വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തന്റെ വേർപാടിനുവേണ്ടി അപ്പൊസ്‌തലൻമാരെ ഒരുക്കുന്നു

തന്റെ വേർപാടിനുവേണ്ടി അപ്പൊസ്‌തലൻമാരെ ഒരുക്കുന്നു

അധ്യായം 116

തന്റെ വേർപാടിനുവേണ്ടി അപ്പൊസ്‌തലൻമാരെ ഒരുക്കുന്നു

സ്‌മാരക ഭക്ഷണം അവസാനിച്ചിരിക്കുന്നു, എന്നാൽ യേശുവും അപ്പൊസ്‌തലൻമാരും ഇപ്പോഴും മാളികമുറിയിൽതന്നെയാണ്‌. യേശു പെട്ടെന്നു തന്നെ അവരെ വിട്ടു പോകുമെങ്കിലും, അവന്‌ ഇപ്പോഴും വളരെ കാര്യങ്ങൾ പറയാനുണ്ട്‌. “നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകരുത്‌,” യേശു അവരെ ആശ്വസിപ്പിക്കുന്നു. “ദൈവത്തിൽ വിശ്വസിക്കുവിൻ.” എന്നാൽ അവൻ കൂട്ടിച്ചേർക്കുന്നു: “എന്നിലും വിശ്വസിക്കുവിൻ.”

“എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്‌,” യേശു തുടരുന്നു. “നിങ്ങൾക്ക്‌ ഒരു സ്ഥലം ഒരുക്കുവാൻ വേണ്ടിയാണ്‌ ഞാൻ പോകുന്നത്‌ . . . ഞാൻ എവിടെയായിരിക്കുന്നുവോ അവിടെ നിങ്ങളും ആയിരിക്കേണ്ടതിനു തന്നെ. ഞാൻ പോകുന്നിടത്തേക്കുളള വഴി നിങ്ങൾക്കറിയാം.” സ്വർഗ്ഗത്തിലേക്ക്‌ പോകുന്നതിനെപ്പററിയാണ്‌ യേശു സംസാരിക്കുന്നതെന്ന്‌ അപ്പൊസ്‌തലൻമാർക്ക്‌ മനസ്സിലാകുന്നില്ല, അതുകൊണ്ട്‌ തോമസ്‌ ചോദിക്കുന്നു: “കർത്താവേ, നീ എവിടേക്കാണ്‌ പോകുന്നതെന്ന്‌ ഞങ്ങൾക്ക്‌ അറിഞ്ഞുകൂടാ. ഞങ്ങൾ എങ്ങനെയാണ്‌ വഴി അറിയുന്നത്‌?”

“ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു,” യേശു മറുപടി പറയുന്നു. അതെ, അവനെ സ്വീകരിക്കുന്നതിനാലും അവന്റെ ജീവിതഗതി അനുകരിക്കുന്നതിനാലും മാത്രമെ ആർക്കെങ്കിലും പിതാവിന്റെ സ്വർഗ്ഗീയ ഭവനത്തിൽ പ്രവേശിക്കാൻ കഴിയുകയുളളു, എന്തുകൊണ്ടെന്നാൽ യേശു പറയുന്നതനുസരിച്ച്‌: “എന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്ക്‌ വരുന്നില്ല.”

“കർത്താവേ, പിതാവിനെ ഞങ്ങൾക്ക്‌ കാണിച്ചുതരേണമേ,” ഫിലിപ്പൊസ്‌ അഭ്യർത്ഥിക്കുന്നു, “ഞങ്ങൾക്ക്‌ അതുമതി.” പുരാതന കാലത്ത്‌ മോശെക്കും ഏലിയാവിനും യെശയ്യാവിനും മററും ലഭിച്ചതുപോലെ ദൈവത്തിന്റെ ഒരു ദൃശ്യപ്രത്യക്ഷത യേശു നൽകണമെന്ന്‌ ഫിലിപ്പൊസ്‌ ആഗ്രഹിക്കുന്നതായി തോന്നുന്നു. എന്നാൽ യേശു നിരീക്ഷിക്കുന്നപ്രകാരം അത്തരത്തിലുളള ദർശനങ്ങളേക്കാളൊക്കെ മെച്ചമായതാണ്‌ അപ്പൊസ്‌തലൻമാർക്ക്‌ ലഭിച്ചിരിക്കുന്നത്‌: “ഞാൻ ഇത്രയും കാലം നിങ്ങളോടുകൂടെ ഉണ്ടായിരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസെ? എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു.”

യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നതിനാൽ അവനോടൊത്ത്‌ ജീവിക്കുന്നതും അവനെ നിരീക്ഷിക്കുന്നതും വാസ്‌തവത്തിൽ പിതാവിനെ കാണുന്നതുപോലെ തന്നെയാണ്‌. എന്നിരുന്നാലും യേശു അംഗീകരിച്ചു പറയുന്ന പ്രകാരം പിതാവ്‌ പുത്രനേക്കാൾ വലിയവനാണ്‌: “ഞാൻ നിങ്ങളോട്‌ പറയുന്ന കാര്യങ്ങൾ ഞാൻ സ്വയമായി പറയുന്നതല്ല.” ഉചിതമായും, യേശു തന്റെ ഉപദേശങ്ങൾക്കെല്ലാമുളള ബഹുമതി തന്റെ സ്വർഗ്ഗീയ പിതാവിന്‌ നൽകുന്നു.

യേശു ഇപ്പോൾ അവരോട്‌ ഇപ്രകാരം പറയുന്നതായി കേട്ടത്‌ അപ്പൊസ്‌തലൻമാർക്ക്‌ എത്ര പ്രോൽസാഹജനകമായിരുന്നിരിക്കണം: “എന്നിൽ വിശ്വാസമർപ്പിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും!” തന്റെ അനുയായികൾ യേശു ചെയ്‌തതിനേക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്ന്‌ അവൻ അർത്ഥമാക്കിയില്ല. ഇല്ല, മറിച്ച്‌ അവർ തങ്ങളുടെ ശുശ്രൂഷ കൂടുതൽ കാലത്തേക്കും കൂടുതൽ പ്രദേശത്തും കൂടുതൽ ആളുകൾക്കുവേണ്ടിയും നിർവ്വഹിക്കുമെന്നാണ്‌ യേശു അർത്ഥമാക്കിയത്‌.

യേശു പോയശേഷം അവൻ തന്റെ ശിഷ്യൻമാരെ കൈവിട്ടു കളയുകയില്ല. “നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും,” യേശു വാഗ്‌ദാനം ചെയ്യുന്നു, “ഞാൻ അത്‌ ചെയ്‌തുതരും. കൂടുതലായി അവൻ പറയുന്നു: “ഞാൻ പിതാവിനോടു ചോദിക്കുകയും എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്‌ ഒരു സഹായിയെ, സത്യത്തിന്റെ ആത്മാവിനെത്തന്നെ നിങ്ങൾക്ക്‌ നൽകുകയും ചെയ്യും.” പിന്നീട്‌ യേശു സ്വർഗ്ഗാരോഹണം ചെയ്‌തശേഷം അവൻ ഈ സഹായിയെ, പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യൻമാരുടെമേൽ പകരുന്നു.

യേശുവിന്റെ വേർപാട്‌ ആസന്നമാണ്‌, അവൻ പറയുന്നപ്രകാരം: “അൽപ്പസമയംകൂടി കഴിഞ്ഞാൽ ലോകം മേലാൽ എന്നെ കാണുകയില്ല.” യേശു യാതൊരു മനുഷ്യനും കാണാൻ കഴിയാത്ത ഒരു ആത്മവ്യക്തിയായിരിക്കും. എന്നാൽ വീണ്ടും യേശു തന്റെ വിശ്വസ്‌തരായ അപ്പൊസ്‌തലൻമാരോട്‌ വാഗ്‌ദാനം ചെയ്യുന്നു: “എന്നാൽ നിങ്ങൾ എന്നെ കാണും, എന്തുകൊണ്ടെന്നാൽ ഞാൻ ജീവിക്കുന്നു, നിങ്ങളും ജീവിക്കും.” അതെ, തന്റെ പുനരുത്ഥാനശേഷം മനുഷ്യരൂപത്തിൽ യേശു അവർക്ക്‌ കാണപ്പെടുമെന്ന്‌ മാത്രമല്ല മറിച്ച്‌ കാലക്രമത്തിൽ ആത്മവ്യക്തികളെന്ന നിലയിൽ സ്വർഗ്ഗത്തിൽ തന്നോടുകൂടെയായിരിക്കാൻ യേശു അവരെ പുനരുത്ഥാനത്തിലേക്ക്‌ വരുത്തുകയും ചെയ്യും.

ഇപ്പോൾ യേശു ലളിതമായ ഒരു ചട്ടം പ്രഖ്യാപിക്കുന്നു: “എന്റെ കൽപ്പനകൾ ലഭിച്ചു അവയെ പ്രമാണിക്കുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നത്‌. ക്രമത്തിൽ എന്നെ സ്‌നേഹിക്കുന്നവൻ പിതാവിനാൽ സ്‌നേഹിക്കപ്പെടും. ഞാൻ അവനെ സ്‌നേഹിക്കുകയും എന്നെത്തന്നെ അവന്‌ വ്യക്തമായി വെളിപ്പെടുത്തുകയും ചെയ്യും.”

ഇതിങ്കൽ തദ്ദായി എന്നും കൂടെ വിളിക്കപ്പെടുന്ന അപ്പൊസ്‌തലനായ യൂദാ ഇടക്കുകയറി ചോദിക്കും: “കർത്താവേ, നീ ലോകത്തിന്‌ നിന്നെത്തന്നെ വെളിപ്പെടുത്താതെ ഞങ്ങൾക്ക്‌ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌ എന്തു സംഭവിച്ചിട്ടാകുന്നു?

മറുപടിയായി യേശു പറയുന്നു: “ആരെങ്കിലും എന്നെ സ്‌നേഹിച്ചാൽ അവൻ എന്റെ വചനം പ്രമാണിക്കുകയും എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ചെയ്യും . . . എന്നെ സ്‌നേഹിക്കാത്തവൻ എന്റെ വാക്കുകൾ പ്രമാണിക്കുന്നില്ല.” തന്റെ അനുസരണമുളള അനുഗാമികളിൽ നിന്ന്‌ വ്യത്യസ്‌തമായി ലോകം ക്രിസ്‌തുവിന്റെ ഉപദേശങ്ങളെ അവഗണിച്ചുകളയുന്നു. അതുകൊണ്ട്‌ അവൻ തന്നെത്തന്നെ അവർക്ക്‌ വെളിപ്പെടുത്തുന്നില്ല.

തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യേശു തന്റെ ശിഷ്യൻമാരെ അനേക കാര്യങ്ങൾ പഠിപ്പിച്ചിരിക്കുന്നു. ഇപ്പോൾ പോലും പലതും അവർക്ക്‌ മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിക്ക്‌ അവർ ഇതെല്ലാം എങ്ങനെ ഓർത്തിരിക്കും? സന്തോഷകരമെന്ന്‌ പറയട്ടെ യേശു വാഗ്‌ദാനം ചെയ്യുന്നു: “എന്റെ നാമത്തിൽ പിതാവ്‌ നിങ്ങൾക്ക്‌ തരുന്ന പരിശുദ്ധാത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യവും പഠിപ്പിക്കുകയും ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടുളളതെല്ലാം നിങ്ങളുടെ ഓർമ്മയിലേക്ക്‌ കൊണ്ടുവരികയും ചെയ്യും.”

വീണ്ടും അവരെ ആശ്വസിപ്പിച്ചുകൊണ്ട്‌ യേശു പറയുന്നു: “സമാധാനം ഞാൻ നിങ്ങൾക്ക്‌ തന്നേച്ചു പോകുന്നു, എന്റെ സമാധാനം ഞാൻ നിങ്ങൾക്ക്‌ തരുന്നു. . . . നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്‌.” യേശു അവരെ വിട്ടു പിരിയുകയാണെന്നുളളത്‌ സത്യം തന്നെ, എന്നാൽ അവൻ വിശദീകരിക്കുന്നു: “നിങ്ങൾ എന്നെ സ്‌നേഹിച്ചിരുന്നെങ്കിൽ ഞാൻ പിതാവിന്റെ പക്കലേക്ക്‌ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു, എന്തുകൊണ്ടെന്നാൽ പിതാവ്‌ എന്നെക്കാൾ വലിയവനാകുന്നു.”

അവരോടൊപ്പം ചെലവഴിക്കാൻ യേശുവിന്‌ ശേഷിച്ചിരിക്കുന്ന സമയം ചുരുങ്ങിയിരിക്കുന്നു. “ഞാൻ ഇനിയും നിങ്ങളോട്‌ അധികമായി സംസാരിക്കുകയില്ല,” അവൻ പറയുന്നു, “എന്തുകൊണ്ടെന്നാൽ ഈ ലോകത്തിന്റെ ഭരണാധിപൻ വരുന്നു. അവന്‌ എന്റെമേൽ പിടിയൊന്നുമില്ല.” യൂദായിൽ കടന്ന്‌ അവന്റെമേൽ പിടിമുറുക്കാൻ കഴിഞ്ഞ പിശാചായ സാത്താനാണ്‌ ഈ ലോകത്തിന്റെ ഭരണാധിപൻ. എന്നാൽ ദൈവത്തെ സേവിക്കുന്നതിൽ നിന്ന്‌ യേശുവിനെ പിന്തിരിപ്പിക്കുന്നതിന്‌ സാത്താൻ ഉപയോഗിക്കാവുന്നതായി യേശുവിൽ പാപപൂർണ്ണമായ ബലഹീനത യാതൊന്നുമില്ല.

ഒരു അടുത്ത ബന്ധം ആസ്വദിക്കുന്നു

സ്‌മാരക ഭക്ഷണത്തിനുശേഷം അനൗപചാരികവും ഹൃദയംഗമവുമായ ഒരു സംഭാഷണത്തിലൂടെ യേശു തന്റെ അപ്പൊസ്‌തലൻമാരെ പ്രോൽസാഹിപ്പിക്കുകയായിരുന്നു. ഇപ്പോൾ പാതിരാത്രി കഴിഞ്ഞിട്ടുണ്ടാകണം. അതുകൊണ്ട്‌ യേശു അവരെ ഉൽസാഹിപ്പിക്കുന്നു: “എഴുന്നേൽപ്പിൻ, നമുക്ക്‌ ഇവിടെ നിന്ന്‌ പോകാം.” എന്നിരുന്നാലും പോകുന്നതിനുനുമുമ്പ്‌ അവരോടുളള തന്റെ സ്‌നേഹം നിമിത്തം പ്രചോദനാത്മകമായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്‌ യേശു അവരുമായുളള സംഭാഷണം തുടരുന്നു.

“ഞാൻ സാക്ഷാലുളള മുന്തിരി വളളിയും എന്റെ പിതാവ്‌ കൃഷിക്കാരനുമാകുന്നു,” യേശു പറഞ്ഞു തുടങ്ങുന്നു. വലിയ കൃഷിക്കാരനായ യഹോവ പൊ. യു. 29-ലെ ശരത്‌കാലത്ത്‌ പരിശുദ്ധാത്മാവിനാൽ യേശുവിനെ അഭിഷേകം ചെയ്‌തുകൊണ്ട്‌ ഈ പ്രതീകാത്മക മുന്തിരിവളളി നട്ടു. എന്നാൽ ആ മുന്തിരിവളളി തന്നെ മാത്രമല്ല പ്രതീകപ്പെടുത്തുന്നത്‌ എന്ന്‌ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യേശു തുടർന്ന്‌ പ്രകടമാക്കുന്നു: “എന്നിൽ ഫലം കായ്‌ക്കാത്ത ശിഖരമൊക്കെയും അവൻ നീക്കിക്കളയുന്നു, ഫലം കായ്‌ക്കുന്നവയാകട്ടെ കൂടുതൽ ഫലം കായ്‌ക്കേണ്ടതിന്‌ അവൻ വെട്ടി ശരിയാക്കുന്നു. . . . ശിഖരത്തിന്‌ മുന്തിരിവളളിയോടൊപ്പം ആയിരുന്നിട്ടല്ലാതെ ഫലം കായ്‌ക്കാൻ കഴിയാത്തതുപോലെ എന്നോടുളള ഐക്യത്തിൽ നിലനിൽക്കുന്നില്ലായെങ്കിൽ നിങ്ങൾക്കും കഴിയുകയില്ല. ഞാൻ മുന്തിരിവളളിയും നിങ്ങൾ ശാഖകളുമാകുന്നു.”

അൻപത്തിയൊന്നു ദിവസങ്ങൾക്കു ശേഷം പെന്തക്കോസ്‌തിൽ അപ്പൊസ്‌തലൻമാരുടെയും മററുളളവരുടെയുംമേൽ പരിശുദ്ധാത്മാവ്‌ പകരപ്പെട്ടപ്പോൾ അവരും മുന്തിരിവളളിയുടെ ശാഖകളായിത്തീർന്നു. കാലക്രമത്തിൽ 1,44,000 വ്യക്തികൾ ആലങ്കാരിക മുന്തിരിവളളിയുടെ ശാഖകളായിത്തീരുന്നു. തായ്‌ത്തണ്ടാകുന്ന യേശുക്രിസ്‌തുവിനോടൊപ്പം ഇവർ ദൈവരാജ്യത്തിന്റെ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു പ്രതീകാത്മക മുന്തിരിച്ചെടിയായിത്തീരുന്നു.

ഫലോൽപ്പാദനത്തിനുളള താക്കോൽ എന്താണെന്ന്‌ യേശു വിശദീകരിക്കുന്നു: “ആര്‌ എന്നോടുളള ഐക്യത്തിലായിരിക്കുകയും ഞാൻ അവനോട്‌ ഐക്യത്തിലായിരിക്കുകയും ചെയ്യുന്നുവോ അവൻ വളരെ ഫലം കായ്‌ക്കുന്നു. എന്തുകൊണ്ടെന്നാൽ എന്നെകൂടാതെ നിങ്ങൾക്ക്‌ യാതൊന്നും ചെയ്യാൻ കഴിയുകയില്ല.” എന്നിരുന്നാലും ഒരു വ്യക്തി ഫലം ഉൽപ്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ, യേശു പറയുന്നു, ഒരു ശാഖ എന്ന നിലയിൽ അവൻ ഛേദിക്കപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു; മനുഷ്യർ ആ ശാഖകൾ എടുത്ത്‌ തീയിൽ എറിയുകയും അവ കത്തിപ്പോവുകയും ചെയ്യുന്നു.” നേരെമറിച്ച്‌, യേശു വാഗ്‌ദാനം ചെയ്യുന്നു: “നിങ്ങൾ എന്നോടുളള ഐക്യത്തിലായിരിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിലുണ്ടായിരിക്കുകയും ചെയ്‌താൽ നിങ്ങൾ എന്തുതന്നെ ആഗ്രഹിച്ചാലും അത്‌ നിങ്ങൾക്ക്‌ സംഭവിക്കും.”

കൂടുതലായി, യേശു അപ്പൊസ്‌തലൻമാരോട്‌ ഇപ്രകാരം പറയുന്നു: “നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാലും എന്റെ ശിഷ്യൻമാരെന്ന്‌ നിങ്ങളെത്തന്നെ തെളിയിക്കുന്നതിനാലും എന്റെ പിതാവ്‌ മഹത്വീകരിക്കപ്പെടുന്നു.” ശാഖകളിൽ നിന്നും ദൈവം ആവശ്യപ്പെടുന്ന ഫലം ക്രിസ്‌തുതുല്യമായ ഗുണങ്ങൾ, വിശേഷിച്ചും സ്‌നേഹം പ്രകടമാക്കുക എന്നതാണ്‌. മാത്രവുമല്ല, ക്രിസ്‌തു ദൈവരാജ്യത്തിന്റെ ഒരു പ്രഘോഷകനായിരുന്നതിനാൽ, ദൈവം ആഗ്രഹിക്കുന്ന ഫലത്തിൽ യേശു ചെയ്‌തതുപോലെ ശിഷ്യരെ ഉളവാക്കുന്ന പ്രവർത്തനവും ഉൾപ്പെടുന്നു.

“എന്റെ സ്‌നേഹത്തിൽ വസിക്കുവിൻ,” യേശു ഉൽസാഹിപ്പിക്കുന്നു. എന്നാൽ അവന്റെ അപ്പൊസ്‌തലൻമാർക്ക്‌ എങ്ങനെ അതു ചെയ്യാൻ കഴിയും? “നിങ്ങൾ എന്റെ കൽപ്പനകൾ അനുസരിക്കുന്നുവെങ്കിൽ,” അവൻ പറയുന്നു, “നിങ്ങൾ എന്റെ സ്‌നേഹത്തിൽ വസിക്കും.” തുടർന്ന്‌ യേശു ഇപ്രകാരം വിശദീകരിക്കുന്നു: “ഇതാണ്‌ എന്റെ കൽപ്പന, ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങൾ അന്യോന്യം സ്‌നേഹിക്കണമെന്നതു തന്നെ. തന്റെ സ്‌നേഹിതൻമാർക്കുവേണ്ടി തന്റെ ദേഹിയെ വച്ചുകൊടുക്കുന്നതിനേക്കാൾ വലിയ സ്‌നേഹം ആർക്കുമില്ല.”

ഏതാനും മണിക്കൂറുകൾക്കുളളിൽ, തന്റെ അപ്പൊസ്‌തലൻമാർക്കും തന്നിൽ വിശ്വാസം പ്രകടമാക്കുന്ന മററുളളവർക്കും വേണ്ടി തന്റെ ജീവനെ വച്ചുകൊടുത്തുകൊണ്ട്‌ യേശു അതിശയിക്കത്തക്ക ഈ സ്‌നേഹം പ്രകടമാക്കും. അവന്റെ ദൃഷ്ടാന്തം പരസ്‌പരം അതേ ആത്മത്യാഗപരമായ സ്‌നേഹമുണ്ടായിരിക്കാൻ അവന്റെ അനുഗാമികളെ പ്രേരിപ്പിക്കേണ്ടതാണ്‌. യേശു നേരത്തെ പ്രസ്‌താവിച്ചപ്രകാരം ഈ സ്‌നേഹം അവർ ആരെന്നുളളത്‌ തിരിച്ചറിയിക്കും: “നിങ്ങളുടെയിടയിൽ സ്‌നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന്‌ എല്ലാവരും അറിയും.”

തന്റെ സ്‌നേഹിതൻമാരെ തിരിച്ചറിയിച്ചുകൊണ്ട്‌ യേശു പറയുന്നു: “ഞാൻ നിങ്ങളോട്‌ കൽപ്പിക്കുന്നത്‌ ചെയ്‌താൽ നിങ്ങൾ എന്റെ സ്‌നേഹിതൻമാരാണ്‌. ഞാൻ മേലാൽ നിങ്ങളെ അടിമകളെന്ന്‌ വിളിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ തന്റെ യജമാനൻ എന്തു ചെയ്യുന്നുവെന്ന്‌ ഒരു അടിമ അറിയുന്നില്ല. എന്നാൽ ഞാൻ നിങ്ങളെ സ്‌നേഹിതൻമാർ എന്നു വിളിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ പിതാവിന്റെ പക്കൽ നിന്ന്‌ കേട്ട കാര്യങ്ങളെല്ലാം നിങ്ങളെ അറിയിച്ചിരിക്കുന്നു.”

യേശുവിന്റെ അടുത്ത സ്‌നേഹിതൻമാരായിരിക്കുക എന്നത്‌ എത്ര വിലപ്പെട്ട ഒരു ബന്ധമാണ്‌! എന്നാൽ ഈ ബന്ധം ആസ്വദിക്കുന്നതിൽ തുടരുന്നതിന്‌ തന്റെ അനുഗാമികൾ “ഫലം കായ്‌ച്ചുകൊണ്ടിരിക്കണം.” അവർ അപ്രകാരം ചെയ്യുന്നുവെങ്കിൽ, യേശു പറയുന്നു, “എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട്‌ എന്തുതന്നെ ചോദിച്ചാലും അവൻ അത്‌ [തീർച്ചയായും] നിങ്ങൾക്ക്‌ തരും.” തീർച്ചയായും രാജ്യഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന്‌ അത്‌ മഹത്തായ ഒരു പ്രതിഫലമാണ്‌! “അന്യോന്യം സ്‌നേഹിക്കാൻ” തന്റെ ശിഷ്യൻമാരെ ഉൽസാഹിപ്പിച്ചശേഷം, ലോകം അവരെ ദ്വേഷിക്കുമെന്ന്‌ യേശു വിശദീകരിക്കുന്നു: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ, നിങ്ങളെ ദ്വേഷിക്കുന്നതിന്‌ മുമ്പേ അത്‌ എന്നെ ദ്വേഷിച്ചിട്ടുണ്ട്‌ എന്ന്‌ നിങ്ങൾക്കറിയാം.” തുടർന്ന്‌ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ ലോകം തന്റെ അനുയായികളെ ദ്വേഷിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ യേശു വെളിപ്പെടുത്തുന്നു: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന്‌ തെരഞ്ഞെടുത്തതുകൊണ്ട്‌ ലോകം നിങ്ങളെ ദ്വേഷിക്കുന്നു.”

ലോകത്തിന്റെ വിദ്വേഷത്തിനുളള കാരണം കൂടുതലായി വിശദീകരിച്ചുകൊണ്ട്‌ യേശു തുടരുന്നു: “എന്റെ നാമം നിമിത്തം അവർ ഇതെല്ലാം നിങ്ങൾക്കെതിരായി ചെയ്യും, എന്തുകൊണ്ടെന്നാൽ എന്നെ അയച്ചവനെ [യഹോവയാം ദൈവത്തെ] അവർ അറിയുന്നില്ല.” യേശു കുറിക്കൊളളുന്നപ്രകാരം അവന്റെ അത്ഭുത പ്രവൃത്തികൾ ഫലത്തിൽ അവനെ ദ്വേഷിക്കുന്നവരെ കുററം വിധിക്കുന്നു: “ആരും ചെയ്‌തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവരുടെയിടയിൽ ചെയ്‌തില്ലായിരുന്നെങ്കിൽ അവർക്ക്‌ പാപം ഉണ്ടായിരിക്കുമായിരുന്നില്ല, എന്നാൽ ഇപ്പോൾ അവർ എന്നെയും എന്റെ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്‌തിരിക്കുന്നു.” അങ്ങനെ, യേശു പറയുന്നു, തിരുവെഴുത്ത്‌ നിവൃത്തിയായിരിക്കുന്നു: “അവർ കാരണമില്ലാതെ എന്നെ പകച്ചു.”

നേരത്തെ ചെയ്‌തതുപോലെ, ദൈവത്തിന്റെ പ്രബലമായ കർമ്മോദ്യുക്ത ശക്തിയെ പരിശുദ്ധാത്മാവിനെ സഹായി എന്ന നിലയിൽ അയക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ യേശു വീണ്ടും അവരെ ആശ്വസിപ്പിക്കുന്നു. “അത്‌ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കും; നിങ്ങളും ക്രമത്തിൽ സാക്ഷ്യം പറയേണം.”

വേർപിരിയും മുമ്പേ കൂടുതലായ പ്രബോധനം

യേശുവും അപ്പൊസ്‌തലൻമാരും മാളിക മുറി വിടാൻ തയ്യാറായി നിൽക്കുകയാണ്‌. “നിങ്ങൾ ഇടറിപ്പോകാതിരിക്കാൻവേണ്ടി ഞാൻ ഈ കാര്യങ്ങൾ നിങ്ങളോട്‌ പറഞ്ഞിരിക്കുന്നു,” അവൻ തുടരുന്നു. പിന്നീട്‌ അവൻ ഗൗരവാവഹമായ ഈ മുന്നറിയിപ്പ്‌ നൽകുന്നു: “മനുഷ്യർ നിങ്ങളെ സിന്നഗോഗുകളിൽ നിന്ന്‌ പുറത്താക്കും. വാസ്‌തവത്തിൽ നിങ്ങളെ കൊല്ലുന്ന ഏതൊരുവനും ദൈവത്തിന്‌ വിശുദ്ധസേവനം അർപ്പിച്ചിരിക്കുന്നതായി വിചാരിക്കുന്ന നാഴിക വരുന്നു.”

ഈ മുന്നറിയിപ്പ്‌ കേട്ടിട്ട്‌ അപ്പൊസ്‌തലൻമാർ പ്രത്യക്ഷത്തിൽ വളരെ അസ്വസ്ഥരായിത്തീർന്നിരിക്കുന്നു. ലോകം അവരെ ദ്വേഷിക്കുമെന്ന്‌ യേശു നേരത്തെ പറഞ്ഞിരുന്നെങ്കിലും അവർ കൊല്ലപ്പെടുമെന്ന്‌ അവൻ ഇത്രയും വ്യക്തമായി പറഞ്ഞിരുന്നില്ല. “ഞാൻ [ഇത്‌] നിങ്ങളോട്‌ നേരത്തെ പറഞ്ഞില്ല,” യേശു വിശദീകരിക്കുന്നു, “കാരണം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നു.” എന്നിരുന്നാലും അവരെ വിട്ടുപോകുന്നതിനു മുമ്പായി ഈ വിവരം നൽകി അവരെ സജ്ജരാക്കുന്നത്‌ എത്ര നല്ലതാണ്‌!

“എന്നാൽ ഇപ്പോൾ,” യേശു തുടരുന്നു, “ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്ക്‌ പോവുകയാണ്‌, എന്നിരുന്നാലും, ‘നീ എവിടെ പോകുന്നു?’ എന്ന്‌ നിങ്ങളിൽ ആരും എന്നോട്‌ ചോദിക്കുന്നില്ല. അന്ന്‌ വൈകിട്ട്‌ കുറച്ചുമുമ്പേ അവൻ എവിടേക്കാണ്‌ പോകുന്നത്‌ എന്ന്‌ അവർ അന്വേഷിച്ചിരുന്നു, എന്നാൽ ഇപ്പോൾ അവൻ അവരോട്‌ പറഞ്ഞ കാര്യങ്ങൾ നിമിത്തം അവർ വളരെ അസ്വസ്ഥരായിത്തീർന്നിരിക്കുന്നതിനാൽ അതേപ്പററി കൂടുതലായി എന്തെങ്കിലും ചോദിക്കാൻ അവർക്ക്‌ കഴിയുന്നില്ല. യേശു പറയുന്നപ്രകാരം: “ഞാൻ ഈ കാര്യങ്ങൾ നിങ്ങളോട്‌ പറഞ്ഞതിനാൽ നിങ്ങളുടെ ഹൃദയങ്ങൾ ദുഃഖംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.” തങ്ങൾ കഠിനമായ പീഡനം സഹിക്കേണ്ടിവരികയും കൊല്ലപ്പെടുകയും ചെയ്യും എന്നറിഞ്ഞതിനാൽ മാത്രമല്ല മറിച്ച്‌ അവരുടെ യജമാനൻ അവരെ വിട്ടുപോകുന്നതിനാലും അപ്പൊസ്‌തലൻമാർ ദുഃഖിതരാണ്‌.

അതുകൊണ്ട്‌ യേശു വിശദീകരിക്കുന്നു: “ഞാൻ പോകുന്നത്‌ നിങ്ങളുടെ പ്രയോജനത്തിനാണ്‌, ഞാൻ പോകുന്നില്ലായെങ്കിൽ സഹായി യാതൊരു പ്രകാരത്തിലും നിങ്ങളുടെ അടുക്കൽ വരികയില്ല; എന്നാൽ ഞാൻ പോയാൽ ഞാൻ അവനെ നിങ്ങൾക്ക്‌ അയച്ചുതരും.” ഒരു മനുഷ്യനെന്നനിലയിൽ യേശുവിന്‌ ഒരു സമയത്ത്‌ ഒരു സ്ഥലത്തു മാത്രമെ ആയിരിക്കാൻ കഴിയുകയുളളു, എന്നാൽ സ്വർഗ്ഗത്തിലായിരിക്കുമ്പോൾ തന്റെ അനുയായികൾ ഭൂമിയിൽ എവിടെയായിരുന്നാലും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ എന്ന സഹായിയെ അവന്‌ അവരുടെ അടുക്കലേക്ക്‌ അയക്കാൻ കഴിയും. അതുകൊണ്ട്‌ യേശു പോകുന്നത്‌ പ്രയോജനകരമായിരിക്കും.

“പരിശുദ്ധാത്മാവ്‌ പാപത്തെ സംബന്ധിച്ചും നീതിയെ സംബന്ധിച്ചും ന്യായവിധിയെ സംബന്ധിച്ചും ലോകത്തിന്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ നൽകും” എന്ന്‌ യേശു പറയുന്നു. ലോകത്തിന്റെ പാപം, ദൈവത്തിന്റെ പുത്രനിൽ വിശ്വാസം അർപ്പിക്കുന്നതിലുളള അതിന്റെ പരാജയം, തുറന്നുകാട്ടപ്പെടും. കൂടാതെ, പിതാവിങ്കലേക്കുളള യേശുവിന്റെ നീതി സംബന്ധിച്ച്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ പ്രകടമാക്കപ്പെടും. യേശുവിന്റെ നിർമ്മലത തകർക്കുന്നതിലുളള സാത്താന്റെയും അവന്റെ ദുഷ്ടലോകത്തിന്റെയും പരാജയം ലോകത്തിന്റെ ഭരണാധിപൻ പ്രതികൂലമായി ന്യായം വിധിക്കപ്പെട്ടിരിക്കുന്നു എന്നുളളതിന്റെ ബോദ്ധ്യം വരുത്തുന്ന തെളിവാണ്‌.

“എനിക്ക്‌ ഇനിയും നിങ്ങളോട്‌ വളരെ കാര്യങ്ങൾ പറയുവാനുണ്ട്‌,” യേശു തുടരുന്നു, “എന്നാൽ നിങ്ങൾക്ക്‌ ഇപ്പോൾ അത്‌ വഹിക്കാൻ കഴിയുകയില്ല.” അതുകൊണ്ട്‌ താൻ ദൈവത്തിന്റെ പ്രവർത്തനനിരത ശക്തിയായ പരിശുദ്ധാത്മാവിനെ പകരുമ്പോൾ അവ ഗ്രഹിക്കാനുളള അവരുടെ പ്രാപ്‌തിക്കനുസൃതമായി ഈ കാര്യങ്ങളുടെ ഒരു ഗ്രാഹ്യത്തിലേക്ക്‌ അവരെ നയിക്കുമെന്ന്‌ യേശു അവരോട്‌ വാഗ്‌ദാനം ചെയ്യുന്നു.

യേശു മരിക്കുമെന്നും പുനരുത്ഥാനത്തിലേക്ക്‌ വരുത്തപ്പെട്ടശേഷം അവർക്ക്‌ പ്രത്യക്ഷനാകുമെന്നും ഗ്രഹിക്കുന്നതിൽ അപ്പൊസ്‌തലൻമാർ പ്രത്യേകിച്ചും പരാജയപ്പെടുന്നു. അതുകൊണ്ട്‌ അവർ തമ്മിൽ തമ്മിൽ ചോദിക്കുന്നു: “‘ഇനിയും അൽപ്പം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപ്പംകൂടെ കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുമെന്നും’ ‘എന്തുകൊണ്ടെന്നാൽ ഞാൻ പിതാവിങ്കലേക്ക്‌ പോവുകയാണെന്നും’ അവൻ ഈ പറയുന്നതിന്റെ അർത്ഥമെന്താണ്‌.”

അവർ തന്നോട്‌ ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ മനസ്സിലാക്കിക്കൊണ്ട്‌ യേശു വിശദീകരിക്കുന്നു: “നിങ്ങൾ കരഞ്ഞ്‌ വിലപിക്കും, എന്നാൽ ലോകം സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും എന്ന്‌ ഏററവും സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു.” അതേദിവസം കുറേകൂടെ കഴിഞ്ഞ്‌ മദ്ധ്യാഹ്നത്തിനു ശേഷം യേശു വധിക്കപ്പെടുമ്പോൾ ലോകക്കാരായ മതനേതാക്കൻമാർ സന്തോഷിക്കുന്നു, എന്നാൽ ശിഷ്യൻമാരോ ദുഃഖിക്കുന്നു. എന്നാൽ യേശു പുനരുത്ഥാനം ചെയ്യുമ്പോൾ അവരുടെ ദുഃഖം സന്തോഷമായി മാറുന്നു! പെന്തക്കോസ്‌തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അവരുടെമേൽ പകർന്നുകൊണ്ട്‌ തന്റെ സാക്ഷികളായിരിക്കാൻ അവൻ അവരെ ശക്തിപ്പെടുത്തുമ്പോൾ അവരുടെ സന്തോഷം തുടർന്ന്‌ നിലനിൽക്കുന്നു!

അപ്പൊസ്‌തലൻമാരുടെ സാഹചര്യത്തെ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്‌ത്രീയുടേതിനോട്‌ താരതമ്യം ചെയ്‌തുകൊണ്ട്‌ യേശു പറയുന്നു: “പ്രസവസമയമാകുമ്പോൾ തന്റെ നാഴിക വന്നിരിക്കുന്നതിനാൽ ഒരു സ്‌ത്രീ ദുഃഖിക്കുന്നു.” എന്നാൽ, ശിശു ജനിച്ചു കഴിയുമ്പോൾ അവൾ മേലാൽ തന്റെ കഷ്ടപ്പാട്‌ ഓർമ്മിക്കുന്നില്ല എന്ന്‌ യേശു പ്രസ്‌താവിക്കുന്നു. ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു തന്റെ അപ്പൊസ്‌തലൻമാരെ പ്രോൽസാഹിപ്പിക്കുന്നു: “അതുകൊണ്ട്‌ നിങ്ങളും ഇപ്പോൾ ദുഃഖിക്കുന്നു; എന്നാൽ [ഞാൻ പുനരുത്ഥാനത്തിൽ വന്നു കഴിയുമ്പോൾ] ഞാൻ വീണ്ടും നിങ്ങളെ കാണും, അപ്പോൾ നിങ്ങളുടെ ഹൃദയങ്ങൾ സന്തോഷിക്കും, നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്ന്‌ എടുത്തുകളയുകയുമില്ല.”

ഇതുവരെ അപ്പൊസ്‌തലൻമാർ യേശുവിന്റെ നാമത്തിൽ അപേക്ഷയൊന്നും നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ അവൻ പറയുന്നു: “നിങ്ങൾ പിതാവിനോട്‌ എന്തെങ്കിലും ചോദിച്ചാൽ എന്റെ നാമത്തിൽ അവൻ അത്‌ നിങ്ങൾക്ക്‌ തരും. . . . നിങ്ങൾ എന്നെ സ്‌നേഹിക്കുകയും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നിരിക്കുന്നു എന്ന്‌ വിശ്വസിക്കുകയും ചെയ്‌തതിനാൽ പിതാവിന്‌ തന്നെ നിങ്ങളോട്‌ സ്‌നേഹമുണ്ട്‌. ഞാൻ പിതാവിന്റെ അടുക്കൽ നിന്ന്‌ പുറപ്പെട്ട്‌ ലോകത്തിലേക്ക്‌ വന്നിരിക്കുന്നു. കൂടാതെ, ഞാൻ ഈ ലോകം വിട്ട്‌ പിതാവിന്റെ അടുക്കലേക്ക്‌ പോവുകയാണ്‌.”

യേശുവിന്റെ വാക്കുകൾ അപ്പൊസ്‌തലൻമാർക്ക്‌ ഒരു വലിയ പ്രോൽസാഹനമാണ്‌. “നീ ദൈവത്തിൽ നിന്ന്‌ വന്നുവെന്ന്‌ ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു,” എന്ന്‌ അവർ പറയുന്നു. “നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുവോ?” യേശു ചോദിക്കുന്നു. “നോക്കൂ! എന്നെ തനിയെ വിട്ടിട്ട്‌ നിങ്ങൾ ഓരോരുത്തരും താന്താന്റെ ഭവനത്തിലേക്ക്‌ ചിതറിക്കപ്പെടാനുളള നാഴിക വരുന്നു, വാസ്‌തവത്തിൽ ഇപ്പോൾ തന്നെ വന്നിരിക്കുന്നു.” അവിശ്വസനീയമെന്ന്‌ തോന്നിയേക്കാമെങ്കിലും ആ രാത്രി അവസാനിക്കുന്നതിനു മുമ്പ്‌ അത്‌ സംഭവിക്കുന്നു!

“നിങ്ങൾക്ക്‌ എന്നിലൂടെ സമാധാനം ഉണ്ടാകേണ്ടതിന്‌ ഇത്‌ ഞാൻ നിങ്ങളോട്‌ സംസാരിച്ചിരിക്കുന്നു.” യേശു ഇപ്രകാരം പറഞ്ഞവസാനിപ്പിക്കുന്നു: “നിങ്ങൾക്ക്‌ ലോകത്തിൽ കഷ്ടം ഉണ്ട്‌. എന്നാൽ ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” യേശുവിന്റെ നിർമ്മലത ഭഞ്‌ജിക്കാൻ സാത്താനും അവന്റെ ലോകവും നടത്തിയ സകല ശ്രമവും ഉണ്ടായിരുന്നിട്ടും വിശ്വസ്‌തതയോടെ ദൈവേഷ്ടം ചെയ്യുക വഴിയാണ്‌ യേശു ലോകത്തെ ജയിച്ചടക്കിയത്‌.

മാളികമുറിയിലെ അന്തിമ പ്രാർത്ഥന

തന്റെ അപ്പൊസ്‌തലൻമാരോടുളള ആഴമായ സ്‌നേഹത്താൽ പ്രേരിതനായി യേശു ആസന്നമായിരിക്കുന്ന തന്റെ വേർപാടിനുവേണ്ടി അവരെ ഒരുക്കുകയായിരുന്നു. ഇപ്പോൾ, ദീർഘമായി അവരെ ബുദ്ധ്യുപദേശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തശേഷം അവൻ തന്റെ കണ്ണുകളെ സ്വർഗ്ഗത്തിലേക്കുയർത്തി തന്റെ പിതാവിനോട്‌ പ്രാർത്ഥിക്കുന്നു: “നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്‌ നിന്റെ പുത്രനെ മഹത്വപ്പെടുത്തേണമെ. നീ അവന്‌ സകല ജഡത്തിൻമേലും അധികാരം നൽകീട്ടുളളതുപോലെ, നീ അവനു നൽകീട്ടുളള എല്ലാവർക്കും അവൻ നിത്യജീവൻ നൽകേണ്ടതിനു തന്നെ.”

എത്ര ഉത്തേജജനകമായ ഒരു വിഷയമാണ്‌ യേശു അവതരിപ്പിക്കുന്നത്‌—നിത്യജീവൻ! “എല്ലാ ജഡത്തിൻമേലും അധികാരം നൽകപ്പെട്ടിട്ടുളളതിനാൽ” മരിച്ചുകൊണ്ടിരിക്കുന്ന മുഴുമനുഷ്യവർഗ്ഗത്തിനും വേണ്ടി യേശുവിന്‌ തന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ഉപയോഗിക്കാൻ കഴിയും. എന്നിരുന്നാലും പിതാവ്‌ അംഗീകരിക്കുന്നവർക്കു മാത്രമെ അവൻ “നിത്യജീവൻ” നൽകുന്നുളളു. നിത്യജീവൻ എന്ന വിഷയത്തെക്കുറിച്ചു തന്നെ യേശു തന്റെ പ്രാർത്ഥന തുടരുന്നു:

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശു ക്രിസ്‌തുവിനെയും കുറിച്ചുളള അറിവ്‌ അവർ നേടുന്നതു നിത്യജീവനെ അർത്ഥമാക്കുന്നു.” അതെ, രക്ഷ നാം ദൈവത്തെയും അവന്റെ പുത്രനെയും സംബന്ധിച്ചുളള അറിവ്‌ സമ്പാദിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ വെറും ശിരോജ്ഞാനത്തേക്കാൾ അധികം ആവശ്യമാണ്‌.

ഒരു വ്യക്തി അവരുമായി ഗ്രാഹ്യത്തോടെയുളള ഒരു സ്‌നേഹബന്ധം വികസിപ്പിച്ചെടുത്തുകൊണ്ട്‌ അവരെ അടുത്തറിയാൻ ഇടയാകണം. ഒരുവൻ വസ്‌തുതകൾ സംബന്ധിച്ച്‌ അവർ വിചാരിക്കുന്നതുപോലെ വിചാരിക്കുകയും അവരുടെ കണ്ണുകളിലൂടെ കാര്യങ്ങൾ നോക്കിക്കാണുകയും വേണം. എല്ലാററിലും ഉപരിയായി മററുളളവരോടുളള ഇടപെടലിൽ ഒരു വ്യക്തി അവരുടെ അതുല്യമായ ഗുണങ്ങൾ അനുകരിക്കാൻ ശ്രമിക്കണം.

യേശു തുടർന്ന്‌ പ്രാർത്ഥിക്കുന്നു: “നീ എനിക്കു ചെയ്യാൻ തന്ന വേല പൂർത്തിയാക്കിക്കൊണ്ട്‌ ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.” ഇതുവരെയുളള തന്റെ നിയമനം പൂർത്തിയാക്കിയിട്ട്‌, തന്റെ ഭാവി വിജയം സംബന്ധിച്ച്‌ ആത്മവിശ്വാസത്തോടെ യേശു പ്രാർത്ഥിക്കുന്നു: “പിതാവേ, ലോകം ഉണ്ടാകുന്നതിന്‌ മുമ്പേ എനിക്ക്‌ നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ നിന്റെ അടുക്കൽ എന്നെ മഹത്വപ്പെടുത്തേണമെ.” അതെ, പുനരുത്ഥാനത്തിലൂടെ തനിക്ക്‌ നേരത്തെ ഉണ്ടായിരുന്ന സ്വർഗ്ഗീയ മഹത്വത്തിലേക്ക്‌ പുനഃസ്ഥിതീകരിക്കപ്പെടാൻവേണ്ടി അവൻ ഇപ്പോൾ പ്രാർത്ഥിക്കുന്നു.

ഭൂമിയിലെ തന്റെ മുഖ്യവേലയെ സംക്ഷേപിച്ചുകൊണ്ട്‌ യേശു പറയുന്നു: “ലോകത്തിൽ നിന്ന്‌ നീ എനിക്ക്‌ തന്ന മനുഷ്യർക്ക്‌ ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിന്റേതായിരുന്നു, നീ അവരെ എനിക്കു തന്നു, അവർ നിന്റെ വചനം അനുസരിച്ചിരിക്കുന്നു.” യേശു തന്റെ ശുശ്രൂഷയിൽ യഹോവ എന്നുളള ദൈവത്തിന്റെ നാമം ഉപയോഗിക്കുകയും അതിന്റെ ശരിയായ ഉച്ചാരണം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്‌തു, എന്നാൽ തന്റെ അപ്പൊസ്‌തലൻമാർക്ക്‌ ദൈവത്തിന്റെ നാമം വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്നതിന്‌ അവൻ അതിൽ അധികവും ചെയ്‌തു. അവൻ യഹോവയെയും അവന്റെ വ്യക്തിത്വത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ചുളള അവരുടെ അറിവും വിലമതിപ്പും വികസിപ്പിക്കുകകൂടി ചെയ്‌തു.

താൻ സേവിക്കുകയും തനിക്ക്‌ മേലധികാരിയായിരിക്കുകയും ചെയ്യുന്ന യഹോവക്ക്‌ ബഹുമതി കൊടുത്തുകൊണ്ട്‌ യേശു താഴ്‌മയോടെ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “നീ എനിക്ക്‌ തന്ന വചനങ്ങൾ ഞാൻ അവർക്ക്‌ കൊടുത്തിരിക്കുന്നു, അവർ അത്‌ സ്വീകരിക്കുകയും ഞാൻ നിന്റെ പ്രതിനിധിയായി വന്നിരിക്കുന്നു എന്ന്‌ അറിയുകയും ചെയ്‌തിരിക്കുന്നു, നീ എന്നെ അയച്ചു എന്ന്‌ അവർ വിശ്വസിച്ചുമിരിക്കുന്നു.”

തന്റെ അനുഗാമികളും മനുഷ്യവർഗ്ഗത്തിലെ ശേഷം ആളുകളും തമ്മിലുളള വ്യത്യാസം എടുത്തുകാണിച്ചുകൊണ്ട്‌ അടുത്തതായി യേശു പ്രാർത്ഥിക്കുന്നു: “ലോകത്തിനുവേണ്ടിയല്ല, മറിച്ച്‌ നീ എനിക്കു തന്നിട്ടുളളവർക്കുവേണ്ടിയാണ്‌ ഞാൻ പ്രാർത്ഥിക്കുന്നത്‌ . . . ഞാൻ അവരോടുകൂടെയായിരുന്നപ്പോൾ ഞാൻ അവരെ കാത്തുകൊണ്ടിരുന്നു . . . , ഞാൻ അവരെ സൂക്ഷിച്ചിരിക്കുന്നു, ആ നാശപുത്രൻ അല്ലാതെ അവരിൽ ആരും നശിപ്പിക്കപ്പെട്ടിട്ടില്ല,” അതായത്‌ യൂദാ ഈസ്‌കാരിയോത്ത്‌. ആ നിമിഷം തന്നെ യേശുവിനെ ഒററിക്കൊടുക്കാനുളള അവന്റെ നിന്ദ്യമായ ഉദ്യമത്തിൽ യൂദാ ഏർപ്പെട്ടിരിക്കുകയാണ്‌. അപ്രകാരം യൂദാ അത്‌ തിരിച്ചറിയാതെ തന്നെ തിരുവെഴുത്തുകൾ നിവർത്തിക്കുകയാണ്‌.

“ലോകം അവരെ ദ്വേഷിച്ചിരിക്കുന്നു,” യേശു പ്രാർത്ഥന തുടരുകയാണ്‌. “അവരെ ലോകത്തിൽ നിന്ന്‌ എടുക്കേണമെന്ന്‌ ഞാൻ പ്രാർത്ഥിക്കുന്നില്ല, എന്നാൽ ദുഷ്ടനായവൻ നിമിത്തം അവരെ കാത്തുകൊളേളണം എന്നത്രേ. ഞാൻ ലോകത്തിന്റെ ഭാഗമായിരിക്കാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” യേശുവിന്റെ അനുഗാമികൾ സാത്താനാൽ ഭരിക്കപ്പെടുന്ന ഈ സംഘടിത മാനവസമൂഹമാകുന്ന ലോകത്തിൻ മദ്ധ്യേയാണ്‌. എന്നാൽ അവർ അതിന്റെ ദുഷ്ടതയിൽ നിന്ന്‌ വേർപെട്ടവരാണ്‌, എല്ലായ്‌പ്പോഴും അപ്രകാരം തുടരുകയും വേണം.

“സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ,” യേശു തുടരുന്നു, “നിന്റെ വചനം സത്യമാകുന്നു.” താൻ എന്തിൽ നിന്ന്‌ കൂടെക്കൂടെ ഉദ്ധരിച്ചിരുന്നുവോ ആ എബ്രായ തിരുവെഴുത്തുകളെ യേശു ഇവിടെ “സത്യം” എന്ന്‌ വിളിക്കുന്നു. എന്നാൽ അവൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതും അവർ പിൽക്കാലത്തു ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകൾ എന്ന പേരിൽ നിശ്വസ്‌തതയിൽ എഴുതിയതും അതുപോലെ “സത്യം” ആണ്‌. സത്യത്തിന്‌ ഒരു വ്യക്തിയെ വിശുദ്ധീകരിക്കുന്നതിന്‌ അവന്റെ ജീവിതത്തിൽ പൂർണ്ണമായ മാററം വരുത്തുന്നതിന്‌, അവനെ ലോകത്തിൽ നിന്ന്‌ വേർപെട്ട ഒരു വ്യക്തിയാക്കിത്തീർക്കുന്നതിന്‌ കഴിയും.

ഇപ്പോൾ യേശു പ്രാർത്ഥിക്കുന്നത്‌ “ഇവർക്കുവേണ്ടി മാത്രമല്ല, മറിച്ച്‌ ഇവരുടെ വചനത്താൽ [തന്നിൽ] വിശ്വസിക്കാൻ ഇടയാകുന്നവർക്കു വേണ്ടിയും കൂടെയാണ്‌.” അതുകൊണ്ട്‌ തന്റെ അഭിഷിക്ത അനുഗാമികളാകാനിരിക്കുന്നവർക്കുവേണ്ടിയും ഇനിയും ഭാവിയിൽ “ഒരു ആട്ടിൻകൂട്ട”മായി കൂട്ടിച്ചേർക്കപ്പെടാനുളള മററു ഭാവി ശിഷ്യൻമാർക്കുവേണ്ടിയും യേശു പ്രാർത്ഥിക്കുന്നു. ഇവർക്കെല്ലാം വേണ്ടി അവൻ എന്താണ്‌ അപേക്ഷിക്കുന്നത്‌?

“അവർ എല്ലാവരും ഒന്നായിരിക്കേണ്ടതിന്‌, പിതാവേ, നീ എന്നോടുളള ഐക്യത്തിലും ഞാൻ നിന്നോടുളള ഐക്യത്തിലുമായിരിക്കുന്നതുപോലെ, . . . നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്‌ തന്നെ.” യേശുവും അവന്റെ പിതാവുംകൂടി അക്ഷരീയമായി ഒരു വ്യക്തിയല്ല, എന്നാൽ സകല കാര്യങ്ങളും സംബന്ധിച്ച്‌ അവർ യോജിപ്പിലാണ്‌. തന്റെ അനുഗാമികൾ അതേ ഐക്യം ആസ്വദിക്കുന്നതിനും അതുവഴി “നീ എന്നെ അയച്ചുവെന്നും എന്നെ സ്‌നേഹിച്ചതുപോലെ നീ അവരെയും സ്‌നേഹിച്ചു എന്നും ലോകം അറിയേണ്ടതിനും,” യേശു പ്രാർത്ഥിക്കുന്നു.

തന്റെ അഭിഷിക്ത അനുയായികളായിരിക്കാനുളളവർക്കുവേണ്ടി യേശു ഇപ്പോൾ തന്റെ സ്വർഗ്ഗീയ പിതാവിനോട്‌ അപേക്ഷിക്കുന്നു. എന്തിനുവേണ്ടി? “ഞാൻ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും എന്നോടൊപ്പം ആയിരിക്കാൻ, ലോകസ്ഥാപനത്തിനുമുമ്പ്‌” തന്നെ അതായത്‌ ആദാമും ഹവ്വായും ഒരു സന്തതിയെ ജനിപ്പിക്കുന്നതിന്‌ മുമ്പ്‌, “നീ എന്നെ സ്‌നേഹിച്ചതിനാൽ നീ എനിക്കു തന്ന എന്റെ മഹത്വം അവരും കാണേണ്ടതിന്‌ തന്നെ.” അതിനും ദീർഘനാൾ മുമ്പേ, യേശുക്രിസ്‌തുവായിത്തീർന്ന തന്റെ ഏകജാതപുത്രനെ ദൈവം സ്‌നേഹിച്ചു.

തന്റെ പ്രാർത്ഥന ഉപസംഹരിച്ചുകൊണ്ട്‌ യേശു വീണ്ടും ഊന്നിപ്പറയുന്നു: “നീ എന്നെ സ്‌നേഹിച്ച സ്‌നേഹം അവരിൽ ഉണ്ടാകുവാനും ഞാൻ അവരോട്‌ ഐക്യത്തിലായിരിക്കുവാനും ഞാൻ അവർക്ക്‌ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” അപ്പൊസ്‌തലൻമാരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ നാമം അറിയുന്നതിൽ വ്യക്തിപരമായി ദൈവത്തിന്റെ സ്‌നേഹം അറിയാനിടയാകുന്നതാണ്‌ ഉൾപ്പെട്ടിരുന്നത്‌. യോഹന്നാൻ 14:1–17:26; 13:27, 35, 36; 10:16; ലൂക്കോസ്‌ 22:3, 4; പുറപ്പാട്‌ 24:10; 1 രാജാക്കൻമാർ 19:9-13; യെശയ്യാവ്‌ 6:1-5; ഗലാത്യർ 6:16; സങ്കീർത്തനം 35:19; 69:4; സദൃശവാക്യങ്ങൾ 8:22, 30.

▪ യേശു എവിടേക്കാണ്‌ പോകുന്നത്‌, അവിടേക്കുളള വഴി സംബന്ധിച്ച്‌ തോമസിന്‌ എന്ത്‌ ഉത്തരമാണ്‌ ലഭിക്കുന്നത്‌?

▪ തന്റെ അഭ്യർത്ഥനയിലൂടെ പ്രത്യക്ഷത്തിൽ യേശു എന്തു ചെയ്യാനാണ്‌ ഫിലിപ്പോസ്‌ ആവശ്യപ്പെടുന്നത്‌?

▪ യേശുവിനെ കണ്ടവർ പിതാവിനെയും കണ്ടിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

▪ യേശു ചെയ്‌തതിനെക്കാൾ വലിയ വേല അവന്റെ ശിഷ്യൻമാർ ചെയ്യുന്നത്‌ എങ്ങനെയാണ്‌?

▪ സാത്താന്‌ യേശുവിന്റെമേൽ പിടിയില്ലാതിരിക്കുന്നത്‌ ഏതർത്ഥത്തിലാണ്‌?

▪ യഹോവ പ്രതീകാത്മക മുന്തിരിവളളി നട്ടത്‌ എപ്പോഴാണ്‌, എപ്പോൾ എങ്ങനെയാണ്‌ മററുളളവർ അതിന്റെ ഭാഗമായിത്തീരുന്നത്‌?

▪ അന്തിമമായി, ആ പ്രതീകാത്മക മുന്തിരിക്ക്‌ എത്ര ശാഖകളാണ്‌ ഉണ്ടായിരിക്കുക?

▪ ശാഖകളിൽ നിന്ന്‌ ദൈവം ഏതുതരത്തിലുളള ഫലമാണ്‌ ആവശ്യപ്പെടുന്നത്‌?

▪ നമുക്ക്‌ എങ്ങനെയാണ്‌ യേശുവിന്റെ സ്‌നേഹിതൻമാരായിരിക്കാൻ കഴിയുന്നത്‌?

▪ ലോകം യേശുവിന്റെ അനുയായികളെ ദ്വേഷിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

▪ യേശുവിനാലുളള എന്തു മുന്നറിയിപ്പാണ്‌ അപ്പൊസ്‌തലൻമാരെ അസ്വസ്ഥരാക്കുന്നത്‌?

▪ യേശു എവിടേക്ക്‌ പോകുന്നു എന്ന്‌ ചോദിക്കാൻ അപ്പൊസ്‌തലൻമാർക്ക്‌ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌?

▪ അപ്പൊസ്‌തലൻമാർ മനസ്സിലാക്കാൻ വിശേഷാൽ പരാജയപ്പെടുന്നത്‌ ഏതു സംഗതിയാണ്‌?

▪ അപ്പൊസ്‌തലൻമാരുടെ അവസ്ഥ ദുഃഖത്തിൽ നിന്ന്‌ സന്തോഷമായി മാറുമെന്ന്‌ കാണിക്കാൻ യേശു എന്തു ദൃഷ്ടാന്തം ഉപയോഗിക്കുന്നു?

▪ അപ്പൊസ്‌തലൻമാർ പെട്ടെന്നുതന്നെ എന്തു ചെയ്യുമെന്നാണ്‌ യേശു പറയുന്നത്‌?

▪ യേശു ലോകത്തെ ജയിച്ചടക്കുന്നത്‌ എങ്ങനെയാണ്‌?

▪ യേശുവിന്‌ “സകല ജഡത്തിൻമേലും അധികാരം” നൽകപ്പെട്ടിരിക്കുന്നത്‌ ഏതർത്ഥത്തിലാണ്‌?

▪ ദൈവത്തെയും അവന്റെ പുത്രനെയും സംബന്ധിച്ച്‌ അറിവ്‌ സമ്പാദിക്കുക എന്നതിന്റെ അർത്ഥമെന്താണ്‌?

▪ ഏതു വിധങ്ങളിലാണ്‌ യേശു ദൈവത്തിന്റെ നാമം വെളിപ്പെടുത്തുന്നത്‌?

▪ “സത്യം” എന്താണ്‌, അത്‌ ഒരു ക്രിസ്‌ത്യാനിയെ “വിശുദ്ധീകരിക്കുന്നത്‌” എങ്ങനെയാണ്‌?

▪ ദൈവവും അവന്റെ പുത്രനും എല്ലാ സത്യാരാധകരും ഒന്നായിരിക്കുന്നത്‌ എങ്ങനെയാണ്‌?

▪ “ലോകസ്ഥാപനം” എപ്പോഴായിരുന്നു?