല. അതുകൊണ്ട്, നമുക്ക് പരാതിക്ക് ന്യായമായ കാരണമുണ്ടെങ്കിലും നമുക്ക് നമ്മുടെ സഹോദരനോട് ഏതാനും തവണ ക്ഷമിക്കാൻ കഴിയുകയില്ലേ? ഗിരിപ്രഭാഷണത്തിൽ യേശു പഠിപ്പിച്ചതുപോലെ, “നാം നമ്മുടെ കടക്കാരോട് ക്ഷമിക്കുന്നതുപോലെ ദൈവം നമ്മുടെ കടങ്ങൾ ക്ഷമിക്കും,” എന്ന് ഓർമ്മിക്കുക. മത്തായി 18:21-35; 6:12; കൊലൊസ്സ്യർ 3:13.
▪ തന്റെ സഹോദരനോട് ക്ഷമിക്കുന്നത് സംബന്ധിച്ച് ഒരു ചോദ്യം ചോദിക്കാൻ പത്രോസിനെ പ്രേരിപ്പിച്ചത് എന്താണ്, ആരോടെങ്കിലും ഏഴുപ്രാവശ്യം ക്ഷമിക്കാനുളള തന്റെ നിർദ്ദേശം വളരെ ഉദാരമാണെന്ന് അവൻ വിചാരിച്ചിരിക്കാനിടയുളളതെന്തുകൊണ്ട്?
▪ കരുണക്കുവേണ്ടിയുളള അടിമയുടെ യാചനയോടുളള രാജാവിന്റെ പ്രതികരണം ഒരു സഹഅടിമയുടെ യാചനയോടുളള ആ അടിമയുടെ പ്രതികരണത്തിൽനിന്ന് വ്യത്യസ്‌തമായിരിക്കുന്നതെങ്ങനെ?
▪ യേശുവിന്റെ ഉപമയിൽ നിന്ന് നാം എന്തു പഠിക്കുന്നു?