വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനിക്കും മുമ്പേ ബഹുമാനിക്കപ്പെടുന്നു

ജനിക്കും മുമ്പേ ബഹുമാനിക്കപ്പെടുന്നു

അധ്യായം 2

ജനിക്കും മുമ്പേ ബഹുമാനിക്കപ്പെടുന്നു

യുവതിയായ മറിയ നിത്യരാജാവായിത്തീരാനുളള ഒരു ആൺകുട്ടിയെ പ്രസവിക്കുമെന്ന്‌ ഗബ്രീയേൽ ദൂതൻ അവളോട്‌ പറഞ്ഞശേഷം മറിയ ചോദിക്കുന്നു: “ഞാൻ പുരുഷനുമായി ബന്ധപ്പെട്ടിട്ടില്ലാത്തതിനാൽ ഇതെങ്ങനെയാണ്‌ സംഭവിക്കുക?”

“പരിശുദ്ധാത്മാവ്‌ നിന്റെമേൽ വരും,” ഗബ്രീയേൽ വിശദീകരിക്കുന്നു, “അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും. അതുകൊണ്ട്‌ നിന്നിൽ നിന്ന്‌ ജനിക്കുന്നവൻ വിശുദ്ധൻ, ദൈവത്തിന്റെ പുത്രൻ, എന്നു വിളിക്കപ്പെടും.”

ഈ സന്ദേശം വിശ്വസിക്കാൻ മറിയയെ സഹായിക്കുന്നതിനുവേണ്ടി ഗബ്രീയേൽ ഇപ്രകാരം തുടരുന്നു: “നോക്കൂ! നിന്റെ ബന്ധുവായ എലീശബെത്തും അവളുടെ വാർദ്ധക്യത്തിൽ ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു, മച്ചിയെന്ന്‌ വിളിക്കപ്പെട്ടിരിക്കുന്ന അവൾക്ക്‌ ഇതു ആറാം മാസമാണ്‌; എന്തുകൊണ്ടെന്നാൽ ദൈവത്തിന്‌ ഈ പറയപ്പെട്ട യാതൊന്നും അസാദ്ധ്യമായിരിക്കുകയില്ല.”

മറിയ ഗബ്രീയേലിന്റെ വാക്കുകൾ സ്വീകരിക്കുന്നു. അവളുടെ പ്രതികരണമെന്താണ്‌? “നോക്കൂ! യഹോവയുടെ ദാസി!” അവൾ ഉൽഘോഷിക്കുന്നു. “നീ പറഞ്ഞതുപോലെ എനിക്ക്‌ സംഭവിക്കട്ടെ.”

ഗബ്രീയേൽ പോയശേഷം ഉടനെ, ഭർത്താവായ സെഖര്യാവിന്റെ കൂടെ യഹൂദയിലെ പർവ്വത പ്രദേശത്തു താമസിക്കുന്ന എലീശബെത്തിനെ സന്ദർശിക്കാൻ മറിയ തയ്യാറെടുക്കുന്നു. നസറെത്തിലെ മറിയയുടെ ഭവനത്തിൽ നിന്ന്‌ അത്‌ ഒരുപക്ഷേ മൂന്നോ നാലോ ദിവസത്തെ ഒരു ദീർഘയാത്രയാണ്‌.

ഒടുവിൽ മറിയ സെഖര്യാവിന്റെ ഭവനത്തിൽ എത്തിച്ചേരുമ്പോൾ അവൾ അകത്തു കടന്നു അഭിവാദ്യമർപ്പിക്കുന്നു. അതിങ്കൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവളായി എലീശബെത്ത്‌ മറിയയോട്‌ ഇപ്രകാരം പറയുന്നു: “നീ സ്‌ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാണ്‌, നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടതാണ്‌! എന്റെ കർത്താവിന്റെ മാതാവ്‌ എന്നെ സന്ദർശിക്കുക എന്ന ഈ പദവി എനിക്ക്‌ എങ്ങനെ ലഭിച്ചു? എന്തുകൊണ്ടെന്നാൽ നോക്കൂ! നിന്റെ അഭിവാദ്യത്തിന്റെ സ്വരം എന്റെ കർണ്ണങ്ങളിൽ പതിച്ചപ്പോൾ എന്റെ ഗർഭത്തിലുളള ശിശു ആനന്ദംകൊണ്ട്‌ തുളളിച്ചാടി.”

ഇതു ശ്രവിച്ചപ്പോൾ ഹൃദയംഗമമായ നന്ദിയോടെ മറിയ ഇപ്രകാരം പ്രതികരിക്കുന്നു: “എന്റെ ദേഹി യഹോവയെ മഹത്വപ്പെടുത്തുന്നു, എന്റെ ആത്മാവിന്‌ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല; എന്തുകൊണ്ടെന്നാൽ അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌ചയെ കടാക്ഷിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, നോക്കൂ! ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ സന്തുഷ്‌ടയെന്നു വിളിക്കും; എന്തുകൊണ്ടെന്നാൽ ശക്തനായവൻ എനിക്ക്‌ വലിയ കാര്യങ്ങൾ ചെയ്‌തു തന്നിരിക്കുന്നു.” എന്നിരുന്നാലും തനിക്ക്‌ ഇത്രയധികം കൃപ ലഭിച്ചിട്ടും മറിയ എല്ലാ ബഹുമതിയും ദൈവത്തിങ്കലേക്ക്‌ തിരിച്ചുവിടുന്നു. “അവിടത്തെ നാമം പരിശുദ്ധമാകുന്നു,” അവൾ പറയുന്നു, “അവനെ ഭയപ്പെടുന്നവരുടെമേൽ അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.”

ഒരു നിശ്വസ്‌ത പ്രാവചനിക ഗീതത്തിൽ ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ട്‌ മറിയ ദൈവത്തെ സ്‌തുതിക്കുന്നതിൽ തുടരുന്നു: “തന്റെ ഭുജംകൊണ്ട്‌ അവിടുന്ന്‌ ശക്തമായി പ്രവർത്തിച്ചിരിക്കുന്നു, ഹൃദയോദ്ദേശ്യങ്ങളിൽ അഹങ്കാരികളായവരെ അവിടുന്ന്‌ ചിതറിച്ചിരിക്കുന്നു. അവിടുന്ന്‌ അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ അവരുടെ സിംഹാസനങ്ങളിൽ നിന്ന്‌ താഴെ ഇറക്കുകയും താണവരെ ഉയർത്തുകയും ചെയ്‌തിരിക്കുന്നു. അവിടുന്ന്‌ വിശന്നിരിക്കുന്നവരെ നൻമകളാൽ നിറക്കുകയും സമ്പന്നൻമാരെ ഒന്നും കൊടുക്കാതെ പറഞ്ഞയക്കുകയും ചെയ്‌തിരിക്കുന്നു. അവിടുന്ന്‌ നമ്മുടെ പൂർവ്വപിതാക്കൻമാരോട്‌ അരുളിച്ചെയ്‌തതുപോലെ അബ്രഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ കാണിക്കേണ്ടതിന്‌ തന്റെ ദാസനായ ഇസ്രായേലിന്റെ സഹായത്തിന്‌ എത്തിയിരിക്കുന്നു.”

മറിയ എലീശബെത്തിനോടുകൂടെ ഏതാണ്ട്‌ മൂന്നുമാസം പാർക്കുന്നു. എലീശബെത്തിന്റെ ഗർഭകാലത്തിന്റെ ഈ അവസാന ആഴ്‌ചകളിൽ മറിയ അവൾക്കൊരു വലിയ സഹായമായിരുന്നു എന്നതിനു സംശയമില്ല. ദൈവസഹായത്താൽ ഓരോ കുഞ്ഞുങ്ങളെ ഗർഭത്തിൽ വഹിക്കുന്ന ഈ രണ്ടു വിശ്വസ്‌ത സ്‌ത്രീകൾക്കും അവരുടെ ജീവിതത്തിലെ അനുഗ്രഹീതമായ ഈ സമയത്ത്‌ ഒരുമിച്ചായിരിക്കാൻ കഴിയുന്നത്‌ തീർച്ചയായും ഒരു നല്ല സംഗതിയാണ്‌!

യേശു ജനിക്കുന്നതിനു മുമ്പ്‌ തന്നെ അവന്‌ നൽകപ്പെട്ട ബഹുമാനം കുറിക്കൊണ്ടോ? എലീശബെത്ത്‌ അവനെ “എന്റെ കർത്താവ്‌” എന്നു വിളിച്ചു, മറിയ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ എലീശബെത്തിന്റെ അജാത ശിശു സന്തോഷംകൊണ്ട്‌ തുളളിച്ചാടി. നേരെമറിച്ച്‌, നാം കാണാൻ പോകുന്നതുപോലെ, പിൽക്കാലത്ത്‌ മററുളളവർ മറിയയോടും ജനിക്കാനിരുന്ന അവളുടെ കുട്ടിയോടും യാതൊരു ബഹുമാനവുമില്ലാതെ പെരുമാറി. ലൂക്കോസ്‌ 1:26-56.

▪ മറിയ എങ്ങനെ ഗർഭവതിയാകുമെന്നു മനസ്സിലാക്കുന്നതിന്‌ അവളെ സഹായിക്കാൻ ഗബ്രീയേൽ എന്തു പറയുന്നു?

▪ ജനിക്കുന്നതിന്‌ മുമ്പ്‌ യേശു എങ്ങനെയാണ്‌ ബഹുമാനിക്കപ്പെട്ടത്‌?

▪ ഒരു പ്രാവചനിക ഗീതത്തിൽ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ മറിയ എന്തു പറയുന്നു?

▪ മറിയ എത്രകാലം എലീശബെത്തിനോടുകൂടെ പാർക്കുന്നു, ആ സമയത്ത്‌ മറിയ എലീശബെത്തിനോടുകൂടെ പാർക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?