വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൻമനാ അന്ധനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നു

ജൻമനാ അന്ധനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നു

അധ്യായം 70

ജൻമനാ അന്ധനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നു

യഹൂദൻമാർ യേശുവിനെ കല്ലെറിയാൻ ശ്രമിക്കുമ്പോൾ അവൻ യെരൂശലേം വിട്ട്‌ പോകുന്നില്ല. പിന്നീട്‌ ശബ്ബത്ത്‌ ദിവസം അവനും ശിഷ്യൻമാരും കൂടെ നഗരത്തിലൂടെ നടക്കുമ്പോൾ അന്ധനായി ജനിച്ച ഒരു മനുഷ്യനെ അവർ കണ്ടുമുട്ടുന്നു. ശിഷ്യൻമാർ യേശുവിനോട്‌ ചോദിക്കുന്നു: “ഗുരോ, ഈ മനുഷ്യൻ അന്ധനായി ജനിക്കാൻ തക്കവണ്ണം ആരാണ്‌ പാപം ചെയ്‌തത്‌, ഇവനോ ഇവന്റെ മാതാപിതാക്കളോ?”

ഒരു വ്യക്തിക്ക്‌ അമ്മയുടെ ഗർഭാശയത്തിൽ വച്ച്‌ പാപം ചെയ്യാൻ കഴിയുമെന്ന്‌ ഒരുപക്ഷേ ചില റബ്ബിമാർ വിശ്വസിക്കുന്നതുപോലെ ഈ ശിഷ്യൻമാരും വിശ്വസിക്കുന്നു. എന്നാൽ യേശു ഉത്തരമായി പറയുന്നു: “ഈ മനുഷ്യനോ ഇവന്റെ മാതാപിതാക്കളോ പാപം ചെയ്‌തിട്ടില്ല, മറിച്ച്‌ ഇത്‌ ദൈവത്തിന്റെ പ്രവൃത്തികൾ അവന്റെ കാര്യത്തിൽ പ്രകടമാകേണ്ടതിനത്രേ.” ആ മമനുഷ്യന്റെ അന്ധത അയാളോ അയാളുടെ മാതാപിതാക്കളോ ചെയ്‌ത ഏതെങ്കിലും തെററിന്റെയോ പാപത്തിന്റെയോ ഫലമല്ല. ആദ്യമനുഷ്യനായ ആദാമിന്റെ പാപം എല്ലാ മനുഷ്യരും അപൂർണ്ണരായിത്തീരുന്നതിനും അതുവഴി അന്ധരായി ജനിക്കുന്നതുപോലുളള വൈകല്യങ്ങൾക്കും ഇടയാക്കി. ആ മനുഷ്യനിലെ വൈകല്യം ഇപ്പോൾ ദൈവത്തിന്റെ പ്രവൃത്തികൾ പ്രകടമാക്കാൻ യേശുവിന്‌ ഒരു അവസരം നൽകുന്നു.

ഈ പ്രവൃത്തികൾ ചെയ്യുന്നതിലെ അടിയന്തിരതക്ക്‌ യേശു ഊന്നൽ കൊടുക്കുന്നു. “പകൽ ഉളേളടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികൾ നമ്മൾ ചെയ്യേണ്ടതാകുന്നു,” അവൻ പറയുന്നു. “ആർക്കും പ്രവൃത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിലായിരിക്കുന്നിടത്തോളം കാലം ഞാൻ ലോകത്തിന്റെ പ്രകാശമാണ്‌.” പെട്ടെന്നുതന്നെ യേശുവിന്റെ മരണം അവനെ ശവക്കുഴിയിലെ ഇരുളിലേക്ക്‌ തളളിയിടും, അവിടെ അവന്‌ മേലാൽ ഒന്നും ചെയ്യാൻ കഴിയുകയില്ല. എന്നാൽ അതുവരെ അവൻ ലോകത്തിന്‌ പ്രകാശത്തിന്റെ ഉറവിടമാണ്‌.

ഇതു പറഞ്ഞശേഷം യേശു നിലത്തു തുപ്പി, തുപ്പൽകൊണ്ട്‌ അൽപ്പം ചേറുണ്ടാക്കുന്നു. അവൻ അത്‌ ആ അന്ധനായ മമനുഷ്യന്റെ കണ്ണിൽ പുരട്ടിയിട്ട്‌ പറയുന്നു: “പോയി ശിലോഹാം കുളത്തിൽ കഴുകുക.” ആ മനുഷ്യൻ അത്‌ അനുസരിക്കുന്നു. അവൻ അത്‌ ചെയ്‌തു കഴിഞ്ഞപ്പോൾ അവന്‌ കാണാൻ കഴിയുന്നു! തിരിയെ വരുമ്പോൾ അവൻ എത്രമാത്രം സന്തോഷിക്കുന്നു, അവൻ ജീവിതത്തിൽ ആദ്യമായി കാണുകയാണ്‌!

അവനെ അറിയുന്ന അയൽക്കാർക്കും മററുളളവർക്കും ആശ്ചര്യം തോന്നുന്നു. “ഇത്‌ ഇവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മനുഷ്യനാണ്‌ അല്ലേ?” അവർ ചോദിക്കുന്നു. “ഇത്‌ അവനാണ്‌,” ചിലർ മറുപടി പറയുന്നു. എന്നാൽ മററുളളവർക്ക്‌ അത്‌ വിശ്വസിക്കാൻ കഴിയുന്നില്ല. “ഒരിക്കലുമല്ല, ഇവൻ അവനെപ്പോലിരിക്കുന്നു എന്നേയുളളു.” എന്നാൽ ആ മനുഷ്യൻ പറയുന്നു: “അവൻ ഞാൻ തന്നെ.”

“അപ്പോൾ നിന്റെ കണ്ണു തുറന്നതെങ്ങനെയാണ്‌?” ആളുകൾക്ക്‌ അറിയണം.

“യേശു എന്നു വിളിക്കപ്പെടുന്ന മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിൽ പുരട്ടി, ‘ശിലോഹാം കുളത്തിൽ പോയി കഴുകുക’ എന്ന്‌ എന്നോട്‌ പറഞ്ഞു. അതുകൊണ്ട്‌ ഞാൻ പോയി കഴുകി, എനിക്ക്‌ കാഴ്‌ച കിട്ടി.”

“ആ മനുഷ്യൻ എവിടെയാണ്‌,” അവർ ചോദിക്കുന്നു.

“എനിക്കറിഞ്ഞുകൂടാ”, അയാൾ പ്രതിവചിക്കുന്നു.

ഒരിക്കൽ അന്ധനായിരുന്ന ആ മനുഷ്യനെ ജനങ്ങൾ തങ്ങളുടെ മതനേതാക്കൻമാരായ പരീശൻമാരുടെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. അവന്‌ കാഴ്‌ച ലഭിച്ചതെങ്ങനെയെന്ന്‌ അവരും അവനോട്‌ ചോദിക്കുന്നു. “അവൻ എന്റെ കണ്ണിൽ ചേറു പുരട്ടി, ഞാൻ കഴുകി, എനിക്കു കാഴ്‌ച ലഭിക്കുകയും ചെയു,” അയാൾ വിശദീകരിക്കുന്നു.

തീർച്ചയായും, സൗഖ്യമാക്കപ്പെട്ട ആ ഭിക്ഷക്കാരനോടൊപ്പം പരീശൻമാരും സന്തോഷിക്കേണ്ടതാണ്‌! എന്നാൽ അവർ യേശുവിനെ തളളിപ്പറയുന്നു. “ഈ മനുഷ്യൻ ദൈവത്തിൽ നിന്നുളളവനല്ല,” അവർ അവകാശപ്പെടുന്നു. അവർ അങ്ങനെ പറയുന്നത്‌ എന്തുകൊണ്ടാണ്‌? “എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത്‌ ആചരിക്കുന്നില്ല.” എന്നിരുന്നാലും മററുചില പരീശൻമാർ അതിശയം പ്രകടിപ്പിക്കുന്നു: “പാപിയായ ഒരു മനുഷ്യന്‌ എങ്ങനെ ഇത്തരം അത്ഭുതങ്ങൾ ചെയ്യാൻ കഴിയും?” അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടാകുന്നു.

അതുകൊണ്ട്‌ അവർ ആ മനുഷ്യനോട്‌ ചോദിക്കുന്നു: “നിന്റെ കണ്ണുകൾ തുറന്ന സ്ഥിതിക്ക്‌ അവനെപ്പററി നീ എന്തു പറയുന്നു?”

“അവൻ ഒരു പ്രവാചകനാണ്‌,” അയാൾ പ്രത്യുത്തരം പറയുന്നു.

പരീശൻമാർ അത്‌ വിശ്വസിക്കാൻ വിസമ്മതിക്കുന്നു. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി യേശുവും ഈ മനുഷ്യനും തമ്മിൽ എന്തോ രഹസ്യ ധാരണയുണ്ട്‌ എന്നാണ്‌ അവരുടെ ബോദ്ധ്യം. ഉറപ്പുവരുത്തുന്നതിന്‌ ചോദ്യം ചെയ്യാനായി അവർ ആ ഭിക്ഷക്കാരന്റെ മാതാപിതാക്കളെ വിളിക്കുന്നു. യോഹന്നാൻ 8:59; 9:1-18.

▪ ആ മമനുഷ്യന്റെ അന്ധതക്ക്‌ എന്താണ്‌ കാരണം, എന്തല്ല?

▪ യാതൊരു മനുഷ്യനും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി എന്താണ്‌?

▪ ആ മനുഷ്യൻ സൗഖ്യമാക്കപ്പെട്ടു കഴിയുമ്പോൾ അവനെ അറിയുന്നവരുടെ പ്രതികരണമെന്താണ്‌?

▪ ആ മനുഷ്യൻ സൗഖ്യമാക്കപ്പെട്ടതു സംബന്ധിച്ച്‌ പരീശൻമാരുടെയിടയിൽ ഭിന്നതയുണ്ടാകുന്നത്‌ എങ്ങനെ?