തന്റെ അപ്പൊസ്‌തലൻമാരെ തെരഞ്ഞെടുക്കുന്നു
അധ്യായം 34
തന്റെ അപ്പൊസ്‌തലൻമാരെ തെരഞ്ഞെടുക്കുന്നു
യോഹന്നാൻ സ്‌നാപകൻ യേശുവിനെ ദൈവത്തിന്റെ കുഞ്ഞാടെന്ന നിലയിൽ പരിചയപ്പെടുത്തുകയും യേശു തന്റെ പരസ്യശുശ്രൂഷ തുടങ്ങുകയും ചെയ്‌തിട്ട് ഏതാണ്ട് ഒന്നര വർഷമായി. ആ സമയത്ത് അന്ത്രെയോസ്, ശിമോൻ പത്രോസ്, യോഹന്നാൻ, ഒരുപക്ഷേ യാക്കോബ് (യോഹന്നാന്റെ സഹോദരൻ), ഫിലിപ്പോസ്, നഥനയേൽ, (ബർത്തലോമായി എന്നും വിളിക്കപ്പെടുന്നു) എന്നിവർ അവന്റെ ആദ്യത്തെ ശിഷ്യരായിത്തീർന്നു. കാലാന്തരത്തിൽ, മററനേകർ യേശുവിനെ പിൻതുടരുന്നതിൽ അവരോടു ചേർന്നു.
ഇപ്പോൾ യേശു തന്റെ അപ്പൊസ്‌തലൻമാരെ തെരഞ്ഞെടുക്കുന്നതിനുളള ഒരുക്കത്തിലാണ്. ഇവർ തന്റെ അടുത്ത സഹചാരികളായിരിക്കും. അവർക്കു പ്രത്യേക പരിശീലനം നൽകപ്പെടും. എന്നാൽ അവരെ തെരഞ്ഞെടുക്കുന്നതിനുമുൻപ് യേശു ഒരു മലയിലേക്കു പോയി മുഴുരാത്രിയും പ്രാർത്ഥനയിൽ ചെലവഴിക്കുന്നു. ഒരുപക്ഷേ അവൻ ദൈവത്തിന്റെ അനുഗ്രഹവും ജ്ഞാനവും പ്രാപിക്കാൻ അപേക്ഷിക്കുന്നു. നേരം വെളുത്തപ്പോൾ അവൻ തന്റെ ശിഷ്യൻമാരെ വിളിച്ച് അവരിൽനിന്ന് 12പേരെ തെരഞ്ഞെടുക്കുന്നു. എന്നിരുന്നാലും അവർ യേശുവിന്റെ വിദ്യാർത്ഥികളായി തുടരുന്നു. അവർ അപ്പോഴും ശിഷ്യൻമാർ എന്നറിയപ്പെടുന്നു.
യേശു തെരഞ്ഞെടുക്കുന്ന ആറ് പേർ മുകളിൽ പേർ പറഞ്ഞ അവന്റെ ആദ്യശിഷ്യൻമാരായിത്തീർന്നവരായിരുന്നു. ചുങ്കസ്ഥലത്തു നിന്നു യേശു വിളിച്ച മത്തായിയെയും തെരഞ്ഞെടുത്തു. അവൻ തെരഞ്ഞെടുത്ത മറെറ അഞ്ചുപേർ യൂദാ (തദ്ദായി എന്നും വിളിക്കപ്പെടുന്നു), ഈസ്‌കാരിയോത്ത് യൂദാ, കനാന്യനായ ശിമോൻ, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ് എന്നിവരാണ്.
ഇതിനോടകം ഈ 12 പേരും യേശുവിനോടുകൂടെ കുറെ നാൾ ചെലവഴിച്ചതിനാൽ അവന് അവരെ നന്നായി അറിയാം. വാസ്‌തവത്തിൽ അവരിൽ ചിലർ അവന്റെ ജഡികബന്ധുക്കളാണ്. യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും സ്‌പഷ്ടമായും അവന്റെ മച്ചുനൻമാരാണ്. സാദ്ധ്യതയനുസരിച്ച് അല്‌ഫായി യേശുവിന്റെ വളർത്തുപിതാവായ യോസേഫിന്റെ സഹോദരനായിരുന്നു. അതുകൊണ്ട് അല്‌ഫായിയുടെ മകനായ അപ്പൊസ്‌തലനായ യാക്കോബും യേശുവിന്റെ ഒരു മച്ചുനനായിരിക്കണം.
തന്റെ അപ്പൊസ്‌തലൻമാരുടെ പേരുകൾ ഓർമ്മിക്കുന്നതിൽ യേശുവിനു യാതൊരു പ്രയാസവുമില്ലായിരുന്നു. എന്നാൽ നിങ്ങൾക്ക് അവരെ ഓർമ്മിക്കാൻ കഴിയുമോ? ശിമോൻ എന്നു പേരുളള രണ്ടുപേരും യാക്കോബ് എന്നു പേരുളള രണ്ടുപേരും യൂദാ എന്നു പേരുളള രണ്ടുപേരും ഉണ്ടായിരുന്നുവെന്നോർക്കുക. ശിമോന് അന്ത്രെയോസ് എന്നുപേരുളള ഒരു സഹോദരനും യാക്കോബിന് യോഹന്നാൻ എന്നുപേരുളള ഒരു സഹോദരനും ഉണ്ടായിരിക്കുന്നുവെന്നോർക്കുക. ഇതാണ് എട്ട് അപ്പൊസ്‌തലൻമാരെ ഓർത്തിരിക്കാനുളള ഒരു മാർഗ്ഗം. മററ് നാലുപേരിൽ ഒരു കരംപിരിവുകാരനും (മത്തായി), പിന്നീട് സംശയിച്ച ഒരുവനും (തോമസ്), മരച്ചുവട്ടിൽ നിന്നു വിളിക്കപ്പെട്ട ഒരുവനും (നഥനയേൽ), അവന്റെ കൂട്ടുകാരനായ ഫിലിപ്പോസും ഉണ്ടായിരുന്നു.
അപ്പൊസ്‌തലൻമാരിൽ പതിനൊന്നുപേരും യേശുവിന്റെ സ്വദേശമായ ഗലീലയിൽ നിന്നുളളവർ ആയിരുന്നു. നഥനയേൽ കാനാവിൽ നിന്നുളളവനാണ്. ഫിലിപ്പോസിന്റെയും പത്രോസിന്റെയും അന്ത്രെയോസിന്റെയും ജൻമദേശം ബേത്ത്‌സയിദയായിരുന്നു. എന്നിരുന്നാലും പത്രോസും അന്ത്രെയോസും പിന്നീട് കഫർന്നഹൂമിലേക്ക് മാറിത്താമസിച്ചു. മത്തായിയും അവിടെ ജീവിച്ചിരുന്നതായി തോന്നുന്നു. യാക്കോബും യോഹന്നാനും മീൻപിടുത്തത്തിലായിരുന്നു. സാദ്ധ്യതയനുസരിച്ച് അവർ കഫർന്നഹൂമിലൊ അതിനടുത്തൊ ജീവിച്ചിരുന്നു. യേശുവിനെ പിന്നീട് ഒററിക്കൊടുത്ത ഈസ്‌കാരിയോത്ത് യൂദാ മാത്രമെ യഹൂദ്യയിൽ നിന്നുണ്ടായിരുന്നുളളു എന്നു തോന്നുന്നു. മർക്കോസ് 3:13-19; ലൂക്കോസ് 6:12-16.
▪ ഏതെല്ലാം അപ്പൊസ്‌തലൻമാർ യേശുവിന്റെ ബന്ധുക്കളായിരിക്കാം?
▪ ആരെല്ലാമായിരുന്നു യേശുവിന്റെ അപ്പൊസ്‌തലൻമാർ, അവരുടെ പേരുകൾ നിങ്ങൾക്ക് ഓർത്തിരിക്കാൻ കഴിയുന്നതെങ്ങനെ?
▪ അപ്പൊസ്‌തലൻമാർ ഏതെല്ലാം പ്രദേശങ്ങളിൽനിന്നുളളവർ ആയിരുന്നു?