വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗലീല കടൽത്തീരത്ത്‌

ഗലീല കടൽത്തീരത്ത്‌

അധ്യായം 130

ഗലീല കടൽത്തീരത്ത്‌

യേശു നേരത്തെ അവർക്ക്‌ കൊടുത്ത നിർദ്ദേശമനുസരിച്ച്‌ അപ്പൊസ്‌തലൻമാർ ഇപ്പോൾ ഗലീലയിലേക്ക്‌ മടങ്ങുന്നു. എന്നാൽ അവിടെ എന്തു ചെയ്യണം എന്നതിനെപ്പററി അവർക്ക്‌ നിശ്ചയമില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം തോമാസ്‌, നഥനയേൽ, യാക്കോബ്‌ അവന്റെ സഹോദരനായ യോഹന്നാൻ എന്നിവരോടും മററ്‌ രണ്ട്‌ അപ്പൊസ്‌തലൻമാരോടും പത്രോസ്‌ പറയുന്നു: “ഞാൻ മീൻ പിടിക്കാൻ പോവുകയാണ്‌.”

“ഞങ്ങളും നിന്നോടുകൂടെ പോരുന്നു,” അവർ ആറുപേരും പറയുന്നു.

എന്നാൽ അന്ന്‌ രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും അവർക്ക്‌ യാതൊന്നും കിട്ടിയില്ല. എന്നാൽ നേരം വെളുത്തു തുടങ്ങുമ്പോൾ യേശു കടൽക്കരയിൽ പ്രത്യക്ഷനാകുന്നു, എന്നാൽ അത്‌ യേശുവാണെന്ന്‌ അപ്പൊസ്‌തലൻമാർ തിരിച്ചറിയുന്നില്ല. അവൻ വിളിച്ചു ചോദിക്കുന്നു: “കുഞ്ഞുങ്ങളെ, നിങ്ങളുടെ കൈവശം ഭക്ഷിക്കാൻ വല്ലതും ഉണ്ടോ?”

“ഇല്ല!” അവർ തിരിച്ചു വിളിച്ചു പറയുന്നു.

“വളളത്തിന്റെ വലതു വശത്ത്‌ വലിയിടുക നിങ്ങൾക്ക്‌ വല്ലതും കിട്ടും,” അവൻ പറയുന്നു. അവർ അങ്ങനെ ചെയ്യുമ്പോൾ വലയിൽ കയറിയ മൽസ്യം നിമിത്തം അവർക്ക്‌ വല വലിച്ചു കയററാൻ കഴിയുന്നില്ല.

“അത്‌ കർത്താവാണ്‌!” യോഹന്നാൻ വിളിച്ചു പറയുന്നു.

പത്രോസ്‌ തന്റെ വസ്‌ത്രം ഉരിഞ്ഞു കളഞ്ഞിരുന്നതുകൊണ്ട്‌ ഇതു കേട്ട മാത്രയിൽ അവൻ തന്റെ കുപ്പായം എടുത്തു അരയിൽ ചുററി, കടലിലേക്ക്‌ എടുത്തു ചാടി. അവിടെ നിന്ന്‌ അവൻ കരയിലേക്ക്‌ ഏകദേശം 90 മീററർ നീന്തി. മററ്‌ അപ്പൊസ്‌തലൻമാർ വല നിറയെ മൽസ്യവും വലിച്ചുകൊണ്ട്‌ അവരുടെ കൊച്ചു വളളത്തിൽ അവന്റെ പിന്നാലെ കരയ്‌ക്കെത്തി.

അവർ കരക്കു കയറുമ്പോൾ അവിടെ ഒരു തീ കത്തിച്ചിട്ടുണ്ട്‌, അതിൻമേൽ മൽസ്യം വച്ചിരിക്കുന്നു, അപ്പവും കരുതിയിരിക്കുന്നു. “നിങ്ങൾ ഇപ്പോൾ പിടിച്ച മൽസ്യങ്ങളിൽ ഏതാനും എണ്ണം കൊണ്ടുവരുവിൻ,” യേശു പറയുന്നു. പത്രോസ്‌ വളളത്തിൽ കയറി വല കരയിലേക്ക്‌ വലിച്ചു കയററുന്നു. അതിൽ 153 വലിയ മൽസ്യങ്ങളാണ്‌ ഉളളത്‌!

“വന്ന്‌ പ്രഭാതഭക്ഷണം കഴിക്കുവിൻ,” യേശു ക്ഷണിക്കുന്നു.

അത്‌ യേശുവാണെന്ന്‌ അവർക്കെല്ലാം അറിയാമായിരുന്നതുകൊണ്ട്‌, “നീ ആരാണ്‌?” എന്ന്‌ അവനോട്‌ ചോദിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. ഇത്‌ പുനരുത്ഥാന ശേഷമുളള അവന്റെ ഏഴാമത്തെ പ്രത്യക്ഷപ്പെടൽ ആണ്‌, അപ്പൊസ്‌തലൻമാരുടെ കൂട്ടത്തിന്‌ മൂന്നാമത്തേതും. ഓരോരുത്തർക്കും കുറേശ്ശെ അപ്പവും മൽസ്യവും കൊടുത്തുകൊണ്ട്‌ അവൻ അവർക്ക്‌ പ്രഭാത ഭക്ഷണം വിളമ്പുന്നു.

ഭക്ഷണം കഴിഞ്ഞശേഷം സാദ്ധ്യതയനുസരിച്ച്‌ അവർ പിടിച്ചുകൂട്ടിയിരിക്കുന്ന മൽസ്യത്തെ നോക്കിക്കൊണ്ട്‌ യേശു പത്രോസിനോട്‌ ചോദിക്കുന്നു: “യോഹന്നാന്റെ മകനായ ശിമോനെ, നീ ഇവയേക്കാൾ കൂടുതലായി എന്നെ സ്‌നേഹിക്കുന്നുവോ?” ഞാൻ നിനക്കായി കരുതിയിരിക്കുന്ന വേലയോടെന്നതിനേക്കാൾ നിനക്ക്‌ മൽസ്യബന്ധനത്തോടാണോ കൂടുതൽ താൽപ്പര്യം എന്നാണ്‌ യേശു അർത്ഥമാക്കുന്നത്‌ എന്നതിന്‌ സംശയമില്ല.

“എനിക്ക്‌ നിന്നോട്‌ പ്രിയമുണ്ടെന്ന്‌ നിനക്കറിയാമല്ലോ,” പത്രോസ്‌ പ്രതിവചിക്കുന്നു.

“എന്റെ കുഞ്ഞാടുകളെ പോററുക”, യേശു പറയുന്നു.

വീണ്ടും രണ്ടാം പ്രാവശ്യം അവൻ ചോദിക്കുന്നു: “യോഹന്നാന്റെ മകനായ ശിമോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ?”

“ഉവ്വ്‌, കർത്താവേ, എനിക്ക്‌ നിന്നോട്‌ പ്രിയമുണ്ടെന്ന്‌ നിനക്ക്‌ അറിയാമല്ലോ,” പത്രോസ്‌ തികഞ്ഞ ആത്മാർത്ഥതയോടെ പറയുന്നു.

“എന്റെ കുഞ്ഞാടുകളെ മേയിക്കുക,” യേശു വീണ്ടും കൽപ്പിക്കുന്നു.

പിന്നെ, മൂന്നാമത്‌ ഒരു പ്രാവശ്യം കൂടെ അവൻ ചോദിക്കുന്നു: “യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക്‌ എന്നോട്‌ പ്രിയമുണ്ടോ?”

ഇത്രയുമായപ്പോൾ പത്രോസിന്‌ ദുഃഖമായി. തന്റെ വിശ്വസ്‌തതയെ യേശു സംശയിക്കുന്നോ എന്ന്‌ അവന്‌ സംശയം തോന്നിയിരിക്കണം. അടുത്തകാലത്ത്‌ യേശു ജീവനുവേണ്ടി വിചാരണയെ അഭിമുഖീകരിച്ചപ്പോൾ പത്രോസ്‌ ഏതായാലും മൂന്നുപ്രാവശ്യം അവനെ അറിയില്ല എന്ന്‌ തളളിപ്പറഞ്ഞതാണ്‌. അതുകൊണ്ട്‌ പത്രോസ്‌ പറയുന്നു: “കർത്താവേ, നിനക്ക്‌ എല്ലാം അറിയാം, എനിക്ക്‌ നിന്നോട്‌ പ്രിയമുണ്ടെന്നും നിനക്കറിയാമല്ലോ.”

“എന്റെ കുഞ്ഞാടുകളെ പോററുക,” യേശു മൂന്നാം പ്രാവശ്യം കൽപ്പിക്കുന്നു.

അവർ ചെയ്യണമെന്ന്‌ താൻ ആഗ്രഹിക്കുന്ന വേല സംബന്ധിച്ച്‌ മററുളളവരെയും ബോദ്ധ്യപ്പെടുത്താൻ വേണ്ടി യേശു പത്രോസിനെ ഉപയോഗിക്കുന്നു. അവൻ പെട്ടെന്നുതന്നെ ഭൂമി വിട്ട്‌ പോകും. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലേക്ക്‌ ആകർഷിക്കപ്പെടുന്നവരെ ശുശ്രൂഷിക്കുന്നതിൽ അവർ നേതൃത്വമെടുക്കണമെന്ന്‌ അവൻ ആഗ്രഹിക്കുന്നു.

ദൈവം യേശുവിന്‌ നിയോഗിച്ചു കൊടുത്ത വേല ചെയ്‌തതിനാൽ അവൻ ബന്ധിതനാവുകയും വധിക്കപ്പെടുകയും ചെയ്‌തതുപോലെ പത്രോസും സമാനമായ അനുഭവം സഹിക്കേണ്ടി വരുമെന്ന്‌ യേശു ഇപ്പോൾ വെളിപ്പെടുത്തുന്നു. യേശു അവനോടു പറയുന്നു: “നീ ചെറുപ്പമായിരുന്നപ്പോൾ, നീ അരകെട്ടി നിനക്ക്‌ ഇഷ്ടമുളേളടത്തെല്ലാം പോയിരുന്നു. എന്നാൽ നിനക്ക്‌ പ്രായമാകുമ്പോൾ നീ നിന്റെ കൈ നീട്ടുകയും മറെറാരുത്തൻ നിന്റെ അരകെട്ടി നിനക്ക്‌ ഇഷ്ടമില്ലാത്തിടത്തേക്ക്‌ നിന്നെ കൊണ്ടുപോവുകയും ചെയ്യും.” പത്രോസ്‌ ഒരു രക്തസാക്ഷിമരണം വരിക്കാനിരിക്കുന്നുവെങ്കിലും യേശു അവനെ ഉൽസാഹിപ്പിക്കുന്നു: “എന്നെ അനുഗമിച്ചുകൊണ്ടിരിക്കുക.”

തിരിഞ്ഞു നോക്കുമ്പോൾ യോഹന്നാനെ കണ്ടിട്ട്‌ പത്രോസ്‌ ചോദിക്കുന്നു: “കർത്താവേ, ഇവന്റെ കാര്യമോ?”

“ഞാൻ വരുവോളം അവൻ ഇരിക്കണമെന്നാണ്‌ എന്റെ ആഗ്രഹമെങ്കിൽ, യേശു ഉത്തരം പറയുന്നു, “അതിന്‌ നിനക്കെന്ത്‌? നീ എന്നെ അനുഗമിക്കുന്നതിൽ തുടരുക.” യേശുവിന്റെ ഈ വാക്കുകൾ, അപ്പൊസ്‌തലനായ യോഹന്നാൻ ഒരിക്കലും മരിക്കുകയില്ല എന്നാണ്‌ യേശു അർത്ഥമാക്കിയത്‌ എന്ന്‌ പല ശിഷ്യൻമാരും വിചാരിക്കാൻ ഇടയാക്കി. എന്നിരുന്നാലും അപ്പൊസ്‌തലനായ യോഹന്നാൻ പിൽക്കാലത്ത്‌ വിശദീകരിക്കുന്ന പ്രകാരം അവൻ മരിക്കുകയില്ല എന്ന്‌ യേശു പറഞ്ഞില്ല. മറിച്ച്‌ യേശു വെറുതെ ഇങ്ങനെ പറഞ്ഞതേയുളളു: “ഞാൻ വരുവോളം അവൻ ഇരിക്കണമെന്നാണ്‌ എന്റെ ആഗ്രഹമെങ്കിൽ അതിന്‌ നിനക്കെന്ത്‌?”

യോഹന്നാൻ പിൽക്കാലത്ത്‌ ഈ അർത്ഥവത്തായ നിരീക്ഷണവും നടത്തി: “യേശു ചെയ്‌തതായി ഇനിയും വളരെ കാര്യങ്ങളുണ്ട്‌, അവയെല്ലാം വിശദമായി എഴുതിയാൽ അങ്ങനെ എഴുതപ്പെടുന്ന ചുരുളുകൾ ഈ ലോകത്തിൽ തന്നെ ഒതുങ്ങുകയില്ല എന്ന്‌ ഞാൻ കരുതുന്നു.” യോഹന്നാൻ 21:1-25; മത്തായി 26:32; 28:7, 10.

▪ ഗലീലയിൽ തങ്ങൾ എന്തു ചെയ്യണമെന്ന്‌ അപ്പൊസ്‌തലൻമാർക്ക്‌ നിശ്ചയമില്ലായിരുന്നു എന്ന്‌ എന്ത്‌ പ്രകടമാക്കുന്നു?

▪ ഗലീലാ കടൽത്തീരത്തുവച്ച്‌ അപ്പൊസ്‌തലൻമാർ യേശുവിനെ തിരിച്ചറിയുന്നതെങ്ങനെ?

▪ യേശുവിന്റെ പുനരുത്ഥാനശേഷം അവൻ ഇപ്പോൾ എത്ര പ്രാവശ്യം പ്രത്യക്ഷനായിരിക്കുന്നു?

▪ അപ്പൊസ്‌തലൻമാർ എന്തു ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്ന്‌ യേശു ഊന്നിപ്പറയുന്നതെങ്ങനെ?

▪ പത്രോസ്‌ ഏതു വിധത്തിൽ മരിക്കുമെന്ന്‌ യേശു സൂചിപ്പിക്കുന്നതെങ്ങനെ?

▪ യോഹന്നാനെ സംബന്ധിച്ചുളള യേശുവിന്റെ ഏത്‌ അഭിപ്രായപ്രകടനമാണ്‌ അനേകം ശിഷ്യൻമാരാൽ തെററിദ്ധരിക്കപ്പെട്ടത്‌?