ഗർഭിണി എങ്കിലും അവിവാഹിത
അധ്യായം 4
ഗർഭിണി എങ്കിലും അവിവാഹിത
മറിയ ഗർഭിണിയായിട്ട് മൂന്നു മാസമായിരിക്കുന്നു. ഗർഭിണിയായ ശേഷം ആദ്യ ദിവസങ്ങൾ അവൾ എലീശബെത്തിനോടൊത്ത് ചെലവഴിച്ചുവെന്ന് നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ, എന്നാൽ ഇപ്പോൾ അവൾ നസറെത്തിൽ സ്വന്തം ഭവനത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു. പെട്ടെന്നുതന്നെ അവളുടെ അവസ്ഥ സ്വന്തം പട്ടണത്തിൽ പരസ്യമാകും. അവൾ വാസ്‌തവത്തിൽ വളരെ വിഷമകരമായ ഒരു സാഹചര്യത്തിലാണ്!
മറിയ തച്ചനായ ജോസഫിന് വിവാഹ നിശ്ചയം ചെയ്യപ്പെട്ടവളാണ് എന്നതാണ് സാഹചര്യം കൂടുതൽ വഷളാക്കുന്നത്. ഇസ്രായേലിനോടുളള ദൈവത്തിന്റെ നിയമമനുസരിച്ച് വിവാഹ സമ്മതം കഴിഞ്ഞ ഒരു സ്‌ത്രീ മനസ്സോടെ മറെറാരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവൾ കല്ലെറിഞ്ഞു കൊല്ലപ്പെടണമായിരുന്നു എന്ന് അവൾക്കറിയാം. തന്റെ ഗർഭം അവൾ എങ്ങനെയാണ് ജോസഫിന്റെയടുത്ത് വിശദീകരിക്കുക?
മറിയ മൂന്നു മാസത്തോളം സ്ഥലത്തില്ലാതിരുന്നതുകൊണ്ട് അവളെ കാണാൻ ജോസഫിന് ആകാംക്ഷയുണ്ടെന്നുളളത് തീർച്ചയാണ്. അവർ കണ്ടുമുട്ടുമ്പോൾ മറിയ അയാളോട് വിവരം പറയുന്നു. താൻ ഗർഭിണിയായിരിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലാണ് എന്ന് വിശദീകരിക്കാൻ അവൾ പരമാവധി ശ്രമിച്ചേക്കാം. എന്നാൽ നിങ്ങൾക്ക് വിഭാവനം ചെയ്യാൻ കഴിയുന്നതുപോലെ ഇതു വിശ്വസിക്കുക ജോസഫിന് വളരെ പ്രയാസമാണ്.
മറിയയുടെ സൽപ്പേര് ജോസഫിനറിയാം. പ്രത്യക്ഷത്തിൽ അയാൾ അവളെ വളരെയധികം സ്‌നേഹിക്കുന്നുമുണ്ട്. എന്നിരുന്നാലും, അവളുടെ അവകാശവാദം എന്തുതന്നെയായിരുന്നാലും വാസ്‌തവത്തിൽ അവൾ മറേറതോ പുരുഷനാൽ ഗർഭിണിയായിരിക്കുന്നതായി തോന്നുന്നു. എന്നിട്ടും അവൾ കല്ലെറിഞ്ഞു കൊല്ലപ്പെടുന്നതിനോ പരസ്യമായി അപമാനിക്കപ്പെടുന്നതിനോ ജോസഫ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് രഹസ്യമായി അവളെ ഉപേക്ഷിക്കാൻ അയാൾ തീരുമാനിക്കുന്നു. അക്കാലത്ത് വിവാഹനിശ്ചയം ചെയ്യപ്പെട്ടവർ വിവാഹിതരെപ്പോലെയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്, ആ ബന്ധം അവസാനിപ്പിക്കുന്നതിന് ഒരു ഉപേക്ഷണപത്രം കൊടുക്കേണ്ടതുണ്ടായിരുന്നു.
പിന്നീട് ഈ കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ജോസഫ് ഉറങ്ങാൻ കിടക്കുന്നു. യഹോവയുടെ ദൂതൻ ഒരു സ്വപ്‌നത്തിൽ അയാൾക്ക് പ്രത്യക്ഷനായി ഇപ്രകാരം പറയുന്നു: “നിന്റെ ഭാര്യയായ മറിയയെ സ്വീകരിക്കാൻ ഭയപ്പെടേണ്ടാ, എന്തുകൊണ്ടെന്നാൽ അവളിൽ സംജാതമായിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാകുന്നു. അവൾ ഒരു പുത്രനെ പ്രസവിക്കും, നീ അവനെ യേശു എന്ന് പേർ വിളിക്കണം, എന്തുകൊണ്ടെന്നാൽ അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും.”
ജോസഫ് ഉണരുമ്പോൾ അയാൾ എത്ര നന്ദിയുളളവനാണ്! ഒട്ടും താമസിയാതെ അയാൾ ദൂതൻ പറഞ്ഞതുപോലെ തന്നെ ചെയ്യുന്നു. അയാൾ മറിയയെ തന്റെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പരസ്യമായ ഈ പ്രവൃത്തി ജോസഫും മറിയയും ഇപ്പോൾ ഔദ്യോഗികമായി വിവാഹിതരാണ് എന്ന് എല്ലാവരെയും അറിയിക്കുന്നതിനുളള ഒരു വിവാഹ ചടങ്ങായി ഉതകുന്നു. എന്നാൽ മറിയ യേശുവിനെ ഗർഭം ധരിച്ചിരിക്കുന്ന കാലത്തൊന്നും ജോസഫ് മറിയയുമായി ലൈംഗിക ബന്ധം പുലർത്തുന്നില്ല.
നോക്കൂ! മറിയ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ്, എന്നിട്ടും ജോസഫ് അവളെ ഒരു കഴുതപ്പുറത്ത് കയററിയിരുത്തുകയാണ്. അവർ എവിടെപ്പോവുകയാണ്, മറിയ യേശുവിനെ പ്രസവിക്കാറായ ഈ സമയത്ത് അവർ ഈ യാത്ര പോകുന്നത് എന്തിനാണ്? ലൂക്കോസ് 1:39-41, 56; മത്തായി 1:18-25; ആവർത്തനം 22:23, 24.
▪ മറിയ ഗർഭിണിയാണെന്നറിയുമ്പോൾ ജോസഫിന്റെ മാനസ്സികാവസ്ഥ എന്താണ്, എന്തുകൊണ്ട്?
▪ അവർ വിവാഹിതരല്ലാതിരിക്കെ ജോസഫിന് എങ്ങനെ മറിയയെ ഉപേക്ഷിക്കാൻ കഴിയും?
▪ ഏതു പരസ്യമായ പ്രവൃത്തിയാണ് ജോസഫിന്റെയും മറിയയുടെയും വിവാഹ ചടങ്ങായി ഉതകുന്നത്?