വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തന്റെ ദോഷാരോപകർക്ക്‌ ഉത്തരം നൽകുന്നു

തന്റെ ദോഷാരോപകർക്ക്‌ ഉത്തരം നൽകുന്നു

അധ്യായം 30

തന്റെ ദോഷാരോപകർക്ക്‌ ഉത്തരം നൽകുന്നു

യഹൂദ മതനേതാക്കൾ യേശു ശബ്ബത്തു ലംഘിക്കുന്നുവെന്ന്‌ ആരോപിക്കുമ്പോൾ അവൻ ഇപ്രകാരം ഉത്തരം നൽകുന്നു: “എന്റെ പിതാവ്‌ ഇന്നുവരെ പ്രവർത്തിക്കുന്നു, ഞാനും പ്രവർത്തിക്കുന്നു.”

പരീശൻമാർ കുററം ആരോപിച്ചെങ്കിലും യേശുവിന്റെ വേല ശബ്ബത്തു നിയമത്തെ ലംഘിക്കുന്ന തരത്തിലുളളതായിരുന്നില്ല. അവന്റെ പ്രസംഗവേലയും സൗഖ്യമാക്കൽ വേലയും ദൈവത്തിൽ നിന്നുളള ഒരു നിയമനമായിരുന്നു. അവൻ ദൈവത്തിന്റെ ദൃഷ്ടാന്തം പിൻപററിക്കൊണ്ട്‌ ദൈനംദിനം പ്രവർത്തിക്കുന്നു. എന്നിരുന്നാലും അവന്റെ ഉത്തരം യഹൂദൻമാരെ മുമ്പത്തേതിലും അധികം രോഷാകുലരാക്കി. അതുകൊണ്ട്‌ അവർ അവനെ കൊല്ലാൻ നോക്കി. എന്തുകൊണ്ട്‌?

എന്തുകൊണ്ടെന്നാൽ യേശു ശബ്ബത്തു ലംഘിക്കുന്നു എന്ന്‌ അവർ വിശ്വസിക്കുന്നു. മാത്രമല്ല, അവൻ ദൈവത്തിന്റെ സ്വന്തപുത്രനാണെന്ന്‌ അവകാശപ്പെടുന്നതിനാൽ ദൈവദൂഷണക്കുററമുണ്ടെന്നും അവർ കരുതുന്നു. എങ്കിലും യേശു ഭയപ്പെടാതെ ദൈവവുമായുളള അവന്റെ അനുഗൃഹീത ബന്ധത്തെക്കുറിച്ച്‌ അവൻ അവരോട്‌ കൂടുതലായി സംസാരിക്കുന്നു. “പിതാവ്‌ പുത്രനെ സ്‌നേഹിക്കുകയും താൻ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു” എന്ന്‌ അവൻ പറഞ്ഞു.

അവൻ തുടർന്നു പറയുന്നു: “പിതാവ്‌ മരിച്ചവരെ ഉയർത്തുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ഉയർത്തുന്നു.” വാസ്‌തവത്തിൽ പുത്രൻ അതിനോടകം ആളുകളെ ആത്മീയമായ ഒരു വിധത്തിൽ ഉയർത്തിക്കൊണ്ടാണിരിക്കുന്നത്‌! “എന്റെ വചനം കേട്ട്‌ എന്നെ അയച്ചവനെ വിശ്വസിക്കുന്നവൻ മരണത്തിൽ നിന്ന്‌ ജീവനിലേക്ക്‌ കടന്നിരിക്കുന്നു.” അതെ, “മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു” എന്ന്‌ യേശു തുടർന്നു പറയുന്നു.

യേശു ഇതിനോടകം മരിച്ച ആരെയെങ്കിലും അക്ഷരീയമായി ഉയർപ്പിച്ചതായി യാതൊരു രേഖയുമില്ലെങ്കിലും മരിച്ചവരുടെ അത്തരം ഒരു അക്ഷരീയ പുനരുത്ഥാനം നടക്കുമെന്ന്‌ അവൻ തന്റെ കുററാരോപകരോട്‌ പറയുന്നു. “ഇതിങ്കൽ ആശ്ചര്യപ്പെടരുത്‌. സ്‌മാരകക്കല്ലറകളിലുളള എല്ലാവരും അവന്റെ ശബ്ദം കേട്ട്‌ പുറത്തുവരുന്ന നാഴിക വരുന്നു” എന്ന്‌ അവൻ പറയുന്നു.

യേശു ദൈവോദ്ദേശ്യത്തിലെ തന്റെ മർമ്മപ്രധാനമായ പങ്കിനെക്കുറിച്ച്‌ ഇത്രയും വ്യക്തവും കൃത്യവുമായ ഭാഷയിൽ ഇതിനുമുമ്പ്‌ പരസ്യമായി വിവരിച്ചിരുന്നില്ല. എന്നാൽ യേശുവിന്റെ ആരോപകർക്ക്‌ ഈ കാര്യങ്ങളെക്കുറിച്ച്‌ അവന്റെ സ്വന്തം സാക്ഷ്യത്തെക്കാൾ അധികം ഉണ്ടായിരുന്നു. “നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു. അവൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു,” യേശു അവരെ ഓർമ്മിപ്പിക്കുന്നു.

രണ്ട്‌ വർഷങ്ങൾക്കുമുമ്പ്‌, യോഹന്നാൻ സ്‌നാപകൻ ഈ മതനേതാക്കളോട്‌ അവന്റെ പിന്നാലെ വരുന്നവനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇപ്പോൾ തടവിലാക്കപ്പെട്ട യോഹന്നാനോട്‌ അവർക്ക്‌ ഒരിക്കൽ ഉണ്ടായിരുന്ന വലിയ ബഹുമാനത്തെ ഓർമ്മിപ്പിച്ചുകൊണ്ട്‌ യേശു ഇപ്രകാരം പറയുന്നു: “നിങ്ങൾ അൽപ്പസമയത്തേക്ക്‌ അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു.” അവരെ സഹായിക്കാനുളള, അതെ, അവരെ രക്ഷിക്കാനുളള പ്രതീക്ഷയോടെ യേശു ഇതവരെ ഓർമ്മപ്പെടുത്തുന്നു. എങ്കിൽതന്നെയും അവൻ യോഹന്നാന്റെ സാക്ഷ്യത്തിൽ ആശ്രയിക്കുന്നില്ല.

“ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നെ [ഇപ്പോൾ അവൻ നിർവഹിച്ച അത്ഭുതം ഉൾപ്പെടെ] പിതാവ്‌ എന്നെ അയച്ചു എന്ന്‌ എന്നെക്കുറിച്ച്‌ സാക്ഷീകരിക്കുന്നു.” കൂടാതെ യേശു തുടർന്നു പറയുന്നു: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ച്‌ സാക്ഷ്യം പറഞ്ഞിരിക്കുന്നു.” ദൈവം യേശുവിനെക്കുറിച്ച്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌, ഉദാഹരണത്തിന്‌ അവന്റെ സ്‌നാപന സമയത്ത്‌ “ഇവൻ എന്റെ പ്രിയ പുത്രൻ” എന്നു പറഞ്ഞുകൊണ്ട്‌.

വാസ്‌തവത്തിൽ, യേശുവിനെ നിഷേധിക്കാൻ അവന്റെ കുററാരോപകർക്ക്‌ യാതൊരു കാരണവുമില്ല. അവർ വായിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന അതേ തിരുവെഴുത്തുകൾ അവനെക്കുറിച്ച്‌ സാക്ഷ്യം പറയുന്നു! “നിങ്ങൾ മോശെയെ വിശ്വസിച്ചുവെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു. എന്തുകൊണ്ടെന്നാൽ അവൻ എന്നെക്കുറിച്ച്‌ എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ അവന്റെ എഴുത്തുകൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ എന്റെ വാക്കുകൾ എങ്ങനെ വിശ്വസിക്കും?” യേശു ഉപസംഹരിക്കുന്നു. യോഹന്നാൻ 5:17-47; 1:19-27; മത്തായി 3:17.

▪ യേശുവിന്റെ വേല ശബ്ബത്തു ലംഘനമല്ലാതിരുന്നതെന്തുകൊണ്ട്‌?

▪ ദൈവോദ്ദേശ്യത്തിലെ അവന്റെ മർമ്മപ്രധാനമായ പങ്കിനെക്കുറിച്ച്‌ യേശു വിവരിക്കുന്നതെങ്ങനെ?

▪ താൻ ദൈവപുത്രനാണെന്ന്‌ തെളിയിക്കാൻ യേശു ആരുടെ സാക്ഷ്യത്തിലേക്ക്‌ വിരൽചൂണ്ടുന്നു?